•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ട്രെയിനില്‍ ജോയിന്‍ചെയ്യാന്‍ പോകവേ സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകനെ പരിചയപ്പെട്ടു. പിന്നീടവര്‍ നല്ല സുഹൃത്തുക്കളായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. അത് വീട്ടിലറിയിക്കാതെ ഇന്ദു വൃദ്ധരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന ഒരു ക്രൈസ്തവവീട്ടില്‍ നുണപറഞ്ഞ് വീട്ടുജോലിക്കു നിന്നു. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഇന്ദുവിന്റെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. 
(തുടര്‍ന്നു വായിക്കുക)
 
സാറാ കുര്യന്‍ ഇന്ദുലേഖയെപ്പറ്റി പോലീസിലറിയിച്ചു എന്നു കേട്ടപ്പോള്‍ ചാണ്ടിക്കുഞ്ഞ് ത്രേസ്യായോടു ചൂടായി. 
''നീ എന്തു മണ്ടത്തരമാ കാണിച്ചത്. പോലീസുവന്ന് അവളെ ചോദ്യം ചെയ്താല്‍ നാട്ടുകാര് അറിയേലേ? പത്രത്തിലോ ടിവിയിലോ വാര്‍ത്തവന്നാല്‍ ആ പെണ്ണിന്റെ ഭാവി പോയില്ലേ? ഒന്നുമല്ലെങ്കിലും കല്യാണപ്രായമായ ഒരു പെണ്ണല്ലേ? അപ്പന്‍ തളര്‍ന്നുകിടക്കുന്നു. നാലു സഹോദരിമാര്. ആ പെണ്ണുവേണ്ടേ ആ കുടുംബം നോക്കാന്‍? അത് ഇത്തിരി കള്ളം പറഞ്ഞൂന്നുവച്ച് ഇങ്ങനെ ചെയ്യണമായിരുന്നോ?''
ചെയ്തതു മണ്ടത്തരമായി എന്ന് ത്രേസ്യായ്ക്കും തോന്നി. പോലീസില്‍ അറിയിക്കേണ്ടിയിരുന്നില്ല.
''പോലീസു പിടിച്ചോണ്ടു പോയി അവളെ വല്ല പീഡിപ്പിക്ക്വോ മറ്റോ ചെയ്താല്‍ ആ പെണ്ണിന്റെ ശാപം നിന്നെ വിട്ടുപോകില്ല.''
ചാണ്ടിക്കുഞ്ഞ് വിരല്‍ ചൂണ്ടി പറഞ്ഞു. 
''ഇനിയിപ്പം എന്നാ ചെയ്യും?'' ത്രേസ്യാ ധര്‍മസങ്കടത്തിലായി. 
''സാറായോടു വിളിച്ചുപറ, പോലീസിനോടു വരണ്ടാന്നു വിളിച്ചുപറയാന്‍.''
ത്രേസ്യാ എണീറ്റു മൊബൈല്‍ എടുത്തു സാറായുടെ നമ്പര്‍ ഡയല്‍ ചെയ്തു.
****
ശനിയാഴ്ച.
പുലര്‍ച്ചെ എണീറ്റ് പ്രഭാതഭക്ഷണവും ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളുമെല്ലാം ഉണ്ടാക്കിയിട്ട് ഇന്ദു വീട്ടില്‍ പോകാനുള്ള തയ്യാറെടുപ്പായി. വേഷം മാറി അവള്‍ ത്രേസ്യായുടെ അടുത്തുവന്നു പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം കൊടുത്തിട്ട് ത്രേസ്യാ പറഞ്ഞു:
''വീട്ടില്‍ചെന്ന് കാര്യം പറഞ്ഞ് നിന്റെ അപ്പനും അമ്മയ്ക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രം ഇനി തിരിച്ചിങ്ങോട്ടു വന്നാല്‍ മതി കേട്ടോ.''
''ഉം.'' ഇന്ദു തലകുലുക്കി.
