•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ദേവാങ്കണം

കാലത്തിന്റെ രഥചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരിക്കുന്നു. നട്ടാലത്തിനു മുകളില്‍ ജാതിവിദ്വേഷത്തിന്റെ കാര്‍മേഘപടലങ്ങള്‍ വിരിഞ്ഞു. ദേവസഹായത്തിന്റെയും ജ്ഞാനപ്പൂവിന്റെയും മതപരിവര്‍ത്തനം മെല്ലെമെല്ലെയാണെങ്കിലും മരുതുകുളങ്ങരയില്‍ ചില അസ്വാരസ്യങ്ങള്‍ക്കു കാരണമായി.
തൊട്ടുപിന്നാലെ കരുവാന്‍ മാണിക്യനും കുടുംബവും ജ്ഞാനപ്പൂവിന്റെ സൗഹൃദവലയത്തില്‍പ്പെട്ട മറ്റു ചിലരും പരിവര്‍ത്തിതരായത് തറവാട്ടിലും നട്ടാലത്തും ചില ആളുകള്‍ക്ക് അനിഷ്ടകരമായി ഭവിച്ചു.
ക്രിസ്ത്യാനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. അതു ചില ഹൈന്ദവപ്രമാണിമാരെയും ബ്രാഹ്‌മണപ്രഭൃതികളെയും രോഷം കൊള്ളിച്ചു. മരുതുകുളങ്ങരത്തറവാടിനുണ്ടായിക്കൊണ്ടിരിക്കുന്ന കഷ്ടാരിഷ്ടതകള്‍ക്കെല്ലാം കാരണം നീലകണ്ഠന്റെയും ഭാര്യയുടെയും മതപരിവര്‍ത്തനവും ജാത്യാചാര വിധ്വംസകപ്രവൃത്തികളുമാണെന്നു നാട്ടിലാകെ അടക്കംപറച്ചിലുണ്ടായി.
അത് ഒട്ടൊക്കെ സത്യമാണെന്നു തറവാട്ടിലുള്ളവര്‍ വിശ്വസിച്ചു. ചില ഗണകശ്രേഷ്ഠന്മാര്‍ അതു ശരിവയ്ക്കുകയും ചെയ്തു. 
ദേവീകോപംതന്നെ. പരിഹാരകര്‍മങ്ങള്‍ വേണം. മരുതുകുളങ്ങരത്തറവാടിന്റെ കുലദേവതയായ ഭദ്രകാളീദേവിയെ പ്രീതിപ്പെടുത്തണം. ദേവിയുടെ മൂലസ്ഥാനത്തിനു ഭ്രംശം സംഭവിച്ചിരിക്കുന്നു. പുനഃപ്രതിഷ്ഠ വേണം. ജ്യോത്സ്യപ്രമാണിമാര്‍ അങ്ങനെ ദര്‍ശനംകൊണ്ടു. 
പിന്നെ താമസമുണ്ടായില്ല. കുടുംബക്കോവിലില്‍ പുനഃപ്രതിഷ്ഠയും ഉത്സവവും ആഡംബരമായി നടത്താന്‍ തീരുമാനമായി. മരുതുകുളങ്ങരത്തറവാടിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ഭദ്രകാളിക്കോവിലിന്റെ പുനരുദ്ധാരണജോലികള്‍ ആരംഭിച്ചു. പുനഃപ്രതിഷ്ഠയ്ക്കായുള്ള ദേവിയുടെ പുത്തനായ ശിലാബിംബം തയ്യാറാകുന്നു. കോവിലിലെ നിത്യപൂജാദികള്‍ക്കുള്ള പണം ലോഭമില്ലാതെ തറവാട്ടില്‍നിന്നനുവദിച്ചു.
