•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

ദേവാങ്കണം

പ്രഭാതം പ്രസന്നമായിരുന്നില്ല.
കിഴക്കിനിയില്‍ സൂര്യഭഗവാന്‍ തന്റെ പാതിനേത്രങ്ങള്‍ മാത്രം തുറന്നുപിടിച്ചു. ക്ലാന്തതയുടെ ഒരാവരണം ഭൂമിക്കുമേല്‍ വിരിഞ്ഞുകിടന്നു.
കാറ്റ് മടിച്ചുമടിച്ചാണ് വീശുന്നത്. പക്ഷികളുടെ ചിലമ്പലിനുപോലും ഒരു ദുഃഖച്ഛായയുണ്ടായിരുന്നു. ദേവസഹായം സുഖമായി ഉറങ്ങിക്കോട്ടെ എന്നു പ്രകൃതി നിനച്ചിരിക്കണം.
രണ്ടുദിവസമായി രാത്രിനേരങ്ങളില്‍ ദേവസഹായം സുഖമായി ഉറങ്ങുന്നു. മിനിയാന്ന് മഴപുതച്ചും ഇന്നലെ ഇരുട്ടുപുതച്ചും ദേവസഹായം ഉറങ്ങി. 
രാത്രിയില്‍ കാവല്‍ക്കാര്‍ സന്ദര്‍ശകരെ അനുവദിച്ചില്ല. കാണണമെന്നു ശാഠ്യം പിടിച്ചവരോട് ഭടന്മാര്‍ പറഞ്ഞു: 
''അദ്ദേഹം വളരെ ക്ഷീണിതനായി ഉറങ്ങുകയാണ്. നിങ്ങള്‍ പകല്‍നേരത്തു വരിക.'' ആളുകള്‍ ദേവസഹായത്തോടുള്ള അനുകമ്പകൊണ്ടാകണം കാവല്‍ക്കാരോടു മറുത്തില്ല.
കഴിഞ്ഞ രാത്രികളിലെ ഉറക്കത്തില്‍ സ്വപ്നങ്ങള്‍പോലും ദേവസഹായത്തെ തൊട്ടില്ല. ഭൂമിയും വാനവും ദേവസഹായത്തിനു താരാട്ടുപാടിയിരിക്കണം...
ആരോ തൊട്ടുണര്‍ത്തുകയായിരുന്നു. കണ്ണു തുറന്നപ്പോള്‍ ഒരു ഭടന്‍ ഒരു പാത്രത്തില്‍ കുടിക്കാനുള്ളതുമായി നില്ക്കുന്നു. ദേവസഹായം എഴുന്നേറ്റിരുന്നു. പാത്രം വാങ്ങി. ചൂടുള്ള പാനീയം അല്പാല്പമായി കുടിച്ചു.
രണ്ടുദിവസമായി കാവല്‍ഭടന്മാര്‍ തന്നോട് അനുകമ്പാപൂര്‍വമാണു പെരുമാറുന്നത്. അതിനു കാരണമെന്തെന്ന് ദേവസഹായം ആലോചിച്ചില്ല. ആലോചിക്കേണ്ടതില്ല. ദേവസഹായത്തിന് എല്ലാം കാണാവുന്നുണ്ട്. 
ദേവസഹായം കണ്ണുകള്‍ വിടര്‍ത്തി ആദ്യമായിട്ടെന്നവണ്ണം പ്രഭാതം കണ്ടു. അത് ക്ലാവുപിടിച്ച ഒരു സ്വപ്നംപോലെയായിരുന്നു... പുലരിക്കാറ്റിന്റെ സംഗീതത്തിനായി കാതു കൂര്‍പ്പിച്ചു. അത് ചിതറിപ്പോകുന്ന ഒരു വിലാപഗാനംപോലെ...
