•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ദേവാങ്കണം

ഹാരാജാവിന്റെ കുറിമാനവുമായെത്തിയ രാജഭടന്‍ നീലകണ്ഠനോടു പറഞ്ഞു:
''ഇന്നുതന്നെ കൊട്ടാരത്തില്‍ ഹാജരാകാന്‍ കല്പനയുണ്ട്.''
നീലകണ്ഠന്‍ തറവാട്ടിലുള്ള എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണു പുറപ്പെട്ടത്. കൊട്ടാരത്തിലെത്തിയ നീലകണ്ഠന്‍ പത്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ കാര്യവിചാരകനായി ചുമതലയേറ്റു.
പത്മനാഭപുരം ക്ഷേത്രത്തിനടുത്തുതന്നെ നീലകണ്ഠനു താമസിക്കാനുള്ള ഇടവും ഭക്ഷണസൗകര്യവും കൊട്ടാരത്തില്‍നിന്നുതന്നെ ഏര്‍പ്പാടു ചെയ്തു.
നീലകണ്ഠന്‍ ക്ഷേത്രകാര്യങ്ങളില്‍ ഒരഴിച്ചുപണിതന്നെ നടത്തി. ക്ഷേത്രംവക സ്വത്തുക്കള്‍ അനാവശ്യരീതിയില്‍ കൈകാര്യം ചെയ്തിരുന്ന യോഗക്കാരെ പിരിച്ചുവിട്ടു. പകരം സ്വാര്‍ത്ഥമതികളല്ലാത്തവരും യോഗ്യരുമായ ആളുകളെ തിരഞ്ഞുപിടിച്ചു നിയമിച്ചു.
നീലകണ്ഠന്റെ ക്ഷേത്രഭരണപരിഷ്‌കാരങ്ങളില്‍ അതൃപ്തി പൂണ്ട ചില ബ്രാഹ്‌മണശ്രേഷ്ഠന്മാര്‍ മഹാരാജാവിനെ മുഖം കാണിച്ച് ഉണര്‍ത്തിച്ചു:
''നീലകണ്ഠന്‍ നമ്മുടെ സുബ്രഹ്‌മണ്യഭഗവാന്റെ ക്ഷേത്രത്തെ നശിപ്പിക്കും. അയാളുടെ പ്രവൃത്തികള്‍ ഭഗവാനോ ആചാരങ്ങള്‍ക്കോ നിരക്കുന്നതല്ല. മഹാരാജാവ് എന്തെങ്കിലും പോംവഴികള്‍ കണ്ടെത്തിയേ മതിയാകൂ.''
പക്ഷേ, മഹാരാജാവ് തിരുമനസ്സുകൊണ്ട് അതൊന്നും ചെവിക്കൊണ്ടില്ല. നീലകണ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മഹാരാജാവിന്റെ മൗനാനുവാദമുണ്ടായിരുന്നു.
കുറഞ്ഞൊരു കാലംകൊണ്ട് നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ഭരണം നേരാംവഴിയായി. ക്ഷേത്രത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നു. പുനഃപ്രതിഷ്ഠ നടന്നു. നിത്യകര്‍മങ്ങളും വിശേഷാല്‍ പൂജകളും ഉത്സവങ്ങളും ക്ഷേത്രവിധിപ്രകാരം നടത്തപ്പെട്ടു. ഭക്തജനങ്ങളുടെ തിരക്ക് കൂടിക്കൂടിവന്നു. നടവരവ് നാലിരട്ടിയായി.
നീലകണ്ഠന്റെ ഭരണത്തില്‍ ക്ഷേത്രത്തിനുണ്ടായ പുരോഗതി മഹാരാജാവിനെ സംപ്രീതനാക്കി. നീലകണ്ഠനിലേക്കു ഭാരിച്ച കൂടുതല്‍ ഉത്തവാദിത്വങ്ങള്‍ വന്നുചേര്‍ന്നു.
വേനല്‍ക്കാലമായിരുന്നു. മീനമാസം. പത്മനാഭപുരത്തിന്റെ ആകാശത്തില്‍ വെയില്‍ തിളയ്ക്കുന്നു. നീലകണ്ഠനു നട്ടാലത്തേക്കു മടങ്ങണം. നട്ടാലത്ത് മരുതുകുളങ്ങരത്തറവാടിന്റെ കുടുംബക്ഷേത്രമായ ഭദ്രകാളിക്കോവിലില്‍ മീനഭരണിയുത്സവത്തിനു കാലമാകുന്നു. ഒരു കാരണവശാലും ഉത്സവം മുടങ്ങിക്കൂടാ. പൂര്‍വികന്മാരായി ആചരിച്ചുപോരുന്നതാണ്. മരുതുകുളങ്ങരയിലെ കാരണവര്‍ ദീനത്തില്‍നിന്നു പൂര്‍ണവിമുക്തനുമല്ല.
