''പെരുവിള''യുടെ ആകാശത്തില്‍ നക്ഷത്രങ്ങളോ നിലാവോ ഉണ്ടായിരുന്നില്ല. രാക്കാറ്റ് മരച്ചില്ലകളില്‍ ഉറക്കം പിടിച്ചു. അവര്‍ണീയമായ ഒരു മൗനത്താല്‍ രാത്രി തന്റെ ഹൃദയത്തെ അടക്കിപ്പിടിച്ചിരുന്നു.
ഫാദര്‍ മധുരേന്ദ്രസ്വാമികള്‍ ദേവസഹായത്തെ ഏറെനേരം നിശ്ശബ്ദനായി നോക്കിയിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം വല്ലാത്തൊരു സങ്കടമനുഭവിച്ചു. ഇത്രയേറെ മുറിവുകളും വ്രണങ്ങളും പേറുന്ന ഒരു ശരീരത്തിനുള്ളില്‍ ഇപ്പോഴും ഒരു ജീവന്‍ അവശേഷിക്കുന്നു എന്നുള്ളത് മധുരേന്ദ്രസ്വാമികളെ അതിശയിപ്പിച്ചു. സഹനങ്ങളുടെ ഗ്രീഷ്മവര്‍ഷങ്ങള്‍ താണ്ടിപ്പോന്ന ഒരാള്‍. അഗ്നിയില്‍ വെന്ത വര്‍ഷങ്ങള്‍ ആ കണ്ണുകളില്‍ തപിച്ചുകിടക്കുന്നു.
പീഡാസഹനങ്ങളുടെ മറ്റൊരു പേരാണോ ദേവസഹായംപിള്ള?
മധുരേന്ദ്രസ്വാമികളുടെ മൗനം കണ്ടിട്ടെന്നവണ്ണം ദേവസഹായം ചോദിച്ചു:
''എന്റെ സഹനങ്ങളെപ്രതിയാണോ അങ്ങ് വ്യാകുലം അനുഭവിക്കുന്നത്...''
മധുരേന്ദ്രസ്വാമികള്‍ കണ്ണുകളുയര്‍ത്തി ദേവസഹായത്തെ നോക്കിയതല്ലാതെ ശബ്ദിച്ചില്ല. ആ മൗനത്തിന്റെ ആഴങ്ങളില്‍നിന്ന് അതേ എന്നൊരുത്തരം ദേവസഹായം വായിച്ചെടുത്തു.
''പുണ്യാത്മാവേ... ഈ പീഡാസഹനങ്ങളും ശേഷം മരണവും മാത്രമല്ല എനിക്കുള്ളത്. ഉത്ഥാനവുമുണ്ട്.'' ദേവസഹായം പറഞ്ഞു. ഒരൂ ഞെട്ടലോടെയാണു മധുരേന്ദ്രസ്വാമികള്‍ കേട്ടത്. ഇത്രമേല്‍ വിശ്വാസപൂരിതനായ ഒരു മനുഷ്യനെ മുമ്പൊരിക്കലും അദ്ദേഹം കണ്ടിട്ടില്ല. പരംജ്യോതി സ്വാമികളില്‍നിന്നു ദേവസഹായത്തെപ്പറ്റി കേട്ടതത്രയും ശരി. പക്ഷേ, നേര്‍ക്കാഴ്ചയില്‍ കേട്ടതിലും എത്രയോ വലിയ ശരി.
പിന്നെ താമസമുണ്ടായില്ല. മധുരേന്ദ്രസ്വാമികള്‍ ദേവസഹായത്തിന് പാപസങ്കീര്‍ത്തനം നല്കി. ദിവ്യകാരുണ്യം കൊടുത്തു.
കുര്‍ബാന സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ ദേവസഹായം എന്തെന്നില്ലാത്ത ഒരു സ്വാസ്ഥ്യം അനുഭവിച്ചു. മനസ്സിന്റെ കെട്ടുപാടുകള്‍ അഴിഞ്ഞുപോകുന്നു....
