•  28 Mar 2024
  •  ദീപം 57
  •  നാളം 4
നോവല്‍

ദേവാങ്കണം

തിരുവിതാംകൂറിനു സമീപമുള്ള നാട്ടുരാജ്യമായ കായംകുളത്തെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയശേഷം കായംകുളം രാജാവുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിപ്രകാരം കായംകുളത്തിന്റെ പകുതിഭാഗം തിരുവിതാംകൂറിനോടു ചേര്‍ക്കുകയും തിരുവിതാംകൂറിന്റെ സാമന്തപദവി കായംകുളം അംഗീകരിക്കുകയും ചെയ്ത കാലമായിരുന്നത്.
തിരുവിതാംകൂറിനെ വിസ്തൃതവും അതിലുപരി സമ്പന്നവുമായ ഒരു രാജ്യമാക്കി പരിവര്‍ത്തനപ്പെടുത്തണമെന്നായിരുന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ആഗ്രഹം. പക്ഷേ, അതിനുവേണ്ടിയുള്ള പടനീക്കങ്ങളില്‍ ഒരു പരാജയംപോലും അനുഭവിക്കാന്‍ മഹാരാജാവ് ഒരുക്കമായിരുന്നില്ല.
കായംകുളത്തിനെതിരേ ഉണ്ടായ ആദ്യ ആക്രമണങ്ങളിലും കൊല്ലത്തെ ഡച്ചുകോട്ട ആക്രമണത്തിലും ഭവിച്ച പരാജയങ്ങള്‍ മഹാരാജാവിനെ ഇരുത്തിച്ചിന്തിപ്പിക്കുകതന്നെ ചെയ്തു.
അതുകൊണ്ടുതന്നെയാണ് മഹാരാജാവ് തിരുവിതാംകൂര്‍ സേനയെ ഏതു വിധേനയും പ്രബലമാക്കാന്‍ തീരുമാനിച്ചത്. തന്ത്രപരവും ബുദ്ധിപൂര്‍വകവുമായ ആ തീരുമാനമാണ് ബല്‍ജിയത്തില്‍ ജനിച്ചുവളര്‍ന്ന് ഡച്ചുകപ്പല്‍പ്പടയുടെ ക്യാപ്റ്റനായിരുന്ന എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായി എന്ന വിദേശിയെ തിരുവിതാംകൂര്‍സേനയുടെ സൈന്യാധിപന്‍ എന്ന പദവിയിലേക്കെത്താന്‍ സഹായിച്ചത്.
തിരുവിതാംകൂറിലെ നായര്‍ പടയാളികള്‍ക്കും കൊട്ടാരം സേവകര്‍ക്കും ഏറെ വിചിത്രമായിത്തോന്നി മഹാരാജാവിന്റെ തീരുമാനം. പക്ഷേ, ആരും അതിനെതിരേ ശബ്ദിച്ചില്ല. തിരുവായ്ക്ക് എതിര്‍വായില്ലല്ലോ.
പക്ഷേ, മന്ത്രി രാമയ്യന് മഹാരാജാവിന്റെ തീരുമാനത്തില്‍ അദ്ഭുതമൊന്നും തോന്നിയില്ല. കൗടില്യതന്ത്രങ്ങള്‍ മെനയാന്‍ രാജാവ് അതിനിപുണനാണെന്ന് രാമയ്യനു നന്നേ ബോധ്യമുണ്ടാരുന്നു.
അപ്രതീക്ഷിതമായാണ് ക്യാപ്റ്റന്‍ ഡിലനായി തടങ്കലില്‍നിന്നു മോചിക്കപ്പെട്ടത്. ഭടന്മാര്‍ ക്യാപ്റ്റന്‍ ഡിലനായിയെ മഹാരാജാവിനു മുമ്പില്‍ ഹാജരാക്കി.
തന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുന്നത് എന്തിനായിരിക്കുമെന്നു ചിന്തിച്ച് ഡിലനായി വേപഥു പൂണ്ടില്ല. ഒരുപക്ഷേ, കഠിനമായ ശിക്ഷ വിധിക്കാനായിരിക്കും. അല്ലെങ്കില്‍ ഗളച്ഛേദം. എന്തിനും മഹാരാജാവിന് അനുവാദമുണ്ട്. താന്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ശത്രുസൈന്യത്തിലെ പടയാളിയാണ്. തന്നോടൊപ്പം ഏതാനും പേര്‍കൂടി തടങ്കല്‍പാളയത്തിലുണ്ട്.
