•  28 Mar 2024
  •  ദീപം 57
  •  നാളം 4
നോവല്‍

മഴനിലാവ്

മ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്റ്ററായിരുന്ന രാജേഷാണ് സിറ്റൗട്ടില്‍ ഇരിക്കുന്നതെന്നറിഞ്ഞതും ഇന്ദുവിന്റെ കണ്ണുകള്‍ ജ്വലിച്ചു. ഒരിക്കല്‍ തന്നെ പറഞ്ഞുപറ്റിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പൊലീസിനെക്കൊണ്ടു പിടിപ്പിച്ച നീചന്‍. നാട്ടുകാരുടെ മുമ്പില്‍ വഴിപിഴച്ചവള്‍ എന്ന മുദ്രകുത്തി തന്നെ  സ്വന്തമാക്കാന്‍ കൊതിച്ച വൃത്തികെട്ടവന്‍. കൈനിവര്‍ത്തി കരണത്തൊന്നു കൊടുത്താലോ എന്നാണ് ആദ്യം ചിന്തിച്ചത്. 
ഇന്ദു സിറ്റൗട്ടിലേക്കു കയറിയതും രാജേഷ് എണീറ്റു കൈകൂപ്പി. ഗൗരവഭാവത്തില്‍ നെറ്റിചുളിച്ച് ഇന്ദു ചോദിച്ചു:
''ആരാ?''
 ഇന്ദു തന്നെ പരിഹസിക്കുകയാണെന്നു രാജേഷിനു മനസ്സിലായി. ഒരു വളിച്ച ചിരി ചിരിച്ചിട്ട് രാജേഷ് പറഞ്ഞു: 
''മാഡം എന്നോടു ക്ഷമിക്കണം.''
''എന്തിന്? താന്‍ എന്തു തെറ്റാ എന്നോടു ചെയ്തത്? തന്നെ എനിക്കറിയില്ലല്ലോ?''
''പൊറുക്കാന്‍ പറ്റാത്ത തെറ്റാ ഞാന്‍ ചെയ്തതെന്ന് എനിക്കറിയാം. അന്നത്തെ ആ സാഹചര്യത്തില്‍ പറ്റിപ്പോയി. ഇന്ന് എനിക്കതില്‍ കുറ്റബോധമുണ്ട്. എല്ലാം ഞാന്‍ നാട്ടുകാരുടെ മുമ്പില്‍ തുറന്നുപറയാം. പരസ്യമായി മാപ്പുചോദിക്കാം.''
''ഇത്രയുംനാള്‍ ഉണ്ടാകാതിരുന്ന ഒരു കുറ്റബോധം തനിക്കെങ്ങനെയാടോ ഉണ്ടായത്? ഞാനീ വീട്ടിലെ ഒരു അംഗമായി വന്നതുകൊണ്ട്, അല്ലേ? എന്നെ സുഖിപ്പിച്ചെങ്കിലല്ലേ ഇനി തനിക്കു രക്ഷയുള്ളൂ.'' 
രാജേഷിന്റെ മുഖം കുനിഞ്ഞുപോയി.
''താന്‍ ഒരു മാന്യനാണെന്നു തെറ്റിദ്ധരിച്ചതുകൊണ്ടാ മീറ്റിങ് ഉണ്ടെന്നു പറഞ്ഞപ്പം ഒട്ടും സംശയിക്കാതെ തന്റെകൂടെ ഞാന്‍ ഹോട്ടല്‍മുറിയില്‍ വന്നത്. വിശ്വസിച്ചു കൂടെവന്ന എന്നെ താന്‍ കെണിയില്‍ വീഴ്ത്തി അപമാനിച്ചു നാടുകടത്തി. വെടക്കാക്കി തനിക്കാക്കാമെന്നു താന്‍ സ്വപ്നം കണ്ടു അല്ലേ? തന്റെ ഭാര്യയാകുന്നതിനെക്കാള്‍ ഭേദം കെട്ടിത്തൂങ്ങി ചാകുന്നതാടാ പിശാചേ.''
