•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി.  അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍ പോയിരുന്ന അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന ഒരനാഥമന്ദിരത്തില്‍ അവിടുത്തെ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്ന് വിവരം കിട്ടി. അഭിഷേക് പോയിക്കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍ നടുവൊടിഞ്ഞ് ആശുപത്രിയിലായി.  ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ വിളിച്ചുവരുത്തി മാപ്പു ചോദിച്ചു. വൈകാതെ ആനന്ദന് എണീറ്റു നടക്കാമെന്ന സ്ഥിതിയായി. അഭിഷേകിന്റെ ഭാര്യയായി ഇന്ദു തന്റെ വീട്ടില്‍ വന്നിരുന്നെങ്കില്‍ എന്ന് ആനന്ദന്‍ ആഗ്രഹിച്ചു. ഓര്‍ഫനേജിന്റെ ചുമതലയുള്ള മണപ്പള്ളി അച്ചനെ വിളിച്ച് ആനന്ദന്‍ ആഗ്രഹം പറഞ്ഞു. അച്ചന്റെ ഉപദേശവും നിര്‍ദേശവും  മാനിച്ച് ഇന്ദു അഭിഷേകിനെ വിവാഹം കഴിച്ചു. (തുടര്‍ന്നു വായിക്കുക)
 
തിരുവല്ലയില്‍ ചാണ്ടിക്കുഞ്ഞിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ഇന്ദുലേഖ ഏറെ സന്തോഷവതിയായിരുന്നു. ആ മനുഷ്യന്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, താന്‍ ഇന്നീ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് അവളോര്‍ത്തു. ഹോട്ടല്‍മുറിയില്‍നിന്നു പൊലീസ് പിടിച്ചു പത്രത്തില്‍ വാര്‍ത്തവന്ന് അപമാനിതയായി ആരോരുമില്ലാതെ നിന്നപ്പോള്‍ രക്ഷകനായി വന്നത് ചാണ്ടിച്ചായനായിരുന്നല്ലോ. ചാണ്ടിച്ചായന്‍ നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ മണപ്പള്ളിയച്ചന്‍ അഭയം തരുമായിരുന്നില്ല. കൂടെ നടന്ന അശ്വതിറ്റീച്ചര്‍പോലും ഒടുക്കം തെറ്റിദ്ധരിച്ചു കൈ യൊഴിഞ്ഞില്ലേ?
''എന്താലോചിച്ചിരിക്ക്വാ?''
അഭിഷേക് മുഖം തിരിച്ച് ഇന്ദുവിനെ നോക്കി.
''കല്യാണത്തിനു വന്നപ്പം ത്രേസ്യാമ്മച്ചി പറഞ്ഞതു കേട്ടായിരുന്നോ. മകളെപ്പോലെയാ എന്നെ കണ്ടിരുന്നതെന്ന്. സത്യത്തില്‍ ഇത്രയും വേദനിപ്പിച്ച ഒരു സ്ത്രീ വേറേയില്ല. ഇനി ഈ നാട്ടിലേക്കെങ്ങും വന്നുപോകരുതെന്നു പറഞ്ഞു ശകാരിച്ച് ഇറക്കി വിട്ട സ്ത്രീയാ. എത്ര സ്‌നേഹത്തോടെയാ അങ്ങോട്ടു ക്ഷണിച്ചതെന്ന് ഓര്‍ത്തുനോക്കിക്കേ.''
''അവരു പ്രായമായ ഒരമ്മയല്ലേ. നിന്റെ സൗന്ദര്യം കണ്ടപ്പം ഇത്തിരി കുശുമ്പു തോന്നിക്കാണും. കാര്യാക്കണ്ട. അതൊന്നും മനസി വച്ചോണ്ട് അവിടെ പെരുമാറരുത് കേട്ടോ.''
''അങ്ങനെ പെരുമാറുമെന്ന് അഭിയേട്ടനു തോന്നുന്നുണ്ടോ?''
''ഇല്ല. ഇപ്പം നീയിതു പറഞ്ഞതുകൊണ്ട് ഞാനൊന്നു സൂചിപ്പിച്ചെന്നേയുള്ളൂ.''
