കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അത് പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ സ്‌കൂളില്‍നിന്നു പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍പോയ അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് ഈ കാര്യങ്ങളെല്ലാം അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്ന് വിവരംകിട്ടി. അഭിഷേക് പോയി കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍പ്പെട്ട നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ കണ്ട് മാപ്പ് ചോദിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അഭിഷേക് പോയി ഇന്ദുവിനെ കൂട്ടിക്കൊണ്ട് ആശുപത്രിയില്‍ വന്നു. കണ്ണീരോടെ ആനന്ദന്‍ മാപ്പു ചോദിച്ചു.
(തുടര്‍ന്നു വായിക്കുക)
ഇന്ദുലേഖയുടെ കരം പുണര്‍ന്നുകൊണ്ട് ആനന്ദന്‍ പറഞ്ഞു:
''മോളും അഭിഷേകും തമ്മില്‍ പ്രണയമാണെന്ന് സ്‌നേഹലത പറഞ്ഞപ്പോള്‍ എനിക്കതു സഹിക്കാന്‍ പറ്റിയില്ല മോളേ. പിരിച്ചുവിട്ടുകഴിഞ്ഞ് വീണ്ടും മോള് ഇവിടെ ന്യൂഫാഷന്‍ ടെക്സ്റ്റയില്‍സില്‍ ജോലിക്കുവന്നപ്പോള്‍ എന്നോടു പ്രതികാരം ചെയ്യാന്‍ വന്നതാണെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചതും സ്‌നേഹലതയാ. അവളുടെ ഉപദേശം കേട്ടാ മോളേ സ്‌നേഹം നടിച്ചു വിളിച്ചു വരുത്തി ഞാന്‍ എന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കു വച്ചത്. ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞു ഹോട്ടല്‍മുറിയിലെത്തിച്ചു മോളെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചതും ഞാനാ. നാറ്റിച്ചു നാണം കെടുത്തി നാടുവിടുവിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനു രാജേഷിന്റെ സഹായവും കിട്ടി. മോള് എന്നോടു ക്ഷമിക്കണം കേട്ടോ.''
ഇന്ദുവിന്റെ മനസ്സിലേക്കു തീ കോരി ഇടുന്നതുപോലെയായിരുന്നു ആ വാക്കുകള്‍. എന്തൊരു ക്രൂരതയാണ് ഈ മനുഷ്യന്‍ തന്നോടു ചെയ്തത്. നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു.
''മദ്യം കഴിച്ചപ്പോഴൊക്കെ ഞാനൊരു പിശാചായി മാറുകയായിരുന്നു. ഒരിക്കല്‍ മോളു വീട്ടില്‍ വന്നപ്പോള്‍ ആ കൈയില്‍ കടന്നുപിടിച്ച് അരുതാത്തതെന്തൊക്കൊയോ പറഞ്ഞുപോയി. ശരീരം കളങ്കപ്പെടുത്തിയിട്ട് എനിക്കു ജോലി വേണ്ട, തന്ന കാശു തിരിച്ചുതന്നേക്കൂ എന്നു പറഞ്ഞപ്പോള്‍ ഒന്നും തരില്ല, പോയി കേസുകൊടുക്ക് എന്നു പറഞ്ഞ് ഞാന്‍ ആട്ടിയിറക്കിയപ്പോള്‍ മോള് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതും ഇപ്പഴും കണ്‍മുമ്പിലുണ്ട്. അന്നു ചെയ്തതിന്റെയൊക്കെ ശിക്ഷയാ ഞാനിപ്പം അനുഭവിക്കുന്നത്. നന്നായിട്ടൊന്നുറങ്ങിയിട്ട് എത്ര ദിവസമായെന്നറിയുവോ? ഈ ലോകത്തു ചെയ്യുന്ന തെറ്റുകള്‍ക്ക് ഈ ലോകത്തുവച്ചുതന്നെ ശിക്ഷ കിട്ടുമെന്ന് എനിക്കിപ്പം ബോധ്യമായി.''
ആനന്ദന്റെ കുറ്റസമ്മതം കേട്ട് ശ്രീദേവിയും അഭിഷേകും മിഴിയോടു മിഴി നോക്കി. ഇന്ദു ഒന്നും മിണ്ടാതെ ഒരു പാവ കണക്കെ ഇരിക്കുകയായിരുന്നു.
