•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ദേവാങ്കണം

രാച്ചാര്‍ നിരാശനായി. ആരാച്ചാരുടെ കൂട്ടാളികളും. കാഴ്ചക്കാരായി എത്തിയവരും അങ്ങനെതന്നെ.
എന്നാല്‍, നിരാശയുടെ നെല്ലിപ്പലകയോളമെത്തിയത് ദേവസഹായമാണ്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആനന്ദത്തിന്റെ സൂര്യന്‍ അസ്തമിച്ചുപോയി. അദ്ദേഹം വിലപിച്ചു:
''എന്റെ കര്‍ത്താവേ... ഈ ഭാഗ്യം ഞാനനുഭവിക്കുന്നതിന് യോഗ്യനല്ലെന്നു കണ്ടിട്ടാണോ എന്നെ വീണ്ടുമീ നിര്‍ഭാഗ്യാവസ്ഥയില്‍ പ്രവേശിപ്പിച്ചത്... എങ്കിലും എന്റെ ഇഷ്ടമല്ലല്ലോ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.''
ദേവസഹായം അതിരുകളില്ലാത്ത സങ്കടം അനുഭവിച്ചു. താന്‍ സ്വര്‍ഗസൗഭാഗ്യം അനുഭവിക്കേണ്ടതിലേക്ക് ഇനിയും ലോകത്തിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടിയിരിക്കുന്നു. എന്റെ അനവധിയായ പാപങ്ങള്‍ ഉരുകിത്തീരുംവരെ ഈ ലോകം എന്നോടു പ്രവര്‍ത്തിക്കും.
മരണത്തില്‍നിന്നു രക്ഷപ്പെട്ടതിനെപ്രതി സന്തോഷിക്കുന്നതിനു പകരം സങ്കടപ്പെടുന്ന ഒരു മനുഷ്യനെ ആരാച്ചാരും കൂട്ടരും ആദ്യമായി കാണുകയായിരുന്നു. അവര്‍ പറഞ്ഞു: 
''ഇവനു ഭ്രാന്താണ്. കൊലക്കളത്തിലേക്ക് ആനന്ദത്തോടെ നടന്നുപോകുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് മടിച്ചു മടിച്ചു നടക്കുന്നു.''
കുളമക്കാട്ടുനിന്നും പത്മനാഭപുരം കോട്ടയിലെ തടവറയിലെത്തിയപ്പോഴേക്കും ദേവസഹായത്തിന്റെ സര്‍വശേഷിയും നഷ്ടപ്പെട്ടിരുന്നു. വിശപ്പ് ഒരു വന്യമൃഗത്തെപ്പോലെ അദ്ദേഹത്തെ ആക്രമിച്ചു. ദാഹം പന്നഗത്തെപ്പോലെ അദ്ദേഹത്തെ ചുറ്റിവരിഞ്ഞു.
പടയാളികള്‍ പിറകോട്ടു കെട്ടിയിരുന്ന കൈകളഴിച്ചു. കൈകാലുകളില്‍ വിലങ്ങു തറച്ചു. തടവറയ്ക്കുള്ളിലേക്കു തള്ളി. വലിയൊരു ശബ്ദത്തോടെ തടവറയുടെ വാതിലടഞ്ഞു.
തള്ളലിന്റെ ശക്തിയില്‍ ദേവസഹായം വീണുപോയി. വീണപടി എത്രനേരം കിടന്നു? നിശ്ചയമില്ല. വിശപ്പും ദാഹവും അതിലേറെ ക്ഷീണവുംകൊണ്ട് എപ്പോഴേ ഉറങ്ങിപ്പോയി. ഒരു ചെറിയ കഷണം മരണം പോലെയായിരുന്നു ഉറക്കം.
പിന്നെയെപ്പോഴോ തടവറയുടെ വാതില്‍ തുറക്കപ്പെട്ടു. വെളിച്ചം അകത്തേക്കു തള്ളിക്കയറിയപ്പോള്‍ ദേവസഹായം കണ്ണുതുറന്നു. നേരം മദ്ധ്യാഹ്നത്തോടടുക്കുന്നു എന്ന് ദേവസഹായത്തിനു മനസ്സിലായി. പടയാളികള്‍ അദ്ദേഹത്തിന്റെ വിലങ്ങുകള്‍ അഴിച്ചുമാറ്റി.
