പുതിയ നോവല്‍ ആരംഭിക്കുന്നു
''ഒരുക്കം കഴിഞ്ഞില്ലേ മോളേ? നേരം ഒരുപാടായി. ഇനീം വൈകിയാല്‍ ട്രെയിന്‍ മിസാകും.''
ഉമ്മറപ്പടിയില്‍നിന്ന് അകത്തേക്കു നോക്കി നാരായണന്‍ നമ്പൂതിരി പറഞ്ഞു.
''ഇതാ വരുന്നു അച്ഛാ...'' നിലക്കണ്ണാടിയുടെ മുമ്പില്‍നിന്ന് മുടി പിന്നുകയായിരുന്നു ഇന്ദുലേഖ. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗില്‍ നിറയ്ക്കുകയാണ് അമ്മ ദേവകി അന്തര്‍ജനവും അനിയത്തിമാരും.
പിന്നിയൊതുക്കിയ മുടിയില്‍ ഒരു തുളസിക്കതിരും തിരുകി. നെറ്റിയില്‍ പൊട്ടും തൊട്ട് ഇന്ദുലേഖ വെളിയിലേക്കു വന്നു. അപ്പോഴേക്കും ബാഗുമെടുത്ത് ദേവകി വരാന്തയിലേക്കു വന്നു കഴിഞ്ഞിരുന്നു.
''പോകാം അച്ഛാ...''
വരാന്തയിലെ ചാരുകസേരയില്‍ തലയ്ക്കുകീഴേ കൈകള്‍ വച്ച് ചിന്താധീനനായി കിടക്കുകയായിരുന്ന നാരായണന്‍നമ്പൂതിരി മെല്ലെ എണീറ്റു.
''ചെന്നാലുടനെ ഫോണ്‍ വിളിക്കണം കേട്ടോ മോളേ. പൈസയൊന്നും വെറുതെ ചെലവാക്കരുത്. നിന്റെ ശമ്പളംകൊണ്ടുവേണം ഈ കുടുംബം കഴിയാന്‍ എന്ന് ഓര്‍മ വേണം.'' ദേവകി ഓര്‍മിപ്പിച്ചു.
''ഒക്കെ എന്റെ മനസ്സിലുണ്ടമ്മേ.''
ഇന്ദു അച്ഛന്റെ പിന്നാലെ പടിയിറങ്ങി. റോഡിലേക്കുള്ള കവാടംവരെ അമ്മ ദേവകിയും അനിയത്തിമാരായ നന്ദിനിയും ശ്രീക്കുട്ടിയും പാര്‍വതിയും അവളെ അനുഗമിച്ചു. യാത്ര ചോദിക്കുമ്പോള്‍ പാര്‍വതിയുടെ മിഴികള്‍ നിറഞ്ഞിരിക്കുന്നത് ഇന്ദു ശ്രദ്ധിച്ചു.
''ചേച്ചി ഒരു നല്ലകാര്യത്തിനു പോക്വല്ലേ? സന്തോഷത്തോടെ വേണ്ടേ യാത്രയാക്കാന്‍. ഒന്നു ചിരിച്ചേ.'' പാര്‍വതിയെ ചേര്‍ത്തു പിടിച്ച് ഇന്ദു പറഞ്ഞു.
അവര്‍ ചിരിച്ചു. പാര്‍വതിയുടെ കവിളില്‍ ഒരു മുത്തം നല്‍കിയിട്ട് ഇന്ദു തിരിഞ്ഞു. അച്ഛന്‍ മുമ്പോട്ടു നടന്നു കഴിഞ്ഞിരുന്നു. അമ്മയെ നോക്കി ഒരിക്കല്‍കൂടി യാത്ര പറഞ്ഞിട്ട് ഇന്ദു അച്ഛന്റെ പിന്നാലെ എത്തിപ്പിടിച്ചു.
ബസ്‌സ്റ്റോപ്പില്‍ നില്ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സീതാലക്ഷ്മി വന്നു. ഇന്ദുവിന്റെ നേരേ ഇളയതാണ് സീത. ഇന്ദു അവളെ വിളിച്ചു മാറ്റിനിറുത്തി കുറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി.
''അച്ഛന് സമയത്ത് ആഹാരവും മരുന്നുമൊക്കെ എടുത്തുകൊടുക്കണം കേട്ടോ. മരുന്നുകഴിക്കാന്‍ പലപ്പോഴും അച്ഛന്‍ മറക്കും. ശ്രീക്കുട്ടിയും പാര്‍വതിയും പഠിത്തത്തില്‍ ഉഴപ്പാതിരിക്കാന്‍ ശ്രദ്ധിച്ചോണം. പഠിച്ചു വല്ല ജോലീം കിട്ടിയെങ്കിലേ നമ്മുടെ കുടുംബം രക്ഷപ്പെട്ടു.''
