സൂര്യതാപമേറ്റു പഴുത്ത പാറപ്പുറത്തേക്കാണ് ഭടന്മാര്‍ ദേവസഹായത്തിനെ അടിച്ചുവീഴ്ത്തിയത്. പാറപ്പുറത്തേക്കു മലര്‍ന്നു വീണ ദേവസഹായം അങ്ങനെതന്നെ അവിടെക്കിടന്നു. എഴുന്നേല്‍ക്കാനുള്ള ത്രാണി അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പാറയുടെ ഉഷ്ണമേറ്റ് പുറത്തെ വ്രണങ്ങള്‍ വെന്തു. മുഖത്തെയും മാറിലെയും മുറിവുകളിലേക്കു സൂര്യജ്വാലകള്‍ കത്തിയിറങ്ങി. ദേവസഹായത്തിന് അകവും പുറവും പൊള്ളി. കുമിളകള്‍ പൊന്തി. ദേവസഹായത്തിന്റെ കാഴ്ചമങ്ങി.
ദൈവമേ, എന്റെ ദുര്‍ഘടദിനങ്ങള്‍ എന്ന് ഒഴിഞ്ഞുപോകും? എന്റെ പ്രാണന്‍ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ ഹൃദയം ദുഃഖത്താല്‍ കലങ്ങിപ്പോകുന്നു. എന്റെ സങ്കടങ്ങളാല്‍ ഞാന്‍ ചിതറിപ്പോകാതിരിക്കാന്‍ അവിടുന്നു കൃപയായിരിക്കേണമേ...
തിളയ്ക്കുന്ന വെയിലില്‍, പൊള്ളുന്ന പാറപ്പുത്തു കിടന്ന് ദേവസഹായം മൗനംകൊണ്ടു പ്രാര്‍ത്ഥിച്ചു. ആ മൗനപ്രാര്‍ത്ഥനയുടെ മുഴക്കങ്ങള്‍ സ്വര്‍ഗത്തിലേക്കെത്തിയിരിക്കണം. ഒരു ശക്തിവന്ന് ദേവസഹായത്തില്‍ നിറയാന്‍ തുടങ്ങി. അദ്ദേഹം സാവധാനം എഴുന്നേറ്റിരുന്നു.
അദ്ദേഹത്തിന്റെ തൊണ്ടയും നാവും ചുണ്ടും ദാഹംകൊണ്ടു പൊരിഞ്ഞു. രാജഭടന്മാര്‍ ഇനി വെള്ളം തരുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. സാത്താന്റെ പിണിയാളുകളെപ്പോലെയാണ് അവരുടെ ചെയ്തികളത്രയും.
ദേവസഹായം മുട്ടിന്മേല്‍നിന്നു. വിലങ്ങണിഞ്ഞ കൈകളും കണ്ണുകളും സ്വര്‍ഗത്തിലേക്കുയര്‍ത്തി.
''ദൈവപുത്രനായ യേശുദേവാ, ഭൂമിയിലെ പാപങ്ങളെ ഇല്ലാതാക്കാന്‍ ഗാഗുല്‍ത്തായില്‍ ഉദിച്ചുയര്‍ന്ന സൂര്യനേ... എന്റെ പീഡകരുടെ അജ്ഞതയെ പൊറുക്കണമേ... സ്വര്‍ഗസ്ഥനായ പിതാവേ, എന്റെ ദാഹത്തെ ശമിപ്പിക്കാന്‍ അങ്ങയുടെ കരുണാവര്‍ഷമല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല. സമരിയാക്കാരിയോടു കുടിപ്പാന്‍ ചോദിച്ച നീ എന്നെ ഉപേക്ഷിക്കരുതേ...''
ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് വിലങ്ങിട്ട കൈകള്‍ മടക്കി ഇരുമുട്ടുകള്‍ക്കൊണ്ടും പാറയില്‍ ശക്തിയായി ഇടിച്ചു. പാറപിളര്‍ന്നു. പിളര്‍പ്പിനിടയിലൂടെ കണ്ണീര്‍പോലെ തെളിഞ്ഞ ജലം പുറത്തേക്കു പ്രവഹിക്കാന്‍ തുടങ്ങി. ദേവസഹായം തന്റെ കൈക്കുടന്നയില്‍ വെള്ളം കോരിയെടുത്ത് ആവോളം പാനം ചെയ്തു.
കണ്ടുനിന്നവര്‍ ആശ്ചര്യഭരിതരായി. ''ഇവനില്‍ എന്തോ മന്ത്രശക്തിയുണ്ട്. അല്ലെങ്കില്‍ ഇതെങ്ങനെ സംഭവിക്കും?'' ഭടന്മാര്‍ പറഞ്ഞു.
''ഇവന്‍ ദൈവത്തിനു പ്രിയപ്പെട്ടവന്‍തന്നെ.'' കാഴ്ചക്കാരില്‍ ചിലര്‍ പറഞ്ഞു. അവര്‍ അവനില്‍ വിശ്വസിച്ചു. അവനുവേണ്ടി പ്രാര്‍ത്ഥിച്ചു. വിശ്വാസികളായി മടങ്ങി.
ഈ അദ്ഭുതവര്‍ത്തമാനം നാടെങ്ങും പടര്‍ന്നേറി. നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വന്നുകൊണ്ടിരുന്നു. അവര്‍ അദ്ഭുതനീരൊഴുക്കു കണ്ടു. ദേവസഹായത്തെ കണ്ടു. ചിലര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കാഴ്ചവച്ചു. ഉപദേശങ്ങള്‍ സ്വീകരിച്ചു. അനേകം രോഗികള്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാല്‍ സൗഖ്യം പ്രാപിച്ചവരായി മടങ്ങി.
ഇങ്ങനെയൊക്കെയാണെങ്കിലും ദേവസഹായത്തിനുള്ള പതിവുശിക്ഷ ഭടന്മാര്‍ മുടക്കിയിരുന്നില്ല. മുടക്കാന്‍പാടില്ല. രാജകല്പനയാണ്. ദിവസവും മുപ്പതടി. മുളകുപ്രയോഗം.
പുലിയൂര്‍കുറിശ്ശിയില്‍ ദേവസഹായംപിള്ളയുടെ ദേഹത്തു പുരട്ടാനുള്ള മുളകു പതിവായി അരച്ചുകൊടുത്തിരുന്ന സ്ത്രീ പുണ്യപുരുഷനോട് അനുകമ്പ തോന്നി കുറച്ചു പച്ചരികൂടി ചേര്‍ത്തരച്ചുകൊടുത്തു. നീറ്റലിന് അല്പം ശമനം കിട്ടട്ടെ എന്ന് ആ പാവം സ്ത്രീ കരുതി.
മുളക് ദേഹത്തില്‍ തേച്ചു പിടിപ്പിച്ചതില്‍ പിന്നീട് ദേവസഹായം പറഞ്ഞു: ''ഇന്നത്തെ മരുന്നു തേച്ചിട്ട് എനിക്കു പതിവില്‍ കൂടുതല്‍ വേദന തോന്നുന്നു.'' അതു കേട്ടതില്‍ പിന്നീട് ആ സ്ത്രീ അങ്ങനെ ചെയ്തില്ല.
നാള്‍ക്കുനാള്‍ ദേവസഹായത്തിന് സന്ദര്‍ശകരുടെ എണ്ണം പെരുകിവന്നു. രാത്രികാലങ്ങളില്‍പ്പോലും വിളക്കും പന്തവുമായി ആളുകളെത്തിക്കൊണ്ടിരുന്നു. വന്നവരാകട്ടെ, ദേവസഹായത്തെപ്പറ്റി കരുണയോടും ആദരവോടുംകൂടി സംസാരിക്കാന്‍ തുടങ്ങി.
