•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ~ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. ജോലിയും ജോലിക്കായി കൊടുത്ത പണവും നഷ്ടമായി എന്നറിഞ്ഞപ്പോള്‍ പക്ഷാഘാതം വന്നു കിടപ്പിലായിരുന്ന ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഹൃദയാഘാതം വന്നു മരിച്ചു. ഇന്ദുവിനോടുള്ള പക അടങ്ങാതെ ആനന്ദന്‍ അവളെ സഹായിക്കാനെന്ന വ്യാജേന തന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ദുവിനെ റിസപ്ഷനിസ്റ്റായി നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുകാരന്‍ രാജേഷുമായി ആനന്ദന്‍ ഗൂഢാലോചന നടത്തി ഇന്ദുവിനെ തെറ്റിദ്ധരിപ്പിച്ച് നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ചു. പോലീസ് ഹോട്ടല്‍മുറിയിലെത്തി ഇന്ദുവിനെയും രാജേഷിനെയും ചോദ്യം ചെയ്ത് താക്കീതു ചെയ്തു വിട്ടയച്ചു. സായാഹ്നപത്രത്തില്‍ ഈ വാര്‍ത്തവന്നു. ഇന്ദുവിനെ മേട്രന്‍ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. ഉറ്റസുഹൃത്ത് അശ്വതിയും ഇന്ദുവിനെ കൈയൊഴിഞ്ഞു. നിരാലംബയായ ഇന്ദു മരണത്തെപ്പറ്റി ചിന്തിച്ചു. (തുടര്‍ന്നു വായിക്കുക)

നെടുമ്പാശേരി എയര്‍പോര്‍ട്ട്.
ഷിക്കാഗോയില്‍നിന്നു നിറയെ യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ കണക്ഷന്‍ ഫ്‌ളൈറ്റ് റണ്‍വേയില്‍ സാവധാനം പറന്നിറങ്ങി.
വിമാനത്തില്‍നിന്നു പുറത്തിറങ്ങിയ യാത്രക്കാരുടെ കൂട്ടത്തില്‍ മോടിയായി വേഷം ധരിച്ച സുമുഖനായ ഒരു യുവാവും മധ്യപ്രായം കഴിഞ്ഞ ഒരു സ്ത്രീയുമുണ്ടായിരുന്നു. അത് അഭിഷേകും അമ്മ ശ്രീദേവിയുമായിരുന്നു.
ക്ലിയറന്‍സ് കഴിഞ്ഞ് വെളിയിലേക്കിറങ്ങിയപ്പോള്‍ അവരെകാത്ത് ആനന്ദന്‍ പുറത്തുനില്പുണ്ടായിരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷമുള്ള കൂടിക്കാഴ്ച. സന്തോഷം പങ്കുവച്ച്, കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു അഭിഷേകും ശ്രീദേവിയും.
''മൂന്നുമാസം അച്ഛന്‍ തനിച്ചിരുന്നു മടുത്തുകാണും അല്ലേ?'' അഭിഷേക് ചോദിച്ചു. 
''പിന്നില്ലേ.''
''തടി ഇത്തിരി കൂടിയിട്ടുണ്ട്. എന്നും വെള്ളമടീം തീറ്റയുമായിരുന്നിരിക്കും അല്ലേ?'' ശ്രീദേവി ചിരിച്ചു.
''അങ്ങനൊന്നുമില്ല.'' ആനന്ദന്‍ ഭാര്യയെ സൂക്ഷിച്ചു നോക്കിയിട്ട് തുടര്‍ന്നു: ''നീയും ഇത്തിരി തടിച്ചിട്ടുണ്ട്.''
''അവിടെ വെറുതെ ഇരിക്ക്വല്ലായിരുന്നോ.''
''ബിസിനസ്സൊക്കെ എങ്ങനെ നടക്കുന്നു അച്ഛാ?'' അഭിഷേക് ആരാഞ്ഞു. 
''ഭംഗിയായി പോകുന്നു.''