ഓരോന്നു പറഞ്ഞും ചിരിച്ചും അവര്‍ തിരുവല്ലയില്‍ എത്തി. കാര്‍ ഗേറ്റു കടന്നു മുറ്റത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടന്ന നായ കുരച്ചു. ശബ്ദം കേട്ടിട്ടാവണം വാതില്‍ തുറന്നു ചാണ്ടിക്കുഞ്ഞും ത്രേസ്യാമ്മയും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. കാറില്‍ നിന്നിറങ്ങിയ അഭിഷേകിനെയും ഇന്ദുവിനെയും ചാണ്ടിക്കുഞ്ഞ് മുറ്റത്തേക്കിറങ്ങി വന്നു ഹാര്‍ദമായി സ്വീകരിച്ചു. സിറ്റൗട്ടിലേക്കു കയറിയതും ഇന്ദുവിന്റെ കരം പുണര്‍ന്നു ത്രേസ്യാമ്മ പറഞ്ഞു:
''ഞങ്ങളു നോക്കിയിരിക്കായിരുന്നു.''
സ്വീകരണമുറിയിലേക്കാനയിച്ച് സെറ്റിയില്‍ ഇരുത്തിയിട്ട് വിശേഷങ്ങള്‍ തിരക്കി. ത്രേസ്യാമ്മച്ചിയുടെ സ്‌നേഹം കണ്ടപ്പോള്‍ ഇന്ദു അതിശയിച്ചുപോയി. വേലക്കാരിയായി വന്നപ്പോള്‍ കണ്ട മുഖത്തിന്റെ നേരേ വിപരീതമുഖം.
പണവും പ്രൗഢിയും കൈവരുമ്പോള്‍ മനുഷ്യന്റെ  സംസാരത്തിലും പെരുമാറ്റത്തിലും എന്തുമാത്രം മാറ്റം വരുന്നു! പണമില്ലാത്തവനെ പട്ടിക്കുപോലെ വേണ്ടാത്ത കാലം.
ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഊണായിരുന്നു ഇന്ദുവിനും അഭിഷേകിനുമായി ത്രേസ്യാമ്മ ഒരുക്കിയിരുന്നത്. ടേബിളില്‍ നിരന്നിരുന്ന വിഭവങ്ങള്‍ കണ്ട് ഇന്ദു അദ്ഭുതം കൂറി.
''ത്രേസ്യാമ്മച്ചി  ഉണ്ടാക്കിയതാണോ ഇതെല്ലാം.'' 
''എനിക്കതിനു വല്ലോം പറ്റുമോ മോളേ. നീ പോയതിനുശേഷം മൂന്നുപേരു ജോലിക്കായിട്ടു വന്നു. മൂന്നാമത്തെ ആളാ ഇപ്പഴുള്ള റോസക്കുട്ടി.'' സ്വരം താഴ്ത്തി ത്രേസ്യാമ്മ തുടര്‍ന്നു: ''നിന്റെ കൈപ്പുണ്യമൊന്നും അവള്‍ക്കില്ലാട്ടോ.'
ഇന്ദുവിനു ചിരി വന്നുപോയി. ഒരിക്കല്‍ കറിക്കു രുചിയില്ലെന്നു പറഞ്ഞു ത്രേസാമ്മച്ചി പാത്രം തട്ടിത്തെറിപ്പിച്ച് എണീറ്റു ചവിട്ടി തുള്ളിപ്പോയത് ഓര്‍ത്തു. ഭക്ഷണം കഴിഞ്ഞ് എണീറ്റു കൈകഴുകുമ്പോള്‍ ത്രേസ്യാമ്മ ടവ്വലുമായി ഓടിവന്നു. മുമ്പൊരിക്കല്‍ ത്രേസ്യാമ്മച്ചി കൈകഴുകിയിട്ടു നോക്കിയപ്പോള്‍ ടൗവ്വല്‍ കാണാഞ്ഞ് തന്നോടു ദേഷ്യപ്പെട്ടത് അവളോര്‍ത്തു.
യാത്ര പറയാന്‍നേരം ത്രേസ്യാമ്മ ഓര്‍മിപ്പിച്ചു: ''വല്ലപ്പോഴും വരണം കേട്ടോ മോളേ. മക്കളെല്ലാരും അമേരിക്കേന്നു വരുമ്പം ഞാന്‍ വിളിക്കാം. വരണം.''
