•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. ജോയിന്‍ ചെയ്യാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ഇടയ്ക്ക് അച്ഛന്‍ പ്ലാറ്റ്‌ഫോമില്‍ തലകറങ്ങിവീണ് ആശുപത്രിയിലായി. ട്രെയിനിലുണ്ടായിരുന്ന അഭിഷേക് എന്ന യുവാവ് അവളെ സ്‌കൂളിലെത്തിച്ചു. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകനാണ് അഭിഷേക് എന്നവള്‍ പിന്നീടറിഞ്ഞു. അവര്‍ നല്ല സുഹൃത്തുക്കളായി. അതോടെ മറ്റ് അധ്യാപികമാര്‍ക്ക് അവളോട് അസൂയയായി. മാനേജര്‍ ആനന്ദന്‍ ഒരു സ്ത്രീലമ്പടനായിരുന്നു. അയാളുടെ ഇഷ്ടത്തിനു പ്രതികൂലമായി നിന്നപ്പോള്‍ ഇന്ദുവിനോട് അയാള്‍ക്കു ദേഷ്യമായി. മാനേജരുടെ വലംകൈയായ സ്‌നേഹലതറ്റീച്ചര്‍, ഇന്ദുവും അഭിഷേകും തമ്മില്‍ പ്രേമമാണെന്ന് ആനന്ദനെ തെറ്റിദ്ധരിപ്പിച്ചു. മാനേജര്‍ കോപാകുലനായി. 
(തുടര്‍ന്നു വായിക്കുക)
 
ബംഗ്ലാവിന്റെ മുന്‍വശത്തെ വിശാലമായ വരാന്തയില്‍ ഈസി ച്ചെയറില്‍ ചാരിക്കിടക്കുകയാണ് ഈട്ടിക്കല്‍ ആനന്ദന്‍. തൊട്ടടുത്ത് ടീപ്പോയില്‍ വിലകൂടിയ വിസ്‌കിയും അതിനരികില്‍ പാതി നിറഞ്ഞ ഗ്ലാസും. മദ്യലഹരിയില്‍ ശിരസ് ഒരു വശത്തേക്കു ചെരിച്ച് പാതിമയക്കത്തിലാണ് ആള്‍. ആ സമയം ഭാര്യ ശ്രീദേവിയും മകന്‍ അഭിഷേകും വീട്ടിലുണ്ടായിരുന്നില്ല. 
പള്ളിക്കരഗ്രാമത്തിലെ ഏറ്റവും ധനാഢ്യനാണ് ആനന്ദന്‍മുതലാളി. ഒരു ടെക്സ്റ്റയില്‍ ഷോറൂം, സിനിമാ തിയേറ്റര്‍, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, പെട്രോള്‍ പമ്പ് എന്നിവയ്ക്കു പുറമേ ഏക്കറുകണക്കിന് കൃഷിഭൂമിയുമുണ്ട് ആനന്ദന്. 
പള്ളിക്കരയിലെ വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂള്‍ ആനന്ദന്റെ ഉടമസ്ഥതയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അണ്‍ എയ്ഡഡായി തുടങ്ങിയ സ്‌കൂള്‍ പിന്നീട് രാഷ്ട്രീയസ്വാധീനത്തില്‍ എയ്ഡഡാക്കി മാറ്റുകയായിരുന്നു. ഒരു ട്രസ്റ്റിന്റെ കീഴിലാണ് സ്‌കൂള്‍ എങ്കിലും ട്രസ്റ്റിന്റെ ചെയര്‍മാനും ഭരണസമിതിയംഗങ്ങളും ആനന്ദനും സ്വന്തക്കാരും മാത്രം.
