•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ജോയിന്‍ ചെയ്യാന്‍ പോകവേ, ട്രെയിനില്‍ സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ  മകനെ അവള്‍ പരിചയപ്പെട്ടു.  പിന്നീടവര്‍ നല്ല സുഹൃത്തുക്കളായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേ                                                                                                                                                    ജരെ തെറ്റിദ്ധരിപ്പിച്ചു. മാനേജര്‍ അവളെ പിരിച്ചുവിട്ടു. അത് വീട്ടിലറിയിക്കാതെ ഇന്ദു വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന ഒരു ക്രൈസ്തവവീട്ടില്‍ നുണപറഞ്ഞ് വീട്ടുജോലിക്കുനിന്നു. ഇന്ദുവിന്റെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. അവര്‍ പോലീസിനെ വിളിച്ചുവരുത്തി. 
(തുടര്‍ന്നു വായിക്കുക) 
 
സബ്ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ് ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്തു. ജോലിയില്‍നിന്നു പിരിച്ചുവിടാനുണ്ടായ സാഹചര്യത്തെപ്പറ്റിയും ആരാഞ്ഞു. ഒന്നും ഒളിക്കാതെ നടന്നതെല്ലാം സത്യം സത്യമായി അവള്‍ വിശദീകരിച്ചു.
''ഹെഡ്മിസ്ട്രസിന്റെ ഫോണ്‍ നമ്പരിങ്ങു താ. ഞാനൊന്നു വിളിച്ചു ചോദിക്കട്ടെ.''
ഇന്ദു മുറിയില്‍ പോയി മൊബൈല്‍ എടുത്തു കൊണ്ടുവന്നിട്ടു നമ്പര്‍ പറഞ്ഞുകൊടുത്തു. ഗോപിനാഥ് ആ നമ്പരില്‍ വിളിച്ചിട്ട് ഇന്ദുലേഖയെപ്പറ്റി തിരക്കി.
സ്വഭാവദൂഷ്യത്തിന്റെ പേരിലാണു പിരിച്ചുവിട്ടതെന്നും കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ സ്‌കൂള്‍ മാനേജരെ വിളിച്ചു ചോദിച്ചോളൂ എന്നും പറഞ്ഞിട്ട് ഹെഡ്മിസ്ട്രസ് മാനേജരുടെ നമ്പര്‍ കൊടുത്തു.
ഗോപിനാഥ് സിറ്റൗട്ടിലേക്ക് ഇറങ്ങിയിട്ട് മാനേജര്‍ ആനന്ദന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ആനന്ദനെ ലൈനില്‍ കിട്ടി. സ്വയം പരിചയപ്പെടുത്തിയിട്ട് ഗോപിനാഥ് കാര്യങ്ങള്‍ വിശദീകരിച്ചു. 
''ആ പെണ്ണ് നമ്പര്‍ വണ്‍ പ്രൊസ്റ്റിറ്റിയൂട്ടാണ് സാര്‍. ഇവിടെ പല ചെറുപ്പക്കാരുമായിട്ട് അവള്‍ക്കിടപാടുണ്ടായിരുന്നു. ഒടുവില്‍ എന്റെ മോനെ വലയിലാക്കാന്‍ നോക്കി. ഗതികെട്ടാ ഞാനവളെ പിരിച്ചുവിട്ടത്. ഒരു ജോലിക്കും അവളെ വയ്ക്കാന്‍ കൊള്ളില്ല.'' ആനന്ദന്‍ പറഞ്ഞതൊക്കെ ഗോപിനാഥ് മൂളിക്കേട്ടു.
കോള്‍ കട്ട് ചെയ്തിട്ട് ഗോപിനാഥ് ചാണ്ടിക്കുഞ്ഞിനെ സിറ്റൗട്ടിലേക്കു വിളിച്ചു സ്വരം താഴ്ത്തി പറഞ്ഞു:
''രണ്ടുദിവസംകൂടി അവളിവിടെ നില്‍ക്കട്ടെ. അപ്പോഴേക്കും വീട്ടീന്ന് ഞാന്‍ ആളെ വിളിച്ചു വരുത്തി അവരുടെ കൂടെ പറഞ്ഞയച്ചോളാം. അതുവരെ അവള്‍ക്കു ദുര്‍ബുദ്ധിയൊന്നും തോന്നാതിരിക്കാന്‍ നോക്കണം. പഴയതിലും സ്‌നേഹത്തോടെ പെരുമാറണം. എന്തെങ്കിലും സൂത്രം പ്രയോഗിച്ച് അവളുടെ ഫോണ്‍ വാങ്ങി നിങ്ങള്‍ കസ്റ്റഡില്‍ വച്ചോണം. ഞാന്‍ പറഞ്ഞിട്ട് കൊടുത്താല്‍ മതി.''
