പെരുനാള്‍പ്പറമ്പ്.
ആളുകളുടെ തിരക്ക്. കച്ചവടക്കാരുടെ കലപിലകള്‍. വിശുദ്ധരൂപങ്ങള്‍ക്കു മുമ്പില്‍ കൈകള്‍ കൂപ്പി പ്രാര്‍ത്ഥനയുടെ നിയോഗങ്ങളഴിച്ച് വിശ്വാസികള്‍. പള്ളിയില്‍നിന്നു പ്രദക്ഷിണം പുറത്തേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ആകാശത്ത് പടക്കം പൊട്ടിത്തെറിച്ചു. മുത്തുക്കുടകള്‍ നിവര്‍ക്കപ്പെട്ടു. ആളുകള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി വരി നിന്നു. പെരുനാള്‍പ്പറമ്പിന്റെ തിരക്കില്‍ സനലുമുണ്ടായിരുന്നു. അയാളുടെ കൈത്തണ്ടയില്‍ ദയയും ബെഞ്ചമിനും മുറുക്കെപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാള്‍ ഓരോ കാഴ്ചകള്‍ മക്കള്‍ക്കു കാണിച്ചു കൊടത്തു. ആകാശത്തൊട്ടിലാണ് ദയയെ വിസ്മയിപ്പിച്ചത്. അവള്‍ക്ക് അതില്‍ കയറണം. ബെഞ്ചമിനെ കളിപ്പാട്ടക്കടയാണ് ആകര്‍ഷിച്ചത്. നീണ്ട തോക്കും ബാറ്ററിയിലോടുന്ന വണ്ടിയും... എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാമെന്ന് സനല്‍ വാക്കുകൊടുത്തു. അവര്‍ മുന്നോട്ടുനടക്കുമ്പോഴാണ് അതു സംഭവിച്ചത്. ചുവടുകള്‍ക്കു മുമ്പില്‍ വലിയൊരു സ്ഫോടനം. ഒരു പന്തുപോലെ സനല്‍ തെറിച്ചുപോയി. കൈത്തണ്ടയിലെ കുഞ്ഞുപിടിത്തങ്ങള്‍ വിട്ടുപോയി. നിലത്തു വീണുകിടക്കുമ്പോള്‍ അതാ അടുത്ത സ്‌ഫോടനം. ആളുകളുടെ കൂട്ടനിലവിളികള്‍, ആര്‍ത്തനാദങ്ങള്‍. പള്ളിമണികള്‍ അപായസൂചനയെന്നോണം കൂട്ടമായി അടിച്ചുതുടങ്ങി.
''മക്കളേ, ദയക്കുട്ടീ, ബെച്ചൂ.'' സനല്‍ ആകാശവും ഭൂമിയും നടുങ്ങത്തക്ക വിധത്തില്‍ അലറിവിളിച്ചു. അപ്പോള്‍ സ്മിത അയാളുടെ അരികിലേക്കോടിയെത്തി.
''എന്റെ മക്കളെവിടെ?'' സ്മിത ചോദിച്ചു. അവളുടെ ശിരസ്സില്‍ പുഷ്പകിരീടമുണ്ടായിരുന്നു. വിവാഹവസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത്.
''ഞാന്‍ നിങ്ങളെ ഏല്പിച്ചിട്ടുപോയതല്ലായിരുന്നോ, എന്നിട്ട് അവരെവിടെ. എവിടെ കൊണ്ടുപോയി നിങ്ങളെന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു?''
''സ്മിതേ...'' സനല്‍ അലര്‍ച്ചയോടെ ചാടിയെണീറ്റു. കട്ടിലില്‍ എണീറ്റിരുന്ന് അയാള്‍ കിതച്ചു. എവിടെ പള്ളിപ്പെരുനാള്‍? എവിടെ ബോംബ് സ്ഫോടനം? എവിടെ ആളും ബഹളവും? എവിടെ എന്റെ മക്കള്‍? എവിടെ സ്മിത? ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ സനലിനു മനസ്സിലായി, താന്‍ തന്റെ വീട്ടിലാണ്. കട്ടിലിലാണ്. താന്‍ കണ്ടത് സ്വപ്‌നമായിരുന്നു. നേരം വെളുത്തിരിക്കുന്നു.