രാവേറെച്ചെന്നിരുന്നു. രാത്രി വിമൂകമായിത്തന്നെ കിടക്കുകയാണ്. പക്ഷേ, ആകാശച്ചെരുവില്‍ വിളറിയ ചന്ദ്രക്കലയും അഞ്ചാറു നക്ഷത്രങ്ങളും പൊട്ടിയിരുന്നു. മധുരേന്ദ്രസ്വാമികള്‍ പറഞ്ഞു:
''മിത്രമേ, രാത്രിയില്‍ യാത്രയില്ല.''
ദേവസഹായം മധുരേന്ദ്രസ്വാമികളുടെ കരങ്ങള്‍ ചുംബിച്ചു. ആ വൈദികന്‍ ദേവസഹായത്തെ അനുഗ്രഹിച്ചാശീര്‍വദിച്ചു.
മധുരേന്ദ്രസ്വാമികള്‍ ശെല്‍വത്തോടൊപ്പം വടക്കുംകുളത്തിനു തിരിച്ചു.
വിളക്ക് അണഞ്ഞിരുന്നു. സാന്ദ്രമല്ലാത്ത ഇരുട്ടിന്റെ നേര്‍ത്ത കമ്പളം പുതച്ച് ദേവസഹായം പൂഴിയില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
ഇപ്പോള്‍ ദേഹമാസകലമുള്ള മുറിവുകള്‍ വേദനിക്കുന്നില്ല. നീറ്റലോ ചൊറിച്ചിലോ അനുഭവപ്പെടുന്നില്ല. വിശപ്പോ ദാഹമോ തൊട്ടുതീണ്ടുന്നില്ല. പീഡനപര്‍വങ്ങളുടെ, പീഡിതചിന്തകളുടെ ഒരു വേലിയിറക്കം അദ്ദേഹം അനുഭവിക്കുന്നു.
ഇപ്പോഴാണ് കാറ്റിന്റെ കെട്ടഴിഞ്ഞത്. ഇലച്ചില്ലകളിലുറക്കം പിടിച്ചിരുന്ന കാറ്റ് നിദ്രവിട്ടു. നേര്‍ത്ത കാറ്റിന്റെ അലകള്‍ വന്ന് ദേവസഹായത്തെ തലോടി. ഒരു തൂവല്‍മഴ തന്റെമേല്‍ പെയ്തിറങ്ങുന്നതുപോലെയാണ് ദേവസഹായത്തിനു തോന്നിയത്. അദ്ദേഹം മെല്ലെ ഇമകള്‍ ചാരി.
സ്വപ്നസന്നിഭമായ ഒരു രാത്രിയായിരുന്നത്. ഗാഢമായ ഉറക്കത്തില്‍ ദേവസഹായത്തിലൂടെ സ്വപ്നങ്ങളുടെ രാജഹംസങ്ങള്‍ നീന്തിനടന്നു.
അനേകം ദൈവദൂതന്മാരെ ദേവസഹായം സ്വപ്നത്തില്‍ കണ്ടു. അവര്‍ വെള്ളിച്ചിറകുകളും കാഹളധ്വനികളുമായി വാനമേഘങ്ങളിലൂടെ പറന്നു നടന്നു. ക്യാപ്റ്റന്‍ ഡിലനായിയുടെ കാവല്‍ദൈവം മിഖായേല്‍ മാലാഖ തനിക്കു കാവല്‍ നില്ക്കുന്നു.
പിന്നെയെപ്പോഴോ മിഖായേല്‍ മാലാഖയുടെ കൈയിലിരുന്ന വെള്ളിവാള്‍ത്തിളക്കം കണ്ണുകളിലടിച്ചിട്ടെന്നവണ്ണമാണ് ദേവസഹായം ഉറക്കം ഞെട്ടിയത്.
ഉച്ചവെയിലിലേക്കാണ് ദേവസഹായം കണ്ണുകള്‍ മിഴിച്ചത്. ഇപ്പോള്‍ ദൈവദൂതന്മാരുടെ കാഹളമില്ല. മിഖായേല്‍ മാലാഖയുടെ കാവല്‍ ദൃശ്യമാകുന്നില്ല.
തൊട്ടടുത്ത് ഒരു പാത്രത്തില്‍ തനിക്ക് കുടിക്കാനുള്ളതു വച്ചിരിക്കുന്നു. അത് തണുത്താറിയിരിക്കുന്നു. തണുത്താറിയ പ്രഭാതപാനീയം ആരാച്ചാരുടെ സന്മനസ്സാണ്.
