കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. ഇതറിഞ്ഞ് ഹൃദയാഘാതം വന്ന് ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മരിച്ചു. പക അടങ്ങാതെ ആനന്ദന്‍ ഇന്ദുവിനെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍മുറിയിലെത്തിച്ച് പോലീസിനെ വരുത്തി അപമാനിച്ചു. സായാഹ്നപ്പത്രത്തില്‍ വാര്‍ത്തവന്നു. ഇന്ദു മരണത്തെപ്പറ്റി ചിന്തിച്ചു. സന്ദര്‍ശകവിസയില്‍ അമേരിക്കയില്‍ പോയ അഭിഷേക് ഇന്ദുവിനെ തേടി അവളുടെ വീട്ടിലെത്തി. ഇന്ദു എവിടെപ്പോയി എന്ന് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. സ്‌കൂള്‍ മാനേജരുടെ മകനാണെന്നു കേട്ടപ്പോള്‍ അമ്മ ദേവകി പൊട്ടിത്തെറിച്ചു.
(തുടര്‍ന്നു വായിക്കുക)
ദേവകി അന്തര്‍ജനത്തിന്റെ ഉച്ചത്തിലുള്ള സംസാരംകേട്ട് സീതാലക്ഷ്മിയും നന്ദിനിയും ശ്രീക്കുട്ടിയും പാര്‍വതിയും പൂമുഖത്തേക്കു വന്നു. വിവാഹപ്രായമെത്തിയ മൂന്നു പെണ്‍കുട്ടികളും ഒരു ബാലികയും എല്ലും തോലുമായി നിരന്നുനില്ക്കുന്നതു കണ്ടപ്പള്‍ അഭിഷേകിന്റെ മനസ്സു നൊന്തു. ധരിക്കാന്‍ നല്ലൊരു വസ്ത്രംപോലുമില്ല. ഈ വീടിന്റെ അത്താണിയാകേണ്ട ഒരു പാവം സ്ത്രീയോടാണല്ലോ അച്ഛന്‍ ക്രൂരത കാട്ടിയത്.
ദേവകിയുടെ രോഷം തെല്ലൊന്നടങ്ങിയപ്പോള്‍ അഭിഷേക് പറഞ്ഞു:
''ഇന്ദുവിനോടു ദ്രോഹം ചെയ്തതു ഞാനല്ലമ്മേ. എന്റെ അച്ഛനാ. ഞാന്‍ അമേരിക്കേലായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചുവന്നപ്പഴാ കഥകളറിഞ്ഞത്. കേട്ടപ്പം ഒരുപാടു വിഷമം തോന്നി. ഇന്ദുവിനെ കണ്ടു ക്ഷമ ചോദിക്കാനാ ഞാനിപ്പം വന്നത്.''
''അവളെവിടുണ്ടെന്ന് എനിക്കറിയില്ല. അച്ഛന്‍ മരിച്ചു രണ്ടു ദിവസം കഴിഞ്ഞു പെട്ടിയെടുത്തു പോയതാ. ഇടയ്ക്കു വിളിച്ചിരുന്നു. പിന്നെ വിളിക്കാതായി. അങ്ങോട്ടു വിളിച്ചപ്പം സ്വിച്ചോഫാ. എന്തു പറ്റീന്നറിയില്ല. ഞങ്ങളെയൊന്നും വേണ്ടായിരിക്കും അവള്‍ക്ക്.''
''പോലീസിലറിയിച്ചില്ലേ?''
''എന്തിന്? പിടിച്ചോണ്ടു വന്നിട്ട് അവളുടെ ചെലവുകൂടി ഞാന്‍ കൊടുക്കാനോ? ഈ നാലു പെങ്കൊച്ചുങ്ങളെ തീറ്റിപ്പോറ്റാനുള്ള ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ. സഹായത്തിന് ഒരാണ്‍തരിയെപ്പോലും ഈശ്വരന്‍ തന്നില്ല.'' ദേവകി പൊട്ടിക്കരഞ്ഞുപോയി. അഭിഷേകിന്റെ കണ്ണുകള്‍ നിറഞ്ഞു.
