കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. ദൂരെയുള്ള സ്‌കൂളില്‍ ജോലി കിട്ടിയ അവള്‍ അച്ഛനോടൊപ്പം ട്രെയിനില്‍ പോകുന്നതിനിടെ, ഒരു സ്റ്റേഷനില്‍ വെള്ളം വാങ്ങിക്കാനിറങ്ങിയ അച്ഛന്‍ പ്ലാറ്റ്‌ഫോമില്‍ തല കറങ്ങി വീണ് ആശുപത്രിയിലായി. ട്രെയിനിലുണ്ടായിരുന്ന അഭിഷേക് എന്ന യുവാവ് അവളെ സ്‌കൂളിലെത്തിച്ചു. സ്‌കൂള്‍ മാനേജരെ കാണാന്‍ ഇന്ദു അദ്ദേഹത്തിന്റെ ബംഗ്ലാവിലെത്തിയപ്പോഴാണ് അറിഞ്ഞത് തന്നെ സ്‌കൂളില്‍ കൊണ്ടാക്കിയ അഭിഷേക് മാനേജരുടെ മകനാണെന്ന്. മാനേജര്‍ വീട്ടിലുണ്ടായിരുന്നില്ല. അഭിഷേക് ഹൃദ്യമായി അവളെ ക്ഷണിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ച്, ചായകൊടുത്ത്, താമസസൗകര്യമൊക്കെ ഏര്‍പ്പാടാക്കി തിരിച്ചയച്ചു. അടുത്തദിവസം വീണ്ടും മാനേജരെ കാണാന്‍ ഇന്ദു വന്നു.
(തുടര്‍ന്നു വായിക്കുക)
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോള്‍ വാതില്‍ തുറന്നത് മാനേജര്‍ ആനന്ദന്‍സാര്‍. ഇന്ദു ഭവ്യതയോടെ വണങ്ങിയപ്പോള്‍ അയാള്‍ അവളെ അകത്തേക്കു ക്ഷണിച്ചു.
''ഇരിക്ക്.'' സെറ്റിയിലേക്കു കൈചൂണ്ടിയിട്ട് അയാള്‍ ഫാന്‍ ഓണ്‍ ചെയ്തു.
ഇന്ദു ഇരുന്നിട്ട് അയാളെ നോക്കി. നല്ല തടിയും ഉയരവുമുള്ള ഒരാജാനുബാഹു. വെള്ളമുണ്ടും സില്‍ക്കു ജുബ്ബയുമാണ് വേഷം. കഴുത്തില്‍ വലിയൊരു സ്വര്‍ണച്ചെയിനുണ്ട്. ആനന്ദന്‍ ഇന്ദുവിനെ അടിമുടിയൊന്നു നോക്കി.
''ഇന്നലെ ജോയിന്‍ ചെയ്തു അല്ലേ?''
''ഉം.''
''താമസം.''
''സ്‌നേഹലതറ്റീച്ചറിന്റെ കൂടെയാ.''
''അതു നന്നായി.'' ഒന്നു നിറുത്തിയിട്ട് ആനന്ദന്‍ തുടര്‍ന്നു: ''ആത്മാര്‍ഥമായിട്ടു വര്‍ക്കു ചെയ്യണം കേട്ടോ. ഈയൊരു പോസ്റ്റിനു വേണ്ടീട്ട് ഒരുപാട് പേരു പുറകേ നടന്നതാ. തന്റെ വീട്ടിലെ ബുദ്ധിമുട്ട് മനസ്സിലാക്കീതുകൊണ്ടാ തന്നെ നിയമിച്ചത്. ആ നന്ദീം സ്‌നേഹോം കാണിക്കണം.''
''തീര്‍ച്ചയായും.''
''വീട്ടിലാരൊക്കെയുണ്ട്?''
''അച്ഛനും അമ്മയും നാല് അനിയത്തിമാരും.''
''അപ്പം കുടുംബം നോക്കേണ്ട ചുമതല ഇന്ദുവിനാ.''