മഹോത്സവത്തിനു തുടക്കമായി. നട്ടാലത്ത് നടാടെയായിരുന്നു അങ്ങനെയൊരുത്സവം. നാടിന്റെ നാനാദിക്കുകളില്‍നിന്നും ഉത്സവസദ്യയ്ക്കുള്ള കറിക്കോപ്പുകളെത്തി. വിവിധതരം പഴവര്‍ഗങ്ങള്‍ ശേഖരിക്കപ്പെട്ടു. പൂജാദികര്‍മങ്ങള്‍ക്കുള്ള ചന്ദനം, പനിനീര്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും ഏര്‍പ്പാടാക്കി. അറപ്പുരയില്‍ ചമ്പാവരിച്ചാക്കുകള്‍ നിറഞ്ഞു.
കുലവാഴ, കുരുത്തോല തുടങ്ങിയ തോരണദ്രവ്യങ്ങള്‍ തൊഴുപുരകളില്‍ ശേഖരിക്കപ്പെട്ടു. നെയ്യ്, വെളിച്ചെണ്ണ, ശര്‍ക്കര, പൂന്നൂര്, അവില്, മലര്, കസ്തൂരി, കര്‍പ്പൂരം തുടങ്ങിയ ഹോമദ്രവ്യങ്ങള്‍ ശേഖരിച്ച മുറിയിലേക്ക് മറ്റുള്ളവരുടെ പ്രവേശനം കാരണവര്‍ കര്‍ശനമായി വിലക്കി.
തറവാടും പരിസരവും ബന്ധുമിത്രാദികളാല്‍ ബഹളമയമായി. നട്ടാലം ക്ഷേത്രാധിപനായ നമ്പൂതിരിയുടെ താത്പര്യപ്രകാരം പലപ്രദേശങ്ങളില്‍നിന്നായി എത്തിയിരുന്ന വേദശാസ്ത്രപടുക്കളായ ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ക്ക് ക്ഷേത്രത്തോടനുബന്ധിച്ച് താമസഭക്ഷണസൗകര്യങ്ങളൊരുക്കിയിരുന്നതിനാല്‍ തറവാട്ടിലെ തിരക്കിന് അല്പശമനം കണ്ടു.
ഉത്സവാരംഭത്തിനുമുമ്പുതന്നെ ക്ഷേത്രാങ്കണവും തറവാടും പരിസരവും വിവിധതരം തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. വിവിധതരം വാദ്യകലാമേളങ്ങളാല്‍ ക്ഷേത്രവും പരിസരവും മുഖരിതമായി.
കുടുംബക്ഷേത്രത്തില്‍ നടക്കുന്ന ഈ ഉത്സവച്ചടങ്ങുകള്‍ ദേവസഹായം അറിഞ്ഞിരുന്നില്ല. ഒരു കാരണവശാലും ഇങ്ങനെയൊന്ന് ദേവസഹായത്തിനെ അറിയിക്കേണ്ടതില്ലെന്ന് ബ്രാഹ്‌മണന്‍ തറവാട്ടിലുള്ളവരോടു കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
അഥവാ ഏതു വിധേനയും വിവരമറിഞ്ഞ് അദ്ദേഹം എത്തുകയാണെങ്കില്‍ ആചാരോപചാരങ്ങളോടും ബഹുമാനത്തോടും കൂടി അദ്ദേഹത്തെ സ്വീകരിക്കുകയും ഉപദേശങ്ങള്‍ നല്കുകയും വേദാന്തത്തില്‍ തേല്പിച്ച്, വിഭൂതി ധരിപ്പിച്ച് മന്ത്രശുദ്ധി വരുത്തി വീണ്ടും ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനപ്പെടുത്തണമെന്നും തീരുമാനിക്കപ്പെട്ടു.
പക്ഷേ, വീട്ടുകാരെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉത്സവത്തലേന്നു തന്നെ ദേവസഹായം മരുതുകുളങ്ങരയിലെത്തി. മാനത്തുനിന്ന് പൊട്ടിവീണതുപോലെയായിരുന്നു ദേവസഹായത്തിന്റെ വരവ്.
