ഇക്കുറി മരുതുകുളങ്ങരത്തറവാട്ടില്‍ എന്നത്തെയുംപോലെ ഊഷ്മളമായ ഒരു സ്വീകരണമല്ല ദേവസഹായത്തിനു ലഭിച്ചത്. തറവാട്ടുകാരില്‍ പലരും ദേവസഹായത്തിനു നേരേ മുഖം തിരിച്ചു കളയുന്നു. എല്ലാ മുഖങ്ങളിലും ഒരു നീരസം പ്രകടമാകുന്നുണ്ട്. കുമരനില്‍പ്പോലും ദേവസഹായം അതു പ്രകടമായിക്കണ്ടു.
തന്റെ മതംമാറ്റം തറവാട്ടിലുള്ളവര്‍ അറിഞ്ഞിരിക്കുന്നുയെന്ന് ദേവസഹായത്തിനു മനസ്സിലായി. പക്ഷേ, ദേവസഹായം ആരോടും അതേക്കുറിച്ചു സംസാരിച്ചില്ല. ആരും ദേവസഹായത്തിനോട് ഒന്നും ചോദിച്ചുമില്ല.
മരുതുകുളങ്ങരയില്‍നിന്ന് മൂന്നാംനാള്‍ വെളുപ്പിനേ ദേവസഹായം പത്മനാഭപുരത്തേക്കു തിരിച്ചു. പുറപ്പെടുമ്പോള്‍ പതിവില്ലാതെ ജ്ഞാനപ്പൂവിന്റെ കണ്ണുകള്‍ നിറയുന്നത് ദേവസഹായം കണ്ടു. തങ്ങളുടെ മതംമാറ്റം തറവാട്ടില്‍ ചില പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് ദേവസഹായത്തിനു തീര്‍ച്ചയുണ്ട്. അതിന്റെ പരിണതഫലം ഏറെക്കുറെ അനുഭവിക്കേണ്ടിവരിക തന്റെ ഭാര്യയാണ്. കാരണം, തറവാടു വിട്ട് ജ്ഞാനപ്പൂവിനു മറ്റൊരു സങ്കേതമില്ല.
ജ്ഞാനപ്പൂവിനെ പത്മനാഭപുരത്തേക്കു കൂട്ടിക്കൊണ്ടുവന്നു തന്നോടൊപ്പം താമസിപ്പിക്കുന്നതില്‍ മറ്റു തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല ദേവസഹായത്തിന്. അതിനുള്ള എല്ലാ സൗകര്യങ്ങളും പത്മനാഭപുരത്തുണ്ട്. പക്ഷേ, തറവാടിന് അവരുടെ സാന്നിധ്യം അനിവാര്യമാണ്. തറവാട്ടംഗങ്ങളില്‍ പലരും രോഗാരിഷ്ടതകളില്‍നിന്നു മോചിതരാകുന്നതേയുള്ളൂ. പുറപ്പെടുംമുമ്പ് ജ്ഞാനപ്പൂവിന്റെ വിഷമം കണ്ട് ദേവസഹായം പറഞ്ഞു:
''നീ ഒന്നും ചിന്തിച്ചു വിഷമിക്കേണ്ടതില്ല. ഭൂമിയില്‍ നമുക്കുണ്ടാകുന്ന സങ്കടങ്ങള്‍ ആത്മശുദ്ധീകരണത്തിനായി ദൈവം തരുന്ന ഔഷധങ്ങളാണ്. യേശുദേവനില്‍ മനസ്സര്‍പ്പിക്കുക. വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കുകയും നല്ലതുമാത്രം പ്രവര്‍ത്തിക്കുകയുമേ വേണ്ടൂ. നിത്യനായവന്‍ നമ്മെ കാത്തുരക്ഷിച്ചുകൊള്ളും.''
ദേവസഹായം കണ്ണില്‍നിന്നു മായുന്നതുവരെ ജ്ഞാനപ്പൂവ് നോക്കിനിന്നു. അവളുടെ നെഞ്ചില്‍ കാരണമില്ലാതെ ഒരു സങ്കടം വിങ്ങി. ഒരു പിടച്ചില്‍ അവള്‍ മനസ്സില്‍ അനുഭവിച്ചു.
