•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ദേവാങ്കണം

ധുരനായ്ക്കന്‍പടയുടെ മിന്നലാക്രമണങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കൊണ്ടിരുന്നു. അതാകട്ടെ തിരുവിതാംകൂറിനു വല്ലാത്ത തലവേദനയും സൃഷ്ടിച്ചിരിക്കുന്നു. ഇങ്ങിനി വരാത്തവണ്ണം നായ്ക്കന്‍പടയെ പ്രഹരിക്കണമെന്ന് മാര്‍ത്താണ്ഡവര്‍മ തീര്‍ച്ചപ്പെടുത്തി.
ഇത്തവണ നായ്ക്കന്‍പടയെ തിരുവിതാംകൂര്‍ നേരിട്ടത് ക്യാപ്റ്റന്‍ ഡിലനായിയുടെ നേതൃത്വത്തിലായിരുന്നു. നവീനമായ യുദ്ധതന്ത്രങ്ങളുമായി പടനീക്കം നടത്തിയ തിരുവിതാംകൂര്‍ സേനയ്ക്കുമുമ്പില്‍ മധുരപ്പട അമ്പേ പരാജയപ്പെട്ടു പിന്‍വാങ്ങി.
പരാജയപ്പെട്ടിരിക്കുന്നെങ്കിലും മധുരപ്പടയുടെ ആക്രമണം മഹാരാജാവ് വീണ്ടും പ്രതീക്ഷിച്ചിരുന്നു. അത് ഉടനെ ആകില്ലെന്നു മാത്രം.
കായംകുളത്തെ വരുതിയിലാക്കിയ മാര്‍ത്താണ്ഡവര്‍മ, തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശേരി എന്നീ നാട്ടുരാജ്യങ്ങളെയും കീഴ്‌പ്പെടുത്തി.
മാര്‍ത്താണ്ഡവര്‍മയുടെ വളര്‍ച്ച ഡച്ചുകാര്‍ക്ക് വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതായിരുന്നു. കുളച്ചലില്‍വച്ചുണ്ടായ പരാജയത്തിനുശേഷം തിരുവിതാംകൂറിനോടു വീണ്ടുമൊരേറ്റുമുട്ടല്‍ ഡച്ചുകാര്‍ക്ക് സാധ്യമാവാതെയും വന്നു. മാര്‍ത്താണ്ഡവര്‍മ മാത്രമല്ല ഡച്ചുകാരുടെ ഉറക്കം കെടുത്തിയത്. കുരുമുളകുവ്യാപാരത്തില്‍ ഇംഗ്ലീഷുകാരും ഡച്ചുകാരുടെ ശത്രുക്കളായിരുന്നു.
ഉമയമ്മറാണിയുടെ കാലത്താണ് ഇംഗ്ലീഷുകാര്‍ക്ക് അഞ്ചുതെങ്ങില്‍ കുരുമുളകുവ്യാപാരത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചത്. ആറ്റിങ്ങല്‍ റാണിയില്‍നിന്ന് നേരത്തേതന്നെ ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങില്‍ കുറച്ചു സ്ഥലം കൈവശമാക്കി വച്ചിരുന്നു.
രവിവര്‍മയുടെ കാലത്താണ് അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ കോട്ടയും കുരുമുളകുസംസ്‌കരണഫാക്ടറിയും സ്ഥാപിച്ചത്. അക്കാലത്ത് കുരുമുളകുവ്യാപാരത്തിന്റെ കുത്തകാവകാശം ഇംഗ്ലീഷുകാര്‍ നേടിയിരുന്നു.
ഇംഗ്ലീഷുകാരുമായി ഒരു വ്യാപാരയുദ്ധംതന്നെ വേണ്ടിവരുമെന്നതിനാല്‍ മാര്‍ത്താണ്ഡവര്‍മയുമായുള്ള ശത്രുത തങ്ങളുടെ വ്യാപാരതാത്പര്യങ്ങള്‍ക്കു ഹാനികരമാകുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടുകയും മാര്‍ത്താണ്ഡവര്‍മയുമായുണ്ടാക്കിയ മാവേലിക്കര ഉടമ്പടിയനുസരിച്ച് ഡച്ചുകാര്‍ രാഷ്ട്രീയകിടമത്സരങ്ങളില്‍ പക്ഷം പിടിക്കുന്നതല്ലെന്നും ആത്മരക്ഷയ്ക്കുവേണ്ടിയല്ലാതെ ബലം പ്രയോഗിക്കുന്നതല്ലെന്നും സമ്മതിച്ചു.
