ഇരുണ്ടതും നിഗൂഢവുമായിരുന്നു രാത്രി. ഇരുട്ടിനു മീതെ മഞ്ഞുപൊഴിയാന്‍ തുടങ്ങിയിരുന്നു. എങ്കിലും രാത്രിക്ക് ഒരു പൂതലിച്ച ഗന്ധമാണെന്ന് നീലകണ്ഠനു തോന്നി. രാവൊടുങ്ങുന്ന നേരത്താണു ദൂരെ കരിമ്പനത്തലപ്പുകള്‍ക്കപ്പുറത്തു വിളറിയ ചന്ദ്രക്കല പ്രത്യക്ഷമായത്. എങ്കിലും ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞിരുന്നില്ല.
നീലകണ്ഠന്‍ ജാലകത്തിനടുത്തുവന്ന് പുറത്തേക്കു നോക്കിയിരുന്നു. ആകാശത്തു നക്ഷത്രങ്ങളുണ്ടായിരുന്നില്ല. അത് വിമൂകമായിക്കിടന്നു. കാറ്റനങ്ങിയില്ല. രാപ്പക്ഷികള്‍ ചിലയ്ക്കുന്നില്ല.
ജോബിന്റെ കഥ നീലകണ്ഠനെ വല്ലാതെ ഉലച്ചുകളഞ്ഞു. ചരിത്രഗ്രന്ഥത്തിന്റെ ഏടുകളില്‍നിന്ന് ജോബ് നീലകണ്ഠന്റെ മുമ്പിലേക്കിറങ്ങിവന്നു. സകലസമ്പത്തും നഷ്ടപ്പെട്ട, നഗ്നമായ ദേഹം മുഴുവന്‍ അറപ്പുളവാക്കുന്ന, പഴുത്തു പുഴുത്ത വ്രണങ്ങളുമായാണ് അവന്‍ വന്നത്. മണ്‍പാത്രച്ചീളുകള്‍ക്കൊണ്ട് വ്രണങ്ങള്‍ ചുരണ്ടി കഠിനമായ ചൊറിച്ചിലിനറുതി വരുത്തുമ്പോഴും അസഹ്യമായ വേദന അനുഭവിക്കുമ്പോഴും അവന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. മര്‍ത്ത്യജന്മിയായ ഒരുവന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ജോബിന്റെ കഷ്ടതകള്‍. എങ്കിലും അവന്‍ ദൈവത്തെ സ്തുതിച്ചു.
ദൈവം തന്നു. ദൈവം തിരിച്ചെടുത്തു. അവന്റെ വാക്കുകളില്‍ നിരാശയോ കരച്ചിലോ ഉണ്ടായിരുന്നില്ല. പുഷ്യരാഗംപോലെ പ്രഭവിതറുന്ന വിശ്വാസത്തിന്റെ തെളിച്ചം മാത്രം.
ഭാര്യയും സുഹൃത്തുക്കളും അവനെ കുറ്റപ്പെടുത്തിയപ്പോഴും അവര്‍ പതറിയില്ല. ശരീരത്തിന് അവന്‍ ചാക്കുവസ്ത്രം തുന്നിയിരുന്നു. അവന്റെ നെറ്റി പൊടിയില്‍ ആണ്ടിരുന്നു. അവന്റെ കണ്ണുകളില്‍ അന്ധകാരം നിറഞ്ഞിരുന്നു. പക്ഷേ, അവന്‍ ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ഒടുവില്‍ ദൈവം ഇരട്ടിയായി അവനു തിരിച്ചുകൊടുത്തു.
ജോബിന്റെ ചരിത്രം നീലകണ്ഠനോട് എന്തൊക്കെയോ വിളംബരം ചെയ്യാന്‍ തുടങ്ങിയിരുന്നു. ക്ഷണികമായ ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍. ഭൂമിയിലെ പീഡകളുടെ ഗൂഢാര്‍ത്ഥങ്ങള്‍. ചിന്തിച്ചുനോക്കിയാല്‍ മായതന്നെ ജീവിതം. ഭൂമിയില്‍ സന്തോഷങ്ങള്‍ തേടുന്നവര്‍ മരീചിക തേടുകയാണ്. വെറും മൃഗതൃഷ്ണകള്‍....