എന്തു സംഭവിച്ചാലും അതു ദൈവഹിതം അനുസരിച്ചേ ആകൂ. ക്യാപ്റ്റന്‍ എസ്‌തേക്കിയൂസ് ബനഡിക്ട് ഡിലനായി വിവേകമുള്ളവനായിരുന്നു. വിവേകമാണ് ഒരുവന്റെ വഴികാട്ടി. ജീവിതത്തിന്റെ വഴികള്‍ ചിലപ്പോള്‍ പട്ടുവിതാനിച്ചതാവാം. ചിലപ്പോള്‍ മൂര്‍ച്ചയുള്ള കല്ലുകളും മുനകൂര്‍ത്ത മുള്ളുകളും വിഷനാഗങ്ങളും നിറഞ്ഞതാകാം. അതിലെ സഞ്ചരിക്കുക എന്നത് അവന്റെ നിയോഗമാണ്.
രാജസന്നിധിയിലേക്കെത്തിയ ഡിലനായിയെ നിറഞ്ഞതും എന്നാല്‍ ഗൂഢവുമായ ഒരു മന്ദഹാസത്തോടെയാണ് മഹാരാജാവ് സ്വീകരിച്ചത്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം ചൂണ്ടിക്കാട്ടി മഹാരാജാവ് പറഞ്ഞു:
''ഇരിക്കിന്‍ കപ്പിത്താനേ...''
തിരുവിതാംകൂറിന്റെ പ്രൗഢിക്കൊത്ത് പുരാസ്മൃതികളുണര്‍ത്തുംവിധം പടുത്ത കൊട്ടാരത്തിന്റെ അകത്തളത്തില്‍ ആ കൊടിയ വേനലിലും ശീതംനിറഞ്ഞുനിന്നിരുന്നു. ആ കുളിര്‍മയില്‍ രാജാവ് ചൂണ്ടിക്കാട്ടിയ ഇരിപ്പിടത്തില്‍ ആശങ്കകളൊന്നുമില്ലാതെ ഡിലനായി ഉപവിഷ്ടനായി.
ഡച്ചു കപ്പല്‍പ്പടയുടെ നായകനായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് കപ്പല്‍പ്പായ നിവര്‍ത്തിക്കെട്ടി, ലക്ഷ്യം തെറ്റാതെ തീരമണയുന്ന പരിചയസമ്പന്നനായ നാവികന്‍. സമുദ്രത്തിന്റെ ആഴവും ക്ഷോഭവും മുന്‍കൂട്ടി അറിയുന്നവന്‍. നടുക്കടലില്‍ കപ്പല്‍ത്തട്ടിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനം ഗണിച്ച് രാത്രിയുടെ ദൈര്‍ഘ്യവും പ്രഭാതത്തിലേക്കുള്ള ദൂരവുമളക്കുന്നവന്‍.
ദിക്ക് ഗണനാമാപിനിയും ദൂരദര്‍ശിനിയും കൈകാര്യം ചെയ്യും. കരവാള്‍യുദ്ധത്തിലും തോക്കുപ്രയോഗത്തിലും അതിനിപുണന്‍. അതെല്ലാംകൊണ്ടു കൂടിയാണ് 'കപ്പിത്താനേ' എന്ന് മഹാരാജാവ് ഡിലനായിയെ സംബോധന ചെയ്തത്.
തനിക്കായി വിധിക്കപ്പെട്ട ഇരിപ്പിടത്തില്‍ ക്യാപ്റ്റന്‍ ഡിലനായി സ്വസ്ഥനും ശാന്തനുമായി ഇരിക്കുകയായിരുന്നു.
''നാം താങ്കളെ വിളിപ്പിച്ചത് ഒരു പ്രത്യേക സംഗതിക്കാണ്.'' മഹാരാജാവിന്റെ ഘനഗംഭീരമായ ശബ്ദം ക്യാപ്റ്റന്‍ ഡിലനായിയിലേക്കു വന്നു. ഡിലനായി ശ്രദ്ധാപൂര്‍വം രാജാവിനെ കേട്ടിരുന്നു.
''താങ്കളുടെ സഹിഷ്ണുതയിലും ആഭിജാത്യമുള്ള പെരുമാറ്റത്തിലും യുദ്ധനിപുണതയിലും നമുക്ക് ഏറെ ബഹുമാനമുണ്ട്.''
