•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

അഗസ്ത്യായനം

വിവരം മനയ്ക്കലറിഞ്ഞു. നമ്പൂരിമാര്‍ വിറളിപിടിച്ചു. ''എന്തു ചെയ്യും. ശവം തടഞ്ഞാല്‍ അവരത് അവിടെ ഇട്ടിട്ടുപോകും. അങ്ങനെ സംഭവിച്ചാല്‍ നമ്മള്‍തന്നെ അത് മറവുചെയ്യേണ്ടി വരും. അതും ഒരു പുലയന്റെ ശവം. ചിന്തിക്കാന്‍കൂടി വയ്യ.
തടഞ്ഞില്ലെങ്കില്‍ മനയ്ക്കലെ പുരയിടം അശുദ്ധമാകും. അതും കുഴപ്പമാണ്. പക്ഷേ, ഒന്നുണ്ട്. ശവം കൊണ്ടുപോകട്ടെ. ശേഷം ചാണകവെള്ളം തളിച്ച് ശുദ്ധി കര്‍മ്മം നടത്താം. അവര്‍ അങ്ങനെ തീരുമാനിച്ചു.
ശവം വഹിച്ചുകൊണ്ടുള്ള യാത്ര നമ്പൂരിമാരുടെ പുരയിടത്തിലൂടെ അനായാസം കടന്നുപോന്നു. ആരും തടഞ്ഞില്ല. ആരും അവരെ അടിച്ചോടിച്ചില്ല. 
ശവമടക്കു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വാനമേഘങ്ങള്‍ക്കപ്പുറത്തുനിന്ന് ദൈവം അവരെ വെണ്‍ചാമരം വീശി ആശ്വസിപ്പിക്കുന്നതുപോലെ. അവര്‍ കുഞ്ഞച്ചനോടു പറഞ്ഞു:
''കുഞ്ഞച്ചനാണ് ഏങ്കളുടെ മാനം കാത്തത്.''
''ഞാനല്ല.'' കുഞ്ഞച്ചന്‍ പറഞ്ഞു: ''എന്റെയുള്ളിലെ കര്‍ത്താവാണ് അതു ചെയ്തത്. എന്തിനും ഏതിനും കര്‍ത്താവ് കൂടെയുണെ്ടന്നു വിശ്വസിക്ക്.''
അങ്ങനെയൊരു വിശ്വാസത്തിന്റെ ദൃഢമായ നൂലിഴകളില്‍ പ്പിടിച്ചാണ് അവര്‍ മടങ്ങിയത്. കര്‍ത്താവിന്റെ കൃപ തങ്ങളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.
ശവമടക്കു കഴിഞ്ഞ് ആവുംവിധം ഭക്ഷണവും അരിയും പണവും കുറച്ചു വസ്ത്രങ്ങളുമൊക്കെ കൊടുത്താണ് കുഞ്ഞച്ചന്‍ അവരെ മടക്കിയത്.
ഇപ്പോള്‍ പള്ളിമുറ്റം ശൂന്യമാണ്. കുഞ്ഞച്ചന്‍ തന്റെ മുറിയിലേക്കു മടങ്ങി. തന്റെ മരക്കസേരയില്‍ ചാരിയിരുന്നു. അഷ്ടദിക്കുകളില്‍നിന്നെന്നവണ്ണം ഒരു മൗനം കുഞ്ഞച്ചനില്‍ വന്നുനിറയുന്നു. ഒരു ഭാരം ആരോ തന്റെ ഹൃദയത്തിനു മുകളില്‍ അമര്‍ത്തിവയ്ക്കുന്നതുപോലെ. കുഞ്ഞച്ചന്‍ കണ്ണുകളടച്ചു.