നീലകണ്ഠന്‍ മഹാരാജാവിനോടു കാര്യമുണര്‍ത്തിച്ചു. ഉത്സവകാര്യമായതിനാല്‍ മഹാരാജാവ് മടികൂടാതെ അവധിയനുവദിച്ചു. മഹാരാജാവ് പറഞ്ഞു:
''ഉത്സവാദികള്‍ കഴിഞ്ഞ് എത്രയും പെട്ടെന്നു മടങ്ങിയെത്തുക. നീലകണ്ഠനെക്കൊണ്ട് കൊട്ടാരത്തിന് ഒരുപാട് സംഗതികളുണ്ട്.''
നീലകണ്ഠന്‍ മടങ്ങി. നീലകണ്ഠനു നട്ടാലത്തേക്കു മടങ്ങിപ്പോകാന്‍ ഒരു കുതിരയെ മഹാരാജാവ് ഏര്‍പ്പാടാക്കിയിരുന്നു. കായംകുളത്തെ ആക്രമിക്കാന്‍ തിരുനല്‍വേലിയില്‍നിന്നു കുതിരപ്പട്ടാളത്തെ വരുത്തിയ കൂട്ടത്തില്‍ കുറെ കുതിരകളെക്കൂടി വാങ്ങിയിരുന്നു. അതിലൊന്നായിരുന്നു നീലകണ്ഠനുവേണ്ടി മഹാരാജാവ് സമ്മാനിച്ചത്. പത്മനാഭപുരത്തെത്തി കുറഞ്ഞകാലംകൊണ്ടുതന്നെ നീലകണ്ഠന്‍ കുതിരസവാരിയും വശമാക്കിയിരുന്നു.
ഇടവഴികളിലൂടെയുള്ള കുതിരക്കുളമ്പടിശബ്ദം കേട്ടാണ് നട്ടാലം പ്രഭാതത്തിലേക്കു കണ്ണുമിഴിച്ചത്. ആളുകള്‍ അദ്ഭുതത്തോടെ വഴിയിലേക്കു നോക്കി. വസന്തകാലസൂര്യന്‍ ഉദിച്ചുവരുന്നതുപോലെയായിരുന്നു നീലകണ്ഠന്റെ വരവ്. പ്രായമായ സ്ത്രീകള്‍ ആ കാഴ്ച കണ്ടു പറഞ്ഞു:
''സാക്ഷാല്‍ മണികണ്ഠന്‍ പുലിപ്പുറത്തേറിവരുന്നതുപോലെ...''
ആലയുടെ മുമ്പില്‍ കുളമ്പടി ശബ്ദം കേട്ടാണ് മാതേവന്‍ പുറത്തേക്കു വന്നത്. കുതിരപ്പുറത്തെത്തിയ നീലകണ്ഠനെക്കണ്ട് മാതേവന്‍ അതിശയിച്ചു.
മാതേവനോടൊപ്പം നട്ടാലത്തിനു ചുറ്റും ഒരു കുതിരപ്രദക്ഷിണം കഴിഞ്ഞാണ് നീലകണ്ഠന്‍ മരുതുകുളങ്ങരയിലെത്തിയത്. മാതേവനുമൊത്തുള്ള യാത്രയ്ക്കിടയില്‍ കണ്ടവരോടൊക്കെ നീലകണ്ഠന്‍ ക്ഷേമൈശ്വര്യങ്ങള്‍ തിരക്കി. നട്ടാലത്തമ്മയുടെ കടാക്ഷംകൊണ്ട് എല്ലാവര്‍ക്കും സുഖം. അത് നീലകണ്ഠനെ ആഹ്ലാദചിത്തനാക്കി.
നീലകണ്ഠന്‍ മരുതുകുളങ്ങരയിലെത്തിയപ്പോള്‍ ഉത്സവപ്രതീതിതന്നെയായിരുന്നു. രാജസന്നിധിയിലെ നീലകണ്ഠന്റെ സ്ഥാനലബ്ധിയില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം അതിരറ്റ സന്തോഷം.
മരുതുകുളങ്ങരയുടെ കുടുംബദേവതയായ ഭദ്രകാളിയുടെ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതോടൊപ്പംതന്നെ നീലകണ്ഠന്റെ വിവാഹാലോചനകളും. നീലകണ്ഠന്റെ നിശ്ശബ്ദാനുവാദത്തോടെതന്നെയാണ് കുടുംബക്കാര്‍ വിവാഹാലോചനകള്‍ നടത്തിയത്.