പൊടുന്നനെയാണ് ദേവസഹായം ആ കാഴ്ച കണ്ടത്. രണ്ടുപേര്‍ തന്റെ നേര്‍ക്ക് നടന്നടുക്കുന്നു. ഒരു സ്ത്രീയും പുരുഷനും. 
നരച്ചുതുടങ്ങിയ കാഴ്ചയുടെ അതിരുകള്‍ താണ്ടി അവരടുത്തു വന്നപ്പോള്‍ ദേവസഹായം ഞെട്ടി. അദമ്യമായ ഹൃദയവേദനയാല്‍ അദ്ദേഹം പിടഞ്ഞു.
ജ്ഞാനപ്പൂ. തന്റെ പ്രിയപത്‌നി. അവള്‍ക്കൊപ്പം ശെല്‍വന്‍. ദേവസഹായം ബദ്ധപ്പെട്ട് എഴുന്നേറ്റുനിന്നു.
വജ്‌റമൂര്‍ച്ചയുള്ള ഒരു ശരംവന്ന് ദേവസഹായത്തിന്റെ ഹൃദയത്തില്‍ തറഞ്ഞുനിന്നു. അദ്ദേഹം തേങ്ങിപ്പോയി. ജ്ഞാനപ്പൂ കണ്ണീരൊഴുക്കിക്കൊണ്ട് ദേവസഹായത്തിന്റെ പാദങ്ങളില്‍ മുട്ടുകുത്തിനിന്ന് നമസ്‌കരിച്ചു.
''തമ്പുരാട്ടി പെരിയവരെ അന്വേഷിച്ച് അലയുന്നു എന്ന് വടക്കുംകുളത്തുവച്ച് എനിക്കറിവുകിട്ടി. ഞാന്‍ അന്വേഷിച്ചു കണ്ടെത്തി കൊണ്ടുവരികയായിരുന്നു.'' ശെല്‍വം പറഞ്ഞു.
അതു നന്ന് എന്ന് ദേവസഹായം കണ്ടു. അവസാനമായി ഒരുനോക്കുകാണാന്‍ ദൈവം തിരുമനസ്സായിരിക്കുന്നു.
തന്റെ പാദങ്ങളില്‍ കുമ്പിട്ടിരുന്ന കരയുന്ന ജ്ഞാനപ്പൂവിനെ ദേവസഹായം പിടിച്ചെഴുന്നേല്പിച്ചു.
വല്ലാതെ മാറിപ്പോയിരുന്നു ജ്ഞാനപ്പൂവ്. പക്ഷേ, ഇപ്പോള്‍ അവളില്‍ പഴയ ജ്ഞാനപ്പൂവിന്റെ നിഴല്‍ മാത്രമാണുള്ളത്. ഓജസ് വറ്റിപ്പോയ അവളുടെ മുഖത്ത് ഒരു കൊടിയ കാലത്തിന്റെ വടുക്കള്‍ വീണുകിടക്കുന്നു. തിളക്കം നഷ്ടമായ അവളുടെ കണ്ണുകളുടെ ആഴങ്ങളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ സങ്കടങ്ങളും ഉറഞ്ഞുകിടന്നു.
തന്റെ പീഡനയാത്രകള്‍ക്കിടയില്‍ പലപ്പോഴും ജ്ഞാനപ്പൂവിനെ കാണണമെന്ന് ദേവസഹായം ഹൃദയപൂര്‍വം ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ തോന്നുന്നു ഇങ്ങനെയൊന്നു വേണ്ടിയിരുന്നില്ലെന്ന്. അത്രയ്ക്കുണ്ടായിരുന്നു ഈ കൂടിക്കാഴ്ച നല്കുന്ന ഉറച്ചരിച്ചിലുകള്‍. അഗ്നിയില്‍ ചിറകുവെന്ത ശലഭത്തെപ്പോലെയായിരുന്നു ദേവസഹായത്തിന്റെ പിടച്ചിലുകള്‍.