ക്യാപ്റ്റന്‍ ഡിലനായിയുടെ നേതൃത്വം കുറച്ചൊന്നുമല്ല തിരുവിതാംകൂര്‍സേനയ്ക്ക് ആത്മബലം നല്കിയത്. തന്റെ പട്ടാളം നവീകരിക്കപ്പെടുകയാണ്. തിരുവിതാംകൂര്‍, യുദ്ധങ്ങളില്‍ തുടരെ വിജയിക്കുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് സംപ്രീതനായി.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് രാജസദസ്സ് വിളിച്ചുകൂട്ടി. ഉദയഗിരിയിലെ താമസസ്ഥലത്തുനിന്ന് ക്യാപ്റ്റന്‍ ഡിലനായിയെ ആളയച്ചു വരുത്തി.
കൊട്ടാരം ദൂതനെത്തി മഹാരാജാവിനെ മുഖം കാണിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഡിലനായിക്കു പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. അനവസരത്തിലുള്ള ഈ കൂടിക്കാഴ്ച എന്തിനെന്നുപോലും സന്ദേഹപ്പെട്ടില്ല.
എന്തെന്നാല്‍, സകലജഡ   ഖിന്നതകളെയും തരണം ചെയ്യാന്‍ പ്രാപ്തനായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ കാലുകള്‍ ഇടറുകയോ കരങ്ങള്‍ വിറയ്ക്കുകയോ ചെയ്തില്ല.
ക്യാപ്റ്റന്‍ ഡിലനായ് കൊട്ടാരത്തിലെത്തിയപ്പോള്‍ രാജസദസ്സ് പൂര്‍ണമായിരുന്നു. മന്ത്രി രാമയ്യന്‍, കാര്യവിചാരകന്മാര്‍, ഉപദേശകര്‍ തുടങ്ങിയവരെല്ലാം സന്നിഹിതരായിരിക്കുന്നു; ഒപ്പം നീലകണ്ഠനും.
ഇതിനോടകം നീലകണ്ഠന്‍ രാജാവിന് ഏറെ പ്രീതിപ്പെട്ടവനായി ഭവിച്ചിരുന്നു. നീലകണ്ഠസ്വാമിക്ഷേത്രഭരണം കൂടാതെ കൊട്ടാരസംബന്ധിയായ മറ്റുചില കാര്യങ്ങള്‍കൂടി മഹാരാജാവ് നീലകണ്ഠനെ ഉത്തരവാദിത്വപ്പെടുത്തുകയും ചെയ്തു.
കൊട്ടാരകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക. പട്ടാളക്കാര്‍ക്കു ശമ്പളം കൊടുക്കുക. പത്മനാഭപുരത്തും ഉദയഗിരിയിലും പണിയുന്ന കോട്ടകള്‍ക്ക് ആവശ്യമായ നിര്‍മാണസാമഗ്രികള്‍ എത്തിച്ചുകൊടുക്കുക. പണിക്കാര്‍ക്കു കൂലി കൊടുക്കുക തുടങ്ങി അനവധികാര്യങ്ങള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് നീലകണ്ഠനെ ഉത്തരവാദിത്വപ്പെടുത്തിയിരുന്നു. ആയതൊക്കെയും ഭംഗിയായി നിര്‍വഹിച്ചുപോരുന്നതില്‍ നീലകണ്ഠന്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. മഹാരാജാവിന് നീലകണ്ഠന്‍ എല്ലാ അര്‍ത്ഥത്തിലും അഭിമതനായിക്കഴിഞ്ഞിരുന്നു.
മഹാരാജാവിനും കൊട്ടാരമുഖ്യന്മാര്‍ക്കും ഇടയിലേക്കു കടന്നു വന്ന ക്യാപ്റ്റന്‍ ഡിലനായി മഹാരാജാവിനെ വണങ്ങിനിന്നു. ഡിലനായിക്കു നേരേ അര്‍ത്ഥ ഗര്‍ഭമായി ചിരിച്ചുകൊണ്ട് മഹാരാജാവ് പറഞ്ഞു:
''നാം കൊട്ടാരത്തിലേക്കു താങ്കളെ ക്ഷണിച്ചുവരുത്തിയത് സന്തോഷകരമായ ഒരു സംഗതി അറിയിക്കുന്നതിലേക്കാണ്. ആയതിനു സാക്ഷികളാകാന്‍വേണ്ടിയാണ് നാം കൊട്ടാരമുഖ്യന്മാരെ വരുത്തിയതും.''