അയാള്‍ മുഖംതിരിച്ചു കട്ടിലിലേക്കു നോക്കി. ബെഞ്ചമിനും ദയയും കട്ടിലില്‍ ഇല്ലല്ലോ. അവര്‍? ആലോചിച്ചപ്പോള്‍ അക്കാര്യവും വ്യക്തമായി. അവരെ താന്‍ പറഞ്ഞുവിട്ടിരിക്കുന്നു. അവര്‍ തനിക്കൊപ്പം ഇല്ല. എന്റെ മക്കള്‍. സോജന്‍ വന്നതും സംസാരിച്ചതും സനലിന്റെ ഓര്‍മയിലെത്തി. അവര്‍ക്കു താന്‍ ഭക്ഷണം കൊടുക്കുന്നില്ലെന്ന്. വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ലെന്ന്. തന്റെ കൂടെ ജീവിച്ചാല്‍ അവര്‍ ഒരു കഴിവുമില്ലാത്തവരായി പ്പോകുമെന്ന്. സോജന്റെ ഓരോ വാക്കും സനലിന്റെ ഓര്‍മയിലേക്കു വീണ്ടുമെത്തി. ദൈവമേ, എന്തൊരു ദുഷ്ടനാണു താന്‍. താന്‍ തന്റെ മക്കളെ ഉപേക്ഷിച്ചിരിക്കുന്നു. സ്വപ്‌നത്തിലാണെങ്കിലും സ്മിത തന്നോടു ചോദിച്ച ചോദ്യം വളരെ പ്രസക്തമാണെന്നും സനലിന് മനസ്സിലായി. ശരിയല്ലേ മക്കളെ തന്നെ ഏല്പിച്ചിട്ടാണ് അവള്‍ പോയത്. തിരികെ വരാന്‍വേണ്ടി പോയതായിരുന്നുവെങ്കിലും തിരികെവരാത്ത യാത്രയായിരുന്നു അത്. മക്കള്‍ തന്റെ അടുക്കലായിരുന്നു. അവരുടെ സംരക്ഷണം തന്റെ മാത്രം ഉത്തരവാദിത്വമായിരുന്നു. പക്ഷേ, താന്‍ അവരെ ഉപേക്ഷിച്ചു. എന്തിന്?
സനല്‍ ആത്മവിമര്‍ശനം നടത്തി. അതിന്റെ ഒടുവില്‍ അയാള്‍ അതിന് ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്: താന്‍ തന്റെ സുഖം നോക്കി. ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടം. മക്കളുടെ സുരക്ഷിതത്വം ഏറ്റെടുക്കാനുള്ള വൈമുഖ്യം. അവര്‍ ഒഴിവായിപ്പോയാല്‍ താന്‍ സ്വതന്ത്രനാകുമെന്ന തോന്നല്‍. തന്റെ ഇഷ്ടങ്ങള്‍ക്കു പുറകെ പോകാനുള്ള താത്പര്യം.
എന്തൊരു മനുഷ്യനാണു താന്‍. സനലിന് ആദ്യമായി ആത്മനിന്ദ തോന്നി. പുഴുവിനെക്കാള്‍, കൃമിയെക്കാള്‍ നികൃഷ്ടന്‍. മനുഷ്യന്‍ എന്നു വിശേഷിപ്പിക്കാന്‍പോലും താന്‍ അര്‍ഹനല്ല. ദയയും ബെഞ്ചമിനും യാത്ര പറയും നേരം തന്നെ നോക്കിയ നോട്ടം. അത് ഇപ്പോഴാണ് തന്നെ കുത്തിമുറിവേല്പിക്കുന്നത്. ദിവസമെത്രയോ ഇതിനകം കടന്നുപോയിട്ടും അതേക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. മദ്യത്തിന്റെ ലഹരിയിലായിരുന്നുവല്ലോ ദിവസങ്ങള്‍.
പക്ഷേ, ഇപ്പോള്‍, എന്റെ കുഞ്ഞുങ്ങള്‍. എന്റെ കുഞ്ഞുങ്ങള്‍. സനലിനു ചങ്കു പൊടിയുന്നതുപോലെ തോന്നി. അമ്മ മരിച്ചുപോയെങ്കിലും അവര്‍ക്ക് അപ്പനുണ്ടായിരുന്നു. പക്ഷേ, ആ അപ്പന്‍ അവരെ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നു. അതും എന്തിന്. തന്റെ സുഖത്തിനു വേണ്ടി. തനിച്ചു ജീവിക്കുന്നതിന്റെ സുഖത്തിനുവേണ്ടി.