തടവറയുടെ കോണിലിരുന്ന മണ്‍പാത്രം അപ്പോഴാണ് ദേവസഹായം കണ്ടത്. അതിലിരുന്നവെള്ളം മതിയാവോളം കുടിച്ചു. വെള്ളത്തിന് വല്ലാത്തൊരു അരുചിയുണ്ടായിരുന്നു. പഴകിയ വെള്ളമായിരുന്നിരിക്കണം.
പടയാളികള്‍ ദേവസഹായത്തിനെ കുഴിത്തറവരെ നടത്തിക്കൊണ്ടുപോയി. തന്നെ എങ്ങോട്ടാണു കൊണ്ടുപോകുന്നതെന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നില്ല.
ദേവസഹായംപിള്ളയെ എരുമപ്പുറത്തു കയറ്റി ഓരോ ഗ്രാമങ്ങളിലൂടെയും ചന്തസ്ഥലങ്ങളിലൂടെയും അങ്ങാടിത്തെരുവുകളിലൂടെയും കൊണ്ടുനടക്കാനും ക്രിസ്തുമതം ഉപേക്ഷിക്കാന്‍ ബ്രാഹ്‌മണരെക്കൊണ്ടുപദേശിപ്പിക്കാനും അനുസരിക്കാത്തപക്ഷം ദിവസവും ചൂരല്‍കൊണ്ട് മുപ്പത് അടിവീതം അടിക്കാനും അടിയേറ്റുണ്ടാകുന്ന മുറിവുകളില്‍ മുളകരച്ചു തേച്ച് വെയിലത്തിരുത്തുവാനും മഹാരാജാവിന്റെ കല്പനയുണ്ടായിരുന്നു. ആ കല്പന ദേവസഹായം അറിഞ്ഞിരുന്നില്ല.
കുഴിത്തറയെത്തിയപ്പോള്‍ ഭടന്മാര്‍ അദ്ദേഹത്തെ ചൂരല്‍കൊണ്ട് കണക്കറ്റ് പ്രഹരിച്ചു. മുപ്പതടി എന്ന രാജകല്പന അവര്‍ തൃണവത്ഗണിച്ചുകളഞ്ഞു. ഓരോരുത്തരും മാറിമാറി അദ്ദേഹത്തെ പ്രഹരിച്ചു.
ദേവസഹായത്തിന്റെ ശരീരം പൊട്ടിപ്പിളര്‍ന്നു. മുറിവുകളില്‍നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു. പൊട്ടാത്തയിടങ്ങളില്‍ ചൂരല്‍പ്പാടുകള്‍ തിണര്‍ത്തു കിടന്നു. ശക്തമായ അടികളേല്ക്കുമ്പോഴും ദേവസഹായം കരഞ്ഞില്ല. അയ്യോ എന്നൊരു ശബ്ദം പുറത്തു വന്നില്ല.
അപ്പോള്‍ ദേവസഹായത്തിന്റെ മനസ്സില്‍ മനുഷ്യപുത്രന്‍ സഹിച്ച ചമ്മട്ടിയടികളായിരുന്നു. ഇളക്കം തട്ടാത്ത ധ്യാനത്തിന്റെ മൂര്‍ത്തനിമിഷങ്ങള്‍...
ഭടന്മാര്‍ക്കും കാഴ്ചക്കാര്‍ക്കും അതിശയകരമായിരുന്നു ദേവസഹായത്തിന്റെ സഹനം. കണ്ടുനിന്നവര്‍ ആ ക്രൂരത കാണാനാകാതെ കണ്ണുപൊത്തി. ചിലര്‍ അയ്യോ എന്നു നിലവിളിച്ചു. ഭടന്മാര്‍ അവരെ ചിതറിച്ചു.
