•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

ദേവാങ്കണം

രാത്രി ഭക്ഷണം കഴിഞ്ഞ് ക്യാപ്റ്റന്‍ ഡിലനായി നീലകണ്ഠനെ മാളികയുടെ മട്ടുപ്പാവിലേക്കു കൂട്ടി. നേര്‍ത്ത നിലാവുള്ള രാത്രി. ഉദയഗിരിയുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നുണ്ട്. നേര്‍ത്ത കാറ്റു വീശിക്കൊണ്ടിരിക്കുന്നു.
കുറെനേരത്തേക്ക് ആരും സംസാരിച്ചില്ല. കാറ്റുമാത്രം അവര്‍ക്കിടയില്‍ നേര്‍ത്ത ശബ്ദമുണ്ടാക്കി. നിലാവ് കൂടുതല്‍ തെളിമയാര്‍ജിക്കുകയാണ്.
''പ്രിയ സ്‌നേഹിതാ, നിങ്ങള്‍ അനുഭവിക്കുന്ന മനഃക്ലേശങ്ങള്‍ എനിക്കു മനസ്സിലാകുന്നുണ്ട്. താങ്കളുടെ കുടുംബത്തിനു വന്നു ഭവിച്ച സാമ്പത്തികനഷ്ടത്തെക്കുറിച്ചും എനിക്കു ബോധ്യമുണ്ട്. പക്ഷേ, ഒന്നറിയുക. ഈ ഭൂമിയിലെ മനുഷ്യജീവിതവും അവന്‍ ആര്‍ജിക്കുന്നസമ്പത്തും അവന്റെ പദവികളും എല്ലാം ക്ഷണികമാണ്. ദിവാസ്വപ്നം പോലെയും നീര്‍ക്കുമിളപോലെയും ക്ഷണഭംഗുരം.''
മട്ടുപ്പാവില്‍ വീശിയ കാറ്റ്, ഡിലനായിയുടെ വാക്കുകള്‍ നീലകണ്ഠനിലേക്ക് എടുത്തുവച്ചു. വേപ്പുമരച്ചില്ലകളിലെ കാറ്റിന്റെ മര്‍മരംപോലെയായിരുന്നു ക്യാപ്റ്റന്‍ ഡിലനായിയുടെ ശബ്ദം. നീലകണ്ഠന്‍ കണ്ണുകളുയര്‍ത്തി ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റന്‍ ചോദിച്ചു:
''താങ്കള്‍ വേദപുസ്തകം വായിച്ചിട്ടുണ്ടോ?''
''ഇല്ല.''
''ചതുര്‍വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും നീന്തിക്കയറിയ നിങ്ങള്‍ വിശുദ്ധഗ്രന്ഥമായ ബൈബിളിന്റെ ചാരത്തുകൂടിപ്പോയിട്ടില്ല.''
''അതിനുള്ള അവസരം...''
''ഉണ്ടായില്ല എന്നല്ലേ...?''
''തീര്‍ച്ചയായും.''
''ഒരിക്കലും അവസരങ്ങള്‍ നമ്മെ തേടിവരികയില്ല. അവസരങ്ങളെ നാം കണ്ടെത്തുകയാണു ചെയ്യേണ്ടത്.''
നീലകണ്ഠന്റെ കണ്ണുകള്‍ തന്നില്‍ത്തന്നെതറഞ്ഞുനില്ക്കുന്നത് ക്യാപ്റ്റന്‍ കണ്ടു. കണ്ണുകളില്‍ രണ്ടു നക്ഷത്രങ്ങള്‍ മിനുങ്ങുന്നുണ്ട്.
''നിങ്ങള്‍ വിശ്വസിക്കുന്ന ഈരേഴുപതിനാലു ലോകങ്ങള്‍ക്കുംകൂടി ഒരു ദൈവമേയുള്ളൂ. അവനാണ് ഈ ആകാശവും ഭൂമിയും ഭൂമിയിലുള്ള സര്‍വതും സൃഷ്ടിച്ചത്. ഏകദൈവം. ദൈവവും മനുഷ്യനുമായുണ്ടാക്കിയ ഉടമ്പടിയില്‍ ഇപ്രകാരം പറയുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത്.''