ആനന്ദനു മക്കള്‍ മൂന്ന്. മൂത്തമകന്‍ രാജീവ് അമേരിക്കയില്‍ ഡോക്ടര്‍. ഭാര്യയോടും മക്കളോടുമൊപ്പം അവിടെ സ്ഥിരതാമസം. രണ്ടാമത്തവള്‍ രേഷ്മ. ചേര്‍ത്തലയില്‍ ഒരു വ്യവസായപ്രമുഖന്റെ ഭാര്യയായി, കുടുംബിനിയായി കഴിയുന്നു. ഏറ്റവും ഇളയത് അഭിഷേക്. എം.ബി.എ. ബിരുദധാരിയായ അഭിഷേകാണ് ബിസിനസ്‌കാര്യങ്ങള്‍ നോക്കി ആനന്ദനോടൊപ്പം തറവാട്ടില്‍ താമസിക്കുന്നത്.
അഭിഷേകിനെപ്പറ്റി നാട്ടുകാര്‍ക്കൊക്കെ നല്ല മതിപ്പാണ്. പാവങ്ങളെ സഹായിക്കും. പണക്കൊഴുപ്പിന്റെ അഹങ്കാരവും തലക്കനവുമില്ല. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളുമില്ല. എല്ലാവരോടും ഹൃദ്യമായ പെരുമാറ്റം.
ആനന്ദന്റെ ഭാര്യ ശ്രീദേവിയുടെ  സ്വഭാവഗുണങ്ങളാണ് അഭിഷേകിനു കിട്ടിയതെന്നു നാട്ടുകാര്‍ പറയാറുണ്ട്. 
അഭിഷേകിന്റെ സ്വഭാവത്തിനു കടകവിരുദ്ധമാണ് ആനന്ദന്റെ സ്വഭാവം. ഇല്ലാത്ത ദുശ്ശീലങ്ങളൊന്നുമില്ല. സ്ത്രീകള്‍ അയാള്‍ക്കൊരു ബലഹീനതയാണ്. ഈ വിഷയത്തില്‍ ഭാര്യയുമായി എന്നും വഴക്കാണ്.
അച്ഛന്റെ വഴിപിഴച്ച പോക്കില്‍ അഭിഷേകും അസ്വസ്ഥനായിരുന്നു. എങ്കിലും എതിര്‍ത്തൊരു വാക്ക് പറഞ്ഞിട്ടില്ല ഇന്നോളം. അതുകൊണ്ടുതന്നെ ആനന്ദന് മറ്റാരേക്കാളും കൂടുതല്‍ സ്‌നേഹം അഭിഷേകിനോടായിരുന്നു. അഭിഷേകും ഇന്ദുവും തമ്മില്‍ പ്രേമമാണെന്നു കേട്ടപ്പോള്‍ ചാടി എണീറ്റതും ഈ സ്‌നേഹാധിക്യം മൂലമാണ്.
''സാര്‍.''
പാതിമയക്കത്തിലായിരുന്ന ആനന്ദന്‍ വിളികേട്ട് ഞെട്ടി യുണര്‍ന്നു. മുമ്പില്‍ കൈകൂപ്പി ഭവ്യതയോടെ ഇന്ദുലേഖ. ചുവന്നുകലങ്ങിയ കണ്ണുകളുയര്‍ത്തി ആനന്ദന്‍ നോക്കി. ഒരു കഴുകന്റെ കണ്ണുകളോടെ ദാഹാര്‍ത്തമായ നോട്ടം.
''വാ...''
ഇന്ദുവിനെ ക്ഷണിച്ചിട്ട് അയാള്‍ എണീറ്റ് വേച്ചുവേച്ചു സ്വീകരണമുറിയിലേക്കു നടന്നു. ഭയന്നുവിറച്ചു പിന്നാലെ ഇന്ദുവും. ആനന്ദന്‍ വാതിലടച്ചപ്പോള്‍ ഇന്ദു പരിഭ്രാന്തയായി. അടിമുതല്‍ മുടിവരെ അവളെ ചുഴിഞ്ഞു നോക്കിയിട്ട് ആനന്ദന്‍ പറഞ്ഞു:
''കാഴ്ചയില്‍ ഇയാളു പഞ്ചപാവമാ. കൈയിലിരിപ്പ് മഹാമോശവും.'' 
ഒന്നും മിണ്ടാതെ, ചെന്നായയുടെ മുമ്പിലകപ്പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ വിറച്ചുനിന്നതേയുള്ളൂ ഇന്ദു.