എന്താണ് മഹാരാജാവ് തിരുമനസ്സുകൊണ്ട് മൊഴിയാന്‍ പോകുന്നതെന്നോര്‍ത്ത് രാജസദസ്സില്‍ കൂടിയിരുന്നവരെല്ലാം ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചു. ഡിലനായിയില്‍ മാത്രം നിസംഗമായ ഒരു ഭാവമായിരുന്നു.
കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഒരു കാര്യങ്ങളും ഡിലനായിയില്‍ അലകള്‍ സൃഷ്ടിക്കുന്നില്ല. നങ്കൂരമിട്ട കപ്പലിനെ അലകള്‍ കുലുക്കും. എന്നാല്‍, ഒഴുക്കിക്കൊണ്ടു പോവില്ല.
''കല്പിച്ചരുളിയാലും മഹാരാജന്‍.'' ഡിലനായി പറഞ്ഞു.
''തിരുവിതാംകൂര്‍സേനയുടെ സകല ഉത്തരവാദിത്വങ്ങളും നാം താങ്കളെ ഏല്പിക്കുന്നു. ഇന്നുമുതല്‍ താങ്കളെ നാം തിരുവിതാംകൂറിന്റെ വലിയ കപ്പിത്താന്‍ എന്ന പദവിയിലേക്കുയര്‍ത്തി പ്രതിഷ്ഠിക്കുന്നു. താങ്കളുടെ താമസസൗകര്യത്തിനായി ഉദയഗിരിക്കോട്ടയോടനുബന്ധിച്ച് ഒരു മാളികയും നാം നിര്‍മിച്ചു നല്കുന്നുണ്ട്.''
ആഹ്ലാദകരമായിരുന്നു മഹാരാജാവിന്റെ പ്രഖ്യാപനങ്ങള്‍. പക്ഷേ, ക്യാപ്റ്റന്‍ ഡിലനായിക്ക് അമിതാഹ്ലാദമൊന്നും തോന്നിയില്ല. എങ്കിലും അദ്ദേഹം സര്‍വശക്തനായ ദൈവത്തിനു നന്ദി പറഞ്ഞു. അവന്റെ കരുണ മഞ്ഞുവര്‍ഷംപോലെയും വടവൃക്ഷത്തിന്റെ നിഴല്‍പോലെയും തന്റെ മുകളിലുണ്ട്.
കൊട്ടാരമുഖ്യന്മാരെല്ലാം ഡിലനായിയെ പ്രശംസകൊണ്ടു പൊതിഞ്ഞു. അതൊന്നും ഡിലനായി കാര്യമാക്കിയില്ല. മനുഷ്യരുടെ മുഖസ്തുതികളില്‍ അഭിരമിക്കുന്നവര്‍ പുകമറകൊണ്ട് ഭവനം സൃഷ്ടിക്കുകയാണ്. കീര്‍ത്തി വെറും മായയാണ്. മനുഷ്യജീവിതംപോലെതന്നെ വെറും മായ.
മനുഷ്യരില്‍ ആരെങ്കിലും മരണത്തിനും പാപത്തിനും അതീതരാണോ? എല്ലാ മനുഷ്യരും പാപികളും ദ്രവത്വമുള്ളവരും ക്ഷീണിതരും രോഗത്തിനും മരണത്തിനും അടിമപ്പെട്ടവരും വേദനയ്ക്കും ഭയത്തിനും വിധേയരുമാണ്. ഫറവോനെപ്പോലെയോ ഏറ്റവും നിസ്സാരജീവിയെപ്പോലെയോ അനേകകഷ്ടനഷ്ടങ്ങള്‍ക്കു വിധേയരാണ്. ഇതിന്റെയെല്ലാം ആകത്തുക ഭൂമിയിലെ മനുഷ്യജീവിതം ഒരു മായയത്രേ.
ഉദയഗിരിയിലേക്കുള്ള മടക്കയാത്രയില്‍ ക്യാപ്റ്റന്‍ ഡിലനായിയോടൊപ്പം നീലകണ്ഠനുമുണ്ടായിരുന്നു. വളരെ കുറഞ്ഞൊരു കാലത്തെ സൗഹൃദം മാത്രമാണ് അവര്‍ തമ്മിലുണ്ടായിരുന്നത്.
