•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ദേവാങ്കണം

രുചിപ്രദമായിരുന്നു ഉച്ചഭക്ഷണം. നീലകണ്ഠനുവേണ്ടി മാര്‍ഗരറ്റ് പ്രത്യേകമായി പച്ചക്കറിവിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. എങ്കിലും നീലകണ്ഠന്‍ വളരെ കുറച്ചു മാത്രമാണു കഴിച്ചത്.
എന്തുകൊണ്ടോ നീലകണ്ഠനു ഭക്ഷണത്തോട് അത്ര പ്രിയമൊന്നും തോന്നിയില്ല. ഭക്ഷണത്തിനോടെന്നല്ല, എല്ലാറ്റിനോടും നീലകണ്ഠന് ഒരു മടുപ്പു തോന്നുന്നു. നീലകണ്ഠന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഡിലനായിയുടെ വാക്കുകളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നീലകണ്ഠന്റെ ആകുലതകള്‍ക്ക് ഒരു പരിധിവരെ ശമനം നല്കുന്നുണ്ട്.
''സുഖദുഃഖങ്ങളുടെ ഗുരുലഘുത്വം ഓരോരുത്തരുടെയും മനോഭാവങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.'' ക്യാപ്റ്റന്‍ ഡിലനായി നീലകണ്ഠനോടു പറഞ്ഞു. ഒരു ഭിക്ഷക്കാരന് നാലു ചില്ലി കിട്ടുന്നത് ആനന്ദകരമായിരിക്കും. പക്ഷേ, ഒരു രാജാവിന് അപ്രകാരമൊരു ആനന്ദമുളവാകണമെങ്കില്‍ ഒരു രാജ്യംതന്നെ പിടിച്ചടക്കണം. ഒരു ദരിദ്രന് തന്റെ കീറത്തുണിയും വിരിച്ച് എവിടെയും കിടന്ന് സുഖമായി ഉറങ്ങാന്‍ കഴിയും. ഒരു പ്രഭുകുമാരന് അങ്ങനെയൊന്നു നിന്ദ്യവും അസുഖകരവുമായിരിക്കും.''
അവര്‍ ഭക്ഷണം മതിയാക്കി കൈകള്‍ കഴുകി. മാളികയുടെ മട്ടുപ്പാവില്‍ വന്നിരുന്നു. ക്യാപ്റ്റന്‍ ഡിലനായി ഒരു ചുരുട്ടിനു തീ കൊളുത്തി. ആഞ്ഞുവലിച്ചു പുകപുറത്തേക്കൂതി. നീലകണ്ഠനു പുകവലി ശീലമായിരുന്നില്ല. ഡിലനായി തുടര്‍ന്നു:
''ത്യാഗിയായ ഒരുവന്‍ തന്റെ നിര്‍ദ്ധനതയില്‍ സങ്കടപ്പെടുന്നില്ല. ലൗകികന്‍ സമ്പന്നതയില്‍ അതിയായി സന്തോഷിക്കുന്നു. ഒരു സന്ന്യാസി ധനമെന്നു കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്നില്ല. ഒരു ഗൃഹസ്ഥന്‍ ദാരിദ്ര്യമെന്നു കേള്‍ക്കുമ്പോള്‍ ഭയക്കുന്നു.''
''പരാര്‍ത്ഥതത്പരന്‍ സ്വസുഖത്തിലും സ്വാര്‍ത്ഥതത്പരന്‍ പരസുഖത്തിലും വ്യസനിക്കുന്നു. സുഹൃത്തേ, ശ്രദ്ധിച്ചു കേട്ടുകൊള്ളുക. സുഖത്തിന്റെയും ദുഃഖത്തിന്റെയും യഥാര്‍ത്ഥസ്ഥിതി മനസ്സിലാക്കിയാല്‍ വളരെ കുറച്ചേയുള്ളൂ. ഒരുത്തന് സുഖകരമെന്നു തോന്നുന്ന സംഗതി മറ്റൊരുവനു ദുഃഖമായി ഭവിക്കുന്നു. ഒരേ സംഗതിതന്നെ സുഖകരമായും ദുഃഖകരമായും മാറുന്നു. ഈ ജീവിതത്തില്‍ മനുഷ്യന്‍ സുഖത്തിനുവേണ്ടി ഭ്രമിക്കുന്നത് അവന്റെ അജ്ഞതകൊണ്ടാണ്.
