•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ഇടം

ളക്ടര്‍ അപ്പോള്‍ത്തന്നെ എ.ഡി.എം. സുരേഷ് കുമാറിനെ വിളിച്ചു. പ്രസ്തുത വിഷയം സംബന്ധിച്ച എല്ലാ ഫയലുകളുമായി തന്റെ ഓഫീസിലെത്താന്‍ നിര്‍ദ്ദേശിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ എം.ഡി.എം. കളക്ടര്‍ക്കു മുമ്പിലെത്തി. പുഴക്കര വക്കച്ചന്റെ വീടുവയ്ക്കലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം കളക്ടര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. പിന്നെ അവര്‍ക്കഭിമുഖമായി കസേരയിലിരുന്നു.
ഇരുപതു മിനിട്ടുകൊണ്ട് സലോമി വിഷയം പൂര്‍ണ്ണമായി പരിശോധിച്ചു.
''ഇതു നമ്മള്‍ പൊളിച്ചു നീക്കാന്‍ കുറെ വൈകിയല്ലോ, സാര്‍. ഈ പുഴക്കര വക്കച്ചനോടു സിംപതി കാട്ടേണ്ട ഫാക്ട് ഒന്നുമില്ലതാനും.'' കളക്ടര്‍ പറഞ്ഞു.
''അത്... സാര്‍... പ്രതീക്ഷിക്കുംപോലെ നിസ്സാരമല്ല. ആക്ഷന്‍ എടുക്കാന്‍ താമസിച്ചതു ബുദ്ധിപൂര്‍വ്വമായ ഒരു നടപടിയാണ്. വക്കച്ചന്‍ സുപ്രീംകോടതിയില്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ പരാതി കൊടുത്തിട്ടുണ്ട്. അതു രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഏതായാലുമുണ്ടാകും. നമ്മളു വെറുതേ പുലിവാലുപിടിക്കുന്നതെന്തിനാ?''
''എ.ഡി.എം, ഈ കേസ് പഠിച്ചതല്ലേ? വ്യക്തമായും കയ്യേറ്റഭൂമിയിലാണ് വീടിരിക്കുന്നതെന്നു ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുകാ. വീട് ഇടിച്ചുനിരത്തുക മാത്രമല്ല അയാള്‍ക്ക് ഇതിനൊക്കെ അനുമതി കൊടുത്ത വില്ലേജ് ആഫീസറെയും പെര്‍മിറ്റ് കൊടുത്ത പഞ്ചായത്ത് സെക്രട്ടറിയെയുമൊക്കെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നേ പറ്റൂ. സുപ്രീംകോടതിയില്‍നിന്നുള്ള സ്റ്റേയ്ക്കുവേണ്ടി നമ്മള്‍ ഇത്രയും കാത്തിരുന്നതേ വലിയ തെറ്റാണ്.''
''ഞാന്‍ ചിലതു പറഞ്ഞാല്‍ സാറിന് ഫീല്‍ ചെയ്യുമോ?
''ഇല്ല, പറഞ്ഞോളൂ.''
''സാര്‍, ഈ കേരളത്തില്‍ അതുപോലെ മനോഹരമായ മറ്റൊരു വീടു കാണില്ല. പുഴക്കര വക്കച്ചന്‍ ഡ്രീം പ്രോജക്ടായിട്ടു തീര്‍ത്ത ഭവനമാ. അയാള്‍ക്കീ ഭൂമിയില്‍ സകല അധികാരകേന്ദ്രങ്ങളിലും സ്വാധീനമുണ്ട്. ആ ജിനേഷെന്ന പയ്യന്റെ ശല്യം കാരണം അയാളുടെ വീടിന്റെ ഭിത്തിയേല്‍ നോട്ടീസൊട്ടിച്ചത് ഇവിടുത്തെ സ്റ്റാഫാ. രണ്ടുപേരേം ഓരോ സാഹചര്യത്തില്‍ അയാളുടെ ആള്‍ക്കാര് ഇടിച്ചു ചവിട്ടിക്കൂട്ടി. കേസുകൊടുത്തിട്ടൊരു ചുക്കും നടന്നില്ല. പുഴക്കര വക്കച്ചന്‍ എന്നു പറയുന്നവന്‍ ഒരു മൃഗമാ. ലൈസന്‍സുള്ള നാടന്‍ തോക്കുണ്ടയാള്‍ക്ക്. നമ്മളു പൊളിക്കാന്‍ ചെന്നാല്‍ കളക്ടറാണന്നോ, എസ്.പി.യാണന്നോ നോക്കുകേലാ. നെഞ്ചിലയാള്‍ വെടിയുണ്ടകേറ്റും.'' 
