•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ദേവാങ്കണം

ടുങ്ങിപ്പോയി ഭാര്‍ഗവി. ആരോ കെട്ടറുത്തുവിട്ട ഒരു ചുഴലിക്കാറ്റ് അവളെ പറത്തിക്കളഞ്ഞു. ഒരു മഹാസമുദ്രം ക്ഷോഭംകൊണ്ടലറുന്നു. ആ കടല്‍പ്പെരുക്കത്തില്‍ ഉലഞ്ഞുപോയി ഭാര്‍ഗവി. 
ഒരു നിമിഷത്തേക്ക് അവളിലെ ശക്തിയും ഓജസ്സുമെല്ലാം ചോര്‍ന്നുപോയി. തന്റെ കാല്‍ക്കീഴിലെ ഭൂമി പിളരുന്നതുപോലെ. മരുതുകുളങ്ങരത്തറവാടിന്റെ അസ്തിവാരമിളകുന്നു. ആകാശം ഛിന്നഭിന്നമായി താഴേക്കു പതിക്കുന്നു.
കെല്പറ്റവളായി ഭാര്‍ഗവി. ഹൃദയത്തിലേക്ക് അപമാനത്തിന്റെ ഒരു ശരംവന്നു തറയുന്നു. കാറ്റത്തുലയുന്ന പുല്‌ക്കൊടിപോലെ ഭാര്‍ഗവി വിറകൊണ്ടു. നാവു നഷ്ടപ്പെട്ടവളെപ്പോലെ അവള്‍ ഒട്ടുനേരം ഇരുന്നു.
പിന്നെയെപ്പോഴോ സമചിത്തത വീണ്ടെടുത്തപോലെ ഭാര്‍ഗവി ചോദിച്ചു:
''നമ്മുടെ പൂര്‍വസൂരികളും കീര്‍ത്തിമാന്മാരുമായ മഹാരാജാക്കന്മാരും ബ്രാഹ്‌മണശ്രേഷ്ഠമാരും മഹര്‍ഷിമാരുമൊക്കെ ആരാധിച്ചിരുന്ന ദേവീദേവന്മാരെ ഉപേക്ഷിച്ചു ചണ്ഡാളരും അധഃകൃതജാതിക്കാരുമൊക്കെ സ്വീകരിക്കുന്ന നീചവും നവീനവുമായ മതം സ്വീകരിക്കണമെന്നാണോ അങ്ങു പറയുന്നത്...''
പാരമ്പര്യവിശ്വാസങ്ങള്‍ക്കൊക്കെ ക്ഷതം സംഭവിച്ച ഒരുവളുടെ ദീനവിലാപംപോലെയായിരുന്നു ഭാര്‍ഗവിയുടെ ചോദ്യം.
സൗമ്യമായ ഒരു പുഞ്ചിരികൊണ്ടായിരുന്നു ദേവസഹായം ആ ചോദ്യത്തെ നേരിട്ടത്. പിന്നെ അദ്ദേഹം ശാന്തമായി ചോദിച്ചു:
''നീചനും ഉത്കൃഷ്ടനും ദരിദ്രനും സമ്പന്നനും പ്രത്യേകം പ്രത്യേകം ദൈവങ്ങളുണ്ടെന്നോ...? സാവധാനം ആലോചിച്ചുനോക്കൂ. നീ പറയുന്ന ശ്രേഷ്ഠന്മാര്‍ക്കും ഹീനന്മാര്‍ക്കും പാര്‍ക്കാന്‍ ഒരു ഭൂമി മാത്രമല്ലേയുള്ളൂ. സൂര്യനെ നോക്കൂ. അതു പ്രപഞ്ചത്തിലെ സര്‍വജീവജാലങ്ങള്‍ക്കുംവേണ്ടി ഒരുപോലെയല്ലേ പ്രകാശിക്കുന്നത്? വീശുന്ന കാറ്റും പെയ്യുന്ന മഴയും പൊഴിയുന്ന മഞ്ഞും ഏവര്‍ക്കും ഒരുപോലെയല്ലേ അനുഭവവേദ്യമാകുന്നത്? അങ്ങനെയെങ്കില്‍ പലര്‍ക്കും പല ദൈവങ്ങളുണ്ടാകുന്നതെങ്ങനെ?''
ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ ഭാര്‍ഗവിക്കു കഴിയുമായിരുന്നില്ല. അന്തഃക്ഷോഭത്തിന്റെ ഒരു കടല്‍ അവളില്‍ക്കിടന്നലതല്ലുന്നുണ്ട്. സമൂഹത്തില്‍ നിന്നനുഭവിക്കാന്‍ പോകുന്ന തിരസ്‌കാരത്തിന്റെയും അപമാനത്തിന്റെയും കനലുകള്‍ അവളെ പൊള്ളിക്കാന്‍ എവിടെയോ പരുവപ്പെടുന്നുണ്ട്. അവള്‍ പറഞ്ഞു:
''വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ പഠിച്ചവനല്ലേ അങ്ങ്. എന്നിട്ടും അന്ധകാരത്തിലേക്കാണോ അങ്ങു ചുവടുവയ്ക്കുന്നത്?''
''ഒരിക്കലുമല്ല. എല്ലാ മഹത്ഗ്രന്ഥങ്ങളും നമ്മെ നയിക്കുന്നതു പ്രകാശത്തിലേക്കുതന്നെയാണ്. ആത്മജ്ഞാനത്തിന്റെ പ്രകാശധോരണിയാണ് ഒരുവനെ ഉത്തമനും ഉത്കൃഷ്ടനുമാക്കുന്നത്.''
''ഒന്നറിയുക. സകലസൃഷ്ടികള്‍ക്കും സത്യമൊന്നേയുള്ളൂ. ആ സത്യത്തിനാധാരമായ ദൈവവുമൊന്നുതന്നെ. ആ ദൈവസന്നിധിയിലേക്കെത്തിച്ചേരാനുള്ള മാര്‍ഗവും ഏവര്‍ക്കും ഒന്നുതന്നെയാണ്. പുണ്യാത്മാക്കള്‍ക്കു പ്രാപ്യമാകുന്ന മോക്ഷവും ഒന്നു തന്നെ. കരുണാനിധിയും സ്‌നേഹസ്വരൂപനുമായ ഏകദൈവം മാത്രമേ നമുക്കു നിത്യഭാഗ്യം തരികയുള്ളൂ. അല്ലാതെ, മനുഷ്യരുടെ സങ്കല്പമായ, സൃഷ്ടിയായ ദേവന്മാരെയല്ല നാം ആരാധിക്കേണ്ടതും പൂജിക്കേണ്ടതും. ഞാനീ പറയുന്നതും  സത്യ വേദം സ്വീകരിച്ചതും ഒരു നിമിഷത്തിലുളവായ അന്തഃകരണ പ്രേരണയാലല്ല. പഠിച്ചും വളരെയേറെ ചിന്തിച്ചും എടുത്ത തീരുമാനംതന്നെയാണ്. അതാണു ശരിയായ മോക്ഷമാര്‍ഗവും. ആയതിനാല്‍, നീയും എന്റെ ആഗ്രഹത്തെ മാനിച്ച് നിത്യജീവന്‍ പ്രാപിക്കുന്നതിനു യോഗ്യയായിത്തീരുക.''
ഭര്‍ത്താവിനോട് എതിര്‍ത്തു പറയാന്‍ ഭാര്‍ഗവിക്കു കഴിയുമായിരുന്നില്ല. മരണപ്പെട്ട ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്യുന്ന ഭാരതസ്ത്രീയുടെ പാരമ്പര്യമാണ് ഭാര്‍ഗവിക്കുമുള്ളത്. ഭര്‍ത്താവിന്റെ ആഗ്രഹത്തിനു വിഘാതം നിന്നു കൂടാ.
എങ്കിലും വളരെ ആലോചിച്ചുറച്ചശേഷമാണ് അവള്‍ സത്യവേദം സ്വീകരിക്കാന്‍ സമ്മതം മൂളിയത്.
പിന്നീട് അവസരം കിട്ടിയപ്പോഴൊക്കെ ദേവസഹായം ക്രിസ്തുദേവനെക്കുറിച്ചും ചൈതന്യവത്തായ ക്രൈസ്തവജീവിതത്തെക്കുറിച്ചും ഭാര്‍ഗവിക്കു വിശദീകരിച്ചുകൊടുത്തു.
കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയ ഭാര്‍ഗവിയില്‍ അവശേഷിച്ചിരുന്ന ആശങ്കകളും മാഞ്ഞുപോയി. തന്റെ ഭര്‍ത്താവാണു ശരി. അദ്ദേഹം തിരഞ്ഞെടുത്ത വഴികളും ശരിതന്നെ. 
