കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. ഇതറിഞ്ഞു ഹൃദയാഘാതം വന്ന് അച്ഛന്‍ നാരായണന്‍നമ്പൂതിരി മരിച്ചു. ഇന്ദുവിനോടുള്ള പക അടങ്ങാതെ ആനന്ദന്‍ അവളെ സഹായിക്കാനെന്ന വ്യാജേന തന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കൊടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്ട്രക്റ്റര്‍ രാജേഷുമായി ഗൂഢാലോചന നടത്തി ഇന്ദുവിനെ തെറ്റിധരിപ്പിച്ച് ഹോട്ടല്‍മുറിയിലെത്തിച്ചു. പോലീസ് പിടികൂടി താക്കീതു ചെയ്തു വിട്ടയച്ചു. സായാഹ്നപ്പത്രത്തില്‍ ഈ വാര്‍ത്ത വന്നു. ഹോസ്റ്റലില്‍നിന്ന് ഇന്ദുവിനെ പുറത്താക്കി. നിരാലംബയായ ഇന്ദു മരണത്തെപ്പറ്റി ചിന്തിച്ചു. അമേരിക്കയില്‍ സന്ദര്‍ശനത്തിനു പോയിരുന്ന അഭിഷേക് തിരിച്ചെത്തി. ഇന്ദുവിനെ പിരിച്ചുവിട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അറിഞ്ഞ് അഭിഷേക് വിഷണ്ണനായി. (തുടര്‍ന്നു വായിക്കുക)
രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അഭിഷേക് ആനന്ദനോടു ചോദിച്ചു:
''രാജേഷിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതാണോ അച്ഛാ?''
''പിരിച്ചുവിട്ടിട്ടൊന്നുമില്ല. കുറച്ചുകാലം പുറത്തുനില്‍ക്കട്ടേന്നു വച്ചു. അവനും അവളുംകൂടിയാണല്ലോ നമ്മുടെ സ്ഥാപനത്തിനു പേരുദോഷം ഉണ്ടാക്കിയത്.''
അഭിഷേക് ഒന്നും മിണ്ടിയില്ല.
''അല്ല, ഒരു കണക്കിന് അവനെ പഴിച്ചിട്ടു കാര്യമില്ല. അവളു കണ്ണും കൈയും കാണിച്ച് അവളെ കൊണ്ടുപോയതാ. പോലീസു പിടിച്ചുകഴിഞ്ഞപ്പം അവളു പുണ്യാളത്തിയായി, ഇവന്‍ കുറ്റക്കാരനുമായി. തെറ്റ് ഏറ്റുപറഞ്ഞ് അവന്‍ എന്റടുത്തു വന്നിരുന്നു. ഞാന്‍ ക്ഷമിക്കാന്‍ പോയില്ല. രണ്ടുമാസം പുറത്തു നില്‍ക്കട്ടേന്നു വച്ചു.''
''എന്തായാലും ഇനി അയാളു നമുക്കു വേണ്ടച്ഛാ.''
''നല്ല ആത്മാര്‍ഥതയുള്ള ജോലിക്കാരനാ അവന്‍. ആ പെണ്ണിന്റെ അഴിഞ്ഞാട്ടത്തില്‍ അവനൊരു തെറ്റുപറ്റിപ്പോയതാ.''
അച്ഛന്‍ രാജേഷിനെ ന്യായീകരിക്കുന്നതു കേട്ടപ്പോള്‍ അഭിഷേകിനു സംശയം വര്‍ധിച്ചു. രണ്ടുപേരുംകൂടി പ്ലാന്‍ ചെയ്ത് ഇന്ദുവിനെ കെണിയില്‍ വീഴ്ത്തിയതല്ലേ? രാജേഷിനെ കണ്ടുപിടിക്കണം. ചോദ്യം ചെയ്യണം. അച്ഛന്‍ പറഞ്ഞതില്‍ വാസ്തവമുണ്ടോ എന്നു പരിശോധിക്കണം.
