•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിധരിപ്പിച്ചു. മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. ഇതറിഞ്ഞ് ഹൃദയാഘാതം വന്ന് ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍നമ്പൂതിരി മരിച്ചു. പക അടങ്ങാതെ ആനന്ദന്‍ ഇന്ദുവിനെ തെറ്റിധരിപ്പിച്ച് ഹോട്ടല്‍മുറിയിലെത്തിച്ചിട്ട് പൊലീസിനെ വരുത്തി അപമാനിച്ചു. സായാഹ്നപ്പത്രത്തില്‍ ആ വാര്‍ത്ത വന്നു. അപമാനിതയായ ഇന്ദു മരണത്തെപ്പറ്റി ചിന്തിച്ചു. സന്ദര്‍ശകവിസയില്‍ അമേരിക്കയില്‍ പോയ അഭിഷേക് തിരിച്ചെത്തി. കാര്യങ്ങള്‍ അറിഞ്ഞ അഭിഷേക് ഇന്ദുവിനെത്തേടി അവളുടെ വീട്ടിലെത്തി. ഇന്ദു എവിടെപ്പോയി എന്ന് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ഇന്ദുവിന്റെ അമ്മ ദേവകി അന്തര്‍ജനം അഭിഷേകിനോടു പൊട്ടിത്തെറിച്ചു. അവരെ ആശ്വസിപ്പിച്ച്, കുറെ പണം നല്‍കിയിട്ട് അഭിഷേക് മടങ്ങി പ്പോന്നു. ഇതിന്റെ പേരില്‍ അച്ഛനുമായി അഭിഷേക് വഴക്കുണ്ടാക്കി. 
(തുടര്‍ന്നു വായിക്കുക)

ദേവകി അന്തര്‍ജനം  മരിച്ചു എന്ന വാര്‍ത്തയായിരുന്നു അഭിഷേക് കേട്ടത്. സീതാലക്ഷ്മി രാവിലെ വന്നു നോക്കിയപ്പോള്‍ അമ്മ കട്ടിലില്‍ ചലനമറ്റു കിടക്കുകയായിരുന്നവത്രേ. കുലുക്കി വിളിച്ചിട്ടും പ്രതികരണമില്ല. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മരണം സ്ഥിരീകരിച്ചത്.
സീതയുടെ കരച്ചില്‍ ഫോണിലൂടെ കേട്ടപ്പോള്‍ അഭിഷേകിന്റെ ഹൃദയം മുറിഞ്ഞു വേദന ഒഴുകി. ഇനി ആരുണ്ട് ആ നാലുപെണ്‍കുട്ടികള്‍ക്ക്? തന്റെ അച്ഛന്‍ ചെയ്ത ക്രൂരതയില്‍ രണ്ടു ജീവനാണു പൊലിഞ്ഞത്. ആദ്യം ഇന്ദുവിന്റെ അച്ഛന്റെ. ഇപ്പോള്‍ അമ്മയുടെയും. പൊറുക്കുമോ ദൈവം അച്ഛനോട്?
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് കാറെടുത്ത് അഭിഷേക് ഇന്ദുവിന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു. എങ്ങോട്ടു പോകുന്നെന്ന് അച്ഛനോടോ അമ്മയോടോ പറഞ്ഞില്ല.
അഭിഷേക് ചെല്ലുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മൃതദേഹം വീട്ടില്‍ കൊണ്ടുവന്നിരുന്നു. നാലു പെണ്‍മക്കളും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു. മുറ്റത്തും പരിസരത്തുമൊക്കെ ആളുകള്‍ കൂടിനില്‍ക്കുന്നു.
അഭിഷേക് സാവധാനം മൃതദേഹത്തിനരികിലേക്കു ചെന്നു. കൈകൂപ്പിനിന്നു കുറെനേരം ആ ആത്മാവിനുവേണ്ടി പ്രാര്‍ഥിച്ചു. ഇടയ്ക്ക് മിഴികള്‍ തിരിച്ചു ചുറ്റും നോക്കി. സീതാലക്ഷ്മി തന്നെ കണ്ടുവെന്നു മനസ്സിലായപ്പോള്‍ മൗനമായി ആ ദുഃഖത്തില്‍ പങ്കുചേര്‍ന്ന്, ആ കണ്ണുകളിലേക്കു നോക്കി സ്‌നേഹം കൈമാറി. 