അപ്പോള്‍ അന്തര്‍നേത്രങ്ങളുടെ ദൂരക്കാഴ്ചകളില്‍ കുഞ്ഞച്ചന്‍ കണ്ടു ഹരിതാഭമായ ഗദ്‌സമെന്‍ കുന്നുകള്‍ നീലിമയാര്‍ന്ന ഗലീലിയാക്കടല്‍. ഗദ്‌സമെനിയുടെ താഴ്‌വരയിലൂടെ, ഗലീലിയായുടെ മണല്‍പ്പരപ്പിലൂടെ, വെളുത്ത കുപ്പായവും ചുവന്ന ഉത്തരീയവും ധരിച്ച ഒരാള്‍ അന്വേഷിച്ചുനടക്കുന്നു. അശരണരേ... പീഡിതരേ... രോഗികളേ... കാഴ്ചയില്ലാത്തവരേ... ബധിരരേ... അവന്‍ പറയുന്നുണ്ട്: ''വരൂ...എന്നോടൊപ്പം വരൂ. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം.''
അതു യാത്രയാണ്. കാലത്തിന്റെ അതിരുകളില്‍നിന്ന് മറ്റൊരു കാലത്തിന്റെ അതിരുകളിലേക്കു തന്നേക്കാള്‍ ചെറിയവരെ തേടിയുള്ള യാത്ര. ആ യാത്രയുടെ പേരാണ് ധ്യാനം. അല്ലെങ്കില്‍ തപസ്സ്. 
ആ സ്വപ്നദര്‍ശനങ്ങളില്‍നിന്ന് ആരാണു തന്നെ തൊട്ടുണര്‍ത്തിയത്? കണ്ണുമിഴിച്ചു നോക്കുമ്പോള്‍ ജോസഫ്‌ചേട്ടനാണ്. തന്റെ കപ്യാര്‍. ജോസഫ് ചേട്ടന്‍ പറഞ്ഞു:
കുഞ്ഞച്ചനെ കാണാന്‍ രണ്ട് പെണ്‍കുട്ടികള്‍ വന്നുനില്‍ക്കുന്നു. കുഞ്ഞച്ചന്‍ എഴുന്നേറ്റു ചെന്നു നോക്കുമ്പോള്‍ കാഴ്ചയില്‍ പന്ത്രണ്ടും ഏഴും പ്രായം മതിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍. ഇളയ പെണ്‍കുട്ടി കുഞ്ഞച്ചനെ ക്രുദ്ധമായി നോക്കുന്നുണ്ട്.
''എന്താ മക്കളേ'' കുഞ്ഞച്ചന്‍ ചോദിച്ചു.
''ഇന്നലെ വൈകുന്നേരം കിണറ്റുകരയില്‍ വെള്ളം കോരാന്‍ പോയതാ കുഞ്ഞച്ചാ. ഇവള്‍ എന്തോ കണ്ടു പേടിച്ചു. അതിനുശേഷം ഇവള്‍ മിണ്ടുന്നില്ല. വീടിനകത്തുകേറി ഒരേ ഇരിപ്പാ.'' മൂത്ത പെണ്‍കുട്ടി പറഞ്ഞു.
കുഞ്ഞച്ചന്‍ ഇളയവളോടു പല കാര്യങ്ങളും ചോദിച്ചു. പക്ഷേ, അവള്‍ ശബ്ദിച്ചില്ല. വികലമായ ഒരു നോട്ടംകൊണ്ട് അവള്‍ കുഞ്ഞച്ചനെ നേരിട്ടു.
''നിനക്കൊന്നുമില്ല.'' കുഞ്ഞച്ചന്‍ പറഞ്ഞു. പിന്നെ അവളുടെ ശിരസ്സില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ട് കുപ്പായത്തിന്റെ കീശയില്‍നിന്ന് കുറച്ച് ചില്ലറത്തുട്ടുകളെടുത്ത് മൂത്തവളുടെ കൈയില്‍കൊടുത്തുകൊണ്ടു പറഞ്ഞു:
''പോകുന്നവഴിക്ക് ഇവള്‍ക്ക് ഒരു കാപ്പി വാങ്ങിക്കൊടുക്ക്.''
