•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ ജോലികിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. ഇന്ദുവിനെ പിരിച്ചുവിട്ടു. ജോലിയും ജോലിക്കായി കൊടുത്ത പണവും നഷ്ടമായി എന്നറിഞ്ഞപ്പോള്‍ പക്ഷാഘാതം വന്നു കിടപ്പിലായിരുന്ന ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഹൃദയാഘാതം വന്നു മരിച്ചു. ഇന്ദുവിനോടുള്ള പക അടങ്ങാതെ ആനന്ദന്‍ അവളെ സഹായിക്കാമെന്ന വ്യാജേന തന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മികച്ച ശമ്പളത്തില്‍ റിസപ്ഷനിസ്റ്റായി ഇന്ദുവിനെ നിയമിച്ചു. 
(തുടര്‍ന്നു വായിക്കുക)
 
ന്ദു ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍സ്ഥാപനത്തിലെ മുഖ്യ ഇന്‍സ്ട്രക്ടറും നടത്തിപ്പുകാരനും രാജേഷ് എന്ന ചെറുപ്പക്കാരനായിരുന്നു. നന്നായി വേഷം ധരിച്ച് ടിപ്‌ടോപ്പിലാണ് വരവ്. വാചകമടിച്ച് ആരെയും വശത്താക്കാനുള്ള കഴിവും വിരുതുമുണ്ട്.
ആനന്ദന്റെ വലംകൈയാണ് രാജേഷ്. എന്തുപറഞ്ഞാലും അനുസരിക്കുന്ന വിശ്വസ്തനായ ജോലിക്കാരന്‍. മറ്റുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദിവസവേതനം കൊടുക്കുമ്പോള്‍ രാജേഷിന് മാസശമ്പളമായിരുന്നു ആനന്ദന്‍ കൊടുത്തിരുന്നത്. അതും മെച്ചപ്പെട്ട ഒരു തുക.
നന്നായി അണിഞ്ഞൊരുങ്ങിയായിരുന്നു ഇന്ദുലേഖയും ജോലിക്കു വന്നിരുന്നത്. നല്ല വേഷം ധരിച്ച് മിടുക്കിയായി വരണമെന്ന് ആനന്ദന്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കുറെ വസ്ത്രങ്ങള്‍ വാങ്ങാന്‍ പണം മുന്‍കൂറായി കൊടുക്കുകയും ചെയ്തു. അണിഞ്ഞൊരുങ്ങി മേക്കപ്പിട്ടു വന്നപ്പോള്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു ഇന്ദുലേഖ. 
ഹൃദ്യമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും രാജേഷ് വളരെ വേഗം ഇന്ദുലേഖയുമായി അടുത്തു. അയാളുടെ ചിരിയും തമാശകളും ഇന്ദുവിനും ഇഷ്ടമായിരുന്നു. സങ്കടവും സന്തോഷവും പങ്കിടാന്‍ ഒരു നല്ല സുഹൃത്തിനെ കിട്ടിയ ആശ്വാസമായിരുന്നു അവള്‍ക്ക്. തന്റെ വിഷമങ്ങളും വീട്ടിലെ കഷ്ടപ്പാടുമെല്ലാം ഇന്ദു രാജേഷുമായി പങ്കുവച്ചു.
സൗഹൃദം വളര്‍ന്നപ്പോള്‍ ഇന്ദുവിനെ ജീവിതപങ്കാളിയായി കിട്ടിയിരുന്നെങ്കിലെന്ന് രാജേഷ് ആഗ്രഹിച്ചുപോയി. എങ്കിലും ഇഷ്ടം തുറന്നുപറയാന്‍ ഒരു സങ്കോചം. താന്‍ ഈഴവനാണ്. ഇന്ദു നമ്പൂതിരിപ്പെണ്ണും. താഴ്ന്ന ജാതിക്കാരന് ഉയര്‍ന്ന ജാതിയിലുള്ള ഒരു പെണ്ണിനോട് എങ്ങനെ പ്രണയം തുറന്നുപറയാന്‍ പറ്റും? ഇന്ദുവിന്റെ പെരുമാറ്റത്തില്‍ ഒരു പ്രണയചിന്ത ഉള്ളതായി കാണുന്നുമില്ല. ആഗ്രഹം മനസ്സിലൊതുക്കി രാജേഷ് മുന്‍പോട്ടുപോയി.