പുറത്തേക്കിറങ്ങിയിട്ട് തല മുതിര്‍ന്ന ഒരു കാരണവരോടു തിരക്കി: 
''എപ്പഴാ ശവദാഹം?''
''അഞ്ചുമണിക്ക്.''
''നമ്പൂതിരിയുടെ ഒരു മൂത്തകുട്ടിയുണ്ടല്ലോ. ഇന്ദുലേഖ. അവരുണ്ടോ ഇവിടെ?''
''ആ പെണ്ണ് നാടുവിട്ടുപോയില്ലേ? എന്തോ പ്രശ്‌നമുണ്ടാക്കി പോലീസു പിടിച്ചപ്പം ഒളിച്ചോടിപ്പോയീന്നാ കേട്ടത്. എവിടാന്ന് ആര്‍ക്കും അറിയില്ല.''
''അവരെ കണ്ടുപിടിക്കുന്നതുവരെ കുറച്ചുദിവസം മൃതദേഹം മോര്‍ച്ചറീല്‍ വച്ചൂടെ?''
''എന്തിന്? അവര്‍ക്ക് അമ്മയോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒന്നു വിളിക്കുകയെങ്കിലും ചെയ്യില്ലായിരുന്നോ? അവരെ നോക്കണ്ട കാര്യമില്ല.''
അതു പറഞ്ഞിട്ട് അയാള്‍ അവിടെനിന്നുമാറി, ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സ്ഥലത്തേക്കു പോയി.
സന്ധ്യയ്ക്കുമുമ്പേ ദേവകി അന്തര്‍ജനത്തിന്റെ ഭൗതികദേഹം വീട്ടുവളപ്പില്‍ ദഹിപ്പിച്ചു. കത്തിയമരുന്ന ചിതയിലേക്കു നോക്കി വരാന്തയില്‍നിന്ന് സീതയും അനിയത്തിമാരും ഏങ്ങലടിച്ചു കരഞ്ഞു.
ഇരുട്ടു പടര്‍ന്നപ്പോഴേക്കും നാട്ടുകാരും ബന്ധുക്കളുമൊക്കെ യാത്രപറഞ്ഞു പിരിഞ്ഞു. അയല്‍ക്കാരനായ വാസുദേവനും ഭാര്യയും ഓരോന്നു പറഞ്ഞ്, ആശ്വസിപ്പിച്ചുകൊണ്ട് സീതയുടെയും അനിയത്തിമാരുടെയും അരികില്‍ ഇരുന്നു. 
നാലു പെണ്‍കുട്ടികളെ ഒറ്റയ്ക്കാക്കിയിട്ട് തിരിച്ചുപോരാന്‍ അഭിഷേകിന്റെ മനസ്സ് അനുവദിച്ചില്ല. അയാള്‍ അവിടെ ചുറ്റിപ്പറ്റി നിന്നു. വാസുദേവനും ഭാര്യയും പുറത്തേക്കിറങ്ങിപ്പോയപ്പോള്‍ അഭിഷേക് സാവധാനം വീട്ടിലേക്കു കയറിച്ചെന്നു. 
കിടപ്പുമുറിയിലെ കട്ടിലില്‍ തളര്‍ന്നുകിടന്ന് കരയുകയാണ് നാലു പെണ്‍മക്കളും.
''സീതേ...'' 
വിളികേട്ട് സീതാലക്ഷ്മി മുഖം തിരിച്ചുനോക്കി. അഭിഷേകിനെ കണ്ടതും കട്ടിലില്‍ എണീറ്റിരുന്നു.
''ഓര്‍മയുണ്ടോ എന്നെ?'' ഇടറിയ സ്വരത്തോടെ അഭിഷേക് ചോദിച്ചു.