ദേവസഹായം അവളുടെ മിഴിനീര്‍ തുടച്ചുകൊണ്ടു പറഞ്ഞു:
''എന്നെ ഭര്‍ത്താവായി സ്വീകരിച്ചതുകൊണ്ട് നിനക്ക് സങ്കടങ്ങളല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് നീ വ്യസനിക്കേണ്ട. 
''എനിക്കുണ്ടായിരിക്കുന്ന കഷ്ടതകള്‍ക്കും താമസംവിനാ ലഭിക്കാന്‍ പോകുന്ന സ്വര്‍ഗഭാഗ്യത്തിനും നീയും ഭാഗഭാക്കാവുന്നു എന്നു മാത്രം കരുതുക.
നമ്മള്‍ ഈ ഭൂമിയില്‍ എത്രകാലം ജീവിച്ചിരുന്നാലും ഒരുനാള്‍ മരണം വരിക്കേണ്ടവരാണ്. ഒരാള്‍ തന്റെ രാജ്യത്തിനുവേണ്ടിയോ അഭിമാനം രക്ഷിക്കുന്നതിനായിട്ടോ കുടുംബത്തിനു വേണ്ടിയോ അല്ലെങ്കില്‍ രോഗബാധിതനായിട്ടോ മരിച്ചു എന്നു വരാം. എന്നാല്‍, ആ മരണം കാലം മായ്ച്ചുകളയും.
''എന്നാല്‍, ലോകാവസാനത്തോളം നിലനില്ക്കുന്നതും നിത്യമായ സ്വര്‍ഗകാഹളം മുഴക്കിക്കൊണ്ടിരിക്കുന്നതും സച്ചിദാനന്ദ സ്വരൂപിയുമായ യേശുനാഥനെപ്രതിയുള്ള മരണം മാത്രമേ ഈ ലോകത്തില്‍ ശ്രേഷ്ഠവും മഹത്തരവുമായിട്ടുള്ളൂ.
''ഞാന്‍ താമസിയാതെ നിത്യമായ പരമാനന്ദം അനുഭവിക്കും. എന്തുകൊണ്ടെന്നാല്‍, ഈ ലോകത്തില്‍ ഇതില്‍ കൂടുതല്‍ ദുഃഖം ഞാനനുഭവിക്കേണ്ടതായിട്ടില്ല. സ്‌നേഹസമ്പൂര്‍ണനായ ദൈവം എനിക്കുള്ള സമയം കുറിച്ചു കഴിഞ്ഞു. ഇനി നമ്മള്‍ തമ്മില്‍ കാണുകയില്ല. 
''എന്റെ മരണശേഷം നീ നമ്മുടെ നാട്ടില്‍ താമസിക്കരുത്. ബന്ധുമിത്രങ്ങള്‍ നിനക്ക് പലവിധത്തിലുള്ള ഉപദ്രവങ്ങളുണ്ടാക്കും. ആയതിനാല്‍, നീ വടക്കുംകുളത്തു ചെന്ന് ജീവിതകാലം കഴിച്ചുകൂട്ടണം. അവിടെ നിന്നെ സര്‍വശക്തനായ ദൈവം രക്ഷിച്ചുകൊള്ളും. ഞാനനുഭവിച്ച കഠിനപീഡകളില്‍ സഹനശക്തിയും ശാന്തപ്രകൃതിയും തന്ന് എന്നെ രക്ഷിച്ചതുപോലെ, മരണാവസരത്തിലും വിശ്വാസവൈകല്യവും ഹൃദയചാഞ്ചല്യവുമുണ്ടാകാതിരിക്കാന്‍ നീ പരമകര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണം...''
ജ്ഞാനപ്പൂവിന് ഒന്നും സംസാരിക്കാനായില്ല. അവള്‍ ഹൃദയത്തില്‍ ഒരു കപ്പല്‍ച്ചേതം അനുഭവിച്ചു. അലറിത്തിമിര്‍ത്തു വരുന്ന കൂറ്റന്‍ തിരമാലകളില്‍ ജലനൗക പിളര്‍ന്ന് ആഴങ്ങളിലേക്ക്, കൂടുതലാഴങ്ങളിലേക്ക് ആണ്ടുപോകുന്നു... 
