•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. റ്റീച്ചറായി ജോലി കിട്ടിയ ഇന്ദു ജോയിന്‍ ചെയ്യാന്‍ പോകവേ, ട്രെയിനില്‍ അഭിഷേക് എന്ന യുവാവിനെ പരിചയപ്പെട്ടു. സ്‌കൂള്‍ മാനേജരുടെ മകനായ അഭിഷേകുമായി ഇന്ദു പിന്നീട് നല്ല സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രേമമാണെന്ന് സ്‌കൂളിലെ ഒരു റ്റീച്ചര്‍ മാനേജരെ തെറ്റിദ്ധരിപ്പിച്ചു. ഇന്ദുവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ആ സമയം അഭിഷേക് അമേരിക്കയ്ക്കു പോയിരുന്നു. പിരിച്ചുവിട്ട കാര്യം വീട്ടിലറിയിക്കാതെ ഇന്ദു തിരുവല്ലയില്‍ വൃദ്ധദമ്പതികള്‍ മാത്രമുള്ള ഒരു ക്രിസ്ത്യന്‍വീട്ടില്‍ ജോലിക്കു ചെന്നു. (തുടര്‍ന്നു വായിക്കുക)

രമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ത്രേസ്യാമ്മ വന്നു. എണ്‍പതു വയസ്സിനടുത്തു പ്രായമുള്ള ഒരു സ്ത്രീ. തടിച്ചശരീരം. വെളുത്തനിറം. നരച്ച തലമുടി. ചാണ്ടിക്കുഞ്ഞ് ഇന്ദുവിനെ ഭാര്യയ്ക്കു പരിചയപ്പെടുത്തി. ത്രേസ്യാമ്മ അവളെ അടിമുടി സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു:
''നിന്നെ കണ്ടിട്ട് ഒരു വേലക്കാരിയാന്നു തോന്നുന്നില്ലല്ലോ. വീട്ടീന്നു വഴക്കുകൂടിയെങ്ങാനും ഇറങ്ങിപ്പോന്നതാണോ കൊച്ചേ?''
''അയ്യോ, ഒരിക്കലുമല്ല.''
''തനിച്ചു വന്നതുകൊണ്ട് ചോദിച്ചതാ.''
വീട്ടിലെ സ്ഥിതി അവള്‍ വിശദീകരിച്ചു. നമ്പൂതിരിപ്പെണ്ണാണെന്നു കേട്ടപ്പോള്‍ ത്രേസ്യാ ചോദിച്ചു:
''അപ്പം, ഇറച്ചീം മീനുമൊക്കെ വയ്ക്കാനറിഞ്ഞൂടായിരിക്കും അല്ലേ?''
''അതു ഞാന്‍ പഠിച്ചോളാം.''
''ആരു പഠിപ്പിക്കും? എനിക്ക് അടുക്കളപ്പണി വയ്യാത്തതുകൊണ്ടല്ലേ ഒരാളെ വയ്ക്കുന്നത്. ഇറച്ചീം മീനുമില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഊണ് സുഖാവില്ല.''
''ഒരു പ്രാവശ്യം ഒന്നു കാണിച്ചുതന്നാല്‍ മതി. പിന്നെ ഞാനുണ്ടാക്കിക്കോളാം.''
''എന്തായാലും വേറൊരാളെ കിട്ടുന്നതുവരെ നില്‍ക്ക്. എങ്ങനുണ്ടെന്ന് ഞാനൊന്നു നോക്കട്ടെ.''
ത്രേസ്യായുടെ സംസാരവും ഇടപെടലും ഇന്ദുവിന് ഇഷ്ടപ്പെട്ടില്ല. ദേഷ്യം വന്നെങ്കിലും അവള്‍ മിണ്ടിയില്ല. ഒരു ജോലി എന്നത് ഇപ്പോള്‍ തന്റെ ആവശ്യമാണല്ലോ.
ത്രേസ്യാ ഇന്ദുവിനെ വിളിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി.
''ഉച്ചയ്ക്കു നീ  വല്ലതും കഴിച്ചോ?''
''ഇല്ല.''
പ്ലേറ്റെടുത്ത് ത്രേസ്യാ ചോറു വിളമ്പി. എന്നിട്ടു തിരിഞ്ഞ് ഇന്ദുവിനെ നോക്കി ചോദിച്ചു:
''കൂട്ടാന്‍ മീന്‍കറിയേയുള്ളൂ. എടുക്കട്ടെ.''
