''അകത്തേക്കു വരൂ...''
ദേവസഹായം അവരെ ക്ഷണിച്ചു. ദേവസഹായത്തിനു പിന്നാലെ അവര്‍ ചെന്നുനിന്നത് തറവാടിനുള്ളിലെ ഊണ്‍മുറിയിലാണ്. വിശാലമായ അടുക്കളയോടു ചേര്‍ന്ന് അത്രയുംതന്നെ വിശാലമായിരുന്നു ഊണ്‍മുറിയും. പതിനാറു മുഴംനീളവും വീതിയുമുള്ള ഊണ്‍തട്ട്. ചുറ്റും കസേരകള്‍. തേക്കുമരത്തില്‍ പണിതവ.
''ഇരിക്കിന്‍...'' ദേവസഹായം പറഞ്ഞു. അവര്‍ ഇരുന്നു. ശേഷം ദേവസഹായവും.
കൊട്ടാരത്തിലെ ഊട്ടുപുരയില്‍പ്പോലും ഒരു ഊണ്‍മേശയില്ല. കരിമ്പനയോലകള്‍കൊണ്ടു നെയ്‌തെടുത്ത തടുക്കുകളിലിരുന്നാണ് എല്ലാവരും ഭക്ഷണം കഴിക്കുക. പടയാളിത്താവളത്തിലും അങ്ങനെതന്നെ. പത്മനാഭപുരത്തായിരിക്കുമ്പോള്‍ പെരിയോര്‍ ദേവസഹായവും അങ്ങനെതന്നെയാണല്ലോ എന്നവര്‍ നേരിയ അദ്ഭുതത്തോടെ ചിന്തിച്ചു.
''എനിക്കു നിങ്ങള്‍ രണ്ടുപേരെയും കണ്ടുപരിചയമുണ്ട്, പത്മനാഭപുരത്തു വച്ച്. അതില്‍ക്കൂടുതലൊന്നും നിങ്ങളെക്കുറിച്ചറിയില്ല.'' ദേവസഹായം പറഞ്ഞു.
ദേവസഹായം പറഞ്ഞതു സത്യംതന്നെ. തന്റെ ജോലികളിലൊഴികെ മറ്റൊന്നിലും ദേവസഹായം ശ്രദ്ധപതിപ്പിച്ചിരുന്നില്ല. കൊട്ടാരത്തോടനുബന്ധിച്ച് വളരെ കുറച്ചാളുകളോടു മാത്രമേ ദേവസഹായം അടുത്തിടപെട്ടിരുന്നുള്ളൂ. അതും ജോലിസംബന്ധമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നവരോടു മാത്രം. പിന്നെ വളരെയടുത്ത മിത്രമെന്നു പറയാന്‍ പത്മനാഭപുരത്ത് ഒരാള്‍ മാത്രം. ക്യാപ്റ്റന്‍ ഡിലനായി.
''ഞാന്‍ ധര്‍മരാജ്. തിരുവിതാംകൂര്‍പട്ടാളത്തിലെ കുതിപ്പടയാളി. സ്വദേശം തിരുനെല്‍വേലിയാണ്.'' ദേവസഹായത്തിന്റെ കുതിരയെ തെളിച്ചുകൊണ്ടുവന്നയാള്‍ പറഞ്ഞു.
''ഞാന്‍ ചൊക്കലിംഗം. തിരുവിതാംകൂര്‍ പടക്കൂട്ടത്തിലൊരാള്‍. ഇപ്പോള്‍ പ്രധാനമായും വലിയ കപ്പിത്താന്റെ കുതിരവണ്ടി തെളിക്കലാണു ജോലി. നല്ലത്. കപ്പിത്താന്‍ വലിയ മനുഷ്യനാണ്. മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന ഒരാള്‍. ധീരന്‍. അദ്ദേഹം നിങ്ങള്‍ക്ക് എന്നും വേണ്ടപ്പെട്ടവനായിരിക്കും.''
