•  21 Nov 2024
  •  ദീപം 57
  •  നാളം 37
കഥയും കാര്യവും

ജനറേഷന്‍ ഗ്യാപ്

മ ഇപ്പോള്‍ പണ്ടത്തെപ്പോലെ തുണികള്‍ തയ്ക്കാറില്ല. അതിനു കാരണങ്ങള്‍ പലതാണ്. ഒന്നാമതായി, അതിപ്പോള്‍ അത്ര അത്യാവശ്യമുള്ള കാര്യമല്ല. ഒരിക്കല്‍ കുടുംബത്തെ താങ്ങി നിര്‍ത്തിയത് ഈ തൊഴിലാണെങ്കിലും പ്രകാശ് ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലെത്തിയത് നടക്കാന്‍ തെല്ലും ശേഷിയില്ലാതെയാണ്. വന്നിടിച്ച ബൈക്കോടിച്ച പയ്യന്റെ നോട്ടപ്പിശകോ പ്രകാശിന്റെ അശ്രദ്ധയോ എന്താണ് ഈ സ്ഥിതിയിലെത്തിച്ചതെന്നറിയില്ല. പലരും പലതും പറഞ്ഞു. ഒരിക്കലുമദ്ദേഹത്തോടു ചോദിക്കാന്‍ മെനക്കെട്ടില്ല. ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായി നോക്കിയവരുടെ നടുവിലേക്കാണ് തയ്യല്‍ മെഷീനുമായിറങ്ങിയത്. ആദ്യമൊരു തയ്യല്‍ക്കടയില്‍ ജോലിക്കുപോയി. തയ്ക്കാന്‍ നല്ല വിരുതുകാണിച്ചതുകൊണ്ട് പണി വീട്ടിലേക്കും നീണ്ടു. രാത്രിയില്‍ ഉറക്കമുപേക്ഷിച്ചും പണി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും പ്രകാശിന്റെ ചികിത്സയ്ക്കും മക്കളുടെ പഠിപ്പിനുമൊന്നും പണം തികയാത്ത അവസ്ഥ.
രണ്ടും കല്പിച്ചാണ് ഒരു ചെറിയ തയ്യല്‍ക്കട തുടങ്ങിയത്. കഠിനാധ്വാനത്തിന്റെ നാളുകള്‍. ലോണിന്റെ തവണകളെക്കുറിച്ച് പേടിസ്വപ്നം കണ്ട രാവുകള്‍. 'വാടക, മരുന്ന് ഇങ്ങനെ നീളുന്ന' ആവശ്യങ്ങള്‍. പിന്നീട് കസ്റ്റമേഴ്‌സ് കൂടി വന്നു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജോലി ചെയ്യാന്‍ ശ്രദ്ധിച്ചു. കൃത്യത എല്ലാക്കാര്യത്തിലും പാലിച്ചു. കൂടുതല്‍ ജോലിക്കാരെ വച്ചു. വരുമാനം കൂടി. സ്വന്തമായി കട, വാഹനം. അങ്ങനെ പതുക്കെപ്പതുക്കെ ജീവിതം സ്വസ്ഥമായി. പ്രകാശ് അപ്പോഴേക്കും വീണ്ടും പിച്ചവച്ചു നടന്നുതുടങ്ങി.
അരുണിനു ജോലിയായപ്പോള്‍ മുതല്‍, 'നീ ഇനിയല്പം വിശ്രമിക്കൂ' എന്നെല്ലാവരും പറഞ്ഞുതുടങ്ങി. 
ഒരു കാലത്ത് തണല്‍തന്ന വന്‍മരമാണിതെന്ന മട്ടില്‍ പൂര്‍ണമായി കൈവിടാന്‍ മനസ്സു സമ്മതിക്കുന്നില്ല. എണ്ണയിട്ട യന്ത്രംപോലെ ശരീരവും മനസ്സും കടയില്‍ ചെന്നാല്‍ നിര്‍ത്താതെ ഓടിക്കൊള്ളും. മുട്ടുവേദന കുറച്ചു പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയപ്പോള്‍ തയ്യല്‍ കുറച്ചു. വസ്ത്രത്തില്‍ തന്റെ കൈയൊപ്പു വേണമെന്നുള്ളവരെമാത്രം പരിഗണിച്ചുതുടങ്ങി. അങ്ങനെ പതിയെ ആ അധ്യായം അവസാനിച്ചു.
മക്കളൊക്കെ കൂടുവിട്ടു കൂടുമാറിയപ്പോഴാണ് വീണ്ടുമാ ആഗ്രഹം തല പൊക്കിയത്. ''പ്രകാശേട്ടാ, എനിക്കൊരൈഡിയ. എന്റെ പഴയ തയ്യല്‍ മെഷീന്, ഒരു മോട്ടോര്‍ വാങ്ങണം. ഇപ്പോള്‍ കാലിന് ആയാസമില്ലാതെ തയ്ക്കാന്‍ സഹായിക്കുന്ന നല്ല മോട്ടറുകളണ്ട്. ഒരെണ്ണം വാങ്ങിയാല്‍... ''നിനക്കിനിയും അതിന്റെ ആവശ്യമെന്താ?'' പ്രകാശന്‍ രമയെ പറഞ്ഞവസാനിപ്പിക്കാന്‍ അനുവദിച്ചില്ല.
