കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍നിന്നു പോയിരുന്ന അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്നു വിവരം കിട്ടി. അഭിഷേക് പോയിക്കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍ നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ കണ്ടു മാപ്പുചോദിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഓര്‍ഫനേജിന്റെ ചുമതലക്കാരനായ ഫാ. ജോസഫ് മണപ്പള്ളിയുടെ നിര്‍ദേശം മാനിച്ച് ഇന്ദു ആശുപത്രിയില്‍ വന്ന് ആനന്ദനെ കണ്ടു. കണ്ണീരോടെ ആനന്ദന്‍ മാപ്പു ചോദിച്ചു. ഇന്ദു ക്ഷമിക്കുകയും ആനന്ദനുവേണ്ടി പ്രാര്‍ഥിക്കാമെന്നു വാക്കുകൊടുക്കുകയും ചെയ്തു. ഇനിയുള്ള ജീവിതം തന്റെ വീട്ടില്‍ ആയിക്കൂടെ എന്ന ആനന്ദന്റെ ചോദ്യത്തിന് ഓര്‍ഫനേജില്‍ താന്‍ സന്തോഷത്തോടെയാണു കഴിയുന്നതെന്ന മറുപടി നല്‍കി ഇന്ദു തിരിച്ചുപോയി. ആനന്ദന് എഴുന്നേറ്റു നടക്കാമെന്ന സ്ഥിതി വന്നതോടെ വീണ്ടും ഇന്ദു വീട്ടിലേക്കു വിളിച്ചു വരുത്തി. അഭിഷേകിന്റെ ഭാര്യയായി ഈ വീട്ടില്‍ കഴിഞ്ഞുകൂടേ എന്ന ആനന്ദന്റെ അഭ്യര്‍ഥിന ഇന്ദു നിരസിച്ചു. താന്‍ ഒരു സഹോദരനെപ്പോലെയാണ് ഇന്നോളം അഭിഷേകിനെ കണ്ടിട്ടുള്ളത് എന്നു പറഞ്ഞ് അവള്‍ മടങ്ങിപ്പോയി.
(തുടര്‍ന്നു വായിക്കുക)
അനിയത്തിമാരുടെ കണ്ണുനീരിനു മുമ്പില്‍ ഇന്ദു ഹൃദയവേദനയോടെ നോക്കിനിന്നു. പോകേണ്ടെന്നു വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയാണ് അവര്‍. പക്ഷേ, പോകാതിരിക്കാനാവില്ല. തന്റെ വീട് ഇപ്പോള്‍ സെന്റ് മേരീസ് ചില്‍ഡ്രന്‍സ് ഹോം ആണ്. തന്റെ രക്ഷിതാവ് ഇപ്പോള്‍ മണപ്പള്ളിയച്ചനാണ്. അവിടെനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹവും കരുതലും വേണ്ടെന്നുവച്ച് ഇവിടെ തങ്ങാന്‍ മനസ്സ് അനുവദിക്കുന്നില്ല.
''പോണം മോളേ. ഞാനില്ലെങ്കിലും നിങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ദൈവം ഒരാളെ കൊണ്ടുവന്നുതന്നിട്ടുണ്ടല്ലോ. ആ മനുഷ്യന്‍ നിങ്ങളെ നോക്കിക്കോളും.''
''ഞങ്ങളെ വേണ്ടെങ്കില്‍ ചേച്ചി പൊയ്‌ക്കോ.'' പാര്‍വതിയാണ് അതു പറഞ്ഞത്.
''വേണ്ടാത്തതുകൊണ്ടല്ല മോളേ. എന്റെ സാഹചര്യം അങ്ങനെയാണ്.'' പാര്‍വതിയെ ചേര്‍ത്തു നിര്‍ത്തി ഇന്ദു സ്‌നേഹത്തോടെ തലോടി.
''എന്തു സാഹചര്യം? ചേച്ചി കല്യാണം കഴിച്ചോ?'' സീത ചോദിച്ചു.
''ഇല്ല.''
''പിന്നെ?''
''അതിപ്പം പറഞ്ഞാല്‍ ശരിയാവില്ല. ഞാന്‍ ഇനിയും വരാം മക്കളേ. നിങ്ങളെയൊന്നും ഉപേക്ഷിക്കില്ല.''
''നിര്‍ബന്ധമാണെങ്കില്‍ പൊയ്‌ക്കോ.'' നന്ദിനി അനുമതി നല്‍കി. സീതയും ശ്രീക്കുട്ടിയും പിന്നീട് നിര്‍ബന്ധിച്ചില്ല.
