•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

ദേവാങ്കണം

ദേവസഹായം പറഞ്ഞ വാക്കുകളുടെയോ ചോദിച്ച ചോദ്യങ്ങളുടെയോ സാരാംശം ഗ്രഹിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല ഭാര്‍ഗവിയുടെ മാതാവിന്. വര്‍ദ്ധിച്ച അവര്‍ ദേഷ്യത്തോടെ അയാളെ വിട്ടുപോയി.
നീലകണ്ഠനോടു സംസാരിച്ചിട്ടു കാര്യമില്ല. അവനെ ആരോ ചതിയില്‍പ്പെടുത്തിയതാണ്. ഏതോ ക്ഷുദ്രപ്രയോഗങ്ങള്‍ അവനുമേലുണ്ടായിരുന്നു. അല്ലെങ്കില്‍ നമ്മുടെ മതം, ആചാരങ്ങള്‍, ദേവീദേവന്മാര്‍ ഇതൊക്കെയുപേക്ഷിച്ച് സ്ഥിരബുദ്ധിയുള്ള ഒരാള്‍ ചണ്ഡാളന്മാരും നീചകുലത്തില്‍പ്പെട്ടവരും സ്വീകരിക്കുന്ന മതത്തില്‍ ചെന്നുചേരുകയില്ല.
ജീര്‍ണതയുടെ ജടകെട്ടിയ  യാഥാസ്ഥിതികബോധം ആ സ്ത്രീക്ക് ഒരു സ്വസ്ഥതയും നല്കിയില്ല. അഭിമാനക്ഷതത്തിന്റെ ശരശയ്യയിലെന്നവണ്ണം അവരുടെ മനസ്സു പിടഞ്ഞു.
നീലകണ്ഠന്റെ പൂര്‍വികര്‍ ക്ഷേത്രകര്‍മികളായിരുന്നു. മരുതുകുളങ്ങര എന്ന നാട്ടുരാജ്യത്തുനിന്ന് നട്ടാലത്തെ ക്ഷേത്രപൂജാരിയായി തിരുവിതാംകൂര്‍ മഹാരാജാവ് നിയമിച്ചതാണ് നീലകണ്ഠന്റെ പൂര്‍വികരിലൊരാളെ.
അന്നുമുതല്‍ ഇന്നുവരെ ആ കുടുംബം ക്ഷേത്രാദികാര്യങ്ങള്‍ക്ക് ഒരു വിഘ്‌നവും വരുത്തിയിട്ടില്ല. വിശ്വാസങ്ങള്‍ ഹനിച്ചിട്ടില്ല. പക്ഷേ, ഇപ്പോള്‍ തന്റെ മരുമകന്‍ അത്തരം വിശ്വാസങ്ങളുടെ സാലവൃക്ഷങ്ങളെ വേരോടെ പിഴുതു കളഞ്ഞിരിക്കുന്നു.
അവര്‍ കോപവും വ്യസനവുമടക്കാനാവാതെ ഭാര്‍ഗവിയുടെ സമീപത്തേക്കു പാഞ്ഞുചെന്നു. അമ്മയുടെ വരവും മട്ടും ഭാവവും കണ്ടപ്പോള്‍ ഭാര്‍ഗവിയുടെ ഹൃദയത്തില്‍ ഒരാന്തലുണ്ടായി. അമ്മ തന്റെ ഭര്‍ത്താവിനോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടാവില്ല! മേലുകീഴ് നോക്കാതെ സംസാരിക്കുന്ന പ്രകൃതമാണമ്മയ്ക്ക്.
ഭാര്‍ഗവിയുടെ സമീപത്തേക്കു വന്ന ആ സ്ത്രീ കോപംകൊണ്ടു ജ്വലിക്കുന്നുണ്ടായിരുന്നു. അമ്മ എന്തൊക്കെയാണു പറയാന്‍ പോകുന്നതെന്നവള്‍ പേടിച്ചു. തന്റെ ഭര്‍ത്താവിനെക്കുറിച്ചോ? ഭര്‍ത്താവിന്റെ മതംമാറ്റത്തെക്കുറിച്ചോ? ഭര്‍ത്താവിനെ പിന്‍പറ്റി താനെടുത്ത തീരുമാനത്തെക്കുറിച്ചോ?