''എന്തിനാ ഇപ്പം തന്നെ വിളിപ്പിച്ചതെന്നറിയാമോ?'' ആനന്ദന്‍ സൂക്ഷിച്ച് അവളെ നോക്കി.
''ഇല്ല.''
''അഭിഷേകും നീയും തമ്മിലെന്താ ബന്ധം?''
''ഒരു ബന്ധവുമില്ല സാര്‍.''
''സ്‌കൂളിലെ റ്റീച്ചേഴ്‌സ് കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞു. എന്റെ ചോറു തിന്നോണ്ട് എന്റെ മകനെ വഴിപിഴപ്പിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടീ?''
''സാറു കേട്ടതൊക്കെ നുണയാണ്. എന്റെ സഹോദരനെപ്പോലെയാ ഞാന്‍ അഭിഷേക്‌സാറിനെ കണ്ടിട്ടുള്ളൂ. എന്നോടുള്ള വിരോധംകൊണ്ട് ചിലര്‍ ഓരോന്നു പറഞ്ഞു പരത്തിയതാണ്.''
''അഭിഷേകിനെ നീ ഇടയ്ക്കിടെ വിളിക്കാറുണ്ടോ?''
''ഇല്ല.'
''നിനക്കവന്‍ കാശു വല്ലതുംതന്നോ?'
നടന്നതെന്താണെന്ന് അവള്‍ വിശദമായി പറഞ്ഞു. അതു കേട്ടതും ആനന്ദന്‍ പറഞ്ഞു:
''ഇയാളെ ഇനിയും ഈ സ്‌കൂളില്‍ തുടരാന്‍ അനുവദിച്ചാല്‍ നീ അവനെ അടിച്ചെടുക്കും. നിനക്കതിനുള്ള സാമര്‍ത്ഥ്യമുണ്ട്. എനിക്കെന്റെ മകന്‍ നഷ്ടമാകും. മകനെ മാത്രമല്ല, എന്റെ സ്വത്തും നീ അടിച്ചെടുക്കും.''
''ഇല്ല സാര്‍. ഇനി ഞാന്‍ അഭിഷേകിനോടു സംസാരിക്കുകപോലുമില്ല. എന്നെ പിരിച്ചുവിടരുത്. എന്റെ ശമ്പളംകൊണ്ടുവേണം എന്റെ കുടുംബം കഴിയാന്‍. വീട്ടില്‍ ഒരുപാട് സാമ്പത്തികബുദ്ധിമുട്ടുണ്ട് സാര്‍.'' ഇന്ദു കൈകൂപ്പി അപേക്ഷിച്ചു.
''താന്‍ ധിക്കാരിയാ. ആദ്യദിവസം താനിവിടെ വന്നപ്പം ഞാന്‍ ഒരു ഗ്ലാസ് ചായ കൊണ്ടു തന്നിട്ട് താനതു കഴിച്ചില്ല. അന്നേ ഞാന്‍ നിന്നെ നോക്കി വച്ചതാ.''
''അങ്ങനൊരു ബുദ്ധിമോശം കാണിച്ചുപോയി. ക്ഷമിക്കണം സാര്‍.''
''രാജിവച്ചു പിരിഞ്ഞുപോയാല്‍ മാന്യമായിട്ടു നിനക്കു പോകാം. പിരിച്ചുവിട്ടാല്‍ നാറ്റിച്ചേ ഞാന്‍ വിടൂ. എന്താ വേണ്ടത്?''
''ജോലിയില്ലാതെ എനിക്കു വീട്ടിലേക്കു ചെല്ലാന്‍ പറ്റില്ല സാര്‍. അച്ഛന്‍ ഒരു വശം തളര്‍ന്നു കിടപ്പിലാണ്. ജോലി പോയീന്ന് അച്ഛനറിഞ്ഞാല്‍ ഹൃദയം പൊട്ടി മരിക്കും.''
''ശരി. ഞാന്‍ പറയുന്നതൊക്കെ ഇനി അനുസരിക്കുമോ?''
