•  28 Mar 2024
  •  ദീപം 57
  •  നാളം 4
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്ക് ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. ജോലിയും കൊടുത്ത പണവും നഷ്ടമായി എന്നറിഞ്ഞപ്പോള്‍ പക്ഷാഘാതം വന്നു കിടപ്പിലായിരുന്ന ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഹൃദയാഘാതം വന്നു മരിച്ചു. ഇന്ദുവിനോടുള്ള പക അടങ്ങാതെ ആനന്ദന്‍ അവളെ സഹായിക്കാമെന്ന വ്യാജേന തന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്ല ശമ്പളത്തില്‍ റിസപ്ഷനിസ്റ്റായി ജോലിക്കുവച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഇന്‍സ്ട്രക്ടര്‍ രാജേഷുമായി ആനന്ദന്‍ ഗൂഢാലോചന നടത്തി, ഇന്ദുവി നെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയിലെത്തിച്ചു. ആനന്ദന്‍ പോലീസിനെ സ്വാധീനിച്ച് ഇവരുടെ മുറിയിലേക്കു പറഞ്ഞുവിട്ടു. (തുടര്‍ന്നു വായിക്കുക)

ര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാമനാഥനായിരുന്നു മുറിയിലേക്കു കയറിവന്നത്. അയാള്‍ ഇന്ദുവിന്റെ അടുത്തേക്കു വന്നിട്ടു ഗൗരവത്തോടെ ചോദിച്ചു: 
''എന്താ ഇവിടെ പരിപാടി?''
''ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞു വിളിച്ചോണ്ടു വന്നതാ.'' രാജേഷിനെ ചൂണ്ടി ഇന്ദു പറഞ്ഞു. രാമനാഥന്‍ രാജേഷിന്റെ നേരേ തിരിഞ്ഞു.
''എന്തു മീറ്റിങ്ങാടാ?''
''സാര്‍, ഒരു ഒഫീഷ്യല്‍ മീറ്റിങ്ങാ. ആനന്ദന്‍സാര്‍ പറഞ്ഞിട്ടാ വന്നത്.''
''ഏത് ആനന്ദന്‍സാര്‍?''
രാജേഷ് ആനന്ദന്‍ ആരാണെന്നു വെളിപ്പെടുത്തി.
''ആനന്ദന്റെ നമ്പരിങ്ങു തന്നേ.''
രാജേഷ് ആനന്ദന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. രാമനാഥന്‍ ആ നമ്പരില്‍ വിളിച്ചു സംസാരിച്ചിട്ട് രാജേഷിന്റെ നേരേ തിരിഞ്ഞു.
''ഇങ്ങനൊരു മീറ്റിങ് ഇല്ലെന്നാണല്ലോ ആനന്ദന്‍ പറഞ്ഞത്. മീറ്റിങ്ങിന്റെ പേരും പറഞ്ഞ് ഇവിടെന്തായിരുന്നു പണി? മയക്കുമരുന്നുകച്ചവടമുണ്ടോ?''
''ഇല്ല സാര്‍.''
''പിന്നെന്തിനാ ഈ പകല്‍ ഇവിടെ റൂം എടുത്ത് രണ്ടുപേരും ഇവിടെ വന്നത്?''
''സാര്‍, പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും ഒരു ഹോട്ടല്‍ മുറിയില്‍ നില്‍ക്കുന്നത് ഏതു വകുപ്പുപ്രകാരമാണ് കുറ്റകരം?''
''നീയെന്നെ വകുപ്പും ചട്ടോം പഠിപ്പിക്കുവാണോ? നിന്റെ ഭാര്യയാണോ ഇവള്?''
''ഞാന്‍ സ്‌നേഹിക്കുന്ന പെണ്ണാ.''