തന്നെക്കുറിച്ച് എന്തായാലും ക്ഷമിക്കാന്‍ കഴിയും. പക്ഷേ, തന്റെ ഭര്‍ത്താവിനെപ്പറ്റി ആരും മോശമായി സംസാരിക്കുന്നത് ഒട്ടും ഹിതകരമല്ല! അത് ആരായാലും. അവള്‍ അമ്മയെ നോക്കി. ആ നോട്ടത്തില്‍ ഭാര്‍ഗവിയുടെ പതിവ് സൗമ്യതയുണ്ടായിരുന്നില്ല.
''എടീ, നിന്റെ ഭര്‍ത്താവിന് ആരോ മരുന്നു കൊടുത്ത് അവന്റെ ബുദ്ധിയെ കെടുത്തിയിരിക്കുന്നു. അവന്‍ സ്ഥിരബുദ്ധിയില്ലാത്തവനെപ്പോലെ എന്തൊക്കെയോ ജല്പിക്കുന്നു. എന്നാല്‍, നീ അതൊന്നും കാര്യമാക്കേണ്ടതില്ല. അതല്ല, നീയും അവനില്‍നിന്നു വേദം പഠിക്കുകയാണെങ്കില്‍ നിന്റെയും നിനക്കുണ്ടാകുന്ന കുട്ടികളുടെയും ജീവിതം നിഷ്ഫലമായിപ്പോകും. നാട്ടുകാരും വീട്ടുകാരും നിങ്ങളെ വെറുക്കും. നാട്ടില്‍നിന്നുതന്നെ നിങ്ങളെ ആട്ടിയോടിക്കും.''
ഭാര്‍ഗവിയെ ഒരു ഭീതി വീണ്ടും ഗ്രസിച്ചു. ആ ഭീതി താന്‍ സത്യവേദം സ്വീകരിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചോര്‍ത്തല്ല. സമൂഹത്തില്‍ അവളുടെ ഭര്‍ത്താവിന് അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രയാസങ്ങളെ പ്രതിയായിരുന്നു.
അവള്‍ക്ക് അമ്മയോടു മറുത്തൊന്നും പറയാനുള്ള ത്രാണി കിട്ടിയില്ല. മനസ്സ് അരൂപമായ വ്യാകുലപാശത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. അമ്മ തുടര്‍ന്നു:
''അതുകൊണ്ട് നീയവനെ ശാസിച്ചോ ഉപദേശിച്ചോ നേരേയാക്കണം. നമ്മുടെ ജാതിമഹിമ മുന്‍നിറുത്തി ബ്രാഹ്‌മണപുരോഹിതന്മാരില്‍നിന്നു ഭസ്മം സ്വീകരിച്ചു സ്വമതത്തിലേക്കു മടക്കിക്കൊണ്ടുവരണം.''
''ഉപദേശിക്കാനോ...? സ്വന്തം ഭര്‍ത്താവിനെ ശാസിക്കാനും ഉപദേശിക്കാനും ഉത്തമയായ ഒരു ഭാര്യ ഒരുമ്പെടുകയോ? സാധ്യമല്ല. ഇങ്ങനെയൊക്കെ പറയാന്‍ അമ്മയ്ക്കു ലജ്ജയില്ലേ? ഇതാണോ ഒരമ്മ മകള്‍ക്കു പറഞ്ഞുകൊടുക്കുന്ന നല്ല പാഠം?''
''എടീ, നീയും അവനെപ്പോലെ എന്നെ ദ്വേഷിക്കുന്നോ?''
''ഒരിക്കലുമല്ല. എന്റെ ഭര്‍ത്താവ് ഒരു ബുദ്ധിഹീനനോ അറിവില്ലാത്തതവനോ അല്ല. വിജ്ഞാനിയും വിവേകശാലിയുമാണദ്ദേഹം. വേദേതിഹാസങ്ങളും പുരാണങ്ങളുമൊക്കെ പഠിച്ചവന്‍. ഒരു ദേശം മുഴുവനാല്‍ ബഹുമാനിക്കപ്പെടുന്നവന്‍. കൊട്ടാരത്തില്‍ ഉന്നതപദവി വഹിക്കുന്നയാള്‍. അദ്ദേഹം തിരഞ്ഞെടുക്കുന്ന വഴികള്‍ ഒരിക്കലും തെറ്റിന്റേതായിരിക്കില്ല. അഥവാ അതു തെറ്റാണെങ്കില്‍ക്കൂടിയും ഒരുത്തമഭാര്യയെന്ന നിലയില്‍ എനിക്കദ്ദേഹത്തെ പിന്‍തുടരുകയേ നിവൃത്തിയുള്ളൂ.''
