•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ദേവാങ്കണം

രുവാന്‍ മാണിക്കന്റെ ആലയില്‍നിന്നാണ് നീലകണ്ഠന്റെ പ്രഭാതസവാരി ആരംഭിക്കുക. മാണിക്കന്‍ നീലകണ്ഠന്റെ മിത്രമാണ്. കുമരനാകട്ടെ മിത്രവും ബന്ധുവും സന്തതസഹചാരിയുമാണ്. പക്ഷേ, കുമരനോടുള്ളതില്‍ അല്പം പ്രിയക്കൂടുതലുണ്ട് മാണിക്കനോട് നീലകണ്ഠന്.
നീലകണ്ഠന് കരുവാന്‍മാണിക്കനോടുള്ള സൗഹൃദം പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്. നട്ടാലത്തുള്ള പലരെയും എന്നപോലെ മരുതുകുളങ്ങരത്തറവാട്ടിലുള്ളവരെയും.
നീലകണ്ഠന്‍ വിദ്യാസമ്പന്നന്‍. മേല്‍ജാതിയില്‍പ്പെട്ടവന്‍. നാടാകെ ആദരിക്കപ്പെടുന്നവന്‍. അനവധിയായ സ്വത്തുവകകള്‍ക്കവകാശി.
മാണിക്കന്‍ കരുവാന്‍കരിമാണ്ടിയുടെയും നീലച്ചിയുടെയും മകന്‍. കൊല്ലപ്പണിക്കാരന്‍.
കുമരനു വിദ്യാഭ്യാസമുണ്ട്. തമിഴും മലയാളവും കുറച്ചു സംസ്‌കൃതവും പഠിച്ചിട്ടുണ്ട്. കാവ്യങ്ങളില്‍ ചിലതും.
മാണിക്കന് അക്ഷരാഭ്യാസമില്ല. എഴുത്തും വായനയും വശമില്ല. കുമരന് ആയുധവിദ്യകളറിയാം. നീലകണ്ഠനോടൊപ്പം കളരിമുറകള്‍ അഭ്യസിച്ചവനാണ്. മാണിക്കന് അതൊന്നുമറിയില്ല.
പക്ഷേ, മാണിക്കന് ആയുധങ്ങളുണ്ടാക്കാനറിയാം. ഉലയൂതിപ്പഴുപ്പിച്ചെടുത്ത കാരിരുമ്പു ദണ്ഡുകള്‍ ആലയിലെ അടകല്ലില്‍ ആയുധങ്ങളായി രൂപപ്പെടുന്നത് ഒരു മാന്ത്രികവിദ്യകൊണ്ടെന്നപോലെയാണ്.
ഇരുതലമൂര്‍ച്ചയുള്ള കരവാളും കഠാരയും ഉറുമിയും രാകി പതം കൂട്ടിത്തന്നാല്‍ കരിങ്കല്ലിനെയും പിളര്‍ക്കാം. അത്രയ്ക്കുണ്ട് മാണിക്കന്റെ നിര്‍മ്മാണചാതുരി. ആയുധനിര്‍മാണത്തില്‍ മാണിക്കന്‍ അപ്പന്‍ കരുമാണ്ടിയെപ്പോലെതന്നെ. ഒരര്‍ത്ഥത്തില്‍ അപ്പനെക്കാള്‍ മിടുക്കന്‍.
മരുതുകുളങ്ങരയിലുള്ള നീലകണ്ഠന്റെ കളരിയിലേക്കുള്ള ആയുധങ്ങള്‍ പണിതുകൊടുക്കുന്നത് മാണിക്കനാണ്. പത്മനാഭപുരം കൊട്ടാരത്തിന്റെ ആയുധങ്ങള്‍ പണിതുതുടങ്ങിയത് അപ്പന്‍ കരുമാണ്ടിക്കരുവാനാണ്. അത് മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലമായിരുന്നു.
ഇരുപത്തിമൂന്നാം വയസ്സില്‍ തിരുവിതാംകൂറിന്റെ ഭരണസാരഥ്യമേറ്റെടുത്ത മാര്‍ത്താണ്ഡവര്‍മ ആദ്യം ചെയ്തത് തിരുവിതാംകൂറില്‍ സ്വേച്ഛാധികാരത്തോടെ വാണിരുന്ന പിള്ളമാരെയും യോഗക്കാരെയും മുന്‍രാജാവിന്റെ പുത്രന്മാരെയും അമര്‍ച്ച ചെയ്യുക എന്നതായിരുന്നു. തന്നിഷ്ടംപോലെ പ്രവര്‍ത്തിച്ചിരുന്ന തമ്പിമാര്‍ക്കും പിള്ളമാര്‍ക്കും മധുരനായ്ക്കന്‍പടയുടെ സഹായമുണ്ടായിരുന്നു.