''മഹാരാജന്‍ അങ്ങയുടെ നല്ല വാക്കുകള്‍ക്കു നന്ദി.''
''നമുക്കു വിദേശരീതിയിലുള്ള പടക്കോപ്പുകള്‍ നിര്‍മിക്കണം. തിരുവിതാംകൂര്‍ സേനയെ ആധൂനികയുദ്ധമുറകള്‍ അഭ്യസിപ്പിക്കണം. ആയതിലേക്കു താങ്കളുടെ സേവനം നാം ആവശ്യപ്പെടുന്നു.''
ക്യാപ്റ്റന്‍ ഡിലനായി അദ്ഭുതത്തോടെ മഹാരാജാവിനെ നോക്കി. മഹാരാജാവ് എന്താണുദ്ദേശിക്കുന്നതെന്ന് ഡിലനായിക്കു മനസ്സിലായില്ല. ഡച്ചു സേനാനായകന്റെ കണ്ണുകളില്‍ കണ്ട സന്ദേഹം ബുദ്ധിമാനായ രാജാവ് വായിച്ചെടുത്തു.
''ബഹുമാന്യനായ കപ്പിത്താനേ, വിദേശിയനായിട്ടാണു ജന്മമെങ്കിലും ഇനിയുള്ള കാലം താങ്കള്‍ തിരുവിതാംകൂറുകാരനായിരിക്കുകയും നമ്മുടെ സേനയുടെ സാരഥ്യം വഹിക്കുകയും സേനയെ നയിക്കുകയും വേണമെന്ന് നാം ആഗ്രഹിക്കുന്നു. താങ്കള്‍ തിരുവിതാംകൂര്‍ വിട്ടുപോകാതെ സ്വദേശത്തുള്ള താങ്കളുടെ ഭാര്യ മാര്‍ഗരറ്റിനെയും പുത്രന്‍ ജോന്നാസിനെയും തിരുവിതാംകൂറിലേക്കെത്തിക്കുവാനും നാം അനുവാദം തന്നിരിക്കുന്നു.''
''താങ്കളുടെ പദവിക്കും ഈ കൊട്ടാരത്തിന്റെ അന്തസ്സിനും യോജിച്ച രീതിയിലുള്ള ജീവിതസൗകര്യങ്ങളും കുറവല്ലാത്ത ശമ്പളവും മറ്റുകാര്യങ്ങളും നിവര്‍ത്തിച്ചുതരുന്നതായിരിക്കുമെന്ന് നാം ഉറപ്പുതരുന്നു. ചിന്തിച്ചുറപ്പാക്കിയശേഷം മാത്രം മതി മറുപടി.''
''അല്ലയോ മഹാരാജന്‍, താങ്കളുടെ ഉദാരമനസ്‌കതയ്ക്കു നന്ദി. എനിക്ക് ആലോചിക്കാനോ തീരുമാനമെടുക്കാനോ ഒന്നുമില്ല. താങ്കളുടെ കല്പന അനുസരിക്കുന്നതില്‍ എനിക്ക് പൂര്‍ണസമ്മതം.''
ബുദ്ധിമാനായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. വിസമ്മതം പ്രകടിപ്പിച്ചാല്‍ തന്റെ മടക്കം വീണ്ടും തിരുവിതാംകൂറിന്റെ തടങ്കല്‍പാളയത്തിലേക്കായിരിക്കുമെന്ന് ഡിലനായിക്കു നിശ്ചയമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ താന്‍ ജീവിതാവസാനം വരെ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിലായിരിക്കും.
അചഞ്ചലനായ ഒരു ക്രിസ്തു വിശ്വാസിയായിരുന്നു ക്യാപ്റ്റന്‍ ഡിലനായി. ബല്‍ജിയത്തില്‍ ജനിച്ച ഡിലനായി ക്രൈസ്തവവിശ്വാസികളായിരുന്ന മാതാപിതാക്കളുടെ ശിക്ഷണത്തിലും വിശ്വാസത്തിലുമാണു വളര്‍ന്നുവന്നത്.
തങ്ങള്‍ക്ക് എന്തുകിട്ടും എന്നതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ കഷ്ടതകള്‍ വരുമ്പോള്‍ അവനെ അവഗണിച്ചുകളയും. ക്യാപ്റ്റന്‍ ഡിലനായി അങ്ങനെയായിരുന്നില്ല. തന്റെ കഷ്ടതകളിലും ക്രിസ്തുവില്‍ പാറപോലെ ഉറച്ചുനില്ക്കുകതന്നെ ചെയ്തു.
