കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ അവളെ പിരിച്ചുവിട്ടു. ജോലിയും കൊടുത്ത പണവും നഷ്ടമായി എന്നറിഞ്ഞപ്പോള്‍ പക്ഷാഘാതം വന്നു കിടപ്പിലായിരുന്ന ഇന്ദുവിന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഹൃദയാഘാതം വന്നു മരിച്ചു. അമ്മയുടെയും അനിയത്തിമാരുടെയും കുത്തുവാക്കുകള്‍കേട്ട് സഹികെട്ടപ്പോള്‍ ഇന്ദു സ്‌കൂളിലെ സഹപ്രവര്‍ത്തകയും കൂട്ടുകാരിയുമായ അശ്വതിറ്റീച്ചറിന്റെ വീട്ടില്‍ കുറച്ചു ദിവസം താമസിക്കാനായി പുറപ്പെട്ടു.
(തുടര്‍ന്നു വായിക്കുക)
ഇന്ദു അശ്വതിറ്റീച്ചറിന്റെ വീട്ടിലെത്തിയപ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു. റ്റീച്ചര്‍ അവളെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി.
''ഞാന്‍ നിന്റെ ജോലീടെ കാര്യം ഇന്നലെ സതീഷേട്ടനോടു പറഞ്ഞു. പുള്ളിക്കാരന്‍ അന്വേഷിക്കാന്നു പറഞ്ഞിട്ടുണ്ട്.''
''ഒരു ജോലി കിട്ടിയില്ലെങ്കില്‍ എന്റെ ജീവിതം വഴിമുട്ടിപ്പോകും റ്റീച്ചര്‍.''
''ദൈവം എന്തെങ്കിലുമൊരു വഴി കാണിച്ചുതരും ഇന്ദൂ.''
അശ്വതി സമാധാനിപ്പിച്ചിട്ട് അവളെ മുകളിലത്തെ നിലയിലേക്കു കൂട്ടിക്കൊണ്ടുപോയി. കിടപ്പുമുറി തുറന്നുകൊടുത്തിട്ട് പറഞ്ഞു:
''വേഷം മാറിയിട്ട് പോയി നന്നായി ഒന്നു കുളിക്ക്. മനസ്സും ശരീരവുമൊക്കെ ഒന്നു തണുക്കെട്ട. അപ്പോഴേക്കും ഞാന്‍ ചായ എടുക്കാം.''
അശ്വതി പടികളിറങ്ങി താഴേക്കു പോയി. ഇന്ദു വേഷം മാറിയിട്ട് പോയി കുളിച്ചു. കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായയും പലഹാരങ്ങളും റെഡി.
''കഴിക്ക്.'' അശ്വതി അവളുടെ മുമ്പിലേക്ക് പലഹാരങ്ങള്‍ വിളമ്പിയ പ്ലേറ്റ് നീക്കിവച്ചിട്ട് അരികില്‍ കസേരയിലിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുമ്പോള്‍ പുറത്ത് ബൈക്കിന്റെ ശബ്ദം.
''ചേട്ടന്‍ വന്നെന്നു തോന്നുന്നു.'' അശ്വതി എണീറ്റു പുറത്തേക്കിറങ്ങി. ഭര്‍ത്താവിനോടൊപ്പമാണ് അവള്‍ തിരികെവന്നത്.
ഇന്ദു എണീറ്റ് ഭവ്യതയോടെ നിന്നു. കുശലാന്വേഷണത്തിനുശേഷം അദ്ദേഹം ഡ്രസ് മാറാനായി കിടപ്പുമുറിയിലേക്കു പോയി.
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് ചോദിച്ചു.
''ഇന്ദുവിന് എന്തു ജോലിയാ ചെയ്യാന്‍ പറ്റ്വാ?''
''എന്തുവേണമെങ്കിലും ചെയ്യാം. ജീവിക്കാന്‍ ഒരു വരുമാനം വേണമെന്നേയുള്ളൂ.'
''തുണിക്കടേല്‍ സെയില്‍സ്‌ഗേളായിട്ടു നില്‍ക്കാന്‍ പറ്റുമോ? എളുപ്പം കിട്ടുന്ന പണി അതേയുള്ളൂ.''
''നില്‍ക്കാം.''
''എന്റെ ബാങ്കിലെ ഒരു കസ്റ്റമറിന് ടൗണില്‍ ഒരു തുണിക്കടയുണ്ട്. ന്യൂ ഫാഷന്‍ ടെക്സ്റ്റയില്‍സ്. അയാളിന്ന് ബാങ്കില്‍ വന്നപ്പം ഞാന്‍ സംസാരിച്ചു. ജോലി തരാന്നു പറഞ്ഞു. പക്ഷേ, ശമ്പളം കുറവാ. ദിവസം അഞ്ഞൂറു രൂപ.''