''ഒരു പുതിയ റ്റീച്ചറുണ്ടായിരുന്നല്ലോ. ഒരു നമ്പൂരിക്കുട്ടി. എന്താ അവരുടെ പേര്... ങ്ഹ, ഇന്ദു. അവരുടെ അച്ഛനിപ്പം എങ്ങനുണ്ട്?''
''അയാള് തട്ടിപ്പോയി.'
''മരിച്ചോ?'' ശ്രീദേവി നടുക്കത്തോടെ ചോദിച്ചു.
''ആള് പോയി.''
''മരിച്ചോ?''
''പാവം! ആ റ്റീച്ചറെന്തു പറയുന്നു?''
''അവളൊരുത്തിയാ അയാളു മരിക്കാന്‍ കാരണം.''
''അതെന്താ?'' അഭിഷേക് ചോദിച്ചു.
''അവളുടെ സ്വഭാവം ചീത്തയായിരുന്നു. സ്‌കൂളിലെ റ്റീച്ചേഴ്‌സ് പറഞ്ഞപ്പം ഞാനാദ്യം വിശ്വസിച്ചില്ല. പക്ഷേ, പലേടത്തുനിന്നും കംപ്ലയിന്റ് വന്നപ്പം ഞാന്‍ അന്വേഷിച്ചു. സംഗതി സത്യമാണെന്നു കണ്ടപ്പം ഞാന്‍ വിളിച്ചു രണ്ടുമൂന്നു തവണ വാണിങ് കൊടുത്തു. നന്നായില്ല അവള്. സ്‌കൂളിന് പേരുദോഷം ഉണ്ടാകുന്ന ഒരു ഘട്ടം വന്നപ്പോള്‍ ജോലീന്നു പിരിച്ചുവിട്ടു. അതു വീട്ടിലറിയിക്കാതെ അവള് തിരുവല്ലയിലെവിടെയോ ചുറ്റിക്കറങ്ങി കാശുണ്ടാക്കിക്കൊണ്ടിരുന്നു. ഒടുവില്‍ പോലീസു പിടിച്ച് അകത്തിട്ടു. വീട്ടീന്ന് ആളെ വിളിച്ചു വരുത്തി പോലീസുകാര് വാണിങും കൊടുത്ത് അവളെ നാട്ടിലേക്കു പാക്കു ചെയ്തു. അതു നാട്ടില്‍ മുഴുവന്‍ പാട്ടായി. ആ നാണക്കേടില്‍ അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചു.''
''എന്നിട്ട്?''
''എന്നിട്ടെന്താ, അമ്മേം അനിയത്തിമാരും ഇവളെ വീട്ടീന്നിറക്കി വിട്ടു. ജീവിക്കാന്‍ വഴിയില്ലാന്നു പറഞ്ഞ് ഇവളു വീണ്ടും കരഞ്ഞുപിഴിഞ്ഞ് എന്റടുത്തു വന്നു. എനിക്കു സഹതാപം തോന്നീട്ട് ഞാന്‍ നമ്മുടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവള്‍ക്കൊരു ജോലി കൊടുത്തു. അത് അതിനേക്കാള്‍ വലിയ പുലിവാലായി.''
''അതെന്താ?''
''അവിടുത്തെ ഇന്‍സ്ട്രക്ടര്‍ രാജേഷുമായിട്ട് ഇവളു കമ്പനിയായി. ഞാനിതു വല്ലതും അറിയുന്നുണ്ടോ. ഒരു ദിവസം രണ്ടിനേം കൂടി ഹോട്ടല്‍മുറീന്നു പോലീസ് പൊക്കി. പോലീസ് എന്നെ വിളിച്ചു. ഞാന്‍ താണുവീണു പറഞ്ഞതുകൊണ്ട് കേസ് ചാര്‍ജു ചെയ്തില്ല. പക്ഷേ, അന്തിപ്പത്രത്തില്‍ വാര്‍ത്തവന്ന് നാട്ടുകാര് മുഴുവന്‍ അറിഞ്ഞു. ഞാനവളെ അപ്പഴേ പിരിച്ചുവിട്ടു.''