ബുദ്ധിമാനും നയജ്ഞനുമായിരുന്ന മാര്‍ത്താണ്ഡവര്‍മ മധുരനായ്ക്കന്‍പട്ടാളത്തിന്റെ തലവനെ കോഴ കൊടുത്തു വശത്താക്കി. മധുരപ്പടയുടെ ഒരു വിഭാഗത്തെ മാര്‍ത്താണ്ഡവര്‍മയുടെ സഹായത്തിനായി വിട്ടുകൊടുത്തിട്ട് മധുരപ്പട്ടാളത്തലവന്‍ മടങ്ങിപ്പോയി.
മഹാരാജാവിനെതിരേ ഗൂഢാലോചന നടത്തിയിരുന്ന തമ്പിമാര്‍ തിരുവിതാംകൂര്‍ സൈന്യത്താല്‍ വധിക്കപ്പെട്ടു. നാലു പോറ്റിമാര്‍ നാടു കടത്തപ്പെട്ടു. എല്ലാവരുടെയും സ്വത്തുക്കള്‍ പൊതു ഖജനാവിലേക്കു കണ്ടുകെട്ടി. അവരുടെ ഭവനങ്ങള്‍ ഇടിച്ചു നിരപ്പാക്കി.
എട്ടുവീട്ടില്‍ പിള്ളമാരും തമ്പിമാരുമായുള്ള മാര്‍ത്താണ്ഡവര്‍മയുടെ സംഘര്‍ഷകാലത്തു തുടങ്ങിയതാണ് കരുവാന്‍ കരുമാണ്ടിയുടെ പദ്മനാഭപുരം കൊട്ടാരത്തിനുവേണ്ടിയുള്ള ആയുധനിര്‍മാണം. വാളിനും ഉറുമിക്കും പുറമേ കരുമാണ്ടി തോക്കുകളും നിര്‍മിച്ചിരുന്നു.
കരുമാണ്ടിക്കുശേഷം അത് മാണിക്കനിലേക്കും പകര്‍ന്നു കിട്ടി. മാണിക്കന്റെ കരവാളുകള്‍ മുനമടങ്ങാത്തതെന്നു തിരുവിതാംകൂറിലെ നായര്‍പ്പടയാളികള്‍ നാട്ടിലാകെ അടക്കം പറഞ്ഞു. വാര്‍ത്ത രാജസന്നിധിയിലുമെത്തി.
മഹാരാജാവ് അക്ഷരാഭ്യാസം പോലുമില്ലാത്ത മാണിക്കനു പട്ടും വളയും നല്കി ആദരിച്ചു. കരമൊഴിവായി ഭൂമിയും വയലും പതിച്ചു നല്കി.
അതുകൊണ്ടൊന്നുമല്ല നീലകണ്ഠനു മാണിക്കനോടു പ്രിയം. കുഞ്ഞുനാള്‍ മുതല്‌ക്കേ കളിച്ചു വളര്‍ന്നവരാണ്. കരുവാന്‍ കരുമാണ്ടിയുടെ മകന് മരുതുകുളങ്ങരത്തറവാട്ടില്‍ അയിത്തത്തിന്റെ തീണ്ടാപ്പാടുകളൊന്നുമില്ലായിരുന്നു. ഏതു നേരത്തും കയറിച്ചെല്ലാം. അടുക്കളവട്ടത്തു ചെന്നാല്‍ സമൃദ്ധമായി ഭക്ഷണം കഴിക്കാം. നീലകണ്ഠനോടൊപ്പം കളിയും കുളിയും അത്താഴവും കഴിഞ്ഞ് ആലയിലേക്കു മടങ്ങാം.
നീലകണ്ഠന്റെ മെതിയടി ശബ്ദം കേള്‍ക്കുമ്പഴേ മാണിക്കന്‍ ആലയിലെ പണി നിര്‍ത്തും. ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങും. നീലകണ്ഠനു നേരേ കൈകൂപ്പും.
''വണക്കം പെരിയോര്‍കളെ.''
നീലകണ്ഠന് മാണിക്കന്റെ ചിരി വലിയ ഇഷ്ടമായിരുന്നു. കളങ്കമില്ലാത്തത്. ആലയില്‍ ഊതിപ്പഴുപ്പിച്ചെടുത്ത ഇരുമ്പിന്റെ സ്വര്‍ണനിറമുള്ള ചിരി. മാണിക്കന്റെ വര്‍ത്തമാനവും അങ്ങനെതന്നെ. കാപട്യമില്ലാത്തത്.