''എ.ഡി.എം. എന്നെ പറഞ്ഞുപേടിപ്പിക്കാന്‍ നോക്കുകയാണോ?''
''ഒരിക്കലുമല്ല സാര്‍. യാഥാര്‍ത്ഥ്യമാ ഞാന്‍ പറഞ്ഞത്. എനിക്കു പത്തമ്പത്തിനാലു വയസ്സായി. ഒരുപാടനുഭവങ്ങളുമുണ്ട്. സാറ് തുടക്കക്കാരിയാ. വയനാട്ടിലും ആലപ്പുഴയിലുമൊക്കെ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഇവനെയൊക്കെ തകര്‍ത്തു മുന്നേറാന്‍ കഴിഞ്ഞാല്‍ അത് ഒരു ചരിത്രമാകും. എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതു സാറാണ്. തീരുമാനിച്ചോളൂ.''
സലോമി മാത്യു ഏതാനും നിമിഷം ചിന്താധീനയായിരുന്നു. ആ മുഖത്ത് ഒരു ദൃഢഭാവം കൈവന്നു.
''സുരേഷ് സാര്‍, ചുമതലയേറ്റതേ ഞാനൊരു പുലിവാലില്‍ കയറിപ്പിടിക്കുകയാണെന്നു കരുതരുത്. ഞാന്‍ മുമ്പു ചില കാര്യങ്ങളൊക്കെ ചെയ്തതു പേരെടുക്കാനായിരുന്നില്ല. അതെന്റെ ജോലിയായതിനാലാണ്. ബോള്‍ഡായിട്ടു ചിലതു ചെയ്തതുകൊണ്ടു പീഡനങ്ങളുണ്ടായി. പൂച്ചെണ്ടുകളും കിട്ടി.''
''സാര്‍, പുഴക്കര വക്കച്ചന്റെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ പേടിച്ചിട്ടാ സര്‍വ്വീസു തീരുന്നതിന് ആറുമാസംമുമ്പേ മുന്‍ കളക്ടര്‍ വോളണ്ടയറി റിട്ടയര്‍മെന്റായിട്ടു പോയത്.'' സുരേഷ് കുമാര്‍ പറഞ്ഞു.
സലോമി മാത്യു അതുകേട്ടു മന്ദഹസിച്ചു. 
''ഞാനേതായാലും അതിനില്ല. സുപ്രീംകോടതിയുടെ സ്റ്റേ വരുമെന്നു കരുതി കാത്തുനില്‍ക്കാനുമില്ല. നാളെത്തന്നെ അവിടെ നേരിട്ടുചെന്ന് വീട്ടില്‍നിന്ന് ഇറങ്ങിമാറണമെന്ന് അയാളോടു പറയും.'' ദൃഢഭാവത്തില്‍ സലോമി പറഞ്ഞു.
എ.ഡി.എം. സുരേഷ് കുമാര്‍ തിരികെപ്പോയി.
ജില്ലയിലെ എം.പി, എം.എല്‍.എ, പ്രാദേശിക വികസനഫണ്ട് നിര്‍വ്വഹണം സംബന്ധിച്ച വിലയിരുത്തല്‍ യോഗം നാലുമണിക്കാരംഭിച്ചത് എട്ടുമണിയായപ്പോഴാണവസാനിച്ചത്. എട്ടരയോടെ സലോമി ഔദ്യോഗികവസതിയില്‍ എത്തിച്ചേര്‍ന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ചെറിയ ബംഗ്ലാവായിരുന്നു അത്. പരിചാരകരും സെക്യൂരിറ്റിയുമൊക്കെയുണ്ട്. വിശാലമായ ശീതീകരിച്ച മുറികളും ചെറിയ കോണ്‍ഫെറന്‍സ് ഹാളുമുണ്ട്. സലോമി കുളിച്ചു വേഷംമാറി വന്നപ്പോള്‍ അത്താഴം തയ്യാറായിരുന്നു. തനിയേയിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ക്ക് ഒറ്റപ്പെടല്‍ തോന്നി. എഴുന്നേറ്റ് കൈകഴുകി വന്നയുടനേ അമ്മയെ ഫോണില്‍ വിളിച്ചു. സെലീന പെട്ടെന്നെടുത്തു.