''എന്തെങ്കിലും പ്രശ്‌നമുണ്ടോ സാര്‍?''
''ഇല്ല. പക്ഷേ, വീട്ടില്‍ നിറുത്താന്‍ കൊള്ളില്ലാത്ത പെണ്ണാ. നമുക്കിവളെ വേണ്ട. പറഞ്ഞുവിട്ടേക്കാം.'' യാത്ര പറഞ്ഞിട്ട് ഗോപിനാഥ് വണ്ടിയില്‍ കയറി തിരിച്ചുപോയി.
''മൂര്‍ക്കന്‍പാമ്പിനെയാണല്ലോ കര്‍ത്താവേ എടുത്തു ശീലേല്‍ വച്ചത്!'' ത്രേസ്യാ സ്വയം പഴിച്ചു.
''എന്തെങ്കിലും സൂത്രം പറഞ്ഞ് അവളുടെ ഫോണ്‍ വാങ്ങി നീ കസ്റ്റഡീല്‍ വച്ചോണം.'' ചാണ്ടിക്കുഞ്ഞ് പറഞ്ഞു. ത്രേസ്യാ തലകുലുക്കി.
പോലീസ് സ്റ്റേഷനില്‍ മടങ്ങിയെത്തിയ എസ്.ഐ. ഗോപിനാഥ് ഇന്ദുവിന്റെ അനിയത്തി സീതാലക്ഷ്മിയെ വിളിച്ചു. പോലീസാണു വിളിക്കുന്നതെന്നു കേട്ടതും സീതാലക്ഷ്മി പരിഭ്രാന്തയായി. ഇന്ദുലേഖയെപ്പറ്റി ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ എല്ലാം അവള്‍ വിശദീകരിച്ചു. അച്ഛന്‍ തളര്‍ന്നുകിടക്കുകയാണെന്നു കേട്ടപ്പോള്‍ ഗോപിനാഥിനു സഹതാപം തോന്നി.                                                                                                                                                                      
''ഒരു കാര്യം ചെയ്യ്. നിങ്ങള്‍ക്കു വേണ്ടപ്പെട്ട ആരെയെങ്കിലും ഉടനെ തിരുവല്ല പോലീസ് സ്റ്റേഷനിലേക്കു പറഞ്ഞുവിട്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'' 
''എന്താ സാര്‍?''
''ഒന്നുമില്ല. ചില കാര്യങ്ങള്‍ പറയാനാ. അതിവിടെ വരുമ്പം പറയാം. പേടിക്കേണ്ട കാര്യമൊന്നുമില്ല.'' ഗോപിനാഥ് ഫോണ്‍ കട്ട് ചെയ്തു.
സീതാലക്ഷ്മി പരിഭ്രാന്തയായി. ചേച്ചിക്കു വല്ലതും സംഭവിച്ചോ? ഉടനെതന്നെ അവള്‍ ഇന്ദുവിന്റെ നമ്പരില്‍ വിളിച്ചു. ബെല്ലടിച്ചെങ്കിലും പ്രതികരണമില്ല.
അമ്മയോട് എല്ലാം തുറന്നു പറഞ്ഞാലോ? ഇനിയും ഒളിച്ചുവയ്ക്കുന്നത് അപകടമാണ്. അമ്മ കാര്യങ്ങളൊക്കെ അറിയട്ടെ. പെട്ടെന്ന് ഒരു ഷോക്കുണ്ടാകുമായിരിക്കും. സാരമില്ല. തത്കാലം അച്ഛനോട് ഒന്നും പറയണ്ട. അച്ഛനറിഞ്ഞാല്‍ പിന്നെ ആ ജീവിതം തീര്‍ന്നു. 