'വേണ്ട.''
''പിന്നിപ്പം എന്താ കറി തരുക?''
''ഒന്നും വേണ്ട. ഇത്തിരി കഞ്ഞിവെള്ളം ഒഴിച്ച് ലേശം ഉപ്പിട്ട് ഇങ്ങു തന്നാല്‍ മതി.''
ത്രേസ്യാ അങ്ങനെ ചെയ്തു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഇന്ദു സ്വാദോടെ കഴിച്ചു.
പാത്രം കഴുകി വച്ചിട്ട് ഇന്ദു ചോദിച്ചു: ''അത്താഴത്തിന് എന്താ ഉണ്ടാക്കേണ്ടത്. ഞാന്‍ ഉണ്ടാക്കാം.''
''പയറുതോരനും പുളിശ്ശേരീം ആയിക്കോട്ടെ.''
പാചകത്തിനുള്ള സാധനങ്ങളെല്ലാം എടുത്തുകൊടുത്തിട്ട് ത്രേസ്യാ പറഞ്ഞു:
''വേഷം മാറീട്ടു മതി പണി തുടങ്ങാന്‍. മാറാനുള്ള വസ്ത്രം കൊണ്ടുവന്നിട്ടുണ്ടോ?''
''ഉം.''
ഇന്ദുവിനെ വിളിച്ചുകൊണ്ട് ത്രേസ്യാമ്മ തെക്കുവശത്തെ ചെറിയ മുറിയിലേക്കു നടന്നു. വാതില്‍ തുറന്നു കാണിച്ചിട്ടു പറഞ്ഞു:
''ഇതാ നിന്റെ മുറി. ബാഗ് ആ കട്ടിലിനടിയില്‍ വച്ചോ. ഡ്രസ് മാറിയിട്ട് അടുക്കളയിലേക്കു വാ.'' അതു പറഞ്ഞിട്ട് ത്രേസ്യാ പിന്‍വാങ്ങി.
ഇന്ദു മുറിയിലേക്കു കയറി ബാഗ് നിലത്തുവച്ചു. ചെറിയ മുറിയാണ്. ചുമരിനോടു ചേര്‍ന്ന് ഒരു കട്ടിലും ബഡ്ഡും ഉണ്ട്. മുറിക്ക് ഒരു ജനാലയേ ഉള്ളൂ.
ഇന്ദു കട്ടിലില്‍ ഇരുന്നിട്ട് ഒരു ദീര്‍ഘശ്വാസം വിട്ടു. നല്ല ക്ഷീണം തോന്നുന്നു. ശരീരത്തിന് ഒരു തളര്‍ച്ചപോലെ. അഞ്ചുമിനിറ്റു കിടക്കാം. ഫാന്‍ ഓണ്‍ ചെയ്തിട്ട് അവള്‍ കട്ടിലിലേക്കു മെല്ലെ ചാഞ്ഞു. ഫാനിന്റെ  ഇളംകാറ്റേറ്റപ്പോള്‍ അറിയാതെ മയക്കത്തിലേക്കു വീണു.
''കൊള്ളാലോ പെണ്ണ്. വന്നതേ സുഖമായിട്ടു കിടന്നുറങ്ങുവാണോ?''
ത്രേസ്യായുടെ ശബ്ദം കേട്ട് ഇന്ദു ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റു.
''സുഖവാസത്തിനു വന്നതാണോ ഇവിടെ? വേഷംപോലും മാറാതെ സുഖായിട്ടു കിടന്നുറങ്ങ്വാ. നീ വേലക്കാരിയാണോ അതോ ഈ വീടിന്റെ ഉടമയാണോ?''
''ക്ഷീണംകൊണ്ട് ഒന്നു മയങ്ങിപ്പോയതാ അമ്മച്ചീ.''
''ക്ഷീണം വരാന്‍ നിനക്കെന്നാ വയറ്റിലൊണ്ടോടീ?''
ഇന്ദു വല്ലാതായി. എന്തു പറഞ്ഞാലും കേട്ടുനില്‍ക്കുകയല്ലാതെ വഴിയില്ലല്ലോ. ഒരടിമയെപ്പോലെ എല്ലാം സഹിക്കുക തന്നെ.''
''കുന്തം വിഴുങ്ങിയപോലെ നില്‍ക്കാതെ തുണി മാറിയിട്ട് അടുക്കളേലേക്കു ചെല്ല്. ഒരു മണിക്കൂര്‍ കിടന്നുറങ്ങി.'' പിറുപിറുത്തുകൊണ്ട് ത്രേസ്യാ മുറി വിട്ടിറങ്ങി.