''ഉം.'' സീത തലയാട്ടി.
''എന്റച്ഛന്‍ ചെയ്ത തെറ്റിന് ഞാനൊരിക്കല്‍ക്കൂടി മാപ്പു ചോദിക്കുന്നു.''
സീത ഒന്നും മിണ്ടിയില്ല. ഇനി മാപ്പു ചോദിച്ചിട്ട് എന്തു പ്രയോജനം എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്. 
''ഇന്ദു എവിടുണ്ടെന്ന് അറിയാമോ?''  അഭിഷേക് ചോദിച്ചു.
''ഇല്ല.'
''നിങ്ങളു തനിച്ചിനി എങ്ങനെ ഇവിടെ കഴിയും?'
''എനിക്കറിയില്ല.''
''എന്റെകൂടെ പോരുന്നോ? ഞാന്‍ സംരക്ഷിച്ചോളാം നിങ്ങളെ.''
''ഇല്ല.''
അഭിഷേക് പോക്കറ്റില്‍നിന്ന്  കുറെ കറന്‍സികള്‍ എടുത്ത് സീതയുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു.
''എന്റച്ഛന്‍ ചെയ്ത തെറ്റിന് ഇതു പരിഹാരമാവില്ലെന്നറിയാം. എന്നാലും. എന്റെ മനസ്സമാധാനത്തിന് ഇത് വാങ്ങിച്ചോളൂ.''
സീത കൈനീട്ടി ആ പണം വാങ്ങി.
''രാത്രി തനിയെ കിടക്കാന്‍ പേടിയാകില്ലേ?''
''വാസുദേവന്‍ അങ്കിള്‍ വരും.''
''ഞാന്‍ പോട്ടെ. കാശിന് ആവശ്യം വന്നാല്‍ എനിക്കു ഫോണ്‍ ചെയ്യണം.''
സീത തലകുലുക്കി. 
''ഇന്ദുവിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.''
അറിയിക്കാമെന്ന് അവള്‍ തലകുലുക്കി. സീതയെയും അനിയത്തിമാരെയും ആശ്വസിപ്പിച്ചിട്ട് അഭിഷേക് യാത്ര പറഞ്ഞു വെളിയിലേക്കിറങ്ങി. 
പാതിരാത്രി കഴിഞ്ഞാണ് അഭിഷേക് വീട്ടില്‍ തിരിച്ചെത്തിയത്. ശ്രീദേവി കാത്തിരിക്കുകയായിരുന്നു. വന്നപാടെ അവര്‍ മകനെ കുറെ വഴക്കു പറഞ്ഞു.
''പല പ്രാവശ്യം വിളിച്ചിട്ടും നിന്റെ ഫോണ്‍ സ്വിച്ചോഫായിരുന്നല്ലോ. എവിടായിരുന്നു ഇത്രേം നേരം? അച്ഛന്‍ കലി തുള്ളിയിരിക്ക്വാ. ഇപ്പഴാ പോയി കിടന്നത്.''
''ഞാന്‍ എന്റെ ഒരു കൂട്ടുകാരനെ കാണാന്‍ പോയതായിരുന്നു.''
''എന്നാ അതൊന്നു പറഞ്ഞിട്ടു പോകരുതായിരുന്നോ? ഫോണ്‍ സ്വിച്ചോഫ് ചെയ്തതെന്തിനാ?''
''അതിന്റെ ചാര്‍ജ് തീര്‍ന്നുപോയതാ.''
അഭിഷേക് ഒരു കള്ളം പറഞ്ഞു. 
ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ സീതയുടെയും അനിയത്തിമാരുടെയും കണ്ണീരുപടര്‍ന്ന മുഖമായിരുന്നു മനസ്സില്‍. ഉറക്കം വന്നില്ല. ആ നാലുപെണ്‍കുട്ടികള്‍ ഇനി എങ്ങനെ ജീവിക്കുമെന്ന ചിന്തയായിരുന്നു മനസ്സുനിറയെ. 