''ആണോ?'' രാമനാഥന്‍ ഇന്ദുവിന്റെ നേരേ തിരിഞ്ഞു. എന്തുപറയണമെന്നറിയാതെ ഇന്ദു രാജേഷിനെ നോക്കി. അതേ എന്നു പറയാന്‍ രാജേഷ് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അല്ല എന്നു പറഞ്ഞാല്‍ കുടുങ്ങുമെന്നുറപ്പായപ്പോള്‍ ഇന്ദു മൂളി. 
''ഉം.''
''ഇവന്‍ നിന്നെ കല്യാണം കഴിക്കാന്നു പറഞ്ഞിട്ടുണ്ടോ?''
ഇന്ദു വീണ്ടും രാജേഷിനെ നോക്കി. ഉണ്ടെന്നു പറയാന്‍ രാജേഷ് ആംഗ്യം കാണിച്ചു. 
''ഉം.'' 
''നിന്റെ വീടെവിടാ?''
ഇന്ദു സ്ഥലപ്പേരു പറഞ്ഞു.
''നിന്റെ വീട്ടിലറിയാമോ ഈ ചുറ്റിക്കളി?''
''ഇല്ല.''
''ഒരു കാര്യം ചെയ്യ്. രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരം ഇവിടെ വന്നതാണെന്നും നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും കാണിച്ച് ഒരു സത്യവാങ്മൂലം എഴുതിത്താ. വെറുതെ വിട്ടേക്കാം. ഇല്ലെങ്കില്‍ രണ്ടുപേരും സ്റ്റേഷനിലേക്ക് പോരെ.''
''എഴുതിത്തരാം സാര്‍.'' രാജേഷ് ഒരു കടലാസ് എടുത്ത് എഴുതാന്‍ തുടങ്ങി. ഇന്ദു നിന്നു വിയര്‍ക്കുകയായിരുന്നു.
''ലഹരിമരുന്നോ വല്ലോം ഉണ്ടോന്ന് ഒരു സെര്‍ച്ചു ചെയ്‌തേ അനിരുദ്ധാ.'' 
രാമനാഥന്‍ കൂടെയുള്ള പോലീസുകാരനു നിര്‍ദേശം നല്‍കി. അയാള്‍ രാജേഷിന്റെയും ഇന്ദുവിന്റെയും ബാഗും മുറിയിലെ കബോഡുമൊക്കെ തുറന്നു നോക്കി. ഒന്നും കണ്ടില്ല. 
സത്യവാങ്മൂലം എഴുതി രാജേഷും ഇന്ദുവും ഒപ്പിട്ട് രാമനാഥനു കൈമാറി. അതു വായിച്ചു നോക്കിയിട്ട് രാമനാഥന്‍ ഇന്ദുവിനെ നോക്കി പറഞ്ഞു:
''ഇങ്ങനെ ഹോട്ടലില്‍ റൂം എടുത്തു കാശുകളയാതെ എത്രയും വേഗം കല്യാണം കഴിച്ച് ഒരു വീടെടുത്തു താമസിക്കാന്‍ നോക്ക് കേട്ടോ.'' 
തൊലി ഉരിഞ്ഞുപോകുന്നപോലെ തോന്നി ഇന്ദുവിന്.
''സാര്‍, ഇത് പുറത്താരോടും പറയരുത്.'' രാജേഷ് കെഞ്ചി.
''നിങ്ങളു കല്യാണം കഴിക്കാനിരിക്കുവല്ലേ. പിന്നെ പുറത്തറിഞ്ഞാലെന്താ?''
അതു പറഞ്ഞിട്ട് രാമനാഥന്‍ മുറിവിട്ടിറങ്ങി പോയി. 
വാതില്‍ അടച്ചിട്ട് രാജേഷ് ഇന്ദുവിന്റെ നേരേ തിരിഞ്ഞതും അവള്‍ ഒരു പൊട്ടിത്തെറി.
''താനെന്നെ ചതിക്കുവായിരുന്നു അല്ലേ?'' ഇന്ദുവിന്റെ കണ്ണുകളില്‍ തീ പാറി. 
