•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചു പെണ്‍മക്കളില്‍ മൂത്ത മകളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ  പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍പോയിരുന്ന അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു അനാഥമന്ദിരത്തില്‍ അവിടുത്തെ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്നു വിവരം കിട്ടി.  അഭിഷേക് ഇന്ദവിനെ പോയി കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍ നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ വിളിച്ചുവരുത്തി കരഞ്ഞു മാപ്പുചോദിച്ചു. ഇന്ദു ക്ഷമിക്കുകയും പരിക്കു ഭേദമായി ആനന്ദന്‍ എണീറ്റു നടക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാമെന്ന് പറഞ്ഞിട്ടു തിരിച്ചു പോയി. വൈകാതെ ആനന്ദന് എണീറ്റുനടക്കാമെന്ന സ്ഥിതിയായി. അഭിഷേകിന്റെ ഭാര്യയായി തന്റെ വീട്ടില്‍ ഇനി കഴിഞ്ഞുകൂടേ എന്ന ആനന്ദന്റെ അഭ്യര്‍ഥന ഇന്ദു നിരസിച്ചു. ഓര്‍ഫനേജിന്റെ ചുമതലയുള്ള ജോസഫ് മണപ്പള്ളിയച്ചനെ ഫോണില്‍ വിളിച്ച് ആനന്ദന്‍ തന്റെ ആഗ്രഹം പറഞ്ഞു. അച്ചന്റെ ഉപദേശപ്രകാരം ഇന്ദു അഭിഷേകിനെ വിവാഹം കഴിക്കാമെന്നു വാക്കുകൊടുത്തു. (തുടര്‍ന്നു വായിക്കുക)
 
ഭിഷേക് ഇന്ദുവിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത  വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ സംസാരവിഷയമായി. അധ്യാപകര്‍ക്കെല്ലാം അതൊരതിശയമായിരുന്നു. ആനന്ദന്‍ അതിനു സമ്മതിച്ചോ എന്നായിരുന്നു സ്‌നേഹലതയ്ക്കു സംശയം.  
''അച്ഛനെ ധിക്കരിച്ചെടുത്ത തീരുമാനമായിരിക്കും. ഹോട്ടല്‍ മുറീന്നു പൊലീസ് പിടിച്ച ഒരു പെണ്ണിനെ ഏതെങ്കിലും അച്ഛന്‍ മകന്റെ ഭാര്യയാക്കാന്‍ സമ്മതിക്കുമോ?'' സ്‌നേഹലത രാജി റ്റീച്ചറോടു പറഞ്ഞു.
''ഏയ്... ആനന്ദന്‍സാറിനായിരുന്നു നിര്‍ബന്ധമെന്നാ കേട്ടത്. പഴയ ആനന്ദനല്ല ഇപ്പം. അപകടം കഴിഞ്ഞപ്പം ആളാകെ മാറി.''
''അവളിവിടെ വന്ന് ഇനി നമ്മളെയെല്ലാം ഭരിക്കുമല്ലോന്നോര്‍ക്കുമ്പഴാ ഒരു വിഷമം.'' സതിറ്റീച്ചര്‍ പറഞ്ഞു.
''ആനന്ദന്‍സാര്‍ ഉള്ളിടത്തോളം കാലം എന്നെ ഭരിക്കാന്‍ അവള്‍ വരില്ല.''  സ്‌നേഹലത പറഞ്ഞു. 
''കാത്തിരുന്നു കാണാം.'' 
രാജിറ്റീച്ചര്‍ അതു പറഞ്ഞിട്ട് അവിടെനിന്ന് എണീറ്റുപോയി. 
സ്‌നേഹലതയ്ക്ക് ഉള്ളില്‍ ചെറിയൊരു ഭയം കൂടുകെട്ടി. സതിറ്റീച്ചര്‍ പറഞ്ഞതുപോലെ സ്‌കൂളിന്റെ ഭരണം ഇനി ഇന്ദു ഏറ്റെടുക്കുമോ? 
രാത്രി സ്‌നേഹലത ആനന്ദനെ ഫോണില്‍ വിളിച്ചു.