ജനങ്ങളുടെ വികാരം തങ്ങള്‍ക്കെതിരേ തിരിയുന്നു എന്നു മനസ്സിലാക്കിയ ബ്രാഹ്‌മണരും ഭടന്മാരും അധികാരികളുടെ അനുവാദത്തോടെ ദേവസഹായത്തിനെ ബ്രഹ്‌മപുരം മണക്കര, അപ്പട്ടുവിള മുതലായ ഗ്രാമങ്ങളിലൂടെ നടത്തി പെരുവിളയിലെത്തിച്ചു. അവിടെ ആരാച്ചാരുടെ തൊഴുപ്പുരയ്ക്കു സമീപം നിന്നിരുന്ന ഉണങ്ങിയ പട്ടവേപ്പുമരത്തില്‍ കെട്ടി വച്ചു. ശേഷം ഭടന്മാര്‍ മടങ്ങി.
ഓരോരോ സ്ഥലങ്ങളിലേക്കും ദേവസഹായത്തിനെ മാറ്റുമ്പോഴും അതതുസ്ഥലത്തെ അധികാരികള്‍ക്കുവേണ്ടി അവരുടെ അനുചരന്മാരാണ് ദേവസഹായത്തെ പീഡിപ്പിച്ചിരുന്നത്. പെരുവിളയിലെത്തിയപ്പോള്‍ അവിടുത്തെ ആരാച്ചാരും അനുചരന്മാരുമാണ് ആ ദൗത്യം ഏറ്റെടുത്തത്.
സന്ധ്യയോടടുത്ത നേരമായിരുന്നത്. ഇരുട്ടുവീണപ്പോള്‍ ആരാച്ചാരുടെ അനുചരന്മാര്‍ സൗകര്യപ്രദമായി ഉറങ്ങാനുള്ള സ്ഥലം തേടിപ്പോയി. ദേവസഹായത്തിന് ഇരിക്കാനോ കിടക്കാനോ കഴിയുമായിരുന്നില്ല. വേപ്പുമരത്തിനോടു ചേര്‍ത്തുനിറുത്തിയാണ് ദേവസഹായത്തിനെ ബന്ധിച്ചിരുന്നത്. കൈകളിലും കാലുകളിലും വിലങ്ങുതറച്ചിരുന്നു.
നിലാവും മഞ്ഞും ഒരുപോലെ പെയ്യുന്ന ഒരു രാത്രിയായിരുന്നത്. രാത്രിയിലെപ്പോഴോ നിലാവെളിച്ചത്തില്‍ അല്പമകലെ ഒരാള്‍ നില്ക്കുന്നത് ദേവസഹായം കണ്ടു. ആരാച്ചാരുടെ ആളുകളാരെങ്കിലുമാകാം. അല്ലാതാര്? പിന്നെയെപ്പോഴോ നിലാത്തെളിമയില്‍ ദേവസഹായം ആളെ തിരിച്ചറിഞ്ഞു. ശെല്‍വന്‍.
''ശെല്‍വനല്ലേ...'' ദേവസഹായം ചോദിച്ചു.
''അതേ പെരിയവരേ...''
''നട്ടാലത്തിനു മടങ്ങാത്തതെന്ത്?''
''എനിക്ക് അങ്ങയെവിട്ടു പോകാന്‍ കഴിയില്ല പെരിയവരേ.''
അല്പനേരത്തേക്ക് ദേവസഹായം ശബ്ദിച്ചില്ല. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിപ്പോകുന്നു. കരുണയുടെയും സ്‌നേഹത്തിന്റെയും ദീപശിഖയുമായി എന്റെ പിന്നാലെ ഒരാള്‍... ദേവസഹായം പറഞ്ഞു:
''മിത്രമേ, എന്റെ വഴികള്‍ ചെന്നെത്തുന്നത് മരണത്തിലേക്കാണ്. വഴികളിലാകട്ടെ നിറയെ വിഷസര്‍പ്പങ്ങളും കട്ടക്കാരയും കൂര്‍ത്തുമൂര്‍ത്ത കല്ലുകളും. നിനക്ക് എന്നെ പിന്തുടരാന്‍ കഴിയില്ല. കാരണം, ഇതെന്റെ നിയോഗമാണ്.''