സീതാലക്ഷ്മി തലകുലുക്കി. അവര്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ ബസ് വന്നു. സീതാലക്ഷ്മിയോട് യാത്ര പറഞ്ഞിട്ട് ഓടിച്ചെന്ന് അച്ഛന്റെ പിന്നാലെ അവള്‍ ബസില്‍ കയറി.
റെയില്‍വേസ്റ്റേഷനു സമീപം ബസിറങ്ങി ഓട്ടോ പിടിച്ചു നേരേ സ്റ്റേഷനിലേക്കു വിട്ടു. ഏറെനേരം കഴിയുന്നതിനുമുമ്പേ ട്രെയില്‍ വന്നു.
തിരക്കു കുറഞ്ഞ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ ഇന്ദുവും നാരായണന്‍നമ്പൂതിരിയും കയറി. വിന്‍ഡോ സീറ്റ് കിട്ടിയപ്പോള്‍ ഇന്ദുവിനു സന്തോഷമായി. പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കാമല്ലോ.
''അവിടെ താമസിക്കാനുള്ള സൗകര്യം കിട്ടുമോ മോളേ?''
''ഒക്കെ ശരിയാകും അച്ഛാ... അച്ഛന്‍ വിഷമിക്കാതിരി.''
ട്രെയിന്‍ മെല്ലെ ചലിച്ചുതുടങ്ങി. ഇന്ദു വെളിയിലേക്കു നോക്കി. പച്ചവിരിച്ച പാടങ്ങളില്‍ കതിരിട്ടു നില്‍ക്കുന്ന നെല്‍ച്ചെടികള്‍. പാടത്തിനപ്പുറം നിരനിരയായി തെങ്ങുകള്‍. കാണാന്‍ നല്ല ഭംഗി. ആകാശനീലിമയിലൂടെ പറന്നുനടക്കുന്ന പക്ഷിക്കൂട്ടങ്ങളില്‍ അവളുടെ മിഴികളുടക്കി.
ട്രെയിനിനു വേഗം കൂടിയപ്പോള്‍ ഇന്ദു കമ്പാര്‍ട്‌മെന്റിലേക്കു നോക്കി. അഭിമുഖമായുള്ള സീറ്റില്‍ രണ്ടു വൃദ്ധന്മാരും ഒരു യുവാവും മാത്രം. ഇന്ദുവിന്റെ സീറ്റില്‍ നാരായണന്‍ നമ്പൂതിരിയും ഒരു മധ്യവയസ്‌കയും. ഇന്ദുവിന്റെ തോളിലേക്കു ചാരിക്കിടന്നു മയങ്ങുകയായിരുന്നു നമ്പൂതിരി.
പാവം അച്ഛന്‍. ഇന്ദു ഓര്‍ത്തു. അഞ്ചു പെണ്‍മക്കളെ ഈ നിലയിലെത്തിക്കാന്‍ എന്തുമാത്രം കഷ്ടപ്പെട്ടു. സഹായത്തിന് ഒരാണ്‍തരിയെപ്പോലും കൊടുത്തില്ലല്ലോ ദൈവം. ഓടിത്തളര്‍ന്ന് ഒടുവില്‍ രോഗിയുമായി. ഒരു മകളെപ്പോലും കെട്ടിച്ചയയ്ക്കാനാകാതെ യാത്ര പറയേണ്ടിവരുമോ എന്ന ആകുലതയാണ് അച്ഛന്. കുടുംബം പോറ്റാനും മക്കളെ പഠിപ്പിക്കാനും എവിടുന്നെല്ലാം കടംവാങ്ങി! അച്ഛന്റെ പൂര്‍വികര്‍ വലിയ ജന്മിമാരായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോള്‍ കുടുംബം പോറ്റാന്‍ അന്യന്റെ മുമ്പില്‍ കൈനീട്ടേണ്ട ഗതികേട് വന്നിരിക്കുന്നു വടക്കേപ്പാട്ട് ഇല്ലത്തിന്. ഇന്ദു ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
തനിക്കിപ്പോള്‍ വയസ്സ് ഇരുപത്തിയഞ്ച്. സീതയ്ക്ക് ഇരുപത്തിമൂന്ന്. നന്ദിനിക്ക് ഇരുപത്തിയൊന്ന്. ശ്രീക്കുട്ടിക്ക് പത്തൊമ്പത്. പാര്‍വതിക്ക് പന്ത്രണ്ട്. വയസ്സിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ അച്ഛന് ഉള്ളില്‍ തീയാണ്. ഉറക്കം വരാതെ എത്രയോ രാത്രികളില്‍ അച്ഛന്‍ കരഞ്ഞിട്ടുണ്ട്. ഏങ്ങലടി കേട്ട് ലൈറ്റിട്ടു നോക്കുമ്പോള്‍ അച്ചന്‍ ഉറങ്ങിയതുപോലെ കിടക്കും. അഞ്ചു പെണ്‍മക്കളെ കൊടുത്ത ഈശ്വരനോട് അച്ഛനു ദേഷ്യം കാണുമോ? ഹേയ് അങ്ങനൊന്നുമുണ്ടാവില്ല. അച്ഛന്‍ പാവമല്ലേ.