''വരാം അമ്മച്ചി.'' ചേര്‍ത്തുപിടിച്ച് ത്രേസ്യാമ്മച്ചിയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍.
കാറിലേക്കു കയറുമ്പോള്‍ ചാണ്ടിക്കുഞ്ഞ് പറഞ്ഞു:
''മണപ്പള്ളിയച്ചനേംകൂടി പോയി ഒന്നു കണ്ടിട്ടു പോകരുതോ മോളേ?''
''നേരേ അങ്ങോട്ടാ അച്ചായാ. അച്ചനേം കുട്ടികളേം കാണാതെ എനിക്കു പോകാന്‍ പറ്റുമോ?''
കാര്‍ സ്റ്റാര്‍ട്ടു ചെയ്തു കഴിഞ്ഞ് ഒരിക്കല്‍കൂടി കൈവീശി യാത്ര പറഞ്ഞു. മണപ്പള്ളി അച്ചന്റെ പള്ളിമേടയ്ക്കു മുമ്പിലാണ് പിന്നീട് ആ കാര്‍ വന്നു നിന്നത്. അച്ചന്‍ മുറിയിലുണ്ടായിരുന്നു. ഹാര്‍ദവമായി സ്വീകരിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. സ്‌നേഹം പങ്കുവച്ചു.
''ഞാന്‍ തന്ന ബൈബിള്‍ ഇപ്പഴും വായിക്കുന്നുണ്ടോ? അതോ ഇവിടുന്നു പോയപ്പം മുടങ്ങിയോ?'' അച്ചന്‍ ചിരിച്ചുകൊണ്ട് ഇന്ദുവിനെ നോക്കി ചോദിച്ചു.
''മുടങ്ങിയില്ലെന്നു മാത്രമല്ല, അഭിയേട്ടനും വായിക്കുന്നുണ്ട്. എന്നെക്കാള്‍ കൂടുതല്‍ സമയം വായിക്കുന്നത് അഭിയേട്ടനാ.''
''വെരി ഗുഡ്. വായിച്ചാല്‍ മാത്രംപോരാ. ക്രിസ്തു കാട്ടിത്തന്ന പാതയിലൂടെ ജീവിക്കാനും നോക്കണം. മറ്റുള്ളവര്‍ക്കു നന്മ ചെയ്തു ജീവിച്ചാല്‍ നിരീശ്വരവാദിയാണെങ്കിലും ദൈവം കൈവിടില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞത്. ഇന്നത്തെ മനുഷ്യര് മതഭ്രാന്തുമൂത്ത് എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. നീയൊരു ഹിന്ദുവാ അതുകൊണ്ട് നിന്നെ ഇവിടെ താമസിപ്പിക്കില്ല എന്നു ഞാന്‍ നിലപാട് എടുത്തിരുന്നെങ്കില്‍ നീയിന്നീ ഭൂമിയിലൊരുപക്ഷേ കാണുമായിരുന്നില്ല. മരിച്ചുചെല്ലുമ്പം ദൈവം എന്നോടു ചോദിക്കുന്നത് നീ എന്തുമാത്രം പേരെ മതത്തിലേക്കു ചേര്‍ത്തു എന്നല്ല, നീ എന്തുമാത്രം പേര്‍ക്കു കൈത്താങ്ങായി എന്നാണ്.''
''അച്ചന്‍ എനിക്കു കൈത്താങ്ങായി എന്നു മാത്രമല്ല, വഴികാട്ടിയുമായിരുന്നു. സഹിക്കാനും ക്ഷമിക്കാനും ജീവിക്കാനുമുള്ള കരുത്തു കിട്ടിയത് അച്ചന്റെ ഉപദേശത്തിലും സ്‌നേഹത്തിലും കരുതലിലുമായിരുന്നു. മരിച്ചുപോയ എന്റച്ഛന്‍ പുനര്‍ജനിച്ചപോലെയാണ് അച്ചനെ കണ്ടപ്പോള്‍ എനിക്കു തോന്നിയത്. മറക്കില്ല, ഇവിടുണ്ടായിരുന്ന കുറച്ചുകാലത്തെ ആ ജീവിതം.'' ഇന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
''ദൈവം രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.'' അച്ചന്‍ ഇരുവരുടെയും തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു.