''പെരിയവരേ, എനിക്കു മരണത്തെ ഭയമില്ല. എന്തു സംഭവിച്ചാലും ഞാന്‍ അങ്ങയുടെ പിന്നാലെയുണ്ട്. ഗാഗുല്‍ത്തായിലേക്കു കുരിശു ചുമക്കാന്‍ യേശുവിനെ സമീപിച്ച ശിമയോനെപ്പോലെ...''
എവിടെനിന്നോ ഭീകരമാംവിധം പെട്ടിച്ചൂടന്‍ നീട്ടിക്കൂവി. നിലാവ് മാഞ്ഞു. ദേവസഹായത്തിന്റെ കണ്ണുകളില്‍നിന്ന് ശെല്‍വന്‍ മാഞ്ഞുപോയി.
മരത്തില്‍ കെട്ടിനിറുത്തിയപാടേ മുന്നോട്ടു കുനിഞ്ഞ ശിരസ്സുമായി ദേവസഹായം ഉറക്കത്തിലേക്കു വീണു.
നേരം വെളുത്തിട്ടും ദേവസഹായം ഉണര്‍ന്നില്ല. മുന്നോട്ടൊടിഞ്ഞ ശിരസ്സുമായി കുരിശില്‍ മരിച്ചുകിടക്കുന്ന യേശുദേവനെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു ദേവസഹായമപ്പോള്‍.
ഉറക്കമുണര്‍ന്നുവന്ന ആരാച്ചാരുടെ കൂട്ടാളികള്‍ ദേവസഹായം മരിച്ചിട്ടുണ്ടാകുമെന്നു കരുതി. മുന്നോട്ടൊടിഞ്ഞു തൂങ്ങിയ ശിരസ്സുകണ്ടാല്‍ അങ്ങനെയേ തോന്നൂ.
ദേവസഹായത്തിനടുത്തേക്ക് വേഗത്തില്‍ നടന്നടുത്ത അവന്‍ മറ്റൊരു കാഴ്ചയില്‍ ഞെട്ടിത്തരിച്ചു. തലേന്നു രാത്രി വേപ്പുമരത്തോടു ചേര്‍ത്ത് ദേവസഹായത്തിനെ കെട്ടുമ്പോള്‍, ഉണങ്ങി ആകാശത്തേക്ക് ചില്ലകള്‍ കൂര്‍പ്പിച്ചുനിന്നു വേപ്പുമരം നിറയെ പൂത്തുതളിര്‍ത്തിരിക്കുന്നു.
വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍. അവര്‍ ആരാച്ചാരെ വിവരമറിയിച്ചു. വീടിനുള്ളില്‍നിന്ന് പുറത്തുവന്ന് ആരാച്ചാര്‍ വായപിളര്‍ന്നു നിന്നുപോയി.
രണ്ടുവര്‍ഷത്തിലേറെയായി ഉണങ്ങി നിലംപൊത്താറായിനിന്ന മരമാണ്. അതു നിറയെ ഇലകളും പൂക്കളുമായി കാറ്റിലുലഞ്ഞു നില്ക്കുന്നു.
അദ്ഭുതമല്ലാതെ മറ്റെന്ത്? ആരാച്ചാര്‍ക്കും അനുചരന്മാര്‍ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, എങ്ങനെ വിശ്വസിക്കാതിരിക്കും? കണ്‍മുമ്പില്‍ കാണുന്നതല്ലേ സത്യം.