''സാര്‍, അഭിഷേകും ഇന്ദുലേഖയും തമ്മില്‍ കല്യാണം നിശ്ചയിച്ചൂന്ന് സ്‌കൂളില്‍ ഒരു സംസാരം. നേരാണോ?''
''നേരാണല്ലോ?''
''സാറ് അതിനു സമ്മതിച്ചോ?''
''എന്തേ സമ്മതിച്ചൂടേ?'' 
''അല്ല... അതല്ല...'' സ്‌നേഹലത തപ്പിത്തടഞ്ഞു. 
''ഏതല്ല? അഭിഷേകും ഇന്ദുവും തമ്മില്‍ വിവാഹം ഉറപ്പിച്ചു എന്നു മാത്രമല്ല, വിവാഹം കഴിഞ്ഞാല്‍ സ്‌കൂളിന്റെ മാനേജര്‍ ഇന്ദുവായിരിക്കും. മനസ്സിലായോ?''
''ഉം.''
''വേറെന്തെങ്കിലും പറയാനുണ്ടോ?''
''ഇല്ല.''
''എന്നാ വച്ചിട്ട് നീ നിന്റെ ജോലിക്കു പോ.'' ആനന്ദന്‍ ഫോണ്‍ കട്ട് ചെയ്തു.
ആനന്ദനില്‍നിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലായിരുന്നു. അവള്‍ ചമ്മി വിളറി. രാജി പറഞ്ഞതു ശരിയാണ്. ആനന്ദന്‍സാര്‍ ആകെ മാറിയിരിക്കുന്നു. ഇന്ദു സ്‌കൂളിന്റെ മാനേജരായി വന്ന് തന്നെ ഭരിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. അങ്ങനെ സംഭവിക്കുമെന്നു സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല. അവളുടെമുമ്പില്‍ കൈകൂപ്പി കുനിഞ്ഞു നില്‍ക്കണമല്ലോന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. പ്രതികാരം ചെയ്യുമോ അവള്‍ തന്നോട്?
          *      *   *
അഭിഷേകും ഇന്ദുലേഖയും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു. 
വിവാഹത്തിലും തുടര്‍ന്നുള്ള സ്വീകരണസല്‍ക്കാരത്തിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായപ്രമുഖര്‍, ചലച്ചിത്രതാരങ്ങള്‍, സാംസ്‌കാരികനായകന്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ള പ്രശസ്തരും അപ്രശസ്തരുമായ ആളുകളെ ആനന്ദന്‍ വിവാഹത്തിനു ക്ഷണിച്ചിരുന്നു. വന്നവര്‍ സദ്യയുണ്ട് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന്, ഫോട്ടോയെടുത്തു മടങ്ങി. വരാത്തവര്‍ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. സ്‌കൂളില്‍നിന്ന് സ്‌നേഹലത റ്റീച്ചര്‍ ഒഴികെ എല്ലാവരും എത്തി. 
ഇന്ദുലേഖയുടെ അനിയത്തിമാര്‍ ഏറെ സന്തോഷത്തിലായിരുന്നു. തങ്ങളുടെ ചേച്ചിക്കു സ്വപ്നം കാണാന്‍പോലും പറ്റാത്തത്ര നല്ലൊരു ബന്ധം കിട്ടിയല്ലോ എന്ന സന്തോഷം. പണത്തെക്കാളുപരി സ്‌നേഹസമ്പന്നനായ ഒരാളെ ഭര്‍ത്താവായി കിട്ടിയല്ലോ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അതല്ലേ.
വിവാഹസമയത്ത് വധുവിന്റെ ഏറ്റവും അടുത്ത ബന്ധുവായി ഓടിനടന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജോസഫ് മണപ്പള്ളി യച്ചനായിരുന്നു. വൈദികവേഷത്തില്‍ത്തന്നെ അച്ചന്‍ ഓടി നടന്ന് ഓരോന്നു ചെയ്യുന്നതുകണ്ടപ്പോള്‍ ആളുകള്‍ക്ക് അതിശയമായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി ചൂണ്ടിക്കാട്ടി ചാനലുകാര്‍ അതു വാര്‍ത്തയാക്കുകയും ചെയ്തു.