നീലകണ്ഠന്‍ കേട്ടിരുന്നു. ശിശുസഹജമായ ഒരു കൗതുകം നീലകണ്ഠനില്‍ ജനിക്കുന്നു.
''നീലകണ്ഠാ, ദൈവം സത്യമാകുന്നു. നിത്യസത്യം. സത്യം പ്രകാശമാകുന്നു. പ്രകാശം എന്നു ഞാന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കേണ്ടത് ജ്ഞാനത്തെയാണ്. യഥാര്‍ത്ഥ ജ്ഞാനം മനുഷ്യഹൃദയത്തില്‍ വെളിച്ചം നിറയ്ക്കുന്നു. അതുകൊണ്ടാണ് ജീസസ് പറഞ്ഞത്, 'ഞാന്‍ വെളിച്ചമാകുന്നു. എന്നിലൂടെയല്ലാതെ ആരും നിത്യസ്വര്‍ഗം അനുഭവിക്കുകയില്ലെന്ന്.' ഒരു മനുഷ്യന്റെ ദുഃഖങ്ങളുടെ ഹേതുവറിയാന്‍ ഹൃദയത്തില്‍ ദൈവികജ്ഞാനത്തിന്റെ വെളിച്ചം സ്വരൂപിച്ചാല്‍ മതി.''
നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവ് സിദ്ധിക്കുമ്പോഴാണ് ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനിയാകുന്നത്, ദൈവത്തെ അറിയുന്നത്. ഏദന്‍തോട്ടത്തിലെ തിരിച്ചറിവിന്റെ വൃക്ഷം നമ്മെ പഠിപ്പിക്കുന്നതും ഈ പറഞ്ഞ ജ്ഞാനത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്.
ഉദയഗിരിക്കു മുകളില്‍ നിലാവ് കൂടുതല്‍ പ്രസന്നമായിരിക്കുന്നു. കാറ്റ് ഏതൊക്കെയോ പൂക്കളുടെ സൗരഭ്യം പേറുന്നുണ്ട്. ദൂരെ വേളിമലക്കാടുകളില്‍ ഏതോ വനപുഷ്പങ്ങള്‍ വിരിഞ്ഞിരിക്കണം.
നീലകണ്ഠന്‍ തെല്ല് അദ്ഭുതത്തോടെ ക്യാപ്റ്റന്‍ ഡിലനായിയെ കേട്ടുകൊണ്ടിരുന്നു. ഡിലനായി തനിക്കുമുമ്പില്‍ അറിവിന്റെ ഒരു മഹാമേരുപോലെ ഉയര്‍ന്നുവളരുകയാണ്. അറിവിന്റെ ഒരു ഹിമശൈലം. ജടാമരന്റെ മുടിക്കെട്ടില്‍നിന്നെന്നവണ്ണം ജ്ഞാനത്തിന്റെ ഒരു പുണ്യഗംഗ പ്രവാഹിക്കുന്നു.
''താങ്കള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടോ നീലകണ്ഠന്‍?''
''തീര്‍ച്ചയായും ക്യാപ്റ്റന്‍.''
''മനുഷ്യന്റെ ഭൂമിയിലെ ദുഃഖങ്ങള്‍ക്കെല്ലാം ഹേതു അവന്റെ ദ്രവ്യമോഹമാണ്. സമ്പത്തിനോടും സുഖഭോഗങ്ങളോടുമുള്ള ആസക്തി എപ്പോള്‍ ഒരുവനില്‍ നിന്നൊഴിവാകുന്നുവോ അപ്പോള്‍മുതല്‍ അവന്‍ ആത്മാവില്‍ സുഖം അനുഭവിക്കാന്‍ തുടങ്ങുന്നു.''