''യഥാര്‍ത്ഥമല്ലാത്ത ഈ ജഡികസുഖങ്ങളില്‍ മനുഷ്യന്‍ അതിരറ്റു ഭ്രമിക്കുന്നത് അവന്റെ ആത്മാവിന്റെ ബലഹീനതകൊണ്ടു മാത്രമാണ്. അതുകൊണ്ട് മനുഷ്യന്‍ ലോകത്തില്‍ സുഖവും ദുഃഖവും അന്വേഷിക്കുന്നതിനുമുമ്പ് എങ്ങനെയാണ് ആത്മാവിനെ ബലപ്പെടുത്തേണ്ടതെന്നു തിരിച്ചറിയണം. അപ്പോഴവന് ലൗകികസുഖദുഃഖങ്ങളെക്കുറിച്ചു വിഭ്രാന്തിയുണ്ടാകുന്നില്ല.''
''ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സുഖമനുഭവിക്കുന്നത് അവന്റെ ആത്മാവാണ്. അതിനുവേണ്ടിത്തന്നെയാണ് അവന്‍ പ്രയത്‌നിക്കേണ്ടതും.''
വെയില്‍ ചാഞ്ഞിരുന്നു. ഉഷ്ണം ആറിയും തുടങ്ങിയിരുന്നു. ഡിലനായിയുടെ കുതിര അവരിരുവരെയും വഹിച്ചുകൊണ്ട് പത്മനാഭപുരത്തേക്കു മെല്ലെ ചുവടുകള്‍ വച്ചു. ഡിലനായി തുടര്‍ന്നു:
''പ്രിയമിത്രമേ, സ്‌നേഹസമ്പൂര്‍ണനായ, ലോകസൃഷ്ടിക്കുതന്നെ കാരണഭൂതനായ ഏകദൈവമായ കര്‍ത്താവിന്റെ വരപ്രസാദം ഒന്നു മാത്രമേ മനുഷ്യനു സമാധാനവും സന്തോഷവും നല്കുകയുള്ളൂ. ഈ സമാധാനവും സന്തോഷവുമാണ് ആത്മാവ് അനുഭവിക്കുന്ന യഥാര്‍ത്ഥ സുഖം. ദൈവവരപ്രസാദം ആപത്തിനെ സമ്പത്തായും ദുഃഖത്തെ സുഖമായും രോഗത്തെ ആരോഗ്യമായും വിഷത്തെ അമൃതായും പരിവര്‍ത്തിപ്പിക്കുന്നതിനു ശക്തിയുള്ള അമൂല്യസ്രോതസ്സാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ജോബിന്റെ ചരിത്രം.
അവര്‍ പത്മനാഭപുരത്തെത്തിയപ്പോഴേക്കും നേരം പാടേ ചാഞ്ഞിരുന്നു. കോട്ടപണിക്കാര്‍ ജോലികള്‍ അവസാനിപ്പിക്കുകയാണ്. നീലകണ്ഠന്‍ അവര്‍ക്കുള്ള കൂലി കൊടുത്തു. പിറ്റേന്നത്തേക്കുള്ള ജോലികള്‍ പറഞ്ഞേല്പിച്ചു.
കോട്ടയ്ക്കു സമീപത്തുള്ള വൃക്ഷച്ചുവട്ടില്‍ ക്യാപ്റ്റന്‍ ഡിലനായി ചുരുട്ടു പുകയ്ക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ അസ്തമയചക്രവാളത്തിലാണ്. നീലകണ്ഠന്‍ ഡിലനായിക്കടുത്തേക്കു ചെന്നു.
''ജോബിനെക്കുറിച്ചു പറയൂ ക്യാപ്റ്റന്‍...''  നീലകണ്ഠന്‍ പറഞ്ഞു. ഡിലനായി ചുരുട്ടുകുറ്റി ദൂരെയെറിഞ്ഞ് നീലകണ്ഠനോടൊപ്പം അസ്തമയത്തിനുനേരേ നടന്നു. ഡിലനായി ജോബിനെ പറഞ്ഞു തുടങ്ങി:
ഗോത്രപിതാക്കന്മാരുടെ കാലത്ത് ഇസഹാക്കിന്റെ പുത്രനായ ഏശാവിന്റെ വംശത്തിലായിരുന്നു ദൈവഭക്തനായിരുന്ന ജോബിന്റെ ജനനം. അനവധി സമ്പത്തുകള്‍ക്കുടമയായിരുന്ന ജോബിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായിരുന്നു. ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു കഴുതകളും അനവധി ദാസന്മാരുമുണ്ടായിരുന്നു.