ദേവസഹായം അവള്‍ക്കു വിശുദ്ധ പുസ്തകത്തിലെ കഥകള്‍ പറഞ്ഞുകൊടുത്തു. ജപങ്ങളും പ്രാര്‍ത്ഥനകളും പഠിപ്പിച്ചുകൊടുത്തു. അവള്‍ ഹൃദയംകൊണ്ടു പുതുക്കം പ്രാപിച്ചവളായി. ജീവിതത്തിന്റെ അഴലുകള്‍ അവളില്‍നിന്ന് അഴിഞ്ഞുപോയി. അവളെ ഇപ്പോള്‍ ഒന്നും വ്യാകുലപ്പെടുത്തുന്നില്ല. സംഭവിച്ച ക്ഷതങ്ങളോ അരിഷ്ടതകളോ ഒന്നും. 
ദേവസഹായം പറഞ്ഞുകൊടുത്ത ക്രിസ്തുചരിതങ്ങളില്‍ ഭാര്‍ഗവിക്ക് ഏറ്റവും പ്രിയങ്കരമായത് ക്രിസ്തുദേവന്റെ ജനനകഥതന്നെയായിരുന്നു.
പല രാത്രികളിലും അവള്‍ ശിശുവായ യേശുദേവനെ സ്വപ്നത്തില്‍ ദര്‍ശിച്ചു, പിള്ളക്കച്ചയില്‍ പൊതിഞ്ഞു കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ദേവപുത്രനെ. പൗരസ്ത്യദേശത്തുനിന്നുവന്ന ജ്ഞാനികള്‍ നിക്ഷേപപാത്രങ്ങള്‍ തുറന്ന് അവനു കാഴ്ചകളര്‍പ്പിക്കുന്നു. ദൈവദൂതന്മാരും ആട്ടിടയന്മാരും അവനു മംഗളഗാനം പാടുന്നു. ജ്ഞാനികള്‍ക്കു വഴികാട്ടിയ അടയാളനക്ഷത്രം കാലിത്തൊഴുത്തിനു മുകളില്‍ പ്രകാശം ചൊരിയുന്നു...
ആ സ്വപ്നക്കാഴ്ചകള്‍ അവളെ വല്ലാതെ പ്രലോഭിപ്പിച്ചു. ഒരു കുളിര്‍മഴ അനുഭവിക്കുന്നതുപോലെയായിരുന്നു അവള്‍ക്കാ സ്വപ്നങ്ങള്‍. സ്വപ്നത്തില്‍ ഉണ്ണി യേശുവിനെ കൈകളില്‍ പേറുവാന്‍ അവള്‍ അദമ്യമായി ആഗ്രഹിച്ചു. പക്ഷേ, എന്തുകൊണ്ടോ അവള്‍ക്കതിനു കഴിഞ്ഞില്ല.
ഭര്‍ത്താവില്ലാത്ത മരുതുകുളങ്ങരയിലെ രാത്രികള്‍ ഭാര്‍ഗവിക്ക് ഒറ്റച്ചിലമ്പിന്റെ നാദംപോലെ വിരസവും ചകിതചിന്തകളുടെ മണിമുഴക്കങ്ങളുടേതുമായിരുന്നു. ഏകാന്തത ഒരു മണ്‍പുറ്റുപോലെ അവളെ ആവാഹിച്ചുകളയുന്നു. തറവാട്ടിലുള്ളവരുടെയും അടുക്കളവാല്യക്കാരികളുടെയും പുറംജോലിക്കാരുടെയും ഇടയില്‍ എപ്പോഴും അവള്‍ ഒറ്റയ്ക്കായിരുന്നു. ആ തനിച്ചാകല്‍ തീവ്രമായ ഒരു മനോവ്യഥ അവള്‍ക്കു പ്രദാനം ചെയ്തിരുന്നു. അതില്‍നിന്നൊക്കെ മോചനം കിട്ടിയിരുന്നത് പത്മനാഭപുരത്തുനിന്നു നീലകണ്ഠന്‍ വീടെത്തുമ്പോള്‍ മാത്രമായിരുന്നു.
പക്ഷേ, ഇപ്പോള്‍ രാത്രിവ്യഥകള്‍ അവളെ മഥിക്കുന്നില്ല. ശരീരമാനസകാമനകളുടെ ആന്ദോളനങ്ങള്‍ അവള്‍ കേള്‍ക്കുന്നില്ല. ആളുകളുടെ ഇടയില്‍ ഒറ്റയ്ക്കാവുമ്പോഴും ഉറക്കറയില്‍ ഏകയാകുമ്പോഴും പിള്ളക്കച്ചകളാല്‍ പൊതിയപ്പെട്ട ഒരു ദിവ്യപൈതല്‍ അവളെ നോക്കി കൈകാലുകളിളക്കി മന്ദഹസിക്കുന്നുണ്ട്.