''അഞ്ചു പെണ്‍മക്കളെ വളര്‍ത്തി വലുതാക്കാനുള്ള ഒരച്ഛന്റെ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കാതെപോയി മോളേ. പലേടത്തുന്നും കടംവാങ്ങി സ്വരൂപിച്ചുകൊണ്ടുവന്ന അഞ്ചുലക്ഷം രൂപ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാന്‍ വാങ്ങിയപ്പോള്‍ പാവങ്ങളുടെ ദുരിതങ്ങളോ വേദനകളോ കാണാന്‍ എനിക്കു കണ്ണുണ്ടായില്ല. ജോലിയും പോയി പണവും പോയി എന്ന സങ്കടത്തില്‍ ഹൃദയംപൊട്ടി മോളുടെ അച്ഛന്‍ മരിച്ചപ്പോഴും എന്നിലെ മനുഷ്യന്‍ ഉണര്‍ന്നില്ല. ഒരപകടം വേണ്ടിവന്നു എന്റെ മനസ്സിലെ ചെകുത്താനെ തിരിച്ചറിയാന്. ക്ഷമിക്കണം മോളേ ക്ഷമിക്കണം.''
ഒരു കൊച്ചുകുട്ടിയെപ്പോലെ ആനന്ദന്‍ തന്റെ കൈപിടിച്ച് ഓരോന്നു പറഞ്ഞു കരയുന്നതു കണ്ടപ്പോള്‍ ഇന്ദുവിന്റെ മനസ്സ് അലിഞ്ഞു.
''ക്ഷമിക്കാനും സഹിക്കാനും കഴിയുന്ന ഒരു മനസ്സ് എനിക്കുള്ളതുകൊണ്ടാണല്ലോ ഞാനിപ്പോള്‍ ഇവിടെ വന്നത്.''
''ഇനി എങ്ങും പോകണ്ടാട്ടോ. എന്റെ മോളായി എന്റെ വീട്ടില്‍ താമസിച്ചൂടേ?''
''ഒരിക്കലുമില്ല. ഞാനിപ്പോള്‍ പന്ത്രണ്ടു കുഞ്ഞുങ്ങളുടെ കുഞ്ഞേച്ചിയായി സന്തോഷത്തോടെ ജീവിക്കുവാ. അവിടെ കിട്ടുന്നതിന്റെ പത്തിലൊന്നു സന്തോഷംപോലും ആനന്ദന്‍ സാറിന്റെ ബംഗ്ലാവില്‍ എനിക്കു കിട്ടില്ല. എന്നെയോര്‍ത്ത് ആരും ഇനി വിഷമിക്കണ്ട. കഴിയുമെങ്കില്‍ എന്റനിയത്തിമാര്‍ക്ക് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്താല്‍ മാത്രം മതി.''
''തീര്‍ച്ചയായും. അവരുടെ സംരക്ഷണം ഇനി ഞാനേറ്റെടുക്കും. മോള് അതോര്‍ത്ത് ഒട്ടും വിഷമിക്കണ്ട.''
''പുണ്യപ്രവൃത്തികള്‍ ചെയ്താല്‍ ദൈവം ആനന്ദന്‍ സാറിനോടു ക്ഷമിക്കും. എല്ലാ ദിവസവും രാത്രി ഒരു പത്തുമിനിറ്റുനേരം ബൈബിള്‍ വായിച്ചിട്ട് ഉറങ്ങാന്‍ കിടക്കൂ. യേശുവിനോടു ഹൃദയം ഉരുകി പ്രാര്‍ഥിക്കൂ. മനസ്സിന് ഒരുപാട് ആശ്വാസം കിട്ടും. എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്. കര്‍ത്താവിനോടു യാചിച്ചാല്‍ കിട്ടാത്തതൊന്നുമില്ല. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവനാണ് യേശു. എന്റനിയത്തിമാര്‍ക്ക് ഒരു നല്ല ജീവിതം കൊടുക്കണേ യേശുവേ എന്നായിരുന്നു ഞാന്‍ ഓര്‍ഫനേജില്‍ എന്നും കിടക്കാന്‍നേരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്. ഇപ്പം ദൈവം അതു കേട്ടില്ലേ? ഈശോയോട് ഒന്നു പ്രാര്‍ഥിച്ചു നോക്കൂ. ആനന്ദന്‍സാറിന് എണീറ്റു നടക്കാനാകും.''