''അപ്പോ നീയും അവന്റെ മാര്‍ഗത്തില്‍ത്തന്നെ പോകുമെന്ന്...''
ഭാര്‍ഗവി ആ ചോദ്യത്തിനൊരുത്തരം പറഞ്ഞില്ല. അമ്മയുമായി ഒരു ശണ്ഠ ഒരിക്കലും അവള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു നേട്ടമൊന്നും ഉണ്ടാകാനിടയില്ല.
ഭാര്‍ഗവിയുടെ മൗനം അവളുടെ അമ്മയെ കൂടുതല്‍ കോപാകുലയാക്കുകയാണു ചെയ്തത്.
''നോക്ക്, നിനക്കും നിന്റെ ഭര്‍ത്താവിനും കാളീദേവിയുടെ ശാപമുണ്ടാകും. നിന്റെ ഭര്‍ത്താവിന്റെ ഉദ്യോഗം ഇല്ലാതെയാകും. രാജാവു മുതല്‍ കരുവാന്‍ മാണിക്കന്‍വരെ നിങ്ങളെ ദുഷിക്കും. അതുണ്ടാകാതിരിക്കണമെങ്കില്‍ അവന്റെ ദുര്‍ബുദ്ധിക്കു വഴിപ്പെടാതെ നീയെങ്കിലും ഭദ്രകാളിയെ പൂജിച്ചും സേവിച്ചും ജീവിക്കുക.''
അവര്‍ ഭൂമി കുലുങ്ങുമാറ് കാലുകളമര്‍ത്തിച്ചവുട്ടി കടന്നു പോയി. ഒരു കൊടുങ്കാറ്റ് അഴിഞ്ഞുപോയതുപോലെ ഭാര്‍ഗവിക്കു തോന്നി. അവള്‍ ഒട്ടുനേരം ചിന്താഭരിതയായി ഇരുന്നു.
ഭാര്യയോടുള്ള അമ്മായിയമ്മയുടെ ശകാരങ്ങള്‍ ദേവസഹായം കേള്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം പ്രതികരിച്ചില്ല. ഭാര്‍ഗവി അതേക്കുറിച്ചു തന്നോട് എന്തെങ്കിലും സംസാരിക്കുമെന്ന് ദേവസഹായം പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല.
അമ്മയുടെ വാക്കുകളൊന്നും ഭാര്‍ഗവിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഒരു ചെറുകാറ്റുപോലെ അതൊക്കെ അവളെ കടന്നുപോയി. സത്യവേദത്തില്‍ ചേര്‍ന്നാലുണ്ടായേക്കാവുന്ന പ്രയാസങ്ങളെക്കുറിച്ച് അവള്‍ക്ക് ഒട്ടൊക്കെ ബോധ്യമുണ്ട്. അതെന്തുതന്നെയായാലും തന്റെ പ്രിയതമനൊപ്പം നേരിടാന്‍ അവള്‍ സന്നദ്ധയാണ്.
രാത്രി വന്നു. അഗ്രസന്ധ്യയില്‍ത്തന്നെ ആകാശം കറുപ്പണിഞ്ഞിരുന്നു. നട്ടാലത്തിനു മുകളില്‍ മഴമേഘങ്ങള്‍ പന്തല്‍ വിരിച്ചു. പകല്‍ക്കിളികള്‍ രാത്രി പോക്കാന്‍ മരച്ചില്ലകളില്‍ ചേക്കേറി. രാക്കാറ്റ് പതിഞ്ഞു വീശി.
ദേവസഹായം കുളിച്ചുവന്നു. വസ്ത്രം മാറി. വിശപ്പിനു മാത്രമുള്ള ഭക്ഷണംകൊണ്ട് അത്താഴം ലളിതമാക്കി.
അടുക്കളജോലികള്‍ കഴിഞ്ഞ് കുളിയും ഭക്ഷണവും കഴിഞ്ഞ് ഭാര്‍ഗവി ഉറക്കറയിലെത്തുമ്പോള്‍ ജാലകത്തിനഭിമുഖമായി ആകാശത്തേക്കു കൈകളുയര്‍ത്തി മുട്ടിന്മേല്‍ നില്ക്കുന്ന ഭര്‍ത്താവിനെയാണു കണ്ടത്. ഒരു മാത്ര ഭാര്‍ഗവി അദ്ഭുതംകൊണ്ടു.