ഇന്ദുലേഖ എവിടെപ്പോയി? ജീവിതം അവസാനിപ്പിച്ച് സ്വര്‍ഗലോകത്തേക്കു പോയിട്ടുണ്ടാകുമോ? സ്വന്തം അമ്മയെ അവസാനമായി ഒന്നു കാണാന്‍പോലും അവള്‍ വന്നില്ലല്ലോ. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ വീട്ടിലേക്ക് ഒന്നു വിളിക്കുകയെങ്കിലും ചെയ്യില്ലായിരുന്നോ?
ഈ ലോകത്ത് എവിടെയെങ്കിലും അവള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടുപിടിച്ച് അവളെ അനിയത്തിമാരുടെ അടുത്തെത്തിക്കേണ്ടത് തന്റെ ചുമതലയാണ്. തന്റെ അച്ഛന്‍ കാരണമാണല്ലോ സ്വന്തം വീടുപേക്ഷിച്ച് അവള്‍ക്കു പോകേണ്ടി വന്നത്. ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യേണ്ടത് തന്റെ കടമയാണ്.
പിറ്റേന്നു രാവിലെ ആനന്ദന്‍ മകനെ വിളിച്ചു കുറെ വഴക്കു പറഞ്ഞു. തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടുനിന്നതേയുള്ളൂ അഭിഷേക്. 
ആനന്ദന്‍ പുറത്തേക്കു പോയിക്കഴിഞ്ഞപ്പോള്‍ അഭിഷേക് അശ്വതിറ്റീച്ചറെ ഫോണില്‍ വിളിച്ചു. 
''റ്റീച്ചര്‍ അറിഞ്ഞുകാണുമോന്നറിയില്ല. ഇന്ദുലേഖയുടെ അമ്മ മരിച്ചു. കഴിഞ്ഞദിവസം രാത്രി. ഹാര്‍ട്ട് അറ്റാക്കായിരുന്നു. ഇന്നലെ ഞാനവിടെ പോയിരുന്നു. ശവദാഹം കഴിഞ്ഞാ മടങ്ങിയത്. ഇന്ദുലേഖ വന്നില്ല. അവരെവിടുണ്ടെന്ന് ആര്‍ക്കും അറിഞ്ഞൂടാ.''
''ഞാനൊന്നും അറിഞ്ഞില്ല.''
''നാലനിയത്തിമാര്‍ ഒറ്റയ്ക്കാ ഇപ്പം താമസം. എനിക്കവരെ സഹായിച്ചേ പറ്റൂ. ഇന്ദു ജീവിച്ചിരിപ്പുണ്ടോന്നുപോലും അറിയില്ല. ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആ വീട്ടിലെത്തിക്കേണ്ടത് എന്റെ കടമയാ. എന്റച്ഛന്‍ ചെയ്ത തെറ്റിന് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യേണ്ടേ?''
''പോലീസിലറിയിച്ചാല്‍ അവരു കണ്ടുപിടിക്കില്ലേ?''
''തത്കാലം അതുവേണ്ട. നമ്മുടെ പോലീസല്ലേ. വിശ്വസിക്കാന്‍ കൊള്ളില്ല. നമുക്കൊന്നന്വേഷിക്കാം. ഇന്ദു എവിടുണ്ടാകുമെന്ന് വല്ല സൂചനയും റ്റീച്ചര്‍ക്കു തരാന്‍ പറ്റുമോ?''
''പോയതിനുശേഷം എന്നെ ഒരിക്കല്‍പ്പോലും വിളിച്ചിട്ടില്ല. അങ്ങോട്ടു വിളിക്കുമ്പോഴൊക്കെ ഫോണ്‍ സ്വിച്ചോഫാ.''
''ഒരിക്കല്‍ പറഞ്ഞിരുന്നല്ലോ തിരുവല്ലയിലെവിടെയോ ഒരു വീട്ടില്‍ കുറച്ചുകാലം അവരു ജോലിക്കു നിന്നിട്ടുണ്ടെന്ന്. ആ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയാമോ?''