ഇന്ദു പൊട്ടിത്തെറിക്കുകയായിരുന്നു.
''ക്ഷമിച്ചു എന്നൊരു വാക്ക്.'' 
''ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. കുടിച്ചേ പറ്റൂ. താന്‍ പൊയ്‌ക്കോ.''
ഇന്ദു അകത്തേക്കു കയറിപ്പോയി.
തെല്ലുനേരം ആലോചിച്ചു നിന്നിട്ട് രാജേഷ് വന്നവഴിയേ മടങ്ങി.
സ്വീകരണമുറിയില്‍ അഭിഷേകും ശ്രീദേവിയും എല്ലാം കേട്ടുകൊണ്ട് നില്പുണ്ടായിരുന്നു.
''ആനന്ദന്‍സാറിനെ കാണണമെന്നു പറഞ്ഞു വന്നതാ അവന്‍. അച്ഛന്‍ അമേരിക്കയ്ക്കു പോയെന്നു പറഞ്ഞപ്പം ജോലി തിരിച്ചുതരാമോന്നു ചോദിച്ച് എന്റെ മുന്നില്‍ നിന്നു കരഞ്ഞു. ഞാന്‍ പറഞ്ഞു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഇപ്പം ഇന്ദുവിനാ. ഇന്ദു വരുമ്പം ചോദിക്കാന്‍. കാണാന്‍ നോക്കി നിന്നതാ.'' അഭിഷേക് പറഞ്ഞു.
''എന്നെ പിഴച്ചവളാക്കി ചിത്രീകരിച്ചു പൊലീസിന്റെ മുമ്പില്‍നിറുത്തി അപമാനിച്ച ആ നീചനോട് എനിക്കു ക്ഷമിക്കാന്‍ പറ്റില്ല അഭിയേട്ടാ. അവനെ നമ്മുടെ ഒരു സ്ഥാപനത്തിലും വേണ്ട. വിശ്വസിച്ചു കൂടെച്ചെന്ന എന്നെ ചതിച്ചവനാ അവന്‍.''
''അവനെ എടുക്കണമെന്നു ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. നീചനാന്ന് അറിയാവുന്നതുകൊണ്ടാണ് അവനെ അകത്തിരുത്താതെ ഞാന്‍ പുറത്തിരുത്തീത്.''
''അമ്മ എന്നോടു ക്ഷമിക്കണം.'' ഇന്ദു ശ്രീദേവിയുടെ നേരേ തിരിഞ്ഞു: ''ഉള്ളിലെ വേദനകൊണ്ടാ ഇത്രയും പൊട്ടിത്തെറിക്കേണ്ടിവന്നത്.''
''പറഞ്ഞതു നന്നായീന്നേ ഞാന്‍ പറയൂ. സ്ത്രീകളെ അപമാനിക്കുന്നവരെ ഒരിക്കലും വെറുതെ വിടാന്‍ പാടില്ല.'' ശ്രീദേവി പിന്തുണച്ചു.
ഇന്ദു ഡൈനിങ് റൂമില്‍പോയി ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. 
''സ്റ്റാഫ് മീറ്റിങ് ഭംഗിയായി കഴിഞ്ഞോ മോളേ?'' 
''ഉം. എല്ലാവര്‍ക്കും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. സ്‌നേഹലതയും വന്നു കുശലം പറഞ്ഞു. ചായയും കുടിച്ച് ചിരിച്ചു കളിച്ചു സ്‌നേഹത്തോടെയാ പിരിഞ്ഞത്. ദേഷ്യവും വെറുപ്പുമൊന്നും ഞാനാരോടും കാണിച്ചില്ലമ്മേ.''