''ഉം.''
അയാള്‍ പിന്നെയും ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. സംസാരം വഴിതെറ്റുന്നു എന്നു കണ്ടപ്പോള്‍ ഇന്ദുവിനു ദേഷ്യം തോന്നി. പോകാന്‍ അനുവാദം തരാതെ ഓരോന്നു പുലമ്പിക്കൊണ്ടിരിക്കുകയാണ് ഈ മനുഷ്യന്‍. വിടാനുള്ള ഭാവമില്ലെന്നു കണ്ടപ്പോള്‍ ഇന്ദു പറഞ്ഞു:
''അടുത്ത പീരിയഡ് ക്ലാസുണ്ട് സാര്‍.''
''അതിനെന്താ? ക്ലാസില്‍ പോയില്ലെങ്കില്‍ ഹെഡ്മിസ്ട്രസ് ഇയാളെ പിരിച്ചുവിട്വോ? താന്‍ ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഉടമയാ ഞാന്‍. എന്റെ വീട്ടില്‍ വന്നിട്ട് താമസിച്ചൂന്നു പറഞ്ഞ് തന്നെ ആരും ഒന്നും ചെയ്യില്ല.''
അയാള്‍ വിടാനുള്ള ഭാവമില്ല. അഭിഷേകിനെയും അമ്മയെയും ഒഴിവാക്കിയിട്ടാണ് അയാള്‍ തന്നെ വിളിപ്പിച്ചതെന്നു മനസ്സിലായി. സഭ്യമല്ലാത്ത രീതിയില്‍ ആനന്ദന്‍ ഓരോന്നു ചോദിച്ചും പറഞ്ഞുമിരിക്കയാണ്. നോട്ടവും വഴിതെറ്റുന്നു. ഇടയ്ക്ക് അയാള്‍ എണീറ്റ് അകത്തേക്കു പോയി. ഇന്ദു വിയര്‍ക്കുകയായിരുന്നു.
ആനന്ദന്‍ തിരിച്ചുവന്നത് കൈയില്‍ ഒരു കപ്പു ചായയുമായാണ്.
''ആദ്യായിട്ടു വന്നതല്ലേ. ഒരു കപ്പ് ചായ കഴിക്കാം.'' കപ്പ് അവളുടെ നേര്‍ക്കു നീട്ടി.
ഇന്ദു ഒരു നിമിഷം സംശയിച്ചു. സിനിമയിലും മറ്റും കണ്ടിട്ടുണ്ട് ചായയില്‍ മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയിട്ട് വിലപ്പെട്ടതെല്ലാം കവരുന്നത്. അതുപോലെ വല്ലതും...?''
''വേണ്ട സാര്‍. ഞാന്‍ ചായ കഴിക്കില്ല.'' ഇന്ദു നിരസിച്ചപ്പോള്‍ ആനന്ദന്‍ നിര്‍ബന്ധിച്ചു. ''കഴിച്ചോളൂ. എന്നെ ഒരു മാനേജരായിട്ടു കാണണ്ട, സുഹൃത്തായിട്ടു കണ്ടാല്‍ മതി.''
അതു കേട്ടപ്പോള്‍ സംശയം വര്‍ദ്ധിച്ചു.
''വേണ്ട സാര്‍, ഞാന്‍ കഴിക്കില്ല.''
അടുത്ത ക്ഷണം ആനന്ദന്റെ മുഖം കറുക്കുന്നതും കണ്ണുകള്‍ ജ്വലിക്കുന്നതും അവള്‍ കണ്ടു.
''ഇറങ്ങെടോ എന്റെ വീട്ടീന്ന്.''
അപ്രതീക്ഷിതമായിരുന്നു ആ പൊട്ടിത്തെറി. ഇന്ദു ഭയന്നു വിറച്ചു.
''കഴിച്ചോളാം സാര്‍.'' ഇന്ദു കൈനീട്ടി.
''വേണ്ട. ഇതിനകത്തു വിഷമാ. ഇയാള് പൊയ്‌ക്കോ.''