മനുഷ്യനെ ശിക്ഷിക്കുവാന്‍ ദൈവം ഏതെങ്കിലും മൃഗങ്ങളെ കണ്ടെത്തേണ്ട കാര്യമില്ല. മനുഷ്യന്‍തന്നെ അതു ചെയ്യുന്നു. മനുഷ്യനെപ്പോലെ അതു ചെയ്യാന്‍ മറ്റാരുമില്ല. ചില മൃഗങ്ങള്‍ മറ്റു ജാതിയിലുള്ളവയെ ആക്രമിക്കുകയും സ്വജാതിയിലുള്ളവയെ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍, മനുഷ്യവര്‍ഗം സ്വയം നശിപ്പിക്കുന്നു. മനുഷ്യന്‍ മനുഷ്യനോടു കുറുനരിയേക്കാള്‍ സൂത്രശാലിയും കടുവയെക്കാള്‍ ക്രൂരനും സിംഹത്തേക്കാള്‍ കര്‍ക്കശക്കാരനുമായി പ്രവര്‍ത്തിക്കുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനെ കെട്ടഴിച്ചുവിട്ടാല്‍ അവന്‍ പിശാചും വിഷസര്‍പ്പവുമായി പരിണമിക്കുമെന്ന് സന്ദേഹം വേണ്ട. 
ചൂരല്‍പ്രയോഗത്താല്‍ പൊട്ടിപ്പിളര്‍ന്ന ദേവസഹായത്തിന്റെ ശരീരത്തിലെ മുറിവുകളില്‍ ഭടന്മാര്‍ അരച്ചെടുത്ത മുളകു തേച്ചു പിടിപ്പിച്ചു.
അസഹ്യമായിരുന്നു നീറ്റല്‍. മുളകിന്റെ എരിവ് മുറിവുകളിലൂടെ, രോമകൂപങ്ങളിലൂടെ മാംസം തുളച്ച് അസ്ഥിയോളം ചെല്ലുന്നു. അസ്ഥികള്‍ പൊട്ടുന്നതുപോലെയും കരള്‍ പറിഞ്ഞുപോകുന്നതുപോലെയും ദേവസഹായത്തിനു തോന്നി.
ഒരു കാറ്റുപോലുംവന്ന് ദേവസഹായത്തിനെ തണുപ്പിച്ചില്ല. ഒരു പക്ഷിപ്പാട്ടുപോലും അദ്ദേഹത്തെ ആശ്വസിപ്പിച്ചില്ല. സൂര്യന്റെ അഗ്നിനഖങ്ങള്‍ മുളകിന്റെ നീറ്റലിനൊപ്പം ദേവസഹായത്തിലേക്കാഴ്ന്നിറങ്ങി. ആകാശം അടര്‍ന്നു വീഴുന്നതുപോലെയും ഭൂമി പിളരുന്നതുപോലെയും അനുഭവപ്പെട്ടു. നീര്‍ നിറഞ്ഞ കണ്ണുകളില്‍ കൊള്ളിമീനുകള്‍ മിന്നിമറഞ്ഞു. ദേവസഹായം ബോധംമറഞ്ഞ് നിലത്തു വീണു. അദ്ദേഹത്തിന്റെ വരണ്ട ചുണ്ടുകള്‍ സൂര്യനു നേരേ പിളര്‍ന്നിരുന്നു.
കാഴ്ചക്കാര്‍ക്കിടയില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ ഒരു മണ്‍പാത്രത്തില്‍ വെള്ളവുമായി വന്ന് ദേവസഹായത്തിന്റെ ചുണ്ടുകള്‍ക്കിടയിലേക്കൊഴിച്ചുകൊടുത്തു. തണുത്തവെള്ളം ചുണ്ടുകള്‍ക്കിടയിലൂടെ കണ്ഠനാളത്തിലൂടെ, മൃതസഞ്ജീവനിപോലെ ആമാശയത്തിലേക്കൊഴുകി. ചെറുപ്പക്കാരന്‍ ദേവസഹായത്തിന്റെ മുഖം നനച്ചു.