''എന്നിട്ടവള് എങ്ങോട്ടു പോയി?'' ശ്രീദേവി ചോദിച്ചു.
''ആര്‍ക്കറിയാം. താമസിച്ചിരുന്ന ഹോസ്റ്റലീന്ന് അവളെ ചാടിച്ചുവിട്ടു. പിറ്റേന്ന് പെട്ടീം പ്രമാണോ എടുത്തു പോയീന്നാ കേട്ടത്. ഇപ്പം മാസം ഒന്നായി.  ജീവിച്ചിരിക്കുന്നോ മരിച്ചോന്നുപോലും അറിയില്ല.''
''ആ പെണ്ണിനെ കണ്ടാല്‍ അങ്ങനൊന്നും തോന്നില്ലായിരുന്നല്ലോ.'' ശ്രീദേവി പറഞ്ഞു.
''അതല്ലേ അവളുടെ മിടുക്ക്. കണ്ടാല്‍ പച്ചപ്പാവം. കൈയിലിരുപ്പ് മഹാമോശം.''
അഭിഷേക് ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് അതൊന്നും അങ്ങു വിശ്വസിക്കാനാകുമായിരുന്നില്ല. പരിചയപ്പെട്ടിടത്തോളം സ്വഭാവദൂഷ്യമുള്ള ഒരു പെണ്ണായി തനിക്കു തോന്നിയില്ലല്ലോ. അച്ഛന്റെ ഇഷ്ടത്തിനു വഴങ്ങാത്തതുകൊണ്ട് പേരുദോഷം ഉണ്ടാക്കി പറഞ്ഞുവിട്ടതാവുമോ?''
കാറു മുമ്പോട്ട് ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് യാത്ര തുടര്‍ന്നു. വീട്ടിലെത്തിയപ്പോള്‍ രാത്രിയായി. 
വേഷം മാറിയിട്ട് അഭിഷേക് പോയി കുളിച്ചു. കുളി കഴിഞ്ഞു മുടി ചീകിയിട്ടു നേരേ കിടപ്പുമുറിയിലേക്കു പോയി. കിടക്കയില്‍ ബെഡ്ഷീറ്റു വിരിച്ചിട്ടു നീണ്ടു നിവര്‍ന്നു കിടന്നു. സുഖമായ ഉറക്കം. നേരം പുലര്‍ന്നിട്ടാണ് എണീറ്റത്.
പ്രഭാതഭക്ഷണം കഴിച്ചിട്ട് വേഷം മാറി പുറത്തേക്കിറങ്ങി. നാലു മാസത്തെ ഇടവേളയില്‍ പള്ളിക്കരഗ്രാമത്തിലുണ്ടായ മാറ്റങ്ങള്‍ നോക്കിക്കണ്ടു. സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ടു വിശേഷങ്ങള്‍ പങ്കുവച്ചു. ടെക്സ്റ്റയില്‍ഷോപ്പിലും കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ പോയി ജീവനക്കാരെ കണ്ട് കുശലം പറഞ്ഞു.
കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ്, രാജേഷിനെയും ഇന്ദുവിനെയും ഹോട്ടല്‍മുറിയില്‍നിന്നു പോലീസ് പിടിച്ച സംഭവം വിശദീകരിച്ചു. വാര്‍ത്ത അച്ചടിച്ചുവന്ന സായാഹ്‌നപ്പത്രം ആരോ എടുത്തകൊണ്ടു വന്ന് അഭിഷേകിനു നീട്ടി. അഭിഷേക് വാര്‍ത്ത വായിച്ചിട്ട് പത്രം തിരികെ കൊടുക്കുന്നതിനിടയില്‍ ചോദിച്ചു.
''ഇന്ദു നിങ്ങളോടൊക്കെ എങ്ങനായിരുന്നു?''
''വളരെ ഫ്രണ്ട്‌ലിയായിരുന്നു. അവരു തമ്മില്‍ പ്രണയമായിരുന്നെന്ന് ഇവിടാര്‍ക്കും അറിയില്ലായിരുന്നു.''  ഒരു യുവതി പറഞ്ഞു.
