•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ട്രെയിനില്‍ ജോയിന്‍ ചെയ്യാന്‍ പോകവേ, സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകനെ പരിചയപ്പെട്ടു. പിന്നീടവര്‍ നല്ല സുഹൃത്തുക്കളായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ അവളെ പിരിച്ചുവിട്ടു. അത് വീട്ടിലറിയിക്കാതെ ഇന്ദു വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന ഒരു ക്രൈസ്തവവീട്ടില്‍ നുണപറഞ്ഞ് വീട്ടുജോലിക്കു നിന്നു. സ്‌കൂളിലെ ജോലി തിരികെ ക്കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചപ്പോള്‍ ജോലി കിട്ടാന്‍വേണ്ടി കൊടുത്ത അഞ്ചുലക്ഷം രൂപ തിരികെവാങ്ങാന്‍ ഇന്ദു ഒരു ദിവസം മാനേജരുടെ വീട്ടിലെത്തി. 
(തുടര്‍ന്നു വായിക്കുക)
 
ആനന്ദന്‍ വല്ലാത്തൊരു ഭാവത്തോടെ ഇന്ദുവിനെ നോക്കി. ആ കണ്ണുകളില്‍ ഒരു സര്‍പ്പം പത്തിവിരിച്ചാടുന്നതുപോലെ ഇന്ദുവിനു തോന്നി. 
ഒരു വെടലച്ചിരിയോടെ ആനന്ദന്‍ അവളെ സമീപിച്ചു.
''ഇയാളെ പിരിച്ചുവിട്ടതില്‍ എനിക്കതിയായ ദുഃഖമുണ്ട്. പിന്നീട് ആലോചിച്ചപ്പോള്‍ ചെയ്തതു തെറ്റായിപ്പോയീന്നു തോന്നി. സാരമില്ല. തെറ്റുതിരുത്താന്‍ ഞാന്‍ തയ്യാറാ. ഇയാള്‍ക്ക് എന്റെ തുണിക്കടയില്‍ മുപ്പതിനായിരം രൂപ ശമ്പളത്തില്‍ അക്കൗണ്ടന്റായി തത്കാലം ഒരു ജോലി തരാം. അടുത്ത വര്‍ഷം സ്‌കൂളില്‍ വേക്കന്‍സിയുണ്ടാവുമ്പം അങ്ങോട്ടു നിയമിക്കുകയും ചെയ്യാം.''
''നന്ദി സാര്‍.'' ഇന്ദു കൈകൂപ്പി.
''പറയുന്നതനുസരിച്ച് മര്യാദയ്ക്ക് നിന്നോളാന്നു വാക്കുതരണം.'
''നില്‍ക്കാം സാര്‍. ഞാനിനി ഒരിക്കലും അഭിഷേകിനോടു മിണ്ടുകപോലും ചെയ്യില്ല.''
''അതുമാത്രം പോരല്ലോ.'' ആനന്ദന്‍ വലതുകൈ ഉയര്‍ത്തി അവളുടെ തോളില്‍ വച്ചു. പൊള്ളലേറ്റപോലെ ഇന്ദു ഒന്നു നിന്നു. അയാളുടെ വായില്‍നിന്ന് മദ്യത്തിന്റെ ഗന്ധം പുറത്തേക്കു വന്നു. ഇന്ദുവിന്റെ കരം പിടിച്ചുയര്‍ത്തി കൈവെള്ളയില്‍ തലോടിക്കൊണ്ട് ആനന്ദന്‍ തുടര്‍ന്നു: 
''ഒരു മുതലാളി തൊഴിലാളി ബന്ധം നമ്മള്‍ തമ്മില്‍ വേണ്ട. നല്ല ഫ്രണ്ട്‌സായി കഴിയാം. ഇന്ദുവിന് കാശിന് എപ്പ ആവശ്യം വന്നാലും എന്നോടു ചോദിച്ചാല്‍ മതി. അച്ഛനെ നമുക്ക് നല്ല ആശുപത്രീല്‍കൊണ്ടെ ചികിത്സിക്കാന്നേ.''
പൊടുന്നനെ ഇന്ദു കൈവലിച്ചിട്ട് ആനന്ദിനെ നോക്കി കൈകൂപ്പി യാചിച്ചു:
''പ്ലീസ്... ഒരു മകളായി എന്നെ കണ്ട് എന്നോടു ദയ കാണിക്കണം. മനസ്സും ശരീരവും കളങ്കപ്പെടുത്തിയിട്ട് ഒരു ജീവിതം ഞാന്‍ മുമ്പോട്ടു കൊണ്ടുപോകില്ല സാര്‍.''