ചാണ്ടിക്കുഞ്ഞിന്റെ മുറിയില്‍ പോയി കണ്ട് യാത്ര പറഞ്ഞിട്ട് ഇന്ദു പടിയിറങ്ങി. വീട്ടിലെത്തിയപ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു. അമ്മയും അനിയത്തിമാരും ചുറ്റുംകൂടി വിശേഷങ്ങള്‍ തിരക്കി.
''നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ മോളേ. സ്‌കൂളിലെന്താ പിടിപ്പതു പണിയുണ്ടോ? ശരീരം കറുത്തും പോയി. നീയെന്താ വെയിലത്തുനിന്നാണോ പഠിപ്പിക്കുന്നത്?'' ദേവകി ചോദിച്ചു. 
''അമ്മയ്ക്കു തോന്നുന്നതാ ക്ഷീണിച്ചെന്ന്. ങ്ഹാ കഴിക്കാനെന്താ ഉള്ളത്? വിശക്കുന്നു.'' അവള്‍ വിഷയം മാറ്റി.
''നീ പോയി വേഷം മാറീട്ടു വാ. ഞാന്‍ ഭക്ഷണം വിളമ്പാം.'' ദേവകിയമ്മ അടുക്കളയിലേക്കു വലിഞ്ഞു.
ഇന്ദു നേരേ അച്ഛന്‍ കിടക്കുന്ന മുറിയിലേക്കു നടന്നു. കട്ടിലിനരികില്‍ ഇരുന്ന് അച്ഛന്റെ കരം പുണര്‍ന്നുകൊണ്ട് ചോദിച്ചു:
''അച്ഛനു സുഖാണോ?''
''വയ്യ മോളേ. ശരീരത്തോടൊപ്പം മനസ്സും തളര്‍ന്നുപോയി. ഒരു കുടം കണ്ണീരാ ദിവസവും ഒഴുക്കിക്കളയുന്നത്.''
''എല്ലാം ശരിയാകും അച്ഛാ.''
''ഇനി എന്തു ശരിയാവാന്‍. മോള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി ഉണ്ടല്ലോന്നുള്ള ഒറ്റ ആശ്വാസമേ ഉള്ളൂ. ഞാന്‍ മരിച്ചാലും കുടുംബം പട്ടിണിയാകില്ലല്ലോന്ന് ഒരു സമാധാനം. മോടെ ശമ്പളം ശരിയായോ?''
''ഇല്ല.'
''ഇനീം ഒരുപാട് വൈകുമോ?''
''അറിയില്ലച്ഛാ.''
''ഞാനെന്നും ഗുരുവായൂരപ്പനോടു പ്രാര്‍ഥിക്കുന്നുണ്ട് എന്റെ മോടെ ശമ്പളം എത്രയും വേഗം ശരിയാക്കിക്കൊടുക്കണേന്ന്.''
അവിടിരുന്നാല്‍ പൊട്ടിക്കരഞ്ഞുപോയേക്കുമെന്നു തോന്നിയപ്പോള്‍ ഇന്ദു എണീറ്റ്, വേഷം മാറാനെന്നു പറഞ്ഞ് മുറിയിലേക്കു പോയി.
ഡ്രസ് ചേഞ്ചു ചെയ്യുമ്പോള്‍ ആലോചിച്ചു. അച്ഛനോട് എല്ലാം തുറന്നുപറഞ്ഞാലോ? വേണ്ട. മനസ്സു വിലക്കി. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും കൊണ്ടുനടക്കുന്ന ആ മനസ്സിലേക്ക് എന്തിന് കുറെ തീ കോരിയിടണം? തത്കാലം അച്ഛനൊന്നും അറിയേണ്ട.