ദേവസഹായം അത് മതിയാവോളം കുടിച്ചു. ഒരുപക്ഷേ, ഇതാകാം ഇന്നത്തേക്കു ഭക്ഷണം. ദേവസഹായം പക്ഷേ, അതിനെക്കുറിച്ചൊന്നും ആശങ്കപ്പെട്ടില്ല.
പുറത്ത് കത്തിക്കാളുന്ന വെയിലാണ്. വെയില്‍ സഹിച്ച് നിരവധിയാളുകള്‍ അകലങ്ങളിലായി നില്പുണ്ട്. അവരെല്ലാം തനിക്കുള്ള സന്ദര്‍ശകരാണ്. താന്‍ ഉറക്കമുണരാന്‍വേണ്ടി കാത്തുനിന്നതാകും അവര്‍.
ആളുകള്‍ക്കിടയിലെങ്ങും ശെല്‍വത്തെ കാണുന്നില്ല. ഇന്നലെ പാതിരാവോടടുത്ത നേരത്താണ് ശെല്‍വം മധുരേന്ദ്രസ്വാമികള്‍ക്കു തുണയായി വടക്കുംകുളത്തേക്കു തിരിച്ചത്. ഒരു പക്ഷേ, സ്വാമികളെ വടക്കുംകുളത്തെത്തിച്ച് ശെല്‍വത്തിനു മടങ്ങിവരാനുള്ള നേരമായിട്ടുണ്ടാവില്ല.
ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഒരോലക്കുറിമാനത്തിലൂടെ ശെല്‍വന്‍വഴി ക്യാപ്റ്റന്‍ ഡിലനായിയെ അറിയിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരു കത്ത് കുറിച്ചയച്ചിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഡിലനായി തന്റെ വിശേഷങ്ങളറിയാന്‍ ജിജ്ഞാസപ്പെടുന്നുണ്ടാവും. അതു തീര്‍ച്ചയാണ്.
പുറത്തു കാത്തുനിന്നിരുന്ന ആളുകള്‍ ദേവസഹായത്തിന്റെ പക്കലേക്ക് എത്തിക്കൊണ്ടിരുന്നു. അശരണര്‍. പീഡിതര്‍. രോഗികള്‍. അങ്ങനെ ആബാലവൃദ്ധം ജനങ്ങള്‍.
ദേവസഹായം എല്ലാവരോടും സംസാരിച്ചു. അവരുടെ സങ്കടങ്ങള്‍ കേട്ടു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കുട്ടികളെ അനുഗ്രഹിച്ചു.
അദ്ദേഹത്തിന്റെ അചിന്തനീയമായ സഹനശക്തിയിലും പ്രാര്‍ത്ഥനാശക്തിയിലും ജനങ്ങള്‍ വിസ്മയിച്ചു. അവര്‍ പറഞ്ഞു:
''ഈ മനുഷ്യന്‍ തീര്‍ച്ചയായും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍. അല്ലെങ്കില്‍പ്പിന്നെ ഇത്രയേറെ സഹനശേഷി ഇവനില്‍ എവിടുന്ന്... അദ്ഭുതകരമായ രോഗശാന്തിവരം എവിടുന്ന്?''
ആളുകള്‍ ഇടതടവിലില്ലാതെ വന്നുകൊണ്ടിരുന്നു. ദുഃഖങ്ങളും ആവലാതികളുമായി വന്നവര്‍ ആഹ്ലാദത്തോടും ഉല്ലാസത്തോടും മടങ്ങിപ്പോയി. രോഗികളായി വന്നവര്‍ സൗഖ്യമുള്ളവരായും.
സന്ദര്‍ശകരായി വന്നവരില്‍ ചിലര്‍ കൊണ്ടുവന്ന ഫലമൂലാദികള്‍ ദേവസഹായം വെറുംകൈയോടെ വന്നവരുമായി പങ്കുവച്ചു. നാളത്തേക്കായി ദേവസഹായം ഒന്നും കരുതിവച്ചില്ല. സ്വര്‍ഗരാജ്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ദേവസഹായം ആശങ്കപ്പെട്ടിരുന്നില്ല.