''ലോഡ്ജീന്നു പിടിച്ചൂന്നു കേട്ടപ്പം ഞങ്ങള്‍ക്കൊക്കെ അതിശയമായിരുന്നു. അത്രയ്ക്കും ഒരു പഞ്ചപാവമായിരുന്നു ആ കൊച്ച്.'' കൂട്ടത്തില്‍ പ്രായമുള്ള സ്ത്രീ പറഞ്ഞു.
''രാജേഷിപ്പം എവിടുണ്ട്?''
''അറിയില്ല.ആ സംഭവത്തിനുശേഷം സാറിങ്ങോട്ടു വന്നിട്ടില്ല. ഫോണ്‍ സ്വിച്ചോഫാ.''
കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങി അഭിഷേക് നേരേ പോയത് വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളിലേക്കായിരുന്നു. അധ്യാപകരെ കണ്ട് കുശലം പറഞ്ഞു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു.
ഇന്ദുവിനു പകരം വന്ന സൗമ്യ റ്റീച്ചറെ ഹെഡ്മിസ്ട്രസ് അഭിഷേകിനു പരിചയപ്പെടുത്തി.
അധ്യാപകര്‍ പിരിഞ്ഞപ്പോള്‍ അഭിഷേക് ഹെഡ്മിസ്ട്രസിന്റെ മുറിയില്‍ അഭിമുഖമായി ഇരുന്നിട്ടു ചോദിച്ചു: 
''ഇന്ദുവിനെ പിരിച്ചുവിടാന്‍ എന്തായിരുന്നു റ്റീച്ചറേ കാരണം?''
''ആനന്ദന്‍സാറിനോടെന്തോ ധിക്കാരമായിട്ടു പെരുമാറീന്നാ കേട്ടത്.''
''സ്വഭാവദൂഷ്യമുണ്ടായിരുന്നോ അവര്‍ക്ക്?'' 
''അങ്ങനെയും കേട്ടു. എനിക്ക് നേരിട്ട് അറിവൊന്നുമില്ല. സ്‌കൂളിലാരും അങ്ങനൊരു കംപ്ലയിന്റ് പറഞ്ഞതായിട്ടറിവില്ല. പിന്നെ, ഇവിടുന്നു പിരിച്ചുവിട്ടതിനുശേഷം റ്റീച്ചര്‍ തിരുവല്ലയിലെവിടെയോ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുവാരുന്നെന്നും അവിടുന്ന് എന്തോ പ്രശ്‌നത്തിനു പോലീസുപിടിച്ചൂന്നുമൊക്കെ കേട്ടു. അതിന്റെ കൂടുതല്‍ ചരിത്രമൊന്നും എനിക്കറിയില്ല. അശ്വതി റ്റീച്ചറിനറിയാം. അവരായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്.''
''ഇവിടാരും കംപ്ലയിന്റ് പറഞ്ഞിട്ടില്ലേ?''
''ഇല്ല. പക്ഷേ, ആനന്ദന്‍ സാറിനവളെ ഒട്ടും ഇഷ്ടമില്ലായിരുന്നു.''
''താങ്ക് യൂ റ്റീച്ചര്‍.''
അഭിഷേക് എണീറ്റു. ഹെഡ്മിസ്ട്രസിന്റെ മുറിയില്‍നിന്നിറങ്ങിയിട്ട് നേരേ സ്റ്റാഫ് റൂമിലേക്കു നടന്നു. നോക്കിയപ്പോള്‍ അശ്വതിറ്റീച്ചര്‍ സീറ്റിലുണ്ട്. അവരെ കൈകാട്ടി പുറത്തേക്കു വിളിച്ചു. തെല്ലു മാറിനിന്നിട്ടു പറഞ്ഞു:
''ഇന്ദു റ്റീച്ചറെപ്പറ്റി ചില കാര്യങ്ങള്‍ അറിയാനാ വിളിച്ചത്.''