ഇന്ദു വിറയ്ക്കുകയായിരുന്നു.
''ജോലി കിട്ടുന്നതുവരെ എല്ലാവര്‍ക്കും വല്യ സ്‌നേഹമാ. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അഹങ്കാരമായി.''
ആനന്ദന്‍ ചൂടിലായിരുന്നു. ഇന്ദു ക്ഷമ ചോദിച്ചെങ്കിലും രോഷം അടക്കാനായില്ല. വായില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് അയാള്‍ അവളെ ഗെറ്റൗട്ടടിച്ച് വാതില്‍ ബന്ധിച്ചു.
കരഞ്ഞുകൊണ്ടാണ് ഇന്ദു സ്‌കൂളിലേക്കു മടങ്ങിയത്. ദുഷ്ടന്‍. തന്റെ അച്ഛന്റെ പ്രായമുള്ള ആ മനുഷ്യന്‍ ഇങ്ങനെയൊക്കെ സംസാരിക്കുമെന്നു പ്രതീക്ഷിച്ചതേയില്ല. അയാളുടെ ആഗ്രഹത്തിന് അനുകൂലമായി ഒരു വാക്കോ പ്രവൃത്തിയോ തന്നില്‍നിന്നുണ്ടാകാത്തതാണ് അയാളെ ദേഷ്യം പിടിപ്പിച്ചെന്നതില്‍ സംശയമില്ല.
സ്‌കൂളിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു. മാനേജര്‍ എന്തു പറഞ്ഞെന്ന്. ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞപ്പോള്‍ സ്‌നേഹലത രാജിയോട് എന്തോ അടക്കം പറഞ്ഞു ചിരിച്ചു. അതു കാണാത്തമട്ടില്‍ ഇന്ദു പുസ്തകം തുറന്നു വായനയായി.
ലാസ്റ്റ് പീരിയഡ് ഇന്ദുവും അശ്വതിയും മാത്രം സ്റ്റാഫ്‌റൂമിലുള്ളപ്പോള്‍ അവള്‍ അശ്വതിയോട് എല്ലാം തുറന്നു പറഞ്ഞു.
''ചായ കുടിക്കാതിരുന്നതല്ല അയാളുടെ പ്രശ്‌നം. അയാളുടെ ആഗ്രഹത്തിന് ഇന്ദു വഴങ്ങില്ല എന്നു തോന്നിയപ്പോള്‍ ദേഷ്യം വന്നു. അത്രേയുള്ളൂ.''
''തീയില്‍ നില്‍ക്കുന്നതുപോലെയാ ടീച്ചര്‍ ഞാനവിടെ നിന്നത്. അയാളുടെ ഈ സ്വഭാവം ഭാര്യയ്ക്കും മക്കള്‍ക്കും അറിഞ്ഞൂടേ?''
''നാട്ടുകാര്‍ക്കു മൊത്തം അറിയാവുമ്പം അവര്‍ക്കറിയാണ്ടിരിക്ക്വോ? അവര്‍ക്കെന്തു ചെയ്യാന്‍ പറ്റും?''
അന്നു രാത്രിയില്‍ ഉറക്കം വന്നില്ല ഇന്ദുവിന്. ഭീകരമുഖമായിരുന്നു മനസ് നിറയെ.
പിറ്റേന്നു സ്‌കൂളിലെത്തിയപ്പോള്‍ ഹെഡ്മിസ്ട്രസ് ചോദിച്ചു:
''മാനേജരോടു ധിക്കാരം കാണിച്ചിട്ടാ ഇന്നലെ പോന്നത് അല്ലേ? ഒരു ഈഴവന്റെ വീട്ടീന്ന് ചായ കഴിക്കുന്നത് നമ്പൂരിപ്പെണ്ണിന് അയിത്തമായിരിക്കും.''
''അയ്യോ അതുകൊണ്ടല്ല.''