വേഷം മാറിയിട്ട് ഇന്ദു അടുക്കളയിലേക്കു ചെന്നു. ഓരോ സാധനവും എവിടെയെല്ലാമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ത്രേസ്യാ അവള്‍ക്കു കാണിച്ചു കൊടുത്തു. എന്നിട്ടവര്‍ മുകളിലത്തെ നിലയിലേക്കു പോയി.
പുളിശേരിക്കു വെള്ളരിക്ക അരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇന്ദു ഓര്‍ത്തു. ഈ തള്ളയുടെ കൂടെ എത്രനാള്‍ നില്‍ക്കാന്‍ പറ്റും? സംസാരം കേള്‍ക്കുമ്പോള്‍ത്തന്നെ സ്ഥലം വിടാന്‍ തോന്നും. വെറുതെയല്ല ജോലിക്കാരാരും ഇവിടെ നില്‍ക്കാത്തത്.
പുളിശേരിയും പയറുതോരനും നന്നായി പാകം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിച്ചു ഇന്ദു. ത്രേസ്യായ്ക്ക് കുറ്റം പറയാന്‍ വഴിയൊരുക്കരുത്. ചോറും കറികളും പാകം ചെയ്തുകഴിഞ്ഞപ്പോള്‍ നേരം ഇരുട്ടിയിരുന്നു.
''ആ മീന്‍കറികൂടി ഒന്നു ചൂടാക്കിയേക്ക്.'' ത്രേസ്യാ അടുക്കളയിലേക്കു വന്നു പറഞ്ഞു.
ഇന്ദു മീന്‍ചട്ടിയെടുത്ത് അടുപ്പത്തു വച്ചു. അതിന്റെ മണം അടിച്ചപ്പോള്‍ മനംപിരട്ടല്‍ തോന്നി. കറി ചൂടാക്കി വാങ്ങി വച്ചിട്ട് അവള്‍ കുളിക്കാന്‍ പോയി.
കുളികഴിഞ്ഞു വന്നപ്പോള്‍ ത്രേസ്യാമ്മയും ചാണ്ടിക്കുഞ്ഞും പ്രാര്‍ഥനയിലായിരുന്നു. മുറിയില്‍ പോയിരുന്ന് ഇന്ദുവും നാമം ജപിച്ചു.
''അത്താഴം വിളമ്പിക്കോ ഇന്ദൂ.''
സ്വീകരണമുറിയില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന ത്രേസ്യാ വിളിച്ചു പറഞ്ഞു.
ഭക്ഷണം വിളമ്പി ടേബിളില്‍ നിരത്തിയിട്ട് രണ്ടുപേരെയും വിളിച്ചു. ചാണ്ടിക്കുഞ്ഞും ത്രേസ്യയും കൈകഴുകിയിട്ട് ഡൈനിങ് ടേബിളിലെ കസേരയില്‍ വന്നിരുന്നു. ഒരു സ്പൂണില്‍ അല്പം പുളിശ്ശേരി  എടുത്തു രുചിച്ചു നോക്കിയിട്ട് ത്രേസ്യാ ഇന്ദുവിന്റെ നേരേ തിരിഞ്ഞു. 
''എന്നാ പുളിശേരിയാ കൊച്ചേ ഇത്? വായില്‍ വച്ചു കൂട്ടാന്‍ കൊള്ളത്തില്ലല്ലോ.''
നല്ല അഭിപ്രായം പറയുമെന്നു പ്രതീക്ഷിച്ച ഇന്ദുവിന് അതൊരു ആഘാതമായിരുന്നു. പയറുതോരനെടുത്തു രുചിച്ചു നോക്കിയിട്ട് ത്രേസ്യാ തുടര്‍ന്നു:
''ഉപ്പുമില്ല, എരിവുമില്ല. നീ എവിടുന്നാ പെണ്ണേ പാചകം പഠിച്ചേ?''
ഇന്ദുവിന് സങ്കടം വന്നു.
''ഈ കറിക്ക് എന്ന ത്രേസ്യാ ഒരു കുറവ്.'' പുളിശേരിയും പയറുകറിയും രുചിച്ചുനോക്കിയിട്ട് ചാണ്ടിക്കുഞ്ഞു ചോദിച്ചു.
''നിങ്ങളു നോക്കുമ്പം കുറവൊന്നും കാണുകേല. പോരെങ്കില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് ഒണ്ടാക്കിത്തന്നതല്ലേ?''
