•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ട്രെയിനില്‍ അഭിഷേക് എന്ന യുവാവിനെ അവള്‍ പരിചയപ്പെട്ടു. സ്‌കൂള്‍മാനേജരുടെ മകനാണ് അഭിഷേക് എന്നു പിന്നീടറിഞ്ഞു. അവര്‍ നല്ല സുഹൃത്തുക്കളായി. അഭിഷേകും ഇന്ദുവും തമ്മില്‍ പ്രേമമാണെന്ന് സ്‌കൂളിലെ ഒരു റ്റീച്ചര്‍ മാനേജരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇന്ദുവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അക്കാര്യം വീട്ടിലറിയിക്കാതെ അവള്‍ തിരുവല്ലയില്‍ വൃദ്ധദമ്പതികള്‍മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ വീട്ടുജോലിക്കു നിന്നു. ഗൃഹനാഥയായ ത്രേസ്യാ അവളെക്കൊണ്ടു പിടിപ്പതു പണി ചെയ്യിപ്പിച്ചു. (തുടര്‍ന്നു വായിക്കുക)
 
പ്രഭാതത്തിന്റെ ആദ്യവെട്ടം ജനാലച്ചില്ലിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങിയതും ഇന്ദുലേഖ കണ്ണുതുറന്നു. നേരം പുലര്‍ന്നിട്ട് ഒരുപാട് നേരമായോ? തിടുക്കത്തില്‍ എണീറ്റവള്‍ മൊബൈല്‍ എടുത്തു സമയം നോക്കി. മണി ആറര. ദൈവമേ, ത്രേസ്യാത്തള്ളയുടെ ശകാരം ഉറപ്പ്. 
മുടി ഒതുക്കിക്കെട്ടിവച്ച് വാതില്‍ തുറന്ന് അവള്‍ നേരേ അടുക്കളയിലേക്ക് ഓടി. ത്രേസ്യാമ്മ അടുക്കളയില്‍ പാലു ചൂടാക്കുകയായിരുന്നു.
''പള്ളിയുറക്കം കഴിഞ്ഞ് ഇപ്പഴാണോ എഴുന്നെള്ളുന്നത്. സമയം എന്തായീന്ന് നീ ആ ക്ലോക്കിലേക്കൊന്നു നോക്കിക്കേ. വേലക്കാരിയെ വച്ചിരിക്കുന്നതു കാണാനല്ല. എനിക്കു വല്ലതും ഉണ്ടാക്കിത്തരാനാ.''
ഇന്ദുവിന്റെ നേരേ തുറിച്ചുനോക്കിയിട്ട് ത്രേസ്യാ തുടര്‍ന്നു: ''ഒറ്റയെണ്ണത്തിനെ വീട്ടില്‍ നിറുത്താന്‍ കൊള്ളുകേല.''
''അമ്മച്ചി പൊയ്‌ക്കോ... ഞാന്‍ ചായ എടുത്തോണ്ടു വരാം.'' 
''നീ ചായ എടുത്താ വായിവച്ചു കുടിക്കാന്‍ കൊള്ളുമോ? പോയി ദോശ ഉണ്ടാക്കാന്‍ നോക്ക് പെണ്ണേ.''
ത്രേസ്യാമ്മ ചായയുണ്ടാക്കി രണ്ടു കപ്പില്‍ പകര്‍ന്നുകൊണ്ട് കിടപ്പുമുറിയിലേക്കു പോയി. ഇന്ദു വന്നുനോക്കിയപ്പോള്‍ തുള്ളിപോലും ബാക്കിയുണ്ടായിരുന്നില്ല. അവള്‍ക്കു സങ്കടം വന്നു. വെള്ളം തിളപ്പിച്ച് അവള്‍ കട്ടന്‍ചായ ഉണ്ടാക്കിക്കഴിച്ചു. പിന്നീട് ദോശ ചുടാനുള്ള ഒരുക്കങ്ങളായി. ദോശ  ചുട്ടുകഴിഞ്ഞ് ചമ്മന്തിയുണ്ടാക്കി. ത്രേസ്യാ ഇടയ്ക്കിടെ വന്ന് ഓരോ നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. ഒന്നു തീരുമ്പോള്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ വിശ്രമം കൊടുക്കാതെ പണി ചെയ്യിപ്പിച്ചുകൊണ്ടിരുന്നു. പറഞ്ഞതെല്ലാം മടി കൂടാതെ ചെയ്തു.