''മോശമായിപ്പോയി. അദ്ദേഹം ഈ സ്‌കൂളിന്റെ മാനേജരാന്ന് ഓര്‍ക്കണമായിരുന്നു.'' ഹെഡ്മിസ്ട്രസ് കുറെ ശകാരിച്ചു.
തിരിഞ്ഞുനടക്കുമ്പോള്‍ മനസ്സ് വിങ്ങിക്കഴച്ചു. ജോലി കിട്ടിയ സന്തോഷം ഒരു നിമിഷംകൊണ്ടുപോയല്ലോ.
ഊണു കഴിഞ്ഞ് സ്റ്റാഫ്‌റൂമിലിരിക്കുമ്പോള്‍ ഇന്ദുവിന് ഒരു ഫോണ്‍ കോള്‍. വീട്ടില്‍നിന്നാണ്. അച്ഛന് അസുഖം കൂടിയത്രേ. ഉടനെ ചെല്ലണമെന്ന്. ഹെഡ്മിസ്ട്രസിനോടു ചെന്നു വിവരം പറഞ്ഞു.
''മാനേജരോടു ചോദിച്ചിട്ട് പൊയ്‌ക്കോ. ലീവ് അവിടെ കൊടുത്താല്‍ മതി. ഇന്ദുവിന്റെ എന്തു കേസും ഇനി അദ്ദേഹം അറിഞ്ഞിട്ടേ ചെയ്യാവൂന്നു പറഞ്ഞിട്ടുണ്ട്.''
ഇന്ദു വല്ലാത്ത അവസ്ഥയിലായി. മാനേജരെ ഫോണില്‍ വിളിക്കണോ? എന്തായാലും വിളിക്കാം. തന്റെ ആവശ്യമല്ലേ. അവള്‍ മാനേജരുടെ വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേ ത്തലയ്ക്കല്‍ ഫോണെടുത്തത് അഭിഷേകായിരുന്നു. ഇന്ദു പരിചയപ്പെടുത്തി.
''എന്താ ടീച്ചര്‍?''
അവള്‍ കാര്യം പറഞ്ഞു.
''അച്ഛനിവിടെ ഇല്ല. ടീച്ചറിന് എത്ര ദിവസത്തെ ലീവ് വേണം?''
''മൂന്ന്.''
''ടീച്ചര്‍ ഫോണ്‍ എച്ചെമ്മിനു കൊടുക്ക്.''
ഇന്ദു ഫോണ്‍ എച്ചെമ്മിനു കൈമാറി. സുജാത ഇടയ്ക്കിടെ മൂളുകയും ശരി ശരി എന്നു പറയുകയും ചെയ്യുന്നത് ഇന്ദു കേട്ടു. കോള്‍ കട്ട് ചെയ്തിട്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു:
''അഭിഷേക് ഫോണെടുത്തത് ടീച്ചറിന്റെ ഭാഗ്യം.''
ബാഗു തുറന്ന് കുറച്ചു രൂപ എടുത്ത് ഇന്ദുവിന്റെ നേരേ നീട്ടിക്കൊണ്ട് ഹെഡ്മിസ്ട്രസ് തുടര്‍ന്നു:
''ലീവ് എഴുതിത്തന്നിട്ടു പൊയ്‌ക്കോ.''
പണം വാങ്ങാതെ എന്തിനെന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ സുജാത പറഞ്ഞു: ''അഭിഷേക് പറഞ്ഞിട്ടാ. വാങ്ങിച്ചോ. നിങ്ങള്‍ ഫ്രണ്ട്‌സ് അല്ലേ.''
ആ സംസാരത്തിലെ ദുസ്സൂചന പിടികിട്ടിയെങ്കിലും ഒന്നും പറഞ്ഞില്ല. പണം വാങ്ങി ലീവെഴുതിക്കൊടുത്ത് ഉടനെ വീട്ടിലേക്കു യാത്രയായി.
വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. അമ്മയും അനിയത്തിമാരും ഓടിവന്ന് കുശലം പറഞ്ഞു. വിശേഷങ്ങള്‍ തിരക്കി. ജോലിയെപ്പറ്റി ചോദിച്ചു. ''അച്ഛനെങ്ങനെയുണ്ട്?'' ഇന്ദു ആരാഞ്ഞു.