അതിവിദൂരമല്ലാതെ എന്തൊക്കെയോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു. അങ്ങനെ അവളുടെ അന്തരംഗം മന്ത്രിക്കുന്നു. അവള്‍ പരലോകമാതാവിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു:
''എന്റെ ഭര്‍ത്താവിന് ആപത്തൊന്നും വരുത്തരുതേ...''
പത്മനാഭപുരത്തെത്തുമ്പോള്‍ ക്യാപ്റ്റന്‍ ഡിലനായി തന്നെ പ്രതീക്ഷിച്ചു നില്ക്കുകയാണെന്ന് ദേവസഹായത്തിനു തോന്നി. ദേവസഹായം കുതിരപ്പുറത്തുനിന്ന് ഇറങ്ങിയപ്പോഴേക്കും ഒരു ഭൃത്യന്‍ ഓടി വന്ന് കുതിരയെ വാങ്ങി ഒരു മരത്തില്‍ കൊണ്ടുചെന്നു കെട്ടി. അതിനു തീറ്റിയിട്ടു കൊടുത്തു.
ദേവസഹായം ഡിലനായിക്കടുത്തേക്കു ചെന്നു. അദ്ദേഹത്തോടൊപ്പം ചൊക്കലിംഗവും ധര്‍മരാജനും മറ്റു മൂന്നാലുപേരുമുണ്ടായിരുന്നു. അവരും പടയാളിക്കൂട്ടത്തിലെ അംഗങ്ങളാകണം.
ദേവസഹായം അവരെ അഭിവാദ്യം ചെയ്തു. അവര്‍ തിരിച്ചും.
''തറവാട്ടിലെല്ലാവര്‍ക്കും ക്ഷേമംതന്നെയോ മിത്രമേ...'' ഡിലനായി ചോദിച്ചു.
''തീര്‍ച്ചയായും.''
ക്യാപ്റ്റന്‍ ഡിലനായി ആഹ്ലാദവാനാണെന്ന് ദേവസഹായത്തിനു തോന്നി. അല്ലെങ്കിലും ഒരിക്കല്‍പ്പോലും മ്‌ളാനവദനനായി ദേവസഹായം അദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ, അതുപോലെയല്ല ഇപ്പോള്‍. അദ്ദേഹം പതിവിലുമേറെ ആഹ്ലാദചിത്തനാണ്.
''താങ്കള്‍ ഏതോ കാരണത്താല്‍ പതിവിലുമേറെ ആനന്ദമനുഭവിക്കുന്നു എന്ന് ഞാന്‍ കരുതട്ടെ.'' ദേവസഹായം പറഞ്ഞു.
''സത്യം തന്നെ പ്രിയ മിത്രമേ... ക്യാപ്റ്റന്‍ പ്രതിവചിച്ചു. ''ആ ആനന്ദത്തിനു കാരണം ഒരര്‍ത്ഥത്തില്‍ നിങ്ങള്‍തന്നെയാണ്.''
നേരിയൊരതിശയത്തിന്റെ മിതോഷ്ണതരംഗങ്ങള്‍ ദേവസഹായത്തില്‍ നുര കുത്തി. ദേവസഹായത്തിന് ഒന്നും നിശ്ചയം കിട്ടിയില്ല. കപ്പിത്താനിലേക്കു നോട്ടം നീട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു:
''ഞാന്‍ എന്തു ചെയ്തു കപ്പിത്താന്‍...''
''നിങ്ങള്‍ എന്താണു ചെയ്തതെന്ന് നിങ്ങള്‍തന്നെ അറിയുന്നില്ല.''
''ദയവായി തെളിച്ചുപറയൂ.''
''നിങ്ങളോടൊപ്പമുള്ള ഏകരാത്രിവാസംകൊണ്ട് ഇവര്‍ രണ്ടുപേരും സത്യവിശ്വാസത്തിലേക്കു വന്നിരിക്കുന്നു. ഇവര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. ഇവരോടൊപ്പം ഈ നില്ക്കുന്നവരും.
