തിരുവിതാംകോട്ടെ തടവുകാലത്ത് ബ്രാഹ്‌മണര്‍ അവസാനമായി ഒരുവട്ടംകൂടി ദേവസഹായത്തിന്റെ സമീപത്തെത്തി. ദേവസഹായത്തെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള അവസാനശ്രമമായിരുന്നത്.
ഇത്ര പീഡനങ്ങളനുഭവിച്ചിട്ടും തൂക്കുമരത്തിന്റെ നിഴലിലാണു താന്‍ നില്ക്കുന്നതെന്നറിഞ്ഞിട്ടും സത്യവേദം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത നീലകണ്ഠന്റെ മുമ്പില്‍ തങ്ങള്‍ പരാജയപ്പെടുകയാണെന്നു ബ്രാഹ്‌മണര്‍ക്കു മനസ്സിലായി.
സത്യവേദത്തിനുമുമ്പില്‍ തങ്ങള്‍ മാത്രമല്ല തങ്ങളുടെ മതവും ദേവീദേവന്മാരുമാണു പരാജയപ്പെടുന്നത്. അങ്ങനെയൊരു കാഴ്ച അവര്‍ക്കു സഹിക്കാവുന്നതിലുമധികമായിരുന്നു.
ദേവസഹായത്തെ എങ്ങനെയും വധിച്ചുകളയുക എന്നതിനപ്പുറം തങ്ങളുടെ വിജയമുറപ്പിക്കാന്‍ നീലകണ്ഠനെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് അഭികാമ്യം. അങ്ങനെ വന്നാല്‍ സത്യവേദം പരാജയപ്പെടും. തങ്ങളുടെ വിശ്വാസമാണു ശരിയെന്നു വിധിക്കപ്പെടും. തങ്ങളുടെ ദേവീദേവന്മാര്‍ ബഹുമാനിതരാകും.
ഇക്കുറി വളരെ സൗമ്യമായും സ്‌നേഹത്തോടെയുമാണ് ബ്രാഹ്‌മണപുരോഹിതര്‍ ദേവസഹായത്തെ സമീപിച്ചത്. അവര്‍ പറഞ്ഞു:
''ഹേയ് നീലകണ്ഠാ, നീ സല്‍സ്വഭാവിയും ഉന്നതകുല ജാതനും ബുദ്ധിമാനും വിദ്യാസമ്പന്നനുമായിരുന്നല്ലോ. ഈ നീചമതത്തില്‍ ചേര്‍ന്നതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടിവന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. ആയതിനാല്‍, ഇപ്പോള്‍ത്തന്നെ ഈ നികൃഷ്ടമതം ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം നമ്മുടെ ദേവീദേവന്മാരെ ആരാധിക്കുക.''
''അങ്ങനെ ചെയ്താല്‍ നിന്റെ സ്ഥാനമാനങ്ങളും യശസ്സും മഹിമയുമെല്ലാം നാലിരട്ടിയായി തിരിച്ചുകിട്ടും. രാജാവ് നിന്നില്‍ സംപ്രീതനാകും. നിന്റെ ഭാര്യയോടും കുടുംബക്കാരോടുമൊപ്പം സസുഖം ബഹുമാന്യനായി ജീവിക്കാം.''
ബ്രാഹ്‌മണരെ സാകൂതം കേട്ടിരുന്ന ദേവസഹായം സൗമ്യനായി അവരോടു ചോദിച്ചു:
''നിങ്ങളുടെ പുരാണേതിഹാസങ്ങളും ഓരോരോ അമ്പലങ്ങള്‍ വഴി നടക്കുന്ന ഹീനപ്രവൃത്തികളും ദേവീപ്രസാദത്തിനായി ഓരോരുത്തര്‍ നടത്തുന്ന ഹീനാചാരങ്ങളും നിങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നെങ്കില്‍ ക്രിസ്തുമതത്തെ ഹീനമതമെന്നു നിങ്ങളൊരിക്കലും ആക്ഷേപിക്കുമായിരുന്നില്ല.''