തിരുവല്ലയില്‍നിന്ന് ചാണ്ടിക്കുഞ്ഞും ത്രേസ്യാമ്മയും കല്യാണത്തിനു പങ്കെടുക്കാനെത്തി. ഇന്ദുലേഖയും അഭിഷേകും നേരിട്ടുപോയി ക്ഷണിക്കുകയായിരുന്നു. ത്രേസ്യാമ്മച്ചി ഇന്ദുവിനെ ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുത്തിട്ട് അഭിഷേകിനോടു പറഞ്ഞു: 
''കാര്യം ഇവളോട് ഞാന്‍ ഒത്തിരി വഴക്കുപറഞ്ഞിട്ടുണ്ടെങ്കിലും ഒരു മകളെപ്പോലെയായിരുന്നു ഇവളെനിക്ക്.''
അഭിഷേക് ചിരിച്ചതേയുള്ളൂ. കല്ലുവച്ച നുണ പറയുന്നതുകേട്ടപ്പോള്‍ ഇന്ദുവിനും ഉള്ളില്‍ ചിരിപൊട്ടി.
''രണ്ടുപേരുംകൂടി ഒരു ദിവസം വീട്ടിലേക്കു വരണം ട്ടോ. വിളിച്ചിട്ടു വരണേ.'' ചാണ്ടിക്കുഞ്ഞ് ഇരുവരോടുമായി പറഞ്ഞു. അഭിഷേക് തലകുലുക്കി.
സെന്റ് മേരീസ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് സിസ്റ്റര്‍മാരും ജോലിക്കാരും എത്തിയിട്ടുണ്ടായിരുന്നു കല്യാണത്തിന്. കുട്ടികള്‍ക്ക് ഒരുപാടു സന്തോഷമായി. അവരുടെ ജീവിതത്തിലാദ്യമായിരുന്നു ഇത്രയും വിഭവസമൃദ്ധമായ ഒരു വിരുന്നുണ്ണുന്നത്. കൈനിറയെ സമ്മാനങ്ങളും പലഹാരപ്പൊതിയും കൊടുത്താണ് അഭിഷേക് കുഞ്ഞുങ്ങളെ മടക്കി അയച്ചത്. 
ഓഡിറ്റോറിയത്തിലെ  തിരക്കൊഴിഞ്ഞപ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. നവദമ്പതികള്‍ അഭിഷേകിന്റെ പുതിയ കാറില്‍ വീട്ടിലേക്കു തിരിച്ചു. മണപ്പള്ളിയച്ചനും അനിയത്തിമാരും അച്ചന്റെ കാറില്‍ അനുഗമിച്ചു. 
പുതുമണവാളനെയും മണവാട്ടിയെയും ശ്രീദേവി ആരതി ഉഴിഞ്ഞ് സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. മണപ്പള്ളി യച്ചനും ആനന്ദനും ബന്ധുക്കളും സ്വീകരണമുറിയില്‍ വര്‍ത്താനം പറഞ്ഞിരുന്നു. പോകാന്‍ നേരമായപ്പോള്‍ മണപ്പള്ളിയച്ചന്‍ എണീറ്റു ആനന്ദന് ഷേക്ഹാന്‍ഡ് കൊടുത്തുകൊണ്ടു പറഞ്ഞു:
''എന്റെ മകളാ. ആനന്ദന്റെ ആഗ്രഹം മാനിച്ച് അങ്ങോട്ട് ഏല്പിക്കുവാ. പൊന്നുപോലെ നോക്കിക്കോണം. ഇനി ആ കണ്ണുകള്‍ നിറയാന്‍ പാടില്ല. ഓര്‍ഫനേജില്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുട്ടിയാ. കുഞ്ഞുങ്ങളെ വിട്ടുപോരാന്‍ അവള്‍ക്കു മടിയായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചിട്ടാ. അവളെ മാത്രമല്ല ആ കുടുംബത്തെ മുഴുവന്‍ നോക്കിക്കോണം.''
''തീര്‍ച്ചയായും.''