''എനിക്കു കാപ്പി വേണ്ട.'' നാവുറഞ്ഞുപോയവളുടെ നാവാടി. കുഞ്ഞച്ചന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. മൂത്തവളുടെ മുഖത്തും. 
''ഇവള്‍ക്കിപ്പോ ഒന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ അതൊക്കെ ഇപ്പോ തീര്‍ന്നു. എന്നാ പൊയ്‌ക്കോ പൊയ്‌ക്കോ.'' കുഞ്ഞച്ചന്‍ പറഞ്ഞു. മൂത്ത പെണ്‍കുട്ടി അദ്ഭുതത്തോടെ, അതിലേറെ സ്‌നേഹത്തോടെ ഇളയവളെയും കൂട്ടി നടന്നു.
പടിഞ്ഞാറേ ആകാശം സ്വര്‍ണ്ണത്തിടമ്പേറ്റി നില്‍ക്കുന്നു. ചേതോഹരമായിരുന്നു ആ കാഴ്ച. സ്വര്‍ണ്ണംകൊണ്ട് കണ്ണെഴുതിയ മേഘങ്ങള്‍. മേഘങ്ങള്‍ക്കപ്പുറത്തുനിന്ന് ആരോ കിന്നരം വായിക്കുന്നു. മന്ദ്രമധുരമായ ഒരു സംഗീതം പൊഴിക്കുന്നുണ്ട് പ്രകൃതി.
അപ്പോഴാണ് കുഞ്ഞച്ചന്‍ കണ്ടത്. പള്ളിമൈതാനത്തെ സ്വര്‍ണ്ണവെയിലിലൂടെ ഒരാള്‍ നടന്നുവരുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ കുഞ്ഞച്ചന് ആളെ മനസ്സിലായി. മന്ത്രവാദി മാരിയപ്പന്‍. 
അത് കുഞ്ഞച്ചന്‍ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ തീര്‍ത്തു പറയാനും വയ്യ. പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴല്ല. ഇതിനും എത്രയോ മുന്‍പ്. അന്നൊന്നും മാരിയപ്പന്‍ വന്നില്ല. മാരിയപ്പന്‍ മന്ത്രവാദത്തിലേക്കും തുള്ളിയുറയലിലേക്കും മടങ്ങിയിട്ടുണ്ടാകും എന്നാണ് കുഞ്ഞച്ചന്‍ കരുതിയത്.
പക്ഷേ, ഇപ്പോഴത്തെ ഈ വരവ്, അതെന്തിനായിരിക്കും...? മാരിയപ്പനില്‍നിന്നു വാങ്ങിയ മണി മുറിയുടെ മൂലയിലെവിടെയോ കിടപ്പുണ്ട്. അതു തിരികെച്ചോദിക്കാനായിരിക്കുമോ...?
മാരിയപ്പന്‍ കുഞ്ഞച്ചനു മുന്‍പില്‍വന്നുനിന്ന് കരങ്ങള്‍ കൂപ്പി. ''എന്താ മാരിയപ്പാ വിശേഷം. സുഖമാണോ?'' കുഞ്ഞച്ചന്‍ ചോദിച്ചു. 
''ഓ....'' മാരിയപ്പന്റെ മറുപടി സൗമ്യമായിരുന്നു. ഭൂതപ്രേതപിശാചുക്കളെ ആട്ടിപ്പായിക്കുന്ന കൊടുംമന്ത്രവാദിയുടെ കാര്‍ക്കശ്യം മാരിയപ്പന്റെ ശബ്ദത്തിലുണ്ടായിരുന്നില്ല. 
അയാള്‍ മുഖക്ഷൗരം ചെയ്തിരുന്നു. പാതിയോളം കഷണ്ടി കയറിയ തലയുടെ പിന്‍ഭാഗത്തുനിന്ന് തോളറ്റം നീണ്ടിറങ്ങിയ ജടകെട്ടിയ മുടി കത്രിച്ചുകളഞ്ഞിരുന്നു.