''തീര്‍ച്ചയായും. ഞാനിനി അഭിഷേകിനോടു മിണ്ടില്ല. ഉറപ്പ്.''
ആനന്ദന്‍ വേച്ചുവേച്ച് അവളുടെ അടുത്തേക്കു വന്നിട്ട് വലതുകൈ ഉയര്‍ത്തി അവളുടെ തോളില്‍ വച്ചു. ആനന്ദന്റെ ഉദ്ദേശ്യം മനസിലായ ഇന്ദു തീപ്പൊള്ളലേറ്റപോലെ പിന്നാക്കം മാറി.
''ഞാനൊരു പാവമാ സാര്‍. എന്നെ ഉപദ്രവിക്കരുത് പ്ലീസ്.''
''ഇതാണോ തന്റെ അനുസരണ? നേരേ ചൊവ്വേ നിന്നാല്‍ തന്റെ കുടുംബത്തെ ഞാന്‍ രക്ഷപ്പെടുത്താം. ഒരുപാട് കുടുംബങ്ങളെ ഞാന്‍ രക്ഷപ്പെടുത്തീട്ടുണ്ട്. ഇയാള്‍ക്ക് എത്ര പണം വേണം?''
ആനന്ദന്‍ വീണ്ടും അടുത്തപ്പോള്‍ ഇന്ദു കൈകൂപ്പി അപേക്ഷിച്ചു.
''ഒന്നും വേണ്ട സാര്‍. ഈ ശരീരം കളങ്കപ്പെടുത്തിയിട്ട് ഒന്നും വേണ്ടെനിക്ക്. ദയവായി ഉപദ്രവിക്കരുത്.''
''താനൊന്നും ജീവിക്കാന്‍ പഠിച്ചിട്ടില്ല. പോയി ശരിക്കൊന്ന് ആലോചിക്ക്, പണമാണോ ശരീരമാണോ വലുതെന്ന്. ഒരവസരം കൂടി ഞാന്‍ തരാം. പൊയ്‌ക്കോ.''
അനുമതി കിട്ടിയതും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ഇന്ദു വേഗം മുറിവിട്ടിറങ്ങി. ഗേറ്റു കടന്നു റോഡിലിറങ്ങിയപ്പോഴാണ് ശ്വാസം നേരേ വീണത്. സിംഹത്തിന്റെ ഗുഹയില്‍നിന്നു രക്ഷപ്പെട്ടതുപോലുള്ള ആശ്വാസമായിരുന്നു അവള്‍ക്ക്.
ആരെങ്കിലും കണ്ടോ എന്നു നാലുചുറ്റും നോക്കിയിട്ട് അവള്‍ ധൃതിയില്‍ നടന്നു.       *       *       *
ഒരു തണുത്ത വെളുപ്പാന്‍കാലം.
രാവിലെ അമ്പലത്തില്‍ പോയിട്ട് താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു ഇന്ദുലേഖ. കൂടെ പ്രേമയുമുണ്ട്. ധൃതിയില്‍ നടന്നുവരുമ്പോള്‍ പൊടുന്നനേ ഒരു കാര്‍ അവളുടെ മുമ്പില്‍ സഡന്‍ബ്രേക്കിട്ടു. ഇന്ദു നോക്കിയപ്പോള്‍ കാറില്‍ അഭിഷേകും അമ്മ ശ്രീദേവിയും.
''എവിടെപ്പോയി?'' അഭിഷേക് ആരാഞ്ഞു.
''അമ്പലത്തില്‍.''
''കേറിക്കോ. താമസസ്ഥലത്ത് ഇറക്കാം.''
''വേണ്ട. ഞങ്ങളു നടന്നോളാം.''
''രണ്ടുപേരും കേറിക്കോ. ഞാനില്ലേ കൂടെ. പിന്തെന്താ? ആരും ഒന്നും പറയില്ല.'' ശ്രീദേവി നിര്‍ബന്ധിച്ചു. 
ഇന്ദു ധര്‍മസങ്കടത്തിലായി. കയറണോ? ആനന്ദന്‍സാര്‍ അറിഞ്ഞാല്‍ പ്രശ്‌നാവില്ലേ?