''അതു നന്നായി മോളേ. നമ്മുടെ സ്വന്തം സ്‌കൂളല്ലേ. നല്ല രീതിയില്‍ നമുക്കിനിയത് മുമ്പോട്ടു കൊണ്ടുപോകണം.''
''തീര്‍ച്ചയായും.''
ഡ്രസ് മാറാനായി ഇന്ദു സ്റ്റെയര്‍കേസ് കയറി മുകളിലത്തെ നിലയിലേക്കു പോയി.
രാത്രി അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇന്ദുവിന് ഒരു ഫോണ്‍കോള്‍. അങ്ങേത്തലയ്ക്കല്‍ അശ്വതിറ്റീച്ചറാണ്.
''സ്റ്റാഫ് മീറ്റിങ്ങിനു വന്ന് എന്നോടു സംസാരിച്ചപ്പഴാ മനസ്സിലായത് റ്റീച്ചറിന് എന്നോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്ന്. ഒരിക്കല്‍ ഹോസ്റ്റലീന്ന് ഇറക്കിവിട്ട സമയത്ത് എന്റെ വീട്ടില്‍ അഭയം ചോദിച്ചപ്പോള്‍ ഞാന്‍ നിരസിച്ചു. അപ്പഴത്തെ സാഹചര്യത്തില്‍ ഞാനും റ്റീച്ചറിനെ തെറ്റിദ്ധരിച്ചുപോയി. ക്ഷമിക്കണം ട്ടോ.''
''ക്ഷമ ചോദിക്കാനുള്ള കുറ്റമൊന്നും റ്റീച്ചര്‍ ചെയ്തില്ലല്ലോ. ആ സാഹചര്യത്തില്‍ റ്റീച്ചറിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെയോ ചെയ്യൂ. പ്രതിസന്ധിഘട്ടങ്ങളില്‍ എനിക്ക് ആശ്വാസം പകര്‍ന്നിരുന്നത് റ്റീച്ചറല്ലേ. ആ സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല. റ്റീച്ചറിന്റെ അടുത്ത് ഞാന്‍ എന്നും പഴയ ഇന്ദുറ്റീച്ചര്‍ തന്നെയായിരിക്കും. 
''സന്തോഷമായി റ്റീച്ചര്‍. ങ്ഹ... മറ്റൊരു കാര്യം കൂടി പറയാനാ ഇപ്പ വിളിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ടുപേരുംകൂടി വീട്ടിലേക്കൊന്നു വര്വോ. നവദമ്പതികള്‍ക്ക് ഒരു വിരുന്നു കൊടുക്കണമെന്ന് എനിക്കും സതീഷേട്ടനും ആഗ്രഹമുണ്ട്.''
''തീര്‍ച്ചയായും വരും റ്റീച്ചര്‍. അശ്വതിറ്റീച്ചര്‍ എന്തുകൊണ്ട് വിരുന്നിനു ക്ഷണിച്ചില്ല എന്നോര്‍ത്തിരിക്ക്വായിരുന്നു ഞാന്‍. ഞാനത് അഭിയേട്ടനോടു പറയുകേം ചെയ്തു.''
അശ്വതിക്കു സന്തോഷമായി. കുശലാന്വേഷണങ്ങള്‍ക്കുശേഷം ഫോണ്‍ കട്ടായി.
   *      *     *
~ഒരു ദിവസം വൈകുന്നേരം ഹെഡ്മിസ്ട്രസ് സുജാത സൗമ്യറ്റീച്ചറെയും കൂട്ടി ഇന്ദുലേഖയെ കാണാന്‍ വീട്ടിലെത്തി. ഹെഡ്മിസ്ട്രസ് ഇന്ദുവിനോടു പറഞ്ഞു:
''സൗമ്യറ്റീച്ചറിന് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌കൂളില്‍ ജോലി കിട്ടി. വീടിനടുത്താ നിയമനം. അതുകൊണ്ട് ഇവിടുത്തെ ജോലി രാജി വയ്ക്ക്വാ.''