അശ്വതി ആകാംക്ഷയോടെ നോക്കി.
''റ്റീച്ചറായിരുന്നല്ലോ അവരുടെ ബെസ്റ്റ് ഫ്രണ്ട്. അവരെ പിരിച്ചുവിടാന്‍ എന്താ കാരണം?''
''അതിപ്പം എന്നോടു ചോദിച്ചാല്‍...''
''പറഞ്ഞോളൂ. ഞാനാരോടും പറയില്ല. അതിന്റെ പേരില്‍ റ്റീച്ചറിന് ഒരു കുഴപ്പവും ഉണ്ടാവില്ല.''
അഭിഷേക് ധൈര്യം പകര്‍ന്നു.
അശ്വതി മടിച്ചുനിന്നപ്പോള്‍ അഭിഷേക് ചോദിച്ചു.
''അവരുടെ സ്വഭാവം മോശമായിരുന്നോ?''
''ഇവിടുന്ന് പിരിച്ചുവിട്ടത് സ്വഭാവം മോശമായതുകൊണ്ടല്ല. സ്വഭാവം നല്ലതായതുകൊണ്ടാ.''
''മനസ്സിലായില്ല.''
''ആനന്ദന്‍ സാര്‍ എന്തോ മോശമായിട്ടു റ്റീച്ചറോട് പെരുമാറി. റ്റീച്ചറു പൊട്ടിത്തെറിച്ചു. അതോടെ സാറിന്റെ ശത്രുവായി അവള്. അങ്ങനെയിരിക്കെ അഭിഷേകുമായി അവള്‍ പ്രണയമാണെന്ന് ഇവിടുത്തെ ഏതോ റ്റീച്ചേഴ്‌സ് ആനന്ദന്‍സാറിന്റെ ചെവിയിലെത്തിച്ചു. അതോടെ സാറിനു പകയായി. സാറു വിളിച്ചു വാണിങ് കൊടുത്തു. അങ്ങനെയിരിക്കുമ്പഴാ അവള് ഒരു ദിവസം അമ്പലത്തില്‍ പോയിട്ടു തിരിച്ചു വരുമ്പം അഭിഷേകിന്റെ കാറില്‍ ഹോസ്റ്റലില്‍ വന്നിറങ്ങുന്നത് ചില റ്റീച്ചേഴ്‌സ് കണ്ടത്. അത് അപ്പഴേ സാറിന്റെ ചെവീലെത്തി. ആ ദേഷ്യത്തിലാ അഭിഷേക് അമേരിക്കയ്ക്കു പോയപ്പം അവളെ ഇവിടെനിന്നു പറഞ്ഞുവിട്ടത്. വാങ്ങിച്ച അഞ്ചുലക്ഷം തിരിച്ചുകൊടുത്തുമില്ല. ജോലി പോയ കാര്യം വീട്ടിലറിയിക്കാതെ അവള് തിരുവല്ലയില്‍ ഒരു വീട്ടില്‍ കുറേനാള്‍ വീട്ടുജോലിക്കുനിന്നു. വീട്ടില്‍ പറയാതെയാണ് പോന്നതെന്ന് എങ്ങനെയോ അറിഞ്ഞ വീട്ടുകാര് ആളെ വിളിച്ചുവരുത്തി അവളെ പറഞ്ഞുവിട്ടു. സ്‌കൂളിലെ ജോലി പോയീന്നും കൊടുത്ത അഞ്ചുലക്ഷം തിരിച്ചുകിട്ടില്ലെന്നും അറിഞ്ഞതോടെ അവളുടെ അച്ഛന്‍ ഹാര്‍ട്ട് അറ്റാക്കു വന്നു മരിച്ചു.''
''പിന്നീടെങ്ങനെയാ അവരു വീണ്ടും നമ്മുടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കു കയറീത്?''