     *       * *
ആനന്ദന്റെ ബംഗ്ലാവില്‍ സ്‌നേഹലതയുമൊത്ത് സൊറ പറഞ്ഞിരിക്കുകയായിരുന്നു ആനന്ദന്‍. ചിരിയും തമാശകള്‍ക്കുമിടയില്‍ സ്‌നേഹലത പറഞ്ഞു:
''അഭിഷേക് അടുത്തമാസം അമേരിക്കേന്നു വരികല്ലേ. ഇന്ദുവിനെ പിരിച്ചുവിട്ട കാര്യം അറിയുമ്പോള്‍ അവന്‍ പ്രശ്‌നമുണ്ടാക്കില്ലേ സാറേ?''
''അവനെ അവളില്‍നിന്നകറ്റാന്‍ ഇപ്പം എന്താ ഒരു വഴി?''
''ഒരു വഴിയുണ്ട്.''
''അതെന്താ?''
''അവളെ അനാശാസ്യപ്രവൃത്തിക്ക് ഹോട്ടല്‍മുറിയില്‍നിന്ന് പോലീസ് അറസ്റ്റു ചെയ്യുന്നു. നാട്ടില്‍ അതു പാട്ടാകുന്നു. എന്തേ?''
''അതിപ്പം അവളെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുവന്ന് അനാശാസ്യം നടത്തിക്കാന്‍ നമുക്കെങ്ങനെ കഴിയും?''
''അനാശാസ്യം നടത്തിക്കണ്ട. ഹോട്ടല്‍മുറിയില്‍നിന്ന് പിടിച്ചാല്‍ പോരേ? അത് അനാശാസ്യത്തിനാണെന്ന് പോലീസുകാരെക്കൊണ്ട് പറയിപ്പിച്ചാ മതീല്ലോ. സാറിനു പോലീസിലൊക്കെ നല്ല പിടിയല്ലേ?''
''പോലീസിനെക്കൊണ്ട് പിടിപ്പിക്കാം. പക്ഷേ, ഹോട്ടല്‍മുറിയില്‍ അവളെ എങ്ങനെ എത്തിക്കും?''
''രാജേഷ്, സാറിന്റെ വലംകൈ അല്ലേ? ഒരു ഒഫീഷ്യല്‍ മീറ്റിങ് ഉണ്ടെന്നു പറഞ്ഞു രാജേഷിന് അവളെ ഹോട്ടല്‍മുറിയില്‍ എത്തിച്ചുകൂടേ? ആരെയും വാചകത്തിലൂടെ വീഴിക്കാന്‍ രാജേഷ് മിടുക്കനാണല്ലോ.''
അതു നേരാണല്ലോന്ന് ആനന്ദന്‍ ഓര്‍ത്തു. താന്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവനാണ് രാജേഷ്. 
പിറ്റേന്നു ഞായറാഴ്ച രാജേഷിനെ തന്റെ ബംഗ്ലാവിലേക്കു വിളിച്ചുവരുത്തി ആനന്ദന്‍. രാജേഷിനോട് അയാള്‍ കാര്യങ്ങള്‍ പറഞ്ഞു:
''സാര്‍, എനിക്കാ കുട്ടിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നുപോലും ആഗ്രഹിച്ചു നടക്കുന്നവനാണു ഞാന്‍. രണ്ടു ജാതിക്കാരായതുകൊണ്ട് എന്റെ ഇഷ്ടം ഞാനവളോടു പറഞ്ഞിട്ടില്ലെന്നേയുള്ളൂ. ഈ സാഹചര്യത്തില്‍ ആ പെണ്ണിനെ ചതിക്കാന്‍ എനിക്കെങ്ങനെയാകും?''
