മൂന്നാംയാമം. കിഴക്കിന്റെ ചക്രവാളത്തില്‍ അരുണഭഗവാന്‍ നിദ്രയുണര്‍ന്നിട്ടില്ല. നട്ടാലത്തെ വടവൃക്ഷച്ചില്ലകളില്‍ ചേക്കേറിയ പക്ഷിക്കൂട്ടങ്ങളും ഉണര്‍ന്നിരുന്നില്ല. രാത്രിമഴ വിതറിയ കുളിരില്‍ പ്രകൃതി സുഖദമായ മയക്കത്തില്‍ത്തന്നെ.
രാമഴയും പ്രകൃതിയും പാടേ തോര്‍ന്നിരുന്നു. നേര്‍ത്ത നിലാവും കുളിരും പെയ്തുകൊണ്ടിരുന്നു.
മരുതുകുളങ്ങരത്തറവാടിന്റെ മുറ്റത്തുനിന്ന് ദേവസഹായത്തിന്റെ കുതിര നിലാവു പകുത്ത് പത്മനാഭപുരത്തേക്കു ചുവടുകള്‍ വച്ചു. കുതിരപ്പുറത്ത് ദേവസഹായത്തിനൊപ്പം ഭാര്‍ഗവിയുമുണ്ടായിരുന്നു.
ദേവസഹായത്തിന്റെ കുതിരചെന്നുനിന്നത് ഉദയഗിരിയിലാണ്. ക്യാപ്റ്റന്‍ ഡിലനായിയുടെ മാളികയ്ക്കു മുമ്പില്‍. ദേവസഹായത്തിനെയും ഭാര്യയെയും ക്യാപ്റ്റന്‍ ഡിലനായിയുടെ കുടുംബം വളരെ ആഹ്ലാദത്തോടെയാണു സ്വീകരിച്ചത്.
അപ്രതീക്ഷിതമായിരുന്നു ദേവസഹായത്തിന്റെയും ഭാര്യയുടെയും വരവ്. അതു ക്യാപ്റ്റന്‍ ഡിലനായിയില്‍ ചെറുതല്ലാത്ത ഒരാശങ്ക ഉണര്‍ത്താതിരുന്നില്ല.
ദേവസഹായത്തിന്റെ മതപരിവര്‍ത്തനം തറവാട്ടില്‍ എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കാം. അതുകൊണ്ടാകണം ദേവസഹായം ഉദയഗിരിയിലേക്കെത്തിയതെന്ന് ക്യാപ്റ്റന്‍ ഡിലനായി കരുതി.
ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിലാണെങ്കില്‍പ്പോലും ഇത്രകാലം ജീവിച്ച തറവാടും സ്വന്തക്കാരെയും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു പോരുക എന്നതു വേദനാജനകംതന്നെയാണ്. ഒരര്‍ത്ഥത്തില്‍ അതു ഹൃദയം പകുത്തുമാറ്റുന്നതിനു തുല്യമാണ്.
അങ്ങനെയാണെങ്കില്‍പ്പോലും അതൊരു വലിയ പ്രശ്‌നമായി ക്യാപ്റ്റന്‍ ഡിലനായിക്കു തോന്നിയില്ല. കൊട്ടാരത്തില്‍നിന്ന് എല്ലാവിധ സംരക്ഷണവും ദേവസഹായത്തിനു ലഭിക്കും. കാരണം, മഹാരാജാവിനും ഉദ്യോഗസ്ഥവൃന്ദത്തിനും ദേവസഹായം പ്രിയപ്പെട്ടവന്‍തന്നെ.
എങ്കിലും അശുഭകരമായ എന്തോ ഒന്ന് ദേവസഹായത്തിനു വിളിപ്പാടകലെ നില്ക്കുന്നുവെന്ന് ഡിലനായിയുടെ മനസ്സ് പറഞ്ഞു. എന്തെന്നാല്‍, ദേവസഹായം തിരഞ്ഞെടുത്ത വഴി കുരിശിന്റേതാണ്. ആ വഴികളില്‍ പട്ടുപരവതാനി വിരിക്കപ്പെടുകയില്ല, പൂക്കള്‍ വിതറപ്പെടുകയില്ല.