ഉറക്കമുണര്‍ന്നപ്പോള്‍മുതല്‍ തന്നെ പാര്‍പ്പിച്ചിരുന്ന ഓലപ്പുരയ്ക്കു കുറച്ചകലത്തായി ഒരാള്‍ തന്നെമാത്രം നോക്കി നില്ക്കുന്നത് ദേവസഹായം കാണുന്നുണ്ടായിരുന്നു. അയാള്‍ തന്റെ പക്കലേക്കു വരുന്നില്ല. മടങ്ങിപ്പോകാനും കൂട്ടാക്കുന്നില്ല.
കാഴ്ചയില്‍ തീര്‍ത്തും പ്രാകൃതനായ ഒരാള്‍. ജടകെട്ടിയ മുടിയും താടിയും. ഏതോ പ്രാചീനശിലായുഗത്തില്‍ ജീവിച്ചിരുന്ന ഒരാളെപ്പോലുണ്ട് അയാള്‍. അയാള്‍ക്കു പിന്നിലായി മറ്റു രണ്ടുപേരും.
ആളുകളുടെ തിരക്കൊഴിഞ്ഞപ്പോള്‍ ദേവസഹായം അവരെ കൈമാടി വിളിച്ചു. മടിച്ചുമടിച്ചാണവര്‍ വന്നത്. വന്നപാടേ അവര്‍ ദേവസഹായത്തിന്റെ മുമ്പില്‍ മുട്ടുകുത്തി നമസ്‌കരിച്ചു.
നമസ്‌കരിച്ചു നിവര്‍ന്ന ജടാധാരിയായ മനുഷ്യന്റെ കണ്ണുകള്‍ തന്നില്‍ത്തന്നെ തറഞ്ഞുനില്ക്കുകയാണെന്ന് ദേവസഹായം കണ്ടു. രണ്ടു വെള്ളാരംകണ്ണുകള്‍. ആഴങ്ങളുള്ള കണ്ണുകള്‍...
ഒരു നിമിഷം. ഒരു മിന്നല്‍പ്പിണര്‍ ദേവസഹായത്തിലൂടെ കടന്നുപോയി. ഒരര്‍ദ്ധനിമിഷത്തിന്റെ തിരിച്ചറിവില്‍ ദേവസഹായം പിറുപിറുത്തു:
''വലിയ കപ്പിത്താന്‍.''
''താങ്കള്‍ മാത്രം എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു, താങ്കള്‍ മാത്രം.''
''ഞാന്‍ ചൊക്കലിംഗം. മറന്നുവോ എന്നെ?''
''ഞാന്‍ ധര്‍മരാജ്....''
വീണുകിട്ടിയ ഓര്‍മത്തെളിവില്‍ ദേവസഹായം അവര്‍ക്കുനേരേ ശിരസ്സനക്കി ചിരിച്ചു.
ക്യാപ്റ്റന്‍ ഡിലനായിക്കും കൂട്ടുകാര്‍ക്കും അസഹ്യമായ മനോവേദന അനുഭവപ്പെട്ടു. പത്മനാഭപുരം കൊട്ടാരത്തിലെ കാര്യവിചാരകനായിരുന്ന ദേവസഹായംപിള്ളയുടെ അവസ്ഥ അത്രമേല്‍ ശോചനീയമായിരുന്നു. കൈളിലും കാലുകളിലും വിലങ്ങുതറച്ചിരുന്നു. അരയില്‍ പഴക്കംകൊണ്ടു പിഞ്ചിത്തുടങ്ങിയ ഒരു മുണ്ട്. ദേഹമാസകലം വാടിത്തുടങ്ങിയ മുറിവുകള്‍. ആ ശരീരത്തില്‍ സൂചികുത്താനൊരിടം മുറിവുകളില്ലാത്തതില്ല. പക്ഷേ, ആ കണ്ണുകളില്‍മാത്രം ഒരു ശോകച്ഛായയും നിഴല്‍ പരത്തുന്നില്ല.
''ഇതെന്തു വേഷം കപ്പിത്താന്‍...'' ദേവസഹായം അദ്ഭുതത്തോടെ ചോദിച്ചു.