സകലവും ക്രിസ്തുവില്‍ അര്‍പ്പിച്ചിരിക്കുന്ന ഒരുവന്‍ ഒരു മാര്‍ച്ചട്ട അണിഞ്ഞിരിക്കുകയാണ്. പീഡനങ്ങളുടെ ശരമുനകള്‍ ഒരിക്കലും അവന്റെ നെഞ്ചില്‍ തറയുന്നില്ല. തിരുവിതാംകൂര്‍ തടവറയിലെ യുദ്ധത്തടവുകാരന്റെ ജീവിതം ഒരു തരത്തിലും ഡിലനായിയെ മഥിച്ചിരുന്നില്ല. ഒരു പടയാളി എപ്പോഴും മരണത്തെ മുഖാമുഖം കാണുന്നവനാണ്. മുറിവുകളോ അംഗക്ഷതങ്ങളോ മരണഭയമോ അവനെ പടമുഖത്തുനിന്നു പിന്തിരിപ്പിക്കുന്നില്ല.
രണ്ടു ദിവസത്തിനകം ഡച്ചു കപ്പിത്താനായിരുന്ന ഡിലനായി രാജശാസനത്തില്‍ ഒപ്പുചാര്‍ത്തി തിരുവിതാകൂറിന്റെ സേനാനാകനായി അധികാരമേറ്റു. യുദ്ധത്തടവുകാരില്‍ മരണപ്പെടാതെ ശേഷിച്ച ഡച്ചുപടയാളികളും തിരുവിതാംകൂര്‍പട്ടാളത്തില്‍ ചേര്‍ന്നു.
പത്മനാഭപുരത്തുനിന്ന് കുറച്ചകലെ ഉദയഗിരിയില്‍ ഡിലനായിക്കുള്ള താമസസൗകര്യം കൊട്ടാരത്തില്‍നിന്ന് ഏര്‍പ്പാടാക്കി. ഭക്ഷണകാര്യങ്ങളിലോ ആരാധനാകാര്യങ്ങളിലോ യാതൊരു വിലക്കുകളും ക്യാപ്റ്റന്‍ ഡിലനായിക്കുണ്ടായിരുന്നില്ല. ഉദയഗിരിയില്‍ത്തന്നെയായിരുന്നു തിരുവിതാംകൂറിന്റെ പടയാളിത്താളവും.
പരിമിതമെങ്കിലും തനിക്കു കിട്ടിയ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യാന്‍ ക്യാപ്റ്റന്‍ ഡിലനായി മുതിര്‍ന്നില്ല. അവസരങ്ങള്‍ ഒത്തുവന്നപ്പോള്‍പ്പോലും കൊല്ലത്തെയോ കൊച്ചിയിലെയോ ഡച്ചുകോട്ടയിലേക്കോ ഡച്ചുകപ്പലിലേക്കോ രക്ഷപ്പെടാന്‍ ഡിലനായി ഒരുമ്പെട്ടില്ല. അതിനുള്ള സന്ദര്‍ഭങ്ങള്‍ അനവധിയായിരുന്നു. കൊല്ലത്തും കൊച്ചിയിലും കച്ചവടത്തിനായി തമ്പടിച്ചിരിക്കുന്ന ഡച്ചുകാര്‍, ക്യാപ്റ്റന്‍ ഡിലനായിയെയും കൂട്ടരെയും തിരുവിതാംകൂര്‍ പാളയത്തില്‍നിന്ന് എങ്ങനെയും മോചിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അതത്ര ക്ഷിപ്രസാധ്യമല്ലെന്നു ഡച്ചുകാര്‍ക്കു അറിയാമായിരുന്നുതാനും. എന്തെന്നാല്‍, മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്യാപ്റ്റന്‍ ഡിലനായിക്കു ചുറ്റും അദൃശ്യമായ ഒരു കാവല്‍ക്കോട്ട പടുത്തുയര്‍ത്തിയിരുന്നു.
ഒന്നുകില്‍ കീഴടങ്ങുക. അല്ലെങ്കില്‍ വധിക്കപ്പെടുക എന്നതായിരുന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ നയം. ആ നയം വ്യക്തമായും ഡിലനായിക്ക് അറിയാമായിരുന്നു. അതുകൊണ്ടു മാത്രമല്ല അദ്ദേഹം രക്ഷപ്പെടാന്‍ ആഗ്രഹിക്കാഞ്ഞത്.