''ഞാന്‍ കുറച്ചു കാശു തന്നാല്‍ അമ്മ സ്വീകരിക്കുമോ?''
''എത്രയാ? അഞ്ഞൂറോ ആയിരമോ? വേണ്ട; സഹായമൊന്നും വേണ്ട. പൊക്കോ.''
അഭിഷേക് ബാഗു തുറന്ന് ചെക്ക് ലീഫെടുത്ത് ഒരു തുക എഴുതി സീതാലക്ഷ്മിയുടെ കൈയിലേക്കു നീട്ടി. അവളതു വാങ്ങി നോക്കി. ഒരു ലക്ഷം രൂപ. അതിശയിച്ചുപോയി.
''തല്‍ക്കാലം ഇതിരിക്കട്ടെ. ഇനിയും ഞാന്‍ വരും. ഇന്ദുവിനെപ്പറ്റി എന്തെങ്കിലും അറിവു കിട്ടിയാല്‍ എന്നെ അറിയിക്കണം. എന്റെ ഫോണ്‍ നമ്പരിതാ.''
അഭിഷേക് വിസിറ്റിങ് കാര്‍ഡെടുത്തു നീട്ടി. സീത അതു വാങ്ങി.
''വരട്ടെ അമ്മേ...' കൈകൂപ്പി എല്ലാവരോടുമായി യാത്ര ചോദിച്ചു. സീത തിരിച്ചും കൈകൂപ്പി.
മടക്കയാത്രയില്‍ അഭിഷേകിന്റെ ഹൃദയം വിങ്ങി വേദന ഒഴുകുകയായിരുന്നു. ഇന്ദുലേഖ എങ്ങോട്ടുപോയി? വല്ല ട്രെയിനിനും തലവച്ച് ജീവിതം അവസാനിപ്പിച്ചോ? ആ അമ്മയുടെയും അഞ്ചു പെണ്‍മക്കളുടെയും ശാപം കിട്ടില്ലേ തന്റെ കുടുംബത്തിന്.
വീട്ടിലെത്തി, കുളികഴിഞ്ഞു കട്ടിലിലേക്കു ചായുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. കണ്ണടച്ചു കിടക്കുമ്പോള്‍ ദേവകിയുടെ ശാപവാക്കുകളാണു കാതില്‍ മുഴങ്ങുന്നത്. എല്ലും തോലുമായ നാലു പെണ്‍കുട്ടികളുടെ രൂപമാണു മനസ്സില്‍.
രാവിലെ വൈകിയാണ് ഉണര്‍ന്നത്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു സ്റ്റെയര്‍കേസിറങ്ങി സ്വീകരണമുറിയിലേക്കു ചെന്നപ്പോള്‍ ആനന്ദന്‍ പത്രം വായിച്ചുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. അഭിമുഖമായി സെറ്റിയില്‍ ഇരുന്നിട്ട് അഭിഷേക് ചോദിച്ചു:
''ഇന്ദുവിനെ സ്‌കൂളീന്നു പിരിച്ചുവിട്ടത് എന്തിനായിരുന്നു അച്ഛാ?''
''സ്വഭാവദൂഷ്യത്തിന്. ഞാനതെത്ര തവണ പറഞ്ഞു. പിന്നെയും എന്തിനാ ഇപ്പോള്‍ ഈ ചോദ്യം?''
''ഞാനിന്നലെ ഇന്ദുവിനെ കണ്ടു.''
അഭിഷേക് ഒരു നുണ പറഞ്ഞു. ഒരമ്പരപ്പോടെ ആനന്ദന്‍ മകനെ തുറിച്ചുനോക്കി.
''എവിടെ വച്ച്?''
''ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു.''
''അവളെന്തു പറഞ്ഞു?''