അദ്ഭുതപരതന്ത്രനായിപ്പോയി ദേവസഹായം. ദൂരെ പനങ്കാടുകളിലും വേപ്പുമരച്ചില്ലകളിലും പൂര്‍വ്വാഹ്നത്തിലെ കാറ്റുലയുന്നു. അതൊരു സങ്കീര്‍ത്തനാലാപനംപോലെ തോന്നിപ്പിച്ചു.
ദേവസഹായം നെറ്റിയില്‍ കുരിശു കോറി. ആകാശത്തേക്കു കണ്ണുകളുയര്‍ത്തി. വെണ്‍മേഘശകലങ്ങള്‍ ഒഴുകിനടക്കുന്ന ആകാശം. അത് അരൂപിയുടെ വെണ്‍പ്രാവുകളെപ്പോലെ തോന്നിപ്പിച്ചു.
''ദൈവമേ, നീ ആകാശത്തിനു മീതെ ഉയര്‍ന്നിരിക്കുന്നു. നിന്റെ മഹത്ത്വം ഭൂമി മുഴുവന്‍ പറക്കട്ടെ.'' ദേവസഹായം അങ്ങനെ ഉദീരണം ചെയ്തു.
ക്യാപ്റ്റന്‍ ഡിലനായി കുറിച്ചുകൊടുത്ത കത്തുമായി ദേവസഹായം ചൊക്കലിംഗത്തെയും കൂട്ടുകാരെയും വടക്കുംകുളത്ത് പരംജ്യോതിനാഥസ്വാമികളുടെ പക്കലേക്കയച്ചു. കാര്യങ്ങള്‍ ഒട്ടൊക്കെ രഹസ്യമായി സൂക്ഷിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ഡിലനായി പറഞ്ഞു:
''ദൈവം എത്രയോ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവന്‍ മാംസാവതാരത്തിലും പീഡാനുഭവങ്ങളിലും കുരിശുമരണത്തിലും എത്രയോ അദ്ഭുതകരമായ സ്‌നേഹമാണ് വെളിപ്പെടുത്തിയത്. എത്ര അതിശയകരമാണ് അവന്റെ തിരഞ്ഞെടുപ്പിന്റെ വഴികള്‍. ഞാന്‍ മുന്‍കൂട്ടി പറയുന്നു. മിത്രമേ, നിങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍തന്നെ.''
''ഈയുള്ളവന്‍ അങ്ങനെയൊന്നും കരുതുന്നില്ല കപ്പിത്താന്‍. ഞാന്‍ ശഷ്പസമാനനായ ഒരു മനുഷ്യന്‍ മാത്രം. ദൈവത്തിന്റെ സ്‌നേഹം തുന്നലില്ലാത്ത ഒരു മുഴുക്കുപ്പായംപോലെയാണ്. ആ കുപ്പായത്തിലേക്കുള്ള സന്നിവേശമാണ് ഇനി എന്റെ ശേഷിച്ച ജീവിതം. മറ്റൊന്നും ഞാന്‍ മോഹിക്കുന്നില്ല. ഭൂമിയില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളും പാരിതോഷികങ്ങളും ഒന്നും എന്നെ പ്രലോഭിപ്പിക്കുന്നില്ല...''
തെളിഞ്ഞ പകലായിരുന്നു. ദേവസഹായം തന്റെ ഔദ്യോഗികജോലികളിലേക്കും ക്യാപ്റ്റന്‍ ഡിലനായി പടയാളിത്താവളത്തിലേക്കും മടങ്ങി.
ദിവസങ്ങള്‍ ഇലപൊഴിയും കാലത്തേതെന്നപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു. ദേവസഹായം തന്റെ ജോലികളിലും പ്രാര്‍ത്ഥനയിലും മാത്രം മുഴുകി. സമയം കിട്ടുമ്പോഴൊക്കെ ജാതികളുടെ ഇടയില്‍ കര്‍ത്താവിന്റെ മഹത്ത്വം പ്രഘോഷിച്ചു. മറ്റൊന്നിലും അദ്ദേഹം വ്യാപൃതനായില്ല. ഒന്നിനെക്കുറിച്ചും ആശങ്കപ്പെട്ടില്ല.