പരിചയപ്പെട്ടപ്പോള്‍ത്തന്നെ ക്യാപ്റ്റന്‍ ഡിലനായിക്ക് നീലകണ്ഠനോട് ഒരു ബഹുമാനം തോന്നി. നീലകണ്ഠനോടെന്നല്ല ആരോടും ഡിലനായി ബഹുമാനത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളൂ. അത് ക്യാപ്റ്റന്റെ ജന്മനാടിന്റെ പാരമ്പര്യമാണ്. മഹത്തരമായ ഒരു സംസ്‌കാരം.
ഓരോ ഭാഷയ്ക്കും ഓരോ സംസ്‌കാരമുണ്ട്. ആ ഭാഷ സംസാരിക്കുന്ന ആളുകള്‍ക്കുമുണ്ടാകും ആ സംസ്‌കാരം. നീലകണ്ഠനും സംസ്‌കാരസമ്പന്നനാണ്.
മിതഭാഷിയാണ് നീലകണ്ഠന്‍. അളന്നു മുറിച്ച വാക്കുകള്‍. ശബ്ദം ഗാംഭീര്യമാര്‍ന്നതെങ്കിലും കേഴ്‌വിക്ക് ഇമ്പമുള്ളത്. തുടുത്ത മുഖത്ത് എപ്പോഴും ഒരു മന്ദഹാസം കളിയാടി നിന്നിരുന്നു. പ്രസന്നരഹിതമായ മുഖത്തോടെ നീലകണ്ഠനെ ഒരിക്കലും കാണാന്‍ കഴിയില്ല.
ക്ഷൗരം ചെയ്തു വൃത്തിയാക്കിയ മുഖത്തെ നീണ്ട നാസികയ്ക്കു കീഴെ കത്രിച്ചൊരുക്കിയ മേല്‍മീശ പിരിച്ച് മുകളിലേക്കു വച്ചിരിക്കുന്നു. ഇടതുതോളില്‍ മുമ്പോട്ടും പിന്നോട്ടുമായിരിട്ടിരിക്കുന്ന ഉത്തരീയത്തുമ്പുകള്‍ക്കു മുകളില്‍ വട്ടം കെട്ടിയ അരക്കച്ചയില്‍ ഞാത്തിയിട്ടിരിക്കുന്ന വാളും കഠാരയും. ഉറച്ച മാംസപേശികളും വിരിഞ്ഞ മാറിടവും. എല്ലാംകൂടി നലംതികഞ്ഞ ഒരു യോദ്ധാവിന്റെ രൂപവും ഭാവവും.
ഈ ബാഹ്യരൂപഗുണങ്ങളൊന്നുമല്ല ഡിലനായിയെ നീലകണ്ഠനിലേക്കാകര്‍ഷിച്ചത്. ശ്രേയസ്സ്‌കരമായിരുന്ന നീലകണ്ഠന്റെ ഓരോ വാക്കും. അത് നീതിന്യായങ്ങളെ മാത്രം പ്രഘോഷിക്കുന്നു.
മടക്കത്തില്‍ നീലകണ്ഠന്‍ ക്യാപ്റ്റന്‍ ഡിലനായിയോടു പറഞ്ഞു:
''മഹാരാജാവ് നിങ്ങളില്‍ പ്രീതിയുള്ളവനായിരിക്കുന്നു. താങ്കള്‍ക്കു ലഭിച്ച സ്ഥാനമാനങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ അനുഗ്രഹം തന്നെ.''
''താങ്കള്‍ അങ്ങനെ വിചാരിക്കുന്നതില്‍ തെറ്റൊന്നും കാണാന്‍ എനിക്കു കഴിയുകയില്ല.'' ക്യാപ്റ്റന്‍ ഡിലനായി ഒരു വിധത്തില്‍ തമിഴും മലയാളവും കൂടിക്കലര്‍ന്ന ഭാഷയിലാണു സംസാരിച്ചത്.
പത്മനാഭപുരത്ത് സംസാരഭാഷ മിക്കവാറും തമിഴായിരുന്നു. മലയാളവും കുറവല്ല. ഈ രണ്ടു ഭാഷയും ഡിലനായിക്കു പൂര്‍ണമായും സ്വാധീനമായിരുന്നില്ല. ഒരുവിധം പറഞ്ഞൊപ്പിക്കും. തമിഴോ മലയാളമോ സംസാരിച്ചാല്‍ മനസ്സിലാകുകയും ചെയ്യും.