ഇപ്പോള്‍ അവളുടെ ചിന്തകളൊട്ടൊക്കെ യേശുദേവനെപ്പറ്റിത്തന്നെയാണ്. കളങ്കമില്ലാതെ ജന്മംകൊണ്ടവന്‍. പുരുഷനെ അറിയാതെയാണ് മറിയം ഗര്‍ഭവതിയായത്. മറിയത്തിന്റെ ഭര്‍ത്താവ് ജോസഫിനോടു ഭാര്‍ഗവിക്ക് എന്തെന്നില്ലാത്ത ആദരം തോന്നി. അദ്ദേഹം നീതിമാന്‍ തന്നെ. എന്തെന്നാല്‍, അവന്‍ മറിയത്തെ തിരസ്‌കരിച്ചില്ല. ദൈവനീതിക്കു വിധേയപ്പെടുകയായിരുന്നു.
ചിന്തകളുടെ കടലാഴങ്ങള്‍ താണ്ടിയായിരുന്നു ഭാര്‍ഗവി ഓരോ വിനാഴികയും തള്ളിനീക്കിയത്. അനുനിമിഷം ഭര്‍ത്താവിന്റെ പാത പിന്‍തുടരാന്‍ അവള്‍ പരുവപ്പെട്ടുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് നിഷ്‌കളങ്കയായ ഭാര്‍ഗവി തന്റെ അമ്മയോട് ഭര്‍ത്താവിന്റെ മതം മാറ്റത്തെക്കുറിച്ചും തന്റെ തീരുമാനങ്ങളെക്കുറിച്ചും പറഞ്ഞത്. ദേവസഹായം മരുതുകുളങ്ങരയിലെത്തിയ ദിവസം തന്നെയായിരുന്നത്. 
അതൊരു സ്‌ഫോടനത്തിനു വഴിയൊരുക്കുമെന്ന് അവള്‍ ഒട്ടുമേ നിനച്ചിരുന്നില്ല. കേട്ടമാത്രയില്‍ത്തന്നെ ഭാര്‍ഗവിയുടെ അമ്മ കോപംകൊണ്ടു ജ്വലിച്ചു. തന്റെ ജാമാതാവ് സത്യവേദം സ്വീകരിച്ചിരിക്കുന്നു.
അസഹനീയമായിരുന്നു അവള്‍ക്കാ വൃത്താന്തം. തറവാടിന്റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം സംഭവിച്ചിരിക്കുന്നു. തറവാട്ടില്‍നിന്നൊരാള്‍ ഹീനമതം സ്വീകരിച്ചിരിക്കുന്നു. ദേവഗണങ്ങള്‍ കോപംകൊണ്ടു ജ്വലിക്കാതിരിക്കുമോ? കുടുംബദേവത മഹാകാളി ഈ അപരാധം പൊറുക്കുമോ? അവര്‍ പരദേവത ഭദ്രകാളിയെ വിളിച്ചുപോയി.
മരുതുകുളങ്ങരത്തറവാടിന്റെയും മേക്കാട്ടുള്ള തന്റെ സ്വന്തം ഭവനത്തിന്റെയും മുകളില്‍ അത്യധികമായ അപകടങ്ങളുടെ കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുന്നു. ദേവീകോപം ചിലമ്പുകുലുക്കി പാഞ്ഞടുക്കുന്നു. പാരമ്പര്യാചാരങ്ങളും കുലമഹിമയും നാശോന്മുഖമാകുന്നു. അവര്‍ കലികയറിയ രുദ്രയെപ്പോലെ ഉറഞ്ഞുതുള്ളിക്കൊണ്ട് മരുമകന്റെ പക്കലേക്കു പാഞ്ഞുചെന്നു.
''നീലകണ്ഠാ... ഞാനീ കേട്ടതൊക്കെ നേരുതന്നെയോ?'' 
''എന്ത്?''
''നീ സത്യവേദം സ്വീകരിച്ചോ? എന്റെ മകളും ആ നീചമതം സ്വീകരിക്കാനൊരുങ്ങുന്നു. സത്യമോ?''
''സത്യംതന്നെ.'' യാതൊരു സങ്കോചവും കൂടാതെയായിരുന്നു ദേവസഹായത്തിന്റെ മറുപടി. അതാകട്ടെ, ആ സ്ത്രീയെ കൂടുതല്‍ രോഷാകുലയാക്കുകയാണു ചെയ്തത്.