''രാജകല്പനയനുസരിച്ച് എനിക്കു താങ്കളെ കാണുന്നതിനോ താങ്കളുടെ യാതൊരു കാര്യത്തിലും ഇടപെടുന്നതിനോ അനുവാദമില്ല. എത്ര സംയമനം പാലിച്ചിട്ടും എനിക്കു താങ്കളെ കാണാതിരിക്കാനും കഴിയുന്നില്ല. ആയതിനാലാണ് ഈ പ്രച്ഛന്നവേഷം.''
കുറച്ചുനേരത്തേക്ക് ദേവസഹായം ശബ്ദിച്ചില്ല. എല്ലാം ദൈവഹിതം. ക്യാപ്റ്റന്‍ ഡിലനായിയെ കാണണമെന്ന് ദേവസഹായം ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ആ ആഗ്രഹം നിറവേറിയിരിക്കുന്നു. ദൈവനിയോഗമാണ് ഈ സമാഗമം. ദേവസഹായം കര്‍ത്താവിനോട് കൃതജ്ഞതയുള്ളവനായി.
''താങ്കള്‍ക്കു ക്ഷേമംതന്നെയല്ലേ കപ്പിത്താന്‍...''
അതേ എന്നൊരുത്തരം പറയാന്‍ ഡിലനായിക്കാവുമായിരുന്നില്ല. പകരം ഇങ്ങനെ പറഞ്ഞു:
''എന്നോടു ചോദിച്ച ചോദ്യം ഞാന്‍ അങ്ങയോടു തിരിച്ചു ചോദിക്കുന്നില്ല.''
ദേവസഹായത്തിന്റെ മുഖത്ത് ഒരു മന്ദഹാസം മിന്നിമറഞ്ഞു. മുറിവുകള്‍ വാടി പൊറ്റംകെട്ടിയ മുഖത്തുനിന്ന് ആ മന്ദഹാസത്തിന്റെ പൊരുള്‍ ഡിലനായി വായിച്ചെടുത്തു.
അവര്‍ ഏറെനേരം സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ ഒരിക്കല്‍പ്പോലും ദേവസഹായം താനനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചു പരിതപിച്ചില്ല. സങ്കടങ്ങള്‍ പറഞ്ഞില്ല.
ദേവസഹായത്തെ കാണുവാനായി അനേകര്‍ എത്തിക്കൊണ്ടിരുന്നതിനാല്‍ തങ്ങള്‍ക്കു യാത്ര പറയാനുള്ള സമയമായിരിക്കുന്നു എന്നു ഡിലനായിയും സഹചാരികള്‍ക്കും മനസ്സിലായി.
''മാന്യമിത്രമേ, താങ്കളുടെ അനുവാദത്തോടെ ഞങ്ങള്‍ മടങ്ങാനൊരുങ്ങുന്നു. ഞങ്ങളിനിയും അങ്ങയെ കാണുവാനായി വരും.''
കുറച്ചുനേരത്തേക്ക് ദേവസഹായം കണ്ണുകളടച്ചിരുന്നു. അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ദര്‍ശനങ്ങളുടെ പ്രവാചകഗരിമയുള്ള നീലനക്ഷത്രങ്ങള്‍ മിന്നിമറയുന്നു.
ദൂരെയെവിടെയോ ഒരു കുന്നിന്‍മുകളില്‍ സൂര്യപൂര്‍ണിമയോടെ ഒരു മരണം ദേവസഹായം കാണുന്നു. തനിക്ക് ഇനി ഭൂമിയില്‍ അധികസൂര്യോദയങ്ങളില്ലെന്ന് ദേവസഹായത്തിനു വെളിപ്പെടുന്നു.
കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം ഇമകള്‍ നിവര്‍ത്തി ക്യാപ്റ്റന്‍ ഡിലനായിയെ നോക്കി. എന്നിട്ടു പറഞ്ഞു:
''മാന്യമിത്രമേ, നമ്മള്‍തമ്മില്‍ ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ല.'' ഒരു ശീതക്കാറ്റ് വീശുന്നതുപോലെയായിരുന്നു ദേവസഹായത്തിന്റെ ശബ്ദം.
എവിടെനിന്നോ ഒരു കടല്‍പ്പെരുപ്പം ഡിലനായി കേട്ടു. വൃക്ഷച്ചില്ലകളില്‍ കാറ്റു പിടയുന്നു.