അങ്ങനെയിരിക്കേ, കരുവാന്‍ മാണിക്കന്‍ ദേവസഹായത്തെ കാണാനായി പത്മനാഭപുരത്തെത്തി. അങ്ങനെയൊരു വരവ് ദേവസഹായം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും സഹായമഭ്യര്‍ത്ഥിച്ചാണോ മാണിക്യന്റെ വരവ്? അതോ മറ്റേതെങ്കിലും പ്രശ്‌നങ്ങളോ?
വല്ലപ്പോഴുമൊക്കെ പടയാളിത്താവളത്തിലേക്കുള്ള ആയുധങ്ങളുമായി മാണിക്യന്‍ പത്മനാഭപുരം കോട്ടയിലെ ആയുധപ്പുരയിലെത്താറുണ്ട്. അതിനുള്ള പ്രതിഫലവും വാങ്ങി മടങ്ങുകയല്ലാതെ ദേവസഹായത്തിനെ കാണാന്‍ മിനക്കെടാറില്ല. തന്റെ പെരിയമിത്രത്തിന്റെ തിരക്കുള്ള ജോലിസമയം ഒരു നിമിഷനേരമെങ്കിലും കവര്‍ന്നെടുക്കാന്‍ മാണിക്യന്‍ ഇഷ്ടപ്പെടുന്നില്ല.
തന്നെ കാണാനായി പത്മനാഭപുരത്തെത്തിയ മാണിക്യനില്‍ വലിയ മാറ്റങ്ങളൊന്നും കാണായില്ല. പഴയ മാണിക്യന്‍തന്നെ. ദേവസഹായത്തിനെ കണ്ടതേ മാണിക്യന്‍ പതിവുപോലെ ചിരിച്ചുകൊണ്ടു പറഞ്ഞു:
''വണക്കം പെരിയവരേ...''
സന്ധ്യയോടടുത്ത നേരമായിരുന്നത്. ഇന്നു നട്ടാലത്തേക്കു മടങ്ങേണ്ടതില്ലെന്നും തന്നോടൊപ്പം രാത്രി പോക്കാമെന്നും ദേവസഹായം മാണിക്യനോടു പറഞ്ഞു. അങ്ങനെയൊന്നു കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ മാണിക്യന്‍ ഒരു മടിയും കാട്ടാതെ സമ്മതം മൂളി.
രാത്രി കുളിയും അത്താഴവുമൊക്കെക്കഴിഞ്ഞ് ദേവസഹായം മാണിക്യനോടു ചോദിച്ചു:
''എന്താ ചങ്ങാതീ, ഈ വരവിന്റെ ഉദ്ദേശ്യം. ഇങ്ങനെയൊരു പതിവില്ലാത്തതുകൊണ്ടു ചോദിച്ചതാണ്.''
കുറച്ചുനേരത്തേക്കു മൗനമായിരുന്നു മാണിക്കന്റെ ഉത്തരം. മാണിക്യന് എന്തോ ഗൗരവമായി തന്നോടു സംസാരിക്കാനുണ്ടെന്ന് ദേവസഹായത്തിനു മനസ്സിലായി. പക്ഷേ, അതെന്താണെന്ന് അദ്ദേഹത്തിനൊരെത്തും പിടിയും കിട്ടുന്നില്ല. അതെന്തുമാകട്ടെ, ഒരു മനുഷ്യന്റെ ജീവിതത്തില്‍ പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നുമില്ല.
''മാണിക്യന്‍ കിടന്നോളൂ. നമുക്കു നാളെ സംസാരിക്കാം.''
''എനിക്കും വേദത്തില്‍ ചേരണം പെരിയവരേ...''
വളരെ പൊടുന്നനേയായിരുന്നു മാണിക്യന്റെ വാക്കുകള്‍. ദേവസഹായം തെല്ലൊന്നമ്പരക്കാതിരുന്നില്ല. അദ്ദേഹം വിടര്‍ന്ന കണ്ണുകളോടെ ഒരു നിമിഷം മാണിക്കനെ നോക്കിയിരുന്നു.