അവള്‍ മാര്‍ജാരപാദങ്ങളോടെ നിലവിളക്കിനടുത്തേക്കുവന്ന് വിളക്കുതിരി നീട്ടിയിട്ടു. എണ്ണ പകര്‍ന്നു. വിളക്കുവെളിച്ചം മിനുങ്ങുന്ന ഭര്‍ത്താവിന്റെ മുഖം അവള്‍ കണ്ടു. അതു കൂടുതല്‍ തേജോമയമാണിപ്പോള്‍. ഇമകള്‍ ചാരിയിരിക്കുന്നു. ഹൃദയപൂര്‍വവും സാന്ദ്രവുമായ പ്രാര്‍ത്ഥനയുടെ നിമിഷങ്ങള്‍.
അദ്ദേഹത്തിനടുത്തായി ഭാര്‍ഗവിയും മുട്ടുകുത്തി. ദേവസഹായം പഠിപ്പിച്ചുകൊടുത്ത പ്രാര്‍ത്ഥനകളും ജപങ്ങളും നിശ്ശബ്ദമായി ഉരുവിട്ടു.
പുറത്ത് രാക്കാറ്റിന്റെ പ്രാര്‍ത്ഥനാമന്ത്രണങ്ങള്‍ മുറുകുന്നു. ആകാശത്ത് കാര്‍മേഘങ്ങള്‍ മഴയുടെ ജാലകങ്ങള്‍ തുറന്നു. തുള്ളിക്കൊരുകുടം കണക്കെ മഴ. ഉറക്കറയുടെ ജാലകച്ചാരത്തുകൂടി ഒരു രാപ്പക്ഷി നീട്ടിക്കൂവിക്കൊണ്ട് മഴ പകുത്തു പറന്നുപോയി.
ദേവസഹായം ഇമകള്‍ നിവര്‍ത്തി. തറവാടിന്റെ മേല്‍ക്കൂരയില്‍നിന്നു പതിക്കുന്ന മഴക്കയറുകളില്‍ ജാലകം കടന്നൊഴുകുന്ന വിളക്കുവെളിച്ചം തിളങ്ങുന്നു. വെള്ളിനാഗങ്ങള്‍ പുളയുന്നതുപോലെ തോന്നിപ്പിച്ചു മഴയൊഴുക്ക്. അപ്പോഴാണ് ദേവസഹായം കണ്ടത് തന്റെ സമീപത്തായി പ്രാര്‍ത്ഥനയിലായിരിക്കുന്ന ഭാര്‍ഗവിയെ. വെണ്‍ചന്ദനം കടഞ്ഞുരുവാക്കിയ ഒരു ശില്പംപോലെ തോന്നിപ്പിച്ചു ഭാര്‍ഗവി. മഴക്കാറ്റില്‍ വിളക്കുവെളിച്ചം അവളുടെമേല്‍ അലകളുയര്‍ത്തുന്നു.
സര്‍വവും മറന്നുപോകുന്ന ഒരസുലഭനിമിഷമായിരുന്നു ദേവസഹായത്തിനത്. എണ്ണത്തിരിവെട്ടത്തില്‍ ഭാര്‍ഗവിയുടെ നാസികയിലെ മുക്കുത്തിയില്‍ നക്ഷത്രം മിന്നുന്നു.
ആകാശത്ത് മഴമരങ്ങള്‍ പെയ്തുകൊണ്ടിരുന്നു. മഴയണിഞ്ഞ കാറ്റാണിപ്പോള്‍ വീശുന്നത്. കാറ്റിനൊപ്പം ദേവസഹായവും ഭാര്‍ഗവിയെ തൊട്ടു.
ഒരു യവനശില്പം മിഴികള്‍ ചിമ്മി. പേലവമായ കണ്ണുകളെടുത്ത് ഭാര്‍ഗവി ഭര്‍ത്താവിന്റെ കണ്ണുകളില്‍ വച്ചു.
പുറത്ത് മകയിരത്തിന്റെ അമൃതവര്‍ഷം. അകത്ത് പ്രണയത്തിന്റെ ശലഭവര്‍ഷം. എവിടെയോ നീലക്കടമ്പുകള്‍ പൂക്കുന്നു. അതോ ഏദന്‍താഴ്‌വരയിലെ ജടാമഞ്ചികളോ?
ദേവസഹായം ഭാര്‍ഗവിയെ കട്ടിലിലേക്കു കൂട്ടി. അവളെ ചേര്‍ത്തു പിടിച്ചു. ഭാര്‍ഗവിയുടെ ചികുരസമൃദ്ധിയില്‍നിന്നു കാച്ചെണ്ണയുടെ പരിമളം പ്രസരിക്കുന്നു.