പിറ്റേന്ന് അഭിഷേക് രാജേഷിന്റെ വീടന്വേഷിച്ചു പോയി. പള്ളിക്കരയില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെ ഒരു കുഗ്രാമത്തിലാണ് വീട്. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഒരു സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജേഷ് എവിടെ എന്നു തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു:
''മൂന്നാഴ്ചമുമ്പ് അവനിവിടെ വന്ന് അമ്പതിനായിരം രൂപ തന്നിട്ട് കൂട്ടുകാരുടെ കൂടെ എങ്ങോ ടൂറു പോക്വാന്നും പറഞ്ഞുപോയി. പിന്നെ വന്നിട്ടില്ല.''
''ഫോണ്‍ വിളിക്കാറുണ്ടോ?''
''ഇല്ല. അങ്ങോട്ടു വിളിക്കുമ്പം അവന്റെ ഫോണ്‍ സ്വിച്ചോഫാ.''
''അന്‍പതിനായിരം രൂപ അവന് എവിടുന്നു കിട്ടി?''
''ആനന്ദന്‍സാറു കൊടുത്തതാന്നാ പറഞ്ഞെ.''
''അവന്‍ സന്തോഷത്തിലാണോ പോയെ?''
''അതേ. എന്തേ ചോദിച്ചേ?''
''ഒന്നുമില്ല. രാജേഷ് വന്നാലുടനെ എന്നെയൊന്നു വിളിക്കാന്‍ പറയണം. എന്റെ ഫോണ്‍ നമ്പരിതാ.'' അഭിഷേക് വിസിറ്റിങ് കാര്‍ഡ് കൊടുത്തു.
മടങ്ങിപ്പോരുമ്പോള്‍ അഭിഷേക് ആലോചിക്കുകയായിരുന്നു. അന്‍പതിനായിരം രൂപ ഒരുമിച്ച് അച്ഛന്‍ അയാള്‍ക്കു കൊടുത്തതെന്തിനാണ്? പ്രത്യേകിച്ച്, കുറ്റക്കാരനെന്നുകണ്ട് പുറത്താക്കുന്ന ഒരാളുടെ കൈയിലേക്ക്? സംശയങ്ങള്‍ നീളുന്നു.
ഒരു ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരിക്കുമ്പോള്‍ അഭിഷേകിന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പരാണ്. ഫോണ്‍ കാതോടുചേര്‍ത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ രാജേഷ്.
''ഞാന്‍ രാജേഷാണ്. സാറെന്നെ അന്വേഷിച്ചു എന്നു കേട്ടു.''
''രാജേഷിന്റെ മൊബൈല്‍ നമ്പര്‍ മാറിയോ?''
''മാറി സാര്‍. ഇതാണ് പുതിയ നമ്പര്‍.''
''അതെന്താ മാറീത്?''
''ആ കേസുമായി ബന്ധപ്പെട്ട പലരും എന്നെ വിളിച്ചു ചീത്ത വിളിക്കുന്നു. സഹികെട്ട് ഞാനാ നമ്പര്‍ മാറി.'' അതു വിശ്വസനീയമായി തോന്നിയില്ല അഭിഷേകിന്.'
''എനിക്കു രാജേഷിനെ ഒന്നു കാണണം.''
''ഞാനങ്ങോട്ടു വരാം സാര്‍.''
''വേണ്ട. നമുക്കു ഹോട്ടല്‍ ബ്ലൂലഗൂണില്‍വച്ചു കാണാം. ഞാനങ്ങോട്ടു വരാം.''
''എന്താ സാര്‍ പ്രശ്‌നം?''