അറിവിന്റെ കാര്യത്തില്‍ താന്‍ എത്രയോ ശുഷ്‌കനാണെന്നു നീലകണ്ഠന്‍ അറിഞ്ഞു. വേദാന്തവും അര്‍ത്ഥശാസ്ത്രവും തര്‍ക്കശാസ്ത്രവും പുരാണങ്ങളും ചതുര്‍വേദങ്ങളും വായിച്ചറിഞ്ഞ താന്‍ ഇതുവരെ യഥാര്‍ത്ഥജ്ഞാനത്തിലേക്കെത്തിയില്ല. ഒരിക്കല്‍ ക്യാപ്റ്റന്‍ ഡിലനായി പറഞ്ഞു:
''ഒരുവന്‍ ധനവാനായിരിക്കുന്നതും വേറൊരുത്തന്‍ ദരിദ്രനായിരിക്കുന്നതും യാദൃച്ഛികമായി ഉച്ചനീചത്വങ്ങളുണ്ടാകുന്നതും ദൈവകല്പിതങ്ങളായിരിക്കാം. ഇവയ്ക്കു ബാഹ്യകാരണങ്ങളുണ്ടായിരുന്നാലും അവയുടെ പിന്നില്‍ ലോകനിയന്താവിന്റെ ഉദ്ദേശ്യമെന്താണന്നു കണ്ടെത്താല്‍ മനുഷ്യനു സാധ്യമല്ല. അഥവാ സാധിച്ചാല്‍ത്തന്നെ അതാണു ശരിയെന്ന് എല്ലാവരെയുംകൊണ്ട് സമ്മതിപ്പിക്കുന്നതിനും കഴിയില്ല.''
ഒരുവന്റെ പ്രവൃത്തിക്കു പിന്നിലെ ഗൂഢലക്ഷ്യമെന്തെന്നു ബുദ്ധിസാമര്‍ത്ഥ്യമുള്ള മറ്റൊരാള്‍ക്കു ഗ്രഹിക്കാനും കഴിഞ്ഞെന്നു വരില്ല. അങ്ങനെയിരിക്കേ, അനന്തശക്തിയുടെ പ്രഭവകേന്ദ്രമായ ദൈവത്തിന്റെ പ്രവൃത്തികളുടെ ഉദ്ദേശ്യമെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുതന്നെ മനുഷ്യന്റെ മൗഢ്യത്തെ വെളിപ്പെടുത്തുന്ന കാര്യംതന്നെയാണ്.
എന്നാല്‍, ഒരു സംഗതി തീര്‍ച്ചയാണ്. ലോകത്തില്‍ മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ കഷ്ടാരിഷ്ടതകളും ആത്മനാശകങ്ങളല്ല. ചിലപ്പോള്‍ അവ ആത്മാവിന്റെ സംരക്ഷണത്തിനും അനന്തമായ സ്വര്‍ഗരാജ്യം അനുഭവിക്കുന്നതിനും ഇടയാക്കുന്നതാണ്.
ജോബിന്റെ കഥയ്ക്ക് അനുബന്ധമായി ക്യാപ്റ്റന്‍ ഡിലനായി പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകള്‍ നീലകണ്ഠന്റെയുള്ളില്‍ കിടന്നു തപിച്ചു. അത് സമുദ്രക്ഷോഭംകൊണ്ടെന്നവണ്ണം ഇളകി മറിഞ്ഞു.
മനസ്സ് അശാന്തമാണ്. കാറ്റും ചുഴലികളും നിറയുകയാണു മനസ്സില്‍. എത്ര തുഴഞ്ഞിട്ടും ഖിന്നതകളുടെ കടല്‍ നീന്തി മറുകരയെത്താന്‍ കഴിയുന്നില്ല. എത്ര കാതം നടന്നിട്ടും ഒരു മരുഭൂമി താണ്ടാന്‍ കഴിയുന്നില്ല.