''ശ്രേഷ്ഠനായിട്ടുള്ളവന്‍ ഏതേതാചരിക്കുന്നുവോ അതുതന്നെ അന്യജനങ്ങള്‍ ചെയ്യുന്നു. ശ്രേഷ്ഠന്‍ ഏതൊന്നിനെ പ്രമാണമായി കരുതുന്നുവോ അതുതന്നെ ജനങ്ങളും അനുസരിക്കുന്നു.''
''ഇങ്ങനെ ശ്രീകൃഷ്ണന്‍ അര്‍ജുനനോടുപദേശിക്കുന്നതായി ഭഗവദ്ഗീതയില്‍ കാണാം. പക്ഷേ, നിങ്ങളുടെ ദേവന്മാരും പുരാണനായകന്മാരും പ്രവര്‍ത്തിക്കുന്നതനുസരിച്ച് ആരെങ്കിലും ഇന്ദ്രിയനിഗ്രഹമില്ലാതെ ജീവിക്കുകയാണെങ്കില്‍ അവര്‍ക്കു വൈകുണ്ഠം ലഭ്യമാകുമെന്നു കാര്യകാരണങ്ങള്‍ സഹിതം പ്രതിപാദിക്കാന്‍ കെല്പുള്ള ഒരു വേദാന്തി നിങ്ങളുടെ ഇടയിലുണ്ടോ?''
തേളിന്റെ കുത്തേറ്റതുപോലെ ബ്രാഹ്‌മണര്‍ ഒന്നു പിടഞ്ഞു. ദേവസഹായത്തിന്റെ ചോദ്യത്തിനു മുമ്പില്‍ അവരുടെ നാവുറഞ്ഞുപോയി.
''നിങ്ങളുടെ ക്ഷേത്രങ്ങളിലും രഥങ്ങളിലുമൊക്കെ കാണുന്ന രതിശില്പങ്ങളും ചിത്രങ്ങളുമെല്ലാം സാധാരണക്കാരായ കാണികള്‍ക്ക് ഏതു വിധത്തിലുള്ള വികാരമാണു ജന്യമാക്കുന്നതെന്ന് നിങ്ങള്‍ക്കു നിശ്ചയമുണ്ടോ?''
''സച്ചിദാനന്ദസ്വരൂപിയായ ഈശ്വരനെ ഹൃദയത്തില്‍ ധ്യാനിച്ച് ബ്രഹ്‌മാനന്ദം അനുഭവിക്കാന്‍ ക്ഷേത്രങ്ങളില്‍പോകുന്ന നിങ്ങളുടെ മനസ്സ് ഈശ്വരനില്‍ ചെന്നുചേരുന്നോ അതോ, കാമക്രോധമോഹചിത്തവൃത്തിക്കധീനമായി ലോകത്തെ മാത്രം ആശ്രയിക്കുന്നോ?''
''ഇതൊന്നും സൂക്ഷ്മമായി പഠിക്കാതെ വേദാന്തികളെന്നു സ്വയം നടിക്കുന്ന നിങ്ങളാണോ ക്രിസ്തുമതത്തെ നീചമതമെന്നു പറയുന്നത്? ജലത്തില്‍ക്കിടന്ന മത്സ്യം ജലത്തിന്റെ ഭാരമറിയാത്തതുപോലെ അജ്ഞതയില്‍ മുങ്ങിക്കിടക്കുന്ന നിങ്ങള്‍ യഥാര്‍ത്ഥ ജ്ഞാനമെന്തെന്ന് അറിയുന്നില്ല. വേദവാക്യങ്ങള്‍ മനഃപാഠം പഠിച്ച് അവസരത്തിലും അനവസരത്തിലും പ്രയോഗിക്കുന്ന വിദ്യയല്ല ജ്ഞാനം.''
''അതുകൊണ്ട് ദൈവത്താല്‍ സുസ്ഥാപിതവും മനുഷ്യബുദ്ധിക്കും അവന്റെ രക്ഷയ്ക്കും യോജിച്ചതുമായ ക്രിസ്തുമതം സ്വീകരിച്ച് നിങ്ങളും പുണ്യാത്മാക്കളായി ജീവിക്കുക.''