''ഇന്ദു എന്നു പറയുന്ന ഒരു യുവതി ഉണ്ടായിരുന്നല്ലോ നമ്മുടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. അവളെപ്പറ്റി അറിയാനാ. അച്ഛന്‍ പറഞ്ഞു കുറെയൊക്കെ അറിഞ്ഞു. നമ്മുടെ സ്ഥാപനത്തിന്റെ സല്‍പ്പേര് കളഞ്ഞ അവളോട് എനിക്കിപ്പം തീര്‍ത്താല്‍ തീരാത്ത പകയാ. രാജേഷ് അവളുടെ ചതിയില്‍ വീണുപോയതാന്ന് അച്ഛന്‍ പറഞ്ഞു. അവളിപ്പം എവിടാന്നറിയില്ല. എനിക്ക് അവളെ കണ്ടുപിടിച്ച് രണ്ടു വര്‍ത്തമാനം പറയണം.''
''ഞാന്‍ വരാം സാര്‍.''
''പിന്നെ... ഇതൊന്നും അച്ഛനറിയണ്ടാട്ടോ. പ്രതികാരം ചെയ്യാന്‍ പോകുന്നതൊന്നും അച്ഛനിഷ്ടമില്ല.'' അഭിഷേക് ഒരു അടവ് പ്രയോഗിച്ചു.
''ആരോടും പറയില്ല സാര്‍.''
നിശ്ചിതസമയത്ത് ഹോട്ടല്‍ ബ്ലൂലഗൂണിലെ റെസ്റ്റോറന്റില്‍ ഇരുവരും കൂടിക്കണ്ടു.
''ഇന്ദു ഇപ്പം എവിടുണ്ടെന്ന് അറിയാമോ?'' അഭിഷേക് ചോദിച്ചു.
''ഇല്ല സാര്‍. ആ സംഭവത്തിനുശേഷം ഞാന്‍ കണ്ടിട്ടില്ല.''
''രാജേഷ് എന്തു പറഞ്ഞു വിശ്വസിപ്പിച്ചാ അവളെ ഹോട്ടല്‍ മുറീലെത്തിച്ചത്?''
''സാര്‍ ഞാനും അവളും തമ്മില്‍ സ്‌നേഹമായിരുന്നു. ഹോട്ടല്‍മുറീലേക്കു വിളിച്ചപ്പം അവളൊരു മടീം കൂടാതെ എന്റെകൂടെ പോന്നു.
പോലീസു പിടിച്ചപ്പം ഒരു ഒഫീഷ്യല്‍ മീറ്റിങ്ങിനു വന്നതാന്നു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കിയതാ. പത്രത്തില്‍ വാര്‍ത്തവന്നു നാണക്കേടായപ്പം അവളെന്നോടു ചൂടായി. പിന്നെ ഞാന്‍ വിളിച്ചിട്ട് അവള്‍ ഫോണ്‍ എടുത്തില്ല. ഇപ്പം ഫോണ്‍ സ്വിച്ചോഫാ. ആള് എവിടുണ്ടെന്ന് അറിയില്ല.''
തെല്ലുനേരം രാജേഷിനെ സൂക്ഷിച്ചുനോക്കിയിരുന്നിട്ട് അഭിഷേക് ചെറുതായൊന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു:
''നല്ലൊരു നടനാ നീ. ആട്ടെ, ഈ നാടകത്തിലഭിനയിച്ചതിന് അച്ഛന്‍ നിനക്കെത്ര രൂപ തന്നു?''
''ഏതു നാടകത്തില്‍?''
''ഇന്ദുവിനെ നാറ്റിച്ച് ഈ നാട്ടീന്നു കെട്ടുകെട്ടിക്കാനുള്ള നാടകത്തില്‍. താനിനി എന്റെ മുമ്പില്‍ അഭിനയിക്കാന്‍ നോക്കണ്ട. എല്ലാം ഞാനറിഞ്ഞു. ആട്ടെ അച്ഛന്‍ തന്ന അമ്പതിനായിരം രൂപ എന്തു ചെയ്തു?''
കള്ളി വെളിച്ചത്തായി എന്നു തോന്നിയതും ഒരു വളിച്ച ചിരിയോടെ രാജേഷ് പറഞ്ഞു:
''അതു വീട്ടില്‍ കൊടുത്തു സാര്‍.''