സീതാലക്ഷ്മി അമ്മയെ വിളിച്ചു മാറ്റി നിറുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ദേവകിയമ്മ താടിക്കു കൈയും കൊടുത്ത് നിലത്തു കുത്തിയിരുന്നുപോയി. അമ്മയെ ആശ്വസിപ്പിച്ചിട്ടു സീത പറഞ്ഞു:
''അച്ഛനോട് ഇപ്പം ഒന്നും പറയണ്ട. എന്താ സംഭവിച്ചതെന്നറിയട്ടെ. നമ്മളിപ്പം ആരെയാ അമ്മേ പോലീസ്‌സ്റ്റേഷനിലേക്കു പറഞ്ഞു വിടുക?''
''നമുക്ക് ദേവദത്തനെ പറഞ്ഞുവിട്ടാലോ? കൂടെ നീയും ചെല്ല്.''
അടുത്ത വീട്ടിലെ ചെറുപ്പക്കാരനാണ് ദേവദത്തന്‍. നമ്പൂതിരി ച്ചെക്കനാണ്. ദേവകിയമ്മയുടെ ഒരകന്ന ബന്ധുവുംകൂടിയാണ് ദേവദത്തന്‍.
പിറ്റേന്ന് ദേവദത്തനോടൊപ്പം ബസില്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പോകുമ്പോള്‍ സീതാലക്ഷ്മിയുടെ മനസ്സില്‍ പഞ്ഞിവച്ചാല്‍ കത്തുന്ന തീയായിരുന്നു. ചേച്ചി വല്ല കേസിലും പ്രതിയായോ? അതോ വല്ല അപകടവും?
ഉച്ചയ്ക്കുമുമ്പേ സ്റ്റേഷനിലെത്തി. വന്ന കാര്യം പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ ഇന്‍സ്‌പെക്ടറുടെ മുറിയിലേക്ക് അവരെ കൊണ്ടുപോയി. ഗോപിനാഥ് ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇരിക്കാന്‍ ആംഗ്യം കാട്ടിയതും അഭിമുഖമായി ഇരുവരും ഇരുന്നു.
കോള്‍ കഴിഞ്ഞതും ഗോപിനാഥ് മൊബൈല്‍ മേശപ്പുറത്തേക്ക് വച്ചിട്ട് ഇരുവരെയും നോക്കി. സീതാലക്ഷ്മിയാണ് കാര്യങ്ങള്‍ പറഞ്ഞത്. ഇന്ദുവിന്റെ അനിയത്തിയാണെന്നു കേട്ടപ്പോള്‍ ഗോപിനാഥ് ചോദിച്ചു:
''നിങ്ങടെ ചേച്ചിയെ സ്‌കൂളീന്നു പിരിച്ചുവിട്ടകാര്യം അറിഞ്ഞായിരുന്നോ?''
''എന്നോട് ചേച്ചി എല്ലാം പറഞ്ഞിരുന്നു.'
''എന്താ കാരണം?''
''മാനേജരുടെ ഇഷ്ടത്തിനു വഴങ്ങാത്തതുകൊണ്ടാണെന്നു പറഞ്ഞു.''
''അതു വിശ്വസിച്ചോ? എന്നാ അതല്ല കാര്യം. സ്വഭാവദൂഷ്യം. ഞാന്‍ ഹെഡ്മിസ്ട്രസിനെയും മാനേജരെയും വിളിച്ചിരുന്നു. രണ്ടുപേരും ഇതുതന്നെയാ പറഞ്ഞത്. ഇത്രയും വൃത്തികെട്ട ഒരു സ്ത്രീയെ കണ്ടിട്ടില്ലെന്നാ മാനേജരു പറഞ്ഞത്. പെണ്ണിനെ വേഗം കെട്ടിച്ചുവിടാന്‍ അച്ഛനോടു പറ കേട്ടോ. ഇല്ലെങ്കില്‍ പേരുദോഷംകൊണ്ട് നിങ്ങളു കുടുംബം ഒന്നടങ്കം നാറും. നിന്റെ അച്ഛനറിയാമോ അവളിങ്ങനെ വഴിതെറ്റി നടക്ക്വാന്ന്.''
സീതാലക്ഷ്മി ഒന്നും മിണ്ടിയില്ല.
''ഒന്നാംതരം ഒരു ജോലി കളഞ്ഞിട്ട് അവള്‍ വീട്ടുജോലിക്കു നില്‍ക്കണമെങ്കില്‍ ചില്ലറക്കാരിയല്ലെന്ന് അറിയാമല്ലോ. പോരെങ്കില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണും.'' 