പക്ഷേ, ഭാര്‍ഗവിയുടെ വരവ് തന്റെ ഭര്‍ത്താവിന്റെ ചുവടുകള്‍ പിന്‍തുടരാനാണെന്നറിഞ്ഞപ്പോള്‍ ഡിലനായിയിലുണ്ടായിരുന്ന ആശങ്കകള്‍ അറ്റുപോയി. ഡിലനായിയും കുടുംബവും അതിരറ്റു സന്തോഷിച്ചു. ഭൂമിയില്‍ ഒരു ജ്ഞാനപുഷ്പംകൂടി വിടരുന്നു.
ദേവസഹായം ഭാര്യയെ ഡിലനായിയുടെ മാളികയിലാക്കി പത്മനാഭപുരത്തിനു പുറപ്പെട്ടു. അവിടെ ദേവസഹായത്തിന് ഔദ്യോഗികമായി നിര്‍വഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. പത്മനാഭപുരം കോട്ടയുടെ പണി അവസാനഘട്ടത്തിലാണ്. കൊട്ടാരംവക ഊട്ടുപുരയിലും ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നു.
പത്മനാഭപുരത്ത് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ നിവര്‍ത്തിച്ച് ദേവസഹായം വടക്കുംകുളത്തേക്കു തിരിച്ചു. ഡിലനായിയും ഭാര്യയും ഭാര്‍ഗവിയെയും കൂട്ടി വടക്കുംകുളത്തേക്കു തിരിച്ചിട്ടുണ്ടാകണം. അങ്ങനെ പറഞ്ഞുറപ്പിച്ചാണ് ദേവസഹായം പത്മനാഭപുരത്തേക്കു തിരിച്ചത്.
ദേവസഹായത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. അദ്ദേഹം വടക്കുംകുളം ദേവാലയത്തിലെത്തിയപ്പോള്‍ പള്ളിമുറ്റത്ത് ഡിലനായിയുടെ കുതിരവണ്ടി കണ്ടു. അവര്‍ നേരത്തേ എത്തിയിരിക്കുന്നു.
ക്യാപ്റ്റന്‍ ഡിലനായി അങ്ങനെയാണ്. താന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കില്ല. ആ മഹിമകൊണ്ടുകൂടിയാണ് പരദേശിയായ ആ മനുഷ്യന്‍ തിരുവിതാംകൂറുകാരനായതും തിരുവിതാംകൂറിന്റെ പടത്തലവനായതും.
പള്ളിമേടയുടെ ഉമ്മറത്ത് ഭാര്‍ഗവിയോടൊപ്പം അവരെല്ലാവരുമുണ്ട്. പരംജ്യോതിനാഥസ്വാമികളുമായി സംസാരിച്ചു നില്ക്കുന്നു. ദേവസഹായംപിള്ളയുടെ തലതൊട്ടപ്പന്‍ ജ്ഞാനപ്രകാശംപിള്ളയുമുണ്ടായിരുന്നു അവരോടൊപ്പം.
പരംജ്യോതിനാഥസ്വാമികള്‍ വളരെ ആഹ്‌ളാദത്തോടെയാണ് ദേവസഹായത്തെ സ്വീകരിച്ചത്. ദേവസഹായത്തിന്റെ ജ്ഞാനസ്‌നാനത്തിനുശേഷം തന്റെ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളിലെല്ലാം അദ്ദേഹം ദേവസഹായത്തിനെ സ്മരിച്ചിരുന്നു. എന്തെന്നാല്‍, ദേവസഹായം 'തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന് അദ്ദേഹത്തിന്റെ മനസ്സ് സദാ മന്ത്രിച്ചുകൊണ്ടിരുന്നു.