''അതു മതി. ഒരു ജോലിയാണ് എനിക്കിപ്പം ആവശ്യം.''
''എന്നാ നാളെപ്പോയി ജോയിന്‍ ചെയ്യാം.''
''വേറെവിടേലും നല്ല ജോലി കിട്ടിയാല്‍ അങ്ങോട്ടു മാറാം.''
''ഉം.''
ഇന്ദുവിനു സന്തോഷമായി. ജീവിക്കാന്‍ ഒരു വരുമാനമായല്ലോ. നാട്ടില്‍നിന്ന് അകലെയായതുകൊണ്ട് വീട്ടുകാരുടെയും അയല്‍ക്കാരുടെയും കുത്തുവാക്കുകളും കേള്‍ക്കണ്ട.
പിറ്റേന്ന് അശ്വതിയോടും സതീഷിനോടുമൊപ്പം ഇന്ദു ന്യൂ ഫാഷന്‍ ടെക്സ്റ്റയില്‍സില്‍ സെയില്‍സ്‌ഗേളായി ജോലിയില്‍ പ്രവേശിച്ചു.
പുതിയ ജോലി ഇന്ദുവിനു സന്തോഷപ്രദമായിരുന്നു. പത്തുമുതല്‍ എട്ടുവരെയായിരുന്നു ജോലിസമയം. ആദ്യത്തെ കുറെ ദിവസം അശ്വതിയുടെ വീട്ടില്‍ താമസിച്ചാണ് ജോലിക്കു പോയിരുന്നത്. പിന്നെ ടൗണിലെ ഒരു ഹോസ്റ്റലിലേക്കു താമസം മാറ്റി. പള്ളിക്കരയില്‍നിന്ന് നാലു കിലോമീറ്റര്‍ ദൂരമുണ്ട് ടൗണിലേക്ക്. ഞായറാഴ്ച ദിവസം ഇന്ദു അശ്വതിറ്റീച്ചറിന്റെ വീട്ടില്‍ വന്നിരുന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഉച്ചയ്ക്ക് അവിടെനിന്നാകും ഊണ്. റ്റീച്ചര്‍ ചെയ്ത ഉപകാരത്തിന് അവള്‍ ഒരുപാട് നന്ദി പറഞ്ഞു.
* * *
ഇന്ദു ന്യൂ ഫാഷന്‍ ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്യുന്ന വാര്‍ത്ത ആനന്ദന്റെ ചെവിയിലെത്തി. സ്‌നേഹലതയാണ് അത് എത്തിച്ചത്.
''സാറിനോടുള്ള ഒരു വെല്ലുവിളിയായിട്ടാ അവളീ നാട്ടിലേക്കു വീണ്ടും വന്നത്. അഭിഷേക് അടുത്തമാസം അമേരിക്കേന്നു തിരിച്ചെത്തില്ലേ. അവനെ കാണാനാ അവളു വന്നതെന്നാ ഞാനറിഞ്ഞത്. സാറു നോക്കിക്കോ, അവള്‍ അവനെ അടിച്ചെടുത്തോണ്ടു പോകും. സാറിന്റെ സ്വത്തും കാശുമൊക്കെ വൈകാതെ അവളുടെ കൈയിലിരിക്കും.''
സ്‌നേഹലത പരമാവധി വിഷം കുത്തിവയ്ക്കാന്‍ നോക്കി.
ആലോചിച്ചുനോക്കിയപ്പോള്‍ അതു ശരിയാണെന്ന് ആനന്ദനു തോന്നി. സ്‌നേഹലത പറഞ്ഞതുപോലെ തന്നോടു പ്രതികാരം വീട്ടാനല്ലേ അവളീ നാട്ടിലേക്കു വീണ്ടും വന്നത്? അഞ്ചുലക്ഷം തിരികെക്കൊടുക്കാത്തതിന് അന്‍പതുലക്ഷം അടിച്ചെടുക്കണമെന്ന വാശിയുമായിട്ടാവും അവള്‍ വന്നത്.
ന്യൂ ഫാഷന്‍ ടെക്സ്റ്റയില്‍സ് ഉടമ ശ്രീധരന്‍നായരെ ആനന്ദനറിയാം. വസ്ത്രവ്യാപാരരംഗത്തെ, ആനന്ദന്റെ പ്രതിയോഗിയാണയാള്‍. ശ്രീധരന്‍നായരുടെ കടപൂട്ടിക്കാന്‍ ആനന്ദന്‍ പല കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. അതെല്ലാം പൊളിച്ചടുക്കിയിട്ടുണ്ട് ശ്രീധരന്‍നായര്‍. കാണുമ്പോള്‍ ചിരിച്ചു കുശലം പറയുമെങ്കിലും ഉള്ളില്‍ ശത്രുക്കളാണ് ഇരുവരും. തന്നെ തകര്‍ക്കാന്‍വേണ്ടി ഇന്ദുവിനെ അയാള്‍ വിളിച്ചുവരുത്തി ജോലിക്കുവച്ചതാണോ എന്നുപോലും ആനന്ദന്‍ സംശയിച്ചു.