''വാ... ചായ കുടിച്ചിട്ടു പോകാം.''
ഇരുവരെയും ഡൈനിങ് റൂമില്‍ കൊണ്ടുപോയി അച്ചന്‍ ചായയും പലഹാരങ്ങളും എടുത്തുകൊടുത്തു. ചായ കുടിച്ചു കൈകഴുകുന്നതിനിടയില്‍ അച്ചന്‍ പറഞ്ഞു:
''നീ ഇന്നു ചെല്ലുമെന്നറിഞ്ഞ് ചില്‍ഡ്രന്‍സ് ഹോമിലെ പിള്ളേരെല്ലാം വല്യ സന്തോഷത്തിലാ. കല്യാണത്തിനുവന്നപ്പം കൈനിറയെ സമ്മാനങ്ങളും കൊടുത്തല്ലേ നീ അവരെ പറഞ്ഞയച്ചത്. വല്യ സന്തോഷമായി അവര്‍ക്ക്. ജീവിതത്തിലാദ്യായിട്ടല്ലേ ഇത്രേം വലിയൊരു കല്യാണം അവരു കൂടുന്നത്.
''എന്റെ മക്കളെപ്പോലെയായിരുന്നു അച്ചോ ഞാനവരെ സ്‌നേഹിച്ചിരുന്നത്.''
''ഇടയ്ക്കിടെ അവരെ വന്നു കാണണം കേട്ടോ.''
''തീര്‍ച്ചയായും.''
പിരിയാന്‍നേരം അഭിഷേക്  ഒരു ചെക്ക് ലീഫ് അച്ചനു നീട്ടിക്കൊണ്ടു പറഞ്ഞു:
''ഞങ്ങളുടെ ഒരു സന്തോഷത്തിന് ഇതിരിക്കട്ടെ അച്ചാ. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കണം. ഇഷ്ടപ്പെട്ട യാത്രയ്ക്കു കൊണ്ടുപോകണം. അച്ഛനും അമ്മയും ആരെന്നറിയാത്ത കുട്ടികളല്ലേ. അവര്‍ക്കൊന്നിനും ഒരു കുറവുണ്ടാകരുത്. കാശിന് ആവശ്യം വന്നാല്‍ എന്നെ വിളിക്കാന്‍ മറക്കണ്ട.'' 
മണപ്പള്ളിയച്ചന്‍ ചെക്ക് വാങ്ങി നോക്കി. ഒരു ലക്ഷം രൂപ. അഭിഷേകിനെ ചേര്‍ത്തുപിടിച്ച് അച്ചന്‍ പറഞ്ഞു:
''ഈ നല്ല മനസ്സിന് ദൈവം നിനക്കു പ്രതിഫലം തരട്ടെ. കര്‍ത്താവ് മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.''
അച്ചന്‍ അലമാരയില്‍നിന്ന് ഒരു കൊന്ത എടുത്ത് ഇന്ദുവിനു നീട്ടിക്കൊണ്ടു പറഞ്ഞു:
''മനസ്സിന് എപ്പഴെങ്കിലും പ്രയാസം തോന്നുന്ന ഒരു ഘട്ടം വന്നാല്‍ കൊന്ത ചൊല്ലി മാതാവിനോടു പ്രാര്‍ഥിക്കുക. നിനക്കറിയാല്ലോ കൊന്തചൊല്ലി പ്രാര്‍ഥിക്കുന്നതെങ്ങനാന്ന്.''
''അറിയാം അച്ചോ. ഞാനിവിടെ എന്നും ചൊല്ലാറുണ്ടായിരുന്നതല്ലേ.''
രണ്ടു കൈയും നീട്ടി അവള്‍ കൊന്ത വാങ്ങി. അച്ചനോടു യാത്ര പറഞ്ഞു നേരേ ചില്‍ഡ്രന്‍സ് ഹോമിലേക്കു പോയി ഇരുവരും. ഓര്‍ഫനേജിന്റെ ചുമതലയുള്ള സിസ്റ്റര്‍ ഗ്രേസ് മരിയ അവരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. മറ്റു സിസ്റ്റേഴ്‌സും ഓടിയെത്തി സ്‌നേഹം പങ്കുവച്ചു.