അച്ഛന്‍ മരിച്ചതോടെ അവളു വീട്ടില്‍ ഒറ്റപ്പെട്ടു. എല്ലാരും അവളെ കുറ്റപ്പെടുത്താന്‍ തുടങ്ങി. വീട്ടില്‍ നില്‍ക്കാന്‍ പറ്റാതായപ്പം എന്തെങ്കിലും ജോലി സംഘടിപ്പിച്ചു തരാമോന്നു ചോദിച്ചു കരഞ്ഞുപിഴിഞ്ഞ് എന്റടുക്കല്‍ വന്നു. എന്റെ ഹസ്ബന്റ് ഇവിടെ ന്യൂഫാഷന്‍ ടെക്സ്റ്റയില്‍സില്‍ സെയില്‍സ്‌ഗേളായിട്ടു ജോലി വാങ്ങിക്കൊടുത്തു. അതറിഞ്ഞ ആനന്ദന്‍ സാര്‍ അവളെ വിളിച്ച് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കൊടുക്കുകയായിരുന്നു. അതൊരു ചതിയായിരുന്നോന്ന് എനിക്കിപ്പം സംശയമുണ്ട്.''
''രാജേഷുമായി ഇന്ദു പ്രണയത്തിലായിരുന്നോ?''
''എന്നോടൊന്നും പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും അവളു പറയാറുള്ളതാ. ഇതു പറഞ്ഞിട്ടില്ല.''
''ഇന്ദു ഇപ്പം എവിടുണ്ടെന്ന് അറിയാമോ?''
''ഇല്ല. പത്രത്തില്‍ വാര്‍ത്ത വന്ന അന്ന് എന്നെ വിളിച്ചിരുന്നു; കുറച്ചുദിവസം എന്റെ കൂടെ താമസിക്കാന്‍ സൗകര്യം തരാമോന്നു ചോദിച്ചു. ഹസ്ബന്റിന് ഇഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ പറ്റില്ലാന്നു പറഞ്ഞു. സത്യത്തില്‍ എനിക്കും അവളോട് അപ്പം ഭയങ്കര ദേഷ്യം തോന്നിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സഹതാപംതോന്നി ഞാന്‍ അവളെ വിളിച്ചപ്പം ഫോണ്‍ സ്വിച്ചോഫാ. ഹോസ്റ്റലില്‍ വിളിച്ചപ്പം അവളവിടെനിന്നു പോയീന്നു പറഞ്ഞു. ഇപ്പം എവിടാന്ന് അറിയില്ല.''
''രാജേഷിന്റെകൂടെ പോയതാവുമോ?''
''ഏയ്. അങ്ങനാണെങ്കില്‍ എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ. അതിലെന്തോ ചതിയുണ്ടെന്നാ എന്റെ വിശ്വാസം. ആനന്ദന്‍ സാര്‍ അവളെ ഈ നാട്ടീന്ന് ഓടിക്കാന്‍വേണ്ടി ചെയ്തതാവും. പശ്ചാത്താപം തോന്നീട്ടൊന്നുമാവില്ല വിളിച്ചു ജോലി കൊടുത്തത്.''
''ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിനു നന്ദി റ്റീച്ചര്‍. പോട്ടെ.''
''ഞാനീ പറഞ്ഞതൊന്നും നമ്മള്‍ രണ്ടുപേരുമല്ലാതെ വേറാരും അറിയരുതേ.''
''ഒരിക്കലുമില്ല. റ്റീച്ചറിനെന്നെ വിശ്വസിക്കാം.''
യാത്ര പറഞ്ഞിട്ട് അഭിഷേക് തിരിഞ്ഞുനടന്നു. ഇനി രാജേഷിനെ കണ്ടെത്തണം. അവന്റെ ഫോണ്‍ സ്വിച്ചോഫാണ്. അതുകൊണ്ടുതന്നെ സംശയം വര്‍ദ്ധിക്കുന്നു. അച്ഛനും രാജേഷുംകൂടി നടത്തിയ ഗൂഢാലോചനയിലാണോ ഇന്ദു അപമാനിതയായത്?'' 

(തുടരും)

 

Login log record inserted successfully!