''ദുഷ്ടന്‍''
''ഞാനല്ല ചതിച്ചത് ഇന്ദൂ. ആനന്ദന്‍സാറാണ്. മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് ഇങ്ങോട്ടു വരാന്‍ പറഞ്ഞത് അയാളാണ്. അയാള് നമ്മളെ കുടുക്കിയതാ. രക്ഷപ്പെടാന്‍ വേണ്ടിയാ നമ്മളു പ്രണയിതാക്കളെന്നു ഞാന്‍ പറഞ്ഞത്.''
''ഞാന്‍ ആനന്ദന്‍സാറിനെ ഒന്നു വിളിച്ചുനോക്കട്ടെ.''
ഇന്ദു മൊബൈല്‍ എടുത്ത് ആനന്ദന്റെ നമ്പര്‍ ഡയല്‍ ചെയ്തു. 
''നിങ്ങളു രണ്ടുപേരുംകൂടി പ്ലാന്‍ ചെയ്ത് ഹോട്ടലില്‍ മുറിയെടുത്ത് പോലീസ് പിടിച്ചപ്പം എന്റെ പേരു പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നോ? പോലീസ് എന്നെ വിളിച്ചപ്പം ഞാന്‍ അന്തംവിട്ടുപോയി. നിന്നില്‍നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു സ്വഭാവദൂഷ്യം. നിങ്ങളു തമ്മില്‍ പ്രണയമാണെങ്കില്‍ കല്യാണം കഴിച്ചു ജീവിക്കരുതോ?'' ആനന്ദന്‍ പൊട്ടിത്തെറിച്ചു.
''സാര്‍, എന്നെ രാജേഷ് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്നതാണ്. പോലീസില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി രാജേഷ് കള്ളം പറഞ്ഞതാണ്, പ്രേമമാണെന്ന്.''
''ഇങ്ങനെയൊരു മീറ്റിങ് ഉണ്ടോന്ന് നിനക്കെന്നെ വിളിച്ചൊന്നു ചോദിക്കായിരുന്നല്ലോ. ഞാന്‍ നിന്നെ അങ്ങോട്ടു വിളിച്ചു ജോലി തന്നതല്ലേ?''
''ഞാന്‍ രാജേഷിനെ പൂര്‍ണമായി വിശ്വസിച്ചുപോയി സാര്‍. അതെന്റെ തെറ്റ്. ക്ഷമ ചോദിക്കുന്നു.'' 
''കള്ളി വെളിച്ചത്തായപ്പം നിന്റെ ഒരു ക്ഷമാപണം. മുമ്പ് പുലിപോലെ ചീറിയതാണല്ലോ നീ എന്റെ മുമ്പില്‍? എവിടെപ്പോയി നിന്റെ ആ ശൗര്യം?''
ഇന്ദുവിനു മറുപടി ഉണ്ടായില്ല.
''ഇന്നത്തെ അന്തിപ്പത്രത്തില്‍ ഈ വാര്‍ത്ത വരും. പത്രക്കാര് എന്നെ വിളിച്ചു. അവരെന്തൊക്കെ എഴുതിപ്പിടിപ്പിക്കുമെന്ന് ആര്‍ക്കറിയാം. എന്റെ സ്ഥാപനത്തിന്റെ റെപ്യൂട്ടേഷന്‍ പോയി. രണ്ടുപേരും ഇന്നുതന്നെ പിരിഞ്ഞുപൊക്കോ. വേറെവിടെങ്കിലും പോയി രജിസ്റ്റര്‍ മാര്യേജ് ചെയ്ത് വല്ല കൂലിപ്പണീം ചെയ്തു ജീവിക്കാന്‍ നോക്ക്. ഈ നാട്ടില്‍ നിന്നാല്‍ മുഖത്തു തുണിയിടാതെ നിനക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റാതാകും.''
''സാര്‍ ഞാന്‍...''