നീ നിന്നില്‍നിന്നുതന്നെ ഒളിച്ചോടുകയാണ്. ഉള്ളിലിരുന്ന് ആരോ തന്നോട് പറയുന്നതു സനല്‍ അറിഞ്ഞു.
ഒളിച്ചോട്ടം. അത് തനിക്കെന്നും ഉണ്ടായിരുന്നുവല്ലോയെന്ന് സനല്‍ ഓര്‍ത്തു. ഒരിക്കലും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള ധൈര്യമോ സന്നദ്ധതയോ താന്‍ കാണിച്ചിരുന്നില്ല. ചെറുപ്പംമുതല്‍ക്കേ ആവശ്യത്തില്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവിച്ചുവളര്‍ന്നതുകൊണ്ട് അതിനപ്പുറത്തേക്കു പോകാനുള്ള ധൈര്യം കിട്ടിയിരുന്നില്ല എന്നതാണു സത്യം. ആ കഴിവുകേടാണ് തന്നെ ഇത്രയും നിലം പറ്റെ വീഴിച്ചിരിക്കുന്നത്. മദ്യപാനംപോലും രക്ഷപ്പെടാനുളള മാര്‍ഗമായിരുന്നു, ഒളിച്ചോട്ടമായിരുന്നു. പക്ഷേ, ഇനിയും ഇങ്ങനെ വീണുകിടക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സനലിന് ആദ്യമായി ത്തോന്നി. വീണുകിടക്കാനാണു തീരുമാനമെങ്കില്‍ മക്കളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. ആ ചിന്ത ഹൃദയഭേദകമായിരുന്നു. മക്കളെ തനിക്ക് നഷ്ടപ്പെടുക. സ്വാഭാവികമായ കാരണങ്ങള്‍കൊണ്ടല്ല തന്റെതന്നെ ഉപേക്ഷകൊണ്ട്. ആ തെറ്റിന് എവിടെയാണു ന്യായീകരണം കിട്ടുക? മക്കളെ കാണണം. അവരെ കൂട്ടിക്കൊണ്ടുവരണം. സനല്‍ തീരുമാനിച്ചു. ആ നിമിഷംതന്നെയാണ് ജോസഫിന്റെ ശബ്ദം സനലിന്റെ കാതുകളിലെത്തിയത്.
''തൊണ്ട വരളുന്നു. ആ കൊച്ചുണ്ടായിരുന്നെങ്കില്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കിട്ടുമായിരുന്നു.''
ദയ ഒരു വീട്ടമ്മയായി മാറിയതിനെക്കുറിച്ച് അപ്പോഴാണ് സനല്‍ മനസ്സിലാക്കിയത്. ഈ വീടിനെ മുന്നോട്ടുകൊണ്ടുപോയിരുന്നത് അവളായിരുന്നു. പക്ഷേ, താന്‍ അതും തിരിച്ചറിഞ്ഞില്ല.
''അപ്പച്ചാ,'' സനല്‍ മുറിയിലേക്ക് ചെന്നു.
''ഇപ്പഴാടാ ഈ വീട് ശരിക്കും മരിച്ച വീടായത്. കൊച്ചുങ്ങളുടെ വര്‍ത്താനോം ചിരിയും കളിയും ഒന്നുമില്ലാതെ. ശരിയാ, ഞാനാ പറഞ്ഞെ അവരെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാന്‍. എന്നാലും അത് ഇത്രേം പേടിപ്പെടുത്തുമെന്ന് ഞാനറിഞ്ഞില്ല.''
വീടിനെ വീടാക്കുന്ന ഒരു ഘടകം കുഞ്ഞുങ്ങളുടെ കളിചിരികളാണ്. അവരുടെ കരച്ചിലും പിടിവാശികളുമാണ്. ബെഞ്ചമിന്റെ ശാഠ്യങ്ങളും ദയയോടുള്ള വഴക്കുകൂടലുകളും. സനലിന്റെ ഓര്‍മയിലേക്ക് അതെല്ലാം കടന്നുവന്നു.