''ഇന്നു രാവിലെ ഒരു വശം തളര്‍ന്നുപോയി മോളെ. ഫോണില്‍ വിളിച്ചപ്പം നിന്നോട് അതു പറഞ്ഞില്ലെന്നേയുള്ളൂ.''
ഇന്ദു തളര്‍ന്നു കട്ടിലില്‍ ഇരുന്നു.
''നമ്മുടെ കഷ്ടകാലം ഒരിക്കലും തീരില്ലേ അമ്മേ?'' ആര്‍ദ്രസ്വരത്തില്‍ അമ്മയെ നോക്കി അവള്‍ ചോദിച്ചു. അമ്മയും കരഞ്ഞുപോയി. ആ രാത്രി ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല ഇന്ദുവിന്.
പിറ്റേന്ന് ശ്രീക്കുട്ടിയോടൊപ്പം ആശുപത്രിയില്‍ പോയി അച്ഛനെ കണ്ടു. മകളുടെ കരം പുണര്‍ന്ന് നാരായണന്‍ നമ്പൂതിരി കരഞ്ഞു.
''ഞാന്‍ പോയാല്‍ നമ്മുടെ വീട് മോള് നോക്കണം. മക്കള്‍ക്കു വേണ്ടി ഒന്നും സമ്പാദിച്ചു വയ്ക്കാന്‍ ഈ അച്ഛനു കഴിഞ്ഞിട്ടില്യ. അച്ഛനെ ശപിക്കരുത് ട്ടോ?''
''അച്ഛനെന്തൊക്കെയാ ഈ പറയണേ? അച്ഛനൊന്നും സംഭവിക്കില്യാ. പഴേപോലെ ഏറ്റുനടന്ന് എല്ലാം ചെയ്യാന്‍ പറ്റും അച്ഛന്.''
ഇന്ദു ആത്മവിശ്വാസം പകര്‍ന്നു.
രണ്ടുദിവസം അവള്‍ ആശുപത്രിയില്‍ അച്ഛനോടൊപ്പം ചെലവഴിച്ചു. ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ അവളുടെ നെഞ്ചകം വിങ്ങുകയായിരുന്നു. സ്‌കൂളില്‍ തന്നെപ്പറ്റി എന്തൊക്കെ കഥകള്‍ മെനഞ്ഞിട്ടുണ്ടാവും ടീച്ചര്‍മാര്‍ ഇപ്പോള്‍?
അഭിഷേക് പറഞ്ഞിട്ട് ഹെഡ്മിസ്ട്രസ് പണം തന്നതൊക്കെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവില്ലേ? അസൂയക്കാരാണ് അധികവും.
ചെന്നു കയറിയതേ ഹെഡ്മിസ്ട്രസ് പറഞ്ഞു:
''മാനേജര് ചൂടിലാ. ലീവ് അനുവദിച്ചേന് എന്നെ കുറെ വഴക്കു പറഞ്ഞു. വന്നാലുടനെ സാറിനെ ചെന്നു കാണണമെന്നു പറഞ്ഞിട്ടുണ്ട്.''
ഭഗവാനേ! ഇന്ദു നെഞ്ചത്ത് കൈവച്ചു. ഇനി ആ മനുഷ്യന്റെ തെറി കേള്‍ക്കണമല്ലോ. എന്തു പറയാനായിരിക്കും. ചെന്നു കാണാന്‍ പറഞ്ഞത്? പിരിച്ചുവിടാനായിരിക്കുമോ? ഹേയ്. അത്രയ്ക്കും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യനായിരിക്കുമോ അയാള്‍? ഒന്നുമല്ലെങ്കിലും മകനോട് അനുവാദം വാങ്ങിച്ചിട്ടല്ലേ പോയത്.
തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ മാനേജരുടെ ബംഗ്ലാവിലേക്കു നടന്നു.
(തുടരും)