ഉത്സവാദികാര്യങ്ങള്‍ ആരും ദേവസഹായത്തിനെ അറിയിച്ചിരുന്നില്ല. എന്നിട്ടും യഥാസമയത്തു തന്നെ അദ്ദേഹം എത്തിച്ചേര്‍ന്നത് ചിലര്‍ക്ക് അനിഷ്ടകരവും മറ്റുചിലര്‍ക്ക് സന്തോഷകരവുമായ ഒന്നായിരുന്നു.
എങ്കിലും ഏവരും സന്തോഷമഭിനയിച്ചുകൊണ്ട് ദേവസഹായത്തിനെ സ്വീകരിക്കുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. പിന്നീട് ബ്രാഹ്‌മണപുരോഹിതന്മാര്‍ ദേവി മഹാകാളിയുടെ മാഹാത്മ്യത്തെക്കുറിച്ചും നടത്താനാരംഭിച്ചിരിക്കുന്ന പ്രതിഷ്ഠാ ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദേവസഹായത്തിനോടു സാവധാനം സംസാരിച്ചുതുടങ്ങി.
ദേവസഹായം അതെല്ലാം സാകൂതം കേള്‍ക്കുന്നുവെന്ന് ഭാവിച്ചതല്ലാതെ അവരോടു മറുത്തൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ മൗനത്തെ അവര്‍ തെറ്റിദ്ധരിച്ചു. ദേവസഹായം തങ്ങളുടെ വഴിക്കുവരുന്നു എന്നു ധരിച്ച ഒരു ബ്രാഹ്‌മണന്‍ മന്ത്രോച്ചാരണങ്ങളോടെ ദേവസഹായത്തിനെ വിഭൂതിയണിയിക്കാന്‍ ശ്രമിച്ചു. 
ഒരുനിമിഷം ദേവസഹായം അതു തട്ടിക്കളഞ്ഞു. ബ്രാഹ്‌മണന്റെ കൈയിലിരുന്ന വിഭൂതിത്തളിക നിലത്തുവീണു. വിഭൂതിചിതറിത്തെറിച്ചു. ദേവസഹായം ശബ്ദമുയര്‍ത്തിപ്പറഞ്ഞു:
''സാത്താനേ, മാറിപ്പോ...''
അപ്രതീക്ഷിതമായിരുന്നു ദേവസഹായത്തിന്റെ നീക്കം. ആരും അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല. മരുതുകുളങ്ങരത്തറവാടും പരിസരവും ഒരു നിമിഷം വിറങ്ങലിച്ചുനിന്നു. വിഭൂതിയുമായി വന്ന ബ്രാഹ്‌മണന്‍ അടിമുടി വിറകൊണ്ടു. അയാള്‍ രാമരാമാ... മഹാമായേ ഭദ്രകാളി എന്നൊക്കെ നിലവിളിച്ചുകൊണ്ട് അവിടംവിട്ടുപോയി.
നിശ്ശബ്ദതയും മൗനവും തളംകെട്ടിനിന്ന കുറെ നിമിഷങ്ങള്‍. കാറ്റനക്കമില്ലാത്ത ഒരു മഹാവിപിനം നിര്‍ജീവം നില്ക്കുന്നു. ആരും ശബ്ദിക്കുന്നില്ല. ഒച്ചയനക്കങ്ങളില്ലാതെ കുറെ സമയം ബദ്ധപ്പെട്ട് ഒഴുകിപ്പോയി.
''പ്രിയപ്പെട്ട സഹോദരന്മാരേ...'' ദേവസഹായം തന്നെ നിശ്ശബ്ദതയുടെ തിരകളെ മുറിച്ചു കളഞ്ഞു. ''ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍പ്പിക്കുക. മനുഷ്യന്‍ അവന്റെ ദൈവദത്തമായ മാനുഷികാവസ്ഥ ഉപേക്ഷിച്ച് മൃഗീയാവസ്ഥയില്‍ കാലൂന്നാന്‍ തുടങ്ങിയിരിക്കുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ലാതായിരിക്കുന്നു എന്നര്‍ത്ഥം. മനുഷ്യന് ഈ കേവലശരീരത്തിനപ്പുറം വിശേഷപ്പെട്ട ഒരാത്മാവുണ്ടെന്നും ഈ നശ്വരലോകത്തിനു മുകളില്‍ അനശ്വരനായ ഒരു ദൈവമുണ്ടെന്നും നാം മനസ്സിലാക്കാതെ പോകുന്നു.''