''ഇല്ല.''
''പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് ഒരു സൂചന തരാന്‍ പറ്റ്വോ?''
''ഇവിടാരുമായിട്ട് അവള്‍ക്കങ്ങനെ ബന്ധങ്ങളൊന്നുമില്ല. നാട്ടിലുള്ള ബന്ധത്തെപ്പറ്റി എനിക്കത്ര അറിവുമില്ല.''
''എന്തെങ്കിലും സൂചനകിട്ടിയാല്‍ എന്നെ അറിയിക്കണം.''
''തീര്‍ച്ചയായും.'' 
അഭിഷേക് ഫോണ്‍ കട്ട് ചെയ്തു. അടുത്ത നിമിഷം അയാള്‍ സീതാലക്ഷ്മിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. സീതയെ ലൈനില്‍ കിട്ടി. കുശലാന്വേഷണത്തിനുശേഷം ചോദിച്ചു.
''ഇന്ദു തിരുവല്ലയിലെവിടെയോ ഒരു വീട്ടില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നല്ലോ. ആ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയാമോ?''
''അറിയാം. എന്റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്.'' 
''അതൊന്നു പറയൂ.''
സീത നമ്പര്‍ പറഞ്ഞു കൊടുത്തു.
അഭിഷേക് ആ നമ്പരില്‍ വിളിച്ചു. ചാണ്ടിക്കുഞ്ഞാണ് ഫോണ്‍ എടുത്തത്.
''ഇന്ദു എന്നൊരു പെണ്‍കുട്ടി കുറച്ചുനാള്‍മുമ്പ് അവിടെ ജോലി ചെയ്തിരുന്നല്ലോ. ആ കുട്ടി ഇപ്പം എവിടുന്നുണ്ടെന്ന് അറിയാമോ?''
''നിങ്ങള്‍ ആരാ?''
''ഞാനാ പെണ്ണിന്റെ ഒരു ബന്ധുവാ. അവരുടെ അമ്മ മരിച്ചു. അതൊന്നറിയിക്കാന്‍വേണ്ടിയാ.''
''ഇന്ദു എവിടാന്ന് എനിക്കറിയില്ല.''
''എന്തെങ്കിലും സൂചന?''
''ഇവിടുന്നു പോയശേഷം ഞങ്ങളെ വിളിക്കുകയോ ഇവിടെ വരുകയോ ചെയ്തിട്ടില്ല. പിന്നെന്തു സൂചന തരാനാണ്?''
അഭിഷേക് തിരിച്ചും മറിച്ചും ചോദിച്ചു. ചാണ്ടിക്കുഞ്ഞിന്റെ സംസാരത്തില്‍ പന്തികേടു തോന്നിയപ്പോള്‍ അഭിഷേക് പറഞ്ഞു:
''എന്നാപ്പിന്നെ പോലീസിലറിയിക്കാം. അവരു വന്നു കണ്ടുപിടിക്കട്ടെ.''
പോലീസ് എന്നു കേട്ടപ്പോള്‍ ചാണ്ടിക്കുഞ്ഞ് ഒന്നു പരുങ്ങി.
''പോലീസിലറിയിക്കുന്നതിനു മുമ്പ് ഒന്നിങ്ങോട്ടു വരൂ. എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ട്.''
''ഫോണിലൂടെ പറഞ്ഞൂടേ?'' 
''അങ്ങനെ പറയാന്‍ പറ്റുന്ന കാര്യമല്ല. നേരിട്ടു സംസാരിക്കാം. ഇങ്ങോട്ടു വാ.''
ചാണ്ടിക്കുഞ്ഞ് മേല്‍വിലാസം പറഞ്ഞുകൊടുത്തു. ശരി എന്നു പറഞ്ഞിട്ട് അഭിഷേക് ഫോണ്‍ കട്ട് ചെയ്തു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് അഭിഷേക് ഡ്രസുമാറി കാറില്‍ കയറി നേരേ തിരുവല്ലയിലേക്കു പുറപ്പെട്ടു. വീടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
കോളിങ് ബല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോള്‍ ചാണ്ടിക്കുഞ്ഞാണ് വന്നു വാതില്‍ തുറന്നത്. അഭിഷേക് ചിരിച്ചുകൊണ്ട് കൈകൂപ്പി.