എന്റെ മക്കള്‍ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും? അവരെ കാണാന്‍ സനലിന് വല്ലാത്ത കൊതി തോന്നി. അവരെ കെട്ടിപ്പിടിക്കണം. ഉമ്മ വയ്ക്കണം, മക്കളേയെന്നു വിളിക്കണം.
''നീ ചെന്നു വിളിച്ചോണ്ടു വാടാ അവരെ. നിന്റെ മക്കളാ അവര്. നീയുള്ളപ്പോ വല്ല വീട്ടിലും അഗതികളെപ്പോലെ കഴിയേണ്ടവരല്ല അവര്. അതിനാദ്യം നീ ജീവിക്കാന്‍ പഠിക്കണം. പ്രശ്നങ്ങളെ നേരിടാന്‍ തന്റേടം കാണിക്കണം. ധൈര്യമുണ്ടാവണം.'' ജോസഫിന്റെ വാക്കുകള്‍ സനലിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ കാലത്തിനിടയില്‍ പലരും സനലിനെ പല രീതിയില്‍ ഉപദേശിച്ചിട്ടുണ്ട്. മാറ്റിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സനല്‍ അതിനോടൊന്നും പൊരുത്തപ്പെട്ടിരുന്നില്ല. ആ ഉപദേശങ്ങളെയൊന്നും വകവച്ചിരുന്നുമില്ല. തന്റേതായ രീതിയില്‍ അവയ്‌ക്കോരോന്നിനും അയാള്‍ മറുപടി നല്കിയിരുന്നു. പക്ഷേ, ജോസഫ് പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ക്ക് വല്ലാത്ത സ്വാധീനശക്തിയുള്ളതുപോലെ സനലിന് അനുഭവപ്പെട്ടു.
''വളര്‍ത്തുദോഷമുണ്ട് നിനക്ക്. അതിന്റെ കുറ്റം ഞാനും ചുമക്കാം. പക്ഷേ, അതൊരു അടവായിട്ട് നീയെടുക്കരുത്. ഓടിയൊളിക്കാന്‍ എളുപ്പമാ. നേരിടാനാ ബുദ്ധിമുട്ട്. നീയെന്തു തീരുമാനിച്ചു.'' പലതരം ചിന്തകള്‍ സനലിലൂടെ കടന്നുപോയി.
ഇത്തിരി നേരം കഴിഞ്ഞാണ് സനല്‍ അതിനു മറുപടി പറഞ്ഞത്.
''നേരിടാന്‍.'' ആ ശബ്ദം ശാന്തമായിരുന്നു. പക്ഷേ, അത് ഉറച്ചതായിരുന്നു.
ജോസഫിന് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ അമ്പരപ്പോടെ സനലിനെ നോക്കി. സനല്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
''എന്റെ കര്‍ത്താവേ,'' ജോസഫ് നെഞ്ചില്‍ കൈവച്ചു. ഈ വീട് വീണ്ടും വീടാവുകയാണോ?
സനല്‍ അടുക്കളയിലേക്കു ചെന്നു. അപ്പച്ചനു കാപ്പിയിടണം. ഗ്യാസ് സ്റ്റൗ ഓണ്‍ ചെയ്തപ്പോള്‍ അതു കത്തുന്നില്ല. സിലിണ്ടര്‍ കുലുക്കി നോക്കി. അതു കാലിയായെന്നു സനലിനു മനസ്സിലായി. മുമ്പ് സുമനായിരുന്നു ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തുകൊടുത്തിരുന്നത്. ആദ്യമായി അവനെ അക്കാര്യത്തിനുവേണ്ടി വിളിച്ചത് സനല്‍ ഓര്‍മിച്ചു. അവിടം മുതല്‍ക്കായിരുന്നില്ലേ വ്യക്തിയെന്ന നിലയിലുള്ള തന്റെ അധഃപതനം ആരംഭിച്ചത്? എന്തു ചെയ്യണമെന്നറിയാതെ സനല്‍ ഒരു നിമിഷം നിന്നു.