''ലോകത്തില്‍ ദൈവസൃഷ്ടികളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന മനുഷ്യവര്‍ഗം നാശോന്മുഖമാകുന്ന തരത്തില്‍ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ചെന്നു പതിച്ചിരിക്കുന്നു. സ്വയംപ്രഭാപൂരിതനും സച്ചിദാനന്ദസ്വരൂപനുമായ ഏകദൈവമുള്ളപ്പോള്‍ ഈ ദൂര്‍ദേവന്മാരെയും സങ്കല്പമൂര്‍ത്തികളായ ദേവന്മാരെയും നാം പൂജിക്കുന്നതെന്തിന്?''
പിശാച് എന്നൊന്നുള്ളതായി നിങ്ങളെല്ലാവരും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഹിന്ദുമതഗ്രന്ഥങ്ങളില്‍ അവയ്ക്ക് അസുരവര്‍ഗം എന്ന് പേരു കൊടുത്തിരിക്കുന്നു. ഈ അസുരവര്‍ഗം ദേവന്മാരുടെ ശത്രുക്കളാണെന്ന് നിങ്ങളുടെ മതഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. പക്ഷേ, അവര്‍ എങ്ങനെ പരസ്പരം ശത്രുക്കളായി എന്നു പറയാന്‍ കഴിയുമോ?
കശ്യപന് അദിതിയില്‍ ദേവന്മാരും ദിതിയില്‍ അസുരന്മാരും ജനിച്ചു എന്ന് പുരാണങ്ങള്‍. ഒരേ ശക്തിയില്‍നിന്നു ജനിച്ച രണ്ടുകൂട്ടരും എങ്ങനെ ശത്രുക്കളായി എന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ?
ദേവസഹായത്തിന്റെ ചോദ്യശരങ്ങളില്‍ ബ്രാഹ്‌മണപ്രഭൃതികള്‍ പിടഞ്ഞു. ഒന്നിനു പിറകേ ഒന്നായി വന്ന ചോദ്യങ്ങള്‍ക്കൊന്നും ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ക്കു മറുപടിയുണ്ടായിരുന്നില്ല. 
ഓരോ കാലങ്ങളില്‍ മനുഷ്യര്‍ ഉണ്ടാക്കിയിട്ടുള്ള അന്ധവിശ്വാസങ്ങളും ഓരോരുത്തരുടെ മാനസികവ്യാപാരമനുസരിച്ച് എഴുതിയുണ്ടാക്കിയ കാവ്യഗ്രന്ഥങ്ങളും ഈശ്വരപ്രോക്തവും വേദോപദാനപ്രതിപാദകവുമാണെന്നു വിശ്വസിക്കുന്നവരുടെ വിവേകശൂന്യമായ പ്രവൃത്തികളെയും ലോകം വ്യര്‍ത്ഥമാണെന്നു പഠിപ്പിക്കുകയും എന്നാല്‍, ബാഹ്യമായ ശുദ്ധാശുദ്ധങ്ങളെ ലാക്കാക്കി കപടജീവിതം നയിക്കുകയും ചെയ്യുന്ന പുരോഹിതവര്‍ഗത്തിന്റെ പ്രവൃത്തികളെയും ദേവസഹായം കണക്കറ്റ് പരിഹസിച്ചു.
ദേവസഹായത്തിന്റെ ഉളിമുനകളേറ്റ് അഭിമാനത്തിനു മുറിവുപറ്റിയ ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ സഹികെട്ട് ദേവസഹായത്തിനു നേരേ ആക്രോശിച്ചു.
