•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ദേവാങ്കണം

ഹാരാജാവ് തന്നെ ആവശ്യപ്പെടുന്നതിന്റെ പൊരുളെന്തെന്നു മനസ്സിലാക്കിയ ദേവസഹായംപിള്ള ഒരു ദൂതന്‍വഴി ക്യാപ്റ്റന്‍ ഡിലനായിയെ വിവരമറിയിച്ചു.
മിത്രവത്സലനായ ക്യാപ്റ്റന്‍ ഡിലനായി ഉടനെതന്നെ ഉദയഗിരിയില്‍നിന്നു പത്മനാഭപുരത്തെത്തി. ക്യാപ്റ്റനെ കണ്ടപ്പോഴേ ദേവസഹായം പറഞ്ഞു:
''മിത്രമേ, ഇനി എനിക്കു സഹനത്തിന്റെ കാലം...''
അങ്ങനെ പറയുമ്പോഴും ദേവസഹായത്തിന്റെ കണ്ണുകളില്‍ ഭയത്തിന്റെയോ ആശങ്കകളുടെയോ നിഴല്‍പ്പാടുകള്‍ ഡിലനായി കണ്ടില്ല. ഡിലനായി പറഞ്ഞു:
''സഹനമില്ലെങ്കില്‍ ഇയ്യോബ് എന്ന ഇതിഹാസമുണ്ടാകുമായിരുന്നില്ല.''
ക്യാപ്റ്റന്‍ ഡിലനായിയോട് ദേവസഹായം അപൂര്‍ണമായി ചിരിച്ചു. 
രാജഭടന്മാരെ ഡിലനായി സ്‌നേഹപൂര്‍വം തടഞ്ഞുനിറുത്തി ദേവസഹായത്തിനെ പത്മനാഭപുരത്തിനടുത്തു താമസിച്ചിരുന്ന ഫാദര്‍ ബാറ്റൈസിന്റെ പക്കല്‍ കൊണ്ടുചെന്നു. കാര്യങ്ങളുടെ അപകടാവസ്ഥ ഈ വൈദികന്‍ ദേവസഹായത്തോടു പറഞ്ഞു:
''ദൈവം നമുക്ക് ഉറപ്പുള്ള സങ്കേതമാണ്. തക്കസമയത്ത് നമുക്കു പരിചയും മാര്‍ച്ചട്ടയുമാകുന്നു. ഈ ലോകവും ഇവിടുത്തെ ജീവിതവും നീര്‍പ്പോളകള്‍ക്കു നിറംകൊടുക്കുന്ന മഴവില്ലുപോലെയാണ്. ക്ഷണികം. പ്രിയ മകനേ, ലോകത്തെ ഭയപ്പെടുന്നവരാരും ദൈവത്തെ സ്‌നേഹിക്കുന്നില്ല. ദൈവത്തെ സ്‌നേഹിച്ചവരാരും ലൗകികസുഖങ്ങളില്‍ നീന്തിത്തുടിച്ചവരുമല്ല.''
''ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠാ, എന്റെ ജീവിതം ഭൂമിയിലെ സൗഭാഗ്യങ്ങള്‍ അനുഭവിക്കലല്ല. അത് ഉപേക്ഷിക്കലാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിത്യവും സത്യവുമായ ഒന്നു മാത്രമേയുള്ളൂ. അതവന്റെ സ്വര്‍ഗീയജീവിതമാണ്. അതിനായി ഞാന്‍ എന്നേ ഒരുങ്ങിക്കഴിഞ്ഞു.''
ദേവസഹായത്തിന്റെ വിശ്വാസതീക്ഷ്ണതയും ആത്മധൈര്യവും ആ വൈദികനെ അദ്ഭുതപ്പെടുത്തി. അദ്ദേഹം ദേവസഹായത്തിന് പാപസങ്കീര്‍ത്തനം നല്കി.
വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം വേദസാക്ഷികളുടെ കഥകള്‍ പറഞ്ഞുകൊടുത്തു. അവരുടെ രക്തത്തിന്റെ പരിമളമാണ് ഇന്നും സഭയിലെ ഓരോ വിശ്വാസികളുടെയും ആത്മാവിനെ സുഗന്ധപൂരിതമാക്കുന്നത്.