എന്തൊക്കെയോ ദേവസഹായത്തോടു സംസാരിക്കണമെന്നുണ്ടായിരുന്നു ഡിലനായിക്ക്. പക്ഷേ, വാക്കുകള്‍ അദ്ദേഹത്തിനു വഴങ്ങിയില്ല. ഹൃദയം ഛിന്നഭിന്നമാക്കപ്പെടുന്നതുപോലെ. അന്തരംഗത്തിലെവിടെയോ രക്തം കിനിയുന്നുണ്ട്.
ഏറെനേരം മൗനം അവര്‍ക്കിടയില്‍ തിരയടങ്ങിയ സമുദ്രംപോലെ നിര്‍ജീവം കിടന്നു. ഏറെ പാടുപെട്ടാണ് ഡിലനായി അതിലൊരു ചെറുതിരയുയര്‍ത്തിയെടുത്തത്. അദ്ദേഹം പറഞ്ഞു:
''മിത്രമേ, ഞാനും കുടുംബവും താങ്കള്‍ക്കുവേണ്ടി ദൈവത്തോട് സദാനേരവും പ്രാര്‍ത്ഥനാനിരതരായിരിക്കും...''
''അതു മാത്രമാണ് കപ്പിത്താന്‍, ഈയുള്ളവനും ആഗ്രഹിക്കുന്നത്...''
അവര്‍ പിന്നീടധികം നിന്നില്ല. ദേവസഹായത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു പിന്‍തിരിഞ്ഞു.
പെരുവിളയില്‍നിന്ന് അധികദൂരത്തല്ലാതെ പാര്‍വതീപുരം എന്ന സ്ഥലത്ത് ക്യാപ്റ്റന്‍ ഡിലനായിയുടെ കുതിരയും കുതിരവണ്ടിയും വിശ്രമിക്കുന്നുണ്ടായിരുന്നു. അവിടെയെത്തിയ ഡിലനായി തന്റെ പ്രച്ഛന്നവേഷം അഴിച്ചുമാറ്റി. ഔദ്യോഗികവേഷങ്ങളിലേക്കു ചേക്കേറി.
ക്യാപ്റ്റന്‍ ഡിലനായിയും ചൊക്കലിംഗവും കുതിരവണ്ടിയില്‍ കയറി. ധര്‍മരാജ് കുതിരവണ്ടി ഉദയഗിരിയിലേക്കു തെളിച്ചു.
യാത്രയ്ക്കിടയില്‍ മൂവരും ശബ്ദിച്ചില്ല. പക്ഷേ, എല്ലാവരുടെയും മനസ്സുകളില്‍ ദേവസഹായം തെളിഞ്ഞുനിന്നു. ക്രിസ്തുവിനെപ്രതിയുള്ള സഹനത്തിന്റെ മൂര്‍ത്തരൂപം. അത് അവരെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.
അന്ന് പതിവിലേറെ സന്ദര്‍ശകരുണ്ടായിരുന്നു ദേവസഹായത്തിന്. ആയതിനാല്‍, പകല്‍ പോയതറിഞ്ഞില്ല.
ഇന്നലെ പാതിരാവില്‍ മധുരേന്ദ്രസ്വാമികളോടൊപ്പം വടക്കുംകുളത്തിനു തിരിച്ച ശെല്‍വം അസ്തമയനേരമായിട്ടും മടങ്ങിയെത്തിയിട്ടില്ല. അത് ദേവസഹായത്തെ ചെറുതായി അസ്വസ്ഥതപ്പെടുത്താനും തുടങ്ങിയിരുന്നു.
ഇരുട്ടുവീണപ്പോഴാണ് ആരാച്ചാര്‍ ഒരു വിളക്കുമായി ദേവസഹായത്തിനടുത്തെത്തിയത്. അങ്ങനെയൊരു പതിവില്ല.
വന്നപാടേ വിളക്ക് നിലത്തുവച്ച് ആരാച്ചാര്‍ ദേവസഹായത്തിനടുത്തിരുന്നു. എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു:
''അല്ലയോ പുണ്യാത്മാവേ, ആരുമറിയാതെ നിങ്ങളുടെ വിലങ്ങുകള്‍ ഞാന്‍ പൊട്ടിച്ചു തരാം. ഈ രാത്രിയില്‍ത്തന്നെ എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടുകൊള്ളുക....''
(തുടരും)