''ചത്തു കഴിഞ്ഞാല്‍ ചീഞ്ഞുപോണ ദേഹമല്ലേ ഇത്. ജീവിക്കുന്ന കാലത്ത് പത്തുകാശ് ഇതുകൊണ്ട് ഒണ്ടാക്കാന്‍ നോക്ക്. ഇപ്പഴത്തെക്കാലത്ത് ഇതു വല്ലതും വല്യ കാര്യാണോ?''
ആനന്ദന്‍ അവളെ ഇടതു കൈ ചുറ്റി തന്നിലേക്കു ചേര്‍ത്തപ്പോള്‍ ഇന്ദു കുതറിമാറി. 
''തൊട്ടുപോകരുത്.'' അവളുടെ കണ്ണുകളില്‍ തീ ജ്വലിച്ചു.
''എനിക്കിയാളുടെ സഹതാപോം വേണ്ട ജോലീം വേണ്ട. തന്ന അഞ്ചുലക്ഷം തിരിച്ചുതന്നേക്കൂ. ഞാന്‍ പൊയ്‌ക്കോളാം.''
''ഏത് അഞ്ചുലക്ഷം? ഞാന്‍ തന്നോട് കാശു വാങ്ങിച്ചോ? വാങ്ങിച്ചെങ്കില്‍ തെളിവു കാണിക്ക്.''
''എന്താ സാര്‍ ഈ പറയുന്നത്?'' ഇന്ദു അങ്കലാപ്പോടെ നോക്കി.
''നീ വലിയ ശീലാവതിയല്ലേ? ഞാന്‍ കാശുവാങ്ങീന്ന് നീ പോയി കേസുകൊടുക്ക്.''
ആനന്ദന്‍ വെല്ലുവിളിച്ചു. 
ഇന്ദു കൈകൂപ്പി യാചിച്ചു.
''കാശു കിട്ടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വരും സാര്‍. പലേടത്തുനിന്നും കടം വാങ്ങിയ കാശാണ്. തിരിച്ചുകൊടുക്കണം.''
''പോയി ആത്മഹത്യ ചെയ്യെടീ. നീയൊക്കെ ജീവിച്ചിരുന്നിട്ട് ആര്‍ക്ക് എന്തു പ്രയോജനം?'' ആനന്ദന്‍ പല്ലുഞെരിച്ചുകൊണ്ടു തുടര്‍ന്നു: ''സ്‌നേഹിച്ചാല്‍ ഞാന്‍ ഹൃദയം പറിച്ചുതരും. വെറുത്താല്‍ മുച്ചൂടും തീര്‍ക്കും. മനസ്സിലായോ?''
''സാര്‍ ഞാനൊരു...''
''നീ കൂടുതലൊന്നും പറയണ്ട. ചെന്ന് നിന്റെ അച്ഛനെ കൂട്ടിക്കൊണ്ടുവാ. എനിക്കയാളോട് രണ്ടു വര്‍ത്തമാനം പറയണം.''
ഇന്ദു എത്ര യാചിച്ചിട്ടും പണം കൊടുക്കാന്‍ തയ്യാറായില്ല ആനന്ദന്‍. ദേഷ്യവും സങ്കടവും നിറഞ്ഞ മനസ്സോടെയാണവള്‍ പടിയിറങ്ങിയത്. 
മടക്കയാത്രയില്‍ ബസിലിരിക്കുമ്പോള്‍ ആലോചിച്ചു. ഇനി ജീവിച്ചിരുന്നിട്ട് എന്തു കാര്യം? ജോലിയുമില്ല പണവുമില്ല എന്ന സ്ഥിതിവന്നാല്‍...? അച്ഛനോട് എന്തു പറയും? പണം കൊടുത്തതിനു രേഖയോ തെളിവോ ഇല്ല. സാക്ഷികളുമില്ല. കോടതിയില്‍ പോയാലും പ്രയോജനമുണ്ടാവില്ല. ഇന്ദു കര്‍ച്ചീഫുകൊണ്ട് മിഴികള്‍ തുടച്ചു. അച്ഛന്റെ കാര്യം ഓര്‍ക്കുമ്പോഴാണ് ചങ്കുപൊട്ടിപ്പോകുന്നത്. അച്ഛനിതൊന്നും താങ്ങാനുള്ള കരുത്തുണ്ടാവില്ല.
തിരുവല്ലയില്‍ ചാണ്ടിക്കുഞ്ഞിന്റെ വീട്ടിലേക്കായിരുന്നു ഇന്ദുവിന്റെ മടക്കയാത്ര. വീട്ടിലെത്തിയപ്പോള്‍ മണി ആറ്.
''അച്ഛനോട് കാര്യങ്ങളെല്ലാം പറഞ്ഞോ?'' ചെന്നു കയറിയതേ ത്രേസ്യാ ചോദിച്ചു.