അച്ചന്‍ അഭിഷേകിന്റെ നേരേ തിരിഞ്ഞിട്ടു പറഞ്ഞു:
''നിന്നോടു പ്രത്യേകിച്ചൊന്നും പറയേണ്ടെന്നെനിക്കറിയാം. നിന്നെക്കുറിച്ചുള്ള ഒരു ചിത്രം അവള്‍ നേരത്തേതന്നെ എനിക്കു തന്നിട്ടുണ്ട്. ഒന്നേ ഓര്‍മിപ്പിക്കാനുള്ളൂ. കല്യാണത്തിനു മുമ്പുണ്ടായിരുന്ന ആ സ്‌നേഹത്തിന്റെ അളവ് ഓരോ വര്‍ഷം കഴിയുന്തോറും കൂടുകയല്ലാതെ കുറയരുത്.''
അഭിഷേക് ചിരിച്ചുകൊണ്ടു തലകുലുക്കി. അച്ചന്‍ ഇന്ദുവിന്റെ നേരേ തിരിഞ്ഞു:
''കഴിഞ്ഞുപോയതൊന്നും മനസ്സില്‍ ഇട്ടോണ്ടു നടക്കരുത് കേട്ടോ മോളേ. ഇന്നുമുതല്‍ നീ പുതിയൊരു മനുഷ്യനാ. സ്വന്തം അച്ഛനെ സ്‌നേഹിച്ചതുപോലെ  ആനന്ദനെ സ്‌നേഹിച്ചോണം. അനുസരണയുള്ള ഒരു ഭാര്യയായി അഭിഷേകിനെ ബിസിനസ് കാര്യങ്ങളിലൊക്കെ സഹായിച്ച് മുമ്പോട്ടു പൊയ്‌ക്കോണം. ശ്രീദേവിയെ സ്വന്തം അമ്മയുടെ സ്ഥാനത്തു കണ്ട് സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്‌തോണം. ഇതൊന്നും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലെന്നെനിക്കറിയാം. എന്നാലും ഒന്നോര്‍മിപ്പിച്ചെന്നേയുള്ളൂ.''
''ഉം.'' ഇന്ദു ചിരിച്ചുകൊണ്ടു തലയാട്ടി.
 ഇന്ദുവിന്റെ അനിയത്തിമാരെ അടുത്തു വിളിച്ചിട്ട് അച്ചന്‍ പറഞ്ഞു:
''മരിച്ചുപോയെന്നു കരുതിയ നിങ്ങളുടെ ചേച്ചിയെ ഞാനങ്ങു തിരിച്ചുതരുകാ. പണ്ടു ചേച്ചി നിങ്ങളെ സ്‌നേഹിച്ചിരുന്നതുപോലെതന്നെ ഇനിയും സ്‌നേഹിക്കും കേട്ടോ. ചേച്ചി മാത്രമല്ല, ഇനി സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കൊരു സഹോദരനെക്കൂടി കിട്ടിയിരിക്കയാണ്. നിങ്ങളുടെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവയ്ക്കാന്‍ ഒരു നല്ല മനുഷ്യനെ ദൈവം തന്നു എന്നു കരുതിയാല്‍ മതി.''
അവര്‍ തലകുലുക്കി.
എല്ലാവരോടും യാത്ര പറഞ്ഞിട്ട് മണപ്പള്ളിയച്ചന്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി ഓടിച്ചുപോയി. 
കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന ക്ഷണിതാക്കള്‍ പലരും രാത്രിയില്‍ വീട്ടില്‍വന്നു ഭക്ഷണം കഴിച്ചു നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു മടങ്ങി. തിരക്കൊഴിഞ്ഞപ്പോഴേക്കും രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു.