''ഈ രാത്രി ഞങ്ങളോടൊപ്പം ഇവിടെ കഴിഞ്ഞിട്ട് രാവിലെ പോയാല്‍പ്പോരേ ചേച്ചീ?'' പാര്‍വതി പ്രതീക്ഷയോടെ നോക്കി.
''പോര മോളേ. ഞാനൊരു കാറിലാ വന്നത്. ഡ്രൈവര്‍ റോഡില്‍ വെയ്റ്റ് ചെയ്യുന്നുണ്ട്. ഉടനെ എനിക്കു മടങ്ങണം. ഇടയ്ക്ക് ഞാന്‍ വിളിക്കാം. പിന്നെ, എന്നെ കണ്ട കാര്യം ആരോടും പറയണ്ട. മരിച്ചുപോയീന്നുതന്നെ നാട്ടുകാരു കരുതിക്കോട്ടെ.''
അനിയത്തിമാര്‍ മിണ്ടിയില്ല. അവര്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ഇന്ദു ഓരോന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ നോക്കി. ആ ആശ്വാസവാക്കുകളൊന്നും അവരുടെ ഹൃദയത്തെ തണുപ്പിച്ചില്ല.
ഒരു മണിക്കൂര്‍ നേരത്തെ സ്‌നേഹം പങ്കുവയ്ക്കലിനു ശേഷം മടങ്ങാനായി ഇന്ദു എണീറ്റു. അനിയത്തിമാരെ നോക്കി കണ്ണീരോടെ യാത്ര ചോദിച്ചു. കാറിലേക്കു കയറുമ്പോള്‍ പാര്‍വതിയുടെ കരച്ചില്‍ ഉച്ചത്തിലായി. അത് അവളുടെ ഹൃദയത്തെ പൊള്ളിച്ചു. ഡ്രൈവറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത്. കൈവീശി റ്റാറ്റാ പറഞ്ഞിട്ട് പോകാം എന്ന് ഇന്ദു ഡ്രൈവര്‍ക്കു നിര്‍ദേശം കൊടുത്തു. വണ്ടി മെല്ലെ മുമ്പോട്ടുരുണ്ടു.
കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു:
''മാഡത്തിന്റെ അനിയത്തിമാരാണോ അവരെല്ലാം.''
''അതെ.''
''ആ കൊച്ചിന്റെ കരച്ചില്‍ കണ്ടപ്പോള്‍ സങ്കടം വന്നു.''
ഇന്ദു മിണ്ടിയില്ല.
''അവരു തനിച്ചാണോ അവിടെ താമസം?''
''അതേ.''
''ചുമ്മാതല്ല ആ കൊച്ചിന് അത്രയും വിഷമം വന്നത്.''
ഡ്രൈവറുടെ വാക്കുകള്‍ തന്റെ ഹൃദയത്തെ പൊള്ളിക്കുന്നുവെന്നു തോന്നിയപ്പോള്‍ സംസാരം നിറുത്താന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നൊന്നും മിണ്ടിയില്ല. താമസസ്ഥലത്തു മടങ്ങിയെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിന്റെ മുറ്റത്ത് ഇന്ദുവിനെ ഇറക്കിയശേഷം ഡ്രൈവര്‍ കാര്‍ റിവേഴ്‌സെടുത്ത് വന്ന വഴിയേ മടങ്ങി.
ഇന്ദു കയറിച്ചെന്നതും അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ ഓടി അടുത്തെത്തി. അവര്‍ക്കായി കരുതിയിരുന്ന മിഠായി അവള്‍ വിതരണം ചെയ്തു. ചേര്‍ത്തുപിടിച്ചു വിശേഷങ്ങള്‍ തിരക്കി.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീടിനെപ്പറ്റിയുള്ള ഓര്‍മകളായിരുന്നു മനസ്സുനിറയെ. അനിയത്തിമാരുടെ കണ്ണീരു പടര്‍ന്ന മുഖം മനസ്സില്‍നിന്ന് എടുത്തുകളയാന്‍ പറ്റുന്നില്ല. ഈ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു വീട്ടിലേക്കു മടങ്ങാനും മനസ്സ് അനുവദിക്കുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഏറെ വൈകിയാണ് ഉറങ്ങിയത്.
പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മണപ്പള്ളിയച്ചന്റെ ഫോണ്‍കോള്‍. പള്ളിമേടയിലേക്ക് ഉടനെ ചെല്ലണമെന്ന്. കൈകഴുകിയിട്ട് വേഗം വേഷം മാറി പള്ളിമേടയിലേക്കു ചെന്നു. പതിവില്ലാതെയുള്ള ഈ വിളി എന്തിനാണെന്ന ഉത്കണ്ഠയായിരുന്നു മനസ്സില്‍.
മുറിയിലേക്കു കയറിയതും അച്ചന്‍ ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി. അഭിമുഖമായി അവള്‍ കസേരയില്‍ ഇരുന്നു.
''വീട്ടില്‍ പോയി അനിയത്തിമാരെയൊക്കെ കണ്ടോ?'' സീറ്റിലേക്കു ചാരിയിരുന്നിട്ട് അച്ചന്‍ ചോദിച്ചു.
''കണ്ടു അച്ചോ.''
'അവരെന്തു പറഞ്ഞു?''
''ഒരുപാടു സന്തോഷമായി.''
''ഇവിടാ താമസിക്കുന്നേന്ന് അവരോടു പറഞ്ഞോ?''
''ഇല്ല.''
തെല്ലുനേരം അവളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു മണപ്പള്ളിയച്ചന്‍. അച്ചന്‍ എന്തിനാണു വിളിച്ചതെന്നറിയാന്‍ ഇന്ദുവിന് ആകാംക്ഷയേറി.
''ഇന്നലെ അഭിഷേകിന്റെ അച്ഛന്‍ ആനന്ദന്‍ എന്നെ വിളിച്ചിരുന്നു.''
അച്ചന്‍ എന്താണു പറയുന്നതെന്നറിയാന്‍ അവള്‍ കാതുകൂര്‍പ്പിച്ചു.
''ഇന്ദുവിനെ അവര്‍ക്കൊക്കെ ഇപ്പം ഒരുപാട് ഇഷ്ടമാ. ആനന്ദനും ഭാര്യയ്ക്കും മകനുമൊക്കെ. സംസാരിച്ച കൂട്ടത്തില്‍ അവര്‍ ഒരാഗ്രഹം പറഞ്ഞു. കേട്ടപ്പം ഒരു നല്ല ആഗ്രഹമായിട്ട് എനിക്കും തോന്നി.''
എന്ത് എന്ന ചോദ്യഭാവത്തില്‍ ഇന്ദു അച്ചനെ നോക്കി.
''ആഗ്രഹം നിന്നെ അറിയിച്ചിരുന്നൂന്നാണ് ആനന്ദന്‍ പറഞ്ഞത്. പക്ഷേ, നീ അതിനോടു പോസിറ്റീവായി പ്രതികരിച്ചില്ല എന്നു പറഞ്ഞു. അതിലവര്‍ക്ക് ഒരുപാട് വിഷമമുണ്ട്. ഞാന്‍ പറഞ്ഞു വരുന്നത് എന്താന്നു നിനക്കു പിടികിട്ടുന്നുണ്ടോ?''
''ഉവ്വ് അച്ചോ.''
''കേട്ടപ്പം നിനക്കു യോജിക്കുന്ന ഒരു ബന്ധമായിട്ട് എനിക്കു തോന്നി. അഭിഷേകിനെ ഞാന്‍ കണ്ടിട്ടുണ്ടല്ലോ. നല്ല ചെറുപ്പക്കാരനാ. നല്ല സ്വഭാവമാണെന്ന് നീയും ഒരിക്കല്‍ എന്നോടു പറഞ്ഞതാ. പിന്നെന്തുകൊണ്ടാ നീയാ ബന്ധം വേണ്ടെന്നു പറഞ്ഞത്?''
''അഭിഷേകിനെ ഞാനിന്നോളം ഒരു സഹോദരന്റെ സ്ഥാനത്തുമാത്രമേ കണ്ടിട്ടുള്ളൂ അച്ചോ. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്നു തെറ്റിദ്ധരിച്ചാ ആനന്ദന്‍സാര്‍ എന്നോടീ ക്രൂരതകളെല്ലാം ചെയ്തത്. സ്‌കൂളിലെ റ്റീച്ചേഴ്‌സും അങ്ങനെയൊരു ധാരണയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ അഭിഷേകിനെ കല്യാണം കഴിച്ചാല്‍ റ്റീച്ചര്‍മാര്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു എന്നു വരില്ലേ?''