ക്യാപ്റ്റന്‍ നീലകണ്ഠനെ സൂക്ഷിച്ചുനോക്കി. പിന്നെ തുടര്‍ന്നു:
''താങ്കള്‍ ബുദ്ധനെ കേട്ടിട്ടില്ലേ. കപിലവസ്തുവിലെ കൊട്ടാരത്തില്‍നിന്ന് ഭാര്യയെയും മകനെയും എല്ലാവിധ സൗഭാഗ്യങ്ങളെയും ഉപേക്ഷിച്ച് ആത്മജ്ഞാനത്തിന്റെ പൊരുള്‍തേടി ഈ ലോകത്തിന്റെ മഹാവന്യതയിലേക്കിറങ്ങിയ ഒരു മനുഷ്യനെ.''
ഉണ്ടെന്നോ ഇല്ലെന്നോ നീലകണ്ഠന്‍ പറഞ്ഞില്ല. ക്യാപ്റ്റന്‍ ഡിലനായിയിലൂടെ ആശ്വാസത്തിന്റെ ഒരു നീലനദിയിലേക്കിറങ്ങുകയായിരുന്നു നീലകണ്ഠന്‍.
''അങ്ങനെ ചരിത്രത്തിന്റെ ഏടുകളില്‍ ലോകം എത്രയോ പേരെ അടയാളപ്പെടുത്തിയിരിക്കുന്നു. സോക്രട്ടീസ്, ഡയോജനീസ്, അരിസ്റ്റോട്ടില്‍ അങ്ങനെ എത്രയോ പേര്‍....''
''വഞ്ചനാഗുപ്തമായ ഈ ലോകത്തില്‍ ലൗകികസുഖങ്ങളെല്ലാം വെടിഞ്ഞ് സത്യമന്വേഷിച്ചു യാത്ര പുറപ്പെട്ടവര്‍...''
''ഈ ആകാശവും ഭൂമിയും സൃഷ്ടിച്ചത് പരമകാരുണ്യവാനായ ദൈവമാണ്. ആ ദൈവം തന്നെയാണ് ഇരുളിനെയും വെളിച്ചത്തെയും വേര്‍തിരിച്ചത്. രാത്രിയും പകലും വേര്‍തിരിക്കാന്‍ അവിടുന്ന് ആകാശവിതാനങ്ങളില്‍ രണ്ടു മഹാദീപങ്ങള്‍ സ്ഥാപിച്ചു. സൃഷ്ടികര്‍മങ്ങളുടെ അന്ത്യത്തില്‍ സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു.''
രാത്രി ശീതം നിറഞ്ഞതായി പരിണമിക്കുകയായിരുന്നു. പടയാളിത്താവളത്തിലെ ഒച്ചയനക്കങ്ങള്‍ നിലച്ചിരുന്നു. ഉദയഗിരി ഉറക്കത്തിലേക്കു വഴുതിയിരുന്നു. ക്യാപ്റ്റന്‍ ഡിലനായി ചോദിച്ചു:
''മാന്യമിത്രമേ, താങ്കള്‍ക്ക് ഉറങ്ങാനുള്ള സമയമതിക്രമിച്ചുവോ...?''
''ഒരിക്കലുമില്ല. ഞാന്‍ താങ്കളെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്. താങ്കളെ കേള്‍ക്കുമ്പോള്‍ ഞാന്‍ ഹൃദയത്തിലൊരു ശാന്തി അനുഭവിക്കുന്നുണ്ട് കപ്പിത്താന്‍.''
ആകാശത്ത് നിലാവിന്റെ നീര്‍മരുതുകള്‍ പൂക്കുന്നു. ശലഭമഴ പെയ്യുന്നു. രണ്ടായിരമാണ്ടുകള്‍ക്കപ്പുറത്ത് ഗലീലിയാത്തടാകത്തില്‍ വഞ്ചിപ്പടവില്‍ ഏകനായിരുന്നു വല വീശുന്നുണ്ട് ഒരാള്‍...
നീലകണ്ഠനില്‍നിന്ന് ഉറക്കത്തിന്റെ ആലസ്യപടങ്ങള്‍ കാതങ്ങള്‍ക്കപ്പുറത്തേക്കു നീങ്ങിനിന്നു. ഹൃദയത്തില്‍ എന്തെന്നില്ലാത്ത ഒരാശ്വാസത്തിന്റെ കിരണസ്പര്‍ശങ്ങള്‍ സംഭവിക്കുന്നുണ്ട്. ശാന്തിയുടെഒരു തൂവല്‍സ്പര്‍ശം.