ഭാര്‍ഗവി പുതിയ പുടവകളാണണിഞ്ഞിരിക്കുന്നതെന്ന് ദേവസഹായം കണ്ടു. അതു കപ്പിത്താന്‍ കുടുംബത്തിന്റെ ഉപഹാരമായിരിക്കണം. അങ്ങനെയല്ലാതെ മറ്റെവിടുന്ന്? ഭാര്‍ഗവി സത്യവേദം സ്വീകരിക്കുന്നതില്‍ അവരെക്കാള്‍ ആഹ്ലാദിക്കുന്നത് മറ്റാര്?
അത് സ്വര്‍ഗം തുറക്കപ്പെട്ട മറ്റൊരു നിമിഷം. ആകാശത്ത് പരശതം പകല്‍നക്ഷത്രങ്ങള്‍ പൂത്ത നിമിഷം. വാനമേഘങ്ങളില്‍നിന്ന് ദൈവത്തിന്റെ ചിത്രപതംഗങ്ങള്‍ ഭൂമിയിലേക്കു ചിറകടിച്ച നേരം.
പരംജ്യോതിനാഥസ്വാമികള്‍ ഭാര്‍ഗവിയെ സ്‌നാനപ്പെടുത്തി. അവള്‍ക്ക് ജ്ഞാനപ്പൂ (ത്രേസ്യ) എന്ന് പേരു കല്പിച്ചു. ജ്ഞാനപ്രകാശംപിള്ളതന്നെയായിരുന്നു ജ്ഞാനപ്പൂവിന്റെയും തലതൊട്ടപ്പന്‍.
സ്‌നാനജലം തലയില്‍ വീണപ്പോള്‍ ജ്ഞാനപ്പൂവില്‍നിന്ന് ഭാര്‍ഗവി അഴിഞ്ഞുപോയി. അവള്‍ പ്രാണനില്‍ പുതിയൊരു പ്രകാശം ദര്‍ശിച്ചു. അവളുടെ കണ്ണുകളെ ബാധിച്ചിരിക്കുന്ന കാമില ചീന്തിപ്പോയി. അവളിപ്പോള്‍ കാണുന്നതു പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. അവളുടെ വിചിന്തനങ്ങളും പുതിയത്.
പിന്നീടായിരുന്നു ജ്ഞാനക്കല്യാണം. ക്രിസ്തീയാചാരപ്രകാരം ദേവസഹായംപിള്ളയും ജ്ഞാനപ്പൂവും വിവാഹിതരായി. പരംജ്യോതിനാഥസ്വാമികള്‍ ഹൃദയപൂര്‍വം അവരെ അനുഗ്രഹിച്ചാശീര്‍വദിച്ചു. അവര്‍ നവദമ്പതികളായി പുളകംകൊണ്ടു.
മാര്‍ഗരറ്റ് രത്‌നഖചിതങ്ങളായ അംഗൂലീയങ്ങള്‍ ദമ്പതിമാര്‍ക്കു വിവാഹസമ്മാനമായി നല്കി. മാളികയില്‍ അതിവിശിഷ്ടമായ വിരുന്നും ഒരുക്കിയിരുന്നു. ഊഷ്മളമായിരുന്നു ഡിലനായിയുടെ മാളികയില്‍നിന്നുള്ള അനുഭവങ്ങള്‍.
പക്ഷേ, അതൊന്നുമായിരുന്നില്ല ജ്ഞാനപ്പൂവമ്മാളെ ആഹ്ലാദിപ്പിച്ചത്. വിവാഹസമ്മാനമായി ലഭിച്ച പുതുവസ്ത്രങ്ങളോ രത്‌നം പതിച്ച മോതിരമോ പാശ്ചാത്യവിഭവങ്ങളോടുകൂടിയ വിരുന്നോ ഒന്നുമായിരുന്നില്ല.