ചൊക്കലിംഗം ഓര്‍മിക്കുകയായിരുന്നു. കുളച്ചല്‍യുദ്ധം നടക്കുന്ന സമയം. യുദ്ധത്തിനിടയില്‍ തന്റെ വാള്‍മുനയില്‍നിന്ന് രക്ഷപ്പെടാനായി പിന്നാക്കം മാറിയ ഡിലനായി കാല്‍ വഴുതി പൂഴിയില്‍ മലര്‍ന്നു വീണു. ചൊക്കലിംഗത്തിന്റെ വാള്‍ക്കരുത്തില്‍ ഡച്ചു ക്യാപ്റ്റന്റെ കരവാള്‍ തെറിച്ചുപോയിരുന്നു. നിലത്തു വീണുകിടക്കുന്ന ക്യാപ്റ്റന്റെ കണ്ഠനാളത്തിനോടു തൊട്ട് ചൊക്കലിംഗത്തിന്റെ വാള്‍മുന നില്ക്കുന്നു. ഒന്നമര്‍ത്തിയാല്‍ മതി. ഒരു നിമിഷംകൊണ്ടു തീരും എല്ലാം.
പക്ഷേ, ചൊക്കലിംഗത്തെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു നിലത്തു നിരായുധനായിക്കിടക്കുന്ന ആ പരദേശി. അയാളുടെ കണ്ണുകളില്‍ ചൊക്കലിംഗം മരണഭീതി കണ്ടില്ല, മുഖത്ത് പരിഭ്രമവും. പകരം ഒരു മന്ദഹാസം മാത്രം. മരണം മുഖാമുഖം നില്ക്കുമ്പോഴും പുഞ്ചിരിക്കാന്‍ കഴിയുന്നവന്‍ ധീരനല്ലെങ്കില്‍ പിന്നെയാര്?
നിമിഷങ്ങള്‍കൊണ്ടാണ് ഡച്ചുസൈന്യം പിന്‍തിരിഞ്ഞോടിയത്. തിരുവിതാംകൂറിന്റെ പട്ടാളം ഇരുപത്തിനാലോളം ഡച്ചുപടയാളികളെ നിരായുധരാക്കി കീഴ്‌പ്പെടുത്തിയിരുന്നു. നിലത്തു കിടന്ന ക്യാപ്റ്റനെ ചൊക്കലിംഗം കൈകൊടുത്തെഴുന്നേല്പിച്ചു. തടവുകാരനായി പിടിക്കപ്പെട്ട ഇരുപത്തിനാലു പേരില്‍ ഒരാളായി തടങ്കല്‍പ്പാളയത്തിലേക്കു പോകുമ്പോള്‍, ക്യാപ്റ്റന്‍ തന്റെ ജിവനെടുക്കാന്‍ കൂട്ടാക്കാതിരുന്ന ചൊക്കലിംഗത്തെ ഒരു വട്ടം തിരിഞ്ഞുനോക്കി. അപ്പോഴും ആ മുഖത്ത് ഒരു മന്ദഹാസം തെളിഞ്ഞുനില്ക്കുന്നത് ചൊക്കലിംഗം കണ്ടു.
ഡച്ചുകപ്പല്‍പ്പടയുടെ തലവനായിരുന്ന ക്യാപ്റ്റന്‍ എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായി തിരുവിതാംകൂറിന്റെ വലിയ കപ്പിത്താനായതും ചൊക്കലിംഗം അദ്ദേഹത്തിന്റെ സാരഥിയായതും കാലം കാത്തുവച്ച മറ്റൊരു കഥ.
ഊണ്‍തട്ടില്‍ ഓട്ടുതളികകള്‍ നിരന്നു. ഭസ്മം ചേര്‍ത്തു തേച്ചുമിനുക്കിയ സ്വര്‍ണനിറമാര്‍ന്ന ഓട്ടുതളികകളില്‍ തുമ്പപ്പൂ നിറമാര്‍ന്ന ചമ്പാവരിച്ചോറ്. ഒഴിച്ചു കറികള്‍, തൊടുകറികള്‍...
രുചിപ്രദമായിരുന്നു അത്താഴ ഭോജനം. ഇത്ര ആസ്വാദ്യമായി ചൊക്കലിംഗവും ധര്‍മരാജനും ഈ അടുത്ത കാലത്തൊന്നും ഭക്ഷണം കഴിച്ചിട്ടില്ല. കൊട്ടാരത്തിലെ ഊട്ടുപുരയില്‍ നിന്നോ പത്മനാഭപുരം കോട്ടയിലെ പടയാളിത്താവളത്തില്‍നിന്നോ എന്തിനധികം സ്വന്തം ഭവനത്തില്‍നിന്നുപോലും.