നട്ടാലത്തും പരിസരപ്രദേശങ്ങളിലുമായി കുടുംബക്കാരും ബന്ധുക്കളും അനവധിയുണ്ട്. അവരൊക്കെ മാണിക്യന്റെ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് ദേവസഹായം സന്ദേഹിച്ചു. അത് എന്തായാലും മാണിക്യന് അനുകൂലമാകില്ല.
''ശരിയായി ആലോചിച്ചിട്ടാണോ മാണിക്യന്‍, ഇങ്ങനെയൊരു തീരുമാനം.''
''ആലോചിച്ചിട്ടുതന്നെയാണ് പെരിയവരേ... അങ്ങയുടെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോകയില്ലെന്ന് ഈയുള്ളവനറിയാം. ആ തീരുമാനങ്ങളെ പിന്‍പറ്റുന്ന എനിക്കും പിഴയ്ക്കുന്നതെങ്ങനെ?''
''നിന്റെ തീരുമാനം വിശ്വാസത്താല്‍ അടിയുറച്ചതാണെങ്കില്‍ ദൈവത്തിന്റെ കരുണ നിന്റെ മേല്‍ ഉണ്ടാകും.'' ദേവസഹായം പറഞ്ഞു.
ദേവസഹായത്തിന്റെ അദ്ഭുതത്തിന് അതിരുകളില്ലാതാവുകയായിരുന്നു. ആരാണു മാണിക്യനോടു വേദം പ്രസംഗിച്ചത്? ആരാണ് മാണിക്യനോടു ക്രിസ്തുവിനെ പ്രഘോഷിച്ചത്? ഒന്നും നിശ്ചയമില്ല. പക്ഷേ, ഒന്നു നിശ്ചയം. യേശുദേവന്റെ ആണിപ്പഴുതുകളുള്ള കരങ്ങള്‍ മാണിക്യന്റെ ശിരസ്സിന് മുകളില്‍ വരിഞ്ഞു നില്ക്കുന്നു. എല്ലാം കാലത്തിന്റെ നിശ്ചയങ്ങള്‍. ദൈവത്തിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ക്ക് അന്തമില്ല.
തുടര്‍ന്നുള്ള നാലഞ്ചുദിനങ്ങള്‍. ആ ദിവസങ്ങളിലൊന്നും മാണിക്കന്റെ ആലയിലെ ഉല കത്തിയില്ല. ആലയിലെ അടകല്ലില്‍ ഇരുമ്പില്‍ ചുറ്റിക വീഴുന്ന ശബ്ദമുണര്‍ന്നില്ല. ആയുധങ്ങള്‍ പണിയാനേല്പിച്ചിരുന്ന നട്ടാലത്തെ കര്‍ഷകന്‍ അടഞ്ഞു കിടക്കുന്ന മാണിക്യന്റെ ആലയ്ക്കു മുമ്പില്‍ നിസ്സഹായരായി നിന്നു. പിന്നെ മാണിക്യന്റെ കൂരയിലന്വേഷിച്ചപ്പോള്‍ അവന്റെ അമ്മയും പെങ്ങന്മാരും പറഞ്ഞു:
''മാണിക്യന്‍ പത്മനാഭപുരത്തിനു പോയേക്കണൂ. നീലകണ്ഠന്‍ തമ്പ്രാനെ കാണാനായിട്ട്...''
നേരും നെറിയുംകെട്ട് പ്രവര്‍ത്തിക്കുന്നവനല്ല മാണിക്കന്‍. പറഞ്ഞ സമയത്തുതന്നെ പണിയായുധങ്ങള്‍ പണിതീര്‍ത്ത് കൊടുക്കുന്നവനാണ്. അക്കാര്യത്തില്‍ അച്ഛന്‍ മാതേവനേക്കാള്‍ കണിശക്കാരന്‍.