''നിന്റെ മനസ്സ് എന്താണെന്ന് ആനന്ദനു ബോധ്യമായില്ലേ? അതുമതി. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അഭിഷേക് ഒരു താഴ്ന്ന ജാതിക്കാരനാണെന്ന കുറവ് നീ കാണുന്നുണ്ടോ?''
''ഒരിക്കലുമില്ലച്ചോ. അച്ചനറിയാല്ലോ ജാതിയും മതവുമൊന്നുമില്ലാത്ത മനസ്സാ എന്റേതെന്ന്.''
''നിന്നെ ഞാന്‍ നന്നായി മനസ്സിലാക്കിയതുകൊണ്ടാണല്ലോ ഇപ്പം ഈ കാര്യം പറയാന്‍ നിന്നെ വിളിച്ചത്.''
ഇന്ദു മൗനമായി ആ മുഖത്തേക്കു നോക്കി ഇരുന്നതേയുള്ളൂ. അവളുടെ മനസ്സില്‍ ഒരു കടല്‍ ഇരമ്പുകയായിരുന്നു.
''എല്ലാക്കാലത്തും നിനക്കീ അനാഥമന്ദിരത്തില്‍ കഴിയാന്‍ പറ്റുമോ? രണ്ടുവര്‍ഷംകൂടി കഴിയുമ്പോള്‍ ഞാനീ ഇടവകേന്നു സ്ഥലംമാറിപ്പോകും. പുതുതായി വരുന്ന അച്ചന്‍ ഞാന്‍ തരുന്നത്ര സ്‌നേഹവും സ്വാതന്ത്ര്യവും നിനക്കു തന്നുകൊള്ളണമെന്നില്ല. ഇവിടെ നില്‍ക്കണ്ടാന്നു പറഞ്ഞാല്‍ പോകേണ്ടിവരും. നിനക്കും ഒരു ജീവിതം വേണ്ടേ കുഞ്ഞേ? അനിയത്തിമാരെയൊക്കെ നല്ല നിലയില്‍ കെട്ടിച്ചയയ്ക്കണ്ടേ? അതു കാണുമ്പഴല്ലേ മുകളിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും സന്തോഷമുണ്ടാവൂ. നീ വീട്ടില്‍ ചെന്നിട്ട് മടങ്ങിയപ്പം, യാത്ര പറയാന്‍ നേരത്ത് അനിയത്തിമാരുടെ കരച്ചില്‍ കണ്ടപ്പം ഡ്രൈവറുപോലും കരഞ്ഞുപോയീന്ന് ആനന്ദന്‍ എന്നോടു പറഞ്ഞു. ചേച്ചിയോടൊപ്പം സന്തോഷത്തോടെ കഴിയണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലേ?''
''ഞാന്‍ എന്തു ചെയ്യണമെന്നാണ് അച്ചന്‍ പറയുന്നത്?''
''നിനക്ക് അഭിഷേകിനെയും അഭിഷേകിന് നിന്നേം ഇഷ്ടമായ സ്ഥിതിക്ക് കല്യാണം കഴിച്ചൂടേ? ആനന്ദനും ശ്രീദേവിക്കുമൊക്കെ അത് ഒരുപാട് സന്തോഷം പകരും. പഴയ ആനന്ദനല്ല ഇപ്പം നിന്റെ മുമ്പില്‍ എന്നറിയാല്ലോ. നിന്നെക്കുറിച്ച് അപവാദം പറഞ്ഞുപരത്തിയ റ്റീച്ചര്‍മാരെക്കൊണ്ട് നിന്നെ കൈകൂപ്പി ബഹുമാനിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കി തലയുയര്‍ത്തി നില്‍ക്കണ്ടേ നിനക്ക്?''
''അച്ചന്റെ ആഗ്രഹം അതാണെങ്കില്‍ ഞാന്‍ എതിരുപറയില്ല.''
''എന്റെ ആഗ്രഹമല്ല. നിനക്ക് അഭിഷേകിനെ ഇഷ്ടമാണോ? ഒരു ഭര്‍ത്താവിന്റെ സ്ഥാനത്ത് നിനക്കയാളെ കാണാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കില്ല. സ്വതന്ത്രമനസ്സോടെ നീയാണ് ഒരു തീരുമാനമെടുക്കേണ്ടത്. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം.''
''ഇഷ്ടമാണ് അച്ചോ. നൂറുവട്ടം ഇഷ്ടമാണ്.''