''ഒരു പാവം പെണ്ണിനോട് ഈ ക്രൂരത വേണമായിരുന്നോ അച്ഛാ?''
''എന്തു ക്രൂരത? അവളു പറഞ്ഞതു മുഴുവന്‍ നുണയാ. നീയതു വിശ്വസിച്ചോ? പഠിച്ച കള്ളിയാണവള്‍. നീ എന്തിനാ എന്നോടു പറയാതെ അവളെ കാണാന്‍ പോയത്?''
''ഞാനും ഇന്ദുവും തമ്മില്‍ പ്രണയമാണെന്ന് ആരാ അച്ഛനോടു പറഞ്ഞത്?'
''ഞാനങ്ങനെ പറഞ്ഞില്ലല്ലോ.''
''അവരെ തെറ്റിദ്ധരിപ്പിച്ചു ഹോട്ടല്‍മുറിയിലെത്തിച്ചു പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് അപമാനിച്ചിറക്കി വിടാന്‍ അച്ഛനെങ്ങനെ കഴിഞ്ഞു?''
''ആരു പറഞ്ഞു ഈ കള്ളക്കഥ? ഞാന്‍ പറഞ്ഞതിനേക്കാള്‍ വിശ്വാസം നിനക്കവളു പറഞ്ഞതാണോ?'
''ഞാന്‍ എല്ലാം അന്വേഷിച്ചു മനസ്സിലാക്കിയിട്ടാ അച്ഛാ ഇപ്പം സംസാരിക്കുന്നെ.''
''എന്ത് അന്വേഷിച്ചു? നിനക്കു ഭ്രാന്തുപിടിച്ചോ?''
സംസാരംകേട്ട് ശ്രീദേവി സ്വീകരണമുറിയിലേക്കു വന്നു.
''എന്താ... എന്താ പ്രശ്‌നം?''
''ഇന്ദുവിനെ പിരിച്ചുവിട്ടത് ഇവനിട്ടപ്പെട്ടില്ലപോലും.'' ആനന്ദന്‍ പരിഹസിച്ചു.
''അവളവളുടെ പാട്ടിനു പോയില്ലേ. ഇനി അതിനെ ച്ചൊല്ലിയെന്തിനാ അച്ഛനും മകനും തമ്മിലൊരു തര്‍ക്കം.'' ശ്രീദേവി സമാധാനിപ്പിക്കാന്‍ നോക്കി.
ആനന്ദന്‍ അഭിഷേകിനു നേരേ കൈചൂണ്ടി ആക്രോശിച്ചു.
''ഒരു കാര്യം പറഞ്ഞേക്കാം. എന്നെ ചോദ്യം ചെയ്യാന്‍ വന്നാല്‍ പടിയടച്ചു പിണ്ഡം വയ്ക്കും ഞാന്‍. മകനാണെന്നൊന്നും നോക്കില്ല.''
''പശൂം ചത്തു മോരിലെ പുളീം പോയി. ഇനിയിപ്പം അതിനെപ്പറ്റി പറഞ്ഞു വഴക്കുകൂടുന്നതെന്തിനാ. നീയിങ്ങു വാ.''
ശ്രീദേവി മകനെ പിടിച്ച് അടുത്ത മുറിയിലേക്കു കൊണ്ടുപോയി. പോകുന്നതിനിടയില്‍ തിരിഞ്ഞുനിന്ന് അഭിഷേക് പറഞ്ഞു:
''ഒരു നമ്പൂതിരിക്കുടുംബത്തിന്റെ ശാപം കിട്ടും ഈ വീടിന്.''
''കിട്ടിക്കോട്ടെ. ആ ശാപത്തില്‍ എന്റെ തലപൊട്ടിത്തെറിച്ചു പോണേല്‍ പൊക്കോട്ടെ.'' ആനന്ദനും വാശിയിലായിരുന്നു.