''ഞാന്‍ അഭിഷേക്. ഇന്ദുവിനെപ്പറ്റി അറിയാനാ വന്നത്. ഫോണില്‍ സംസാരിച്ചിരുന്നല്ലോ.''
''വരൂ.''
ചാണ്ടിക്കുഞ്ഞ് അഭിഷേകിനെ വിളിച്ചു സ്വീകരണുറിയിലിരുത്തി.
''ഇന്ദുവിന്റെ ആരാ?''
''ഒരു സുഹൃത്താ.''
''സുഹൃത്തോ? എന്നിട്ട് ഫോണില്‍ പറഞ്ഞത് ബന്ധുവാണെന്നാണല്ലോ.''
''ബന്ധുവിനെക്കാളും അടുപ്പമുള്ള ഒരു സുഹൃത്താ.''
''എങ്ങനെയുള്ള അടുപ്പം?''
അഭിഷേക് ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം പറഞ്ഞു. തന്റെ സ്‌കൂളില്‍ ഇന്ദു ജോലിക്കു വന്നതും പിന്നീട് ജോലി നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങളുമെല്ലാം.
''എന്റച്ഛന്‍ കാരണമാണ് ഇന്ദുവിന് ഈ ദുര്‍വിധിയുണ്ടായത്. അതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഞാനിപ്പം അവരെ തേടിയിറങ്ങിയിരിക്കുന്നത്.''
''കഥകളൊക്കെ അവളു പറഞ്ഞിരുന്നു. പക്ഷേ, സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് സ്‌കൂളീന്നു പിരിച്ചുവിട്ടതെന്നാണ് ഹെഡ്മിസ്ട്രസിനെ വിളിച്ചു ചോദിച്ചപ്പം അവരു പറഞ്ഞത്.''
''അതു തെറ്റാ. എന്റച്ഛന്റെ ഇഷ്ടത്തിനു വഴങ്ങാതെവന്നപ്പം അവളെ അപമാനിച്ച് ഇറക്കിവിടാന്‍ ഒരുപാടു നാടകങ്ങള്‍ അവിടെ നടന്നു.'' നടന്നതെല്ലാം അഭിഷേക് വിശദീകരിച്ചു.
''ഹോട്ടല്‍ മുറിയില്‍നിന്നു പോലീസ് പിടിച്ചശേഷം അവളെങ്ങോട്ടുപോയീന്നറിയില്ല. ഫോണ്‍ സ്വിച്ചോഫാ. അതുകൊണ്ട് അവളുടെ അമ്മ മരിച്ച കാര്യം അറിയിക്കാന്‍ പറ്റിയില്ല. ഇപ്പോ നാല് അനിയത്തിമാര് തനിച്ചാ താമസം. ഇന്ദുവിനെ കണ്ടെത്തി ആ വീട്ടിലെത്തിച്ച് ആ കുടുംബം നോക്കേണ്ട ചുമതല ഇനി എന്റേതാ. ഞാന്‍ കാരണമാണല്ലോ എല്ലാം സംഭവിച്ചത്. എനിക്കവരെ കണ്ടെത്തിയേ പറ്റൂ. ഇന്ദു എവിടുണ്ടെന്നു പറയാമോ?''
''അവരെ കണ്ടെത്തിയാല്‍ ആ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും നിങ്ങള്‍ ഏറ്റെടുക്കുമോ?''
''തീര്‍ച്ചയായും.''
ചാണ്ടിക്കുഞ്ഞ് ഒരു നിമിഷനേരം അഭിഷേകിന്റെ മുഖത്തേക്കു നോക്കി മൗനമായി ഇരുന്നു. എന്തോ ആലോചിക്കുകയാണെന്ന് അഭിഷേകിനു മനസ്സിലായി.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)