സത്യവേദം ഉപേക്ഷിക്കുന്നതിലേക്ക് ഉപദേശിക്കാന്‍ വന്ന ബ്രാഹ്‌മണപുരോഹിതര്‍ ക്രിസ്തുമതം സ്വീകരിക്കാനുള്ള ദേവസഹായത്തിന്റെ ഉപദേശം കേട്ടപ്പോള്‍ ലജ്ജിതരും കോപിഷ്ഠരുമായി. അദ്ദേഹത്തെ പൂര്‍വാധികം പീഡിപ്പിക്കാന്‍ അധികാരികളോട് ഏര്‍പ്പാടാക്കി മടങ്ങി.
ശേഷം, തിരുവിതാംകോട്ടില്‍ ദേവസഹായത്തിനു ലഭിച്ചിരുന്ന ശിക്ഷ കഠിനവും ക്രൂരവുമായിരുന്നു. പതിവുപോലെ ദിവസവും മുപ്പതടി. ഭടന്മാരുടെ ഉത്സാഹമനുസരിച്ച് അടിയുടെ എണ്ണം ഇരട്ടിയോ അതിലുമേറെയോ ആകും. അടികൊണ്ടു വീണ്ടും വീണ്ടും പിളരുന്ന വ്രണങ്ങളില്‍ ഭടന്മാര്‍ മുളകുകുഴമ്പ് തേച്ചുപിടിപ്പിക്കും.
ദേവസഹായം നീറ്റല്‍കൊണ്ടു പുളഞ്ഞു. ചിലപ്പോള്‍ വളഞ്ഞുകുത്തി പൂഴിയില്‍ തലയമര്‍ത്തി. ശരീരത്തിലൂടെ പരശതം ചൂണ്ടക്കൊളുത്തുകള്‍ ആഴ്ന്നിറങ്ങുകയാണ്. പല്ലുകള്‍ കൂട്ടിയുരുമ്മി അദ്ദേഹം വേദനയ്ക്കു കോട്ടകെട്ടി.
ഓരോ ദിവസം കഴിയുംതോറും അടിയുടെയും മുളകുകുഴമ്പിന്റെയും പ്രഹരശേഷിയെ അല്പാല്പമായി പ്രതിരോധിക്കാന്‍ ദേവസഹായത്തിന്റെ ശരീരം കെല്പാര്‍ജിച്ചു തുടങ്ങി. അടിയും മുളകുപ്രയോഗവും ഒരു പരിധിയിലധികം ബാധിക്കുന്നില്ലെന്നു കണ്ട ഭടന്മാര്‍ ഒരു ദിവസം മുളകുപ്രയോഗം നടത്തിയില്ല. പതിവുസമയം കഴിഞ്ഞിട്ടും മുളകു പുരളുന്നില്ലെന്നു കണ്ട ദേവസഹായം ഭടന്മാരോടു പറഞ്ഞു:
''സഹോദരന്മാരേ, നിങ്ങള്‍ ദിനവും പുരട്ടുന്ന മരുന്ന് പുരട്ടാത്തതുകൊണ്ട് എനിക്കെന്തോ അസുഖം തോന്നുന്നു.''
ദേവസഹായത്തിന്റെ വാക്കുകള്‍ പരിഹാസദ്യോതകമായാണു ഭടന്മാര്‍ക്കു തോന്നിയത്. കോപമടക്കാനാവാതെ അവര്‍ ഒരു കരിഞ്ചൂരമുള്‍ച്ചെടി ചുവടെ പിഴുതുകൊണ്ടുവന്നു ദേവസഹായത്തിന്റെ ശരീരമാകെ അടിച്ചുകീറി. പതിവിലും കൂടുതല്‍ മുളകരച്ചു പുരട്ടി വെയിലത്തുകൊണ്ടിരുത്തി.
ദേവസഹായത്തിനന്ന് കഠോരമായ നീറ്റല്‍ അനുഭവപ്പെട്ടു. കരിഞ്ചൂരമുള്ളുകള്‍ ആഴ്ന്നു കീറാത്ത ഒരു സ്ഥലവും ശരീരത്തു ബാക്കിയുണ്ടായിരുന്നില്ല.
സൂര്യന്റെ കഠിനജിഹ്വകള്‍ അഗ്നിസര്‍പ്പങ്ങളെപ്പോലെ ദേവസഹായത്തിനെ ദംശിച്ചു. മുളകുകുഴമ്പ് രക്തത്തിലും വിയര്‍പ്പിലും അലിഞ്ഞൊഴുകി നിലത്തുവീണു.