അന്നു രാത്രി എല്ലാവരും ഉറക്കം പിടിച്ചപ്പോള്‍ ഇന്ദു സീതാലക്ഷ്മിയെ വിളിച്ചുണര്‍ത്തി. വീടിന്റെ പിന്നാമ്പുറത്തേക്കു വിളിച്ചുകൊണ്ടു പോയിട്ട് അവള്‍ എല്ലാക്കാര്യങ്ങളും അനിയത്തിയോടു പറഞ്ഞു. സീതാലക്ഷ്മി പ്രതിമ കണക്കെ മരവിച്ചിരുന്നുപോയി.
''അച്ഛനൊരിക്കലും ഇതറിയരുത്. ആരോടും പറയില്ലെന്നു നീ വാക്കു തരണം.''
സീതയുടെ കൈപിടിച്ച് അവര്‍ കെഞ്ചി.
''എത്രകാലം ഒളിച്ചുവയ്ക്കാന്‍ പറ്റും ചേച്ചി?'' സീതാലക്ഷ്മി കരഞ്ഞുപോയി.
''ദൈവം എന്തെങ്കിലുമൊരു വഴി കാണിച്ചുതരുമായിരിക്കും മോളെ.''
''ന്നാലും വീട്ടുജോലിക്കു നില്‍ക്കുകാന്നു പറഞ്ഞാല്‍.''
''ഇരുപതിനായിരം രൂപ ശമ്പളം കിട്ടുമെന്നു കേട്ടപ്പം ഞാന്‍ വേറൊന്നും നോക്കിയില്ല മോളെ.''
''ഇവിടെല്ലാവരും ഒരുപാട് കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടിരിക്വാ ചേച്ചീ.''
''എനിക്കതറിയാം. അതുകൊണ്ടാ ആരോടും ഒന്നും പറയരുതെന്നു ഞാന്‍ പറഞ്ഞത്.''
''ഞാനാരോടും പറയില്ല ചേച്ചീ.''
ഇന്ദുവിനെ സമാധാനിപ്പിച്ചിട്ട് സീതാലക്ഷ്മി ചേച്ചിയെ കൂട്ടിക്കൊണ്ട് കിടപ്പുമുറിയിലേക്കു പോയി.
   *     *    *
തിങ്കളാഴ്ച പുലര്‍ച്ചെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഇന്ദു പടിയിറങ്ങി. നേരേ പള്ളിക്കരയിലേക്കാണു പോയത്. ജോലിക്കായി കൊടുത്ത അഞ്ചുലക്ഷം രൂപ തിരികെ വാങ്ങണം. പകരം പുതിയ ടീച്ചറെ നിയമിച്ച സ്ഥിതിക്ക് ഇനി തന്നെ തിരിച്ചെടുക്കുമെന്നു പ്രതീക്ഷ വേണ്ട. പണം വാങ്ങി ബാങ്കിലിടാം. പലിശയും കിട്ടുമല്ലോ.
സ്‌കൂളിലെത്തിയപ്പോള്‍ മണി മൂന്ന്. ഇന്ദുവിനെ കണ്ടതും വരാന്തയില്‍ നിന്ന ചില കുട്ടികള്‍ ഓടിവന്നു  കരം പുണര്‍ന്നു സ്‌നേഹം പ്രകടിപ്പിച്ചു.
''റ്റീച്ചറിപ്പം ഏതു സ്‌കൂളിലാ പഠിപ്പിക്കുന്നെ?''
''വീടിനടുത്തൊരു സ്‌കൂളിലാ.''
''ഞങ്ങള്‍ക്കു പുതിയ റ്റീച്ചറു വന്നു.''
''വെരി ഗുഡ്. നന്നായിട്ടു പഠിക്കണം ട്ടോ.''
ചോദിച്ച കുട്ടിയുടെ കവിളില്‍ സ്‌നേഹവായ്‌പോടെ തലോടിയിട്ട് ഇന്ദു ഹെഡ്മിസ്ട്രസിന്റെ മുറി ലക്ഷ്യമാക്കി നടന്നു. 
ഇന്ദുവിനെ കണ്ടതും ഹെഡ്മിസ്ട്രസ് ചിരിച്ചു.
''സുഖാണോ?''