''തീര്‍ച്ചയായും ഇന്നുമുതല്‍ ബൈബിള്‍ വായിച്ച് ഞാന്‍ പ്രാര്‍ഥിക്കാം. എനിക്കെങ്ങനെയെങ്കിലും ഒന്നെണീറ്റു നടന്നാല്‍ മതി.''
''ഞാനും പ്രാര്‍ഥിക്കാം. ഈശോ എന്റെ പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ല. ആനന്ദന്‍ സാറിനെ ദൈവം എണീപ്പിച്ചു നടത്തും.''
ആ വാക്കുകള്‍ ആനന്ദന്റെ മനസ്സില്‍ മഞ്ഞുതുള്ളികളായി പെയ്തിറങ്ങി. മനസ്സിലെ തീ തെല്ലൊന്ന് അണഞ്ഞതുപോലെ തോന്നി. ഇന്ദുലേഖ ക്ഷമിച്ചല്ലോ. അവളുടെ പ്രാര്‍ഥനയില്‍ തനിക്ക് എണീറ്റു നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അയാളില്‍ ഒരുപാട് ആശ്വാസം പകര്‍ന്നു.
''ഇന്ന് എന്റെ വീട്ടില്‍ ഒരതിഥിയായി താമസിച്ചൂടേ? എന്റെ മനസ്സിന്റെ ഒരു സന്തോഷത്തിനുവേണ്ടി?'' ആനന്ദന്‍ പ്രതീക്ഷയോടെ നോക്കി.
''മണപ്പള്ളിയച്ചന്റെ അനുമതിയില്ലാതെ എനിക്കതിനു കഴിയില്ല.''
''അച്ചനെ ഞാന്‍ വിളിച്ച് അനുമതി വാങ്ങാം.''
അഭിഷേക് മൊബൈല്‍ എടുത്തു മണപ്പള്ളിയച്ചന്റെ നമ്പര്‍ ഞെക്കി. അച്ചനെ ലൈനില്‍ കിട്ടി. കാര്യങ്ങള്‍ ധരിപ്പിച്ചശേഷം അഭിഷേക് ഫോണ്‍ ഇന്ദുവിനു കൈമാറി.
''ഇന്നവിടെ തങ്ങിയിട്ട് നാളെ വന്നാല്‍ മതി മോളേ. നിന്റെ സാന്നിധ്യം ആ മനുഷ്യന് സന്തോഷം പകരുമെങ്കില്‍ നീയായിട്ട് അതു നിഷേധിക്കണ്ട. ശത്രുക്കളെ സ്‌നേഹിക്കാനും ക്ഷമിക്കാനുമല്ലേ ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. മാനസാന്തരം വന്ന ഒരു പാപിയോടു ക്ഷമിക്കുന്നത് ദൈവത്തിന് ഇഷ്ടമാവും.''
''അച്ചന്റെ ഏതു നിര്‍ദേശവും അനുസരിക്കാന്‍ ഞാന്‍ തയ്യാറാ. എന്റെകൂടെ കിടന്നുറങ്ങുന്ന ചിഞ്ചുമോളോടു പറഞ്ഞേക്കണേ അവളുടെ ഇന്ദുവേച്ചി നാളെ വരുമെന്ന്. എന്നെ കണ്ടില്ലെങ്കില്‍ അവള്‍ കരയും.''
''ഞാന്‍ സിസ്റ്ററിനോട് വിളിച്ചു പറഞ്ഞേക്കാം.'' മണപ്പള്ളിയച്ചന്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്ദു മൊബൈല്‍ അഭിഷേകിനു കൈമാറി.
''മൂന്നു വയസ്സുള്ള കുട്ടിയാ ചിഞ്ചുമോള്‍. ജനിച്ചു നാലാംപക്കം അമ്മത്തൊട്ടിലില്‍നിന്നു കിട്ടിയതാ. അവളുടെ അമ്മയും ചേച്ചിയുമൊക്കെ ഇപ്പം ഞാനാ. എന്റെകൂടെയാ അവളെന്നും കിടന്നുറങ്ങുന്നത്.'' അഭിഷേകിനെ നോക്കി ഇന്ദു പറഞ്ഞു.
''കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ അവതാരങ്ങളാണല്ലോ. നല്ല മനുഷ്യരുടെകൂടെയല്ലേ ദൈവം വസിക്കൂ.'' അഭിഷേക് പറഞ്ഞു.