എന്തായാലും തന്റെ ജോലിയില്‍നിന്നു കിട്ടുന്ന ശമ്പളം പരമാവധി മിച്ചം വയ്ക്കാന്‍ നോക്കണം. ജോലികിട്ടാന്‍ കൊടുത്ത അഞ്ചുലക്ഷം രൂപ വേഗം ഉണ്ടാക്കി അച്ഛന്റെ കടം വീട്ടണം. അനിയത്തിമാരെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണം. എന്നിട്ടുമതി തന്റെ വിവാഹം. ഇത്തിരി വൈകുമായിരിക്കും. വൈകിക്കോട്ടെ. എല്ലാ കടങ്ങളും വീട്ടി സ്വസ്ഥമായ മനസ്സോടെവേണം അച്ഛന്‍ തന്നെ ഭര്‍ത്തൃഗൃഹത്തിലേക്ക് യാത്രയാക്കാന്‍.
ഓരോന്നാലോചിച്ചിരിക്കേ, തീവണ്ടി അടുത്ത സ്റ്റേഷനില്‍ വന്നു നിന്നു. എതിര്‍സീറ്റിലിരുന്ന വൃദ്ധന്മാരും യുവാവും അവിടെ ഇറങ്ങി. അപ്പോഴേക്കും നാരായണന്‍ നമ്പൂതിരി ഉറക്കമുണര്‍ന്നിരുന്നു.
''ഇതേതാ മോളെ സ്റ്റേഷന്‍?''
ഇന്ദു സ്റ്റേഷന്റെ പേരു പറഞ്ഞു.
''കുടിക്കാനുള്ള വെള്ളം തീര്‍ന്നു അച്ഛാ. ഞാന്‍ പോയി ഒരു കുപ്പി വെള്ളം വാങ്ങിക്കൊണ്ടുവരാം.''
ഇന്ദു എണീക്കാന്‍ തുടങ്ങിയതും നമ്പൂതിരി തടഞ്ഞു:
''മോളു പോകണ്ട. ഞാന്‍ പോയി വാങ്ങിച്ചോണ്ടു വരാം.'' നാരായണന്‍ എണീറ്റു ഡോറിനടുത്തേക്കു നടന്നു.
''വേഗം വരണേ അച്ഛാ...''
''ഉം.''
തെല്ലു കഴിഞ്ഞപ്പോള്‍ സുമുഖനായ ഒരു യുവാവ് ഇന്ദുലേഖയ്ക്ക് അഭിമുഖമായി എതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നു. ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റ്‌സുമായിരുന്നു വേഷം. കൈയിലൊരു ബാഗുമുണ്ട്. ഒറ്റനോട്ടത്തിലേ അറിയാം ആളൊരു പണക്കാരനാണെന്ന്.
ഇന്ദു ഒളികണ്ണിട്ടു നോക്കി. അയാള്‍ തന്നെ നോക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ അവള്‍ മുഖം തിരിച്ചു വെളിയിലേക്കു നോക്കി.
ട്രെയിന്‍ പുറപ്പെടാനുള്ള മണി മുഴങ്ങി. ഇന്ദുവിനു വെപ്രാളമായി. അച്ഛന്‍ ഇനിയും കയറിയില്ലെന്നു കണ്ടപ്പോള്‍ വേവലാതി കരച്ചിലായി മാറി. തിരികെ സീറ്റില്‍ വന്നിരുന്നിട്ട് അവള്‍ അടുത്തിരുന്ന കാരണവരോടു വിവരം പറഞ്ഞു. അതു കേട്ടപ്പോള്‍ എല്ലാ കണ്ണുകളും അവളുടെ നേര്‍ക്കായി.
''മോള് സമാധാനമായിട്ടിരിക്ക്. അച്ഛന്‍ ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ കേറീട്ടുണ്ടാവും.'' മധ്യവയസ്‌കന്‍ സമാധാനിപ്പിച്ചു.