ജ്ഞാനപ്പൂവിനു കരയുവാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല...
''നീ ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല.'' ദേവസഹായം പറഞ്ഞു. ''കരുണാനിധിയായ കര്‍ത്താവ് നിന്നെ കാത്തുകൊള്ളും. അവിടുത്തെ അപരിമേയമായ കാരുണ്യത്താല്‍ സ്വര്‍ഗത്തില്‍വച്ച് നമ്മള്‍ വീണ്ടും കണ്ടുമുട്ടും.''
അല്പനേരത്തെ മൗനത്തിനുശേഷം ദേവസഹായം പറഞ്ഞു:
''ഇനി നീ ഇവിടെ നില്‌ക്കേണ്ടതില്ല. പൊയ്‌ക്കൊള്ളുക.''
അനുസരിക്കാതിരിക്കാന്‍ ജ്ഞാനപ്പൂവിനാകുമായിരുന്നില്ല. അവസാനമായി ഒരുവട്ടംകൂടി അവള്‍ ദേവസഹായത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു. അവള്‍ തന്റെ ഹൃദയം പിഴുതെടുത്ത് ദേവസഹായത്തിന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുകയായിരുന്നു...
ദേവസഹായം കണ്ണുകളിറുക്കിയടച്ചുനിന്നു. ജ്ഞാനപ്പൂവിന് പിന്നീടൊരു നിമിഷംകൂടി അവിടെ നില്ക്കാന്‍ കഴിയുമായിരുന്നില്ല. അത്രമേല്‍ അവളുടെ ആത്മാവിനെ പൊള്ളിച്ചിരുന്നു ആ സമാഗമനിമിഷങ്ങള്‍...
അവള്‍ തിരിഞ്ഞുനടന്നു. പിന്നാലെ ശെല്‍വവും. 
ജ്ഞാനപ്പൂവ് കണ്ണില്‍നിന്നു മറയാനുള്ള നേരമത്രയും ദേവസഹായം കണ്ണുകളിറുക്കിയടച്ചുതന്നെ നിന്നു.
പിന്നെയെപ്പോഴോ തനിക്കുചുറ്റും കാല്‍പ്പെരുമാറ്റങ്ങള്‍ തിങ്ങിയപ്പോഴാണ് ദേവസഹായം കണ്ണു തുറന്നത്. 
മഹോദരരോഗത്താല്‍ അവശയായ ഒരു സ്ത്രീയെയുംകൊണ്ട് കുറേ ആളുകള്‍ ദേവസഹായത്തിന്റെ മുമ്പില്‍ നില്‍ക്കുന്നു. വികൃതമായിരുന്നു അവരുടെ രൂപം. അവള്‍ മരണത്തോടടുത്തിരിക്കുന്നുവെന്ന് ദേവസഹായം കണ്ടു.
അനുകമ്പാര്‍ദ്രനായ ദേവസഹായം അവളുടെ നെറ്റിയില്‍ കുരിശടയാളം വരച്ചു.
''നിന്റെ വ്യാധി ദൈവാനുഗ്രഹത്താല്‍ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു... ഇതിനു പ്രതിനന്ദിയായി സത്യദൈവത്തില്‍ വിശ്വസിക്കുക.'' ദേവസഹായം പറഞ്ഞു.
ആ നിമിഷംമുതല്‍ അവളുടെ രോഗത്തിന് ശമനം കണ്ടുതുടങ്ങി. അവരെക്കൂടാതെ മറ്റനേകം രോഗികളും അവിടെയെത്തിയിരുന്നു. എല്ലാവരും ദേവസഹായത്തിന്റെ അനുഗ്രഹത്താല്‍ സൗഖ്യമുള്ളവരായി. 