ഗോപിനാഥ് പിന്നെയും ഓരോന്നു കുത്തിക്കുത്തി പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ദേവദത്തന്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന വിഷമമായിരുന്നു സീതാലക്ഷ്മിക്ക്. ഒടുവില്‍ എസ്.ഐ. പറഞ്ഞു:
''പോലീസുകാരെവിട്ട് ഞാനവളെ ഇങ്ങോട്ടു കൊണ്ടുവരാം. കൈയോടെ കൊണ്ടുപൊക്കോണം. ഞങ്ങള്‍ക്കു പണിയുണ്ടാക്കാന്‍ ഇനി ഈ പരിസരത്തേക്കെങ്ങും വന്നേക്കരുതെന്നു പറഞ്ഞേക്കണം.''
സീതാലക്ഷ്മി തലകുലുക്കി. ഗോപിനാഥ് ഒരു പോലീസുകാരനെ വിളിച്ചു നിര്‍ദേശം നല്‍കി. ഒരു വനിതാപോലീസിനെയും കൂട്ടി അയാള്‍ വണ്ടിയില്‍ കയറി ചാണ്ടിക്കുഞ്ഞിന്റെ വീട്ടിലേക്കു യാത്രയായി. സീതയും ദേവദത്തനും വരാന്തയിലേക്കിറങ്ങി കസേരയില്‍ ഇരുന്നു.
രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് വണ്ടിയില്‍ ഇന്ദുലേഖ വന്നിറങ്ങി. കൈയില്‍ വലിയ ബാഗുമുണ്ടായിരുന്നു. വരാന്തയില്‍ സീതാലക്ഷ്മിയെയും ദേവദത്തനെയും കണ്ടപ്പോള്‍ അവള്‍ക്കു കാ ര്യം പിടികിട്ടി. വീട്ടിലും നാട്ടിലും എല്ലാം അറിഞ്ഞിരിക്കുന്നു.
പോലീസുകാര്‍ അവളെ എസ്.ഐ.യുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 
''അന്വേഷിച്ചപ്പോള്‍ നിന്റെ സ്വഭാവത്തെക്കുറിച്ചു നല്ല അഭിപ്രായമാ എനിക്കു കിട്ടിയത്. ആനന്ദന്‍ എല്ലാം എന്നോടു പറഞ്ഞു. അനിയത്തിയുടെ കൂടെ വീട്ടിലേക്കു പൊയ്‌ക്കോ. ഞങ്ങള്‍ക്കു പണിയൊണ്ടാക്കാന്‍ ഇനി ഈ നാട്ടിലേക്കെങ്ങും വന്നു പോകരുത്.''
ഇന്ദുലേഖ മറുപടി ഒന്നും പറഞ്ഞില്ല. അവളാകെ തകര്‍ന്നുനില്‍ക്കുകയായിരുന്നു. എസ്.ഐ. യുടെ നിര്‍ദേശപ്രകാരം പോലീസുകാരന്‍ ഇന്ദുലേഖയെ കൂട്ടിക്കൊണ്ടുപോയി സീതാലക്ഷ്മിയെ ഏല്പിച്ചു.
മടക്കയാത്രയില്‍ സീതാലക്ഷ്മി ഇന്ദുവിനോട് ഒന്നും മിണ്ടിയില്ല. എസ്.ഐ. എന്തൊക്കെ പറഞ്ഞുവെന്നു ചോദിക്കാനുള്ള മാനസിക ധൈര്യവുമില്ലായിരുന്നു ഇന്ദുവിന്.
സീതാലക്ഷ്മിയോടും ദേവദത്തനോടുമൊപ്പം ഇന്ദുലേഖ മടങ്ങി വരുന്നതു കണ്ടപ്പോള്‍ ദേവകിയമ്മയുടെ നെഞ്ചിടിപ്പുകൂടി. അമ്മയുടെ മുഖത്തേക്കു നോക്കാന്‍ കരുത്തില്ലാതെ ഇന്ദു അകത്തേക്കു കയറിപ്പോയി.
''എന്താ മോളേ ഉണ്ടായേ?''
അമ്മയുടെ ചോദ്യത്തിനു മറുപടി പറയാതെ സീതാലക്ഷ്മിയും അകത്തേക്കു കയറിപ്പോയി. ദേവകിയമ്മ ദേവദത്തനെ നോക്കി. എന്താണു സംഭവിച്ചതെന്ന ചോദ്യഭാവത്തില്‍. 