''അപ്പം ഇവിടുന്ന് പോക്വാണോ?'' ഇന്ദു സൗമ്യയെ നോക്കി. 
''അതേ മാഡം. വീടിനടുത്തു കിട്ടിയതുകൊണ്ട് എനിക്കതാ സൗകര്യം. ഇവിടുന്നിപ്പോ വീട്ടിപ്പോയി വരണമെങ്കില്‍ എന്തോരം ദൂരമാ.''
''ശരി. സൗമ്യയുടെ ഇഷ്ടംപോലെ ചെയ്‌തോളൂ.''
''ജോലി കിട്ടാന്‍ പത്തുലക്ഷം രൂപ കൊടുത്തിരുന്നു. അതു തിരികെത്തരുമല്ലോ അല്ലേ?''
മടിച്ചുമടിച്ച് സൗമ്യ ചോദിച്ചു.
''ഞാന്‍ അച്ഛനോടു ചോദിക്കട്ടെ. കാശുവാങ്ങിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതു തിരിച്ചുതരും.'' ഇന്ദു ഉറപ്പു നല്‍കി.
''താങ്ക് യു മാഡം. കാശു തിരിച്ചുതരുമോന്ന് ഒരു ഭയമുണ്ടായിരുന്നു. ഇപ്പ സമാധാനമായി. മാഡത്തിന്റെ നല്ല മനസ്സിനു നന്ദി.''
സൗമ്യ ഹാന്‍ഡ് ബാഗ് തുറന്ന് രാജിക്കത്തെടുത്ത് ഇന്ദുവിനു നീട്ടി. അവളതു വാങ്ങി വായിച്ചു നോക്കിയിട്ട് സൗമ്യയെ നോക്കി.
''അപ്പോ മുപ്പതാം തീയതി വരെയോ ഇവിടുണ്ടാകൂ അല്ലേ.''
''അതേ.''
''സൗമ്യയ്ക്കു പകരം വേറൊരാളെ കണ്ടെത്തണം മാഡം.'' ഹെഡ്മിസ്ട്രസ് പറഞ്ഞു.
''കണ്ടെത്താം. അഭിഷേകുമായിട്ട് ആലോചിച്ചിട്ട് ഞാന്‍ റ്റീച്ചറെ വിളിക്കാം.''
''ഉം.''
ചായയും പലഹാരങ്ങളും കൊടുത്ത് സന്തോഷത്തോടെയാണ് ഇന്ദു അവരെ പറഞ്ഞയച്ചത്. സൗമ്യയ്ക്ക് ഒരുപാട് സന്തോഷമായി.
''കാശു തിരിച്ചുതരില്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. എത്ര നല്ല മനസ്സാ ആ മാഡത്തിന്റേത്.'' ഗേറ്റു കടന്നു പുറത്തേക്കിറങ്ങുന്നതിനിടയില്‍ സൗമ്യ ഹെഡ്മിസ്ട്രസിനോടു പറഞ്ഞു:
''ഞാന്‍ പറഞ്ഞില്ലായിരുന്നോ തിരിച്ചുകിട്ടുമെന്ന്. ഇന്ദുമാഡത്തെ എനിക്കറിയാം. കാശുണ്ടാക്കാനുള്ള ബുദ്ധിമുട്ട് അവര്‍ അനുഭവിച്ചതാണല്ലോ.''
ബിസിനസ്സ്ഥാപനങ്ങളിലെല്ലാം പോയി കണക്കുകള്‍ പരിശോധിച്ച് ജോലിക്കാര്‍ക്കു വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം നല്‍കി അഭിഷേക് തിരിച്ചെത്തിയപ്പോള്‍ രാത്രി പത്തുമണികഴിഞ്ഞിരുന്നു.  ഇന്ദു അത്താഴം വിളമ്പിക്കൊടുത്തു. ഭക്ഷണം കഴിഞ്ഞ് അഭിഷേക് മുകളിലത്തെ നിലയില്‍ കിടപ്പുമുറിയിലേക്കു പോയി.