അഭിഷേക് സ്റ്റെയര്‍കേസ് കയറി മുകളിലത്തെ നിലയില്‍, തന്റെ മുറിയിലേക്കു പോയി.
ആനന്ദന്‍ അസ്വസ്ഥനായി കാണപ്പെട്ടു. അഭിഷേക് മുഖത്തുനോക്കി ഇങ്ങനെ സംസാരിക്കുമെന്നു പ്രതീക്ഷിച്ചില്ല. ഇന്ദുവിനെ അവന്‍ കണ്ടു എന്നു പറഞ്ഞത് നേരായിരിക്കുമോ? സൂക്ഷിക്കണം അവനെ. സ്‌നേഹലത പറഞ്ഞതു സത്യമാണ്. ഇന്ദുവിനോട് അവനു പ്രേമമുണ്ട്. ഇപ്പോള്‍ അതു സഹതാപം കൂടിയായി മാറിയിരിക്കുന്നു. അതപകടമാണ്.
ആനന്ദന്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കണ്ടപ്പോള്‍ ശ്രീദേവി അങ്ങോട്ടു വന്നു.
''വിവരമില്ലാതെ അവനെന്തെങ്കിലും പറഞ്ഞെന്നുവച്ച് ഇത്ര അസ്വസ്ഥനാകണോ?''
''നീ കേട്ടോ അവന്‍ പറഞ്ഞത്. അവനവളുടെ വീട്ടില്‍പോയി അവളെ കണ്ടെന്ന്.''
''അതു ചോദിക്കാനാ ഞാനിപ്പം വന്നത്. അവനും അവളും തമ്മില്‍ പ്രേമമായിരുന്നോ?'
''ട്രെയിനില്‍ വച്ചു കണ്ടുമുട്ടിയപ്പംമുതലു തുടങ്ങിയ സ്‌നേഹമാ. സ്‌കൂളില്‍വച്ച് ഇടയ്ക്കിടെ കൂടിക്കാണാറുണ്ടായിരുന്നൂന്ന് ടീച്ചര്‍മാരു പറഞ്ഞപ്പം ഞാനാദ്യം വിശ്വസിച്ചില്ല. പിന്നെ എനിക്കു മനസ്സിലായി അതു സത്യമാണെന്ന്. ഒന്നുരണ്ടു തവണ വിളിച്ചു വാണിങ്ങു കൊടുത്തതാ. എന്നിട്ടും എന്നെ ധിക്കരിച്ചവള്‍ അവനെ കണ്ടു. സ്‌കൂളീന്നു പിരിച്ചു വിട്ടിട്ടും അവനെ കാണണമെന്ന ഉദ്ദേശത്തോടെ അവളിവിടെ ന്യൂഫാഷന്‍ ടെക്സ്റ്റയില്‍സില്‍ സെയില്‍സ് ഗേളായിട്ടു വന്നു. അപ്പഴാ ഞാനവളെ വിളിച്ചു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കൊടുത്തത്. എന്നിട്ട്, അപമാനിച്ച് നാണം കെടുത്തി അവളെ ഈ നാടുകടത്തിയതാ. എന്നിട്ടും അവളെത്തേടി അവന്‍ അവളുടെ വീട്ടില്‍ പോയെങ്കില്‍ ആ പ്രേമത്തിന്റെ തീവ്രത ഒന്നാലോചിച്ചേ.''
''ഇതൊന്നും എനിക്കറിയില്ലായിരുന്നു.'' ശ്രീദേവിയും അസ്വസ്ഥയായി.
അഭിഷേകും ആനന്ദനും തമ്മില്‍ പിന്നീട് ഒന്നും സംസാരിച്ചതേയില്ല. രാത്രി ആനന്ദന്‍ നേരത്തേ അത്താഴം കഴിച്ചിട്ടു കിടന്നു. മദ്യപിച്ചിരുന്നതിനാല്‍ വേഗം ഉറങ്ങിപ്പോയി.