രാജഭടന്മാരുടെ അനുവാദത്തോടെയായിരുന്നില്ല ചെറുപ്പക്കാരന്റെ ചെയ്തികള്‍. രാജകിങ്കരന്മാര്‍ക്കതത്ര പഥ്യമായില്ല. ഭടന്മാരിലൊരാള്‍ ചൂരല്‍കൊണ്ടു ചെറുപ്പക്കാരനെ ശക്തിയായി അടിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രഹരത്തില്‍ ചെറുപ്പക്കാരന്‍ ഒന്നു പുളഞ്ഞു. പിന്നെ മണ്‍കലം നിലത്തിട്ട് എഴുന്നേറ്റ് ഭടന്മാര്‍ക്കു നേരേ തിരിഞ്ഞു.
അരോഗദൃഢഗാത്രനായ യുവാവ്. വിരിഞ്ഞ മാറിടം. ഉറച്ചുരുണ്ട മാംസപേശികള്‍. കാല്‍മുട്ടോളമെത്തുന്ന ബാഹുക്കള്‍. അരയില്‍ തിരുകിയ കലമാന്‍കൊമ്പിന്റെ പിടിയുള്ള കഠാര.
ചെറുപ്പക്കാരന്റെ കണ്ണുകളില്‍ സൂര്യന്‍ കത്തുന്നു. മുഖത്ത് ഒരു സമുദ്രക്ഷോഭത്തിന്റെ തിരയിളക്കങ്ങള്‍. അവന്‍ അരയില്‍ തിരുകിയിരുന്ന കഠാരപ്പിടിയില്‍ കൈമുറുക്കി.
ഭടന്മാര്‍ ആറുപേര്‍. പോരാളികള്‍. പക്ഷേ, ആറുപേര്‍ക്കിവനൊരുത്തന്‍ മതി. രാജഭടന്മാര്‍ നേരിയ ഭയത്തോടെ പിന്നാക്കം മാറി. എങ്കിലും അവര്‍ അധികാരമുള്ളവരാണ്. അതിന്റെ അഹങ്കാരത്തോടെ ഭടന്മാരിലൊരാള്‍ ചോദിച്ചു:
''നിന്റെ പേരെന്ത്?''
''ശെല്‍വന്‍.''
''നാട്...?''
''മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുമനസ്സ് വാണരുളുന്ന നാട് തന്നെ.'' 
ചെറുപ്പക്കാരന്റെ വാക്കുകളില്‍ മുറ്റിനിന്നിരുന്ന ഭയമില്ലായ്മയും അവന്റെ കണ്ണുകളിലെ വീറും ഭടന്മാരെ തെല്ലൊന്ന് ഭയപ്പെടുത്താതിരുന്നില്ല. ജീവനില്‍ ഭയമില്ലാത്തവരാരുമില്ല. അത് മഹാരാജാവായാലും പ്രജയായാലും.
''ഉം... പൊയ്‌ക്കോ.'' ഭടന്മാര്‍ പറഞ്ഞു. ചെറുപ്പക്കാരന്‍ കാണികള്‍ക്കിടയിലേക്കു മറഞ്ഞു.
അകം തണുത്തപ്പോള്‍ ദേവസഹായം കണ്ണുകള്‍ ചിമ്മി. സൂര്യന്‍ കാരുണ്യരഹിതമായി കണ്ണില്‍ കുത്തി. അദ്ദേഹത്തിന്റെ കാഴ്ച മഞ്ഞളിച്ചുപോയി. ലോകം വീണ്ടും ഇരുണ്ടുപോയി.