''ഹേ... ഹേ... നീലകണ്ഠാ, മഹാരാജാവുമുതല്‍ ചണ്ഡാളന്‍വരെ എല്ലാ ജനങ്ങളും ഒരുപോലെ ആരാധിക്കുന്ന ദേവന്മാര്‍ക്ക് അപവാദമുണ്ടാക്കുകയാണോ നീ ചെയ്യുന്നത്.''
''മഹര്‍ഷിമാരും മഹാരാജാക്കന്മാരും തത്ത്വചിന്തകരും ഭയഭക്തിബഹുമാനത്തോടെ സേവിച്ചാരാധിക്കുന്ന ത്രിമൂര്‍ത്തികളെയും പുരാണങ്ങളെയും നീയൊരുത്തന്‍ ആക്ഷേപിക്കാന്‍ തുനിഞ്ഞ് പുറപ്പെട്ടിരിക്കുകയാണോ?''
രാക്ഷസവീരനായ രാവണന്റെ വീരപരാക്രമങ്ങളെ തൃണതുല്യമാക്കിത്തീര്‍ത്ത ശ്രീരാമപാദങ്ങളാണേ, ദേവി ഭദ്രകാളിയാണേ നിന്റെ നാവടക്കി, നിങ്ങളുടെ ഹീനവേദം ഈ നാട്ടില്‍ ഇനി വ്യാപിക്കാത്തവിധം നാശോന്മുഖമാക്കി ഈ നാടിന് സമാധാനവും  ഭദ്രകാളീദേവിക്ക് മംഗളവും ഉണ്ടാക്കാത്ത പക്ഷം ഞാനൊരു ബ്രാഹ്‌മണനല്ലെന്നും എന്റെ കഴുത്തില്‍ കിടക്കുന്ന ഈ ബ്രഹ്‌മസൂത്രം ബ്രഹ്‌മസൂത്രമല്ലെന്നും ഹേ നീലകണ്ഠാ, നീ കരുതിക്കൊള്ളുക.
ദേവസഹായം ബ്രാഹ്‌മണ പുരോഹിതന്റെ ആക്രോശങ്ങളെ സൗമ്യമായ ശബ്ദത്തില്‍ നേരിട്ടു:
''ആര്യപുരോഹിതന്മാരേ നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. പറഞ്ഞതനുസരിച്ചു പ്രവര്‍ത്തിക്കാത്തപക്ഷം നിങ്ങളുടെ നൂല് എന്റെ അരയില്‍ക്കിടക്കുന്ന നൂലിനു തുല്യമാണെന്നു ഞാനും പറയുന്നു.''
കരണത്തു പ്രഹരമേറ്റതുപോലെ തോന്നി ബ്രാഹ്‌മണര്‍ക്ക്. അവര്‍ ദേവസഹായത്തിനു നേരേ ശാപവാക്കുകള്‍ ചൊരിഞ്ഞു. അതൊന്നും കാര്യമാക്കാതെ ദേവസഹായം തന്റെ അമ്മാവനോടു പറഞ്ഞു:
''അമ്മാവാ... ഇന്നുമുതല്‍ ഈ ഭദ്രകാളിക്കോവിലില്‍ യാതൊരുവിധ പൂജാദികര്‍മങ്ങളും നടത്താന്‍ പാടുള്ളതല്ല. നടത്തുകയാണെങ്കില്‍ അത് ദൈവകോപത്തിനു കാരണമായിഭവിക്കും. ഈ കോവില്‍ മനുഷ്യസ്പര്‍ശത്തിന് അയോഗ്യമായ വിധം നാമാവശേഷമായിത്തീരും. ഓര്‍മിച്ചാല്‍ ഏവര്‍ക്കും നല്ലത്.''