''ഉം.''
കുശലാന്വേഷണങ്ങള്‍ക്കുശേഷം ഹെഡ്മിസ്ട്രസ് സുജാത പറഞ്ഞു:
''റ്റീച്ചറിനു പകരം പുതിയ ആളെ നിയമിച്ചു.''
''ഞാനറിഞ്ഞു.''
''വെറുതെ വന്നെന്നേയുള്ളോ?''
''എല്ലാരേം ഒന്നു കാണണമെന്നു തോന്നി. പോന്നു. അത്രേയുള്ളൂ.''  പണം തിരികെ വാങ്ങാനാണെന്ന കാര്യം അവള്‍ പറഞ്ഞില്ല. 
കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഇന്ദു എണീറ്റ് സ്റ്റാഫ് റൂമിലേക്കു ചെന്നു. അശ്വതിയും സ്‌നേഹലതയും പുതുതായി നിയമനം കിട്ടിയ സൗമ്യയും മാത്രമേ ആ സമയം സ്റ്റാഫ് റൂമിലുണ്ടായിരുന്നുള്ളൂ. അശ്വതി എണീറ്റുചെന്ന് അവളുടെ കരം പിടിച്ചു വിശേഷങ്ങള്‍ തിരക്കി. സ്‌നേഹലത കണ്ട ഭാവം നടിച്ചതേയില്ല. 
ഇന്ദുവിനെ വിളിച്ചു വരാന്തയിലേക്കിറങ്ങിയിട്ട് അശ്വതി പറഞ്ഞു:
''ഇന്ദുവിനു പകരം വന്ന പുതിയ റ്റീച്ചറാ ആ ഇരിക്കുന്നത്. സൗമ്യ.''
''ഉം.'' മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞതുകണ്ടപ്പോള്‍ അശ്വതി കൂടുതല്‍ അതേപ്പറ്റി സംസാരിച്ചില്ല.
''ഇന്ന് എന്റെ വീട്ടില്‍ താമസിക്കാട്ടോ. വിളിച്ചപ്പം ഞാന്‍ പറഞ്ഞായിരുന്നല്ലോ.'' 
''ഉം.'' എത്ര സ്‌നേഹമുള്ള ടീച്ചര്‍ എന്ന് ഇന്ദു ഓര്‍ത്തു.
സ്‌കൂള്‍ വിട്ട് അശ്വതിയോടൊപ്പം ഇന്ദുലേഖ അവരുടെ വീട്ടിലേക്കു യാത്രയായി.
മനോഹരമായ ഇരുനില വീട്. വിശാലമായ മുറ്റവും ചുറ്റുമതിലും. ഇന്ദുവിനു വീട് നന്നേ ഇഷ്ടമായി. 
അശ്വതിയുടെ ഭര്‍ത്താവ് സതീഷിന് സഹകരണബാങ്കിലാണു ജോലി. മക്കള്‍ രണ്ട്. ആതിരയും അഭിജിത്തും. ആതിര ഏഴിലും അഭിജിത്ത് നാലിലും പഠിക്കുന്നു.
ഇന്ദുവിനായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി അശ്വതി. അത്താഴം കഴിഞ്ഞ് വിശേഷങ്ങള്‍ പങ്കിട്ടിരുന്നു. സതീഷും ഒപ്പം ഇരുന്നു വര്‍ത്തമാനം പറഞ്ഞു. സതീഷ് സ്‌നേഹമുള്ള ആളാണെന്ന് ഇന്ദുവിനു മനസ്സിലായി. സംഭാഷണപ്രിയനും നര്‍മബോധമുള്ളവനുമാണ്. പെരുമാറ്റത്തില്‍ അങ്ങേയറ്റത്തെ മാന്യതയും. അശ്വതി ഭാഗ്യവതിയാണെന്ന് ഓര്‍ത്തു.