ദേവസഹായത്തിന്റെ ഭാര്യയാണ് ഭക്ഷണം വിളമ്പിയത്. ആ സ്ത്രീ എത്രമേല്‍ ഐശ്വര്യവതിയാണെന്ന് അവര്‍ കണ്ടു. സാക്ഷാല്‍ മഹാലക്ഷ്മി. ഭര്‍ത്താവിനെക്കാള്‍ ആഗതര്‍ക്ക് ഭക്ഷണം വിളമ്പുന്നതിലായിരുന്നു അവരുടെ ശ്രദ്ധയത്രയും. എല്ലാ കറികളും കൂട്ടി നിറയെ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
ഊണുകഴിഞ്ഞ് അവര്‍ എഴുന്നേറ്റു കൈകഴുകി. അവര്‍ക്ക് വയറും മനസ്സും നിറഞ്ഞിരുന്നു. സാക്ഷാല്‍ അമൃതേത്തുതന്നെ. എങ്ങനെയാണ് ഈ ഉപചാരത്തിനു നന്ദി പറയുകയെന്ന് അവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല.
''പടിഞ്ഞാറേക്കോലായില്‍ നിങ്ങള്‍ക്കുറങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.'' ദേവസഹായത്തിന്റെ ഭാര്യ പറഞ്ഞു.
തിരുവിതാംകൂറിന്റെ കൂലിപ്പട്ടാളത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് കിട്ടേണ്ട സ്വീകരണമൊന്നുമല്ല അവര്‍ക്ക് മരുതുകുളങ്ങരത്തറവാട്ടില്‍ ലഭിച്ചത്. ഇത്രമാത്രം ബഹുമാനിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം അവരുടെ ജീവിതത്തിലുണ്ടായിട്ടില്ല.
''വരൂ...'' ദേവസഹായം പറഞ്ഞു. അവര്‍ ജ്ഞാനപ്പൂവിനോടു നന്ദിപറഞ്ഞ് ദേവസഹായത്തിനു പിന്നാലെ നടന്നു. ഉമ്മറത്തുകൂടി പടിഞ്ഞാറ്റയിലേക്ക്. പടിഞ്ഞാറേ കെട്ടിനുള്ളില്‍ അരണ്ട വെളിച്ചം. ദേവസഹായം വിളക്കിലെ തിരി നീട്ടിയിട്ടു.
കെട്ടിനുള്ളില്‍ വേനല്‍ച്ചൂടിന്റെ നേര്‍ത്ത അലകള്‍. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം ദേവസഹായം ജാലകങ്ങള്‍ തുറന്നിട്ടു.
''ഈ ജാലകങ്ങള്‍ തുറന്നിട്ടാല്‍ നല്ല കാറ്റു കിട്ടും. ഉഷ്ണം അറിയുകയേയില്ല.'' അതു നേരു തന്നെ. നേര്‍ത്ത ഇളംകാറ്റ് ചിറകുവീശിയെത്തുന്നു.
കെട്ടിനുള്ളില്‍ ഈട്ടിക്കാതലില്‍ പണിഞ്ഞ കട്ടിലുകള്‍, മെത്തപ്പായകള്‍, തലയിണകള്‍, പുതപ്പ്. കരിമ്പനയോലയില്‍ രാമച്ചവേരുകള്‍ചേര്‍ത്ത് മെനഞ്ഞ വിശറികള്‍. ചൊക്കലിംഗം വിശറികള്‍ മണപ്പിച്ചു നോക്കി. രാമച്ചത്തിന്റെ സുഗന്ധം ഉള്ളം കുളിര്‍പ്പിക്കുന്നു.
രാത്രി ഏറെനേരം ദേവസഹായം അവരുമായി സംസാരിച്ചിരുന്നു. ഓരോരോ നാട്ടുവര്‍ത്തമാനങ്ങള്‍. പിന്നെ ഗൗരവമുള്ള കാര്യങ്ങളിലേക്കവരുടെ സംസാരം വഴിമാറി. ഇതിഹാസങ്ങളും ഉപനിഷത്തുകളുമൊക്കെ സംസാരവിഷയങ്ങളാക്കി.
