•  2 May 2024
  •  ദീപം 57
  •  നാളം 8
കഥയും കാര്യവും

അണ്ണാന്‍കുഞ്ഞും തന്നാലായത്

കൊവിഡ് 19 ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ദൈവത്തിന്റെ സ്വന്തം നാട്ടിലും എത്തി. കേരളം കുറെനാളത്തേക്ക് അടഞ്ഞുകിടന്നു. പ്രകൃതി പ്രസാദവതിയായി. ഭാഗികമായി അടഞ്ഞുകിടന്ന റോഡുകളില്‍ വിഷവാതകങ്ങള്‍ നിറഞ്ഞില്ല. ജലാശയങ്ങള്‍ തെളിഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കൊറോണയ്‌ക്കെതിരേ അണിനിരന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സന്മനസ്സുള്ളവര്‍ കൈയയച്ചു സംഭാവന ചെയ്തു.
ജോണ്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നന്നായി പഠിക്കും. സഹൃദയനാണ്. നാടിന് നേരിട്ടിരിക്കുന്ന പ്രതിസന്ധിഘട്ടത്തില്‍ നാടിനുവേണ്ടി തനിക്കു കഴിയുന്നവിധത്തില്‍ സഹായിക്കണമെന്ന് ആ കൊച്ചുമിടുക്കനു തോന്നി. തന്റെ കാശുകുടുക്കയിലെ കൊച്ചുസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന കൊടുക്കട്ടേ എന്ന് അമ്മയോടു ചോദിച്ചു.
മകന്റെ നല്ല മനസ്സ് അറിഞ്ഞ് അമ്മ സന്തോഷിച്ചു. മകനെ അഭിനന്ദിച്ചു. ജോണ്‍ രൂപ ക്ലാസ് ടീച്ചറെ ഏല്പിച്ചു. ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെ വിവരമറിയിച്ചു. അദ്ദേഹം പി.ടി.എ. യോഗം വിളിച്ചു. യോഗത്തില്‍ മുഖ്യാതിഥിയായി ജനപ്രതിനിധിയെ ക്ഷണിച്ചു. അദ്ദേഹം പണം ഏറ്റുവാങ്ങി ജോണിനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു: ''അണ്ണാന്‍കുഞ്ഞും തന്നാലയത്. ശ്രീരാമലക്ഷ്മണന്മാര്‍ സീതാന്വേഷണത്തിനു പുറപ്പെട്ടപ്പോള്‍ ഹനുമാന്റെ നേതൃത്വത്തില്‍ സേതുബന്ധനം നടത്തി ലങ്കയിലെത്താന്‍ തീരുമാനിച്ചു. എല്ലാവരും കഠിനാധ്വാനം നടത്തി ചിറകെട്ടിക്കൊണ്ടിരുന്നപ്പോള്‍ ഒരു അണ്ണാന്‍കുഞ്ഞ് ചിറകെട്ടാന്‍ മണ്ണുകൊണ്ടുവന്നിടുന്നതുകണ്ട് എല്ലാവര്‍ക്കും സന്തോഷമായി. അണ്ണാന്‍കുഞ്ഞും തന്നാലാവുന്ന സഹായം ചെയ്തു. അതുപോലെ നമ്മുടെ ജോണ്‍കുട്ടിയും കൊറോണരോഗികളെ ചികിത്സിക്കുന്നതിനുവേണ്ടി തന്നാലാവുന്ന സഹായം നല്‍കി. ആ കൊച്ചുമിടുക്കന്റെ വലിയ മനസ്സ് അഭിനന്ദനമര്‍ഹിക്കുന്നു.''
ജനപ്രതിനിധിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും ജോണിനെ കൈയടിച്ച് അഭിനന്ദിച്ചു.
കൊല്ലാവസാനപ്പരീക്ഷയ്ക്ക് ജോണിന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി. തുടര്‍ന്നു പഠിക്കാന്‍ സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ ഒരു ധനികന്‍ ജോണിന്റെ പഠനച്ചെലവ് ഏറ്റെടുത്തു. 
തന്നാലാവുംവിധം മറ്റുള്ളവരെ സഹായിച്ചാല്‍ വേണ്ടസമയത്ത് മറ്റുള്ളവരില്‍നിന്നും സഹായം ലഭിക്കും. ''കൊച്ചിയില്‍ കൊടുത്താല്‍ കൊല്ലത്തുകിട്ടും.''

 

Login log record inserted successfully!