പിന്നീട് അവിടെക്കൂടിയിരുന്ന ആളുകളോട് ദേവസഹായം പറഞ്ഞു:
''ഇനിമേല്‍ നിങ്ങളിവിടെ നില്‌ക്കേണ്ട കാര്യമില്ല. നാളെ ഇവിടെ ഒരു വിശേഷസംഭവം നടക്കാന്‍ പോകുന്നു. അതുകൊണ്ട് ഇന്നും നാളെയും ദയവു ചെയ്ത് നിങ്ങളാരും ഇവിടേക്കു വരേണ്ടതില്ല.''
ജനങ്ങള്‍ ദേവസഹായത്തെ അനുസരിച്ചു. അവിടെ കൂടിയിരുന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി. 
അന്നു രാത്രി ദേവസഹായം ഉറങ്ങിയില്ല. നേര്‍ത്ത നിലാവ് വിളറിപ്പോയ ഒരു ജീവിതംപോലെ ദേവസഹായത്തിനു തോന്നി. 
ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞിരുന്നു. അവ പ്രത്യാശയുടെ വിളക്കുനാളങ്ങളാണെന്ന് ദേവസഹായം കണ്ടു. 
രാത്രിയിലെ ഭൂമിയുടെ ഭംഗി ദേവസഹായം കണ്‍കുളിര്‍ക്കെ അനുഭവിച്ചു.
പിറ്റേന്നു വെള്ളിയാഴ്ചയായിരുന്നു. സന്ദര്‍ശകരാരും ഇല്ലാതിരുന്നതിനാല്‍ ജപധ്യാനാദികള്‍ക്ക് സമയം യഥേഷ്ടം ലഭിച്ചിരുന്നു. ജലപാനംപോലും ചെയ്യാതെയായിരുന്നു ദേവസഹായത്തിന്റെ പ്രാര്‍ത്ഥന. കാരണം, ഇന്ന് തനിക്കുള്ള ദിവസമാണെന്ന് പരിശുദ്ധാരൂപിയുടെ വരപ്രസാദത്താല്‍ ദേവസഹായത്തിനു വെളിവാക്കപ്പെട്ടിരുന്നു.
ഏകദേശം മൂന്നാംമണിക്കൂറായപ്പോഴേക്കും കുറെ ഭടന്മാര്‍ ദേവസഹായത്തെ വളഞ്ഞു. അവര്‍ പറഞ്ഞു:
''നിങ്ങളെ മറ്റൊരു സ്ഥലത്തു കൊണ്ടുചെന്നു പാര്‍പ്പിക്കാന്‍ മഹാരാജാവ് കല്പിച്ചിരിക്കുന്നു.''
ദേവസഹായം മൗനം കൊണ്ടതല്ലാതെ ഒന്നും ശബ്ദിച്ചില്ല. ഭടന്മാര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ കാലില്‍ വിലങ്ങുതറച്ചിരുന്നതിനാല്‍ വേഗത്തില്‍ നടക്കാന്‍ കഴിഞ്ഞില്ല.
എങ്കിലും മനോവേദനയില്ലാതെയും ഉത്സാഹത്തോടുകൂടിയും നടക്കാന്‍ ശ്രമിക്കുന്ന ദേവസഹായത്തെക്കണ്ട് ഭടന്മാര്‍ പറഞ്ഞു:
''ഇവന്റെ ധൈര്യം കണ്ടില്ലേ... ഇവനെ നമ്മള്‍ എന്തിനു കൊണ്ടുപോകുന്നുവെന്ന് ഇവന്‍ അറിയുന്നില്ല.''
''കൊല്ലുന്നതിനുതന്നെയാണ്.'' ദേവസഹായം പറഞ്ഞു. ''ഈയൊരു  ദിവസത്തിനായാണ് ഞാന്‍ ഇത്രകാലം കാത്തിരുന്നതും.''