ആലയിലെ പണിയൊഴിഞ്ഞിട്ട് മാണിക്കനു നേരമില്ല.
പ്രഭാതംമുതല്‍ അര്‍ദ്ധരാത്രിവരെ മാണിക്കന്റെ ആലയില്‍ ഇരുമ്പില്‍ ചുറ്റിക പതിയുന്ന ശബ്ദം കേള്‍ക്കാം. എത്ര പണിഞ്ഞാലും തീരാത്തത്ര പണികള്‍.
അതുകൊണ്ടാണ് നീലകണ്ഠന്‍ മാണിക്കനെ തേടി ആലയിലേക്കെത്തുന്നത്. പഴയ സൗഹൃദം അറുത്തുമുറിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല.
മാണിക്കന്റെ കരുവാത്തൊടിയില്‍നിന്നാണ് നീലകണ്ഠന്റെ പ്രഭാതയാത്രകള്‍ തുടങ്ങുന്നത്. അത് നട്ടാലത്തിന്റെ ഇടവഴികളിലൂടെ ഉച്ചനേരംവരെ നീളും.
നടത്തത്തിനിടയില്‍ നീലകണ്ഠനെ കാണുന്നവരൊക്കെ വഴിയൊതുങ്ങി നില്ക്കും. അത് തീണ്ടല്‍ഭയംകൊണ്ടല്ല. ബഹുമാനംകൊണ്ടാണ്. എല്ലാവരോടും നീലകണ്ഠന്‍ കുശലം പറയും. വിശേഷങ്ങള്‍ തിരക്കും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ മടികൂടാതെ ചോദിക്കണമെന്നു പറയും. വിശേഷങ്ങള്‍ തിരക്കും.
''പണമോ ധാന്യമോ എന്തു വേണമെങ്കിലും.''
''ഒന്നുമേ വേണ്ടയ്യാ...'' അവര്‍ സന്തോഷത്തോടെ മറുപടി പറയും. നനഞ്ഞിടം കുഴിക്കുന്ന പതിവ് നട്ടാലത്തെ സാധുക്കള്‍ക്കില്ല. എന്തും എപ്പോഴും ചോദിച്ചാല്‍ കിട്ടുമെന്നിരിക്കേ ആവശ്യമില്ലാതെ ഒന്നും ചോദിക്കില്ല.
നീലകണ്ഠന്റെ സഞ്ചാരപഥമറിയാവുന്ന പെണ്ണുങ്ങള്‍ നടക്കാവുകള്‍ക്കു ചാരേയുള്ള കൂരകളുടെ ഓലവിടവുകളിലൂടെ കണ്ണിമയ്ക്കാതെ നോട്ടം തറച്ച് നീലകണ്ഠന്റെ വരവും കാത്തുനില്ക്കും. ഭേദപ്പെട്ട വീടുകളിലെ കന്യകമാരും വിധവകളും ഭര്‍ത്തൃമതികളും ജാലകം തുറന്നിട്ട് നീലകണ്ഠനെ നോക്കിനില്ക്കും.
പക്ഷേ, അവരിലാരും മനഃപൂര്‍വം നീലകണ്ഠന്റെ മുമ്പില്‍ ചെന്നുപെടില്ല. അബദ്ധവശാല്‍ കണ്‍മുമ്പില്‍ വന്നു പെടുന്നവരോട് നീലകണ്ഠന്‍ ചോദിക്കും:
''തങ്കച്ചീ സൗമ്യമാ...''
യുവതികളെ 'തങ്കച്ചി' എന്നും പ്രായംചെന്നവരെ 'തായേ' എന്നും മാത്രമേ നീലകണ്ഠന്‍ സംബോധന ചെയ്തിരുന്നുള്ളൂ. സ്ത്രീകളെ പേരുചൊല്ലി വിളിക്കരുതെന്നാണ് നീലകണ്ഠന്റെ പ്രമാണം. അവര്‍ ഭൂമീദേവിക്കു തുല്യമാണ്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഭൂമിയെ അശുദ്ധമാക്കാന്‍ പാടില്ല. അവര്‍ ബഹുമാനം അര്‍ഹിക്കുന്നു.
നീലകണ്ഠന്‍ നടന്നുവരുന്നതു കാണുമ്പോള്‍ നട്ടാലത്തെ പ്രായമായ സ്ത്രീകള്‍ പറയും:
'കൃഷ്ണഭഗവാന്‍ കണ്‍പെട്ടതുപോലെ.''