''പ്രിയമകനേ, അജ്ഞാനാന്ധതയെ പാടേ നശിപ്പിക്കാന്‍ ശക്തിയുള്ള ഒരാത്മാവിനെ പരമദയാനിധിയായ കര്‍ത്താവ് നിനക്കു തരുമാറാകട്ടെ.'' ഫാദര്‍ ബാറ്റൈസ് ദേവസഹായംപിള്ളയെ അനുഗ്രഹിച്ചാശീര്‍വദിച്ചു.
ക്യാപ്റ്റന്‍ ഡിലനായി ദേവസഹായംപിള്ളയെ ധൈര്യപ്പെടുത്തുന്നതിനായി ഓരോന്നു പറഞ്ഞു കൊടുത്തു. പക്ഷേ, ദേവസഹായത്തിന് അധൈര്യം എന്നൊരു വികാരമേ ഉണ്ടായിരുന്നില്ല. അദ്ദേഹം ഭടന്മാരോടൊപ്പം പോകാന്‍ തയ്യാറായി.
ഭടന്മാര്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവേഷവിധാനങ്ങള്‍ അഴിച്ചുമാറ്റി. ഒരു സാധാരണമുണ്ട് അരയില്‍ ചുറ്റി. കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ക്യാപ്റ്റന്‍ ഡിലനായി ആകാശത്തേക്കു കണ്ണുകളുയര്‍ത്തി പറഞ്ഞു:
''ദൈവമേ ഇതാ നിന്റെ കുഞ്ഞാട്.''
ഒരു കുറ്റവാളിയെ എന്നപോലെയാണ് ഭടന്മാര്‍ ദേവസഹായത്തിനെ രാജസന്നിധിയിലേക്കു കൊണ്ടുപോയത്. ദേവസഹായം ഭയപ്പെട്ടില്ല. സങ്കടപ്പെട്ടില്ല.
പക്ഷേ, ദേവസഹായത്തിനെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ചിലര്‍ക്ക് ആ കാഴ്ച സങ്കടകരമായി. വഴിക്കുവച്ച് ബന്ധുമിത്രാദികളില്‍ ചിലര്‍ സത്യവേദത്തെ ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തെ ഉപദേശിച്ചുനോക്കി. പക്ഷേ, ദേവസഹായം അതിനോടൊന്നു പ്രതികരിച്ചില്ല.
ദേവസഹായത്തെ ആദരവോടെ കണ്ടിരുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു:
''നമ്മുടെ പൂര്‍വികര്‍ ആരാധിച്ചിരുന്ന ദേവന്മാരെ ആരാധിക്കുകയും രാജകല്പന അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍  രാജാവില്‍നിന്ന് ഇനിയും ബഹുമാനവും മറ്റു മഹിമകളും നിങ്ങള്‍ക്കും ലഭിക്കും.'' 
''സര്‍വലോകങ്ങളെയും സൃഷ്ടിച്ച് അവയെ സംഹരിക്കുന്നതിനും പരിപാലിക്കുന്നതിനും ശക്തിയുള്ള ദൈവത്തെ ആരാധിച്ച് അവിടത്തെ അരുമയായി ജീവിതത്തില്‍ വിജയം നേടുന്ന ഏവര്‍ക്കും സ്വര്‍ഗരാജ്യത്തില്‍ അനന്തമായ മഹിമയനുഭവിക്കാന്‍ സാധിക്കും.''
''ദൈവമല്ലാത്തവയെ ആരാധിച്ചു പിശാചിനെ സേവിച്ച് നരകപാതാളത്തില്‍ നിത്യവേദന അനുഭവിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഉന്നതഗോത്രത്തില്‍ ജനിച്ച് ഏവര്‍ക്കും പ്രിയപ്പെട്ടവനായി വളര്‍ന്ന് മഹിമയുള്ള ഉദ്യോഗവും വഹിച്ച് ലോകമാന്യനായി ജീവിച്ചാലും ഒടുവില്‍ അവന്റെ ആത്മാവ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിച്ചില്ലെങ്കില്‍ എന്തു ഫലം...?''
''അതുകൊണ്ട് ഈ ജീവിതത്തില്‍ എന്തു പീഡാനുഭവങ്ങള്‍ വന്നു ഭവിച്ചാലും സങ്കല്പദൈവങ്ങളെ ഞാന്‍ വണങ്ങുകയില്ല. സത്യമതത്തിനുവേണ്ടി ജീവനുപേക്ഷിക്കേണ്ടിവന്നാലും എനിക്കു ഭയമില്ല. കാരണം, ഞാന്‍ പരലോകത്തില്‍ സകലമഹിമകളും അനുഭവിക്കും.''