തിരുവിതാംകോട്ടിനു പടിഞ്ഞാറ് അമരാവതിക്കു സമീപമുള്ള മേക്കാട്ട് എന്ന ഗ്രാമത്തില്‍നിന്നാണ് വീട്ടുകാര്‍ നീലകണ്ഠനു വധുവിനെ കണ്ടെത്തിയത്.
മേക്കാട്ട് തമിഴ് പേശുന്ന ഗ്രാമമായിരുന്നു. ദ്രാവിഡ സംസ്‌കാരത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഒരു ചെറിയ ഗ്രാമം. കാലാകാലങ്ങളില്‍ വയലുകളില്‍ വിളകള്‍ പൂക്കുന്ന, കഠിനാധ്വാനികളായ കര്‍ഷകരുടെ നാട്.
അവിടെ സാമാന്യം ധനശേഷിയുള്ള ഒരു നായര്‍ത്തറവാട്ടില്‍നിന്നാണ് മരുതുകുളങ്ങര വീട്ടുകാര്‍ നീലകണ്ഠനു വധുവിനെ തിരഞ്ഞുപിടിച്ചത്.
പേര് ഭാര്‍ഗവി. ഏക മകള്‍. സുന്ദരി. സുശീല. സുഭാഷിണി. അനിതരസാധാരണമായ രൂപലാവണ്യം മരുതുകുളങ്ങരത്തറവാട്ടിലെ അംഗങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും നന്നേ ബോധിച്ചു. നീലകണ്ഠന് എന്തുകൊണ്ടും ചേരുന്ന പെണ്ണുതന്നെ.
ഭാര്‍ഗവി എന്ന പേരിന് മഹാലക്ഷ്മി എന്നൊരര്‍ത്ഥം കൂടിയുണ്ട്. തേജസ്സുള്ളവള്‍.
നീലകണ്ഠനും ഭാര്‍ഗവിയെ ഇഷ്ടമായി. ചേല്‍ക്കണ്ണി. കറ്റവാര്‍ക്കുഴലി. കടഞ്ഞെടുത്ത വെണ്ണക്കല്‍ ശില്പത്തോടൊക്കും ഭാര്‍ഗവിയുടെ മേനിയഴക്. ഭാര്‍ഗവി മന്ദഹസിക്കുമ്പോള്‍ രാകാശശി ഉദിക്കുന്നു. മലയജമരങ്ങള്‍ തളിര്‍ക്കുന്നു.
നീലകണ്ഠനു പക്ഷേ, ഭാര്‍ഗവിയുടെ മെയ്യഴകിനപ്പുറം സ്വഭാവമഹിമയാണു പ്രിയമായത്. പഠിച്ചുതള്ളിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ലക്ഷണശാസ്ത്രവും വശമാക്കിയിരുന്ന നീലകണ്ഠന്‍ ഭാര്‍ഗവിയുടെ മനസ്സളന്നു. മനസ്സിലെ വെളിച്ചം കണ്ടു. അല്ലെങ്കില്‍ത്തന്നെ ഏതൊരാള്‍ക്കും ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകും ഭാര്‍ഗവിയുടെ കുലീനത്വം.
ആഡംബരപൂര്‍വംതന്നെയായിരുന്നു പുടവകൊട. നാടറിഞ്ഞ കല്യാണം. നട്ടാലത്തെങ്ങും ഉത്സവപ്രതീതി. ദീനദയാലുവും ധര്‍മതത്പരനുമായ നീലകണ്ഠന്റെ വിവാഹം നാട്ടിലെങ്ങും ആനന്ദം വിതറി. ആബാലവൃദ്ധം ജനങ്ങളും ആഹ്ലാദിച്ചു. പ്രകൃതിപോലും പുളകംകൊണ്ടു എന്നു വേണം പറയാന്‍.
പത്മനാഭപുരം കൊട്ടാരത്തില്‍നിന്നു നീലകണ്ഠനുള്ള വിവാഹസമ്മാനമായി പട്ടുവസ്ത്രങ്ങളും പണവും പണ്ടങ്ങളുമെത്തി. അങ്ങനെയൊന്ന് മഹാരാജാവില്‍നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; നീലകണ്ഠന്‍പോലും. അത് നീലകണ്ഠനുള്ള വിലമതിക്കാത്ത അംഗീകാരമായി എല്ലാവരും കണ്ടു.
വിവാഹത്തിന്റെ നാലാംനാള്‍ പത്മനാഭപുരം കൊട്ടാരത്തിലെത്തി നീലകണ്ഠനും പത്‌നിയും മഹാരാജാവിനെ മുഖം കാണിച്ചു.