തന്റെ മനസ്സ് ചിതറിപ്പോയിരിക്കുന്നു. ഒന്നിലും പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. കൊട്ടാരകാര്യങ്ങളെല്ലാം ഒരു വിധത്തില്‍ നിവര്‍ത്തിച്ചുപോരുന്നു എന്നേയുള്ളൂ. ക്ഷേത്രകാര്യങ്ങളും കോട്ടപണിയുടെ കാര്യങ്ങളും അങ്ങനെതന്നെ. മഹാരാജാവിന് അപ്രീതിയുണ്ടാവാതെ നോക്കണം.
പതിവായിട്ടുള്ള ക്ഷേത്രദര്‍ശനം മുടങ്ങി. സത്യാസത്യങ്ങളുടെ നൂലിഴകളില്‍ ഞാന്നു കിടക്കുകയാണ് പൂര്‍വവിശ്വാസങ്ങള്‍. നൂലിഴ പൊട്ടാന്‍ തുടങ്ങുകയാണെന്നു തോന്നുന്നു.
ചിന്തകളില്‍ നട്ടാലത്തമ്മ ചിലമ്പു കിലുക്കി നടക്കുന്നു. അരമണിയും കാല്‍ച്ചിലമ്പും കിലുക്കി വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളുന്നു. കഴുത്തറുക്കപ്പെട്ട കുക്കുടവീരന്മാര്‍ ചിറകുതല്ലിപ്പിടയുന്നു.
ഓര്‍മകള്‍ കഠോരങ്ങളാകുന്നു. ചിന്തകള്‍ക്കു തീപിടിക്കുന്നതുപോലെ തോന്നുന്നു. മനസ്സ് കലുഷിതമാകുന്നു.
ജോബ് സദാ നീലകണ്ഠനെ പിന്‍തുടരുന്നുണ്ട്. ജോബിന്റെ വിലാപങ്ങള്‍ കേള്‍ക്കുന്നുണ്ട് നീലകണ്ഠന്‍. അവന് ഇരട്ടിയായി തിരിച്ചുകിട്ടിയ സൗഭാഗ്യങ്ങള്‍ കാണുന്നുണ്ട്.
ജോബിന്റേതിനോടുപമിച്ചു നോക്കുമ്പോള്‍ തന്റെ കുടുംബത്തിന് അനുഭവിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങള്‍ എത്ര നിസ്സാരം. ഒരു പുല്‍ക്കൊടിക്കു തുല്യം. ഒരു പഴുത്തിലയ്ക്കു സമാനം.
ജോബ് തന്റെ കഷ്ടനഷ്ടങ്ങളില്‍ ദൈവത്തെ കൈവിട്ടില്ല. തന്റെ പീഡനങ്ങളില്‍പ്പോലും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. പക്ഷേ, താനോ...?
തന്നോടുതന്നെയുള്ള ആ ചോദ്യത്തില്‍ നീലകണ്ഠന്‍ നടുങ്ങി. നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോകുന്നതുപോലെ നീലകണ്ഠനു തോന്നി.
കടല്‍ക്കരയിലേക്കിട്ട വഞ്ചിപ്പടവിലിരുന്ന് ജനങ്ങളെ പഠിപ്പിക്കുന്ന ഒരാളെ കാലങ്ങള്‍ക്കു മുമ്പെന്നവണ്ണം നീലകണ്ഠന്‍ കാണുന്നു. മലഞ്ചെരുവിലെ പാറപ്പുറത്തിരുന്ന് ജനങ്ങളോടു വിജ്ഞാനം പ്രസംഗിക്കുന്ന ഒരാള്‍. അവന്റെ മുഖത്ത് സൂര്യതേജസ്സും കണ്ണുകളില്‍ നിലാവും വഴിയുന്നു. അവന്‍ വെളുത്ത കുപ്പായവും ചുവന്ന ഉത്തരീയവും ധരിച്ചിരുന്നു.
