•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

മഴനിലാവ്

കഥാസാരം

: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്ക് ദൂരെയുള്ള ഒരു എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടി. അച്ഛനോടൊപ്പം ട്രെയിനില്‍ ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, ഒരു സ്റ്റേഷനില്‍ വെള്ളം വാങ്ങിക്കാനിറങ്ങിയ അച്ഛന്‍ തിരികെ ട്രെയിനില്‍ കയറിയില്ല. കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അഭിഷേക് എന്ന യുവാവ് അവളെ സ്‌കൂളിന്റെ ഗേറ്റില്‍ ഓട്ടോയില്‍ കൊണ്ടിറക്കി. സ്‌കൂളില്‍ ഇരിക്കുമ്പോള്‍ വീട്ടില്‍നിന്ന് അനിയത്തി വിളിച്ചു പറഞ്ഞു, അച്ഛന്‍ പ്ലാറ്റ് ഫോമില്‍ തലചുറ്റി വീണ് ആശുപത്രിയിലാണെന്ന്. ഇന്ദു സ്‌കൂള്‍ മാനേജരെ കാണാന്‍ അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്കു ചെന്നു.

     (തുടര്‍ന്നു വായിക്കുക)


വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത് അഭിഷേക് ആയിരുന്നു. ട്രെയിനില്‍വച്ചു പരിചയപ്പെട്ട്, ഇന്ദുലേഖയെ സ്‌കൂളില്‍കൊണ്ടാക്കിയ അഭിഷേക്. 
തനിക്കു വീട് തെറ്റിയോ എന്ന് ഇന്ദു ഒരു നിമിഷം സംശയിച്ചുപോയി. 
''മാനേജരുടെ വീട്...?''
''ഇതുതന്നെയാ. വാ.'' അഭിഷേക് ഹൃദ്യമായി ചിരിച്ചുകൊണ്ട് അവളെ അകത്തേക്കു ക്ഷണിച്ചു. അകത്തുകയറി സ്വീകരണമുറിയിലെ സെറ്റിയില്‍ അവളിരുന്നു.
''എന്റെ അച്ഛനാ സ്‌കൂളിന്റെ മാനേജര്‍. മുത്തച്ഛന്റെ കാലത്തു തുടങ്ങിയ സ്‌കൂളാ. ആദ്യം അണ്‍എയ്ഡഡായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് കാശൊക്കെ കൊടുത്ത് എയ്ഡഡാക്കിയെടുത്തു. മുത്തച്ഛന്‍ മരിച്ചപ്പോള്‍ അച്ഛനായി മാനേജര്‍. നേരത്തേ ഞാനിതു ടീച്ചറിനോടു പറഞ്ഞില്ലെന്നേയുള്ളൂ.''
ഇന്ദു ആ മുഖത്തേക്കു തന്നെ നോക്കിയിരിക്കയായിരുന്നു. 
''അച്ഛന്‍ എത്തിയോ?'' അഭിഷേക് ആരാഞ്ഞു.
''ഇല്ല.'' അച്ഛന് എന്തുപറ്റിയെന്ന് അവള്‍ അഭിഷേകിനോടു വിശദീകരിച്ചു. ഇന്ദുവിന്റെ വീടിനെപ്പറ്റി അഭിഷേക് വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചുപെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു കുടുംബത്തിലെ മൂത്തകുട്ടിയാണ് ഇന്ദു എന്നു കേട്ടപ്പോള്‍ അഭിഷേകിന് അനുകമ്പ തോന്നി. 
''അച്ഛന്‍ വേഗം സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.''
ഇന്ദു കര്‍ച്ചീഫുകൊണ്ട് മുഖം ഒന്നു തുടച്ചിട്ടു പറഞ്ഞു: ''എനിക്ക് മാനേജര്‍സാറിനെ ഒന്നു കാണണം.''