അഭിഷേക് അത്താഴം കഴിക്കാനായി ഡൈനിങ് റൂമില്‍ വന്നിരുന്നപ്പോള്‍ ശ്രീദേവി പറഞ്ഞു:
''നീ രാവിലെ അച്ഛനോട് എന്തൊക്കെയാ പറഞ്ഞേ? അച്ഛനാകെ വിഷമിച്ചിരിക്ക്വാ.''
''ഞാന്‍ പറഞ്ഞതൊക്കെ സത്യമാ അമ്മേ. ഇന്ദു ഒരു നല്ല അധ്യാപികയായിരുന്നു. അച്ഛന്‍ അവളെ ചതിച്ച് നാണംകെടുത്തി നാടുകടത്തിയതാ.''
''അതിനു നിനക്കെന്താ? അവളവളുടെ വഴിക്കു പോട്ടെ. നീയെന്തിനാ അതോര്‍ക്കുന്നെ?''
''അവളുടെ വീട്ടിലെ സ്ഥിതി വളരെ ദയനീയമാ അമ്മേ. ഞാനവിടെ പോയിരുന്നു.'
''നീയെന്തിനാ അവിടെ പോയെ? അതിനു മാത്രം നീയും അവളും തമ്മില്‍ എന്താ അടുപ്പം?'
''അമ്മ വിചാരിക്കുന്നപോലുള്ള അടുപ്പമൊന്നുമില്ല. എനിക്ക് എന്റെ സഹോദരിയെപ്പോലെയാ അവള്.''
''എങ്ങോണ്ടോ കിടക്കുന്ന ഒരു പെണ്ണ് നിനക്കെങ്ങനെയാടാ സഹോദരിയാകുന്നത്? അവളെ മനസ്സീന്നു കളഞ്ഞേക്ക്. അവളവളുടെ വഴിക്കുപോട്ടെ.''
അതിനു മറുപടി പറയാതെ അഭിഷേക് അത്താഴം കഴിച്ചിട്ട് എണീറ്റ് കൈകഴുകി മുറിയിലേക്കു പോയി.
പിറ്റേന്ന് ഒരു കൂട്ടുകാരനെ കാണാനെന്നു പറഞ്ഞ് അഭിഷേക് വേഷം മാറി പുറത്തേക്കു പോയപ്പോള്‍ ശ്രീദേവി ഭര്‍ത്താവിനോടു പറഞ്ഞു:
''അവനെ പിടിച്ചു പെണ്ണു കെട്ടിക്കണം. ഇല്ലെങ്കില്‍ അപകടമാ.''
''ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. വേഗം പെണ്ണുകെട്ടിച്ചില്ലെങ്കില്‍ ആ നമ്പൂതിരിപ്പെണ്ണ് ഇവന്റെ തോളില്‍ കേറി ഈ വീട്ടില്‍ വന്ന് നമ്മളോടു പ്രതികാരം ചെയ്യും.''
''കല്യാണം ഇപ്പം വേണ്ടാന്നും പറഞ്ഞല്ലേ അവന്‍ നടക്കുന്നത്? ഈ സമയത്തു പറഞ്ഞാല്‍ അവന്‍ അനുസരിക്കുമോന്ന് ആര്‍ക്കറിയാം.''
''അനുസരിപ്പിക്കണം. അതു നിന്റെ സാമര്‍ഥ്യം. ഇല്ലെങ്കില്‍ നീയും ഞാനും ഈ വീട്ടീന്നു പുറത്താകും. ഈ വീടും പറമ്പും അവന്റെ പേരിലാന്ന് ഓര്‍ക്കണം.'' ആനന്ദന്‍ ആശങ്കാകുലനായിരുന്നു.