''ഹലോ... അമ്മേ...''
''മോളേ, നീയെവിടെയാണിപ്പം?''
''ഞാനിവിടെ, ഒരു വലിയ വീട്ടില്‍... ഒറ്റയ്ക്ക്... അല്ല സുമലതച്ചേച്ചിയുണ്ട്, സഹായിയായിട്ട്. അമ്മയെന്തെടുക്കുവാ?'' 
''ഞാനിച്ചിരെ കഞ്ഞികുടിക്കുകയായിരുന്നെടീ.''
''എന്റമ്മേ, ഇവിടെയൊരു പത്തുപേര്‍ക്ക് സുഖമായി കഴിയാനുള്ള എല്ലാ സൗകര്യോമുണ്ട്. ഇങ്ങോട്ടുവരാമന്നു സമ്മതിക്കമ്മേ.''
''ഒരുദിവസം നിന്റെ വീടുകാണാന്‍ ഞാന്‍ വരുന്നുണ്ട്. അന്നു തന്നെ തിരിച്ചുപോരും. ഇവിടെ കിടന്നാലേ എനിക്കുറക്കം വരുകയുള്ളൂ മോളെ.''
''ദൈവം ഇങ്ങനെയൊരു സൗകര്യം തന്നപ്പം അത് അനുഭവിക്കാതെ അമ്മ തനിച്ചെന്തിനാണിങ്ങനെ?''
''കൂടിയ സൗകര്യങ്ങളൊന്നും എനിക്കു ശീലമില്ലാഞ്ഞിട്ടല്ലേ മോളേ. നീ പ്രാര്‍ത്ഥന ചൊല്ലിയോ?''
''പ്രാര്‍ത്ഥന ചൊല്ലാന്‍ പോണതേയുള്ളൂ. വേറേ എന്നാ അമ്മേ വിശേഷം?''
''ഒന്നുമില്ലടീ. ഇനി നിര്‍ത്തിക്കോ.''
സലോമി കോള്‍ കട്ടാക്കി.
സഹായിയായ സുമലതയെയുംകൂട്ടി സലോമി പ്രധാന മുറിയുടെ ചുവരില്‍ തിരുഹൃദയരൂപവും അതിനു താഴെ അപ്പന്റെ ഫോട്ടോയും പ്രതിഷ്ഠിച്ചു. ഒരു കാലത്തു നാടുവിറപ്പിച്ച കാലന്‍ മാത്തന്റെ ഭീകരരൂപം അങ്ങനെ കളക്ടറുടെ ബംഗ്ലാവിന്റെ ഭിത്തിയില്‍ ഇടംനേടി. ഈ സുന്ദരിയായ കളക്ടര്‍കൊച്ചിന്റെ അപ്പന്‍ ഇങ്ങനെയൊരു കരിങ്കൂറ്റനാണല്ലോയെന്ന് സുമലത വിചാരിച്ചു.
പിറ്റേന്നു ബുധനാഴ്ച.
രാവിലെ പതിനൊന്നുമണിക്ക് കളക്ടര്‍ പോലീസ് അകമ്പടിയോടെ പുഴക്കര വക്കച്ചന്റെ ബംഗ്ലാവിന്റെ മുറ്റത്തെത്തി. കാറില്‍നിന്നിറങ്ങിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് ചന്ദ്രനും എസ്.ഐ. സതീഷും ആ വീടിന്റെ രൂപഭംഗി കണ്ട് അതിശയിച്ചു നിന്നു. 
ഇളംപച്ച ചുരിദാറും വെള്ള ഷോളും ധരിച്ച കളക്ടര്‍ സലോമിക്കും പുഴക്കര ബംഗ്ലാവ് ഒരതിശയകാഴ്ചയായി. പുറത്ത് ആരെയും കണ്ടില്ല.