''എന്തിനാ ഇന്ദുവിനെ അപമാനിക്കാന്‍ നീ കൂട്ടുനിന്നത്? അവളു നിന്നോടു വല്ല ദ്രോഹവും ചെയ്‌തോ?''
''ഇല്ല സാര്‍. വളരെ ഡീസന്റായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്. എനിക്കവളെ കല്യാണം കഴിക്കണമെന്നുപോലും ആഗ്രഹമുണ്ടായിരുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന ബുദ്ധി ഉപദേശിച്ചു തന്നത് ആനന്ദന്‍ സാറാ. അതു പാളി.''
''എന്താ സംഭവിച്ചതെന്നു വിശദമായിട്ട് പറ.''
രാജേഷ് നടന്നതെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു. എല്ലാം കേട്ടിട്ട് അഭിഷേക് പറഞ്ഞു:
''ഞാന്‍ രാജേഷിനെ കണ്ടതും സംസാരിച്ചതുമൊന്നും അച്ഛനറിയണ്ട കേട്ടോ. നമ്മള്‍ തമ്മില്‍ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുമില്ല. മനസ്സിലായോ?''
''ഇതു ഞാനങ്ങോട്ടു പറയാനിരിക്ക്വായിരുന്നു. ഞാനീ പറഞ്ഞതൊന്നും ആനന്ദന്‍സാര്‍ അറിയരുത്.''
''ഒരിക്കലുമില്ല.''
''സാര്‍, എന്റെ ജോലി?''
''അച്ഛന്‍ പറയുമ്പം കേറിക്കോ. ഞാനതില്‍ ഇടപെടുന്നില്ല.''
വീട്ടിലേക്കു മടങ്ങുമ്പോള്‍ അഭിഷേക് ഓര്‍ത്തു. സംശയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. അച്ഛന്‍ എത്ര ക്രൂരനാണ്. ഒരു പാവം സ്ത്രീയോട് എങ്ങനെ ഇതു ചെയ്യാന്‍ സാധിക്കുന്നു?
കാര്‍ ഒതുക്കിനിറുത്തിയിട്ട് അഭിഷേക് അശ്വതിറ്റീച്ചറിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. റ്റീച്ചറെ ഫോണില്‍ കിട്ടി.
''ഞാനൊരു കാര്യം ചോദിക്കാനാ വിളിച്ചത്. ഇന്ദുറ്റീച്ചറിന്റെ വീട് എവിടാന്ന് അറിയാമോ?''
''അഡ്രസ് എനിക്കറിയാം. കൃത്യമായ സ്ഥലം അറിയില്ല.'' അശ്വതി അഡ്രസ് പറഞ്ഞുകൊടുത്തു.
''സ്‌കൂളില്‍ അവര്‍ക്കു ശത്രുക്കളാരെങ്കിലുമുണ്ടായിരുന്നോ?''
''സാര്‍ അത്.... ഫോണില്‍...''
''പറഞ്ഞോളൂ. ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നൊന്നുമില്ല. റ്റീച്ചര്‍ക്കെന്നെ വിശ്വസിക്കാം.''
''സ്‌നേഹലത അവളുടെ ബദ്ധശത്രുവായിരുന്നു.''
''ജോലി കിട്ടാന്‍വേണ്ടി ഇന്ദു കൊടുത്ത അഞ്ചുലക്ഷം അച്ഛന്‍ തിരികെക്കൊടുത്തോ?''
''ഇല്ല സാര്‍. അവളു ചോദിച്ചിട്ടും കൊടുത്തില്ലായിരുന്നു. ഞാന്‍ പറഞ്ഞല്ലോ, എല്ലാത്തിനും പിന്നില്‍ ഒരു ചതിയുണ്ടെന്നു ഞാന്‍ സംശയിക്കുന്നു.''
''താങ്ക്‌യു റ്റീച്ചര്‍.''
നന്ദി പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തു.