''അതാ കുഴപ്പം. കറിയല്ല പ്രശ്‌നം. ഒണ്ടാക്കീത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണായിപ്പോയി.'' തിരിഞ്ഞ് ഇന്ദുവിനെ നോക്കി ചാണ്ടിക്കുഞ്ഞു തുടര്‍ന്നു: ''നീ എന്നാ ഉണ്ടാക്കിയലും ഇനി ശരിയാവില്ല മോളേ.''
''മോളോ? ഇവള് എന്നാ നിങ്ങടെ മോളായത്. എനിക്കു വേണ്ട ഈ പേട്ടുകറി. കൊണ്ടെ പട്ടിക്കു കൊടുക്ക്.'' ഇടതു കൈകൊണ്ട് കറിപ്പാത്രം തട്ടിമാറ്റിയിട്ട് അവര്‍ ചോറുണ്ണാന്‍ തുടങ്ങി. മീന്‍കറി മാത്രം കൂട്ടിയാണ് ത്രേസ്യാ ഭക്ഷണം കഴിച്ചത്. ഊണുകഴിഞ്ഞിട്ട് ത്രേസ്യാ വേഗം എണീറ്റ് കൈകഴുകി കിടപ്പുമുറിയിലേക്കു പോയി. ചാണ്ടിക്കുഞ്ഞ് കഴിച്ചുതീര്‍ന്നിരുന്നില്ല. അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു: 
''അവളങ്ങനാ. വെട്ടൊന്ന് മുറി രണ്ട്. മോളത് കാര്യാക്കണ്ട.''
ഇന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ചാണ്ടിക്കുഞ്ഞ് എണീറ്റു പോയപ്പോള്‍ ഇന്ദു പാത്രങ്ങളെല്ലാം എടുത്തു കഴുകിവച്ചു. ഒരു സ്റ്റീല്‍പാത്രത്തില്‍ കുറച്ചു ചോറെടുത്ത് അവളും കഴിച്ചു. കറികള്‍ക്കൊന്നും ഒരു പോരായ്മയും തോന്നിയില്ല.
പണികളെല്ലാം തീര്‍ത്ത് അടുക്കളയുടെ വാതിലടച്ചിട്ട് അവള്‍ കിടപ്പുമുറിയിലേക്കു പോയി. ഇന്ദു ബാഗ് തുറന്ന് ബെഡ്ഷീറ്റെടുത്ത് ബഡ്ഡില്‍ വിരിച്ചു. പിന്നെ മെല്ലെ കിടക്കയിലേക്കു ചാഞ്ഞു.
മിഴികളടച്ചു കിടന്ന് ഓര്‍മകളില്‍ മുഴുകി. സ്‌കൂള്‍ അധ്യാപികയായ താന്‍ വീട്ടുജോലിക്കാരിയായി മാറുമെന്ന് സ്വപ്നത്തിലെങ്കിലും വിചാരിച്ചിരുന്നോ?
തനിക്കുപകരം സ്‌കൂളില്‍ പുതിയ റ്റീച്ചറെ നിയമിച്ചിട്ടുണ്ടാകും. കുട്ടികളുടെ ഇന്ദുറ്റീച്ചറേ എന്ന വിളി കേള്‍ക്കാന്‍ എന്തു രസമായിരുന്നു! എത്ര സ്‌നേഹമായിരുന്നു പിള്ളേര്‍ക്ക്.
ജീവിതകാലം മുഴുവന്‍ ഇനി ത്രേസ്യായുടെ ആട്ടുംതുപ്പുമേറ്റ് ഈ വീട്ടില്‍ കഴിയേണ്ടി വരുമോ? തന്റെ അവസ്ഥ വീട്ടിലറിഞ്ഞാല്‍ അച്ഛനതു താങ്ങാനുള്ള കരുത്തുണ്ടാവുമോ? അച്ഛന്‍ തനിക്കു കല്യാണം ആലോചിക്കുമ്പോള്‍ കള്ളി വെളിച്ചത്താകില്ലേ? പയ്യന്റെ വീട്ടുകാര്‍ സ്‌കൂളില്‍ ചെന്ന് അന്വേഷിക്കില്ലേ?
അവളുടെ ചിന്തകള്‍ പല വഴിക്കും കാടുകയറി. ഓരോന്നാലോചിച്ചു കിടന്ന് എപ്പോഴോ മയങ്ങി.


(തുടരും) 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)