ഉദ്യോഗസ്ഥരില്‍ ചിലര്‍ കൊട്ടാരത്തില്‍ചെന്ന് രാജാവിനോടുണര്‍ത്തിച്ചു:
''മഹാരാജന്‍, നീലകണ്ഠനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കഠിനശിക്ഷകളല്ലാതെ മറ്റുവഴികളൊന്നും കാണുന്നില്ല.'' 
മരണത്തിന്റെയും പാതാളത്തിന്റെയും സഖ്യകക്ഷികള്‍ ദേവസഹായത്തിനുമേല്‍ ന്യായം വിധിച്ചു. കോപാകുലനായ മഹാരാജാവ് ദയാദാക്ഷിണ്യങ്ങളില്ലാതെ വിധിച്ചു:
''നീലകണ്ഠനെ കൈകാലുകളില്‍ വിലങ്ങുതറച്ച് കാരാഗൃഹത്തിലടയ്ക്കുക.''
രാജഭടന്മാര്‍ വളരെ ക്രൂരമായ വിധത്തിലാണ് ദേവസഹായത്തോടു പെരുമാറിയത്. അവരദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചവശരാക്കി. കൈകാലുകളില്‍ വിലങ്ങുതറച്ച് കാരാഗൃഹത്തിലടച്ചു.
കാരാഗൃഹത്തിലെ ആദ്യദിനങ്ങള്‍ ദേവസഹായത്തിന് ആത്മപീഡകളുടേതായിരുന്നു. ഗതകാലസ്മരണകളുടെ ഒരുഷ്ണജലപ്രവാഹം ദേവസഹായത്തിലൂടെ കൂലംകുത്തിപ്പാഞ്ഞു. കഴിഞ്ഞുപോയ ജീവിതം ഒരു കനവുപോലെ തോന്നി. തറവാട്, ബന്ധുമിത്രാദികള്‍, ഭാര്യ ഭാര്‍ഗവി, കൊട്ടാരത്തിലെ സ്ഥാനമാനങ്ങള്‍... ഇനി അതെല്ലാം മരീചികകള്‍. വെറും മായക്കാഴ്ചകള്‍.
തകര്‍ന്നും തളര്‍ന്നും പോയ നിമിഷങ്ങളെ അതിജീവിക്കാന്‍ ദേവസഹായത്തിനു പ്രാര്‍ത്ഥനമാത്രമായിരുന്നു അവലംബം. തടവറയിലെ കൂരിരുട്ടില്‍ പ്രജ്ഞയെപ്പോലും തകര്‍ക്കുന്ന ഏകാന്തതയില്‍ ദേവസഹായം ദൈവത്തിന്റെ പ്രകാശം കണ്ടു. കരുണാമയനായവന്റെ ആണിപ്പഴുതുകളേറ്റ കരങ്ങളില്‍നിന്ന് കൃപയുടെ പ്രകാശധോരണികള്‍ ദേവസഹായത്തില്‍വന്നു പതിക്കുന്നു.
പാപികളോടും വ്യാജം പറയുന്നവരോടുമൊപ്പം ജീവിക്കുന്നതിലും ഭേദം തടവറയിലെ ജീവിതം തന്നെ അമൃതം. ദേവസഹായം അങ്ങനെ ചിന്തിച്ചു.
തടവറയിലായിട്ട് എത്ര ദിനങ്ങള്‍ കഴിഞ്ഞിരിക്കും! ദേവസഹായത്തിനു നിശ്ചയം കിട്ടിയില്ല. ദേവസഹായത്തിനിപ്പോള്‍ ഒന്നിനെക്കുറിച്ചും നിശ്ചയം പോരാ. മരണം തൊട്ടടുത്തെവിടെയോ വായപിളര്‍ന്നു നില്ക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിനു ഭയമൊന്നും തോന്നിയില്ല.