ഒന്‍പതു മണിയായപ്പോഴേക്കും ദോശയും ചട്ട്ണിയും റെഡി. പ്രഭാതഭക്ഷണം ഡൈനിങ് ടേബിളില്‍ നിരത്തിയിട്ട് അവള്‍ ത്രേസ്യായെ വിളിച്ചു. കൈ കഴുകിയിട്ട് ത്രേസ്യായും ചാണ്ടിക്കുഞ്ഞും ടേബിളിനരികില്‍ വന്നിരുന്നു. ഇന്ദു ഗ്ലാസിലേക്ക് ചായ പകരുകയായിരുന്നു.
ദോശ വച്ചിരുന്ന പാത്രത്തിന്റെ അടപ്പു തുറന്ന് ചാണ്ടിക്കുഞ്ഞ് ഒരു ദോശയെടുത്ത് പ്ലേറ്റിലേക്കിട്ടു. മീതെ ചട്ണി ഒഴിച്ചു ദോശ അതില്‍ മുക്കി കഴിച്ചു.
''കൊള്ളാം. ദോശയും ചമ്മന്തിയും ഉഗ്രന്‍.'' 
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അബദ്ധമായല്ലോന്ന് ചാണ്ടിക്കുഞ്ഞ് ഓര്‍ത്തത്. ഒളികണ്ണിട്ട് ഭാര്യയെ നോക്കി. ഭര്‍ത്താവിനെ രൂക്ഷമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ത്രേസ്യാ.
''ഇതാണോ കേമപ്പെട്ട ദോശ. ഇതിന് എന്നാ രുചിയുണ്ടെന്നാ നിങ്ങള് പറയുന്നത്. അല്ലെങ്കിലും വേലക്കാരി ഒണ്ടാക്കുന്നതിന് രുചി കൂടുതലു കാണുമല്ലോ.'' ദോശ ചട്ട്ണിയില്‍ മുക്കി കഴിച്ചുകൊണ്ട് ത്രേസ്യാ പറഞ്ഞു.
ചാണ്ടിക്കുഞ്ഞ് പിന്നൊന്നും മിണ്ടിയില്ല. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് രണ്ടുപേരും എണീറ്റ് മുറിയിലേക്കു പോയി. ഇന്ദു പാത്രങ്ങള്‍ കഴുകിവച്ചിട്ട് ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും ഉണ്ടാക്കുന്ന തിരക്കിലായി. ഇടയ്ക്ക് ത്രേസ്യാ വന്നു പറഞ്ഞു:
''ഫ്രിഡ്ജില് മീനിരിപ്പുണ്ട്. എടുത്തു വെട്ടി വൃത്തിയാക്കി വച്ചിട്ട് എന്നെ വിളിക്ക് കേട്ടോ.'' അതു പറഞ്ഞിട്ട് മറുപടിക്കു കാത്തുനില്‍ക്കാതെ അവര്‍ പോയി. 
ഇന്ദു ഫ്രിഡ്ജ് തുറന്നു നോക്കി. ഫ്രീസറില്‍ തണുത്തു മരവിച്ച് വിറകുകൊള്ളിപോലെ മീനിരിപ്പുണ്ട്. പുറത്തെടുത്ത് കുറെനേരം വെള്ളത്തിലിട്ടു. തണുപ്പു മാറിയപ്പോള്‍ എടുത്തു ചെതുമ്പലുകള്‍ കളഞ്ഞ് വൃത്തിയാക്കാന്‍ തുടങ്ങി. ദുഷിച്ച ഗന്ധം അനുഭവപ്പെട്ടപ്പോള്‍ ഛര്‍ദിക്കാന്‍ വന്നു. ശ്വാസമടക്കിപ്പിടിച്ചിരുന്ന് എല്ലാം ക്ലീന്‍ ചെയ്തു കഷണങ്ങളാക്കി പാത്രത്തിലിട്ടു.
ഇന്ദുവിന്റെ വിളി കേട്ടതും ത്രേസ്യാ വന്ന് മീന്‍ എങ്ങനെയാണു കറിവയ്‌ക്കേണ്ടതെന്ന് അവളെ കാണിച്ചുകൊടുത്തു. ഉച്ചയ്ക്ക് മീന്‍കറികൂട്ടി ചോറുണ്ണുമ്പോള്‍ ത്രേസ്യാ ഇന്ദുവിനോടു പറഞ്ഞു:
''ഇത്തിരി മീന്‍കറിയെടുത്ത് നീയും കൂട്ടിക്കോ. നല്ല ടേസ്റ്റാ. ഒരു പ്രാവശ്യം കഴിച്ചുകഴിയുമ്പം എല്ലാ ദിവസവും കഴിക്കണമെന്നു തോന്നും. കൂട്ടിനോക്ക്.''