''എഴുന്നേല്ക്കടാ നായേ...'' ഭടന്മാരിലൊരുവന്‍ ആക്രോശിച്ചു. ഒരുവിധം ദേവസഹായം പൂഴിയില്‍ എഴുന്നേറ്റിരുന്നു. ഭടന്മാര്‍ അദ്ദേഹത്തെ എരുമപ്പുറത്തു കയറ്റിയിരുത്തി. എരുമ നടക്കാന്‍ കൂട്ടാക്കാതെ സ്തംഭം പിടിച്ചുനിന്നു. എത്ര ശ്രമിച്ചിട്ടും ആ മൃഗം മുമ്പോട്ടൊരടി നീങ്ങിയില്ല. ഭടന്മാരിലൊരുവന്‍ അതിനെ ശക്തമായി തല്ലി. അപ്രതീക്ഷിതമായുണ്ടായ പ്രഹരത്താല്‍ എരുമ പൊടുന്നനെ മുമ്പോട്ടു കുതിച്ചു. ദേവസഹായം മറിഞ്ഞു നിലത്തു വീണു. 'കര്‍ത്താവേ...' എന്നൊരു രോദനം മാത്രം ദേവസഹായത്തില്‍നിന്നു പുറപ്പെട്ടു വന്നു.
അതിദാരുണമായിരുന്നു ആ കാഴ്ച. കാഴ്ചക്കാരായി നിന്ന കഠിനഹൃദയര്‍പോലും അയ്യോ എന്നു നിലവിളിച്ചുപോയി. ഉഷ്ണക്കാറ്റുപോലും മരച്ചില്ലകളില്‍ വിലപിച്ചു. സൂര്യന്‍ തന്റെ അഗ്നിനാളങ്ങളെ പിന്നാക്കം പിടിച്ചു.
അവര്‍ ദേവസഹായത്തിനെ വീണ്ടും എരുമപ്പുറത്തു കയറ്റി. കുന്നത്തൂര്‍, നട്ടാലം തുടങ്ങയി സ്ഥലങ്ങളില്‍ക്കൂടി പത്മനാഭപുരത്തേക്കു തന്നെയായിരുന്നു ആ യാത്ര. യാത്രാമധ്യേ പലവട്ടം ദേവസഹായം എരുമപ്പുറത്തു നിന്നു വീണു. അപ്പോഴൊക്കൊ ഭടന്മാര്‍ അദ്ദേഹത്തെ കണക്കറ്റു പ്രഹരിച്ചു. അസഭ്യവാക്കുകള്‍കൊണ്ടഭിഷേകം ചെയ്തു.
ഓരോ വട്ടവും എരുമപ്പുറത്തുനിന്നു വീഴുമ്പോഴും ഗാഗുല്‍ത്തയിലേക്കുള്ള പീഡനയാത്രയില്‍ കുരിശുമായി നിലംപൊത്തിയ യേശുവിന്റെ വീഴ്ചകളായിരുന്നു ദേവസഹായത്തിന്റെ മനസ്സില്‍. അത് ദൈവം പതിച്ചുകൊടുത്ത ഒരു മുദ്രയായി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞു കിടന്നു. ആയതിനാല്‍ ദേവസഹായം തന്റെ വീഴ്ചയുടെ ആഘാതമറിഞ്ഞില്ല.

പത്മനാഭപുരത്തു കൊണ്ടുവന്ന് ഭടന്മാര്‍ ദേവസഹായത്തിനെ വീണ്ടും കാരാഗൃഹത്തിലടച്ചു. കാരാഗൃഹത്തിലെ കനത്ത ഇരുട്ടില്‍ ഒന്നും കാണാനാവാതെ ദേവസഹായം കണ്ണുമിഴിച്ചു കിടന്നു. 
ഇരുട്ടില്‍ മിന്നാമിന്നിക്കൂട്ടങ്ങള്‍പോലെ പരശ്ശതം നക്ഷത്രങ്ങള്‍ മിന്നുന്നു. ദൂരെയെവിടെയോ ആരോ കിന്നരം വായിക്കുന്നതുപോലെ. 
ദേവസഹായം മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി. ദാഹവും വിശപ്പും ക്ഷീണവുമായി അദ്ദേഹം ഉറക്കത്തിന്റെ കരിങ്കടലില്‍ മുങ്ങി.