മഹാജ്ഞാനിയായ ഒരു ഗുരുനാഥന്റ മുമ്പിലിരിക്കുന്ന പഠിതാക്കളായ കുട്ടികളാണു തങ്ങളെന്ന് ചൊക്കലിംഗത്തിനും ധര്‍മരാജനും തോന്നിപ്പോയി. അധികാരത്തിന്റെ ഗര്‍വോ സമ്പന്നതയുടെ പ്രൗഢമായ പ്രകടനങ്ങളോടെ ഈ മനുഷ്യനില്‍ കാണാനാവുന്നില്ല. ജടാധരന്റെ കുടുമയില്‍നിന്നുള്ള ഗംഗാപ്രവാഹംപോലെയായിരുന്നു ദേവസഹായത്തില്‍നിന്നുതിരുന്ന വാക്‌ധോരണി.
ധര്‍മരാജനോ ചൊക്കലിംഗവമോ, മഹാഭാരതമോ രാമായണമോ വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. പുരാണങ്ങളോ ചതുര്‍വേദങ്ങളോ അറിയില്ല. അത്തരം ഗ്രന്ഥങ്ങളൊന്നും അവരുടെ വീടുകളില്‍ ഉണ്ടായിരുന്നില്ല. പ്രാഥമിക പാഠശാലകളിലൊന്നും അത്തരം ഗ്രന്ഥങ്ങള്‍ പഠനവിഷയങ്ങളായതുമില്ല.
തങ്ങള്‍ ശ്രേഷ്ഠഹിന്ദുക്കളാണെന്നും രാമായണവും മഹാഭാരതവുമൊക്കെ തങ്ങളുടെ മഹത്തായ വേദഗ്രന്ഥങ്ങളാണെന്നുമുള്ള കേവലവിശ്വാസങ്ങള്‍ക്കപ്പുറം ആ ഗ്രന്ഥങ്ങളുടെ അന്തഃസത്തയെക്കുറിച്ച് അവര്‍ക്കു യാതൊരു ജ്ഞാനവുമുണ്ടായിരുന്നില്ല.
പക്ഷേ, അതൊക്കെ കരതലാമലകംപോലെ സ്വായത്തമാക്കിയ തങ്ങളുടെ മേലധികാരി എങ്ങനെ ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ളത് അവരെ സംബന്ധിച്ച് ആകുലകരവും അലോസരമുളവാക്കുന്നതുമായ ഒന്നായിരുന്നു. സംസാരത്തിനിടയില്‍ ആശങ്കകളോടെയാണെങ്കിലും അവര്‍ അതു സൂചിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ദേവസഹായം പറഞ്ഞു:
''ഈ പ്രപഞ്ചസൃഷ്ടിക്കു പിന്നിലുള്ള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യമെന്തെന്നു മനസ്സിലാക്കണമെങ്കില്‍ മനുഷ്യരായ നമുക്ക് കുറച്ചൊന്നുമല്ലാത്ത ഒരു ബൗദ്ധികയഞ്ജം വേണം. അതോടൊപ്പം ആരാണ് യഥാര്‍ത്ഥ ദൈവമെന്നും അവനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതത്തിന്റെ പൊരുളെന്തെന്നും നമ്മള്‍ തിരിച്ചറിയണം.''
''മനുഷ്യന്‍ കേവലം ഒരു ജീവി മാത്രമല്ല. മറ്റു ജീവജാലങ്ങളില്‍നിന്നു വിഭിന്നമായി ചിന്തിക്കാനും കണ്ടെത്തുവാനും അവനു കഴിയും. ആ കണ്ടെത്തലുകളാണ് ഒരുവനെ ശ്രേഷ്ഠനായ മനുഷ്യനാക്കിത്തീര്‍ക്കുന്നത്.''
''പാപരഹിതനായി ഭൂമിയിലവതരിച്ച യേശുദേവന്‍ മാത്രമാണ് നമ്മുടെ യഥാര്‍ത്ഥ വഴികാട്ടി. അവന്‍ മാത്രമാണ് ദൈവത്തില്‍നിന്നുള്ളവന്‍. അവന്‍ ബലി ആവശ്യപ്പെടുന്നില്ല. പകരം പാപപങ്കിലമായ ഈ ലോകത്തിനുവേണ്ടി സ്വയം ബലിയായിത്തീരുകയാണു ചെയ്തത്. യൂദയായിലെ കുന്നിന്‍ചെരുവുകളിലും സമതലങ്ങളിലും ഗലീലിയിലെ കടലോരത്തും യോര്‍ദാന്‍ നദീതടങ്ങളിലും അവന്‍ ജനങ്ങളെ പഠിപ്പിച്ചു നടക്കുമ്പോള്‍ സ്‌നേഹം മാത്രമായിരുന്നു അവന്റെ പാഥേയം. അവന്‍ മാത്രമാണു സ്‌നേഹത്തെക്കുറിച്ചു നമ്മോടു സംസാരിച്ചത്.''