''കുട്ടികള്‍ എന്നും ചോദിക്കും ഇന്ദുവാന്റി എന്നാ വരുന്നേ, ഇന്ദുവാന്റി എന്നാ വരുന്നേന്ന്. കല്യാണത്തിന് കൈ നിറയെ സമ്മാനങ്ങള്‍ കിട്ടിയപ്പോള്‍ വല്യസന്തോഷമായി അവര്‍ക്ക്.'' ഗ്രേസ് മരിയ സിസ്റ്റര്‍ പറഞ്ഞു. 
''അച്ചന്‍ പറഞ്ഞിരുന്നു.''
''കുഞ്ഞുങ്ങളെ വിളിച്ചേ. ഞാനൊന്നു കാണട്ടെ എല്ലാവരേം.'' അഭിഷേക് പറഞ്ഞു.
സിസ്റ്റര്‍ അനുപ്രിയ പോയി കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു. ഇന്ദുവിനെ കണ്ടതും ഓടിവന്ന് അവര്‍ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്തു. ചിഞ്ചുമോള്‍ സ്വാതന്ത്ര്യത്തോടെ മടിയില്‍ കയറിയിരുന്നു. ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുത്തിട്ട് ഇന്ദു വിശേഷങ്ങള്‍ തിരക്കി.
അഭിഷേക് പോയി കാറില്‍നിന്ന് സമ്മാനപ്പെട്ടി എടുത്തുകൊണ്ടുവന്നു. കുട്ടികളുടെ മുമ്പില്‍വച്ചുതന്നെ അതു തുറന്ന് ഓരോരുത്തരെയും വിളിച്ച് കൈനിറയെ മിഠായികളും കളിപ്പാട്ടവും കൊടുത്തു. എല്ലാവര്‍ക്കും വലിയ സന്തോഷം. നിറഞ്ഞ 16മനസ്സോടെ സിസ്റ്റര്‍മാര്‍ അതു നോക്കിനിന്നു.
കുട്ടികളോടൊപ്പമിരുന്ന് ചായയും പലഹാരങ്ങളും കഴിച്ചിട്ടാണ് ഇന്ദുവും അഭിഷേകും യാത്ര പറഞ്ഞു പിരിഞ്ഞത്. കാര്‍ ഓടുമ്പോള്‍ ഇന്ദു പറഞ്ഞു:
''അച്ഛനും അമ്മയുമില്ലാത്ത കുഞ്ഞുങ്ങളല്ലേ. ദൈവത്തിന്റെ മുഖം കാണണമെങ്കില്‍ ആ കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കണം. ഇടയ്ക്കിടെ ഇനീം നമുക്കിവിടെ വരണം കേട്ടോ അഭിയേട്ടാ.''''തീര്‍ച്ചയായും.''
കാര്‍ നേരേ പോയത് ഇന്ദുവിന്റെ സ്വന്തം വീടായ വടക്കേപ്പാട്ട് ഇല്ലത്തേക്കാണ്. അവിടെ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. അനിയത്തിമാര്‍ അത്താഴമൊരുക്കി കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചിട്ട് വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. അനിയത്തിമാര്‍ക്കായി കൊണ്ടുവന്ന ഡ്രസുകള്‍ അവള്‍ വീതം വച്ചു.
''മോളു നന്നായിട്ടു പഠിക്കുന്നുണ്ടോ?''
പാര്‍വ്വതിയെ ചേര്‍ത്തുപിടിച്ച് ഇന്ദു ചോദിച്ചു. 
''ഉം.''
''നന്നായി പഠിച്ച് ഒരു ജോലി നേടണം. പഠിക്കാന്‍ എത്ര കാശുവേണേലും ചേച്ചി തരാം. കേട്ടോ.''
''ഉം.''