ഒരു ശനിയാഴ്ച രാത്രി ഇന്ദുവിനെ ആനന്ദന്‍ ഫോണില്‍ വിളിച്ചു. അപ്രതീക്ഷിതമായിരുന്നു ഇന്ദുവിന് ആ കോള്‍.
''അച്ഛന്‍ മരിച്ചുപോയി അല്ലേ? ഇന്നലെയാ ഞാനറിഞ്ഞത്. കേട്ടപ്പം ഒരുപാട് വിഷമമായി. ഞാന്‍ കാരണമാണല്ലോ എല്ലാം സംഭവിച്ചത്. ഒന്നും വേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ചെയ്ത തെറ്റിന് ഞാന്‍ പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാ. താന്‍ നാളെ എന്റെ വീട്ടിലേക്കൊന്നു വര്വോ?''
''എന്തിന്? വാങ്ങിച്ച അഞ്ചുലക്ഷം തിരികെ തരാനാണോ?''
''അഞ്ചല്ല. പത്തുലക്ഷം തരാന്‍ ഞാന്‍ തയ്യാറാ. നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എന്റെ വീട്ടിലേക്കു വാ.'' ആനന്ദന്‍ ഫോണ്‍ കട്ട് ചെയ്തു.
ഇന്ദു ആലോചിച്ചു. പോകണോ? പശ്ചാത്താപം തോന്നിയിട്ട് വിളിച്ചതാകുമോ അയാള്‍? ആയിരിക്കാം. ഒരു മനുഷ്യന് പശ്ചാത്താപം തോന്നാല്‍ നിമിഷനേരം മതിയല്ലോ.
അശ്വതിറ്റീച്ചറോട് ഫോണ്‍ ചെയ്ത് ഇന്ദു കാര്യം പറഞ്ഞു.
''ഇന്ദു ചെല്ല്. ചിലപ്പം ദൈവം ഇന്ദുവിന്റെ കഷ്ടപ്പാട് കണ്ടിട്ട് അയാളുടെ മനസ്സു മാറ്റിയതാകും.''
അശ്വതിയുടെ പ്രോത്സാഹനം കിട്ടിയപ്പോള്‍ ഇന്ദുവിന്റെ ആശങ്ക മാറി.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഇന്ദു ആനന്ദന്റെ വീട്ടിലേക്കു യാത്രയായി. ഗേറ്റുകടന്ന് വീട്ടുമുറ്റത്തേക്കു കയറിയപ്പോള്‍ കണ്ടു, ആനന്ദന്‍ സിറ്റൗട്ടിലെ കസേരയിലിരിക്കുന്നു. ഇന്ദുവിനെ കണ്ടതും എണീറ്റ് ചെറുചിരിയോടെ സ്വാഗതം ചെയ്തു.
''നമുക്കകത്തേക്കിരിക്കാം.''
ആനന്ദന്‍ അവളെ സ്വീകരണമുറിയിലേക്കു ക്ഷണിച്ചു. ഇന്ദു അയാളുടെ പിന്നാലെ സാവധാനം സ്വീകരണമുറിയിലേക്കു കയറി. ആനന്ദന്റെ നിര്‍ദേശപ്രകാരം അവള്‍ സെറ്റിയിലിരുന്നു. അഭിമുഖമായി ഇരുന്നിട്ട് ആനന്ദന്‍ പറഞ്ഞു:
''ഒരിക്കല്‍ ഇന്ദു എന്നോടു പറഞ്ഞു ഒരു മകളെപ്പോലെ കാണണമെന്ന്. അന്ന് ഇത്തിരി മദ്യപിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് പരിധിവിട്ട് ഞാനെന്തൊക്കെയോ പറഞ്ഞുപോയി. പിന്നെ ആലോചിച്ചപ്പം എന്റെ ഭാഗത്താ തെറ്റെന്നു തോന്നി. ആ വിഷമവുമായി നടക്കുകയായിരുന്നു ഞാന്‍. അച്ഛന്‍ മരിച്ചൂന്നു കേട്ടപ്പം മനസ്സുവല്ലാതെ നൊന്തു. അതുകൊണ്ടാ ഞാനിങ്ങോട്ടു വിളിപ്പിച്ചത്.''
ഇന്ദു ഒന്നും മിണ്ടിയില്ല.
''ന്യൂ ഫാഷന്‍ ടെക്സ്റ്റയില്‍സില്‍ എത്രരൂപ ശമ്പളം കിട്ടും ഇന്ദുവിന്?''