പാത്രങ്ങളെല്ലാം കഴുകിവച്ച്, അടുക്കള അടച്ചിട്ട് ഇന്ദു മുറിയിലേക്കു ചെല്ലുമ്പോള്‍ യൂട്യൂബില്‍ ഏതോ വീഡിയോ കണ്ടുകൊണ്ട് കട്ടിലിന്റെ ക്രാസിയില്‍ തല ഉയര്‍ത്തിവച്ചു കിടക്കുകയായിരുന്നു അഭിഷേക്. ഭര്‍ത്താവിന്റെ സമീപം കിടന്നിട്ട് വലതുകൈ ഉയര്‍ത്തി ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു: 
''എനിക്കു പകരം വന്ന സൗമ്യറ്റീച്ചര്‍ ജോലി രാജിവച്ചു പോക്വാ. അവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി കിട്ടി. ഇന്നിവിടെ വന്നിരുന്നു. വാങ്ങിച്ച പത്തുലക്ഷം തരില്ലേന്നു ചോദിച്ചു.''
''പണം വാങ്ങിച്ചെങ്കില്‍ തിരിച്ചുകൊടുക്കണം. അതല്ലേ മര്യാദ? അച്ഛനോടു ചോദിച്ചോ വാങ്ങിച്ചോന്ന്.''
''ചോദിച്ചു. വാങ്ങിച്ചൂന്ന് അച്ഛന്‍ പറഞ്ഞു. തിരിച്ചുകൊടുക്കണമെന്നാ അച്ഛന്റേം അഭിപ്രായം. അച്ഛന്‍ ഒരുപാട് മാറി.''
''പിരിഞ്ഞുപോകുന്ന ദിവസം അവരുടെ അക്കൗണ്ടിലേക്ക് പൈസ ഇട്ടേക്കാമെന്നു പറ. പലേടത്തുനിന്നും കടംവാങ്ങി സ്വരുക്കൂട്ടിയ പൈസയാകും. തിരിച്ചുകൊടുത്തിട്ട് അവരു സന്തോഷമായിട്ടു ജീവിക്കട്ടെ. നമ്മളെ ഇനി ആരും ശപിക്കാന്‍ ഇടവരരുത്.''
''അഭിയേട്ടന്‍ കൊടുക്കുമെന്ന് എനിക്കറിയായിരുന്നു. ഞാന്‍ എന്റെ ഒരാഗ്രഹംകൂടി പറയട്ടെ.''
''പറഞ്ഞോ.''
''ഞാന്‍ സന്തോഷത്തോടെ വന്നു ജോയിന്‍ ചെയ്ത സ്‌കൂളല്ലേ. പിരിഞ്ഞുപോകുമ്പോള്‍ കുട്ടികള്‍ക്കൊക്കെ വല്യ സങ്കടമായിരുന്നു. സൗമ്യറ്റീച്ചറു പോകുമ്പം ഞാനവിടെപ്പോയി പഠിപ്പിച്ചോട്ടെ.''
''ഇഷ്ടമാണോ?''
''ഒരുപാട് ഒരുപാട്.''
''ഇഷ്ടമാണെങ്കില്‍ പൊയ്‌ക്കോ. സ്‌കൂളിന്റെ കാര്യത്തില്‍ ഒരു നോട്ടവുമാകുമല്ലോ.''
''അമ്മയ്ക്ക് ഇഷ്ടാവുമോ?''
''ഞാന്‍ അമ്മയോടു പറഞ്ഞോളാം. നിന്റെ ഇഷ്ടത്തിന് അമ്മ എതിരു നില്‍ക്കില്ല. എനിക്കറിയാം എന്റെ അമ്മയെ.'' 