ഭടന്മാര്‍ വിസ്മയിച്ചുപോയി. അവര്‍ വീണ്ടും ചോദിച്ചു: ''നീ എങ്ങനെയറിഞ്ഞു?'' അതിനും ദേവസഹായം മറുപടി പറഞ്ഞില്ല.
കാലുകളില്‍ വിലങ്ങുകളോടുകൂടി ദേവസഹായം വേഗം നടക്കുന്നില്ലെന്നു കണ്ട ഭടന്മാര്‍ അദ്ദേഹത്തെ നിലത്തു മലര്‍ത്തിക്കിടത്തി. കൈകാലുകളില്‍ തറച്ചിരുന്ന വിലങ്ങുകള്‍ക്കിടയിലൂടെ ബലമുള്ള ഒരു കാട്ടുകമ്പ് കടത്തിതൂക്കിയെടുത്തു.
ശരീരഭാരത്താല്‍ വിലങ്ങുകളുടെ ഉരസല്‍കൊണ്ട് കൈകാലുകളിലെ ഞരമ്പും മാംസവും ചിതറി.
കാറ്റാടിമലയിലെത്തിയപ്പോള്‍ വിലങ്ങുകള്‍ക്കിടയില്‍നിന്ന് കമ്പെടുത്ത് ദേവസഹായത്തെ അവര്‍ എഴുന്നേല്പിച്ചു നിറുത്തി.
''എന്റെ ആത്മാവ് സൗഖ്യം പ്രാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഇതുതെന്ന.'' ദേവസഹായം പറഞ്ഞു. ''എനിക്ക് അല്പനേരം പ്രാര്‍ത്ഥിക്കാനുള്ള അനുവാദം വേണം.'' ഭടന്മാര്‍ സമ്മതിച്ചു. 
ദേവസഹായം നിലത്തു മുട്ടുകുത്തി. കണ്ണുകളടച്ചു. ഒരു മിഴിനീര്‍ച്ചോലപോലെ ജനനം മുതല്‍ മരണംവരെയുള്ള യേശുനാഥന്റെ പുണ്യയാനം ദേവസഹായത്തിലൂടെ ഒഴുകിപ്പോയി.
പിന്നെയവര്‍ ദേവസഹായത്തെ കാറ്റാടിമലയിലെ ഉയരമുള്ള ഒരു പാറപ്പുറത്ത് കയറ്റിനിറുത്തി. അപ്പോള്‍ ആറാം മണിക്കൂറായിരുന്നു.
പാറയ്ക്കു താഴെനിന്ന് മൂന്നു ഭടന്മാര്‍ ദേവസഹായത്തെ ലക്ഷ്യമാക്കി നിറയൊഴിച്ചു. മൂന്നും ലക്ഷ്യം തെറ്റിയില്ല. ദേവസഹായം പാറമേല്‍നിന്ന് മറിഞ്ഞു താഴെ വീണു.
അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടില്ല എന്നു കണ്ട ഭടന്മാര്‍ രണ്ടു തോക്കുകള്‍കൂടി നിറച്ച് അദ്ദേഹത്തിനു നേരേ പ്രയോഗിച്ചു. അതും ലക്ഷ്യം കണ്ടു.
മങ്ങിത്തുടങ്ങുന്ന കാഴ്ചയിലൂടെ ദേവസഹായം കണ്ടു. സന്ധ്യാകാശത്ത് അഞ്ചു നക്ഷത്രങ്ങള്‍... ചോരച്ചുവപ്പുള്ള അഞ്ചുനക്ഷത്രങ്ങള്‍...
പിന്നെ സാവധാനം രക്തച്ചുവപ്പുള്ള നക്ഷത്രങ്ങളും സന്ധ്യാംബരങ്ങളും ദേവസഹായത്തിന്റെ കണ്ണുകളില്‍നിന്നു മാഞ്ഞുപോയി.


(അവസാനിച്ചു)

 

Login log record inserted successfully!