ശാന്തനായ ഒരു കൃഷ്ണമൃഗത്തിന്റെ ഇമയനക്കങ്ങളോടെ, ഒരു വെണ്‍പ്രാവിന്റെ ചിറകൊതുക്കത്തോടെ തന്റെ മുമ്പിലിരിക്കുന്ന നീലകണ്ഠനെ അദ്ഭുതത്തോടെയാണ് ക്യാപ്റ്റന്‍ ഡിലനായി അപ്പോള്‍ നോക്കിക്കണ്ടത്.
അഞ്ചോ ആറോ മാസങ്ങള്‍ക്കു മുമ്പുള്ള ഒരു പകല്‍ ക്യാപ്റ്റന്‍ ഡിലനായിയിലേക്കു തിക്കി വന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങളെ തിരുവിതാംകൂറിനോടു യോജിപ്പിച്ചശേഷമുള്ള വിശ്രമകാലം.
ഒരു ദിവസം നീലകണ്ഠന്‍ ഉദയഗിരിയിലെ പടയാളിത്താവളത്തിനോടു ചേര്‍ന്നുള്ള ആയുധപ്പുരയിലെത്തി. ഡിലനായിയെ കാണുകയായിരുന്നു ലക്ഷ്യം. ആയുധപ്പുരയിലെത്തിയ നീലകണ്ഠന്‍ പണിതീര്‍ത്തുവച്ചിരിക്കുന്ന വാള്‍ പരിശോധിക്കുന്നതാണ് ഡിലനായി കണ്ടത്. ഒരു യോദ്ധാവിനൊത്ത എല്ലാവിധ ശാരീരികലക്ഷണങ്ങളുമൊത്തിണങ്ങിയ നീലകണ്ഠനെ ഒന്നു പരീക്ഷിക്കാനുറച്ചു ഡിലനായി.
അരയില്‍ കൊളുത്തിയിട്ടിരിക്കുന്ന വാള്‍ ഉറയില്‍നിന്നൂരിപ്പിടിച്ചുകൊണ്ട് ഡിലനായി ചോദിച്ചു:
''പുതിയ വാളിന്റെ മൂര്‍ച്ച നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലോ...''
''കളിയായിട്ടോ കാര്യമായിട്ടോ.''
''കാര്യമായിട്ടു തന്നെ. എനിക്കു താങ്കളുടെ ആയുധമികവ് ഒന്നറിയാമല്ലോ.''
നീലകണ്ഠന്‍ തന്റെ വാളെടുത്ത് ആയുധത്തറയില്‍ വച്ചു. അരക്കച്ച മുറുക്കിക്കെട്ടി. മൂര്‍ച്ച പരിശോധിച്ച പുതിയ വാള്‍ കൈയിലെടുത്തു. മാതേവന്‍ പണിഞ്ഞ വാളാണത്. മാതേവന്‍ പണിഞ്ഞ വാള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ നീലകണ്ഠനു തിരിച്ചറിയാന്‍ കഴിയും. അഗ്രം കൂര്‍ത്ത് പുറം കുഴിഞ്ഞ് അസ്ത്രമൂര്‍ച്ചയുള്ള വാള്‍. ഒറ്റവെട്ടിനു നാലുപേരുടെ ശിരസ് വീഴും. അത്രയ്ക്കുണ്ടതിന്റെ മേന്മ.
തിരുവിതാംകൂറിന്റെ പടത്തലവനും കൊട്ടാരം കാര്യവിചാരകനും തമ്മിലുള്ള കളിയങ്കം കാണാന്‍ താവളത്തിലുണ്ടായിരുന്ന പടയാളികളെല്ലാം നിരന്നു.