ദേവസഹായത്തിന്റെ സ്ഥിതിഗതികള്‍ അറിയാനുള്ള വ്യഗ്രത ക്യാപ്റ്റന്‍ ഡിലനായിക്കു കലശലായി. അദ്ദേഹം ചില പടയാളികളെ സ്വാധീനിച്ച് തടവറയിലേക്കയച്ചു. അങ്ങനെ ദേവസഹായത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
ക്യാപ്റ്റന്‍ ഡിലനായിയുടെ നീക്കങ്ങള്‍ രാജഭൃത്യന്മാര്‍ എങ്ങനെയോ മണത്തറിഞ്ഞു. അവര്‍ മഹാരാജാവിനെ വിവരമറിയിച്ചു. ഈ വാര്‍ത്ത മഹാരാജാവിന് അത്യധികമായ വിഷമമുണ്ടാക്കി. ഈര്‍ഷ്യാകലുഷിതനായ മഹാരാജാവ് രാജ്യത്തെ സര്‍വസൈന്യാധിപന് ആളയച്ചു. രാജാധികാരവും പ്രജാക്ഷേമതാത്പര്യവും നമ്മില്‍ മാത്രം കുടികൊള്ളുമ്പോള്‍, ഒരുവന്റെ ചെയ്തികള്‍ അവയ്ക്കു ഭംഗം വരുത്തുന്നതാണെങ്കില്‍ രാജപക്ഷത്തില്‍ സേനാനായകന്റെ കടമയെന്ത്?
കൊട്ടാരത്തിലെത്തിയ ക്യാപ്റ്റനോടു മഹാരാജാവ് സഗൗരവം പറഞ്ഞു:
''നിങ്ങള്‍ നമ്മുടെ സൈന്യത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമാഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ട ആവശ്യമില്ല.''
ക്യാപ്റ്റന്‍ ഡിലനായി മഹാരാജാവിന്റെ മുമ്പില്‍ ക്ഷമാപണം നടത്തി ഉദയഗിരിക്കു തിരിച്ചു. മഹാരാജാവിന്റെ ശാസനയില്‍ അദ്ദേഹത്തിന് എന്തെന്നില്ലാത്ത മനോവ്യസനം അനുഭവപ്പെട്ടു. താന്‍ രാജാവിനെതിരേയോ രാജനീതിക്കു വിരുദ്ധമായോ പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ ആത്മമിത്രത്തിന്റെ വിവരങ്ങളന്വേഷിക്കുക മാത്രമാണു ചെയ്തത്.
ഈ ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ എത്രയോ വിരളം! പാപത്തില്‍ വീണുപോയതും താഴ്ച ഭവിച്ചതുമായ മനുഷ്യവര്‍ഗം മരുപ്പച്ചയില്ലാത്ത മരുഭൂമിയും നക്ഷത്രങ്ങളില്ലാത്ത രാത്രിയും മുത്തില്ലാത്ത ചിതല്‍പ്പുറ്റും അടിത്തട്ടില്ലാത്ത നരകവുമാണ്. ദുര്‍ഗന്ധത്തില്‍ ജോലി ചെയ്യുന്നവന്‍ ക്രമേണ ദുര്‍ഗന്ധം അറിയാതെ പോകുന്നു.
ദേവസഹായത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ ഡിലനായിക്കും കുടുംബത്തിനും ഒന്നും ചെയ്യാനില്ലായിരുന്നു. ക്രിസ്തുവിനെപ്പോലെ കൊടിയ പീഡനങ്ങളുടെ അമിതഭാരമുള്ള കുരിശുവഹിക്കാന്‍ ദേവസഹായത്തിനു കരുത്തുണ്ടാകണേയെന്ന് അവര്‍ നിത്യവും മനസ്സുവെന്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
നിരീശ്വരന്‍ തന്റെ കഷ്ടതകളില്‍ നിസ്സഹായനും നിരസിതനും ആയിരിക്കും. എന്നാല്‍, ദേവസഹായം  അങ്ങനെ ആയിരുന്നില്ല. അവന്റെ വിശ്വാസം പാറപോലെ ഉറപ്പുള്ളതും മഹാപര്‍വതങ്ങള്‍പോലെ ഉത്തുംഗവുമായിരുന്നു.
  ക്രിസ്തുദേവന്റെ വരപ്രസാദത്താല്‍ ലൗകികമായ സകല ആകുലതകളും ദേവസഹായത്തില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. എങ്കിലും രാജാവില്‍നിന്ന് ക്രിസ്ത്യാനികള്‍ക്ക് എന്തെങ്കിലും ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്ന് ആകുലപ്പെടാതുമിരുന്നില്ല. എങ്കിലും അദ്ദേഹം ഇങ്ങനെ സമാശ്വസിച്ചു.
ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവര്‍ ഒരു നാളും കുലുങ്ങിപ്പോകുകയില്ല.