''അവന്‍ മാത്രമാണ് നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനും വ്യഭിചാരമരുതെന്നും മോഷ്ടിക്കരുതെന്നും കള്ളസാക്ഷി പറയരുതെന്നും പറഞ്ഞുതന്നവന്‍.''
രണ്ടു കുപ്പായം സ്വന്തമായുള്ളവന്‍ അതിലൊന്ന് ഇല്ലാത്തവനു കൊടുക്കണമെന്നും നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കണമെന്നും പറഞ്ഞുതന്നത് അവന്‍ മാത്രമാണ്. അവന്‍ പുനര്‍ജന്മത്തെക്കുറിച്ചും വിഗ്രഹാരാധനയെക്കുറിച്ചും സംസാരിച്ചില്ല. പകരം സ്വര്‍ഗരാജ്യത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നമ്മോടു പറഞ്ഞു. അവന്‍ സംസാരിച്ചത് മുപ്പത്തിമുക്കോടി ദൈവങ്ങളെക്കുറിച്ചല്ല. ഏക ദൈവത്തെക്കുറിച്ചാണ്.
''ഭൂമിയിലെ ജീവിതവേഷങ്ങള്‍ അഴിച്ചുവച്ച് മരണശേഷം നമ്മുടെ ആത്മാവ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിച്ച് സച്ചിദാനന്ദസ്വരൂപനായ ദൈവത്തിന്റെ സന്നിധിയില്‍ നിത്യസന്തോഷം അനുഭവിക്കേണ്ടതിനെക്കുറിച്ചാണ്.''
രാവ് ഏറെച്ചെന്നിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ പടിഞ്ഞാറേ ആകാശത്തില്‍ അര്‍ദ്ധചന്ദ്രനെ കാണാം. നിലാവിന്റെ കുഞ്ഞലകള്‍ ഇറുന്നുവീഴുന്നു. ഇപ്പോള്‍ കാറ്റ് ജാലകം കടന്നെത്തുന്നത് കുടമുല്ലപ്പൂക്കളുടെ സൗരഭ്യംകൊണ്ടാണ്.
''ക്ഷമിക്കണം. ഓരോന്നു പറഞ്ഞിരുന്ന് ഞാന്‍ വൃഥാ നിങ്ങളുടെ ഉറക്കം കെടുത്തി.'' ദേവസഹായം പറഞ്ഞു.
''ഒരിക്കലുമില്ല പെരിയവരേ.'' ചൊക്കലിംഗം പറഞ്ഞു. ''ഉറക്കം ഞങ്ങളില്‍നിന്ന് എത്രയോ കാതം അകലെയാണ്.''
''എങ്ങനെയാണ് ഈ രാത്രിക്കും അങ്ങയുടെയും ഭാര്യയുടെയും ആതിഥ്യത്തിനും നന്ദി പറയേണ്ടതെന്നറിയില്ല.'' ധര്‍മരാജ് പറഞ്ഞു.
''നന്ദിയോ...? അങ്ങനെയൊന്നും പറയേണ്ടതില്ല. നമുക്ക് നന്ദിയും കടപ്പാടും കാരുണ്യനിധിയായ ദൈവത്തോടാണു വേണ്ടത്. അവന്റെ കാരുണ്യമാണ് ഒരു രാത്രിയെങ്കിലും ഒരു കൂരയ്ക്കു കീഴില്‍ ഒരുമിച്ചു പാര്‍ക്കാന്‍ അവസരമൊരുക്കിയത്. ശരി, നിങ്ങള്‍ക്കു മരുതുകുളങ്ങരയില്‍ സുഖനിദ്ര നേരുന്നു.''
ദേവസഹായം അവരെ വിട്ട് ഉറക്കറയിലേക്കു പോയി. അവര്‍ക്കാകട്ടെ തെല്ലും ഉറക്കം വന്നില്ല. ദേവസഹായത്തിന്റെ ദൈവം പഠിപ്പിച്ചതുപോലെ സ്‌നേഹം വിളമ്പുന്ന ഒരു മനുഷ്യനെ ആദ്യമായി അറിയുകയായിരുന്നു അവര്‍. എളിമയുടെയും വിനയത്തിന്റെയും മൂര്‍ത്തരൂപം.