ദേവസഹായം ശബ്ദിച്ചില്ല. ദേവസഹായത്തിന്റെ നെഞ്ച് പെരുമ്പറപോലെ മിടിക്കുന്നുണ്ടായിരുന്നു. ഉദരത്തില്‍ കുടല്‍മാലകള്‍ പുളഞ്ഞു. അദ്ദേഹം ഒരു കവിള്‍ ഛര്‍ദ്ദിച്ചു. കുറച്ചു മഞ്ഞനീരുമാത്രം പുറത്തേക്കു വന്നു.
''ഇവന്‍ താമസമില്ലാതെ മരിക്കും.'' ഭടന്മാര്‍ പറഞ്ഞു. അങ്ങനെയൊരു നിമിഷത്തിനായി അവര്‍ കാത്തിരുന്നു, കാഴ്ചക്കാരില്‍ ചിലരും.
പക്ഷേ, ഒന്നും സംഭവിച്ചില്ല. അഗ്നി വര്‍ഷിച്ച സൂര്യനും ദേവസഹായത്തിന്റെ മരണമാഗ്രഹിച്ച ഭടന്മാരും പരാജയപ്പെട്ടു. സൂര്യന്‍ ചായുവോളം ദേവസഹായം അങ്ങനെ കിടന്നു.
അപ്പോള്‍ ഭടന്മാരെ അവഗണിച്ചുകൊണ്ട് ശെല്‍വന്‍ ദേവസഹായത്തിനടുത്തേക്കു വന്നു. അദ്ദേഹത്തെ എഴുന്നേല്പിച്ച് ഒരു മരത്തിന്റെ ചുവട്ടില്‍ കൊണ്ടുചെന്ന് ചാരിയിരുത്തി. കൈയിലിരുന്ന പാത്രത്തില്‍നിന്ന് വെള്ളം പകര്‍ന്നു കൊടുത്തു.
ദേവസഹായം ആവോളം പാനം ചെയ്തു. പിന്നെയും നിമിഷങ്ങള്‍ കഴിഞ്ഞാണ് തനിക്ക് ദാഹജലം പകര്‍ന്നുതന്ന ആളെ കണ്ടത്. ഒരു മിന്നല്‍പ്പിണര്‍ ദേവസഹായത്തിലൂടെ കടന്നുപോയി. കെട്ടുപോയ ഓര്‍മയുടെ ഗുഹാന്തരങ്ങളിലെവിടെയോ ഒരു വെട്ടം മിന്നി.
'മാണിക്യന്‍.' അദ്ദേഹത്തില്‍നിന്നു ക്ഷീണിച്ച ഒരു ശബ്ദം പുറത്തുവന്നു.
''അല്ല പെരിയവരേ... ശെല്‍വരാജ്.''
അപ്പോഴാണ് ദേവസഹായം ഓര്‍മിച്ചെടുത്തത്. മാണിക്യന്‍ പഴയ കരുവാന്‍ മാണിക്യനല്ല. സത്യവേദം സ്വീകരിച്ച് പുതുക്കം പ്രാപിച്ചവനാണ്. സ്‌നാനത്താല്‍ ശെല്‍വരാജ് എന്ന നാമം സ്വീകരിച്ചവന്‍. താനാണല്ലോ ഇവനെ വടക്കുംകുളത്ത് പരംജ്യോതിനാഥസ്വാമികളുടെ അടുത്തു കൊണ്ടുപോയത്. താനാണല്ലോ ഇവന്റെ തലതൊട്ടപ്പന്‍.
ദേവസഹായം ചോരയണിഞ്ഞ കരങ്ങളുയര്‍ത്തി ശെല്‍വന്റെ ശിരസ്സില്‍ തലോടി. ദൈവത്തിന്റെ കരങ്ങള്‍ ശിരസ്സില്‍ പതിയുന്നതുപോലെയാണ് ശെല്‍വനപ്പോള്‍ തോന്നിയത്. ഒരു തരിപ്പ്, ഒരു തണുപ്പ് ശെല്‍വന്റെ ശിരസ്സില്‍നിന്നു താഴേക്കിറങ്ങുന്നു.