ജോബിന്റെ ദൈവഭക്തിയെക്കുറിച്ചും സമ്പന്നതയിലുള്ള ജീവിതത്തെക്കുറിച്ചും അസൂയപ്പെട്ടിരുന്ന പിശാച് ഒരു ദിവസം ദൈവസന്നിധിയില്‍ചെന്ന് ഇപ്രകാരം പറഞ്ഞു:
''ജോബ് വെറുതെയല്ല അങ്ങയെ ഇത്രയധികം സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നത്. അങ്ങു നല്കിയ സമ്പത്തു തന്നെയാണ് അതിനു കാരണം. അവന്റെ ജീവിതസുഖം കുറയുകയോ സമ്പത്തിനു ഹാനി സംഭവിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ നിശ്ചയമായും അവന്‍ അങ്ങയെ ഉപേക്ഷിക്കും.
ദൈവം ജോബിനെ പരീക്ഷിക്കാന്‍ പിശാചിന് അനുവാദം കൊടുത്തു. പക്ഷേ, അവന്റെ ശരീരത്തെ മാത്രം തൊട്ടുപോകരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു.
പിശാച് ജോബിനെ പരീക്ഷിക്കാന്‍ തുടങ്ങി. ഷേബേക്കാര്‍ ജോബിന്റെ കാളകളെയും കഴുതകളെയും ബലമായി പിടിച്ചുകൊണ്ടുപോകുകയും അവയെ മേച്ചിരുന്ന ഭൃത്യന്മാരെ കൊന്നുകളയുകയും ചെയ്തു. അഗ്നി വര്‍ഷിച്ച് ജോബിന്റെ ആടുകളെയും ഇടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. കല്‍ദായക്കാര്‍ ജോബിന്റെ ഒട്ടകങ്ങളെ മോഷ്ടിക്കുകയും എതിര്‍ത്ത ഭൃത്യന്മാരെ വകവരുത്തുകയും ചെയ്തു. മാത്രമല്ല, വിരുന്നു കഴിച്ചുകൊണ്ടിരുന്ന ജോബിന്റെ മക്കള്‍ കൊടുങ്കാറ്റില്‍ ഇടിഞ്ഞുപൊത്തിയ കെട്ടിടങ്ങള്‍ക്കുള്ളില്‍പ്പെട്ട് മരണപ്പെട്ടു.
ഒന്നിനു പിറകേ ഒന്നായി വന്ന നിര്‍ഭാഗ്യവൃത്താന്തങ്ങളറിഞ്ഞ ജോബ് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി നിലത്തുവീണ് ദൈവത്തെ ആരാധിക്കുകയാണു ചെയ്തത്.
''അമ്മയുടെ ഉദരത്തില്‍നിന്നു ഞാന്‍ നഗ്നനായി വന്നു. അതിനാല്‍ എന്റെ അന്ത്യത്തിലും ഞാന്‍ നഗ്നനായിരിക്കണം. കര്‍ത്താവ് തന്നു. കര്‍ത്താവ് എടുത്തു. അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.''
ജോബിനു മുമ്പില്‍ പിശാച് തോറ്റു. എന്നാല്‍ ജോബിനുമേല്‍ ദൈവം കൂടുതല്‍ പ്രസാദിക്കുകയും ചെയ്തു.
പിശാച് വീണ്ടും ദൈവസന്നിധിയില്‍ ചെന്നു പറഞ്ഞു: അവന്റെ ശരീരത്തെ പീഡിപ്പിച്ചാല്‍ അവന്‍ അങ്ങയെ ഉപേക്ഷിക്കും.
ദൈവം പിശാചിന് അനുവാദം കൊടുത്തു. എന്നാല്‍, ജോബിന്റെ ജീവനുമേല്‍ കൈവയ്ക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു.
പിശാച് ജോബിന്റെ ശരീരം മുഴുവന്‍ വ്രണങ്ങള്‍കൊണ്ടു നിറച്ചു. സര്‍വാംഗവും പഴുത്തു പുഴുത്ത് വേദനയും ദുര്‍ഗന്ധവുംകൊണ്ട് അസഹ്യമായിത്തീരുകയും ചെയ്തു.