''എന്നാ ഞാന്‍ ആനന്ദനോടു വിളിച്ചു പറഞ്ഞേക്കട്ടെ?''
''ഉം.''
''ഭര്‍ത്താവ്, കുടുംബം, കുട്ടികള്‍ എന്നൊക്കെയുള്ള ഒരു സന്തോഷം നിനക്കും വേണ്ടേ മോളേ? ഒരച്ഛന്റെ സ്ഥാനത്തുനിന്നാ ഞാനിതൊക്കെ പറയുന്നതെന്നു കരുതിയാ മതി. ആ വാത്സല്യമാ എനിക്കു നിന്നോട്. നിനക്കൊരു നല്ല ജീവിതമാ എന്റെ ആഗ്രഹം.''
''അതെനിക്കറിയാം അച്ചോ. എല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞവളല്ലേ.''
''എന്നാ പൊയ്‌ക്കോ. ഞാന്‍ ആനന്ദനെ വിളിച്ചു പറഞ്ഞേക്കാം. ബാക്കിയൊക്കെ അവരു തീരുമാനിക്കട്ടെ.''
''ഉം.'' തല കുലുക്കിയിട്ട് ഇന്ദു എണീറ്റു.
തിരികെ ഓര്‍ഫനേജില്‍ വന്നിരുന്ന അവള്‍ ഓര്‍ത്തു. ജീവിതത്തിന് ഇനി ഒരു വഴിത്തിരിവുണ്ടാകാന്‍ പോകുന്നു. സ്‌നേഹനിധിയായ ഒരു ചെറുപ്പക്കാരനെ ഭര്‍ത്താവായിക്കിട്ടാന്‍ പോകുന്നു. പരസ്പരം ഹൃദയം കാണാന്‍ കഴിഞ്ഞതുകൊണ്ട് ഇനിയുള്ള ജീവിതം സന്തോഷകരമായി മുമ്പോട്ടുപോകുമെന്നു കരുതാം. പോരെങ്കില്‍ നല്ല മനസ്സുള്ള ഒരമ്മയെയും കിട്ടിയല്ലോ. സ്വര്‍ഗത്തിലിരുന്ന് അച്ഛന്‍ സന്തോഷിക്കുന്നുണ്ടാവും. ഈ വിവാഹത്തിന് താന്‍ ആദ്യമേ സമ്മതം മൂളേണ്ടതായിരുന്നില്ലേ? എന്തിനാണ് ഇത്രയും വൈകിയത്? മനസ്സ് അവളോടു ചോദിച്ചു. നല്ലൊരു ദാമ്പത്യജീവിതം സ്വപ്നംകണ്ട് അവള്‍ ആ രാത്രി ഉറങ്ങി.
അടുത്ത ദിവസം രാവിലെ അഭിഷേക് അവളെ ഫോണില്‍ വിളിച്ചു.
''അച്ചനിന്നലെ ഫോണില്‍ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഈ വിവാഹത്തിനു സമ്മതിച്ചത് അല്ലേ? അച്ചന്‍ നിര്‍ബന്ധിച്ചൊന്നുമില്ലല്ലോ?''
''ഇല്ല. ഞാന്‍ സ്വയം എടുത്തു തീരുമാനമാ. ആലോചിച്ചപ്പം അഭിഷേകിന്റെ അച്ഛനോട് നേരത്തേ നോ പറഞ്ഞത് തെറ്റായിപ്പോയീന്നു തോന്നി. ഞാന്‍ ഇഷ്ടപ്പെടുകയും എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളെ ജീവിതപങ്കാളിയായി കിട്ടുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന് മനസ്സ് പറഞ്ഞു.''
''വൈകാതെ കല്യാണം നടത്തണമെന്നാ അച്ഛന്റെ ആഗ്രഹം.''
''അതൊക്കെ മണപ്പള്ളിയച്ചനുമായി സംസാരിച്ചു തീരുമാനിച്ചോളൂ. എന്റെ രക്ഷിതാവ് ഇപ്പം അച്ചനാ.''
''ശരി. വയ്ക്കട്ടെ പിന്നെ വിളിക്കാം.'' അഭിഷേക് ഫോണ്‍ കട്ട് ചെയ്തു.
ഇന്ദു ഒരു മൂളിപ്പാട്ടും പാടി കുട്ടികളുടെ അടുത്തേക്കു പോയി.
(തുടരും)