നീലകണ്ഠനുചുറ്റും എപ്പോഴും ഒരു വെളിച്ചം പ്രസരിക്കുന്നതുപോലെ തോന്നും. പ്രകൃതി സ്വമേധയാ അഭൗമമായൊരു കാന്തി പകര്‍ന്നുനല്കിയിരുന്നു നീലകണ്ഠന്. പൂത്തുനില്ക്കുന്ന പൂവരശുമരംപോലെ അകത്തും പുറത്തും അഴകുള്ളവനായിരുന്നു നീലകണ്ഠന്‍. മിതഭാഷിയായിരുന്നു. വൃഥാ സംസാരിക്കുകയോ ആരെയും ദ്വേഷിപ്പിക്കുകയോ ചെയ്തിരുന്നില്ല.
നടത്തം കഴിഞ്ഞ് സൂര്യന്‍ ഉച്ചിയിലെത്തുംമുമ്പേ നീലകണ്ഠന്‍ മരുതുകുളങ്ങരയില്‍ മടങ്ങിയെത്തും. ദേഹശുദ്ധി വരുത്തി ഉച്ചഭക്ഷണത്തിനിരിക്കും. ചോറും പച്ചക്കറികളും കട്ടത്തൈരുംകൂട്ടിയുള്ള ഊണിനുശേഷം അല്പം മധുരവുമുണ്ടാകും.
ഊണിനുശേഷം ഒരു നാഴികനേരം വിശ്രമം. പിന്നെ ഗ്രന്ഥപ്പുരയിലേക്ക്. ഗ്രന്ഥക്കെട്ടുകളിലൂടെ കടന്നുപോകും. പഠിച്ചതൊക്കെയും ഓര്‍മയില്‍ പുതുക്കിയെടുക്കും. പിന്നെ സ്വമേധയാ പഠനം തുടരും.
തൊല്‍ക്കാപ്പിയം കുറുന്തോകൈ, നാറ്റിണൈ, അകനാനൂറ്, പുറനാനൂറ് തുടങ്ങിയവയൊക്കെയും നീലകണ്ഠന്‍ ഹൃദിസ്ഥമാക്കി. ഒരുവന്റെ ജീവിതത്തില്‍ പഠനം മരണംവരെ അവസാനിക്കുന്നില്ലെന്ന് നീലകണ്ഠന്‍ അറിഞ്ഞിരുന്നു.
വൃശ്ചികത്തിലെ സന്ധ്യ. നട്ടാലത്തിനു മുകളില്‍ മഞ്ഞ്.          നേരിയ തണുപ്പ് അതിന്റെ കാഠിന്യത്തിലേക്കു വഴുതി. മരുതുകുളങ്ങരയിലെ കാരണവര്‍ക്കു സുഖമില്ലായ്മ. പനി. വയറിളക്കം. പ്രായത്തിന്റെ അസ്വസ്ഥത വേറെയും.
നട്ടാലത്തെ നാട്ടുവൈദ്യന്മാര്‍ വന്നു. മരുന്നു കുറിച്ചു. കഷായം കാച്ചി. ചൂര്‍ണം കൊടുത്തു. നസ്യം ചെയ്തു. ഫലം നാസ്തി.
അവസാനം പുലിയൂര്‍ക്കുറിശ്ശിയില്‍നിന്നു മഹാലിംഗവൈദ്യന്‍ വന്നു. കാരണവരെ പരിശോധിച്ചു. തിരിച്ചും മറിച്ചും പരിശോധിച്ചു. ആയുര്‍വേദചികിത്സയില്‍ വിദഗ്ധനായിരുന്നു മഹാലിംഗവൈദ്യര്‍.
ഔഷധസേവയും അഭ്യംഗവും ഉഴിച്ചിലും പരിപൂര്‍ണവിശ്രമവുമാണ് വൈദ്യന്‍ വിധിച്ചത്.
മരുതുകുളങ്ങരത്തറവാടിനു മുകളില്‍ ഒരു കാര്‍മേഘപടലം വന്നു മൂടിയതുപോലെ. തറവാടിന്റെ ഭരണകാര്യങ്ങള്‍ക്കു താളം പിഴച്ചു. കാരണവരായിരുന്നു എല്ലാം. ഏതു കാര്യങ്ങളിലും കാരണവരുടെ കണ്ണെത്തും.
നാളും പക്കവും തെറ്റാതെ കൃഷിയിറക്കും. പണിക്കാരെക്കൊണ്ടു വേണ്ടവിധത്തില്‍ പണി ചെയ്യിക്കും. നാട്ടുനടപ്പില്‍ കൂടുതല്‍ കൂലികൊടുക്കും. നട്ടാലത്ത് പണിക്കാര്‍ക്ക് അളവിലധികം കൂലി കൊടുക്കുന്ന തറവാട് മരുതുതുളങ്ങര മാത്രമായിരുന്നു.