''ചതിയല്ലല്ലോ ഇത്. ഹോട്ടല്‍ മുറിയില്‍നിന്നു നിങ്ങളെ രണ്ടുപേരെയും പോലീസ് പിടിക്കുന്നു. ചോദിക്കുമ്പോള്‍ നീ സ്‌നേഹിക്കുന്ന പെണ്ണാണെന്ന് അങ്ങു പറഞ്ഞേക്കുക. അപ്പം പോലീസ് കേസ് ചാര്‍ജു ചെയ്യാതെ വെറുതെ വിടും. നാട്ടിലിതു പാട്ടാകും. അവളുടെ ഇമേജ് തകര്‍ന്നു തരിപ്പണമാകും.
''ആ സമയത്തു നീ അവള്‍ക്കൊരു രക്ഷകനാകുക. പെട്ടെന്നു പോലീസ് കേറിവന്നപ്പം നിന്നെ രക്ഷിക്കാന്‍ ഞാനൊരു കള്ളം പറഞ്ഞു. ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് ഒരു സീന്‍ സൃഷ്ടിക്കുക. അവളതു സത്യാന്നു വിശ്വസിക്കും. അല്ലെങ്കില്‍ വിശ്വസിപ്പിക്കണം. വേറാരും കല്യാണം കഴിക്കാന്‍ ഇനി വരില്ല എന്ന സ്ഥിതിയുണ്ടാവുമ്പോള്‍ നിനക്കവളെ കല്യാണം കഴിച്ചു സുഖായിട്ടു ജീവിക്കാം. നിനക്കറിയാല്ലോ അവളു പരിശുദ്ധയാണ്.''
വളഞ്ഞ വഴിയാണെങ്കിലും ഇന്ദുവിനെ വിവാഹം കഴിക്കാന്‍ അതു നല്ലൊരു വഴിയാണല്ലോ എന്നു രാജേഷ് ചിന്തിച്ചു. ഈ നാടകത്തില്‍ മികച്ച അഭിനയം താന്‍ കാഴ്ചവയ്‌ക്കേണ്ടിയിരിക്കുന്നു. എവിടെയെങ്കിലും പാളിയാല്‍ എല്ലാം തകിടം മറിയും. പോലീസ് പിടിക്കുമ്പോള്‍ തനിക്കും പേരുദോഷം ഉണ്ടാകുമെങ്കിലും സുന്ദരിയായ ഒരു നമ്പൂതിരിപ്പെണ്ണിനെ സ്വന്തമാക്കാന്‍ പറ്റുമല്ലോ.
രാജേഷ് ആലോചിച്ചിരിക്കുന്നതു കണ്ടപ്പോള്‍ ആനന്ദന്‍ ചോദിച്ചു:
''രാജേഷിനു ബുദ്ധിമുട്ടുണ്ടോ?''
''ഇല്ല സാര്‍; ഞാന്‍ ചെയ്യാം. പക്ഷേ, സാര്‍ അവളെ പിന്നീട് ശകാരിക്കുകയോ ജോലീന്നു പിരിച്ചുവിടുകയോ ഒന്നും ചെയ്യരുത്.''
''ഒരിക്കലുമില്ല.''
''ഞാന്‍ ചെയ്യാം സാര്‍.''
''ഏതു ഹോട്ടലില്‍, ഏതു റൂമില്‍, ഏതു സമയത്ത് അവളെ കൊണ്ടുവരണമെന്നു ഞാന്‍ നാളെ പറയാം. തത്കാലം നമുക്കിപ്പം പിരിയാം.''
നന്ദി പറഞ്ഞ്, ഷേക്ഹാന്‍ഡ് നല്‍കിയാണ് ആനന്ദന്‍ രാജേഷിനെ യാത്രയാക്കിയത്.
* * *
ചൈത്രം ഹോട്ടലിന്റെ പടികള്‍ കയറി ഒന്നാം നിലയിലേക്കു നടക്കുമ്പോള്‍ ഇന്ദുലേഖയ്ക്ക് ഉള്ളില്‍ അങ്കലാപ്പും ആശങ്കയുമായിരുന്നു.
കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഒരു ഒഫീഷ്യല്‍ മീറ്റിങ് ഉണ്ടെന്നും അതില്‍ ഇന്ദുവും പങ്കെടുക്കണമെന്ന് ആനന്ദന്‍ സാര്‍ പറഞ്ഞിട്ടുണ്ടെന്നും രാജേഷ് പറഞ്ഞപ്പോള്‍ സംശയം തോന്നാതിരുന്നില്ല. 
പക്ഷേ, രാജേഷ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സംശയം മാറി. ഒറ്റയ്ക്കല്ലല്ലോ, കൂടെ രാജേഷുമുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം. ഒരു സഹോദരനെപ്പോലെ തന്നോട് ഇടപെടുന്ന രാജേഷിന്റെ ഉള്ളില്‍ ചതിയുടെ ഒരു കണികയെങ്കിലുമുണ്ടെന്ന് ഇന്ദുവിനു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
എന്നാലും അകാരണമായി ഒരു ആശങ്ക ഉള്ളില്‍ നിറഞ്ഞു.
താക്കോലിട്ട് വാതില്‍ തുറന്ന് രാജേഷ് മുറിയിലേക്കു കയറി. എന്നിട്ട് ഇന്ദുവിനെ ക്ഷണിച്ചു. പരിഭ്രമം പടര്‍ന്ന മനസ്സോടെ അവള്‍ അകത്തേക്കു കയറി.
വിശാലമായ മുറി. വലിയ കട്ടിലില്‍ ബഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്. ഒരു വശത്ത് ഇരിക്കാന്‍ സെറ്റിയും അതിനു മുമ്പില്‍ ടീപ്പോയിയും. രാജേഷ് കട്ടിലില്‍ ഇരുന്നിട്ട് ഇന്ദുവിനോട് സെറ്റിയില്‍ ഇരിക്കാന്‍ പറഞ്ഞു.
''എത്ര മണിക്കാ മീറ്റിങിനുള്ള ആളുകള്‍ വരിക?'' സെറ്റിയില്‍ ഇരിക്കുന്നതിനിടയില്‍ ഇന്ദു ആരാഞ്ഞു.
''അരമണിക്കൂറിനകം വരും. ഇന്ദുവിന് കുടിക്കാന്‍ എന്താ വേണ്ടത്? ചായയോ കാപ്പിയോ?''
''ഒന്നും വേണ്ട. വേഗം മീറ്റിങ് ഒന്നു കഴിഞ്ഞാല്‍ മതിയായിരുന്നു.'' ഇന്ദു അസ്വസ്ഥയായി. 
''എന്തിനാ പേടിക്കുന്നേ? ഒറ്റയ്ക്കല്ലല്ലോ. ഞാനല്ലേ കൂടെയുള്ളത്?''
''ഞാനാദ്യായിട്ടാ ഒരു ഹോട്ടല്‍ മുറിയില്‍ ഇങ്ങനെ...''
''ഇപ്പഴത്തെ കാലത്ത് ഇതൊക്കെ വല്യകാര്യാണോ? ഞാന്‍ ഓരോ ചായ വരുത്താം.''
രാജേഷ് ബെല്‍ അമര്‍ത്തി റൂംബോയിയെ വരുത്തി രണ്ടു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.
ചായ കൊണ്ടുവന്നു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ദു സമയം നോക്കിയിട്ട് പറഞ്ഞു:
''അരമണിക്കൂറാകുന്നല്ലോ. ഇതുവരെ ആരെയും കണ്ടില്ലല്ലോ.''
പെട്ടെന്ന് വാതിലില്‍ മുട്ടുകേട്ടു.
''വന്നെന്നു തോന്നുന്നു.''
രാജേഷ് എണീറ്റു ചെന്നു വാതില്‍ തുറന്നു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ആളെ കണ്ട് ഇന്ദു ഞെട്ടി. രണ്ടുപോലീസ് ഉദ്യോഗസ്ഥര്‍. ഒരാള്‍ അകത്തേക്കു കയറിയിട്ട് ഇന്ദുവിനെയും രാജേഷിനെയും മാറി മാറി നോക്കി.
ഇന്ദു ഭയന്നുവിറച്ചു നില്‍ക്കുകയായിരുന്നു.
 
(തുടരും)
Login log record inserted successfully!