ദേവസഹായത്തിന്റെ സഹനങ്ങള്‍ വൃഥാവിലല്ലെന്ന് ശെല്‍വത്തിന്റെ മനസ്സ് മന്ത്രിക്കുന്നു. അമൂല്യമായതെന്തോ സ്വര്‍ഗത്തില്‍ ദൈവം ഈ മനുഷ്യനായി കാത്തുവച്ചിരിക്കുന്നു.
ദേവസഹായത്തിനെ നോക്കിയിരുന്നപ്പോള്‍ ശെല്‍വത്തിന്റെ മനസ്സ് കലങ്ങിപ്പോയി. അവന്‍ ഹൃദയത്തില്‍ ഒരു ഭാരം അനുഭവിച്ചു.
തന്റെ ആലയുടെ മുമ്പില്‍ എല്ലാ പ്രഭാതത്തിലും ഒരു മെതിയടി ശബ്ദം കേള്‍ക്കും. തിരിഞ്ഞു നോക്കുമ്പോള്‍ പുലര്‍കാലംപോലെ ചിരിച്ചുകൊണ്ട് ആലയുടെ മുമ്പിലുണ്ടാകും പെരിയവര്‍.
പത്മനാഭപുരം കൊട്ടാരത്തിലെ ജോലി സ്വീകരിച്ചതിനു ശേഷമാണ് ആ പതിവുതെറ്റിയത്. എങ്കിലും നട്ടാലത്തെത്തുമ്പോള്‍ കുതിരക്കുളമ്പടിയുയര്‍ത്തിക്കൊണ്ട് പെരിയവരെത്തും തന്നെ കാണാന്‍.
എത്രയോ സുന്ദരനും സുഭഗനുമായിരുന്നു പെരിയവര്‍. എടുപ്പിലും നടപ്പിലുമൊക്കെ ഒരു പ്രത്യേകചന്തമായിരുന്നു. അതെല്ലാം പൊയ്‌പ്പോയി. ഇപ്പോള്‍ ആരു കണ്ടാലും അറച്ചുപോകും. ദേഹമാസകലം മുറിവുകള്‍. വ്രണങ്ങളില്‍നിന്നു നീരൊഴുകുന്നു. ദുര്‍ഗന്ധം വമിക്കുന്നതുകൊണ്ടാകാം ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു.
ശെല്‍വത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതു കണ്ടിട്ടാകണം ദേവസഹായം പറഞ്ഞു:
''എന്റെ സഹനങ്ങള്‍ക്കു കാഴ്ചക്കാരനായി നീ വേണ്ട. നട്ടാലത്തേക്കു മടങ്ങണം.''
''ഇല്ല പെരിയവരേ... ഈ യാത്രയുടെ അന്ത്യംവരെ ഞാന്‍ കൂടെയുണ്ട്. അങ്ങയെ വിട്ടുപോകാന്‍ എനിക്കു കഴിയില്ല.''
''എഴുന്നേറ്റു പോടാ.'' രാജഭടന്മാര്‍ കയര്‍ത്തു. അവന്‍ ദേവസഹായത്തിനെ വിട്ടുപോയി.
പീഡനങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ദേവസഹായത്തിനു മനംമാറ്റംമാത്രം സംഭവിച്ചില്ല. ശാരീരികപീഡനകള്‍ അധികമാകുംതോറും വിശ്വാസതീക്ഷ്ണതയും മിശിഹായിലുള്ള സ്‌നേഹവും വര്‍ദ്ധിച്ചുവരുന്നതു കണ്ട് ആളുകള്‍ അദ്ഭുതപ്പെട്ടു.
അതു മാത്രമായിരുന്നില്ല അദ്ഭുതം. ശരീരത്തിലെ വ്രണങ്ങളെ കടുപ്പമുള്ളതാക്കാന്‍ പുരട്ടിയിരുന്ന മുളകുകുഴമ്പ് മുറിവുകളെ ഉണക്കാന്‍ തുടങ്ങി.