അരനാഴിക. അരനാഴികനേരംകൊണ്ട് നീലകണ്ഠന്റെ ചടുലനീക്കങ്ങള്‍ക്കു മുമ്പില്‍ ക്യാപ്റ്റന്‍ ഡിലനായി അടിയറവു പറഞ്ഞു. മെയ്‌വഴക്കത്തില്‍, ഒഴിഞ്ഞുമാറലില്‍, കരവേഗത്തില്‍ ഒന്നും നീലകണ്ഠനെ വെല്ലാന്‍ ക്യാപ്റ്റന്‍ ഡിലനായിക്കായില്ല. ഒരുപാടു സന്ദര്‍ഭങ്ങളുണ്ടായിട്ടും നീലകണ്ഠന്‍ ക്യാപ്റ്റന്‍ ഡിലനായിയുടെ ദേഹത്തുനിന്ന് ഒരു തുള്ളി ചോരപോലും പൊടിയാതെ കാത്തു.
എല്ലാം തികഞ്ഞ ഒരു യോദ്ധാവ്. ഒരുപക്ഷേ, തിരുവിതാംകൂറിന്റെ പടക്കൂട്ടത്തില്‍ ഇത്ര സമര്‍ത്ഥനായ ഒരു യോദ്ധാവ് ഉണ്ടാവില്ല. ഇടംവലം പിന്നോട്ടുവച്ച് നാലുപുറവും വാള്‍ ചുഴറ്റി, മിന്നല്‍ വേഗത്തില്‍ മുന്നോട്ടുകുതിക്കുന്ന നീലകണ്ഠന്റെ വാളിനെ ചെറുക്കാന്‍ ക്യാപ്റ്റന്‍ ഡിലനായി കുറച്ചൊന്നുമല്ല പാടുപെട്ടത്. ഒടുവില്‍ അടിതെറ്റി നിലത്തുവീണ ഡിലനായിയുടെ കഴുത്തില്‍നിന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്ന വാള്‍മുന മാറ്റി ഇടതുകരം നീട്ടിക്കൊണ്ട് നീലകണ്ഠന്‍ പറഞ്ഞു:
''എഴുന്നേല്ക്കിന്‍ കപ്പിത്താനേ...''
ഡിലനായിയുടെ വാള്‍ നീലകണ്ഠന്റെ ഊക്കന്‍ വെട്ടില്‍ തെറിച്ചു ചെന്ന് ആയുധപ്പുരയുടെ പലകച്ചുവരില്‍ തറഞ്ഞുനിന്ന് കമ്പനംകൊണ്ടു.
നീലകണ്ഠന്റെ കരംപിടിച്ച് തറയില്‍നിന്നെഴുന്നേറ്റു ഡിലനായി സന്തോഷാതിരേകത്താല്‍ നീലകണ്ഠനെ ഗാഢം പുണര്‍ന്നു.
''കളിയാണെങ്കിലും ഒരങ്കം കഴിഞ്ഞതല്ലേ കപ്പിത്താന്‍. മെയ് മുഴുവന്‍ വിയര്‍പ്പാണ്.'' നീലകണ്ഠന്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂറിന്റെ പടത്തലവനായിരിക്കാന്‍ തന്നെക്കാള്‍ എത്രയോ യോഗ്യനാണ് നീലകണ്ഠന്‍. ഡിലനായി ചിന്തിച്ചു.
ആ നീലകണ്ഠനാണ് വ്യസനംകൊണ്ടും നിരാശകൊണ്ടും കാതരമായ ഭാവത്തോടെ തനിക്കു സമീപമിരിക്കുന്നത്.
അവരുടെ തലയ്ക്കു മുകളിലൂടെ ഏതോ രാപ്പക്ഷി ചിലച്ചുകൊണ്ട് നിലാവു തുളച്ചു പോയി. ഡിലനായി പറഞ്ഞു:
''മനുഷ്യനും ലോകത്തിനും കാലത്തിനും മുകളില്‍ ഒറ്റദൈവമേയുള്ളൂ നീലകണ്ഠന്‍.  നിങ്ങള്‍ വിശ്വസിക്കുന്നതുപോലെ മുപ്പത്തിമുക്കോടി ദേവകളും പരശ്ശതം ദൈവങ്ങളും ഒന്നുമില്ല. അതൊക്കെ നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഓരോരുത്തരുടെ നിലനില്പിനായി സൃഷ്ടിച്ചെടുത്തതാണ്. അജ്ഞതകൊണ്ടാണ് നിങ്ങളിങ്ങിനെ പല ദൈവങ്ങളെയും പൂജിക്കുന്നത്. സവര്‍ണര്‍ക്ക് സവര്‍ണദൈവങ്ങള്‍, അവര്‍ണര്‍ക്ക് അവര്‍ണദൈവങ്ങള്‍.