അതുകൊണ്ടാവണം മരുതുകുളങ്ങരയിലെ പത്തായപ്പുരയും ഊരുപെട്ടിയും ഒരിക്കലും ശോഷിച്ചിരുന്നില്ല. ഒരു കാരണംകൊണ്ടും മരുതുകുളങ്ങരത്തറവാട്ടില്‍ ആരും ദുഃഖിച്ചില്ല. പക്ഷേ, ഇപ്പോള്‍ രണ്ടും സംഭവിക്കുന്നു.
കാരണവര്‍ക്കു ദീനം തുടങ്ങിയിട്ടു മാസം മൂന്നാകുന്നു. ആറ്റുനോറ്റിരുന്ന് ആളുകള്‍ കാരണവരെ ശുശ്രൂഷിച്ചു. നേരാനേരങ്ങളില്‍ മരുന്നുകള്‍ നല്കി. പക്ഷേ, രോഗത്തിനു മാത്രം ശമനം കണ്ടില്ല.
പുലിയൂര്‍ക്കുറിശ്ശിയില്‍നിന്ന് മഹാലിംഗവൈദ്യര്‍ വീണ്ടും വന്നു. കാരണവരെ പരിശോധിച്ചു.
''ഔഷധങ്ങള്‍ ഫലിച്ചു തുടങ്ങിയിരിക്കുന്നു. രക്തചംക്രമണം ഭേദപ്പെട്ടിരിക്കുന്നു. കൈകാല്‍ നഖങ്ങളിലെ ഇരുണ്ടനിറം മാറാന്‍ തുടങ്ങി. കണ്ണുകളിലെ മഞ്ഞനിറവും കുറഞ്ഞിരിക്കുന്നു. പേടിക്കാനൊന്നുമില്ല. ഔഷധവും അഭ്യംഗവും തുടരുക. ഒന്നിടവിട്ട ദിവസങ്ങളിലെ നസ്യവും തെറ്റരുത്. പൂര്‍ണഫലത്തിനു കാലതാമസമുണ്ടാകും.'' വൈദ്യര്‍ പറഞ്ഞു.
തറവാട്ടിലുള്ളവര്‍ക്ക് ആശ്വാസം. നേരിയ പ്രതീക്ഷ നാമ്പിടുന്നു. എത്രകാലം വേണമെങ്കിലും ചികിത്സ തുടരാം. കാരണവര്‍ തിരിച്ചുവരണം.
മരുതുകുളങ്ങരയിലുള്ളവര്‍ക്കെല്ലാം അതായിരുന്നു ആഗ്രഹം. പക്ഷേ, അതത്ര ക്ഷിപ്രസാധ്യമായിരുന്നില്ല. മടങ്ങുംമുമ്പ് വൈദ്യര്‍ മറ്റൊരു കാരണംകൂടി പറഞ്ഞു:
മരുന്നു മാത്രം പോരാ. ദേവിയുടെ അനുഗ്രഹവും വേണം. ഭദ്രകാളിക്കോവിലിലെ പൂജാദികര്‍മങ്ങള്‍ക്ക് ഒരു മുടക്കവും വന്നുകൂടാ.
വൈദ്യന്‍ മടങ്ങി. തറവാട്ടുകാര്‍ തളര്‍ന്നു. ക്ഷേത്രകാര്യങ്ങള്‍ കാരണവരുടെ കാലത്ത് മുടങ്ങാതെ നടത്തിയിരുന്നു. ആയതിന് ഒരു ലോഭവും വരുത്തിയിരുന്നില്ല.
ഇപ്പോള്‍ അതിനെല്ലാം വിഘ്‌നം സംഭവിച്ചിരിക്കുന്നു. തറവാട്ടുകാര്യങ്ങളും കൃഷികാര്യങ്ങളും അങ്ങനെതന്നെ. തറവാട്ടിലുള്ളവരും ബന്ധുക്കളും കൂടിയാലോചിച്ചു. മരുതുകുളങ്ങരത്തറവാടിന് ഒരപചയവും സംഭവിച്ചുകൂടാ. കോവിലിലെ പൂജാദികാര്യങ്ങള്‍ മുടങ്ങിക്കൂടാ. അതിനവര്‍ ഒരു മാര്‍ഗവും കണ്ടുപിടിച്ചു.


(തുടരും)

 

Login log record inserted successfully!