അവന്‍ ബന്ധുമിത്രാദികളില്‍നിന്ന് അകന്നുപോയി. ഒരു മണ്‍പാത്രച്ചീളുകൊണ്ട് വ്രണങ്ങള്‍ ചുരണ്ടിക്കൊണ്ടിരുന്നു. അസഹ്യമായ ചൊറിച്ചിലില്‍നിന്നു രക്ഷപ്രാപിക്കാന്‍വേണ്ടിയായിരുന്നത്.
അപ്പോള്‍ അവന്റെ ഭാര്യ അടുത്തുവന്ന് അവനോടു പറഞ്ഞു:
''അങ്ങയുടെ അമിതമായ ദൈവഭക്തികൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.''
''നാം ദൈവത്തിന്റെ കരങ്ങളില്‍നിന്ന് എത്രമാത്രം നന്മ സ്വീകരിച്ചു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് തിന്മയും സ്വീകരിച്ചുകൂടാ.'' അങ്ങനെ പറഞ്ഞുകൊണ്ട് തനിക്കുണ്ടായ കഷ്ടാനുഭവങ്ങളെ ന്യായീകരിക്കുകയാണ് ജോബ് ചെയ്തത്.
ജോബിന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ മൂന്നു സ്‌നേഹിതന്മാര്‍ അവനെ ആശ്വസിപ്പിക്കാനും അവനോടു സഹതാപം കാണിക്കാനും അവിടെയെത്തി. വളരെ പെട്ടെന്നൊന്നും അവര്‍ക്ക് അവനെ തിരിച്ചറിയാനായില്ല. അത്രയ്ക്കും വികൃതരൂപിയായി പരിണമിച്ചിരുന്നു അവന്‍. ജോബിനെക്കണ്ട് സുഹൃത്തുക്കള്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി ശിരസ്സില്‍ പൂഴിവാരി വിതറി. അവന്റെ പീഡകള്‍ അതികഠിനമെന്നുകണ്ട് ഒന്നും സംസാരിക്കാതെ ഏഴു രാവും ഏഴു പകലും നിലത്തിരുന്നു.
''താന്‍ ജനിച്ചദിവസം ശപിക്കപ്പെടട്ടെ.'' ജോബ് അവരോടു പരാതിപ്പെട്ടു. ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞ രാത്രി ശപിക്കപ്പെടട്ടെ. ആ ദിവസം അന്ധകാരാവൃതമാകട്ടെ. ആ ദിനത്തെ ദൈവം വിസ്മരിക്കട്ടെ. അതിന്റെമേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ.''
ജോബിന്റെ വിലാപം അങ്ങ് ആകാശത്തോളവും ദൂരെ മരുഭൂമിയുടെ അതിരുകളോളവും ചെന്നു.
അപ്പോള്‍ അവന്റെ സുഹൃത്തായ എലിഫാസ് പറഞ്ഞു:
''ഒരു പാപവും ചെയ്യാതെ നശിച്ചവനാര്...? നീ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തോടു പൊറുതിയപേക്ഷിക്കുക.''
അതേ അഭിപ്രായംതന്നെയായിരുന്നു ജോബിന്റെ മറ്റു സുഹൃത്തുക്കള്‍ക്കും. എന്നാല്‍, താന്‍ പാപം ചെയ്തു എന്നു സമ്മതിക്കാന്‍ ജോബിനു കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അവന്‍ പറഞ്ഞു:
''നിങ്ങള്‍ കരുതുന്നതുപോലെ ദൈവകോപത്തിനു കാരണമായിത്തീര്‍ന്ന എന്റെ പാപങ്ങളും ഞാന്‍ സഹിക്കുന്ന കഷ്ടതകളും ഒരു തുലാസില്‍ തൂക്കി നോക്കിയിരുന്നെങ്കില്‍. അപ്പോള്‍ അറിയാമായിരുന്നു ഈ പീഡകള്‍ കടലോരത്തിലെ മണല്‍പോലെ അധികമായിരിക്കുന്നുവെന്ന്. അതിനാലാണ് എന്റെ വാക്കുകള്‍ പ്രലാപസമാനമായിരിക്കുന്നത്. സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്റെമേല്‍ തറയ്ക്കപ്പെട്ടിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷം പാനം ചെയ്യുന്നു. ഇവയെ ഇനിയും സഹിക്കുന്നതിനു കല്ലുപോലെ ഉറപ്പുള്ള ഹൃദയവും പിത്തളകൊണ്ടുള്ള മാംസവും വേണ്ടിയിരിക്കുന്നു.''