ഏറെനേരം അവര്‍ സംസാരിച്ചിരുന്നു. സന്ധ്യയായപ്പോള്‍ ഇന്ദു ശ്രീദേവിയോടൊപ്പം ആനന്ദന്റെ വീട്ടിലേക്കു യാത്രയായി. ഡ്രൈവറെ വിളിച്ചുവരുത്തി കാറിലായിരുന്നു യാത്ര. അഭിഷേക് ആശുപത്രിയില്‍ അച്ഛനെ ശുശ്രൂഷിക്കാനായി തങ്ങി.
അന്ന് ഇന്ദുവിനുവേണ്ടി വിഭവസമൃദ്ധമായ അത്താഴമൊരുക്കി ശ്രീദേവി. രാത്രി എറെനേരം വര്‍ത്തമാനം പറഞ്ഞിരുന്നു. അടുത്ത ബന്ധുവിനെപ്പോലെയായിരുന്നു ശ്രീദേവി ഇന്ദുവിനെ സല്‍ക്കരിച്ചത്. എ.സി. റൂമില്‍ കിടക്ക ഒരുക്കി ബഡ്ഷീറ്റ് വിരിച്ചിട്ട് ശ്രീദേവി ഇന്ദുവിനെ നോക്കി പറഞ്ഞു:
''കുടിക്കാന്‍ വെള്ളം ദാ ആ വാട്ടര്‍ ഫില്‍റ്ററില്‍നിന്നെടുത്തോ. രാത്രി എന്തേലും ആവശ്യം വന്നാല്‍ എന്നെ വിളിക്കാന്‍ മറക്കണ്ട.''
''ഉം.''
ഗുഡ്‌നൈറ്റ് പറഞ്ഞിട്ട് ശ്രീദേവി മുറിവിട്ടിറങ്ങി. ഇന്ദു മെല്ലെ കട്ടിലിലേക്കു ചാഞ്ഞു. കണ്ണടച്ചു കിടന്നപ്പോള്‍ ഒരുപാട് രൂപങ്ങള്‍ അവളുടെ മനസ്സിലേക്കു വന്നു. ആനന്ദന്‍ എന്ന ക്രൂരനായ മനുഷ്യന്‍. സ്‌നേഹനിധിയായ ശ്രീദേവി. മനസ്സില്‍ നന്മമാത്രമുള്ള അഭിഷേക്. അസൂയ നിറഞ്ഞ സ്‌നേഹലത. കരുണയുള്ള അശ്വതിറ്റീച്ചര്‍. മനുഷ്യപ്പറ്റുള്ള ചാണ്ടിച്ചായന്‍. കുറ്റംപറയാന്‍മാത്രം വായ് തുറക്കുന്ന ത്രേസ്യാമ്മച്ചി. ആപത്തുസമയത്ത് അഭയം തന്ന് ചേര്‍ത്തുപിടിച്ച മണപ്പള്ളിയച്ചന്‍. കണ്ടുമുട്ടിയ മുഖങ്ങളെല്ലാം വ്യത്യസ്ത സ്വഭാവക്കാര്‍. കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച നിമിഷങ്ങള്‍. ഒടുവില്‍ ഓടിത്തളര്‍ന്ന് എത്തിച്ചേര്‍ന്നത് ദൈവസന്നിധിയില്‍. ഈശോയെ മനസ്സില്‍ സ്വീകരിച്ചതുമുതലാണല്ലോ തനിക്കു സമാധാനം കൈവന്നത്. മണപ്പള്ളിയച്ചനെ കണ്ടുമുട്ടിയതു വലിയ ഭാഗ്യമായി. അച്ചന്റെ സ്‌നേഹവും സാന്ത്വനവും അനുഭവിക്കാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.
ഓരോന്നോര്‍ത്തുകിടന്ന് അവള്‍ ഉറക്കത്തിലേക്കു വീണു.
പുലര്‍ച്ചെ എണീറ്റ് പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് ഇന്ദു മുറിവിട്ടിറങ്ങി അടുക്കളയിലേക്കു ചെന്നു. ശ്രീദേവി പ്രഭാതഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു. ദോശക്കല്ലിലേക്കു മാവ് കോരിയൊഴിക്കുന്നതു കണ്ടപ്പോള്‍ ഇന്ദു പറഞ്ഞു:
''ദോശ ഞാന്‍ ചുടാം അമ്മേ. ഓര്‍ഫനേജില്‍ ഞാനാ ദോശ ഉണ്ടാക്കുന്നത്.'' ശ്രീദേവിയുടെ കൈയില്‍നിന്ന് തവി പിടിച്ചു വാങ്ങി ഇന്ദു ദോശക്കല്ലിലേക്ക് മാവ് കോരിയൊഴിച്ചു. ശ്രീദേവി ചട്‌നി ഉണ്ടാക്കാനുള്ള ഒരുക്കത്തിലേക്കു മാറി.