മാരിയപ്പന്റെ കൈയില്‍ മന്ത്രവടിയോ അരമണികളോ ഉണ്ടായിരുന്നില്ല. ചെമ്പട്ടിനു പകരം അലക്കിവെടിപ്പാക്കിയ ഒറ്റമുണ്ടുടുത്തിരുന്നു. നിറംവാര്‍ന്നതെങ്കിലും ഒരു ചുട്ടിത്തോര്‍ത്ത് പുതച്ചിരുന്നു. അയാളുടെ തോളില്‍ കാട്ടുവള്ളികളില്‍ ബന്ധിച്ചു തൂക്കിയ തലയറുത്ത പൂവന്‍കോഴിയും ഉണ്ടായിരുന്നില്ല.
സന്ധ്യാകാശത്തിനു കീഴെ സൗമ്യനും ശാന്തനുമായിരുന്നു മാരിയപ്പന്‍. കുഞ്ഞച്ചന്‍ മാരിയപ്പനെ മുറിയിലേക്കു കൂട്ടി. മധുരം ചേര്‍ത്ത കാപ്പിയും കുശിനിയില്‍ സൂക്ഷിപ്പുണ്ടായിരുന്ന കേക്കും കഴിക്കാന്‍ കൊടുത്തു. കാപ്പി കഴിഞ്ഞ് മാരിയപ്പന്‍ പറഞ്ഞു: ''എനക്ക് വേദത്തില്‍ ചേരണം.''
ഒരു മാടപ്പിറാവിന്റെ കുറുകല്‍ പോലെയായിരുന്നു മാരിയപ്പന്റെ സ്വരം. വിശുദ്ധപര്‍വ്വതത്തിന്റെ താഴ്‌വാരങ്ങളില്‍ ജടാമഞ്ചികള്‍ പൂക്കുന്നു. എവിടെയോ മുന്തിരിപ്പാടങ്ങള്‍ വിളവെടുപ്പിനു പാകമായിരിക്കുന്നു. കുഞ്ഞച്ചന്‍ പറഞ്ഞു:
''കര്‍ത്താവ് മാരിയപ്പനെ അനുഗ്രഹിച്ചിരിക്കുന്നു.''
കുഞ്ഞച്ചന്‍ മാരിയപ്പന് ഒരു പുതിയ മുണ്ടും തോര്‍ത്തും കൊടുത്തു. കുറച്ചു പണവും വാദ്യപ്പുരയിലെ അരിപ്പാത്രത്തില്‍നിന്ന് ഇടങ്ങഴി അരിയും. എന്നിട്ടു പറഞ്ഞു:
''നാളെ ഞായറാഴ്ച. മാരിയപ്പന്‍ രാവിലെ വരിക. സമ്മതമെങ്കില്‍ ഭാര്യയെയും മക്കളെയും ഒപ്പം ചേര്‍ക്കുക.''
''ഓ...''
മാരിയപ്പന്‍ തിരിഞ്ഞുനടന്നു. പോക്കുവെയില്‍ത്തിരകളിളകുന്ന പള്ളിമൈതാനത്തിലൂടെ അട്ടഹാസവും മന്ത്രമണികിലുക്കവുമില്ലാതെ നടന്നുപോകുന്ന മാരിയപ്പനെ നോക്കി കുഞ്ഞച്ചന്‍ ഒരു നിമിഷം നിന്നു. 
അത്യുന്നതങ്ങളില്‍നിന്നുള്ളവന്റെ വിളി മാരിയപ്പന്‍ കേട്ടിരിക്കുന്നു. അവന്റെ ഹൃദയം പശ്ചാത്താപത്താലും അവന്റെ നേത്രങ്ങള്‍ പുതിയ കാഴ്ചകളാലും നിറയപ്പെട്ടിരിക്കുന്നു. അവന്റെ കാതുകള്‍ ദൈവദൂതന്മാരുടെ സൗമ്യകാഹളം കേള്‍ക്കുന്നു.