''എനിക്ക് എന്നില്‍ത്തന്നെ യാതൊരു ബലവുമില്ല. അന്യരില്‍നിന്നു യാതൊരു സഹായവുമുണ്ടാകുന്നില്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും എന്നെ വിട്ടുപോയി. നിങ്ങളും എന്റെ അരിഷ്ടതകള്‍ കണ്ടിട്ട് എന്നെ ആശ്വസിപ്പിക്കുന്നതിനു പകരം എന്നെ കുറ്റപ്പെടുത്തുന്നു.''
''സ്‌നേഹിതനോടു ദയ കാണിക്കാത്തവര്‍ സര്‍വശക്തനോടുള്ള ഭക്തിയാണ് ഉപേക്ഷിക്കുന്നത്. എന്റെ വിപത്തുകണ്ട് നിങ്ങള്‍ ഭയപ്പെടുന്നു. എനിക്കൊരു സമ്മാനം നല്കാനോ, നിങ്ങളുടെ സമ്പത്തില്‍നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കാനോ ഞാന്‍ ആവശ്യപ്പെട്ടോ...? ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കാനോ, മര്‍ദകരില്‍നിന്ന് എന്നെ മോചിപ്പിക്കാനോ ഞാന്‍ അഭ്യര്‍ത്ഥിച്ചോ...? ഉപദേശിച്ചുകൊള്ളുക ഞാന്‍ കേള്‍ക്കാം. ഞാന്‍ എന്തു തെറ്റുചെയ്തു എന്നു മനസ്സിലാക്കിത്തരിക. ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ സ്വീകാര്യമാണ്. എന്നാല്‍, നിങ്ങളുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ത്?''
അപ്പോള്‍ മറ്റൊരു സുഹൃത്തായ ബിന്‍ദാദ് പറഞ്ഞു. ''നിന്റെ പ്രചണ്ഡഭാഷണത്തിന് അന്ത്യമില്ലേ? ദൈവം നീതിക്കു തടസ്സം നില്‍ക്കുകമോ? നിന്റെ മക്കള്‍ ദൈവത്തിനെതിരായി പാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു. നീ ദൈവത്തെ അന്വേഷിക്കുകയും സര്‍വശക്തനായവനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെണീക്കും. നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്കു സമ്മാനിക്കും.''
ജോബ് പറഞ്ഞു: ''നിങ്ങളുടേതു ജനസ്വരമാണ്. സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ വിജ്ഞാനവും ഇല്ലാതാകും. എന്നാല്‍ നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. കര്‍ത്താവിന്റെ കരങ്ങളാണ് ഇവയൊക്കെയും പ്രവര്‍ത്തിച്ചതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. വന്യമൃഗങ്ങളോടും ആകാശപ്പറവകളോടും ചോദിക്കുവിന്‍. അവ നിങ്ങള്‍ക്കു പറഞ്ഞു തരും. ഭൂമിയിലെ സസ്യങ്ങളോടും ആഴിയിലെ മത്സ്യങ്ങളോടും ചോദിക്കുക. അവ നിങ്ങളോടു പ്രഖ്യാപിക്കും.''
വിജ്ഞാനവും ശക്തിയും ദൈവത്തോടുകൂടിയാണ്. അവിടുന്നു നശിപ്പിച്ചാല്‍ ആര്‍ക്കും പുനരുദ്ധരിക്കാന്‍ കഴിയില്ല. മാനവരാശിയുടെ ജീവശ്വാസവും സകലജീവജാലങ്ങളുടെ പ്രാണനും അവിടുത്തെ കരങ്ങളിലാണ്.
പിശാച് രണ്ടാം പ്രാവശ്യവും തോറ്റു. ദൈവം പ്രത്യക്ഷനായി. ജോബിനെ സുഖപ്പെടുത്തി. നഷ്ടപ്പെട്ടതിനെക്കാള്‍ ഇരട്ടിയായി ദൈവം തിരിച്ചുകൊടുത്തു. ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. നൂറ്റി നാല്പതു വര്‍ഷംകൂടി ജോബ് ഭൂമിയില്‍ ജീവിച്ചു. നാലു തലമുറകള്‍വരെയുള്ള തന്റെ സന്താനപരമ്പരകളെ കണ്ടു മരിച്ചു.
ഡിലനായി ജോബിന്റെ കഥ പറഞ്ഞവസാനിപ്പിച്ചു.


(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)