''നോക്കൂ ചേട്ടാ, നമ്മുടെ സ്വന്തം ആവശ്യത്തിനാണ്. റീനുവിന്റെ മക്കളുടെ ഉടുപ്പൊക്കെ പാകമല്ലാത്തതാണ്. അവള്‍ക്ക് എന്നും തിരക്കാണ്. ഡോക്ടറെന്നു പറഞ്ഞിട്ടെന്താ. മക്കളെ നോക്കാന്‍ നേരമില്ല.'' രമ പരിതപിച്ചുകൊണ്ടു തുടര്‍ന്നു.
''എനിക്കൊരു ആയിരത്തി അഞ്ഞൂറു രൂപ തരൂ. ഞാന്‍ കടയില്‍ പോയി ഒന്നു നോക്കട്ടെ. ഓണ്‍ലൈനില്‍ വിലക്കുറവുണ്ടത്രേ. പക്ഷേ, കിട്ടുന്നതു നല്ലതല്ലെങ്കില്‍ പിന്നെ ചടങ്ങാ... അതൊന്നും നമ്മളെക്കൊണ്ടുപറ്റില്ല.''
പിറ്റേദിവസം കൂട്ടുകാരി സുനിതയെയുംകൂട്ടിയാണ് കടയില്‍പോയത്. മുമ്പ്  മിക്കവാറും സന്ദര്‍ശിക്കാറുള്ള സ്ഥലം. ആകപ്പാടെ മാറിയിരിക്കുന്നു. തയ്യല്‍മെഷീനുകളുടെ നിരവധി കളക്ഷന്‍സ്. ആക്‌സസറീസ് ഒക്കെ എത്ര പുതുമയിലാണ്!
രമയുടെ ആവശ്യം കേട്ട സെയില്‍സ്മാന്‍ മോട്ടോറുകള്‍ കാണിച്ചു. ആയിരത്തിയഞ്ഞൂറു രൂപയ്ക്കു മുകളിലേക്ക്. മൂവായിരംവരെയൊക്കെ പോകും. അത്രയ്ക്കു വേണോ? രമ പലവട്ടം ആലോചിച്ചു. വീട്ടില്‍ മാറ്റിവച്ചിരിക്കുന്ന പഴയ മോട്ടോര്‍ പ്രവര്‍ത്തിക്കില്ല എന്നാരു കണ്ടു. ഒരുപക്ഷേ, നന്നാക്കാന്‍ പറ്റിയാലോ. വെറുതെ പൈസ കളയണ്ട. അവര്‍ പതിയെ കടയില്‍നിന്നു പിന്‍വാങ്ങി. ''വല്യമ്മ എന്താ ഇവിടെ?'' ധ്യാന്‍ കുട്ടനാണല്ലോ... രവിയുടെ മകനാണെന്ന് സുനിതയെ പരിചയപ്പെടുത്തി.
''ഞാനൊരു സൈക്കിള്‍ വാങ്ങാന്‍ വന്നതാ.'' അവന്‍ പറഞ്ഞു.
''അപ്പൂപ്പന്‍ കഴിഞ്ഞ പിറന്നാളിനു വാങ്ങിത്തന്നതല്ലേ. പിന്നെന്തിനാ പുതിയത്?''
''അത് വല്യമ്മേ, വലിയ പാടുപിടിച്ച സാധനമാ... ചവിട്ടിച്ചവിട്ടി മനുഷ്യന്റെ ജീവിതം പോകും. ട്യൂഷനൊക്കെ പോകണ്ടേ. ഒരു ഗീയര്‍ സൈക്കിള്‍ വാങ്ങിക്കാനാ.''  ധ്യാനിനു നല്ല തടിയുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ പയ്യനു നല്ലതാണ്, വ്യായാമവുമാവുമെന്ന പ്രകാശിന്റെ അഭിപ്രായം അവളോര്‍ത്തു. അപ്പോഴേക്കും അവനും കൂട്ടുകാരനും കടയിലേക്കു കടന്നുകഴിഞ്ഞു. പ്ലസ്‌വണ്ണിന് അവന്റെയൊപ്പം പഠിക്കുന്നവനാണ് ആ കുട്ടിയും.
'ഷോക്ക് അബ്‌സോര്‍ബര്‍, ഷെമാനോഗിയര്‍ സിസ്റ്റം, അലോയി വീല്‍, ലൈറ്റ് വെയിറ്റ് ഫ്രെയിം തുടങ്ങിയ വാക്കുകളൊക്കെ രമയ്ക്കു പുതിയതെങ്കിലും സെയില്‍സ്മാന് ഉത്സാഹമായി.
ഒരു സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അത്ര സമയമൊന്നും വേണ്ടിവന്നില്ല. ഇരുപത്തിയയ്യായിരം രൂപയ്ക്ക് കച്ചവടം നടത്തി.
''പോട്ടെ വല്യമ്മേ'' എന്നു പറഞ്ഞു പാഞ്ഞുപോയ കുട്ടികളെ നോക്കി അവര്‍ നിന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)