കരച്ചിലും വെപ്രാളവുമായി അവള്‍ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. എവിടെയും കണ്ടില്ല. അടുത്ത സ്റ്റേഷനില്‍ വണ്ടി നിറുത്തിയപ്പോള്‍ അച്ഛന്‍ വരുമെന്നു പ്രതീക്ഷിച്ച് അവള്‍ വാതില്‍ക്കല്‍പ്പോയി നോക്കിനിന്നു. നിരാശയായിരുന്നു ഫലം. ട്രെയിന്‍ ചലിച്ചുതുടങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ട് അവള്‍ സീറ്റില്‍ വന്നിരുന്നു. അടുത്തിരുന്ന യാത്രക്കാര്‍ക്ക് സഹതാപം തോന്നി.
''മോള്‍ക്കെവിടാ ഇറങ്ങേണ്ടത്?'' വൃദ്ധന്‍ തിരക്കി.
ഇന്ദു സ്ഥലപ്പേരു പറഞ്ഞു.
''അവിടാണോ വീട്?''
ഇത്തവണ യുവാവിന്റെ വകയായിരുന്നു ചോദ്യം.
''അല്ല; അവിടെ അടുത്തൊരു സ്‌കൂളില്‍ എനിക്കു ടീച്ചറായി ജോലി കിട്ടി. ജോയിന്‍ ചെയ്യാന്‍ പോകുവാ.''
''ഏതു സ്‌കൂളില്‍.''
''വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളില്‍.''
''ടീച്ചര്‍ വിഷമിക്കാതിരി. ടീച്ചറിനിറങ്ങേണ്ട സ്റ്റേഷനില്‍ത്തന്നെയാ എനിക്കും ഇറങ്ങേണ്ടത്. സ്‌കൂള്‍ ഞാന്‍ കാണിച്ചുതരാം. അച്ഛന്‍ അപ്പോഴേക്കും അങ്ങെത്തിക്കോളൂം.''
യുവാവിന്റെ വാക്കുകള്‍ ഒട്ടും ആശ്വാസം പകര്‍ന്നില്ല ഇന്ദുവിന്. അവള്‍ താടിക്കു കൈയുംകൊടുത്ത് വിവശയായി ഇരിക്കുകയായിരുന്നു.
''അച്ഛനു സ്‌കൂളറിഞ്ഞുകൂടേ?''
മറ്റൊരു യാത്രക്കാരന്റെ ചോദ്യം.
''ഉം.''
''പിന്നെന്തിനാ പേടിക്കണെ? അച്ഛന്‍ എങ്ങനേലും അങ്ങെത്തിക്കോളും.''
അച്ഛനു വല്ല അപകടവും പറ്റിയോ എന്നായിരുന്നു അവളുടെ ചിന്ത.
''ടീച്ചറു സമാധാനമായിട്ടിരിക്ക്. ഞാന്‍ കൊണ്ടാക്കാം സ്‌കൂളില്‍.'' യുവാവിന്റെ സഹായവാഗ്ദാനം വീണ്ടും.
അപരിചിതനായ ഈ യുവാവിനെ എങ്ങനെ വിശ്വസിക്കും? ആള്‍ ഏതു തരക്കാരനാണെന്ന് ആര്‍ക്കറിയാം?
''എന്താ മോന്റെ പേര്?''
എതിര്‍സീറ്റിലിരുന്ന കാരണവര്‍ യുവാവിനോടു പേരു ചോദിച്ചപ്പോള്‍ ഇന്ദു കാതുകൂര്‍പ്പിച്ചു.
''അഭിഷേക്.''
''എന്താ ജോലി?''
''ബിസിനസാ.''
കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല.
ഓരോ സ്റ്റേഷനില്‍ വണ്ടി നിറുത്തുമ്പോഴും അച്ഛനെ നോക്കി ഇന്ദു വാതില്‍ക്കലേക്ക് ഓടുമായിരുന്നു.
അഭിഷേക് ഇടയ്ക്കിടെ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഒരു വാക്കിലോ മൂളലിലോ അവള്‍ മറുപടി ഒതുക്കി.
ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഒരു സ്റ്റേഷനില്‍ വണ്ടി അടുത്തപ്പോള്‍ അഭിഷേക് പറഞ്ഞു. ''അടുത്ത സ്റ്റേഷനിലാ ഇറങ്ങേണ്ടത്.''
അയാള്‍ എണീറ്റു. ഇന്ദു എണീക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു.
''വരുന്നില്ലേ?''
അവള്‍ മറുപടി പറഞ്ഞില്ല. കൂടുതലൊന്നും പറയാതെ അയാള്‍ വേഗം ബാഗെടുത്തു.
''ചെല്ലു മോളേ. ആ ചെക്കന്‍ ഓട്ടോയില്‍ കേറ്റി വിടും.''
കാരണവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇന്ദു എണീറ്റു പിന്നാലെ ചെന്നു.
(തുടരും)