ജീവിതം ഒന്നേയുള്ളൂ. അതു തിരുവിതാകൂറിലായാലും ജന്മദേശത്തായാലും അങ്ങനെതന്നെ. ഒരു മനുഷ്യന്റെ ജീവിതത്തെ ലോകത്തിനുമുമ്പില്‍ അടയാളപ്പെടുത്തേണ്ടത് അവന്‍ ജനിച്ച ദേശത്തിന്റെയോ പാര്‍ക്കുന്ന രാജ്യത്തിന്റെയോ മാഹാത്മ്യമനുസരിച്ചല്ല. തന്റെ ജീവിതവും കര്‍മങ്ങളും സത്യസന്ധവും നിസ്വാര്‍ത്ഥവുമായിരിക്കുമ്പോഴാണ്. അത് ദൈവനീതിക്കൊപ്പം നില്ക്കുമ്പോഴാണ്. പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥനയ്‌ക്കൊത്തവിധം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് അവന്റെ ശിരസ്സിനു മുകളില്‍ ദൈവം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുക.
ചോദിക്കാത്തവര്‍ക്ക് ഒന്നും ദൈവം തരുന്നില്ല. ആഗ്രഹിക്കാത്തവര്‍ക്ക് ദൈവം കൊടുക്കുന്നുമില്ല. ദൈവത്തിന്റെ ശക്തിയാല്‍ തനിക്കു മതില്‍ ചാടിക്കടക്കാന്‍ കഴിയുമെന്നു ദാവീദിനു വിശ്വാസമുണ്ടായിരുന്നു. അതു സ്വന്തം ശക്തിയാലല്ല. നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം.
തന്റെമേല്‍ വര്‍ഷിക്കപ്പെടുന്നതൊക്കെയും ക്രിസ്തുവിന്റെ കാരുണ്യമാണെന്നു ഡിലനായി വിശ്വസിച്ചു, പ്രിയങ്ങളും അപ്രിയങ്ങളുമായവയൊക്കെയും. അതുകൊണ്ടുതന്നെ ശേഷിച്ച ജീവിതംകൊണ്ട് തിരുവിതാംകൂറുകാരനായിത്തീരാന്‍ ഡിലനായി തീരുമാനിച്ചു. തിരുവിതാംകൂറിനെ സ്‌നേഹിക്കാന്‍ തുടങ്ങി.
ഉദയഗിരിയില്‍ പൂവരശുമരങ്ങള്‍ കാറ്റിലാടുമ്പോള്‍ ക്യാപ്റ്റന്‍ ഡിലനായി ജന്മനാട്ടിലെ ബര്‍ച്ചുമരക്കാടുകളെ ഓര്‍മിച്ചു. ഉദയഗിരിയില്‍ പൂക്കള്‍ വിരിയുമ്പോള്‍ ബല്‍ജിയത്തിലെ വസന്തകാലമോര്‍മിക്കും. രാവറുതികളില്‍ ഉത്തമഗീതത്തിലൂടെ കടന്നുപോകുമ്പോള്‍ ഏഴാംകടലിനക്കരെ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ മാര്‍ഗരറ്റിനെയും മകന്‍ ജോഹന്നാസിനെയും ഓര്‍മിക്കും.
പക്ഷേ, ആ ഓര്‍മകളില്‍ തപിക്കാന്‍ ക്യാപ്റ്റന്‍ ഡിലനായി കൂട്ടാക്കിയില്ല. ചോര്‍ച്ച അടച്ചില്ലെങ്കില്‍ അത് കപ്പലിനെ മുക്കിക്കളയും. അങ്ങനെ മുങ്ങിപ്പോകാന്‍ ഡിലനായി ഇഷ്ടപ്പട്ടില്ല.
ക്യാപ്റ്റന്‍ ഡിലനായി തിരുവിതാംകൂര്‍ പടയാളികള്‍ക്കു പരിശീലനം കൊടുക്കുന്നതില്‍ വ്യാപൃതനായി ആ കാലഘട്ടത്തിലാണ് തിരുവിതാംകൂറിനു നേരേ മധുരനായ്ക്കന്‍പടയുടെ ആക്രമണമുണ്ടായത്.
(തുടരും)

 

Login log record inserted successfully!