നീലകണ്ഠന് ഉറക്കം നഷ്ടപ്പെട്ടു. രാത്രികള്‍ നിദ്രാവിഹീനങ്ങളായി. നിലാവും നക്ഷത്രങ്ങളുമില്ലാത്ത രാത്രികളെ ഒരു വിധമാണ് നീലകണ്ഠന്‍ നീന്തിക്കടന്നത്.
രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് ക്യാപ്റ്റന്‍ ഡിലനായി നീലകണ്ഠനെ കണ്ടത്. ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഛിന്നഭിന്നമായിപ്പോയ ഒരാളെപ്പോലെയായിരുന്നു നീലകണ്ഠന്‍. തിളക്കമറ്റതും ക്ലേശഭരിതവുമായിരുന്നു നീലകണ്ഠന്റെ കണ്ണുകള്‍. അത് എവിടെയും ഉറച്ചുനില്ക്കാതെ ഉഴറിപ്പോകുന്നു. ഡിലനായി പറഞ്ഞു:
''മിത്രമേ, എന്തിനാണ് നിങ്ങള്‍ ഇത്ര ക്ലേശമനുഭവിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. എന്റെ കാര്യംതന്നെ നോക്കൂ. ദേശാന്തരങ്ങള്‍ക്കപ്പുറത്തുനിന്നു വ്യാപാരാര്‍ത്ഥം കപ്പലേറി വന്നവനാണു ഞാന്‍. പക്ഷേ, നിര്‍ഭാഗ്യവശാല്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ തടവറയില്‍ തടവുശിക്ഷയനുഭവിക്കേണ്ടിവന്നു. പക്ഷേ, ഭാഗ്യവശാല്‍ ഞാനിപ്പോള്‍ ഈ നാട്ടുരാജ്യത്തിന്റെ പടത്തലവനായിത്തീര്‍ന്നിരിക്കുന്നു. തിരുവിതാംകൂറുകാരനായിരിക്കുന്നു. നോക്കൂ, എന്റെയും എന്റെ പ്രിയപ്പെട്ട കുടുംബത്തിന്റെയും അന്ത്യവും ഇവിടെത്തന്നെ.''
നീലകണ്ഠന്‍ നേരിയൊരദ്ഭുതത്തോടെ ക്യാപ്റ്റന്‍ ഡിലനായിയുടെ മുഖത്തേക്കുറ്റുനോക്കി. ഡിലനായിയുടെ മുഖത്ത് കന്മഷമേതുമില്ലാത്ത ഒരു മന്ദഹാസമുണ്ടായിരുന്നു. ഡിലനായി തുടര്‍ന്നു:
''നമ്മള്‍ ആഗ്രഹിക്കുന്നതുപോലെയോ നിശ്ചയിക്കുന്നതുപോലെയോ അല്ല ജീവിതത്തിന്റെ ഗതിവിഗതികള്‍. അദൃശനായ ഒരാള്‍ എവിടെയോ ഇരുന്നു ചരടു വലിക്കുന്നുണ്ട്.''
''എനിക്കു മനസ്സിലാകുന്നുണ്ട് ക്യാപ്റ്റന്‍'' നീലകണ്ഠന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു. നീലകണ്ഠന്റെ ശബ്ദത്തിനുപോലും വ്യതിയാനം സംഭവിച്ചിരിക്കുന്നുവെന്ന് ഡിലനായി അറിഞ്ഞു. പൊട്ടല്‍ വീണ ഒരു മണ്‍പാത്രംപോലെയാണിപ്പോള്‍ നീലകണ്ഠന്‍.
''മനുഷ്യബുദ്ധി അതിരുകളുള്ളതാണെന്നറിയുക. ആ അതിരുകള്‍ക്കുള്ളില്‍നിന്നേ അവനു ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കുകയുള്ളൂ. ഒന്നറിയുക. ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സകലതിനും കാരണങ്ങളുണ്ട്. പക്ഷേ, അതൊന്നും വിവേചിച്ചറിയാന്‍ മനുഷ്യനു കഴിഞ്ഞെന്നു വരില്ല.''