പുറത്ത് നിലാവിന്റെ ലാവണ്യത്തിരകളിളകുന്നുണ്ട്. കാറ്റ് കുറച്ചുകൂടി ശീതളമായിരിക്കുന്നു. ചൊക്കലിംഗം വിളക്കിലെ തിരി നീട്ടിയിട്ടു.
''നമുക്കും സത്യവേദം സ്വീകരിച്ചാലോ?'' വിളക്കില്‍നിന്ന് വിരലില്‍ പറ്റിയ എണ്ണ തലയില്‍ തുടച്ചുകൊണ്ട് ചൊക്കലിംഗം പറഞ്ഞു. ധര്‍മരാജ് നേരിയൊരമ്പരപ്പോടെ കൂട്ടുകാരനെ നോക്കി.
''എന്താ നീ ഇങ്ങനെ നോക്കുന്നത്. ഭയമാണോ?''
''അല്ല. ഞാനും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.''
''അപ്പോള്‍ നമ്മളിരുവരും ഒരുപോലെ ചിന്തിക്കുന്നു. നമുക്കാലോചിക്കാം. സമയമുണ്ട്.''
അവര്‍ സംസാരം നിറുത്തി ഉറങ്ങാന്‍ കിടന്നു. ഓരോന്നാലോചിച്ചു കിടന്ന് അവര്‍ ഉറക്കത്തിലേക്കു വഴുതി. ദൈര്‍ഘ്യരഹിതമെങ്കിലും സുഖകരമായ നിദ്ര.
പ്രഭാതത്തിനുമുമ്പേ ദേവസഹായം അവരെ വിളിച്ചുണര്‍ത്തി. കുളിയും മറ്റ് പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് അവര്‍ പത്മനാഭപുരത്തിനു തിരിച്ചു.
വെട്ടം വീണുതുടങ്ങിയതേയുള്ളൂ. ദേവസഹായം നട്ടാലത്തിന്റെ ഇടവഴികളിലൂടെ തന്റെ കുതിരയെ തെളിച്ചു. കുതിരക്കുളമ്പടികള്‍ നട്ടാലത്തെ പുലരിക്കുളിരില്‍നിന്നുണര്‍ത്തി. ആളുകള്‍ ജനാലകളും വാതിലുകളും തുറന്ന് എത്തി നോക്കി. മരുതുകുളങ്ങരയിലെ നീലകണ്ഠനാണ് ആ പോകുന്നത്.
ദേവസഹായം ചെന്നുനിന്നത് കരുവാന്‍ മാണിക്കന്റെ ആലയ്ക്കു മുമ്പിലാണ്. ആലയില്‍ ഉല കത്തുന്നുണ്ട്. അടകല്ലില്‍ വച്ച പഴുത്ത ഇരുമ്പില്‍ ചുറ്റിക വീഴുന്ന ശബ്ദം ദേവസഹായം അകലെനിന്നേ കേട്ടിരുന്നു.
ആലയ്ക്കു പുറത്തേക്കു വന്ന മാണിക്യന്‍ നന്നേ വിയര്‍ത്തു കുളിച്ചിരുന്നു. വെളുക്കും മുമ്പേ തുടങ്ങിയ ജോലിയായിരിക്കണം. അതോ രാത്രി മുഴുവനുമായിട്ടുള്ളതോ...
മാണിക്യന്‍ ദേവസഹായത്തിനു നേരേ കൈകള്‍ കൂപ്പി വിടര്‍ന്നുചിരിച്ചു. എന്നിട്ടു പറഞ്ഞു:
''പെരിയവരെന്നെ മറന്നു എന്നു ഞാന്‍ കരുതി.''
''മാണിക്യന്‍ എന്നെ മറക്കാതിരിക്കാനാണ് ഞാനിവിടേക്കു വന്നത്.''
''പെരിയവരെ മറക്കാനോ... അതിനീ മാണിക്യന്‍ മരിക്കണം.''
''മരണത്തേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. അതിനൊക്കെ കര്‍ത്താവായ ദൈവം നേരം കുറിച്ചിട്ടുണ്ട്.''
''പെരിയവര്‍ സത്യവേദം സ്വീകരിച്ചു. ഇല്ലേ...''
അപ്രതീക്ഷിതമായിരുന്നു മാണിക്യന്റെ ചോദ്യം. ദേവസഹായം ചെറുതായിട്ടൊന്നു നടുങ്ങി.
(തുടരും)