രാത്രി സൗമ്യവും സാന്ദ്രവുമായിരുന്നു. കുഞ്ഞച്ചന്‍ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉറങ്ങാന്‍ കിടന്നു. നാളെ ഞായറാഴ്ച. തിങ്കളാഴ്ച ചങ്ങനാശേരിക്കു പോകണം. അരമനയില്‍നിന്ന് ദളിത്മക്കള്‍ക്കുവേണ്ടി പുതിയ വസ്ത്രങ്ങള്‍ വാങ്ങി വരേണ്ടതുണ്ട്. സാധുക്കള്‍ക്കു കൊടുക്കാനുള്ള തുണികള്‍ ഒട്ടൊക്കെ കഴിഞ്ഞിരിക്കുന്നു.
ആദ്യകുര്‍ബാനസ്വീകരണം അടുത്തുവരുന്നു. ദളിത്കുഞ്ഞുങ്ങള്‍ക്ക് ആദ്യകുര്‍ബാന വസ്ത്രങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. കുറെയൊക്കെ കടകളില്‍നിന്നും മറ്റുമായി സൗജന്യമായി ശേഖരിക്കാം. ബാക്കിയുള്ളത് പഴയവ കഴുകി വെടിപ്പാക്കിയെടുക്കാം.
ഓരോ ദിവസവും ചെല്ലുംതോറും തന്റെ ജോലികള്‍ കഠിനമാകുകയാണെന്നു കുഞ്ഞച്ചനറിഞ്ഞു. ചുറ്റും തന്നെ സഹായിക്കാന്‍ സുമനസ്സുകള്‍ ധാരാളമുണ്ട്. അതു ദൈവകൃപ. എന്നാലും തനിക്ക് എത്രകാലം ഇങ്ങനെ ഓടാന്‍ കഴിയും...?
അത്തരം ചിന്തകളുടെ ചെറുതല്ലാത്ത വ്യാകുലതകള്‍ക്കൊപ്പം കുഞ്ഞച്ചന്‍ മെല്ലെ മയങ്ങിപ്പോയി. ഉറക്കത്തിന്റെ ഒരു നീലസമുദ്രം തിരയിളക്കങ്ങളില്ലാതെ കുഞ്ഞച്ചനെ വന്നു മൂടി. തട്ടും തടവുമില്ലാതെ രാവുറക്കം സമ്മാനിച്ച ഉന്മേഷവുമായാണ് കുഞ്ഞച്ചന്‍ ഞായറാഴ്ചയിലേക്കു കണ്ണുമിഴിച്ചത്.
ശീതളമായിരുന്നു പുലര്‍കാലം. മഞ്ഞിലും കുളിരിലും നനഞ്ഞുനില്ക്കുന്ന പ്രകൃതി. കിഴക്കേ ആകാശം വെള്ളപുതച്ചു തുടങ്ങിയിരുന്നു. കിഴക്കന്‍ മലഞ്ചെരുവില്‍നിന്ന് മഞ്ഞണിഞ്ഞ കാറ്റുവീശി.
വലിയ പള്ളിയില്‍ പുലരിക്കുര്‍ബാനയ്ക്കുള്ള മണി മുഴങ്ങുന്നു. പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുഞ്ഞച്ചന്‍ ചെറിയ പള്ളിയിലേക്കു നടന്നു.