''നിന്നെയാരോ മന്ത്രവാദം ചെയ്തു മനംമാറ്റം വരുത്തിയിരിക്കുന്നു. അതു തീര്‍ച്ച. നീലകണ്ഠാ, നിന്റെ പോക്ക് കൊടിയ നാശത്തിലേക്കാണ്. നമ്മുടെ കുലദേവതയായ ഭദ്രകാളിയുടെ കോപം നിന്റെയും ഈ തറവാടിന്റെയും മുകളില്‍ പതിക്കുന്നതിനുമുമ്പ് പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിച്ചു വരാനിരിക്കുന്ന മഹാവിപത്തില്‍നിന്നു മോചനം നേട്.''
''ഭൗതികവും ആത്മീയവുമായ എല്ലാ വിപത്തുകളില്‍നിന്നും മോചനം നേടാനുള്ള ഏകമാര്‍ഗം സത്യവേദമാണ്. അതാണു ഞാന്‍ സ്വീകരിച്ചിരിക്കുന്നതും.''
''നിനക്കു ഭ്രാന്താണ് നീലകണ്ഠാ, മുഴുഭ്രാന്ത്.''
''ഒരു വലിയ കൂട്ടം ഭ്രാന്തന്മാരുടെ ഇടയില്‍ ഒരാള്‍ക്കു മാത്രം ഭ്രാന്തില്ലെന്നു കരുതുക. അവനെ എല്ലാവരുംകൂടി ഭ്രാന്തനെന്നു വിളിക്കും.''
''അപ്പോള്‍ നീയൊഴിച്ച് എല്ലാവര്‍ക്കും ഭ്രാന്താണെന്ന്.''
''ഞാന്‍ പറഞ്ഞതിന് അങ്ങനെയൊര്‍ത്ഥമുണ്ടോ?''
''നിന്റെ ഒളിവാക്കിന്റെ അര്‍ത്ഥം മറ്റെന്താണ്. ഒരു കാര്യം എനിക്കുറപ്പാണ്. നിന്നിലുണ്ടായിരുന്ന ജ്ഞാനമെല്ലാം പൊയ്‌പ്പോയിരിക്കുന്നു. നിന്നെയിപ്പോള്‍ അജ്ഞാതതിമിരം ബാധിച്ചിരിക്കുന്നു.''
''യഥാര്‍ത്ഥജ്ഞാനം ഒരുവനില്‍ ഉളവാക്കുന്നത് വെളിച്ചമാണ്. അതു സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചമാണ്. ജീവിതകാലം മുഴുവന്‍ ഇരുട്ടില്‍ കഴിയുന്ന നിങ്ങളെപ്പോലുള്ളവര്‍ക്കു സുഖശീതളമായ നിലാവുപോലും അലോസരമുണ്ടാക്കും. ഒരായുസ്സ് മുഴുവന്‍ അന്ധവിശ്വാസങ്ങളുടെ ദുര്‍ഗന്ധം അനുഭവിച്ചു കഴിയുന്ന നിങ്ങള്‍ക്കു സത്യവിശ്വാസത്തിന്റെ സുഗന്ധം മനംപിരട്ടലുണ്ടാകും. സംശയം വേണ്ട.''
സ്വന്തം അഭിമാനത്തിനു മുറിവേല്ക്കുന്നതുപോലെ തോന്നി ആ സ്ത്രീക്ക്. അവരുടെ കോപം പതിന്മടങ്ങായി. അവര്‍ ദേവസഹായത്തിനു നേരേ ശാപവാക്കുകള്‍ വര്‍ഷിച്ചു.
തന്റെ കോപമടങ്ങുവോളം.
പക്ഷേ, ദേവസഹായം പ്രതികരിച്ചതേയില്ല. അക്ഷോഭ്യനായി അദ്ദേഹം അമ്മായിയമ്മയെ കേട്ടിരുന്നു. അവരൊന്നടങ്ങിയപ്പോള്‍ ദേവസഹായം പറഞ്ഞു:
''സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന മത്സ്യജാലങ്ങള്‍ക്കു വെള്ളം ഒരു ഭാരമായി തോന്നുകയില്ല. അതുപോലെ പാപകലുഷിതമായ ജീവിതം നയിക്കുന്നവര്‍ക്ക് സത്യദൈവത്തെ അറിയാനും കഴിയില്ല. നിങ്ങള്‍ ഒന്നുമാത്രം ചിന്തിച്ചു നോക്കുക. പകല്‍നേരങ്ങളില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്കു തണലായി മേഘങ്ങളെ വിരിച്ചതും രാത്രിയില്‍ വെളിച്ചത്തിനായി ആകാശത്തു ദീപം കൊളുത്തിവച്ചതും നിങ്ങളുടെ കുടുംബദേവതയായ കാളീദേവിയാണോ?''               


(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)