''നോ എസ്‌ക്യൂസ്. ഇനി എന്റെ സ്ഥാപനത്തിലേക്കു വരണ്ട.'' - കൂടുതലെന്തെങ്കിലും പറയാനവസരം കൊടുക്കാതെ ആനന്ദന്‍ ഫോണ്‍ കട്ടു ചെയ്തു.
ഇന്ദുവിന്റെ മുഖവും ദേഹവും വിയര്‍ത്തിരുന്നു. അവള്‍ രാജേഷിനെ ക്രുദ്ധയായി നോക്കി. 
''ഇന്ദു വിഷമിക്കണ്ട. ഇന്ദുവിനെ ഞാന്‍ കല്യാണം കഴിക്കാം. കല്യാണം കഴിച്ച് വേറേ ഏതെങ്കിലും നാട്ടില്‍പോയി. നമുക്കു സന്തോഷമായി ജീവിക്കാം. ആനന്ദന്‍ സാറു നമ്മളെ ചതിച്ചതാ.''
''ഷട്ട് അപ് യുവര്‍ ബ്ലഡി മൗത്ത്. തന്റെ കൂടെ ജീവിക്കുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാ. റാസ്‌കല്‍.''
അതു പറഞ്ഞിട്ട് ഇന്ദു ബാഗെടുത്ത് വേഗം മുറിവിട്ടിറങ്ങി. തിടുക്കത്തില്‍ പടികളിറങ്ങി അവള്‍ റോഡിലേക്കു നടന്നു. നേരേ ഹോസ്റ്റലിലേക്കാണു പോയത്. മുറിയില്‍ കയറി വാതിലടച്ചു കട്ടിലിലേക്കു വീണു. സങ്കടം ഒതുക്കാന്‍ കഴിയുന്നില്ല. രാജേഷ് ചതിച്ചുവല്ലോ. ആനന്ദനും രാജേഷുംകൂടിയുള്ള ഒത്തുകളിയാണോ? ഒരുപാടു സംശയങ്ങള്‍ മനസ്സില്‍ പൊന്തി.
അന്നത്തെ സായാഹ്നപ്പത്രത്തില്‍ വാര്‍ത്ത ഉണ്ടായിരുന്നു. കമിതാക്കളെ ലോഡ്ജില്‍നിന്നു പൊക്കി പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു എന്നായിരുന്നു ശീര്‍ഷകം. വാര്‍ത്ത ഇങ്ങനെ: നഗരത്തിലെ പ്രമുഖ ലോഡ്ജില്‍നിന്ന് കമിതാക്കളായ യുവാവിനെയും യുവതിയെയും പോലീസ് പിടിച്ചു താക്കീതു ചെയ്തു പറഞ്ഞയച്ചു. ലഹരി മരുന്നുവേട്ടയ്ക്കിടെ അവിചാരിതമായി പോലീസിന്റെ കണ്ണില്‍പ്പെടുകയായിരുന്നു കമിതാക്കള്‍. നഗരത്തിലെ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണ് ഇരുവരും. തങ്ങള്‍ പ്രണയബദ്ധരാണെന്നും വിവാഹം കഴിക്കാനിരിക്കുകയാണെന്നും വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു. യുവതി നേരത്തേ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. സ്വഭാവദൂഷ്യത്തെ ത്തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു കച്ചവടവും അനാശാസ്യപ്രവൃത്തികളും വര്‍ദ്ധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
വാര്‍ത്ത നാട്ടിലെങ്ങും പാട്ടാകാന്‍ ഏറെനേരം വേണ്ടി വന്നില്ല. കഥാപാത്രങ്ങള്‍ ഇന്ദുവും രാജേഷുമാണെന്നതും പരന്നു. മേട്രന്‍ ഇന്ദുവിന്റെ മുറിയിലേക്കു പാഞ്ഞു വന്നിട്ടു പറഞ്ഞു: 
''നാളെത്തന്നെ റൂം വെക്കേറ്റ് ചെയ്‌തേക്കണം. ഇനി ഇവിടെ താമസിക്കാന്‍ പറ്റില്ല.''