''ഇങ്ങനെയുള്ള കഷ്ടനഷ്ടങ്ങളുടെ സന്ദര്‍ഭങ്ങള്‍ വന്നുചേര്‍ന്നതിനെപ്പറ്റി ചിന്തിച്ചു മനഃക്ലേശമനുഭവിക്കാതെ എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് സമാധാനത്തോടെയിരിക്കണം. ലോകത്തില്‍ ദൈവം വെളിപ്പെടുത്തിയിട്ടുള്ളതും മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതവുമായ ഒരുപാടു കാര്യങ്ങളുണ്ട്. അവയ്ക്കാണു ലോകരഹസ്യങ്ങളെന്നും വിശ്വസത്യങ്ങളെന്നും പറഞ്ഞുവരുന്നത്. സത്യദൈവവിശ്വാസവും ദൈവപ്രസാദവരപ്രാപ്തിയും ഭൗതികജീവിതത്തിലുണ്ടാകുന്ന സകല കഷ്ടാരിഷ്ടതകള്‍ക്കും പ്രത്യൗഷധവും അനന്തമായ പരലോകസുഖപ്രാപ്തിക്കു കാരണവുമായിത്തീരുന്നു.''
''ബഹുമാന്യനായ കപ്പിത്താനേ, ഏറെ ദിവസങ്ങളായി ഞാന്‍ ഓരോന്നാലോചിച്ചു വിഷമിക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു പാലാഴിമഥനം തന്നെയായിരുന്നു എന്റെ ഹൃദയത്തില്‍ നടന്നത്. തെറ്റേത് ശരിയേത് എന്നു കണ്ടെത്താന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴെനിക്ക് ഒന്നു വ്യക്തമാകുന്നു. പൂര്‍വമതവിശ്വാസങ്ങളെല്ലാം അബദ്ധമായിരുന്നെന്ന്.''
''നോക്കൂ നീലകണ്ഠാ, വേദോപനിഷത്തുകളും പുരാണങ്ങളും മഹാകാവ്യങ്ങളുമൊക്കെ പഠിക്കാന്‍ സാധിച്ച ഒരു മഹാഭാഗ്യവാനാണ് താങ്കള്‍. ആദികാലത്ത് പ്രകൃതിശക്തികളെയാണു മനുഷ്യന്‍ ഭയത്തോടെ ആരാധിക്കാന്‍ തുടങ്ങിയത്. ഒരുപക്ഷേ, അത് പുരാതനശിലായുഗങ്ങളില്‍നിന്നു തുടങ്ങിയതാവാം. അന്ന് അവനു കീഴടക്കാന്‍ പറ്റാത്തതിനെയൊക്കെ അവന്‍ ഭയത്തോടെ വീക്ഷിക്കാനും ആരാധിക്കാനും തുടങ്ങി. കൊടുങ്കാറ്റ്, മിന്നല്‍, മേഘഗര്‍ജ്ജനം, പ്രളയം, സൂര്യചന്ദ്രാദികള്‍, മഹാപര്‍വതങ്ങള്‍, ദുഷ്ടാത്മാക്കള്‍ എല്ലാം അവന് ആരാധനാമൂര്‍ത്തികളായി. അവയ്‌ക്കൊക്കെ അവന്‍ രൂപങ്ങളുണ്ടാക്കി ആരാധിക്കാന്‍ തുടങ്ങി. കാലക്രമേണ ആചാരങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെട്ടു. അതാണ് നമ്മള്‍ പിന്‍പറ്റിയത്. ഒന്നറിയുക, വിഗ്രഹാരാധനയും അനാചാരങ്ങളും ദൈവമായ കര്‍ത്താവിന് അഹിതങ്ങളാണ്. അത് അവന്റെ കോപത്തിനും നമ്മുടെ നാശത്തിനും ഇടയാക്കും.''