എസ്.ഐ. സതീഷാണ് സിറ്റൗട്ടില്‍ കയറി കോളിംഗ് ബെല്ലടിച്ചത്. അകത്തു കാല്‍പ്പെരുമാറ്റമുണ്ടായി. 
ഒരു മിനിട്ടു കഴിഞ്ഞപ്പോള്‍ വാതില്‍തുറന്ന് ആജാനുബാഹുവായ പുഴക്കര വക്കച്ചന്‍ ഇറങ്ങിവന്നു. തിളങ്ങുന്ന കഷണ്ടി. വെളുത്തുതുടുത്ത കവിളുകള്‍. ഡൈ ചെയ്തു കറുപ്പിച്ച കട്ടിമീശ. സില്‍ക്ക് ജൂബയും കസവുമുണ്ടും. സിറ്റൗട്ടിലും മുറ്റത്തും നില്‍ക്കുന്ന സംഘത്തെക്കണ്ട് അയാളുടെ നെറ്റി ചുളിഞ്ഞു. മനസ്സിലെ അങ്കലാപ്പ് മുഖത്തു വരാതിരിക്കാന്‍ വക്കച്ചന്‍ ശ്രദ്ധിച്ചു.
''എന്താ, നിങ്ങളൊക്കെ ഇവിടെ? എന്നെ പിടിച്ചോണ്ടു പോകാനോ മറ്റോ ആണോ?'' വക്കച്ചന്‍ മുഴക്കമുള്ള ശബ്ദത്തില്‍ ചോദിച്ചു.
സലോമി മുമ്പോട്ടു ചെന്നു.
''ഞാന്‍ ഇന്നലെ ചാര്‍ജെടുത്ത ജില്ലാ കളക്ടറാ. സലോമി മാത്യു!''
അതുകേട്ട് പുഴക്കര വക്കച്ചന്‍ വികൃതമായി പൊട്ടിച്ചിരിച്ചു.
''കേട്ടു. അറിഞ്ഞു. പത്രത്തില്‍ പടവും കണ്ടു. കാലന്‍ മാത്തന്റെ മകളല്ലേ? സലോമി മാത്യൂന്നല്ല, സലോമി മാത്തന്‍ എന്നായിരുന്നു പേരുവരണ്ടത്. കളക്ടറുപെണ്ണേ, നിനക്കറിയാമോന്നറിയില്ല ഒരു ചരിത്രം. കാലന്‍ മാത്തന്‍ എന്റെ ഗുണ്ടയായിട്ട്, എനിക്കുവേണ്ടി, തല്ലുകേം ഇടിക്കുകേം വെട്ടുകേം കുത്തുകേം ചെയ്തു വെലസിയവനാ. അവന്‍ വെട്ടേറ്റുചത്തപ്പം ഒരു ഗതീമില്ലാതെയാ കെട്ടിയവള് സെലീന കന്യാസ്ത്രീമഠത്തിലെ അടുക്കളപ്പണിക്കു പോയത്. മഠംകാരുടെ പഴങ്കഞ്ഞീം എച്ചിലും തിന്നു വളര്‍ന്ന കാലന്റെ മകള് പഠിച്ച് ഐ.എ.എസു കാരിയായെന്നൊക്കെ കേട്ടിരുന്നു...''
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രോഷത്തോടെ വക്കച്ചന്റെയരികിലേക്കടുത്തു.
''കെളവാ, മര്യാദയ്ക്കു സംസാരിക്കണം. കളക്ടറെ അപമാനിച്ചാല്‍ വിവരമറിയും.'' സി.ഐ. കയര്‍ത്തു.
കളക്ടര്‍ സലോമി അദ്ദേഹത്തെ വിലക്കി.
''പറയട്ടെ. മുഴുവന്‍ പറയട്ടെ. ഭാഷ മോശമാണെങ്കിലും പറഞ്ഞതു പലതും സത്യമാണ്.'' സലോമി പറഞ്ഞു.
പുഴക്കര വക്കച്ചന്‍ വീണ്ടും വികൃതമായി ചിരിച്ചു. 

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)