''ദിവസം അഞ്ഞൂറു രൂപ.''
''ഒരു കാര്യം ചെയ്‌തോളൂ. ഇന്ദു എന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കു കയറിക്കോളൂ. ദിവസം ആയിരം രൂപ വച്ചു തരാം. അടുത്തവര്‍ഷം സ്‌കൂളില്‍ വേക്കന്‍സിയുണ്ടാവുമ്പം അവിടെ നിയമനം തരാം. അതുമല്ല, വാങ്ങിച്ച അഞ്ചുലക്ഷം ഞാന്‍ തിരിച്ചുതന്നേക്കാം. ഞാന്‍ ചെയ്ത തെറ്റിന് ഇങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തമാകട്ടെ.''
ഇന്ദു അതിശയത്തോടെ നോക്കി. തന്റെ മുമ്പിലിരിക്കുന്നത് ആനന്ദന്‍തന്നെയാണോ? പറഞ്ഞതെല്ലാം സത്യമാണോ? അതോ ഇതില്‍ ചതിയുണ്ടോ?
''ഇന്ദുവിന്റെ അച്ഛന്റെ ശാപം എന്റെ മേല്‍ ഏല്‍ക്കാതിരിക്കണമെങ്കില്‍ ചെയ്ത തെറ്റിനു ഞാന്‍ പ്രായശ്ചിത്തം ചെയ്‌തേ പറ്റൂ.''
ആനന്ദന്‍ ആളാകെ മാറിയല്ലോ എന്നവള്‍ അതിശയിച്ചു.
'എനിക്കൊന്ന് ആലോചിക്കണം.''
''ആലോചിച്ചോളൂ. ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാല്‍ മതി.''
ഇന്ദു എണീറ്റു. ഗേറ്റു കടന്നു റോഡിലേക്കിറങ്ങിയപ്പോള്‍ ആലോചിച്ചു. ഈ ഓഫര്‍ സ്വീകരിക്കണോ?''
ഇതിനു പിന്നില്‍ എന്തെങ്കിലും ചതിയുണ്ടോ? കണ്ടിട്ട് പശ്ചാത്താപം ഉണ്ടെന്നു തോന്നുന്നു.
അശ്വതി റ്റീച്ചറിനു ഫോണ്‍ ചെയ്ത് അവള്‍ കാര്യങ്ങള്‍ പറഞ്ഞു. എല്ലാം കേട്ടിട്ട് അശ്വതി പറഞ്ഞു:
''അച്ഛന്‍ മരിച്ചൂന്നു കേട്ടപ്പം കുറ്റബോധം തോന്നിക്കാണും. അയാള്‍ ആത്മാര്‍ഥമായിട്ടാണു പറഞ്ഞതെന്ന് ഇന്ദുവിനു തോന്നുന്നുണ്ടെങ്കില്‍ ആ ജോലി സ്വീകരിക്കുന്നതാകും നല്ലത്. ഇരട്ടി ശമ്പളം കിട്ടുമല്ലോ. മാത്രമല്ല, അടുത്തവര്‍ഷം സ്‌കൂളില്‍ നിയമനം തരാന്നും പറഞ്ഞിട്ടുണ്ടല്ലോ.''
''പശ്ചാത്താപം തോന്നി പറഞ്ഞതാകും എന്നാണ് ഞാനും കരുതുന്നത്. അല്ലെങ്കില്‍ എന്നെ വിളിച്ച് ഇങ്ങനെ ഒരു ഓഫര്‍ തന്നിട്ട് അയാള്‍ക്കെന്താ മെച്ചം?''
''ഞാനും അതാ ആലോചിച്ചെ. ഇന്ദു ആ ജോലി സ്വീകരിക്കുന്നതാകും നല്ലത്. അഞ്ചുലക്ഷം തിരികെ തരാന്നും പറഞ്ഞിട്ടുണ്ടല്ലോ. ദൈവം അയാളുടെ മനസ്സ് മാറ്റിയതാകും.''
അശ്വതി പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇന്ദുവിനു സന്തോഷമായി. അന്നു രാത്രിതന്നെ അവള്‍ ആനന്ദനെ വിളിച്ചു സമ്മതമറിയിച്ചു.
പിറ്റേന്ന് അവള്‍ ന്യൂഫാഷന്‍ ടെക്സ്റ്റയില്‍സിലെ ജോലി രാജി വച്ചു. അതിനടുത്ത ദിവസം ആനന്ദന്റെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവള്‍ ജോലിക്കു കയറി. റിസപ്ഷനിസ്റ്റായിട്ടായിരുന്നു നിയമനം. പുതിയ ജോലി ഇന്ദുവിന് ഏറെ ഇഷ്ടമായി.
(തുടരും)