''വേണ്ടമ്മേ.''
പച്ചക്കറിമാത്രം കൂട്ടിയാണ് അവള്‍ ചോറുണ്ടത്. ഉച്ചകഴിഞ്ഞു മുറികളെല്ലാം തുടച്ചുവൃത്തിയാക്കി. തുണികളെല്ലാം കഴുകി ഉണങ്ങാനിട്ടു. വിശ്രമമില്ലാതെ പിടിപ്പതു പണി ഏല്പിച്ചു ത്രേസ്യാ അവളെ. അഞ്ചുമണിയായപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചിരുന്നു. ഇത്തിരിനേരം തല ചായ്ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
ത്രേസ്യായും ചാണ്ടിക്കുഞ്ഞും സ്വീകരണമുറിയില്‍ ടി.വി. കണ്ടിരിക്കുകയാണ്. ആ സമയം ഡോര്‍ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്നപ്പോള്‍ അടുത്ത വീട്ടിലെ സാറാ കുര്യന്‍. ത്രേസ്യായുടെ കൂട്ടുകാരിയാണ്. റിട്ടയേര്‍ഡ് പ്രഫസറാണ് സാറാ കുര്യന്‍. അറുപതിനു മുകളില്‍.
''രണ്ടുപേരും ടി.വി. കണ്ടിരിക്ക്യാ?''
സാറാ അകത്തേക്കു കയറിയിട്ട് തുടര്‍ന്നു: ''വീട്ടുജോലിക്ക് ആളെ കിട്ടീതുകൊണ്ട് ഫ്രീയായി അല്ലേ?''
''എന്തോന്നു ഫ്രീ. എന്റെ കണ്ണു ചെന്നില്ലെങ്കില്‍ ഒന്നും നേരേചൊവ്വേ ചെയ്യില്ല അവള്. വായ്ക്ക് രുചിയായി ഒന്നും ഒണ്ടാക്കാനറിഞ്ഞൂടാ.''
''എവിടെ ആള്? ഞാനൊന്നു കാണട്ടെ.''
സാറാ അടുക്കളയിലേക്കു നടന്നു. വീട്ടിലെ ദുരിതങ്ങള്‍ ഓര്‍ത്ത് വിഷാദമൂകയായി അടുക്കളയിലെ സ്റ്റൂളിലിരിക്കുകയായിരുന്നു ഇന്ദു. സാറായും ത്രേസ്യായും വന്നതവള്‍ കണ്ടില്ല.
''ഒന്നുകില്‍ സ്വപ്നം കണ്ടിരിക്കും. അല്ലെങ്കില്‍ കിടന്നുറങ്ങും. ഒരു പണീം ചെയ്യുകേല എന്റെ സാറേ.'' ത്രേസ്യാ അങ്ങനെ പറഞ്ഞതും ഇന്ദു ഞെട്ടിയെണീറ്റു ഭവ്യതയോടെ നിന്നു. കൂടെ വന്ന ആളിനെക്കണ്ട് അവള്‍ നടുങ്ങി. തന്നെ ഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച അധ്യാപിക.
''നിന്നെ എവിടെയോ കണ്ടുപരിചയം ഉള്ളപോലെ തോന്നുന്നല്ലോ. എവിടാ വീട്?''
ഇന്ദു സ്ഥലപ്പേരു പറഞ്ഞു.
''സെന്റ് ജോണ്‍സ് കോളജില്‍ പഠിച്ചിട്ടുണ്ടോ?''
''ഇല്ല.'' അവള്‍ കള്ളം പറഞ്ഞു.
ഇന്ദുവിന്റെ വീടിനെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും വിശദമായി സാറ ചോദിച്ചറിഞ്ഞു. സാറാ പോയിക്കഴിഞ്ഞപ്പോഴാണ് ശ്വാസം നേരേ വീണത്. ഭാഗ്യം. റ്റീച്ചര്‍ തന്നെ തിരിച്ചറിഞ്ഞില്ലല്ലോ.
    *        *       *
ഞായറാഴ്ച.
രാവിലെ ചാണ്ടിക്കുഞ്ഞും ത്രേസ്യാമ്മയും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. ആ സമയം ഇന്ദു മൊബൈലില്‍ അശ്വതിറ്റീച്ചറെ വിളിച്ചു.