മരുതുകുളങ്ങരയിലെ നീലകണ്ഠനെ കാണാനാണ് മാണിക്കന്‍ പത്മനാഭപുരത്തിന് പോയിരിക്കുന്നത്. അതൊരു വെറും യാത്രയായിരിക്കില്ല. തക്കതായ കാരണമുണ്ടാകും. ആയുധങ്ങള്‍ പണിതീര്‍ത്ത് കിട്ടാത്തതില്‍ ആര്‍ക്കും അധികരിച്ച വിഷമമുണ്ടായില്ല. പോയ കാര്യം നിവര്‍ത്തിച്ചാല്‍ മാണിക്യന്‍ കാലവിളംബം കൂടാതെ മടങ്ങിയെത്തും.
മാണിക്യന്‍ നാലഞ്ചുദിനങ്ങള്‍ ദേവസഹായത്തിനൊപ്പം താമസിച്ചു. ഒഴിവുവേളകളില്‍ യേശുവിനെക്കുറിച്ച് മാണിക്യനോടു പറഞ്ഞു. അവന്റെ മഹത്വത്തെക്കുറിച്ചും...
അതിശക്തമായ ഭരണാധിപന്മാരും സാമ്രാജ്യധിപന്മാരും ഒരു സ്വപ്നംപോലെ കാലത്തിന്ന് പിന്നിലേക്കു മറഞ്ഞുപോയി. എന്നാല്‍ ഇരുപത് നൂറ്റാണ്ടുകള്‍ക്കപ്പുറം സ്വര്‍ഗാരോഹിതനായവന്റെ മഹത്വത്തെ തകിടം മറിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവന്‍ എന്നേക്കും വാഴുന്നു. അത് ലോകത്തിന്റെയും കാലത്തിന്റെയും മഹാനീതിയാണ്.
ദേവസഹായം പറഞ്ഞ കൊടുത്തതൊക്കെയും മാണിക്യന്‍ ഹൃദയത്തിലേക്കാവഹിച്ചെടുത്തു. പ്രാര്‍ത്ഥനകളും ജപങ്ങളും തെറ്റാതെ ഹൃദിസ്ഥമാക്കി. ജ്ഞാനസ്‌നാനത്തിന് മാണിക്യന്‍ പൂര്‍ണമായും ഒരുക്കമുള്ളവനായി.
ദേവസഹായത്തിന്റെ നാട്ടിലെ കൊല്ലപ്പണിക്കാരന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍വേണ്ടി പത്മനാഭപുരത്തെത്തിയിരിക്കുന്നു എന്ന അറിവ് ക്യാപ്റ്റന്‍ ഡിലനായിയെ ആഹ്‌ളാദചിത്തനാക്കി. അദ്ദേഹം ദേവസഹായത്തിന്റെ താമസസ്ഥലത്തുവന്ന് മാണിക്യനെ കണ്ടു. എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പിറ്റേന്ന് രാവിലെ ദേവസഹായത്തിന്റെ കുതിര ദേവസഹായത്തിനൊപ്പം മാണിക്യനെയും വഹിച്ചുകൊണ്ട് വടക്കുംകുളത്തേക്ക് തിരിച്ചു. കാര്യമറിഞ്ഞ പരംജ്യോതിനാഥ സ്വാമികള്‍ക്കും സന്തോഷമായി.
മാണിക്യന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് ശെല്‍വരാജ് എന്ന നാമധാരിയായി. ദേവസഹായംപിള്ളയായിരുന്നു തലതൊട്ടപ്പന്‍.
അന്നുതന്നെ ശെല്‍വരാജ് നട്ടാലത്തേക്കു തിരിച്ചു. ഡിലനായിയും ദേവസഹായവും കൂടി ചില പാരിതോഷികങ്ങളും അത്യാവശ്യം പണവുംകൊടുത്താണ് ശെല്‍വരാജിനെ മടക്കിയയച്ചത്.
ശേഷം ഒരു മാസത്തിനകം ശെല്‍വന്റെ വൃദ്ധമാതാവും രണ്ട് സഹോദരിമാരും ക്രിസ്തു മതാനുയായികളായി മാറി.
(തുടരും)