''അച്ഛന്‍ പുറത്തേക്കു പോയതാ. ഇത്തിരി വൈകിയേ വരൂ. ടീച്ചര്‍ വന്ന കാര്യം ഞാന്‍ പറഞ്ഞേക്കാം.''   
ഇന്ദു തലകുലുക്കി.
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ അടുത്ത മുറിയില്‍നിന്ന് അഭിഷേകിന്റെ അമ്മ  ശ്രീദേവി അങ്ങോട്ടു വന്നു. നല്ല കുലീനത്വമുള്ള വീട്ടമ്മ. വെളുത്തനിറം. അല്പം തടിച്ച ശരീരം. സാരിയാണു വേഷം. ഇന്ദുവിനെ നോക്കി ചിരിച്ചപ്പോള്‍ ഇന്ദു എണീറ്റു ഭവ്യതയോടെ കൈകൂപ്പി.
അഭിഷേക് ഇന്ദുവിനെ അമ്മയ്ക്കു പരിചയപ്പെടുത്തി:
''ഞാന്‍ പറഞ്ഞില്ലേ അമ്മേ... ട്രെയിനില്‍ വച്ചു കണ്ട...''
''ഓ... ഇന്ദുറ്റീച്ചര്‍. അച്ഛന്‍ വന്നോ?''
അതിനു മറുപടി പറഞ്ഞത് അഭിഷേകാണ്. സംഭവം കേട്ടപ്പോള്‍ ശ്രീദേവിക്കും വിഷമമായി. ഇന്ദുവിന്റെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയുമൊക്കെ ചോദിച്ചിട്ട് ശ്രീദേവി ചായ എടുക്കാന്‍ അകത്തേക്കു പോയി.
ചായ കുടിച്ചിട്ട് ഇന്ദു യാത്ര പറഞ്ഞിറങ്ങി; നടക്കുന്ന വഴി അവള്‍ ആലോചിക്കുകയായിരുന്നു. എത്ര ഹൃദ്യമായ പെരുമാറ്റമാണ് ആ അമ്മയുടെയും മകന്റെയും. പണക്കാരാണെന്ന ഭാവമോ അഹങ്കാരമോ ഇല്ലാത്ത നല്ല മനുഷ്യര്‍.
തിരിച്ചു സ്‌കൂളിലെത്തിയപ്പോള്‍ ഹെഡ്മിസ്ട്രസിനോട് അവര്‍ അഭിഷേകിനെപ്പറ്റി പറഞ്ഞു.
''ഒക്കെ ഞാനറിഞ്ഞിരുന്നു. ഇന്ദുവിനെ കൊണ്ടാക്കിയ ഉടന്‍ അഭിഷേക് എന്നെ ഫോണില്‍ വിളിച്ചിരുന്നു. അങ്ങനല്ലേ അച്ഛന് ട്രെയിന്‍ മിസായ കാര്യം ഞാനറിഞ്ഞത്.''
ഇന്ദു ചിരിച്ചതേയുള്ളൂ.
''ങ്ഹാ പിന്നെ, ടീച്ചറിന് താമസസൗകര്യം ഞാനേര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടടുത്തൊരു വീടെടുത്താണ് സ്‌നേഹലതറ്റീച്ചറും രാജിറ്റീച്ചറും താമസിക്കുന്നത്. ടീച്ചറിന് അവരുടെകൂടെ താമസിക്കാം. ഞാന്‍ പറഞ്ഞിട്ടുണ്ട്.''
''വളരെ ഉപകാരം ടീച്ചര്‍''
''സ്‌നേഹലത സ്റ്റാഫ് റൂമിലുണ്ട്. വാ ഞാന്‍ പരിചയപ്പെടുത്താം.'' ഇന്ദുവിനെ കൂട്ടി സ്റ്റാഫ് റൂമില്‍ ചെന്ന് സ്‌നേഹലതയെ പരിചയപ്പെടുത്തി.
സ്‌നേഹലത സുന്ദരിയാണ്. മുപ്പതില്‍ താഴെയേ പ്രായം തോന്നിക്കൂ. വലിയ കണ്ണുകള്‍. വെളുത്തനിറം. വടിവൊത്ത ശരീരം. ഒറ്റനോട്ടത്തിലേ ഇന്ദുവിന് ഇഷ്ടമായി. സംസാരിച്ചപ്പോള്‍ ആളൊരു വായാടിയാണെന്നു മനസ്സിലായി.
നാലുമണിയടിച്ചപ്പോള്‍ ടീച്ചേഴ്‌സ് എല്ലാം സ്റ്റാഫ് റൂമിലെത്തി. വീട്ടില്‍ പോകാനുള്ള തിടുക്കത്തില്‍ ഒന്നോ രണ്ടോ വാചകത്തില്‍ പരിചയപ്പെടല്‍ ഒതുക്കിയിട്ട് ബാഗും കുടയുമെടുത്ത് മിക്കവരും സ്ഥലം വിട്ടു. 