''ഞാനിപ്പം റ്റീച്ചറിന്റെ കാര്യം  ഓര്‍ത്തേയുള്ളൂ. സുഖാണോ? വീട്ടിലറിഞ്ഞോ കാര്യങ്ങളൊക്കെ?'' അശ്വതി ആരാഞ്ഞു.
''വീട്ടില്‍ പറഞ്ഞിട്ടില്ല റ്റീച്ചര്‍. ഞാനിപ്പം ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുവാ.'' ഇന്ദു എല്ലാം വിശദമായി പറഞ്ഞു.
''ദൈവമേ, അങ്ങനെയൊരു ഗതികേടു വന്നോ റ്റീച്ചറിന്. കഷ്ടം തന്നെ.''
''ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി വേണ്ടേ റ്റീച്ചര്‍. സ്‌കൂളിലെന്തുണ്ട് വിശേഷം?'' 
''ഇന്ദുവിന്റെ പോസ്റ്റില്‍ വേറൊരു റ്റീച്ചറെ വച്ചു. ഒരു സൗമ്യ. ആനന്ദന്‍സാറിന് അവളെ വലിയ ഇഷ്ടമാ. മണിയടിച്ചു സുഖിപ്പിച്ചു നിറുത്താനറിയാം അവള്‍ക്ക്.''
ഇന്ദുവിന്റെ നെഞ്ചൊന്നു പിടഞ്ഞു. പ്രതീക്ഷയുടെ അവസാനത്തെ നാളവും അണഞ്ഞിരിക്കുന്നു. ആനന്ദന്‍സാറിന് മാനസാന്തരം വന്ന് തിരിച്ചുവിളിക്കുമെന്ന് ചിലപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നു. 
''വാങ്ങിച്ച പണം ആനന്ദന്‍സാറ് തിരിച്ചുതന്നോ?'' അശ്വതി ചോദിച്ചു.
''ഇല്ല.''
''ഇനി അതു തിരിച്ചു വാങ്ങിക്കരുതോ? ഇന്ദുവിനെ ഇനി തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷ വേണ്ട.''
''പ്രതീക്ഷ തീര്‍ന്നു റ്റീച്ചര്‍. മനസ്സ് സ്വസ്ഥമായിട്ട് ഞാനൊരു ദിവസം അങ്ങോട്ടു വരുന്നുണ്ട്.''
കുറെനേരം വിശേഷങ്ങള്‍ പങ്കുവച്ചിട്ട് ഇന്ദു ഫോണ്‍ കട്ട് ചെയ്തു.
പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് ചാണ്ടിക്കുഞ്ഞും ത്രേസ്യായും സാറാകുര്യന്റെ മകന്റെ കാറിലാണ് വീട്ടിലേക്കു മടങ്ങിയത്. സാറായുടെ വീട്ടുപടിക്കല്‍ അവര്‍ ഇറങ്ങി. ഗേറ്റിനരികില്‍ സാറാ കാത്തുനില്‍പ്പുണ്ടായിരുന്നു. കണ്ടപാടേ സാറാ പറഞ്ഞു:
''നിങ്ങടെ വേലക്കാരി അത്ര ശുദ്ധഗതിക്കാരിയല്ല കേട്ടോ.'
''ഉം?'' ത്രേസ്യാ ഉത്കണ്ഠയോടെ നോക്കി.
''നിങ്ങളു പള്ളീല്‍ പോയ നേരത്ത് മുറ്റത്തിറങ്ങി അവളാര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്നു. മതിലിനപ്പുറത്ത് ചെടി നനച്ചുകൊണ്ട് ഞാന്‍ നില്‍പ്പുണ്ടായിരുന്നു. അവളതു കണ്ടില്ല. സംസാരത്തീന്ന് എനിക്കു മനസ്സിലായി അവള് വീട്ടില്‍ പറഞ്ഞിട്ടു പോന്നതല്ലാന്ന്. എന്തോ ചുറ്റിക്കളിയുണ്ട്. വല്ല തട്ടിപ്പോ വെട്ടിപ്പോ നടത്തീട്ട് ഒളിച്ചുവന്നു താമസിക്കുവാണോന്ന് ആര്‍ക്കറിയാം? ഒന്നന്വേഷിക്കുന്നതു നല്ലതാ. ഇല്ലെങ്കില്‍ ചെലപ്പം പോലീസ് സ്റ്റേഷനില്‍ കേറേണ്ടിവരും.'' ത്രേസ്യാ അന്തംവിട്ടു നിന്നുപോയി. 
 
     (തുടരും)
Login log record inserted successfully!