ഇന്ദു ഒന്നും മിണ്ടിയില്ല. എങ്ങോട്ടു പോകണമെന്നറിയാതെ അവള്‍ വിഷമിച്ചു. അശ്വതിറ്റീച്ചറെ ഒന്നു വിളിച്ചാലോ? അവരുടെ ചെവിയിലുമെത്തിയിട്ടുണ്ടാവില്ലേ വാര്‍ത്ത? തന്നെക്കുറിച്ചു തെറ്റായ ഒരു ചിത്രം അവരുടെ മനസ്സിലുണ്ടാവില്ലേ? ഇന്ദു അപ്പോള്‍ത്തന്നെ അശ്വതിയുടെ മൊബൈലില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. 
''എല്ലാ കാര്യങ്ങളും എന്നോടു പറയാറുണ്ടായിരുന്ന ഇന്ദു എന്തേ ഇങ്ങനെയൊരു മീറ്റിങ്ങിന്റെ കാര്യം എന്നോടു പറയാതിരുന്നത്?'' ഇന്ദു പറഞ്ഞതൊന്നും അശ്വതിക്കു വിശ്വസിക്കാനായില്ല.
''ഇതിലൊരു ചതിയുണ്ടെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല റ്റീച്ചറേ.''
''എനിക്കിതങ്ങു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ദുവിനെപ്പറ്റി ഇങ്ങനൊരു ചിത്രമല്ലായിരുന്നു എന്റെ മനസ്സില്‍. ആട്ടെ, ഞാനിപ്പം എന്തു ചെയ്യണം?''
''കുറച്ചുദിവസം അവിടെ താമസിക്കാന്‍ ഒരു സൗകര്യം തര്വോ?''
''സോറി. ചേട്ടനത് ഇഷ്ടാവില്ല. വേറെവിടെങ്കിലും നോക്ക്. ഞാനിത്തിരി തിരക്കിലാണേ. പിന്നെ വിളിക്കാം.'' കൂടുതല്‍ സംസാരിക്കാനവസരം കൊടുക്കാതെ അശ്വതി ഫോണ്‍ കട്ട് ചെയ്തു.
പ്രിയപ്പെട്ടവര്‍പോലും തെറ്റിദ്ധരിച്ചു എന്ന് ഇന്ദുവിനു മനസ്സിലായി. ഇനി ഈ നാട്ടില്‍ ആരും സഹായത്തിനുണ്ടാവില്ല. വീട്ടിലേക്കു മടങ്ങാനും സാധിക്കില്ല. അമ്മയുടെയും അനിയത്തിമാരുടെയും കുത്തുവാക്കുകള്‍. വഴിമുട്ടിയ ജീവിതത്തില്‍ വഴികാട്ടാന്‍ ഇനി ആരുമില്ല. വെറുക്കപ്പെട്ടവളായി ഇനി എന്തിനുജീവിക്കണം? ഒരുപക്ഷേ, സ്വര്‍ഗലോകത്തില്‍ തനിക്കു സന്തോഷകരമായ ഒരു ജീവിതം ദൈവം ഒരുക്കിയിട്ടുണ്ടെങ്കിലോ? വേഗം അങ്ങോട്ടു ചെല്ലാനാണ് ഈശ്വരന്‍ ഈ ദുരിതങ്ങള്‍ തരുന്നതെങ്കിലോ? ആരും തുണയില്ലാതെ ഇവിടെ ജീവിക്കുന്നതിലെന്തര്‍ഥം? ഒരുപാട് ചിന്തകള്‍ അവളുടെ മനസ്സില്‍ വട്ടമിട്ടു പറന്നു. 
(തുടരും)

 

Login log record inserted successfully!