പിന്നെ ദേവസഹായം അവിടെ നിന്നില്ല. തന്റെ ഭാര്യയെ വിളിച്ച് മേക്കാട്ടുള്ള പിതൃഭവനത്തില്‍ചെന്നു താമസിക്കാന്‍ നിര്‍ദേശിച്ചിട്ട് പത്മനാഭപുരത്തേക്കു തിരിച്ചു.
ദേവസഹായത്തിന്റെ വിലക്കുകളെ അവഗണിച്ച് ഉത്സവം പുനരാരംഭിക്കുകതന്നെ ചെയ്തു. വീണ്ടും വാദ്യകലാനിധികളുടെ മേളാരവംകൊണ്ട് ക്ഷേത്രപരിസരം മുഖരിതമായി. വേദശാസ്ത്രികളുടെ മന്ത്രോച്ചാരണങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി. പാലഭിഷേകം, നെയ്യഭിഷേകം, മഞ്ഞള്‍ച്ചാര്‍ത്ത് തുടങ്ങിയവയാല്‍ ദേവീവിഗ്രഹം പ്രക്ഷാളനം ചെയ്യപ്പെട്ടു. നെയ്‌വിളക്കുകളും കര്‍പ്പൂരദീപങ്ങളും എരിഞ്ഞുകത്തി.
മഹാമായ ഭദ്രകാളിയുടെ ആവേശത്താലെന്നവണ്ണം മുടിയഴിച്ചിട്ടുറഞ്ഞു തുള്ളുന്ന വൃദ്ധകളും യുവതികളും. പള്ളിവാളും കാല്‍ച്ചിലമ്പും അരമണിയും കിലുക്കിയുറയുന്ന വെളിച്ചപ്പാടുകള്‍.
അവര്‍ ദേവിയുടെ കോപത്തേക്കുറിച്ചാക്രോശിക്കുന്നു. ഭക്തരുടെ തെറ്റുകളും കുറ്റങ്ങളും അതിനുള്ള പരിഹാരങ്ങളും ഉറഞ്ഞു കല്പിക്കുന്നു.
ജനങ്ങള്‍ ഭയഭക്തിബഹുമാനത്തോടെ കൈകൂപ്പിനിന്ന് ദേവിയുടെ കല്പനകള്‍ കേള്‍ക്കുന്നു.
ബിംബപ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തമായി. മഞ്ഞള്‍നീരാട്ടും പാലഭിഷേകവും നെയ്യഭിഷേകവും കഴിഞ്ഞ് ദേവി ചെമ്പട്ടണിഞ്ഞ് തിലകം ചാര്‍ത്തി ഒരുങ്ങിനിന്നു. ബലിപ്പുരയില്‍ അജബലിയും കുക്കുടബലിയും നടക്കുന്നു. ബലിരക്തം പാനം ചെയ്ത് ദേവി പ്രസന്നയായി.
ക്ഷേത്രപൂജാരി കൈമണി കിലുക്കി മന്ത്രങ്ങളുച്ചരിക്കുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി മറ്റൊരു സംഭവമുണ്ടായത്. മരുതുകുളങ്ങരത്തറവാടിന്റെ അകത്തളത്തില്‍നിന്ന് ഒരു കൂട്ടനിലവിളിയുയര്‍ന്നു. തറവാടും ക്ഷേത്രപരിസരവും നടുങ്ങി. വാദ്യഘോഷങ്ങളും മന്ത്രോച്ചാരണങ്ങളും നിലച്ചു. ദേവീവിഗ്രഹം പ്രതിഷ്ഠാസ്ഥാനത്തേക്കെത്തിയില്ല.
കുടുംബാംഗങ്ങളും പുരോഹിതന്മാരും തറവാട്ടിലേക്കോടി. തറവാടിനുള്ളിലെ അറപ്പുരയില്‍ കണ്ട ദൃശ്യം എല്ലാവരെയും നടുക്കിക്കളഞ്ഞു.
തറവാട്ടുകാരണവര്‍ രക്തം ഛര്‍ദിച്ചു മരിച്ചുകിടക്കുന്നു.

 


(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)