കാരാഗൃഹത്തില്‍ ദേവസഹായത്തിന് രാജഭടന്മാരുടെ ഉപദ്രവങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നു. അത് അധികാരികളുടെ കല്പന പ്രകാരമൊന്നുമായിരുന്നില്ല. മനുഷ്യത്വം ഉറഞ്ഞുപോയ മനുഷ്യരുടെ ലീലാവിനോദങ്ങള്‍. മാര്‍ജാരന്‍ മൂഷികനോടെന്നപോലെ അവര്‍ അദ്ദേഹത്തോടു പെരുമാറി. എന്നാല്‍, അവര്‍ക്കു വേണ്ടിക്കൂടിയും ദേവസഹായം പ്രാര്‍ത്ഥിച്ചു:
''കര്‍ത്താവേ, ക്രൂരരും അജ്ഞാനികളുമായ ഒരു കൂട്ടം മനുഷ്യര്‍ എന്നെ തടവില്‍ പാര്‍പ്പിച്ചു നിന്ദിക്കുന്നു. ക്രൂരമായി പീഡിപ്പിക്കുന്നു. എന്നാല്‍, അങ്ങേക്കുവേണ്ടി ഏതു വിധേനയുള്ള പീഡനങ്ങളും ഞാന്‍ സഹിക്കും. എന്നെ ഉപദ്രവിക്കുന്ന ഈ സാധുജനങ്ങളോടു ക്ഷമിക്കേണമേ. അവര്‍ക്ക് ഭൂമിയില്‍ നിത്യസമാധാനവും നിത്യനന്മയും കൊടുത്തരുളണമേ.''
ദേവസഹായത്തിനെ പാര്‍പ്പിച്ചിരുന്ന തടവറയിലേക്ക് മിക്കവാറും ബ്രാഹ്‌മണര്‍ വന്ന് വിഭൂതി കൊടുക്കുകയും ക്രിസ്തുമതം ഉപേക്ഷിക്കുന്നതിന് ഉപദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ, ദേവസഹായം അതിനൊന്നും വഴിപ്പെട്ടില്ല. അത് ബ്രാഹ്‌മണരെ കൂടുതല്‍ പ്രകോപിപ്പിച്ചു.
ദേവസഹായത്തിനെ തിരുത്തുക സാധ്യമല്ലെന്ന് അവര്‍ക്കു മനസ്സിലായി. ഇത്രമാത്രം പീഡനങ്ങള്‍ സഹിച്ചിട്ടും ഇവനില്‍ ഒരു മാറ്റവും കാണുന്നില്ല. സമയാസമയങ്ങളില്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ കൊടുത്തിരുന്നില്ല.
പലപ്പോഴും വിശപ്പും ദാഹവുംകൊണ്ട് ദേവസഹായം പരിക്ഷീണനായി. എങ്കിലും അദ്ദേഹം പുറത്തുകാട്ടിയില്ല. ഒന്നും ആവശ്യപ്പെട്ടില്ല. ഒരാന്തരികമായ ശക്തി അദ്ദേഹത്തില്‍ വന്നുനിറഞ്ഞുകൊണ്ടിരുന്നു.
''ഹേയ്... നീലകണ്ഠാ, ഞങ്ങള്‍ പറയുന്നപ്രകാരം നീ വിഭൂതി സ്വീകരിക്കുകയും നമ്മുടെ ദേവന്മാരെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ദേവി ഭദ്രകാളിയാണേ സത്യം നിനക്ക് തൂക്കുമരമായരിക്കും ഫലം.'' ബ്രാഹ്‌മണര്‍ പറഞ്ഞു.
''അല്ലയോ വൈദികശ്രേഷ്ഠരേ, ഒന്നറിയുക. നിത്യമായ ദൈവം മനുഷ്യനായി ഭൂമിയിലവതരിച്ചതിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതുപോലെ എളിയവനായ ഞാനും ഭൂമിയില്‍ പിറക്കാനിടയായതിന് ചില കാരണങ്ങളുണ്ടാകും. അത് കര്‍ത്താവായ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. അതിന്‍പ്രകാരം തൂക്കുമരമാണ് എനിക്കായി ഒരുക്കിയിട്ടുള്ളതെങ്കില്‍ അതങ്ങനെതന്നെ സംഭവിക്കട്ടെ. എന്റെ കഴുത്ത് ഒരു തൂക്കുകയറിനായി എന്നേ പരുവപ്പെട്ടിരിക്കുന്നു.''

(തുടരും)

Login log record inserted successfully!