ദോശചുട്ടുകഴിഞ്ഞ് ചട്‌നി ഉണ്ടാക്കാനും ഇന്ദു സഹായിച്ചു. ഒരു മരുമകളെപ്പോലെ ഓടി നടന്ന് ഇന്ദു ഓരോന്നു ചെയ്യുന്നതു കണ്ടപ്പോള്‍ ശ്രീദേവി സ്‌നേഹത്തോടെ നോക്കിനിന്നുപോയി. ഇവളെപ്പോലൊരു മരുമകളെ തനിക്കു കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരുനിമിഷം ചിന്തിക്കുകപോലും ചെയ്തു.
രണ്ടുപേരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ഭക്ഷണത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. തമാശകള്‍ പറഞ്ഞു ചിരിച്ചു. ഭക്ഷണം കഴിഞ്ഞ് എണീല്‍ക്കുമ്പോഴേക്കും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇരുവരും മാനസികമായി ഏറെ അടുത്തിരുന്നു.
''ഉച്ചയ്ക്ക് ഊണു കഴിഞ്ഞുപോയാല്‍ പോരേ?''
ഇന്ദു കൈ കഴുകിയിട്ട് തിരിഞ്ഞപ്പോള്‍ ശ്രീദേവിയുടെ ചോദ്യം.
''പോരമ്മേ. എന്റെ കുഞ്ഞുങ്ങള്‍ എന്നെ കാണാഞ്ഞു വിഷമിച്ചിരിക്കുകയാവും ഇപ്പോള്‍. എനിക്കുടനെ പോകണം.''
ആ സമയം ശ്രീദേവിയുടെ മൊബൈല്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ അഭിഷേകിന്റെ കോള്‍.
''ഇന്ദു പോയോ അമ്മേ?''
''ഇല്ല.''
''ഫോണ്‍ ഇന്ദുവിനൊന്നു കൊടുക്കുമോ?''
''ദാ മോളേ... അഭിഷേകാ.'' ശ്രീദേവി ഇന്ദുവിനു ഫോണ്‍ കൈമാറി.
''ഹലോ.'' ഇന്ദുവിന്റെ മധുരമായ ശബ്ദം.
''രാത്രി നന്നായി ഉറങ്ങിയോ?''
''ഉം.''
''അച്ഛനും ഇന്നലെ രാത്രി നന്നായി ഉറങ്ങി. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചപ്പം മനസ്സിന് ഒരുപാട് ആശ്വാസമായീന്ന് അച്ഛന്‍ പറഞ്ഞു. വന്നു സമാധാനിപ്പിച്ചതിന് ഒരുപാടു നന്ദിയുണ്ട്. കേട്ടോ.''
''അച്ഛന്‍ വേഗം സുഖം പ്രാപിച്ച് എണീറ്റു നടക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാം. എനിക്കാരോടും ഇപ്പം പിണക്കമില്ല അഭിഷേക്.''
''ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് സാവധാനം മടങ്ങിയാപ്പോരേ?''
''പോരാ അഭിഷേക്. എന്റെ കുഞ്ഞുങ്ങള്‍ എന്നെ കാണാതെ ഭക്ഷണംപോലും കഴിക്കാതെ അവിടെ ഇരിക്കുന്നുണ്ടാവും. എനിക്കുടനെ പോണം.''
''ശരി. ഞാന്‍ ഫോണ്‍ അച്ഛന്റെ കൈയില്‍ കൊടുക്കാം.'' അഭിഷേക് ഫോണ്‍ ആനന്ദിനു കൈമാറി. കുശലാന്വേഷണത്തിനുശേഷം ആനന്ദന്‍ പറഞ്ഞു:
''ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചപ്പം മനസ്സിന്റെ വേദന മാത്രമല്ല ശരീരത്തിന്റെ വേദനയും ഒരുപാടു കുറഞ്ഞു. രാത്രി നന്നായി ഉറങ്ങി. മോള് എന്നെ കൈപിടിച്ച് എണീറ്റു നടത്തിക്കുന്നതു സ്വപ്നം കണ്ടു.''
''ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, ബൈബിള്‍ വായിച്ച് പ്രാര്‍ഥിച്ച് ഇനിയുള്ള ദിവസങ്ങള്‍ ചെലവഴിക്കൂ. സാറിന് എണീറ്റു നടക്കാനാവും. ഞാന്‍ പ്രാര്‍ഥിക്കാം.''
ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചിട്ട് ഇന്ദു ഫോണ്‍ കട്ട് ചെയ്തു.
ശ്രീദേവി ഡ്രൈവറെ വിളിച്ചു വരുത്തി ഇന്ദുവിനെ കാറില്‍ കയറ്റി ഓര്‍ഫനേജിലേക്കു യാത്രയാക്കി. പോകുന്നതിനുമുമ്പ് ഓര്‍മിപ്പിച്ചു:
''ഇടയ്ക്കിടെ വിളിക്കണം കേട്ടോ മോളേ. കഴിയുമെങ്കില്‍ വരണം.''
''ഉം.'' ഇന്ദു തലയാട്ടി.
കാറില്‍, ഓര്‍ഫനേജിന്റെ മുമ്പില്‍ വന്നിറങ്ങിയ ഇന്ദു നേരേ പോയത് പള്ളിമേടയില്‍ മണപ്പള്ളിയച്ചന്റെ മുറിയിലേക്കാണ്. അച്ചനെ കണ്ടതും അവള്‍ ആദരവോടെ കൈകൂപ്പി.
''ആനന്ദന്‍ ഇപ്പം എന്നെ വിളിച്ച് നന്ദി പറഞ്ഞിട്ട് അങ്ങു വച്ചതേയുള്ളൂ. നിന്റെ സാന്നിധ്യം ആ മനുഷ്യന് ഒരുപാട് ആശ്വാസം പകര്‍ന്നു മോളേ.''
''അയാള്‍ക്കു മാനസാന്തരം വന്നു എന്നെനിക്കു മനസ്സിലായി അച്ചാ.''
''നിന്റെ ചിഞ്ചുമോള് നിന്നെ കാണാഞ്ഞ് ഇന്നലെ രാത്രി ഉറങ്ങിയില്ല എന്നു സിസ്റ്റര്‍ പറഞ്ഞു. ഇന്നു രാവിലെ അവളൊന്നും കഴിച്ചുമില്ല.''
''എനിക്കും അവളെന്നു വച്ചാല്‍ ജീവനാ. ഈ കുഞ്ഞുങ്ങളെ വിട്ട് ഇനി എങ്ങും പോകുന്നില്ല എന്നു ഞാന്‍ തീരുമാനിച്ചതും അവരുടെ സ്‌നേഹം കണ്ടതുകൊണ്ടാ.''
''നീ ഇവിടെ വന്നപ്പം സത്യത്തില്‍ ഒരു അഴിഞ്ഞാട്ടക്കാരിയാന്നാ ഞാന്‍ ആദ്യം വിചാരിച്ചത്. ഒരാഴ്ച ഒന്നു നിറുത്തിനോക്കാന്‍ ചാണ്ടിച്ചായന്‍ നിര്‍ബന്ധിച്ചതുകൊണ്ടാ നിന്നെ ഇവിടെ നിറുത്തിയത്. ഒരാഴ്ചയാകുന്നതിനുമുമ്പേ എനിക്കു മനസ്സിലായി നീ ദൈവത്തിന്റെ സ്വന്തം മകളാന്ന്.''
''അച്ചന്റെ സ്‌നേഹമാണ് എന്നെ ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നതും.''
''സ്‌നേഹംകൊണ്ട് കീഴടക്കാന്‍ പറ്റാത്തതായി ഒന്നുമില്ല മോളേ. ക്രിസ്തു പഠിപ്പിച്ചതും സ്‌നേഹത്തിന്റെ മഹത്ത്വമാണല്ലോ.''
അച്ചന്‍ എണീറ്റ് ഒരു ടിന്നില്‍നിന്ന് കുറെ മിഠായി എടുത്തു പൊതിഞ്ഞ് അവള്‍ക്കു നീട്ടിക്കൊണ്ടു തുടര്‍ന്നു: ''ഇതു കുഞ്ഞുങ്ങള്‍ക്കു കൊടുത്തേക്ക്. എന്നെ കാണാന്‍ വന്ന ഒരാള്‍ തന്നതാ.''
ഇന്ദു രണ്ടു കൈയും നീട്ടി മിഠായിപ്പൊതി വാങ്ങി.
(തുടരും)