വിശേഷങ്ങള്‍ പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി പന്ത്രണ്ടര. ഇന്ദുവിന് ഉറക്കം വന്നില്ല. അച്ഛനും അമ്മയും കണ്‍മുന്നില്‍ നില്‍ക്കുന്നതുപോലൊരു തോന്നല്‍. എത്ര സ്‌നേഹത്തോടെയായിരുന്നു അച്ഛനും അമ്മയും അഞ്ചു മക്കളെ ചേര്‍ത്തുപിടിച്ചിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ട് അറിയിക്കാതെ വളര്‍ത്തിപ്പഠിപ്പിച്ചു വലുതാക്കി. ഒടുവില്‍ തിരിച്ചുകൊടുക്കാന്‍ തന്റെ കൈയിലുണ്ടായിരുന്നത് കുറെ കണ്ണീരുമാത്രം. മക്കളുടെ സന്തോഷം കാണാന്‍ ഭാഗ്യമില്ലാതെ രണ്ടുപേരും പോയല്ലോ. ഇന്ദു അറിയാതെ ഏങ്ങലടിച്ചു. അഭിഷേക് കിടന്നതേ ഉറക്കം പിടിച്ചിരുന്നു. 
രാവിലെ ഇന്ദു എണീറ്റു വന്നപ്പോഴേക്കും സീതാലക്ഷ്മിയും ശ്രീക്കുട്ടിയുംകൂടി അടുക്കളയില്‍ ജോലി തുടങ്ങിയിരുന്നു. ഇന്ദുവും സഹായിക്കാന്‍ കൂടി. 
അപ്പവും വെജിറ്റബിള്‍ കറിയുമായിരുന്നു ബ്രേക്ക് ഫാസ്റ്റിന്. ഭക്ഷണം കഴിച്ചിട്ട് അവര്‍ വാസുദേവന്‍ അങ്കിളിന്റെ വീട്ടില്‍പോയി. മടങ്ങിവരുംവഴി പരിചയക്കാരെയും കൂട്ടുകാരെയും കണ്ടു കുശലം പറഞ്ഞു. മുമ്പു തന്നെപ്പറ്റി അപവാദം പറഞ്ഞുനടന്നവര്‍ക്ക് ഇപ്പോള്‍ എന്തൊരു സ്‌നേഹവും ബഹുമാനവുമെന്ന് അവള്‍ ഓര്‍ത്തു. പണമുണ്ടായപ്പോള്‍, പടിയിറങ്ങിപ്പോയ സ്‌നേഹവും ബഹുമാനവും തിരിച്ചുവന്നിരിക്കുന്നു. ഇന്ദു വന്നിട്ടുണ്ടെന്നറിഞ്ഞ് അയലത്തെ പാവങ്ങള്‍ സഹായത്തിനായി ഓടിയെത്തി. ആരെയും നിരാശരാക്കിയില്ല അവള്‍.
ഊണുകഴിഞ്ഞു മടങ്ങാനായി ഇന്ദു വേഷം മാറി. മുടി ചീകി പൗഡറിട്ടു സ്വീകരണമുറിയിലേക്കു വന്നപ്പോഴേക്കും അഭിഷേക് പോകാന്‍ റെഡിയായി നില്പുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്കു മുമ്പില്‍ കൈകൂപ്പി നിന്ന് ഇന്ദു യാത്ര ചോദിച്ചു. 
കാറിലേക്കു കയറുന്നതിനു മുമ്പ് സീതാലക്ഷ്മിയെ അടുത്തേക്കു വിളിച്ചു പറഞ്ഞു:
''നിന്റെ കല്യാണത്തിന് ഇനി വൈകണ്ട. മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കല്യാണത്തിനുമുമ്പ് ഈ വീടൊന്ന് അറ്റകുറ്റപ്പണി നടത്തണം. ഞാന്‍ അഭിയേട്ടനോടു പറഞ്ഞിട്ടുണ്ട്. തിരക്കു കഴിയുമ്പം ഞങ്ങളു വരാമേ.''
''ഉം. സീത തലകുലുക്കി.
''അനിയത്തിമാരെ നോക്കിക്കോണം. വീടു നിന്നെ ഏല്പിച്ചിട്ടു ഞാന്‍ പോക്വാ. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാന്‍ മടിക്കരുതേ. കാശു സൂക്ഷിച്ചൊക്കെ ചെലവാക്കണം. ആര്‍ഭാടമൊന്നും വേണ്ടാട്ടോ.''
''ഉം.''
കാറു മുമ്പോട്ടോടുമ്പോള്‍ സീതയും അനിയത്തിമാരും നോക്കിനില്പുണ്ടായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ തങ്ങളുടെ ചേച്ചിയെ തിരിച്ചുതന്നതിന് അവര്‍ ഈശ്വരനോടു നന്ദി പറഞ്ഞു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)