ഉല്ലാസയാത്ര മരണയാത്രയായി കലാശിച്ചു. താനൂര്‍ ബോട്ടപകടത്തില്‍ പൊലിഞ്ഞത് 22 പേരുടെ ജീവന്‍. താനൂരിലേത് ആദ്യത്തേതോ അവസാനത്തേതോ അല്ല. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലന ബോട്ടുദുരന്തംമുതല്‍ പതിനൊന്ന് അപകടങ്ങളില്‍ 200 ലധികം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.
പല്ലന അപകടത്തില്‍ 15 പേര്‍ മരിച്ചു. അത് 1924 ലായിരുന്നു. മറ്റു പ്രധാന ബോട്ട് അപകടങ്ങള്‍ ഇപ്രകാരമായിരുന്നു. കൊച്ചി - കണ്ണമാലി 30 മരണം (1980), കുമരകം 29 (2002), തട്ടേക്കാട് 18 (2007), തേക്കടി 45 (2009). എല്ലാ ദുരന്തങ്ങളും ആഘോഷിക്കപ്പെട്ടു. സര്‍ക്കാരും അന്വേഷണ ഏജന്‍സികളും രംഗത്തുവന്നു. മനുഷ്യാവകാശകമ്മീഷന്‍വരെ സജീവമായി. താനൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിപ്പടതന്നെ എത്തി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണങ്ങള്‍ പലതു നടന്നിട്ടും സുരക്ഷാസംവിധാനങ്ങള്‍ ഒരു ഘട്ടത്തിലും മെച്ചപ്പെട്ടില്ല. ജനരോഷം ശമിപ്പിക്കാനുള്ള മാര്‍ഗം മാത്രമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളെന്ന് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം.
മനുഷ്യനു യാത്രചെയ്യാതെ ജീവിക്കാനാവുകയില്ല. യാത്ര അത്യാവശ്യത്തിനാണോ ഉല്ലാസത്തിനാണോ എന്ന ചോദ്യം പ്രസക്തമല്ല. മനുഷ്യന്റെ ആകാശയാത്രയും കരയിലെ യാത്രയും വെള്ളത്തിലെ യാത്രയും സുരക്ഷിതമായിരിക്കണം. സുരക്ഷാപരിശോധന നടത്തി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അധികാരവും ഉത്തരവാദിത്വവും സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ക്കാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ലെന്ന് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നതാണ് ജനങ്ങളെ അലട്ടുന്ന പ്രശ്‌നം.
ആകാശയാത്രയ്ക്ക് കര്‍ശനമായ പരിശോധനകളും ചിട്ടവട്ടങ്ങളുമുണ്ട്. വിമാനങ്ങളുടെ പരിശോധനയും പൈലറ്റുമാരുടെ ആരോഗ്യപരിശോധനയും കൃത്യമായി നടക്കുന്നു. യാത്രക്കാരുടെ സുരക്ഷാപരിശോധനയ്ക്കും അയവില്ല. കരയാത്രയ്ക്കും അത്യാവശ്യപരിശോധനകളുണ്ട്. വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടതുണ്ട്. അതു പുറംവാതിലിലൂടെ നേടുന്നവരെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന കാര്യം മറക്കുന്നില്ല. അലക്ഷ്യമായി വാഹനമോടിച്ചാല്‍ പിടിവീഴും. മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴകിട്ടും. സീറ്റുബെല്‍റ്റ് ധരിക്കാതെയും ഹെല്‍മെറ്റ് വയ്ക്കാതെയും യാത്ര ചെയ്താല്‍ പൊലീസ് പിടിക്കാം. എന്നാല്‍, ജലഗതാഗതത്തില്‍ സുരക്ഷയ്ക്ക് എന്തുവിലയാണ് കല്പിക്കുന്നത്? യാത്രക്കാര്‍ നീന്തല്‍ അറിയുന്നവരാകണമെന്നില്ല. യാത്രയ്ക്കിടയില്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നാണു നിയമം. ഏതു ജലവാഹനത്തിലാണ് നിയമംപാലിച്ചു യാത്ര ചെയ്യുന്നത്?
ബോട്ടിന്റെ നിര്‍മാണത്തിലെ സാങ്കേതികമികവ് സുരക്ഷിതത്വം വര്‍ധിപ്പിക്കും. താനൂരില്‍ അപകടത്തില്‍പ്പെട്ടത് യാത്രയ്ക്കുവേണ്ടി രൂപകല്പന ചെയ്ത ബോട്ടായിരുന്നില്ല. 15 മത്സ്യത്തൊഴിലാളികള്‍ക്കു തീരത്തോടു ചേര്‍ന്ന് മത്സ്യബന്ധനം നടത്താവുന്ന ഫൈബര്‍ ബോട്ടായിരുന്നു. അത് രൂപമാറ്റം വരുത്തിയാണ് ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചത്. ബോട്ടിന്റെ ബലവും സുരക്ഷാസന്നാഹങ്ങളും എത്രത്തോളമെന്ന് അതിന്റെ വിലയില്‍നിന്നു ബോധ്യപ്പെടും. 20000 രൂപയ്ക്കാണ് ഫൈബര്‍ ബോട്ടുവാങ്ങിയത്. രൂപമാറ്റം വരുത്താന്‍ കൂടുതല്‍ തുക മുടക്കിയിട്ടുണ്ടാകും. അതു ബോട്ടിനെ മോടിപിടിപ്പിക്കുന്നതിനേ ഉപകരിക്കൂ. ബലത്തിനോ സുരക്ഷയ്‌ക്കോ അതു സഹായിക്കില്ല.
ബോട്ടിന് ആവശ്യമായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതു ബോട്ടുടമയുടെമാത്രം വീഴ്ചയല്ല. അനധികൃതമായി ബോട്ട് വെള്ളത്തിലിറക്കാന്‍ അനുവദിച്ച വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പിഴവാണ്. കൈമടക്കും കൈക്കൂലിയും അഴിമതിയും കാന്‍സര്‍പോലെ വ്യാപിച്ചിരിക്കുന്നു. പണത്തിനുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം അപകടങ്ങള്‍ വിലയ്ക്കു വാങ്ങുന്നവരത്രേ.
ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലെന്ന ആക്ഷേപത്തിനു പരിഹാരമുണ്ടാക്കണം. വി.ഐ.പികളുടെ സുരക്ഷയ്ക്കു നൂറുകണക്കിനു പൊലീസുദ്യോഗസ്ഥരുണ്ട്. കുറേപ്പേരെ മനുഷ്യോപകാരപ്രദമായ സേവനമേഖലകളിലേക്കു പുനര്‍വിന്യസിക്കണം. കൈക്കൂലിക്കാരും അഴിമതിവീരന്മാരുമായ പൊലീസുകാരെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥമേലാളന്മാരുടെയും സുരക്ഷയ്ക്കും വീട്ടുജോലികള്‍ക്കുമായി നിശ്ചയിച്ചാല്‍ സത്യസന്ധരായ നല്ല പൊലീസുദ്യോഗസ്ഥര്‍ യാത്രാപരിശോധനകള്‍ കൃത്യമായി നിര്‍വഹിച്ച് അപകടങ്ങളുടെ നിരക്കു കുറയ്ക്കും.