ആ നിമിഷങ്ങള്‍ ശരീരകാമനകളുടേതായിരുന്നില്ല. രാഗലോലുപതയുടേതുമായിരുന്നില്ല. വിശുദ്ധവും നിഗൂഢവും ആത്മീയവും എന്നാല്‍, വിശകലനാതീതവുമായ ശീതളനിമിഷങ്ങള്‍.
ദേവസഹായത്തിന്റെ മനസ്സിലപ്പോള്‍ എന്തായിരുന്നു? വിവേചിച്ചറിയാന്‍ കഴിയുന്നില്ല. അമൂര്‍ത്തമായ ചിന്തകളുടെ ഒരു സമുദ്രംതന്നെ മനസ്സില്‍ ഇളകിമറിയുന്നുണ്ട്. കാറ്റിലുലയുന്ന ഒരു മഹാവിപിനം.
ഭാര്‍ഗവിയോട് എന്തെല്ലാമോ സംസാരിക്കണമെന്നുണ്ടായിരുന്നു ദേവസഹായത്തിന്. പക്ഷേ, സാധ്യമാകുന്നില്ല. തന്റെ ഹൃദയത്തിലെ പ്രളയത്തില്‍നിന്ന് ഒരു കൈക്കുടന്നപോലും കോരിയെടുക്കാന്‍ കഴിയുന്നില്ല. ഭാര്‍ഗവിയും അത്തരമൊരവസ്ഥയില്‍ തന്നെയായിരുന്നു. തന്റെ പ്രിയതമനോടു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു അവളില്‍. പക്ഷേ, ഒന്നിനും കഴിയുന്നില്ല. മനസ്സ് വിമൂകമാക്കപ്പെട്ടിരിക്കുന്നു.
മഴയ്‌ക്കൊപ്പം രാത്രിയും പൊഴിഞ്ഞുകൊണ്ടിരുന്നു. പുലര്‍കാലേ ദേവസഹായത്തിനു പദ്മനാഭപുരത്തേക്കു പുറപ്പെടേണ്ടതുണ്ട്. അല്പനേരം ഉറങ്ങുകയും വേണം. ദേവസഹായം കട്ടിലിലേക്കു ചാരി. ഭാര്‍ഗവിയും. അവള്‍ ഭര്‍ത്താവിനോടു ചേര്‍ന്നു കിടന്നു. ഹൃദയം ഹൃദയത്തെ തൊട്ട ഒരു നിമിഷം.
രാവൊഴുക്കിലെപ്പോഴോ മഴ തോര്‍ന്നു. പിന്നെ മരങ്ങള്‍ പെയ്യാന്‍ തുടങ്ങി. കാറ്റുവന്നു മരങ്ങളെ തോര്‍ത്തിക്കൊണ്ടിരുന്നു.
വിളക്ക് അണഞ്ഞിരുന്നു. ദേവസഹായം ഒരര്‍ദ്ധമയക്കത്തിലേക്കു വഴുതി. രാത്രിമഴ വിതറിയ നനുത്ത കുളിരു പുതച്ച് ഭാര്‍ഗവി ഭര്‍ത്താവിനോടൊട്ടിക്കിടന്നു. അവള്‍ ഉറങ്ങിയിരുന്നില്ല. ഉറക്കം അവളെ ആശ്ലേഷിക്കാന്‍ കൂട്ടാക്കിയില്ല.
രാത്രിയുടെ മധ്യയാമങ്ങള്‍ പിന്നിട്ടപ്പോഴാണ് ആകാശത്തു തിങ്കള്‍ പിറന്നത്. പ്രകൃതി നിലാവിന്റെ വെണ്‍പട്ട് അണിയാന്‍ തുടങ്ങിയിരിക്കുന്നു. ഭാര്‍ഗവി ദേവസഹായത്തിന്റെ കാതുകളില്‍ പറഞ്ഞു:
''നാളെ ഞാനും വരുന്നു അങ്ങയുടെകൂടെ.''
മയക്കത്തിലായിരുന്നെങ്കിലും ദേവസഹായം ഭാര്‍ഗവിയെ കേട്ടു.
''ഉം...?''
''എനിക്കു വേദത്തില്‍ ചേരണം. വൈകിക്കൂടാ.''
ഒരു കരം ഭാര്‍ഗവിയെ പൊതിഞ്ഞു.

(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)