''അച്ഛന്‍?''
''അച്ഛനിപ്പം പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെ ഇരിക്ക്വല്ലേ. നമ്മുടെ ഇഷ്ടത്തിനെതിരായി ഇനി ഒന്നും അച്ഛന്‍ പറയില്ല.''
''ഒരുപാട് സന്തോഷായിട്ടോ.''
ഇന്ദു ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച് ഒരു മുത്തം നല്‍കി.
*   * *
~ഒരു അധ്യാപികയായി ഇന്ദു സ്‌കൂളിലേക്കു വീണ്ടും വരുന്നു എന്നു കേട്ടപ്പോള്‍ ഹെഡ്മിസ്ട്രസിനും അധ്യാപകര്‍ക്കും അദ്ഭുതമായിരുന്നു. ഇട്ടുമൂടാന്‍ സ്വത്തുള്ള ഇന്ദു എന്തിന് വീണ്ടും ഒരു അധ്യാപികയുടെ കുപ്പായം അണിയുന്നു?
''നമ്മളെ നിരീക്ഷിക്കാന്‍ വരുന്നതാകും. എല്ലാരും കരുതിയിരുന്നോ.'' സ്‌നേഹലത മുന്നറിയിപ്പു നല്‍കി.
''ഏയ്. റ്റീച്ചിങ് ഇന്ദുവിന് ഇഷ്ടമായതുകൊണ്ടു വരുന്നതാ.'' അശ്വതിറ്റീച്ചര്‍ ഇന്ദുവിന്റെ പക്ഷത്തായിരുന്നു.
ഒരു തിങ്കളാഴ്ച ഇന്ദു വീണ്ടും അധ്യാപികയായി വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ പടികള്‍ ചവിട്ടിക്കയറി ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്കു ചെന്നു. ഇന്ദുവിനെ കണ്ടതും ഹെഡ്മിസ്ട്രസ് എഴുന്നേറ്റു കൈകൂപ്പി. അതു കണ്ടപ്പോള്‍ ഇന്ദു പറഞ്ഞു:
''ഒരു റ്റീച്ചറായിട്ട് ഞാനിവിടെ വരുമ്പം മറ്റുള്ള റ്റീച്ചേഴ്‌സിനെ കാണുന്നപോലെമാത്രം എന്നെയും കണ്ടാല്‍ മതി റ്റീച്ചറേ. തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കണം. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്താന്‍ പറയണം. നിങ്ങളിലൊരാളായി ഇവിടെ കഴിയുന്നതാ എനിക്കിഷ്ടം.''
ഹെഡ്മിസ്ട്രസ് തലകുലുക്കി. 
അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിട്ട് ഇന്ദു സ്റ്റാഫ് റൂമിലേക്കു പോയി. ഇന്ദുവിനെ കണ്ടതുംമറ്റ് അധ്യാപകര്‍ എണീറ്റപ്പോള്‍ ഹെഡ്മിസ്ട്രസിനോടു പറഞ്ഞ അതേ വാചകങ്ങള്‍ ഇന്ദു ആവര്‍ത്തിച്ചു.
പണ്ട് താന്‍ ഇരുന്ന അതേ കസേരയില്‍ത്തന്നെ ഇന്ദു വന്ന് ഇരുന്നു; അശ്വതിറ്റീച്ചറിന്റെ തൊട്ടടുത്ത്. വീണ്ടും ഒരധ്യാപികയായി വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. സഹപ്രവര്‍ത്തകര്‍ അതിവിനയം കാണിക്കുന്നതു കണ്ടപ്പോള്‍ ഇന്ദു പറഞ്ഞു: 
''പഴയ ഇന്ദുറ്റീച്ചറായിമാത്രം നിങ്ങള്‍ എന്നെ കണ്ടാല്‍ മതി. റ്റീച്ചിങ് ഇഷ്ടായതുകൊണ്ടു മാത്രം ഇങ്ങോട്ടു വന്നതാ. നിങ്ങളെ നിരീക്ഷിക്കാനൊന്നുമല്ല. പഴയ ആ തമാശകളും ചിരിയുമൊക്കെ ഇനിയും പോരട്ടെ. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ. സ്‌നേഹിച്ചും സഹകരിച്ചും നമുക്കിനി മുമ്പോട്ടു പോണം. എനിക്കാരോടും പിണക്കമോ ദേഷ്യമോ ഒന്നുമില്ല.'' അധ്യാപകരുടെ ഉള്ളിലെ ഭീതി ഒഴിഞ്ഞു.