ജാതിവ്യവസ്ഥയും വര്‍ണവ്യത്യാസവും മനുഷ്യനുണ്ടാക്കിയതാണ്. അവര്‍തന്നെയാണ് സവര്‍ണ അവര്‍ണ ദൈവങ്ങളെയും സൃഷ്ടിച്ചത്. ഒരു ദൈവവും രക്തംകൊണ്ടുള്ള ബലി ആവശ്യപ്പെടുന്നില്ല. സമ്പത്തോ ദ്രവ്യങ്ങളോ ആഗ്രഹിക്കുന്നില്ല.
വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടേയെന്നും പക്ഷികള്‍ ഭൂമിക്കു മീതെ ആകാശവിതാനത്തില്‍ പറക്കട്ടേയെന്നും കല്പിക്കുകയും തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ  സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിലിരിക്കുന്ന സര്‍വജീവജാലങ്ങളുടെയും ആധിപത്യം മനുഷ്യനെ ഏല്പിച്ചുകൊടുക്കുകയും ചെയ്ത ദൈവം മനുഷ്യന്റെ കളങ്കമില്ലാത്ത ആത്മാവിനെയല്ലാതെ മറ്റൊന്നും ബലിയായി ആവശ്യപ്പെടുന്നില്ല.''
മഞ്ഞുവൃഷ്ടി കഠിനമാകുന്നു. നീലകണ്ഠന്‍ ഒരു നിമിഷം ക്യാപ്റ്റന്‍ ഡിലനായിയില്‍നിന്നും കണ്ണും മനസ്സും പറിച്ചെടുത്തു നോക്കുമ്പോള്‍ നിലാവിന്റെ നീലക്കമ്പളം പുതച്ചുറങ്ങുകയാണു ഭൂമി. എന്തു ഭംഗിയാണ് ഈ പ്രപഞ്ചത്തിനെന്നു നീലകണ്ഠന്‍ കണ്ടു.
ഒരു തുഷാരമഴ നീലകണ്ഠന്റെയുള്ളിലും പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
''എന്നെ ശ്രവിച്ച് താങ്കള്‍ക്കു മടുപ്പുളവാകുന്നുവോ...?'' ഡിലനായി ചോദിച്ചു.
''തീര്‍ച്ചയായും ഇല്ല കപ്പിത്താന്‍. ഞാനിപ്പോള്‍ ഒരു പുതിയ പ്രകാശത്തിന്റെ ഗോപുരവാതിലുകള്‍ കടന്നുപോകുകയാണ്.''
ഡിലനായി തുടര്‍ന്നു: ''ഒരു ദൈവവും ശത്രുസംഹാരത്തിനോ നിഗ്രഹത്തിനോ ആയി അവതരിക്കുന്നില്ല. സച്ചിദാനന്ദസ്വരൂപനായ ദൈവം മനുഷ്യരിലെ പാപങ്ങളെ നിഗ്രഹിക്കാനാണ് ആവശ്യപ്പെടുന്നത്. അവന്‍ ആവശ്യപ്പെടുന്നത് സ്‌നേഹം മാത്രമാണ്.''
''മനുഷ്യരില്‍ പാപം കുന്നുകൂടിയപ്പോള്‍ അതില്‍നിന്ന് അവരെ രക്ഷിക്കാനായി ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു. അങ്ങനെ ഒരാളേ ലോകചരിത്രത്തിലുള്ളൂ, ഒരാള്‍ മാത്രം.''
ഡിലനായിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന നീലകണ്ഠനോട് ഡിലനായി പറഞ്ഞു:
''അത് ക്രിസ്തുവാണ്.''


(തുടരും)

 

Login log record inserted successfully!