എസ്.ഐ. ഗോപിനാഥ് പറഞ്ഞ കാര്യങ്ങള്‍ സ്വരം താഴ്ത്തി ദേവദത്തന്‍ പറഞ്ഞു. ഒടുവില്‍ ഇങ്ങനെ പറഞ്ഞുനിറുത്തി: 
''പെണ്ണിനെ വേഗം കെട്ടിച്ചുവിടാന്‍ അച്ഛനോടു പറയണമെന്നു പ്രത്യേകം പറഞ്ഞു.''
ദേവകിയമ്മ തളര്‍ന്നിരുന്നുപോയി. ദേവദത്തന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
''ആരാ വന്നേ ദേവകീ?''
അകത്തുനിന്ന് നാരായണന്‍ നമ്പൂതിരിയുടെ ശബ്ദം.
''ഇന്ദുമോളാ.''
''എന്തേ ഇന്ന്? സ്‌കൂളില്‍ പഠിത്തമില്ലേ? അവളെ ഇങ്ങു വിളിച്ചേ.''
വേഷംപോലും മാറാതെ കട്ടിലില്‍ തളര്‍ന്നുകിടക്കുകയായിരുന്നു ഇന്ദുലേഖ. ദേവകി ചെന്നു വിളിച്ചെങ്കിലും അവള്‍ എണീല്‍ക്കാന്‍ കൂട്ടാക്കിയില്ല. അച്ഛനെ അഭിമുഖീകരിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല അവള്‍ക്ക്. ഒടുവില്‍ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ എണീറ്റ് അച്ഛന്റെ അടുത്തേക്കു ചെന്നു.
''എന്തേ ഇന്നു വന്നേ? സ്‌കൂളില്‍ പഠിത്തമില്ലേ മോളെ?''
''കുറച്ചു ദിവസം അവധിയാ അച്ഛാ.'' സത്യം പറയാനുള്ള ശക്തിയുണ്ടായില്ല അവള്‍ക്ക്. നാരായണന്‍ നമ്പൂതിരിയുടെ ഓരോ ചോദ്യത്തിനും നുണപറയുമ്പോള്‍ അവളുടെ നെഞ്ചകം പൊള്ളുകയായിരുന്നു. ഒരു വിധത്തിലാണ് അവള്‍ അച്ഛന്റെ മുമ്പില്‍നിന്നു രക്ഷപ്പെട്ടത്. 
പിറ്റേന്നു രാവിലെ പത്തുമണി കഴിഞ്ഞപ്പോള്‍  ദേവദത്തന്റെ അച്ഛന്‍ വാസുദേവന്‍ കയറിവന്നു. നാരായണന്‍നമ്പൂതിരിയുടെ അടുത്തുവന്നിരുന്നു കുശലാന്വേഷണം നടത്തിയിട്ടു ചോദിച്ചു:
''ഇന്ദുവിന്റെ ജോലി പോയി അല്ലേ?''
''ജോലി പോകയോ? ആരു പറഞ്ഞു?''
''അവളു കാര്യങ്ങളൊന്നും പറഞ്ഞില്ലേ?''
''ഇല്ല. അവധിയെടുത്തു പോന്നൂന്നാണല്ലോ പറഞ്ഞേ.''
''ദത്തനും സീതാലക്ഷ്മിയും കൂടിച്ചെന്ന് അവളെ പോലീസ്‌സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടു വര്വായിരുന്നു. സീത ഒന്നും പറഞ്ഞില്ലേ?''
''ഇല്ല.''
''പത്രത്തില്‍ വാര്‍ത്ത വരാതിരുന്നതു ഭാഗ്യം. സ്വഭാവദൂഷ്യത്തിനു സ്‌കൂളീന്ന് അവളെ പിരിച്ചുവിട്ടു. പിന്നെ തിരുവല്ലയിലെ ഒരു വീട്ടില്‍ അവളുടെ ജോലിക്കു നില്‍ക്ക്വായിരുന്നു. ദുര്‍ന്നടപ്പിന് അവിടന്ന് പോലീസ് പിടിച്ചവളെ കസ്റ്റഡീല്‍ വച്ചിരിക്കുകയായിരുന്നു. ഇന്നലെ ദത്തനും സീതയുംകൂടി പോയാ അവളെ കൂട്ടിക്കൊണ്ടുവന്നത്.''
നാരായണന്‍നമ്പൂതിരി ഷോക്കേറ്റപോലെ മരവിച്ചുകിടന്നുപോയി.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)