ഉലഹന്നാന്‍ അലസനും മടിയനുമാണ്. എന്തു കാര്യം ചെയ്യാന്‍ ഏല്പിച്ചാലും കൃത്യമായി ചെയ്യുകയില്ല. കാരണം ചോദിച്ചാല്‍ സമയമുണ്ടായില്ലെന്നു പറയും. എപ്പോഴും സമയമില്ലെന്നാണ് പരാതി.
അയാളുടെ സുഹൃത്ത് എബ്രഹാം ''പൊന്‍മുട്ടയിടുന്ന താറാവ്'' എന്ന ബാലസാഹിത്യകൃതി എഴുതി. പുസ്തകത്തിന്റെ പ്രകാശനം പെരുമ്പാവൂര്‍ ആശാന്‍സ്മാരക സാഹിത്യവേദിയില്‍ വച്ചു നടന്നു. സാഹിത്യവേദിയില്‍ ഉലഹന്നാന്‍ വന്നിരുന്നു. പുസ്തകത്തിന്റെ ഒരു കോപ്പി ഉലഹന്നാന്‍ വാങ്ങിക്കൊണ്ടുപോയി. എബ്രഹാം പറഞ്ഞു: ''പുസ്തകം വായിച്ച് ഒരാസ്വാദനക്കുറിപ്പ് എഴുതിത്തരണം''
ഉലഹന്നാന്‍ എഴുതിത്തരാമെന്നു പറഞ്ഞു പോയി. ഒരു മാസംകഴിഞ്ഞ് എബ്രഹാം ചോദിച്ചു: ''പുസ്തകത്തെപ്പറ്റി ആസ്വാദനക്കുറിപ്പ് എഴുതിത്തന്നില്ലല്ലോ?''
ഉലഹന്നാന്‍ പറഞ്ഞു: ''എവിടെ സമയം? വായിക്കാന്‍ കഴിഞ്ഞില്ല.''
എബ്രഹാം ചോദിച്ചു: ''ഇന്ത്യന്‍ പ്രധാനമന്ത്രിക്കും എനിക്കും മറ്റെല്ലാവര്‍ക്കും ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറല്ലേ ഉള്ളൂ? ആ സമയം വേണ്ടപോലെ ഉപയോഗിക്കണം. അപ്പോള്‍ സമയമുണ്ടാകും. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും സമയമില്ലെന്നും കൈയില്‍ രൂപയില്ലെന്നും പറഞ്ഞിട്ടില്ല. സമയവും രൂപയും വേണ്ടപോലെ ഉപയോഗിക്കണം.''
നാളെ ചെയ്യാനുള്ള കാര്യങ്ങള്‍ ഇന്ന രാത്രി കിടക്കുമ്പോള്‍ പ്ലാന്‍ ചെയ്യണം. രാവിലെ എഴുന്നേല്ക്കുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഓരോന്നായി അക്കമിട്ട് ഒരു കടലാസില്‍ എഴുതണം. ഓരോ കാര്യവും ചെയ്തുകഴിയുമ്പോള്‍ മാര്‍ക്കു ചെയ്തു വയ്ക്കുക. അടുത്തകാര്യം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ എല്ലാ കാര്യങ്ങളും വേണ്ടപോലെ ചെയ്യാന്‍ സമയം കിട്ടും. ഒന്നും ചെയ്യാന്‍ ബാക്കിയുണ്ടാകില്ല. പ്ലാനിങ്ങില്ലാതെ പോയാല്‍ ഒന്നും നടക്കുകയില്ല. വയ്‌ക്കോലിലിട്ട് ചക്കവെട്ടിയപോലെയാകും.
അതുപോലെ രൂപയും വരവറിഞ്ഞ് ആവശ്യത്തിനുമാത്രം ചെലവ് ചെയ്യുക. വരവനുസരിച്ചേ ചെലവു ചെയ്യാവൂ. വരവില്‍ ഒരു വീതം മിച്ചം വയ്ക്കണം. അങ്ങനെ ശീലിച്ചാല്‍ രൂപയില്ലെന്ന പരാതിയും ഉണ്ടാകുകയില്ല.
ഇങ്ങനെ ഒന്നു ശീലിച്ചു നോക്കൂ. സമയമില്ലെന്ന പരാതിയും രൂപയില്ലെന്ന പരാതിയും ഉണ്ടാകുകയില്ല.