സ്‌നേഹലതയ്ക്കും രാജിക്കും ഒരു തിടുക്കവുമില്ലായിരുന്നു. ഏറ്റവും ഒടുവിലാണവര്‍ സ്‌കൂളില്‍നിന്നിറങ്ങിയത്. താമസസ്ഥലത്തേക്കു നടക്കുന്നതിനിടയില്‍ അവര്‍ ഇന്ദുവിനോട് വീട്ടുകാര്യങ്ങള്‍ ചോദിച്ചു. വീട്ടിലെ ബുദ്ധിമുട്ടുകളും അച്ഛന്റെ അവസ്ഥയുമൊക്കെ അവള്‍ വിശദീകരിച്ചു.
ഓരോന്നു സംസാരിച്ചു താമസസ്ഥലത്തെത്തി. സാമാന്യം നല്ല വീടാണ്. നാലോ അഞ്ചോ മുറികള്‍. പുതിയ താമസക്കാരിയെ സ്‌നേഹലത മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തി. 
സ്‌നേഹലതയുടെ മുറിയില്‍ താമസിച്ചിരുന്ന പ്രേമയെ മറ്റൊരു മുറിയിലേക്കു മാറ്റിയിട്ട് ഇന്ദുവിന് അവിടെ കിടക്കയൊരുക്കി സ്‌നേഹലത. അതൊരനുഗ്രഹമായി കരുതി ഇന്ദു. സഹപ്രവര്‍ത്തകരാകുമ്പോള്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും ഉണ്ടാകുമല്ലോ. രാത്രിയില്‍ ഏറെ നേരം അവര്‍ സംസാരിച്ചിരുന്നു.
സ്‌നേഹലത അവിവാഹിതയാണ്. ആലോചനകള്‍ പലതു വന്നെങ്കിലും മനസ്സില്‍ പിടിച്ച ഒരാളെ ഇനിയും കണ്ടെത്താനായില്ല. ഭര്‍ത്താവിനെപ്പറ്റി അവള്‍ക്കു ചില സങ്കല്പങ്ങളും മോഹങ്ങളും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കണം. സംഭാഷണപ്രിയനായിരിക്കണം. പരിഷ്‌കാരിയും പുരോഗമനചിന്താഗതിക്കാരനുമായിരിക്കണം. പുരുഷന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം സ്ത്രീക്കും കൊടുക്കുന്നവനായിരിക്കണം. അങ്ങനെ പലതും. കേട്ടപ്പോള്‍ ഇന്ദുവിന് ചിരിവന്നുപോയി.
''നമ്മള് ആഗ്രഹിക്കുന്നതെല്ലാം ഒത്തിണങ്ങിയ ഒരാളെ കിട്ടുമോ?''
''കിട്ടിയില്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വയ്ക്കും. ആട്ടെ, ഇന്ദുവിന്റെ സങ്കല്പങ്ങളെന്തൊക്കെയാ?''
''എനിക്കങ്ങനെ സങ്കല്പങ്ങളൊന്നുമില്ല ടീച്ചര്‍. സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു നമ്പൂതിരി ച്ചെക്കനായിരിക്കണം. അത്രേയുള്ളൂ.''
ഇന്ദു കട്ടിലിലേക്കു ചാഞ്ഞു. ലൈറ്റ് ഓഫ് ചെയ്തിട്ട് സ്‌നേഹലതയും കിടന്നു. ഉറക്കം വന്നില്ല ഇന്ദുവിന്. വീടിനെക്കുറിച്ചും അച്ഛനെക്കുറിച്ചും ഓര്‍ത്തു കിടക്കുകയായിരുന്നു. അച്ഛന് വല്ലതും സംഭവിച്ചാല്‍ കുടുംബം നോക്കാന്‍ ആരുണ്ട്? രണ്ടു ദിവസം ലീവ് കിട്ടിയിരുന്നെങ്കില്‍ പോയി ഒന്ന് കാണാമായിരുന്നു. വന്നതേ ലീവ് ചോദിക്കുന്നതെങ്ങനെ?
ഓരോന്നു ചിന്തിച്ചു കിടന്നു വൈകിയാണവള്‍ ഉറങ്ങിയത്. 