''ഇത് അത്ര സംഭവമൊന്നുമല്ല സനല്‍. ഒരു തഞ്ചത്തിന് അങ്ങ് ചെയ്താല്‍ മതി.'' സ്മിത പണ്ടു പറയാറുണ്ടായിരുന്നത് സനലിന്റെ ഓര്‍മയിലെത്തി. അവള്‍ ചെയ്യാറുണ്ടായിരുന്നതിന്റെ രംഗങ്ങള്‍ സനലിന്റെ മനസ്സിലേക്കെത്തി. പുതിയൊരു ഊര്‍ജം ഉള്ളില്‍ നിറഞ്ഞതുപോലെ. സനല്‍ ഫില്‍ ചെയ്തു വച്ചിരുന്ന സിലിണ്ടര്‍ പുറത്തേക്കെടുത്തു. കാലിയായ സിലിണ്ടറിന്റെ റെഗുലേറ്റര്‍ എടുത്തുമാറ്റി. അത് പുതിയ സിലിണ്ടറില്‍ ഘടിപ്പിച്ചു. അപ്പോഴൊക്കെ സ്മിത തനിക്ക് നിര്‍ദേശം നല്കിക്കൊണ്ടിരിക്കുന്നതുപോലെയുളള അനുഭവമാണ് സനലിനുണ്ടായത്. ഇത്രയേയുള്ളൂ കാര്യം. സിലിണ്ടര്‍ മാറ്റിപ്പിടിപ്പിച്ചതിനുശേഷം സ്റ്റൗ കത്തിക്കുമ്പോള്‍ സനല്‍ തന്നോടുതന്നെ പറഞ്ഞു. അയാളുടെ ഉള്ളിലേക്ക് ആത്മവിശ്വാസത്തിന്റെ പുതിയൊരു കാറ്റ് വീശിയെത്തുകയായിരുന്നു. അതൊരു തുടക്കമാവുകയായിരുന്നു.
*** *** ***
''ചേച്ചീ,'' ബെഞ്ചമിന്‍ അങ്ങനെ വിളിച്ചുകൊണ്ട് ദയയുടെ അടുക്കലേക്ക് ഓടിച്ചെന്നു.
ദയ സോജന്റെ ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിരുന്നു. ഊണിന്റെ തിരക്ക് ഏറെക്കുറെ അവസാനിച്ചിരിക്കുന്നു.
''എന്താ മോനേ?''
''പപ്പ'' ബെഞ്ചമിന്‍ മറുപടി നല്കി.
ദയയ്ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നോക്കുമ്പോള്‍ ഹോട്ടലിന്റെ കവാടത്തില്‍ സനല്‍. കൗണ്ടറിലിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്ന സോജന്‍ സനലിനെ കണ്ടിരുന്നില്ല. ടേബിള്‍ തുടച്ചുകൊണ്ടിരുന്ന ദയ തുണി അവിടെയിട്ടിട്ട് സനലിന്റെ അടുക്കലേക്ക് ഓടിച്ചെന്നു.
''പപ്പാ,'' ദയയുടെ വിളി കേട്ടാണ് സോജന്‍ തല ഉയര്‍ത്തി നോക്കിയത്. അയാള്‍ സനലിനെ കണ്ടു. വല്ലാത്തൊരു ജാള്യത അയാളുടെ മുഖത്തുണ്ടായി. പക്ഷേ, സനല്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. അയാളുടെ മുഴുവന്‍ നോട്ടവും തന്റെ മക്കളിലായിരുന്നു. എത്രയോ നാളുകള്‍ക്കു ശേഷം. എന്റെ മക്കള്‍. അയാളുടെ കണ്ണുനിറഞ്ഞു.
''പപ്പാ,'' ദയ കരഞ്ഞുകൊണ്ട് വിളിച്ചു.
''എന്റെ മോളേ,'' അയാള്‍ അവളെ വാരിപ്പുണര്‍ന്നു. മറുകരം കൊണ്ട് ബെഞ്ചമിനെയും.
''പാതിപ്പണി ഇവിടെയിട്ടിട്ട് നീയെവിടെപ്പോയതാ കൊച്ചേ? പാത്രം കഴുകാന്‍ കിടക്കുന്ന കാര്യം നിനക്കറിയില്ലേ?'' ഷീബ ഉറക്കെ സംസാരിച്ചുകൊണ്ട് അവിടേക്കു വന്നത് അപ്പോഴായിരുന്നു. സനലിനെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ അവളും വല്ലാതെയായി. സനല്‍ വരുമെന്ന് അവര്‍ ഇരുവരും പ്രതീക്ഷിച്ചിരുന്നതേയില്ല.