തന്റെ പ്രിയതമന്റെ കാലടികള്‍ പിന്‍തുടരാന്‍ സാധിച്ചിരിക്കുന്നു എന്നുള്ളതായിരുന്നു അവളുടെ ആഹ്ലാദം. തന്റെ ഭര്‍ത്താവ് സത്യവേദം സ്വീകരിച്ചതോടെ തന്നില്‍നിന്ന് അകന്നു പോകുന്നുവോ എന്നവള്‍ അകാരണമായി ഭയപ്പെട്ടിരുന്നു. അങ്ങനെയൊന്ന് അവള്‍ക്കു ചിന്തിക്കാന്‍പോലുമാകുമായിരുന്നില്ല.
ഇപ്പോള്‍ അത്തരം ആശങ്കകളെല്ലാം അവളില്‍നിന്നു കൂടൊഴിഞ്ഞുപോയിരുന്നു. അവളിപ്പോള്‍ അവളുടെ പ്രിയതമന്റെ ഹൃദയത്തെ മുറുകെപ്പിടിച്ചിരിക്കുന്നു.
നേരം ചാഞ്ഞുതുടങ്ങിയിരുന്നു. ദേവസഹായവും ക്യാപ്റ്റന്‍ ഡിലനായിയും മട്ടുപ്പാവിലായിരുന്നു. ജോഹന്നാസും മാര്‍ഗരറ്റും ഒപ്പമുണ്ടായിരുന്നതിനാല്‍ ജ്ഞാനപ്പൂവിനു മുഷിഞ്ഞില്ല. പൂര്‍ണമായും വശപ്പെടാത്ത തമിഴ്ഭാഷയിലുള്ള മാര്‍ഗരറ്റിന്റെ സംസാരം ജ്ഞാനപ്പൂവിനു നന്നേ ബോധിച്ചു. ഔപചാരികതകളൊന്നുമില്ലാതെ കാപട്യരഹിതമായിരുന്നു മാര്‍ഗരറ്റിന്റെ വര്‍ത്തമാനമത്രയും. ഒരു നല്ല സുഹൃത്തിനെ ജ്ഞാനപ്പൂ അനുഭവിച്ചറിയുകയായിരുന്നു.
ഭര്‍ത്താവ് താമസിക്കുന്നതില്‍ ജ്ഞാനപ്പൂവിന് അസ്വസ്ഥത തോന്നി. എത്രയും പെട്ടെന്ന് മരുതുകുളങ്ങരയിലെത്തണം. ഒര്‍ത്ഥത്തില്‍ തട്ടിയും തടഞ്ഞുമാണ് തറവാട്ടുകാര്യങ്ങള്‍ മുമ്പോട്ടുപോകുന്നത്. തറവാടിനുണ്ടായിക്കൊണ്ടിരിക്കുന്ന അരിഷ്ടതകള്‍ക്കു കുറവൊന്നുമില്ല. താന്‍ അവിടെയില്ലെങ്കില്‍ അടുക്കളക്കാര്യങ്ങള്‍ക്കുപോലും ഉടവു തട്ടും. വാല്യക്കാരികളോ പുറംജോലിക്കാരോ കൂട്ടിയാല്‍ കൂടുന്നതല്ല തറവാട്ടുകാര്യങ്ങള്‍.
തറവാട്ടില്‍ ദീനക്കാരുടെ എണ്ണവും കുറവില്ല. ഒരാള്‍ക്കു കുറവെന്നു കാണുമ്പോള്‍ മറ്റൊരാള്‍ക്കാവും അസുഖം. കാരണവര്‍ക്കുപോലും സൗഖ്യമായി എന്നു പറയാവുന്നതേയുള്ളൂ. പൂര്‍ണ ആരോഗ്യത്തിലേക്കെത്തിയിട്ടില്ല. അപ്പോഴേക്കും ദേവസഹായത്തിന്റെ സഹചാരിയും ബന്ധുവുമായ കുമരനും ദീനക്കടലിലായി.