''അതെന്താ, താങ്കള്‍ അങ്ങനെ സംസാരിച്ചത്. രാജപാരിതോഷികങ്ങളില്‍ താങ്കള്‍ക്ക് ആനന്ദമില്ലന്നാണോ...''
''അങ്ങനെയല്ല നീലകണ്ഠന്‍. ഈ ഭൂമിയില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളോ പാരിതോഷികങ്ങളോ എന്നെ അമിതമായി ആഹ്ലാദിപ്പിക്കുന്നില്ല.''
''അദ്ഭുതമായിരിക്കുന്നു. പിന്നെയെന്താണ് താങ്കളെ സന്തോഷിപ്പിക്കുന്നത്?''
''അതാണ് ഞാനും അന്വേഷിക്കുന്നത്. യഥാര്‍ത്ഥ സന്തോഷം എവിടെ കിട്ടുമെന്നാണ്. ഒരു കാര്യം എനിക്കറിയാം. ഈ ലോകം ആശാരഹിതമാണ്. ഈ ലോകവും ലോകത്തിലുള്ള യാതൊന്നും എന്നെ മോഹവലയത്തില്‍പ്പെടുത്തുന്നില്ല.''
''മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാലും കപ്പിത്താന്‍...''
സ്വര്‍ഗത്തിലിരിക്കുന്ന ദൈവത്തെ കൂടാതെയുള്ള മഹത്ത്വം എന്താണ്, എന്തിനാണ്?''
ക്യാപ്റ്റന്‍ ഡിലനായിയുടെ ചോദ്യത്തിനൊരുത്തരം നീലകണ്ഠനു സാധ്യമായില്ല. എങ്കിലും മറ്റൊരു ചോദ്യമാണ് നീലകണ്ഠന്‍ ചോദിച്ചത്.
''തിരുവിതാംകൂറിലെ ജീവിതം താങ്കളുടെ മനം മടുപ്പിക്കുന്നു എന്നു കരുതട്ടെ.''
''അങ്ങനെ ഒരിക്കലും കരുതേണ്ടതില്ല. എനിക്ക് എന്റെ ജന്മദേശവും തിരുവിതാംകൂറും തമ്മില്‍ ഭേദമൊന്നുമില്ല. രണ്ടും ദൈവം സൃഷ്ടിച്ച ഭൂമിതന്നെ. രണ്ടു ദേശങ്ങള്‍ക്കു മുകളിലും സൂര്യനും ആചന്ദ്രതാരകങ്ങളുമുണ്ട്.''
നീലകണ്ഠന്റെ മനസ്സില്‍ ഒരദ്ഭുതമായി വളരുകയായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. കൊല്ലം, കായംകുളം യുദ്ധത്തില്‍ പടനയിക്കാന്‍ നിയോഗിക്കപ്പെട്ട ആളായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. ആ യുദ്ധത്തിലൊക്കെ തിരുവിതാംകൂര്‍ വിജയം നേടുകയും ചെയ്തു.
തിരുവിതാംകൂറിന്റെ ആകാശത്തില്‍ ഡച്ചുകാരുമായി വീണ്ടുമൊരങ്കത്തിന് കാഹളം മുഴങ്ങുന്നു എന്നു തോന്നിയിരുന്നു പലപ്പോഴും നീലകണ്ഠന്. ഒരിക്കല്‍ നീലകണ്ഠന്‍ ക്യാപ്റ്റന്‍ ഡിലനായിയോടു ചോദിച്ചു:
''സ്വന്തം രാജ്യത്തിനെതിരേ പടനയിക്കേണ്ടിവന്നാല്‍ താങ്കള്‍ക്കു വ്യസനമാകില്ലേ?''
''തീര്‍ച്ചയായും മിത്രമേ,'' ഡിലനായി പറഞ്ഞു: ''പക്ഷേ, ഞാനിപ്പോള്‍ എന്റെ ജന്മരാജ്യത്തിന്റെ പടയാളികള്‍ക്കൊപ്പമല്ല. തിരുവിതാംകൂറിന്റെ പടത്തലവനാണ്. അതുകൊണ്ട് തിരുവിതാംകൂറിന്റെ വിജയമാണ് എന്റെ ലക്ഷ്യം. അതാണെന്റെ ധര്‍മം.''

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)