•  28 Nov 2024
  •  ദീപം 57
  •  നാളം 38
കഥയും കാര്യവും

കഴിവുണ്ടായാല്‍ പോരാ, അവസരം കിട്ടണം

ബാല്യത്തിലേ മാത്യുവിന്റെ അപ്പന്‍ മരിച്ചു. അമ്മ അയല്‍വീടുകളില്‍ അടുക്കള പ്പണിയെടുത്താണ് മകനെ പഠിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
മാത്യു ധാരാളം വായിക്കുമായിരുന്നു. അടുത്തുള്ള വായനശാലയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തു വായിച്ചു. വായിച്ച് അറിവിന്റെ ചക്രവാളം വികസിച്ചപ്പോള്‍ എഴുതണമെന്നു തോന്നി. കഥകള്‍ എഴുതി. രണ്ടു കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. രണ്ടുരൂപ വിലയിട്ട് പുസ്തകം കൊണ്ടുനടന്നു വിറ്റു.
പുസ്തകം വാങ്ങി വായിച്ച അയല്‍ക്കാരന്‍ സാഹിത്യകാരന്‍ മാത്യുവിനെ അഭിനന്ദിച്ചു. കഥകള്‍ നന്നായിട്ടുണ്ട്. ഒരു നോവല്‍ എഴുതുവാന്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ചു. മാത്യു നോവല്‍ എഴുതി സാഹിത്യകാരനെ കാണിച്ചുകൊടുത്തു. നോവല്‍ വായിച്ച സാഹിത്യകാരന്‍ ഒരു വാരികയുടെ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊടുത്തുകൊണ്ടു പറഞ്ഞു: ''ഈ നോവല്‍ കത്തു സഹിതം പത്രാധിപര്‍ക്കു കൊടുക്കുക.''
മാത്യു പത്രാധിപരെ കണ്ടു നോവല്‍ കൊടുത്തു. നോവല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നു. വാരികയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രമുഖ പ്രസിദ്ധീകരണശാലയില്‍ കൊണ്ടുപോയി കൊടുക്കുവാന്‍ സാഹിത്യകാരന്‍ പറഞ്ഞു.
പ്രസാധകനെ ചെന്നു കണ്ടു. നോവലിന്റെ കൈയെഴുത്തു പ്രതി കാണിച്ചു. വാരികയില്‍ പ്രസിദ്ധീകരിച്ചു വന്ന നോവലാണെന്നു പറഞ്ഞു. പ്രസാധകന്‍ പുസ്തകമാക്കാന്‍ താത്പര്യം കാണിച്ചില്ല. സാഹിത്യകാരന്‍ പറഞ്ഞിട്ടാണ് വരുന്നതെന്നറിയിച്ചപ്പോള്‍ പ്രസാധകന്‍ നോവല്‍ വാങ്ങി വച്ചു.
ഒരു മാസം കഴിഞ്ഞപ്പോള്‍ നോവല്‍ പ്രസിദ്ധീകരിച്ചു. നോവല്‍ വായിച്ച സിനിമാ നിര്‍മ്മാതാവ് ആ നോവല്‍ സിനിമ യാക്കാന്‍ തീരുമാനിച്ചു. മാത്യുവിനെ വിളിച്ച് വിവരമറിയിച്ചു.
സിനിമനിര്‍മ്മാതാവിന്റെ അറിയിപ്പു കേട്ടപ്പോള്‍ മാത്യു അദ്ഭുതപ്പെട്ടു. നോവല്‍ സിനിമയാക്കാനുള്ള അവകാശം കൊടുത്തു. സിനിമ ഇറങ്ങി. മാത്യുവിന് പേരും പ്രശസ്തിയുമായി. മാത്യു ഇന്ന് അറിയപ്പെടുന്ന സാഹിത്യകാരനാണ്. മാത്യുവിന്റെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചത് ആ സാഹിത്യകാരനുമായുള്ള സ്‌നേഹബന്ധമാണ്.
ജീവിതത്തില്‍ വിജയിക്കുവാന്‍ കഴിവുണ്ടായാല്‍ മാത്രം പോരാ. കഴിവു പ്രകടിപ്പിക്കുവാനുള്ള അവസരം കിട്ടണം. നല്ല അവസരം കിട്ടണമെങ്കില്‍ ദൈവാനുഗ്രഹം വേണം. ദൈവാനുഗ്രഹം ലഭിക്കണമെങ്കില്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം. മാത്യുവിന് കഴിവുതെളിയിക്കുവാനുള്ള അവസരം കിട്ടിയതുകൊണ്ടു മാത്രമാണ് മിടുക്കനാകാന്‍ കഴിഞ്ഞത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)