മറ്റുള്ളവര്‍ക്കു സഹായം ചെയ്യാന്‍ സന്മനസ്സുള്ളവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അവര്‍ ചെയ്യുന്ന സഹായങ്ങള്‍ കൊട്ടിഘോഷിച്ചുകൊണ്ടു നടക്കാറില്ല. ചെയ്തുകൊടുത്ത സഹായം മറ്റുള്ളവര്‍ അറിയണമെന്നും ആഗ്രഹമില്ല. താന്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്ന ഭാവത്തോടെ നടക്കും.
ധര്‍മജനും ഭാര്യ സുലോചനയും മകന്‍ ഷാജിയും പെരിയാറിന്റെ കരയില്‍ ഒരു ചെറിയ വീട്ടിലാണു താമസം. പശുവിനെ വളര്‍ത്തി അതിന്റെ പാല്‍ വിറ്റാണ് അവര്‍ ജീവിക്കുന്നത്. മകന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പശുവിനെ സംരക്ഷിക്കുന്നതിന് അവനും സഹായിക്കും.
സുഖമായി ജീവിച്ചു വന്ന സന്ദര്‍ഭത്തിലാണ് കൊറോണ നാട്ടിലെല്ലാം പരന്നത്. ധര്‍മജനും കൊറോണ ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ ലഭിച്ചു.
വീട്ടില്‍ പശുവിന്റെ കാര്യം സുലോചനയും ഷാജിയും നോക്കി. രാവിലെ പശുവിനെ കറന്നു പാല്‍ കൊണ്ടുപോയി സൊസൈറ്റിയില്‍ കൊടുത്തുവന്ന് സുലോചന പശുവിന് വെള്ളം കൊടുത്തു.
ഷാജി പശുവിനെ പുഴയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയി. അപ്പോള്‍ പുഴയില്‍ പലരും കുളിക്കുന്നുണ്ടായിരുന്നു. പശുവിന്റെ ഒപ്പം കിടാവും ഉണ്ടായിരുന്നു. വെള്ളത്തിലിറങ്ങിയ കിടാവ് കുറെ ദൂരം മുന്നോട്ടുപോയി നിലതെറ്റി. ഷാജി കിടാവിനെ പിടിക്കാന്‍ ചെന്നു. അവനും നിലയില്ലാത്ത വെള്ളത്തിലായി. 'സഹായിക്കണേ...' എന്നു പറഞ്ഞ് അവന്‍ നിലവിളിച്ചു.
പുഴയില്‍ ഉണ്ടായിരുന്നവര്‍ നോക്കി നിന്നു. ആരോ വിളിച്ചു പറഞ്ഞു: ''അവനെ രക്ഷിക്കൂ... അവനെ രക്ഷിക്കൂ...'' ആരും ഇറങ്ങിച്ചെന്നു രക്ഷിക്കാന്‍ തയ്യാറായില്ല.
പുഴക്കരയിലെ പച്ചക്കറിത്തോട്ടം നനച്ചുകൊണ്ടു നിന്ന മര്‍ക്കോസ് ഒച്ച കേട്ട് ഓടിവന്ന് പുഴയില്‍ ചാടി. ഷാജിയെ വലിച്ചു കരയില്‍ കയറ്റി. പിന്നെ കിടാവിന്റെ കയറുപിടിച്ചു വലിച്ചു രക്ഷിച്ചു. അല്പം വൈകിയിരുന്നെങ്കില്‍ ഷാജിയും കിടാവും മരണത്തിനു കീഴടങ്ങുമായിരുന്നു.
മര്‍ക്കോസിന്റെ ധീരതയെ അവിടെയുണ്ടായിരുന്നവര്‍ അഭിനന്ദിച്ചു. എന്നാല്‍, ആ ധീരപ്രവൃത്തി ചെയ്യാന്‍ അവര്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു.
താന്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ മര്‍ക്കോസ് പുഴയില്‍നിന്നു കയറിപ്പോയി ചെയ്തുകൊണ്ടിരുന്ന ജോലി തുടര്‍ന്നു.