രാത്രി വൈകിയാണ് അഭിഷേക് മടങ്ങിയെത്തിയത്. അത്താഴം കഴിച്ചുകൊണ്ടിരിക്കേ ശ്രീദേവി വിവാഹക്കാര്യം എടുത്തിട്ടു. ആദ്യം എതിര്‍ത്തെങ്കിലും അമ്മയുടെ നിര്‍ബന്ധം സഹിക്ക വയ്യാതായപ്പോള്‍ അഭിഷേക് സമ്മതം മൂളി.
''നിങ്ങള്‍ക്കു നിര്‍ബന്ധമാണെങ്കില്‍ ആയിക്കോട്ടെ.''
ശ്രീദേവിക്കു സന്തോഷമായി.
''കൊള്ളാവുന്ന ഒരു പെണ്ണ് വന്നുകയറിയാല്‍ ഈ കുടുംബം നന്നാകും മോനേ. നിന്റെ പ്രയാസോം സങ്കടോം ഒക്കെ മാറും.''
അതിനു മറുപടി പറയാതെ അഭിഷേക് ഭക്ഷണം കഴിച്ചിട്ട് എണീറ്റുപോയി.
അടുത്ത ദിവസം അഭിഷേകിന്റെ വിവാഹപരസ്യം മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു.
ഒരുപാട് പ്രപ്പോസലുകള്‍ വന്നെങ്കിലും ശ്രീദേവിക്ക് ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. സൗന്ദര്യം, തറവാട്ടുമഹിമ, സമ്പത്ത്, വിദ്യാഭ്യാസം എല്ലാം ഒത്തിണങ്ങിയ ഒരു പെണ്ണിലായിരുന്നു ശ്രീദേവിയുടെ കണ്ണ്. വന്ന ആലോചനകള്‍ ഒന്നൊന്നായി തള്ളിക്കളഞ്ഞപ്പോള്‍ അഭിഷേക് പറഞ്ഞു:
''നമുക്ക് ഒരുപാട് മോഹങ്ങളൊന്നും വേണ്ടമ്മേ. സാമാന്യ സൗന്ദര്യവും സ്വഭാവശുദ്ധിയുമുള്ള ഒരു പെണ്‍കുട്ടി. അതു മതി.''
''അതു പോരാ. എന്റെ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെത്തന്നെ നീ കെട്ടണം.''
''എന്നാ അമ്മ കണ്ടുപിടിച്ചിട്ട് ഇങ്ങു പറഞ്ഞാ മതി. ഞാന്‍ വന്നു താലികെട്ടിക്കോളാം.'' ഒന്നു ചിരിച്ചിട്ട് അഭിഷേക് എണീറ്റുപോയി.
ഏറെ അന്വേഷണങ്ങള്‍ക്കും പെണ്ണുകാണലുകള്‍ക്കുമൊടുവില്‍ ശ്രീദേവിയുടെ മനസ്സില്‍ പിടിച്ച ഒരു പെണ്ണിനെ കിട്ടി. അപര്‍ണ വിശ്വനാഥന്‍. അഭിഷേകിനും ഇഷ്ടമായി കുട്ടിയെ. വിവാഹം ഉറപ്പിച്ചു.
ആനന്ദനും ശ്രീദേവിക്കും സമാധാനമായി. ഇന്ദുലേഖയുടെ പേരും പറഞ്ഞ് അവന്‍ ഇനി വഴക്കിനു വരില്ലല്ലോ.
വിവാഹനിശ്ചയം കഴിഞ്ഞു മൂന്നുനാള്‍ പിന്നിട്ടു. ഒരു ശനിയാഴ്ച പുലര്‍ച്ചെ അഭിഷേകിനൊരു ഫോണ്‍കോള്‍. എടുത്തു കാതോടു ചേര്‍ത്തപ്പോള്‍ അങ്ങേ ത്തലയ്ക്കല്‍ സീതാലക്ഷ്മി. ഇന്ദുലേഖയുടെ അനിയത്തി. സീത ആ വാര്‍ത്ത പറഞ്ഞതും അഭിഷേക് തളര്‍ന്നിരുന്നുപോയി.
(തുടരും)