പള്ളിയകത്ത് മുനിഞ്ഞുകത്തുന്ന കെടാവിളക്കിന്റെ നീലവെളിച്ചം. അള്‍ത്താരയില്‍ ദിവ്യനാഥന്റെ തേജോമയരൂപം. കുഞ്ഞച്ചന്‍ അള്‍ത്താരയ്ക്കു മുന്‍പില്‍ മുട്ടുകുത്തി മൗനം കൊണ്ടും വ്യസനം കൊണ്ടും പ്രാര്‍ത്ഥിച്ചു തന്റെ ദളിത് മക്കള്‍ക്കുവേണ്ടി. പറുദീസയുടെ കവാടങ്ങള്‍ മലര്‍ക്കെത്തുറന്നിട്ട് കര്‍ത്താവ് കാത്തിരിക്കുന്നു. അവിടേക്ക് ഇനിയും എത്രയോ ആത്മാക്കളെ ആനയിക്കേണ്ടതുണ്ട്.കാല്‍പ്പെരുമാറ്റം കേട്ടാണ് കുഞ്ഞച്ചന്‍ പ്രാര്‍ത്ഥനയുടെ വല്മീകത്തില്‍നിന്നു പുറത്തുവന്നത്. നോക്കുമ്പോള്‍ കപ്യാരാണ്. അയാള്‍ പള്ളിയുടെ വാതിലുകളും ജനാലകളും തുറക്കുകയാണ്. ദളിത്മക്കള്‍ക്കുവേണ്ടിയുള്ള കുര്‍ബാനയിലേക്ക് ഇനി അധികനേരമില്ല. സമയം ഒഴുകിനീങ്ങിയത് കുഞ്ഞച്ചന്‍ അറിഞ്ഞിരുന്നില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ കുഞ്ഞച്ചനിങ്ങനെയാണ്. സമയകാലങ്ങളെക്കുറിച്ചു ബോധമുണ്ടാകാറില്ല. അപ്പോള്‍ തന്റെ ഹൃദയത്തിന്റെ അഗാധങ്ങളില്‍നിന്നുള്ള മുഴക്കങ്ങള്‍ മാത്രമാണ് കുഞ്ഞച്ചന്‍ കേള്‍ക്കുക. യേശുദേവന്റെ പഞ്ചക്ഷതങ്ങള്‍ മാത്രമാണ് മനോമുകുരങ്ങളില്‍ തെളിയുക.
വലിയ പള്ളിയില്‍ പുലരിക്കുര്‍ബാന സമാപിച്ചിരിക്കുന്നു. പള്ളിമുറ്റത്ത് ആളുകളുടെ ശബ്ദശകലങ്ങള്‍ ചിതറിപ്പെയ്യുന്നു. കുര്‍ബാന കഴിഞ്ഞു മടങ്ങുന്നവരുടെയും കുര്‍ബാനയ്ക്കു വന്നവരുടെയും.
പുറത്ത് ദളിത്മക്കളുടെ നമസ്‌കാരപഠനത്തിന്റെ ശബ്ദശാഖികള്‍ ഉലയുന്നുണ്ട്. അവയ്ക്കു മുകളില്‍ ഉപദേശിമാരുടെ പറഞ്ഞുകൊടുക്കലുകള്‍. തെറ്റുതിരുത്തലുകള്‍.
കുമ്പസാരത്തിനുള്ള ഒരുക്കവുമായി മുട്ടുകുത്തിയ ദളിത്മക്കളെക്കണ്ട് കുഞ്ഞച്ചന്‍ കുമ്പസാരക്കൂട്ടിലേക്കിരുന്നു. പശ്ചാത്താപത്തിന്റെ തിണര്‍പ്പുകലര്‍ന്ന കുറ്റസമ്മതങ്ങള്‍. അവരുടെ തേങ്ങലുകള്‍. അവരുടെ പിഴകള്‍. അത് എല്ലാ അര്‍ത്ഥത്തിലും കുഞ്ഞച്ചന്‍ ഏറ്റുവാങ്ങി. അവര്‍ക്കു പാപവിമോചനം നല്കി. 
കുമ്പസാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ കുഞ്ഞച്ചന്‍ കണ്ടു, ചീരുകണ്ടനെ. അയാളോടൊപ്പം ഭാര്യ കുറുമ്പ. കുറുമ്പയുടെ എളിയില്‍ അവരുടെ കുഞ്ഞ്.