സുദീര്‍ഘമായ ഉറക്കമായിരുന്നു. സമയകാലങ്ങളെക്കുറിച്ചു നിശ്ചയമില്ലാതെ തെളിനീരൊഴുകുന്ന ഒരു നദിയുടെ ശാന്തവും നിശ്ശബ്ദവുമായ പ്രവാഹംപോലെയായിരുന്നു നിദ്ര. ഉറക്കത്തിന്റെ നേരമത്രയും ഡിലനായിയുടെ കാവല്‍ദൈവം മിഖായേല്‍ മാലാഖ തനിക്കു കാവലുണ്ടെന്ന് ദേവസഹായം സ്വപ്നത്തില്‍ ദര്‍ശിച്ചു.
നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. രാജകല്പനപ്രകാരം ദേവസഹായത്തിനെ പത്മനാഭപുരത്തുനിന്നു തിരുവിതാംകോട്ടില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു. മൂന്നു വശവും കല്‍ച്ചുവരുകളുള്ള തടവറയുടെ മുന്‍വശം കമ്പിയഴികളിട്ട കൂറ്റന്‍വാതിലായിരുന്നു. ആയതിനാല്‍ വെളിച്ചവും വല്ലപ്പോഴും കാറ്റും ലഭിച്ചിരുന്നു.
കാലുകളില്‍ വിലങ്ങു തറച്ചിരുന്നെങ്കിലും കൈകള്‍ സ്വതന്ത്രങ്ങളായിരുന്നു. കമ്പിയഴികള്‍ക്കിടയിലൂടെ ആകാശച്ചെരിവു കാണാം. നക്ഷത്രങ്ങളെയും അപൂര്‍വ്വമായി ചന്ദ്രനെയും. കാറ്റും വെളിച്ചവും കിട്ടിയപ്പോള്‍ത്തന്നെ ദേവസഹായത്തില്‍ ഒരുണര്‍വ് സാവധാനം നിറയാന്‍ തുടങ്ങി.
പത്മനാഭപുരത്തുനിന്നു വ്യത്യസ്തമായി തിരുവിതാംകോട്ടില്‍ അദ്ദേഹത്തെ കാണുന്നതിനും ഉപദേശം കേള്‍ക്കുന്നതിനും നിരവധിയാളുകള്‍ വരിക പതിവായി. അകലെദേശങ്ങളില്‍നിന്നു വരുന്ന ആളുകളില്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല ഹിന്ദുക്കളുമുണ്ടായിരുന്നു. അവര്‍ കൊണ്ടുവരുന്ന പഴങ്ങളും മറ്റും കഴിച്ച് അവരോടു സംസാരിച്ച് ദേവസഹായം സമയംപോക്കി. ചിലര്‍ അദ്ദേഹത്തോടു പ്രാര്‍ത്ഥന ആവശ്യപ്പെട്ടു. മറ്റു ചിലര്‍ ഉപദേശങ്ങള്‍ തേടി.
നിഷ്ഠുരമായി പീഡിപ്പിച്ചിട്ടും എത്ര ഉപദേശിച്ചിട്ടും ദേവസഹായം സത്യമതത്തെ ഉപേക്ഷിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അധികാരികള്‍ക്ക് വൈരാഗ്യം പൂര്‍വാധികം മൂര്‍ച്ഛിച്ചു. ബ്രാഹ്‌മണന്മാര്‍ കൊണ്ടുവന്ന ഭസ്മം ധരിക്കാനോ വേദമന്ത്രങ്ങള്‍ ഉച്ചരിക്കുവാനോ ദേവസഹായം ഒരുമ്പെട്ടില്ല. എന്തെന്നാല്‍ ലോകത്തിന്റെ ദോഷങ്ങളെ അകറ്റുവാന്‍ ദേവസഹായം വിശ്വാസത്തെ വസ്ത്രംപോലെ ധരിച്ചിരുന്നു. 
കലിപൂണ്ട ബ്രാഹ്‌മണര്‍ ഭടന്മാരെക്കൊണ്ട് ദേവസഹായത്തെ കാണാന്‍ വരുന്ന ജനങ്ങളെ നിര്‍ഭയമായി പ്രഹരിക്കാന്‍ തുടങ്ങി.               (തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)