''അച്ഛന്റെ സ്ഥിതിയോര്‍ത്തപ്പം ഒന്നും പറയാന്‍ തോന്നിയില്ലയമ്മേ. ഒരുപാട് കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടിരിക്ക്വാ പാവം. അനിയത്തിയോടു കാര്യങ്ങളെല്ലാം പറഞ്ഞു.''
''നീ പറയുന്നതൊക്കെ സത്യമാണോന്ന് ആര്‍ക്കറിയാം. ഒരു കാര്യം ചെയ്യ്. അനിയത്തിയുടെ നമ്പരിങ്ങു താ. ഞാനൊന്നു വിളിച്ചു ചോദിക്കട്ടെ.''
ഇന്ദു സീതാലക്ഷ്മിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തു. ത്രേസ്യാ ആ നമ്പരില്‍ വിളിച്ച് അന്വേഷിച്ചു. ഇന്ദു പറഞ്ഞതൊക്കെ ശരിയാണെന്ന് അറിഞ്ഞപ്പോള്‍ തെല്ല് ആശ്വാസമായി.
''വിളിച്ചത് നിന്റെ അനിയത്തിയെത്തന്നെയാണോന്ന് ആര്‍ക്കറിയാം. പഠിച്ച കള്ളിയാ നീ. എന്നെ പറ്റിക്കാന്‍ പലതും ചെയ്യും. എന്തായാലും തുണി മാറിയിട്ട് വേഗം അടുക്കളേലേക്കു ചെല്ല്.'
ഇന്ദു റൂമില്‍ പോയി വേഷം മാറിയിട്ട് അടുക്കളയിലേക്കു പോയി.
വൈകുന്നേരം ഇന്ദു കുളിക്കാനായി പുറത്തെ ബാത്‌റൂമില്‍ കയറിയപ്പോള്‍ ത്രേസ്യാ അവളുടെ കിടപ്പുമുറിയില്‍ പ്രവേശിച്ചു. മുറിയുടെ ഒരു കോണില്‍ വച്ചിരുന്ന അവളുടെ ബാഗില്‍ ത്രേസ്യായുടെ കണ്ണുകള്‍ ഉടക്കി. ബാഗിന്റെ സിബ് തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ടത് ഇന്ദുവിന്റെ മൊബൈല്‍ ഫോണാണ്. അതെടുത്ത് തിടുക്കത്തില്‍ അവര്‍ ചാണ്ടിക്കുഞ്ഞിന്റെ അടുക്കല്‍ വന്നു.
''ഇതൊന്നു നോക്കിക്കേ. ആരെയൊക്കെയാ അവളു വിളിച്ചിരിക്കുന്നേന്ന് അറിയാല്ലോ.'' ഫോണ്‍ ചാണ്ടിക്കുഞ്ഞിനു നീട്ടി. 
ചാണ്ടിക്കുഞ്ഞ് നോക്കിയിട്ടു പറഞ്ഞു: 
''ഒരു സുജാത, ഹെഡ്മിസ്ട്രസ്. പിന്നെ ഒരു അശ്വതി, ഒരു സീതാലക്ഷ്മി.'
''ഈ സുജാത ഇവളു പഠിപ്പിച്ച സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരിക്കും അല്ലേ?''
''ആയിരിക്കുമല്ലോ.''
''നമുക്കാ നമ്പരിലേക്കൊന്നു വിളിച്ചുനോക്കിയാലോ? ഇവളു പറഞ്ഞതൊക്കെ നേരാണോന്നറിയാലോ.''
''ഉം.''
ചാണ്ടിക്കുഞ്ഞ് സുജാതയുടെയും ആനന്ദന്റെയും നമ്പര്‍ ഒരു കടലാസില്‍ കുറിച്ചെടുത്തിട്ട് ഫോണ്‍ ത്രേസ്യായ്ക്കു കൈമാറി. ത്രേസ്യാ വേഗം അതുകൊണ്ടുപോയി ഇന്ദുവിന്റെ ബാഗില്‍ ഭദ്രമായി വച്ചു. തിരിച്ചുവന്നിട്ട് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു: ''ഇപ്പത്തന്നെ വിളിക്ക്.''
ചാണ്ടിക്കുഞ്ഞ് സുജാതയുടെ നമ്പര്‍ ഡയല്‍ ചെയ്തു. സുജാതയെ ലൈനില്‍ കിട്ടി. ഇന്ദുവിനെപ്പറ്റി ചോദിച്ചപ്പോള്‍ ആരാണ് വിളിക്കുന്നതെന്നായി ചോദ്യം. ചാണ്ടിക്കുഞ്ഞ് വിശദമായി കാര്യങ്ങള്‍ പറഞ്ഞു.
''ആ പെണ്ണിനെ ഇവിടെ ജോലീന്നു പിരിച്ചുവിട്ടതാ.'' സുജാത പറഞ്ഞു.