കുഞ്ഞച്ചന്‍ അവരോടു ചിരിച്ചു. പള്ളിമുറ്റത്ത് ചിതറിയ ഇളവെയില്‍പോലെ, എന്നിട്ട് അവരോടു പറഞ്ഞു: ''എന്നോടൊപ്പം വരൂ.''
കുഞ്ഞച്ചന്‍ അവരെയുംകൂട്ടി പള്ളിമുറിയിലേക്കു നടന്നു. കുഞ്ഞച്ചന്റെ അന്നത്തെ പ്രഭാതഭക്ഷണം ചീരുകണ്ടനോടും കുറുമ്പയോടുമൊപ്പമായിരുന്നു. ഹൃദയം പകുത്തുതരുന്നതുപോലെ തോന്നി ചീരുകണ്ടനും കുറുമ്പയ്ക്കുമത്. ഈ ലോകത്തിന്റെ സ്‌നേഹംമുഴുവന്‍ ഒരു പാത്രത്തിലാക്കി കുഞ്ഞച്ചന്‍ തങ്ങള്‍ക്കു മുമ്പിലേക്കു വയ്ക്കുന്നു.
സുഗന്ധവാഹിയായ ഒരു ഇളംകാറ്റ്, തണുത്തുറഞ്ഞ നറുംനിലാവ്, കുളിരുറഞ്ഞ മഞ്ഞുവൃഷ്ടി തങ്ങളോട് എന്തു പ്രവര്‍ത്തിക്കുന്നുവോ അതുപോലെയാണ് കുഞ്ഞച്ചന്‍ തങ്ങളോടു പ്രവര്‍ത്തിക്കുന്നത് എന്ന് ചീരുകണ്ടനും കുറുമ്പയ്ക്കും തോന്നി.
ഒരു മഹാവൃക്ഷത്തിന്റെ തണലിലാണ് തങ്ങളിപ്പോള്‍. തങ്ങള്‍ക്കുചുറ്റും ഭൂമിയുടെ വിശുദ്ധി മുഴുവന്‍ പേറുന്ന വനപുഷ്പങ്ങള്‍ ചിരിക്കുന്നതുപോലെ.
ചീരുകണ്ടന്റെ മനം നിറഞ്ഞു. കുറുമ്പയുടെ കണ്ണുകളും. പോയ കാലത്തിലെവിടെവച്ചും ഇങ്ങനെയൊരു സ്‌നേഹം, അലിവ് തങ്ങളനുഭവിച്ചിട്ടില്ല. കാരുണ്യത്തിന്റെ, ദയയുടെ ഒരു കൊടുമുടി തങ്ങള്‍ക്കുമുന്‍പില്‍ മാനംമുട്ടെ വളര്‍ന്നുനില്ക്കുന്നു.
കാപ്പി കഴിഞ്ഞ് അവര്‍ പുറത്തേക്കിറങ്ങി. കുഞ്ഞച്ചന്‍ പറഞ്ഞു: ''അന്നയുടെ കുഴിമാടത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടു വാ. എന്നിട്ട് നമുക്ക് കുര്‍ബാനയില്‍ പങ്കെടുക്കാം.''
ചീരുകണ്ടനും കുടുംബവും സെമിത്തേരിയിലേക്കു നടന്നു. സെമിത്തേരിയില്‍ അമ്മയുടെ കുഴിമാടത്തിനരുകില്‍ എന്തു പ്രാര്‍ത്ഥിക്കണമെന്നറിയാതെ ചീരുകണ്ടന്‍ വിഷമിച്ചു. അയാള്‍ക്കു പ്രാര്‍ത്ഥനകള്‍ വശമില്ലായിരുന്നു. പരേതാത്മാക്കളെ പിടിച്ചുകെട്ടാനുള്ള മന്ത്രവാദശകലങ്ങളല്ലാതെ, തുള്ളിയാട്ടങ്ങളല്ലാതെ, അവരുടെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള സൗഖ്യപ്രാര്‍ത്ഥനകള്‍ വശമുണ്ടായിരുന്നില്ല.