വിവരമറിഞ്ഞ് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. വന്നവര്‍ വന്നവര്‍ അദ്ഭുതപരതന്ത്രരായി. അവരുടെ സംസാരവും കോലാഹലങ്ങളും പ്രാര്‍ത്ഥനാരവും കേട്ടാണ് ദേവസഹായം കണ്ണുതുറന്നത്. തനിക്കു ചുറ്റും ആളുകള്‍ വട്ടമിട്ടു നില്ക്കുന്നു. തന്നെ കെട്ടിവച്ചിരിക്കുന്ന ഉണക്കമരത്തില്‍ നിറയെ പൂക്കളും ഇലകളും. ചില്ലകളില്‍ പലതരം പക്ഷികള്‍ കലപില വയ്ക്കുന്നു.
''ദൈവമേ, നിന്റെ മഹാദയ എന്റേമേല്‍ വര്‍ഷിച്ചിരിക്കുന്നു. അവിടുത്തേക്കു സ്തുതിയായിരിക്കട്ടെ...''
മരിച്ചു എന്നു കരുതിയ ദേവസഹായം ഉണര്‍ന്നെണീറ്റപ്പോള്‍ ആരാച്ചാരുടെ കൈയാളുകള്‍ അമ്പരന്നു.
''ഇവനില്‍ മാന്ത്രികവിദ്യകളോ മഹേന്ദ്രജാലമോ ഉണ്ട്. അല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല.'' ആരാച്ചാരുടെ ആള്‍ക്കാര്‍ പറഞ്ഞു.
''ഇതില്‍ ദൈവികശക്തിയുണ്ട്. സത്യവേദത്തിന്റെ ശക്തി. യേശുദേവന്റെ ശക്തി.'' കാഴ്ചക്കാരില്‍ പലരും അങ്ങനെ പറഞ്ഞു. ആരാച്ചാര്‍ക്കും ദേവസഹായത്തില്‍ വിശ്വാസം തോന്നിത്തുടങ്ങിയിരുന്നു.
ജനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. വരുന്നവരിലേറെയും രോഗികള്‍. മാനസികപീഡകളില്‍പ്പെട്ടുഴലുന്നവര്‍. അശുദ്ധാരൂപിയാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍. മറ്റു സങ്കടങ്ങളനുഭവിക്കുന്നവര്‍.
പുണ്യപുരുഷന്റെ പ്രാര്‍ത്ഥനയാലും അനേകം രോഗികള്‍ സൗഖ്യമുള്ളവരായി. അനേകരില്‍നിന്ന് അശുദ്ധാത്മാക്കള്‍ പുറത്തായി. മിക്കവരുടെയും സങ്കടങ്ങള്‍ക്കറുതിയായി.
അനേകര്‍ ദേവസഹായത്തിന്റെ മഹത്ത്വം കണ്ടു വിശ്വസിച്ച് ക്രിസ്തുമതം സ്വീകരിച്ചു. പെരുവിളയിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന വെള്ളാളര്‍, വാണിയന്മാര്‍, നാടാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങി അനേകജാതിക്കാര്‍ ക്രിസ്തുമതത്തിലേക്കു ചേക്കേറി. അവര്‍ ദേവസഹായത്തിനാവശ്യമുള്ള സഹായം ചെയ്തുകൊടുക്കുന്നതില്‍ താത്പര്യം കാണിക്കുകയും ചെയ്തു. ആരാച്ചാരാകട്ടെ ദേവസഹായത്തിനെ പീഡിപ്പിക്കുന്നതില്‍നിന്ന് അനുചരന്മാരെ പിന്നാക്കം പിടിച്ചു.
വിശ്വാസികളായിത്തീര്‍ന്ന ആളുകള്‍ ആരാച്ചാരുടെ സഹായത്തോടെ വേപ്പുമരത്തിനു സമീപം ഒരു ഓലപ്പുരകെട്ടി അതില്‍ അദ്ദേഹത്തെ താമസിപ്പിച്ചു. എന്തിനുമേതിനും തയ്യാറായി ശെല്‍വനുമുണ്ടായിരുന്നു സമീപം.
പെരുവിളയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ഓലക്കുറിപ്പുവഴി ശെല്‍വന്റെ സഹായത്തോടെ ദേവസഹായം ക്യാപ്റ്റന്‍ ഡിലനായിയെ അറിയിച്ചുകൊണ്ടിരുന്നു. അതാകട്ടെ, അദ്ദേഹത്തിനും കുടുംബത്തിനും ആശ്വാസപ്രദമായിരുന്നുതാനും.
അങ്ങനെയിരിക്കേ, ഒരു ദിവസം ആരാച്ചാര്‍ ദേവസഹായത്തോട് തന്റെ സങ്കടം പറഞ്ഞു.
ആരാച്ചാര്‍ വിവാഹം കഴിച്ചിട്ട് ഏറെ നാളുകളായിരുന്നു. പക്ഷേ, സന്താനങ്ങളുണ്ടായില്ല. സന്താനലബ്ധിക്കായി അമ്പലങ്ങള്‍തോറും നേര്‍ച്ചകാഴ്ചകള്‍ കഴിച്ചും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജാദികര്‍മങ്ങള്‍ നടത്തിയും മന്ത്രതന്ത്രങ്ങളോടുകൂടി ബലികര്‍മങ്ങള്‍ സമര്‍പ്പിച്ചും സമ്പത്ത് ഏറെ നശിപ്പിച്ചതല്ലാതെ പ്രയോജനമൊന്നും സിദ്ധിച്ചില്ല.
ദേവസഹായംപിള്ളയയുടെ പ്രാര്‍ത്ഥനയാല്‍ അനേകര്‍ സുഖം പ്രാപിച്ചു മടങ്ങിപ്പോകുന്നതും മറ്റ് അദ്ഭുതപ്രവൃത്തികളും കണ്ട് ദേവസഹായത്തില്‍ വളരെ വിശ്വാസം തോന്നിയതുകൊണ്ടാണ് ആരാച്ചാര്‍ തന്റെ സങ്കടം പറഞ്ഞത്.
''എനിക്ക് അനവധി സ്വത്തുക്കളുണ്ട്. അനന്തരാവകാശികളില്ലാതെ അത് അന്യാധീനപ്പെട്ടുപോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ അതിയായ വ്യസനം തോന്നുന്നു. അല്ലയോ മാഹാത്മാവേ, നിങ്ങളുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലെത്തുന്നതിന് കാലതാമസമുള്ളതായി ഞാനറിയുന്നില്ല. അതിനാല്‍ താങ്കള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ച് എന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.''
സങ്കടപൂര്‍ണമായിരുന്നു ആരാച്ചാരുടെ അപേക്ഷ. അദ്ദേഹത്തിന്റെ വ്യസനം ദേവസഹായത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ.
''നിങ്ങള്‍ വിഷമിക്കേണ്ട.'' ദേവസഹായം പറഞ്ഞു. ''നിങ്ങളുടെ സങ്കടം ദൈവം കാണുന്നുണ്ട്. ലോകത്തിന്റെ രക്ഷയ്ക്കായി സ്വയം ബലിയായിത്തീര്‍ന്ന യേശുദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്കൊരു കുഞ്ഞു പിറക്കും. നിങ്ങള്‍ വിശ്വാസിക്കുക. വാക്കുകള്‍ ഫലിക്കാതിരിക്കില്ല.''
അതങ്ങനെ തന്നെ സംഭവിച്ചു. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടാകണം. ഒരു ദിവസം ആരാച്ചാര്‍ വന്ന് ദേവസഹായത്തോടു പറഞ്ഞു:
''അല്ലയോ മഹാത്മാവേ, താങ്കളുടെ ''പ്രാര്‍ത്ഥന ദൈവസന്നിധിയിലെത്തിയിരിക്കുന്നു. എന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുന്നു.''
''അവള്‍ ഒരു പുത്രനെ പ്രസവിക്കും.'' ദേവസഹായം പറഞ്ഞു. അതും സത്യമായി ഭവിച്ചു.
(തുടരും)