''എന്താ കാരണം?''
''സ്വഭാവദൂഷ്യം. അല്ലാതെന്താ. പിരിച്ചുവിട്ട കാരണമൊന്നും പറഞ്ഞില്ലേ അവളു നിങ്ങളോട്?''
''മാനേജരുടെ ഇഷ്ടത്തിനു വഴങ്ങാത്തതുകൊണ്ട് പിരിച്ചു വിട്ടെന്നാ പറഞ്ഞത്.''
''അതു വിശ്വസിച്ചോ നിങ്ങള്? അവളിവിടെ വന്ന അന്നുതന്ന മാനേജരുടെ മകനെ വളയ്ക്കാന്‍ നോക്കി. പല തവണ മുന്നറിയിപ്പു കൊടുത്തിട്ടും നേരേയാകാത്തതുകൊണ്ടാ പിരിച്ചുവിട്ടത്. നിങ്ങളു വിചാരിക്കുന്നപോലെ അത്ര പാവമൊന്നുമല്ല അവള്. സകല തരികിടയും ഉണ്ട്. വിഷം തന്നു കൊന്നിട്ട് ഒള്ളത് അടിച്ചോണ്ടു പോകാതിരിക്കാന്‍ സൂക്ഷിച്ചോ. കൂടുതലൊന്നും എനിക്കു പറയാനില്ല.'' സുജാത ഫോണ്‍ കട്ട് ചെയ്തു.
ചാണ്ടിക്കുഞ്ഞ് വിഷണ്ണഭാവത്തില്‍ ഭാര്യയെ നോക്കി.
''ഇപ്പം എങ്ങനെയിരിക്കുന്നു? നിങ്ങള്‍ക്ക് അവളോടു വലിയ സഹതാപമായിരുന്നല്ലോ.''
ത്രേസ്യാ ഭര്‍ത്താവിന്റെ നേരേ ചീറി. ചാണ്ടിക്കുഞ്ഞ് മുഖം കുമ്പിട്ട് ഇരിക്കയായിരുന്നു.
''ഇനി ഒന്നും നോക്കണ്ട. പോലീസിനെ വിളിച്ചുവരുത്തി കയ്യോടെ ഏല്പിക്കുക. അവരവളെ കൊണ്ടുപോയി പീഡിപ്പിക്കുകയോ വീട്ടിലാക്കുകയോ എന്താന്നുവച്ചാല്‍ ചെയ്യട്ടെ.''
''അവളു വല്ല കടുംകൈയും ചെയ്താല്‍?''
''ദേ പിന്നേം തുടങ്ങി നിങ്ങള്‍ക്കു സഹതാപം. നിങ്ങള്‍ക്കു വയ്യെങ്കില്‍ ഞാന്‍ സാറായോടു പറയാം. അവളു വിളിച്ചോളും പോലീസിനെ.''
ത്രേസ്യാ മൊബൈല്‍ എടുത്ത് സാറായെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
കുളികഴിഞ്ഞു വന്ന്, ഇന്ദു ഒന്നും അറിയാതെ വീട്ടുജോലിയില്‍ മുഴുകി. ത്രേസ്യായും ചാണ്ടിക്കുഞ്ഞും ഒന്നും പറഞ്ഞതുമില്ല. 
പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോള്‍ ഗേറ്റിനരികില്‍ ഒരു പോലീസ് ജീപ്പ് വന്നുനിന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ് ഗേറ്റു തുറന്ന് വേഗം വീട്ടിലേക്കു കയറി. ചാണ്ടിക്കുഞ്ഞും ത്രേസ്യായും അദ്ദേഹത്തെ സ്വീകരിച്ച് അകത്തു കയറ്റി ഇരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇന്ദു പിന്നാമ്പുറത്ത് വസ്ത്രങ്ങള്‍ വിരിച്ചിടുകയായിരുന്നു.
''വിളിക്കവളെ.'' സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശം കിട്ടിയതും ത്രേസ്യാ ചെന്ന് ഇന്ദുവിനെ വിളിച്ചു. കൈകഴുകി തുടച്ചിട്ട് ഇന്ദു ത്രേസ്യായുടെ പിന്നാലെ സ്വീകരണമുറിയിലേക്കു വന്നു. 
സെറ്റിയിലിരുന്ന സബ് ഇന്‍സ്‌പെക്ടറെ കണ്ടതും അവളൊന്നു നടുങ്ങി. എസ്.ഐ. അവളെ അടിമുടിയൊന്നു നോക്കിയിട്ട് ആജ്ഞാപിച്ചു: 
''ഇങ്ങോട്ട് മാറിനില്ലെടീ.''
ഇന്ദു ഭയന്ന് അയാള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്കു മാറി നിന്നു.
 
     (തുടരും)
Login log record inserted successfully!