ചീരുകണ്ടന്റെ കണ്ണുകള്‍ നിറഞ്ഞു. രാമഞ്ഞുവീണു നനഞ്ഞ അന്നയുടെ കുഴിമാടത്തിലേക്ക് ചീരുകണ്ടന്റെ വ്യസനങ്ങള്‍ പെയ്തു.
അയാളുടെ മനസ്സില്‍ ഒരു കരിമ്പനക്കാടുലഞ്ഞു. സ്‌നേഹം എന്ന വികാരം കടലാഴങ്ങളില്‍നിന്നെന്നവണ്ണം അയാളിലേക്കു നുരകുത്തി. മരണകാലത്തോളം താന്‍ അമ്മയെ സ്‌നേഹിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ താന്‍ അമ്മയെ സ്‌നേഹിക്കുന്നു. അഥവാ അമ്മയോടുള്ള സ്‌നേഹം അനുഭവിക്കുന്നു. ഒരു നെരിപ്പോടുപോലെയായിരുന്നു അത്. സ്‌നേഹത്തിന്റെ ഒരു കനല്‍ക്കൂട്ടം തന്റെയുള്ളില്‍ എരിയുന്നു.
ഇത്രകാലം തന്റെ ജീവിതം സ്‌നേഹമില്ലാതെ മുഴങ്ങുന്ന ചിലമ്പുപോലെയായിരുന്നുവെന്ന് ചീരുകണ്ടന്‍ അറിഞ്ഞു. അത് വ്യര്‍ത്ഥവും പുകപോലെ അഴിഞ്ഞുപോകുന്നതുമായിരുന്നു. ചീരുകണ്ടന്‍ വിങ്ങി.
ചീരുകണ്ടനും കുറുമ്പയും സെമിത്തേരിയില്‍നിന്നെത്തിയപ്പോഴേക്കും കുര്‍ബ്ബാനയ്ക്കുള്ള നേരമായിരുന്നു. ചെറിയ പള്ളിയാകെ ദളിത്ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ഉപദേശി ദേവസ്യാ അവരെ പള്ളിയിലേക്കു കൂട്ടി.
അള്‍ത്താരയിലാകെ വിളക്കുകാലുകളില്‍ മെഴുകുതിരിനാളങ്ങള്‍. ആകാശത്തിലേക്കു തുറന്ന കണ്ണുകളില്‍ ലോകത്തിന്റെ സങ്കടങ്ങള്‍ മുഴുവന്‍ നിറച്ച് ഒരു മനുഷ്യരൂപം കുരിശില്‍ പിടയുന്നു. താഴെ പൊന്നലുക്കുകള്‍ തുന്നിയ കുപ്പായത്തിനുള്ളില്‍ കുഞ്ഞച്ചന്‍ കുര്‍ബാന അര്‍പ്പിക്കുന്നു. പള്ളി നിറയുന്ന പ്രാര്‍ത്ഥനകള്‍ക്കു നടുവില്‍ പ്രാര്‍ത്ഥനയൊന്നുമറിയാതെ ചീരുകണ്ടനും കുറുമ്പയും നിശ്ശബ്ദം കുര്‍ബാന കണ്ടു.
കുര്‍ബാനയ്ക്കുശേഷംകുഞ്ഞച്ചന്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്കി. ചീരുകണ്ടന്‍ മത്തായിയായും കുറുമ്പ കത്രീനയായും മകന്‍ അന്ത്രയോസായും പരിണാമപ്പെട്ടു. അവര്‍ക്കു ശേഷമായിരുന്നു മാരിയപ്പന്റെയും കുടുംബത്തിന്റെയും സ്‌നാപനം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)