ഭടന്മാര്‍ക്കു മടുത്തുതുടങ്ങി. ഇങ്ങനെ എത്രനാള്‍ തുടരും...? ഈ മനുഷ്യന്‍ ഒരു സാധാരണ മനുഷ്യനല്ലെന്നു ഭടന്മാര്‍ക്കു തോന്നിത്തുടങ്ങി. എത്ര ബലവാനായ മനുഷ്യനായിരുന്നാലും പണ്ടേ മരണപ്പെടേണ്ട കാലം കഴിഞ്ഞു. പക്ഷേ, ഈ മനുഷ്യനിപ്പോഴും ഒരു കൂസലുമില്ല. ഏതോ ഒരു ശക്തി ഈ മനുഷ്യനിലുണ്ട്. അതു നിശ്ചയം.
തിരുവിതാംകോട്ടെ താമസവും ഈ പീഡനങ്ങളും എത്രനാള്‍ തുടരും? ഭടന്മാര്‍ക്കു മടുത്തു. ഇതിനൊരന്ത്യം കാണേണ്ടത് ആവശ്യംതന്നെ. കൊന്നുകളയുന്നതിലേക്ക് രാജകല്പനയുമില്ല. അവര്‍ സ്ഥലം അധികാരികളെ ശരണം പ്രാപിച്ചു.
അധികാരികള്‍ ദേവസഹായത്തിനെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നതിനും കല്പനയുണ്ടാകുമ്പോള്‍ കൊന്നുകളയുന്നതിനുംവേണ്ടി ചെരുവിളയില്‍ താമസിക്കുന്ന ആരാച്ചാരുടെ പക്കലേല്പിക്കാന്‍ ഏര്‍പ്പാടാക്കി.
തിരുവിതാംകോട്ടുനിന്ന് ദേവസഹായത്തിനെ കല്പനപ്രകാരം എരുമപ്പുറത്താണ് പെരുവിളയിലേക്കു കൊണ്ടുപോയത്. യാത്രയ്ക്കുമുമ്പേ ദേവസഹായത്തിന്റെ ദേഹമാകെ അടിച്ചു കീറിയിരുന്നു.
യാത്രയ്ക്കിടയില്‍ പുലിയൂര്‍ക്കുറിശ്ശി എന്ന സ്ഥലത്തെത്തിയപ്പോള്‍ മുറിവുകളില്‍ മുളകുകുഴമ്പുപുരട്ടി ഒരു വലിയ പാറയ്ക്കു മുകളില്‍ കൊണ്ടുചെന്നിരുത്തി.
കത്തുന്ന വെയിലായിരുന്നു. വെയിലിന്റെ കാഠിന്യം ദേവസഹായത്തിനു സഹിക്കാന്‍ പറ്റുന്നതിലപ്പുറമായിരുന്നു. കഠിനമായ നീറ്റലും വല്ലാത്ത ദാഹവുമനുഭവപ്പെട്ടു ദേവസഹായത്തിന്. ദാഹം കലശലായപ്പോള്‍ ഭടന്മാരോടു കുടിക്കാന്‍ കുറച്ചു വെള്ളമാവശ്യപ്പെട്ടു ദേവസഹായം.
ഭടന്മാര്‍ പാറയുടെ അല്പമകലത്തായി ഒരു വൃക്ഷച്ചുവട്ടില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുകയായിരുന്നു. അവരിലൊരാള്‍ തൊട്ടടുത്ത കുഴിയില്‍നിന്ന് ചവറഴുകി ചീഞ്ഞുപഴുത്ത് ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഒരുടഞ്ഞ മണ്‍പാത്രത്തില്‍ കൊണ്ടുവന്നു കൊടുത്തു.
മനംപിരട്ടലുണ്ടാക്കുന്ന നാറ്റമുണ്ടായിരുന്നെങ്കിലും ദേവസഹായം ആര്‍ത്തിയോടെ അതു കുടിച്ചു.
പക്ഷേ, ദാഹം ശമിച്ചില്ല. അവരോട് കുറച്ചു വെള്ളംകൂടിത്തരണമെന്നപേക്ഷിച്ചു. ഭടന്മാര്‍ വെള്ളം കൊടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിന്റെ ആഘാതത്തില്‍ ദേവസഹായം നിലതെറ്റി പാറപ്പുറത്തു മലര്‍ന്നുവീണു.
(തുടരും)