അടുത്ത ദിവസം പുലര്‍ച്ചെ അഭിഷേക് ഇന്ദുവിന്റെ നാട്ടിലേക്കു യാത്രയായി. കാറിലായിരുന്നു യാത്ര. ദൂരെയുള്ള ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നു എന്നു മാത്രമേ അച്ഛനോടും അമ്മയോടും പറഞ്ഞുള്ളൂ.
ഇന്ദുവിന്റെ നാട്ടിലെത്തിയപ്പോള്‍ നേരം ഉച്ചതിരിഞ്ഞിരുന്നു. പലരോടും ചോദിച്ചാണ് വീടു കണ്ടുപിടിച്ചത്.
പൊട്ടിപ്പൊളിഞ്ഞ്, നിലംപൊത്താറായ ഒരു പഴയ ഇല്ലം. ക്ഷയിച്ച തറവാടാണെന്ന് ഒറ്റ നോട്ടത്തിലേ അറിയാം. പടിപ്പുര കടന്ന് അഭിഷേക് മുറ്റത്തേക്കു പ്രവേശിച്ചു. പുറത്താരെയും കണ്ടില്ല. വരാന്തയിലേക്കു കയറി മണിയടിച്ചു. അകത്തുനിന്ന് ദേവകിയമ്മ പുറത്തേക്കുവന്നു. ആരെന്ന് മനസ്സിലാകാത്ത ഭാവത്തില്‍ അവര്‍ നോക്കിനിന്നു.
''ഇന്ദുവിന്റെ വീട്?''
''നിങ്ങളാരാ?'' മറുചോദ്യമായിരുന്നു മറുപടി.
''കുറച്ചു ദൂരേന്നാ. ഇന്ദുവിനറിയാം. ഒന്നു വിളിക്ക്വോ?''
''നീയാരാന്ന് ആദ്യം പറ.'' ദേവകിക്കു ദേഷ്യം വന്നു.
''ഇന്ദു പഠിപ്പിച്ചിരുന്ന സ്‌കൂളിലെ മാനേജരാ.''
''ഓ... നീയാണോ ആ അലവലാതി. എന്റെ മോടെ ശരീരം വേണമെന്നു പറഞ്ഞ വൃത്തികെട്ടവന്‍. ഇറങ്ങിപ്പോടാ എന്റെ വീട്ടീന്ന്.''
''അതു ഞാനല്ല. ഇന്ദുവിന് എന്നെ അറിയാം. ഒന്നു വിളിക്ക്വോ.''
''മാനേജരുടെ ഇഷ്ടത്തിനു വഴങ്ങാത്തതുകൊണ്ടാ അവളെ പിരിച്ചുവിട്ടതെന്നു പറഞ്ഞു. കൊടുത്ത കാശു തിരിച്ചുകിട്ടില്ലെന്നറിഞ്ഞപ്പഴാ അവളുടെ അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചത്. എന്തിനാ ഞങ്ങളോടീ ക്രൂരത ചെയ്തത്? തന്ന കാശെങ്കിലും തിരിച്ചു തന്നൂടായിരുന്നോടാ വൃത്തികെട്ട നായേ?'' ദേവകി പൊട്ടിത്തെറിച്ച് പിന്നെയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു.
''ഈ കുടുംബം എങ്ങനെയാ ഇപ്പം കഴിയുന്നതെന്നു നിനക്കറിയാമോടാ ചെറ്റേ. കടക്കാരുടെ തെറികേട്ടു മടുത്തു. അഞ്ചുപെണ്‍മക്കളുള്ള ഒരു കുടുംബത്തിന്റെ പ്രയാസം നിനക്കൊന്നും മനസ്സിലാവില്ലെടാ തെണ്ടീ, ചെറ്റേ, പിശാചേ...''
ദേവകിയുടെ ഓരോ വാചകവും കൂരമ്പുകളായാണ് അഭിഷേകിന്റെ ഹൃദയത്തില്‍ തറച്ചത്.
(തുടരും)