ഒന്നാംനിലയിലെ മണിയറയിലേക്കു പ്രവേശിക്കുമ്പോള്‍ മണി പതിനൊന്നര. അഭിഷേകിന്റെ ദേഹത്തോട് ഒട്ടി, കൈകള്‍ ചുറ്റി ചേര്‍ത്തു പിടിച്ചു കിടക്കുമ്പോള്‍ ഇന്ദു ഓര്‍ത്തു. താന്‍  ഭാഗ്യവതിയാണ്. സ്‌നേഹസമ്പന്നനായ  ഒരാളെ ഭര്‍ത്താവായി കിട്ടിയല്ലോ. തന്നെ സംരക്ഷിക്കാന്‍ ഒരാളുണ്ടായല്ലോ. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി നല്ലൊരു ഭാര്യയായി ജീവിക്കാനുള്ള അനുഗ്രഹം തരണേ ദൈവമേ എന്നവള്‍ പ്രാര്‍ഥിച്ചു.
പുലര്‍ച്ചെ എണീറ്റുപോയി കുളിച്ചു. കുളി കഴിഞ്ഞു വന്നപ്പോഴും അഭിഷേക് നല്ല ഉറക്കം. ഉറങ്ങട്ടെ. രാത്രി വൈകിയല്ലേ ഉറങ്ങിയത്. വാതില്‍ തുറന്ന് പടികളിറങ്ങി താഴേക്കുചെന്നു. ശ്രീദേവി അടുക്കളയില്‍ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഇന്ദുവും സഹായിക്കാന്‍ കൂടി.
ആവി പറക്കുന്ന ചായയുമായി കിടപ്പുമുറിയില്‍ വന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. തലയില്‍നിന്ന് പുതപ്പുമാറ്റിയിട്ട് അഭിഷേക് ക്ലോക്കിലേക്ക് നോക്കി. മണി ഏഴര.
അഴിഞ്ഞുപോയ ലുങ്കി എടുത്തുടുത്തിട്ട് എണീറ്റ് വാഷ് ബേസിനില്‍ പോയി വായും മുഖവും കഴുകി. 
തിരികെവന്ന് ചൂടുചായ ഊതിക്കുടിക്കുന്നതിനിടയില്‍ അഭിഷേക് പറഞ്ഞു:
''രണ്ടു മൂന്നു ബന്ധുവീടുകളുണ്ട് ഇന്നു സന്ദര്‍ശിക്കാന്‍. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു പുറപ്പെടണം. റെഡിയല്ലേ?''
''ഞാനെപ്പഴേ റെഡി.''
ചായ കുടിച്ചു കഴിഞ്ഞ് അഭിഷേക് കുളിക്കാനായി ബാത്‌റൂമില്‍ കയറിയപ്പോള്‍ ഇന്ദു താഴേക്കു പോയി. ശ്രീദേവിയോടൊപ്പം അടുക്കളയില്‍ ബ്രേക്ക് ഫാസ്റ്റുണ്ടാക്കാന്‍ അവളും കൂടി.
ആനന്ദനും ശ്രീദേവിയും അഭിഷേകും ഇന്ദുവും അവളുടെ അനിയത്തിമാരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ഇഡ്ഡലിയും ചട്‌നിയും സാമ്പാറുമായിരുന്നു ബ്രേക്ക് ഫാസ്റ്റിന്. സാമ്പാറില്‍ മുക്കി ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കെ ആനന്ദന്‍  സീതാലക്ഷ്മിയെ നോക്കി പറഞ്ഞു:
''നിങ്ങളു നാലുപേരും തനിച്ച് അത്രയും ദൂരെ അവിടെ കഴിയുന്നതെന്തിനാ? ആ വീടും സ്ഥലവും വിറ്റ് ഇവിടൊരു വീടുവാങ്ങി താമസിച്ചാലെന്താ? ഞാന്‍ ആലോചിക്കട്ടെ?''
''ഞങ്ങടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണല്ലേ. അതു വിറ്റിട്ടു പോരാന്‍ മനസ്സ് അനുവദിക്കുന്നില്ല.'' 
''സീതയുടെ കല്യാണം നടത്താനുള്ള നടപടികള്‍ നോക്കാം അച്ഛാ. വീട്ടില്‍ നില്‍ക്കാന്‍  മനസ്സുള്ള ഒരാളിനെ കണ്ടെത്താം. അതാവുമ്പം തറവാട് നഷ്ടമാകുകയില്ല. അനിയത്തിമാരെ സംരക്ഷിക്കാന്‍ ഒരാളുമാകും.''