ഒരു റ്റീച്ചറായിമാത്രമാണ് ഇന്ദു വന്നിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ മൂന്നോ നാലോ ദിവസമേ വേണ്ടിവന്നുള്ളൂ സഹപ്രവര്‍ത്തകര്‍ക്ക്. സ്റ്റാഫ് റൂമില്‍ നിലച്ചുപോയ ചിരിയും തമാശകളും പുനര്‍ജനിച്ചു. ആ തമാശകളില്‍ ഇന്ദുവും ചേര്‍ന്നു. ഇന്ദുവിനോടു കുശലം പറയാനും സ്‌നേഹം പങ്കുവയ്ക്കാനും സ്‌നേഹലതയും സതിയും രാജിയുമൊക്കെ മുമ്പോട്ടു വന്നപ്പോള്‍ ഇന്ദുവിന്റെ സന്തോഷം ഇരട്ടിച്ചു.
ഉച്ചയ്ക്ക് അധ്യാപകര്‍ ഒരുമിച്ചിരുന്നാണ് ഊണു കഴിച്ചത്. അക്കൂട്ടത്തില്‍ ഇന്ദുവും കൂടി. അവള്‍ കൊണ്ടുവന്ന കറികള്‍ മറ്റുള്ളവര്‍ക്കു കൊടുത്തു. മറ്റുള്ളവരുടെ കറികള്‍ അവളും എടുത്തു.
നഷ്ടപ്പെട്ടുപോയ സ്‌നേഹവും ഐക്യവും തിരിച്ചുവന്നതു കണ്ടപ്പോള്‍ ഇന്ദു പറഞ്ഞു:
''ഇതുപോലൊരു സ്‌നേഹവും ഐക്യവുമായിരുന്നു ഞാനാദ്യമായി ഇവിടെ ജോയിന്‍ ചെയ്യാന്‍ വരുമ്പോള്‍ മനസ്സില്‍ കണ്ടിരുന്നത്. ഇന്നത് യാഥാര്‍ഥ്യമായതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ ഐക്യവും സ്‌നേഹവും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ നമുക്കൊരു വണ്‍ഡേ ടൂര്‍ പോകാം. ചെലവെല്ലാം ഞാന്‍ വഹിച്ചോളാം. അടുത്ത സെക്കന്‍ഡ്‌സാറ്റര്‍ഡേ പോകാം. എന്തേ?''
''ഞങ്ങള്‍ റെഡി.''
അധ്യാപകര്‍ കൈയടിച്ച് അത് അംഗീകരിച്ചു. ഇന്ദു റ്റീച്ചര്‍ തങ്ങളെ നിരീക്ഷിക്കാനല്ല, സംരക്ഷിക്കാനും ചേര്‍ത്തുപിടിക്കാനുമാണ് അധ്യാപികയായി സ്‌കൂളിലേക്കു വന്നതെന്നറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം സന്തോഷമായി. അവര്‍ കൂടുതല്‍ ആവേശത്തോടെ സ്‌കൂളിന്റെ അഭിവൃദ്ധിക്കായി പിന്നീട് പ്രവര്‍ത്തിച്ചു.
 
(അവസാനിച്ചു)
 
Login log record inserted successfully!