''കേറെന്നേ...''
അഭിഷേക് നിര്‍ബന്ധിച്ചപ്പോള്‍ ഡോര്‍ തുറന്ന് പ്രേമ ആദ്യം കയറി. ഗത്യന്തരമില്ലാതെ ഇന്ദുവും കയറി.
ശ്രീദേവിയും അഭിഷേകും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു അവളോട്. ഇന്ദു ഉരുകുകയായിരുന്നു. ആനന്ദന്‍സാറെങ്ങാനും ഇതു കണ്ടാല്‍?
അഭിഷേകിന്റെ വീടിന് അടുത്തെത്തിയപ്പോള്‍ കാര്‍ നിറുത്തി. ഇറങ്ങുന്നതിനുമുമ്പ് ശ്രീദേവി മകനോടു പറഞ്ഞു:
''നീ ഇവരെ താമസസ്ഥലത്തു കൊണ്ടാക്കീട്ടു വാ.'
''വേണ്ട മാഡം. ഞങ്ങള്‍ നടന്നുപൊയ്‌ക്കൊള്ളാം.'
''കേറ്റിക്കൊണ്ടു പോന്നിട്ട് ഇടയ്ക്ക് ഇറക്കിവിടുന്നതു മോശമല്ലേ മോളേ? ഇവന്‍ കൊണ്ടാക്കൂന്നേ. ഇവനു തിരക്കൊന്നുമില്ല.''
ഇന്ദു പിന്നൊന്നും പറഞ്ഞില്ല. അഭിഷേകിന്റെ കാറില്‍ താന്‍ ചെന്നിറങ്ങുന്നത് സ്‌നേഹലതയോ മറ്റോ കണ്ടാല്‍? അവളത് ആനന്ദന്‍സാറിനോടു പറഞ്ഞാല്‍? ഇനി ഒരിക്കലും അഭിഷേകിനോടു മിണ്ടില്ലെന്നു വാക്കുകൊടുത്തിട്ടു പോന്ന താന്‍ അയാളുടെ കാറില്‍ കയറി താമസസ്ഥലത്തു ചെന്നിറങ്ങി എന്നറിഞ്ഞാല്‍ ആനന്ദന്‍സാര്‍ സഹിക്കുമോ? പൊറുക്കുമോ?
ഇന്ദുവിന്റെ നെഞ്ചകം കത്തുകയായിരുന്നു.
താമസിക്കുന്ന വീടിന്റെ മുമ്പില്‍ കാറുവന്നു നിന്നതും ഇന്ദു വേഗം ഇറങ്ങി. പിന്നാലെ പ്രേമയും.
''പോട്ടേ റ്റീച്ചര്‍?'' അഭിഷേക് അനുമതി ചോദിച്ചതും അവള്‍ തലയാട്ടി. കാര്‍ തിരിച്ചുപോയി.
ഇന്ദു തിരിഞ്ഞപ്പോള്‍ ഗേറ്റിനരികില്‍ സ്‌നേഹലതയും രാജിയും. ഇന്ദുവും പ്രേമയും കാറില്‍നിന്നിറങ്ങുന്നതു നോക്കി നില്‍ക്കുകയായിരുന്നു അവര്‍. ഇന്ദു ഗേറ്റുകടന്നതും രാജി ചോദിച്ചു:
''അഭിഷേകുമുണ്ടായിരുന്നോ അമ്പലത്തില്‍ പോകാന്‍?''
''ഇല്ല. വഴിക്കുവച്ചു കണ്ടു കേറ്റിക്കൊണ്ടു പോന്നതാ.'
കൂടുതലൊന്നും പറയാതെ ഇന്ദു അകത്തേക്കു കയറിപ്പോയി. സ്‌നേഹലതയും രാജിയും പരസ്പരം നോക്കി മുഖംകൊണ്ട് എന്തോ ഗോഷ്ടി കാണിച്ചു. 
 
(തുടരും) 
 
 
Login log record inserted successfully!