മഹാരാജാവിനു സന്തോഷമായി. നീലകണ്ഠന്റെ അറിവിനും തേജസ്സിനും ചേര്‍ന്നവള്‍തന്നെ. ഐശ്വര്യലക്ഷ്മിയെപ്പോലുണ്ട് നീലകണ്ഠന്റെ ഭാര്യ. പോലെയല്ല ലക്ഷ്മിതന്നെ.
വിഭവസമൃദ്ധമായ ഭക്ഷണവും പാരിതോഷികങ്ങളും നല്കിയാണ് മഹാരാജാവ് അവരെ മടക്കിയത്.
അത് നട്ടാലത്ത് മരുതുകുളങ്ങരത്തറവാടിന്റെ കുലദേവതയായ ഭദ്രകാളിയുടെ  ക്ഷേത്രോത്സവനാളുകളായിരുന്നു. മീനമാസത്തിലെ ഭരണിനാളിലായിരുന്നു പ്രധാന ഉത്സവം. പൂര്‍വാധികം ഭംഗിയായിത്തന്നെ ഉത്സവം നടന്നു. ഭദ്രകാളീപൂജയാണ് ചടങ്ങുകളില്‍ പ്രധാനം. കുളമക്കാടിനടുത്ത് മണക്കരയില്ലത്തു നിന്നുള്ള ബ്രാഹ്‌മണശ്രേഷ്ഠന്മാരാണു ഭദ്രകാളീപൂജയ്ക്കു നേതൃത്വം നല്കിയത്. മൃഗബലി, അമ്മന്‍കൊടം, മാടന്‍കൊട, ഗുരുതി മുതലായവയും നിവര്‍ത്തിക്കപ്പെട്ടു. കോമരങ്ങള്‍ ഉറഞ്ഞുതുള്ളി. കോമരങ്ങളുടെ അരമണിയുടെയും ചിലമ്പിന്റെയും കിലുക്കത്തിലൂടെ ഭദ്രകാളി നട്ടാലത്തിനു മേല്‍ പ്രസാദം ചൊരിഞ്ഞു.
മരുതുകുളങ്ങരത്തറവാടിന്റെ അകത്തളത്തില്‍ കത്തിച്ചുവച്ച തങ്കവിളക്കുപോലെ ഭാര്‍ഗവി തിളങ്ങി. ശ്രീപരമേശ്വരനു ശ്രീപാര്‍വതി എങ്ങനെയായിരുന്നോ അങ്ങനെയായിരുന്നു നീലകണ്ഠനു ഭാര്‍ഗവിയും. ഭാര്‍ഗവിയുടെ വരവോടെ മരുതുകുളങ്ങരത്തറവാട് കൂടുതല്‍ പ്രസന്നമായി.
തന്റെ ജീവിതത്തിനു മേലും തറവാടിനുമേലും ദേവകളുടെ അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്നതായി നീലകണ്ഠനു തോന്നി. നട്ടാലത്തമ്മ പ്രസാദിച്ചിരിക്കുന്നു. മുപ്പത്തിമുക്കോടി ദേവകളും സംപ്രീതരായിരിക്കുന്നു.
ഒരു ഹിമകവചംപോലെ ഭാര്‍ഗവിയുടെ പ്രണയം നീലകണ്ഠനെ പൊതിഞ്ഞുപിടിച്ചു. പൗര്‍ണമിച്ചന്ദ്രന്‍ വെള്ളാമ്പല്‍ പൂക്കളോടെന്നപോലെയാണ് നീലകണ്ഠന്‍ ഭാര്‍ഗവിയോടു പ്രവര്‍ത്തിച്ചത്.
ഭര്‍ത്താവിന്റെ വളര്‍ച്ചയിലും കൊട്ടാരത്തില്‍നിന്നും നാട്ടില്‍നിന്നും അദ്ദേഹത്തിനു കിട്ടുന്ന സ്‌നേഹബഹുമാനങ്ങളിലും പ്രാണപ്രേയസിയായ ഭാര്‍ഗവി അതിരറ്റു സന്തോഷിച്ചു.
അവള്‍ ഭര്‍ത്താവിനെ പരിചരിക്കുന്നതിലും ഗേഹധര്‍മങ്ങള്‍ പാലിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ വച്ചു. അയല്‍ക്കാരോടും ബന്ധുമിത്രാദികളോടും ഏറെ എളിമയോടും സ്‌നേഹത്തോടും വര്‍ധിച്ചു.
ഏറ്റവും ലാളിത്യമുള്ള ജീവിതമായിരുന്നു ഭാര്‍ഗവിയുടേതും. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം ഭാര്‍ഗവി ഒന്നും മോഹിച്ചില്ല.
നട്ടാലത്തുള്ളവര്‍ക്കെല്ലാം മാതൃകാപരമായിരുന്നു ആ ദമ്പതികളുടെ ജീവിതം.


(തുടരും)

 

Login log record inserted successfully!