പുലരിയുടെ പ്രകാശം ജനാലച്ചില്ലില്‍ പതിച്ചപ്പോഴാണ് കണ്ണുതുറന്നത്. വേഗം എണീറ്റു വാച്ചില്‍ നോക്കി. മണി ആറര. സ്‌നേഹലത അപ്പോള്‍ ബാത്‌റൂമിലായിരുന്നു. വാഷ്‌ബേസിനില്‍ പോയി പല്ലു തേച്ചു കണ്ണുംമുഖവും കഴുകി തിരികെ വന്നപ്പോള്‍ മുറിയില്‍ സ്‌നേഹലത ഉണ്ടായിരുന്നു. 
''നന്നായി ഉറങ്ങിയോ?''
''ഓരോന്നോര്‍ത്തു കിടന്ന് ഉറക്കം വന്നില്ല. വെളുപ്പിനാ ഒന്നു കണ്ണടച്ചത്. 
സോപ്പും തോര്‍ത്തുമെടുത്ത് ഇന്ദു ബാത്‌റൂമിലേക്കു നടന്നു.
ഒന്‍പതരയായപ്പോള്‍ സ്‌കൂളിലെത്തി. ജലജറ്റീച്ചറുടെയും അശ്വതിറ്റീച്ചറുടെയും ഇടയിലാണ് ഇന്ദുവിന്റെ സീറ്റ്. അശ്വതിറ്റീച്ചര്‍ സ്‌നേഹവതിയാണെന്നവള്‍ക്കു തോന്നി. ഒരുപാടു കാര്യങ്ങള്‍  ചോദിക്കുകയും വിശേഷങ്ങള്‍ പറയുകയും ചെയ്തു. കാഴ്ചയില്‍ അന്‍പതിനു മുകളില്‍ പ്രായം തോന്നിക്കും.
ആദ്യത്തെ പീരിയഡ് ക്ലാസുണ്ടായിരുന്നു ഇന്ദുവിന്. തുടക്കത്തില്‍ ഒരു കഥ പറഞ്ഞു കുട്ടികളെ കൈയിലെടുത്തു ഇന്ദു. ഒരു പീരിയഡ് കടന്നുപോയത് കുട്ടികളറിഞ്ഞതേയില്ല. ക്ലാസ് കഴിഞ്ഞു സ്റ്റാഫ് റൂമില്‍ വന്നിരിക്കുമ്പോള്‍ പ്യൂണ്‍ വന്നു പറഞ്ഞു: ''റ്റീച്ചറെ മാനേജര്‍ വിളിച്ചിരുന്നു. ഉടനെ വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു.''
ഹെഡ്മിസ്ട്രസിനോടു പറഞ്ഞിട്ട് അവള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അശ്വതിറ്റീച്ചര്‍ പിന്നാലെ പാഞ്ഞെത്തി.
''ഇന്ദു ഒന്നു നിന്നേ.''
അവള്‍ തിരിഞ്ഞുനിന്നു.
''മാനേജര്‍ ഒരു പ്രത്യേക സ്വഭാവക്കാരനാ. ഒന്നു സൂക്ഷിച്ചോണം. പെണ്ണുങ്ങള്‍അയാള്‍ക്കൊരു ബലഹീനതയാ. വീട്ടിലാരും ഇല്ലാത്ത സമയത്തായിരിക്കും വിളിപ്പിച്ചത്. നോക്കീം കണ്ടും നിന്നോണം. ക്ലാസുണ്ടെന്നു പറഞ്ഞു വേഗം പോരാന്‍ നോക്കണം. ഓരോ കഥകളുണ്ടാക്കാന്‍ ആളുകളിവിടെ നോക്കിയിരിക്ക്വാ. വഴിയേ ഇന്ദുവിന് എല്ലാം മനസ്സിലായിക്കൊള്ളും. എന്തിനും പോന്ന ടീച്ചര്‍മാരുമുണ്ട് ഇവിടെ.''
ഇന്ദുവിന്റെ നെഞ്ചൊന്നു പിടഞ്ഞു. ഹൃദയമിടിപ്പു കൂടി. മാനേജരുടെ ബംഗ്ലാവിലേക്കു നടക്കുമ്പോള്‍ ഹൃദയം പെരുമ്പറകൊട്ടുകയായിരുന്നു.
അയാള്‍ തന്നോടു മോശമായി വല്ലതും പറയുമോ? വഴിവിട്ട ആഗ്രഹം വല്ലതും പ്രകടിപ്പിക്കുമോ? ആരുമില്ലാത്ത സമയത്താകുമോ വിളിപ്പിച്ചത്?
അയാള്‍ക്ക് ദുര്‍ബുദ്ധിയൊന്നും തോന്നിപ്പിക്കരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഇന്ദു ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്കു പ്രവേശിച്ചത്. 

(തുടരും)

Login log record inserted successfully!