മുകളിലത്തെ നിലയിലാണ് അശ്വതി ഇന്ദുവിന് കിടപ്പുമുറി ഒരുക്കിയത്. എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ മുറി. ജീവിതത്തില്‍ ആദ്യമായിരുന്നു ഇന്ദു ഒരു എ.സി. മുറിയില്‍ അന്തിയുറങ്ങിയത്. എ.സി.യുടെ തണുപ്പില്‍ പുതച്ചുമൂടി കിടന്ന് സുഖമായി ഉറങ്ങി.
രാവിലെ അശ്വതി വന്നു വിളിച്ചുണര്‍ത്തുകയായിരുന്നു. എണീറ്റ് ചൂടുവെള്ളത്തില്‍ കുളിച്ച് വേഷം മാറി താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും ടേബിളില്‍ ബ്രേക്ക് ഫാസ്റ്റ് റെഡി. ആവി പറക്കുന്ന ദോശയും ചമ്മന്തിയും വയറുനിറയെ കഴിച്ചു.
ഭക്ഷണം കഴിഞ്ഞിട്ട് സ്‌കൂള്‍ മാനേജര്‍ ആനന്ദനെ ഫോണില്‍ വിളിച്ചു. ആള്‍ വീട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ അശ്വതിയോടും ഭര്‍ത്താവിനോടും യാത്ര പറഞ്ഞ് ഇന്ദു ഇറങ്ങി. ഒരു ഓട്ടോയില്‍ കയറി നേരേ ആനന്ദന്റെ വീട്ടിലേക്കു പുറപ്പെട്ടു.
പിടയുന്ന മനസ്സോടെയാണ് ഇന്ദു കോളിങ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നത്. വാതില്‍ തുറന്ന് ആനന്ദന്‍. അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ഇന്ദു നിസ്സംഗതോടെ നിന്നതേയുള്ളൂ.
''വാ.''
 മാനേജരുടെ ക്ഷണം സ്വീകരിച്ച് ഇന്ദു ഡ്രോയിങ് റൂമിലേക്കു കയറി.
''ഇപ്പം എന്തു ചെയ്യുന്നു?'' ആനന്ദന്‍ അവളെ കഴുകന്റെ കണ്ണുകളോടെ നോക്കി.
''ഒന്നും ചെയ്യുന്നില്ല.'' നിര്‍വികാരമായ മറുപടി.
''അച്ഛനെന്തു പറഞ്ഞു?''
''ഒന്നും പറഞ്ഞില്ല.''
''അച്ഛന്‍ പറഞ്ഞുവിട്ടതാണോ കാശുവാങ്ങിച്ചോണ്ടു ചെല്ലാന്‍?''
''ഉം.''
''അച്ഛനിപ്പഴും കിടപ്പിലാണോ?''
''കാശു തിരിച്ചുതന്നാല്‍ ഞാന്‍ പൊയ്‌ക്കോളാം.'' ഇന്ദുവിന് അയാളോട് സംസാരിക്കാന്‍ ഒട്ടും ഇഷ്ടമില്ലായിരുന്നു.
''വാ'' ഇന്ദുവിനെ വിളിച്ച് ആനന്ദന്‍ ഡ്രോയിങ് റൂമിനോടു ചേര്‍ന്നുള്ള മുറിയിലേക്കു നടന്നു. ഇന്ദു മടിച്ചുനിന്നപ്പോള്‍ ആനന്ദന്‍ തുടര്‍ന്നു:
''തന്നെ പിടിച്ചുതിന്നാനൊന്നുമല്ല. ഇങ്ങോട്ടു വാ...''
ഇന്ദു സാവധാനം ആനന്ദന്റെ പിന്നാലെ ആ മുറിയിലേക്കു കയറി. മുറിയില്‍ കയറിയതും പൊടുന്നനെ ആനന്ദന്‍ വാതിലടച്ചു കുറ്റിയിട്ടു. ഒരു ഞെട്ടലോടെ ഇന്ദു അയാളെ നോക്കി.
 
(തുടരും)
Login log record inserted successfully!