അഭിഷേകാണ് ആ അഭിപ്രായം പറഞ്ഞത്. ഇന്ദുവിനും അത് സ്വീകാര്യമായിരുന്നു. സീത എതിര്‍ത്തൊന്നും പറഞ്ഞില്ല.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് വേഷം മാറി അഭിഷേകും ഇന്ദുവും കാറില്‍ കയറി ബന്ധുവീട്ടിലേക്കു പുറപ്പെട്ടു. കാറിലിരിക്കുമ്പോള്‍ അഭിഷേക് പറഞ്ഞു:
''ഇനി ഈ ഡ്രൈവിങ്ങൊക്കെ ഒന്നു പഠിക്കണം കേട്ടോ. ഞാനില്ലാത്തപ്പം അത്യാവശ്യമായി എവിടെയെങ്കിലും പോണെന്നുവച്ചാല്‍ ഡ്രൈവറെ വിളിക്കണ്ടാല്ലോ. ഇപ്പഴത്തെ കാലത്ത് ഡ്രൈവിങ് അറിയില്ലാന്നു പറഞ്ഞാലും നാണക്കേടാ.''
''ശരിയാ. ഡ്രൈവിങ് പഠിക്കണം. തിരക്കൊന്നു കഴിഞ്ഞോട്ടെ അഭിയേട്ടാ. ഈട്ടിക്കലെ അഭിഷേകിന്റെ ഭാര്യയ്ക്ക് ഡ്രൈവിങ് അറിയില്ലെന്നു പറഞ്ഞാല്‍ അതിന്റെ നാണക്കേട് അഭിയേട്ടനു കൂടിയാണല്ലോ.'' അതു പറഞ്ഞിട്ട് അവള്‍ ചിരിച്ചു.
''ങ്ഹ... പിന്നെ സ്‌കൂളിലെ ചുമതല ഇനി ഏറ്റെടുക്കണം. അച്ഛന്‍ നേരത്തേതന്നെ  എന്നോടതു പറഞ്ഞതാ. നിനക്കൊരു വൈകാരികബന്ധം ഉണ്ടല്ലോ ആ സ്‌കൂളിനോട്.''
''ഞാനൊരു മാനേജരായി ആ സ്‌കൂളിലേക്കു ചെല്ലുന്നത് റ്റീച്ചര്‍മാര്‍ക്ക് ഇഷ്ടമാകുമോ?''
''ഇഷ്ടമാക്കണം. നിന്നെ വേദനിപ്പിക്കുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്ത റ്റീച്ചര്‍മാര്‍ നിന്റെമുമ്പില്‍ വണങ്ങി ഭവ്യതയോടെ നില്‍ക്കുന്നതു കാണുന്നത് ഒരു സന്തോഷമല്ലേ?''
''അങ്ങനെയുള്ള സന്തോഷമൊന്നും ഞാനാഗ്രഹിക്കുന്നില്ല അഭിയേട്ടാ. എനിക്കാരോടും ദേഷ്യവും വെറുപ്പുമൊന്നുമില്ല. എന്നെ ദ്രോഹിച്ചവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുത്തോട്ടെ. ഞാനായിട്ട് ഒന്നും ചോദിക്കാനോ പറയാനോ പോകുന്നില്ല. എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ! നല്ലൊരു ഭര്‍ത്താവിനെ ദൈവം തരികയും ചെയ്തു. ഇതിനിടയില്‍ നഷ്ടപ്പെട്ടുപോയത് എന്റെ അച്ഛനും അമ്മയും. അതു ദൈവത്തിന്റെ പദ്ധതിയാണെന്ന് ഞാനിപ്പം വിശ്വസിക്കുന്നു. സന്തോഷം മാത്രമുള്ള ഒരു ജീവിതം ദൈവം ആര്‍ക്കും കൊടുക്കില്ലല്ലോ.''
''ഈ നല്ല മനസ്സാണ് എന്നെയും നിന്നിലേക്ക് അടുപ്പിച്ചത്.'' അഭിഷേക് കാറിന്റെ സ്പീഡ് കൂട്ടി.
 
(തുടരും)                   
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)