ദേവസഹായത്തിന്റെ ഉദ്യോഗലബ്ധിക്കുശേഷം ജ്ഞാനപ്പൂവിന് ഒരു വലിയ സഹായം തന്നെയായിരുന്നു കുമരന്‍. എന്തിനുമേതിനും കുമരന്‍ ജ്ഞാനപ്പൂവിനൊപ്പമുണ്ടാകും. കുമരനാണ് തറവാടിനു പുറത്തുള്ള കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്നത്. ഇപ്പോള്‍ അതും താളം തെറ്റിയിരിക്കുന്നു.
പിന്നെയും താമസിച്ചാണ് ഡിലനായിയും ദേവസഹായവും മട്ടുപ്പാവിന്റെ പടികളിറങ്ങിവന്നത്. അവര്‍ നട്ടാലത്തേക്കു മടങ്ങാനൊരുങ്ങി. ആ കുടുംബത്തോടു യാത്ര പറഞ്ഞു.
ക്യാപ്റ്റന്‍ ഡിലനായിയുടെ കുതിരവണ്ടിയിലായിരുന്നു ദേവസഹായത്തിന്റെയും ഭാര്യയുടെയും നട്ടാലത്തേക്കുള്ള മടക്കം. ഡിലനായിതന്നെയാണ് അങ്ങനെയൊരു നിര്‍ദേശം വച്ചത്. അതാണ് നല്ലത് എന്ന് ദേവസഹായത്തിനും തോന്നി.
ഇനി രണ്ടുമൂന്നുനാള്‍ മരുതുകുളങ്ങരയില്‍ ജ്ഞാനപ്പൂവിനൊപ്പമാണ് ദേവസഹായത്തിന്റെ വാസം. അതിനുള്ള അനുവാദം ദേവസഹായം കൊട്ടാരത്തില്‍നിന്നു തരപ്പെടുത്തിയിരുന്നു. ഉദ്യോഗലബ്ധിക്കുശേഷം മരുതുകുളങ്ങരയില്‍ അന്തിയുറങ്ങുക എന്നതു വല്ലപ്പോഴും സംഭവിക്കുന്ന ഒന്നായി പരിണമിച്ചിരുന്നു. അത്രയ്ക്കുണ്ടായിരുന്ന പത്മനാഭപുരത്തെ തിരക്കുകള്‍.
സന്ധ്യയും ക്യാപ്റ്റന്‍ ഡിലനായിയുടെ കുതിരവണ്ടിയും ഒരുമിച്ചാണ് മരുതുകുളങ്ങരയിലെത്തിയത്. കുതിരവണ്ടിക്കു പിന്നാലെ ദേവസഹായത്തിന്റെ കുതിരയെ തെളിച്ചുകൊണ്ട് ഒരു നായര്‍ പടയാളിയും മരുതുകുളങ്ങരയിലെത്തിയിരുന്നു.
കൊട്ടാരത്തിലെ ഉന്നതോദ്യോഗസ്ഥനായ നീലകണ്ഠപ്പിള്ളയും ഭാര്യയും സത്യവേദം സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്റ്റന്‍ ഡിലനായിയുടെ കുതിരവണ്ടിക്കാരനു വടക്കുംകുളത്തു വച്ചേ മനസ്സിലായിരുന്നു. അയാള്‍ക്ക് നീലകണ്ഠപ്പിള്ളയോട് അനല്പമായ കാലുഷ്യം തോന്നുകയും ചെയ്തിരുന്നു. മരുതുകുളങ്ങരയിലെത്തിയപ്പോള്‍ കുതിരയുമായി വന്ന നായര്‍പടയാളിയോടും അയാള്‍ വിവരം പറഞ്ഞു.
അയാള്‍ക്കും അതത്ര പഥ്യമായിത്തോന്നിയില്ല. വിശ്വസിക്കാനും കഴിഞ്ഞില്ല. കൊട്ടാരത്തിലെ ഉന്നതോദ്യാഗസ്ഥനെന്നതിലുപരി പത്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ കാര്യവിചാരകനുംകൂടിയാണദ്ദേഹം.