''ഇന്ന് ക്ലാസില്ലാത്തോണ്ട്. ഹോട്ടലിലെ ഹെല്‍പ്പറ് ഇല്ലാത്തോണ്ട്.'' സോജന്‍ വിശദീകരിക്കുംപോലെ സനലിനോടു പറഞ്ഞു.
''ഉം,'' ഒട്ടും എതിര്‍പ്പോ പിണക്കമോ ഇല്ലാതെ സനല്‍ തലയാട്ടി. അയാള്‍ ദയയുടെ കരം പിടിച്ചു നിവര്‍ത്തിനോക്കി. അത് പരുക്കനായതായി അയാള്‍ക്കു മനസ്സിലായി. സനലിന്റെ കണ്ണുനിറഞ്ഞു. അപ്പന്‍ നോക്കുന്നതിനെക്കാളും നന്നായി നോക്കാമെന്നു പറഞ്ഞു കൊണ്ടുപോയിട്ട്. സങ്കടം വന്ന് സനലിന്റെ ചങ്കു നിറഞ്ഞു.
''നമുക്ക് വീട്ടില്‍ പോകാം.'' സനല്‍ അത്രയുമേ പറഞ്ഞുള്ളൂ. ദയയുടെയും ബെഞ്ചമിന്റെയും കണ്ണുകളിലെ തിളക്കം സനല്‍ കണ്ടു. സോജനും ഷീബയും ഒരു വാക്കുപോലും പറയാതെ നിശ്ചലരായി നിന്നു.
*** *** ***
സനല്‍ ദയയെയും ബെഞ്ചമിനെയും കൂട്ടി നേരേ പോയത് സ്മിതയുടെ കല്ലറയ്ക്കരികിലേക്കാണ്. അവിടെ അവര്‍ തിരികള്‍ കൊളുത്തി, പൂക്കള്‍ സമര്‍പ്പിച്ചു.
''സ്മിതേ, സ്വപ്നത്തിലൂടെയെങ്കിലും നീയെന്നെ വഴക്കുപറയാന്‍ വൈകിയതെന്തേ? നീയെന്നെ ശാസിക്കാതിരുന്നതെന്തേ? ഇനി ഞാന്‍ പഴയതുപോലെ എന്നു പറയുന്നില്ല. അതിനെക്കാള്‍ നല്ല സനലായിരിക്കും. നമ്മുടെ മക്കളെ നീ ആഗ്രഹിക്കുംപോലെ പരിപാലിക്കുന്ന നല്ലൊരു പപ്പയായിരിക്കും. ഇതെന്റെ ഉറപ്പ്.''
സനല്‍ സ്മിതയുടെ കല്ലറയ്ക്കല്‍ മുട്ടുകുത്തി നിന്നു പറഞ്ഞു.
''നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. ഒന്നുകൊണ്ടും പേടിക്കണ്ട. സനലിന് എല്ലാം കഴിയും, എല്ലാം.'' സ്മിതയുടെ വാക്കുകള്‍ സനല്‍ കേട്ടു.
''നമ്മുടെ പൊന്നുമക്കള്‍ക്ക് അപ്പനായും അമ്മയായും സനല്‍ മാത്രമേയുള്ളൂ. അവരെ ഇനിയാര്‍ക്കും വിട്ടുകൊടുക്കരുത്.'' സ്മിത വീണ്ടും പറഞ്ഞു.
''ഇല്ല.'' സനല്‍ ആ കല്ലറയ്ക്കു നേരേ കരം ചേര്‍ത്ത് വാക്കു നല്കി.
സന്ധ്യയായിരുന്നു സനലും കുട്ടികളും വീട്ടിലെത്തിയപ്പോള്‍. അവരെ കാത്ത് സുമന്‍ വരാന്തയിലുണ്ടായിരുന്നു.
''ഞാന്‍ പലതവണ സാറിനെ വിളിച്ചായിരുന്നല്ലോ. എന്നിട്ടെന്താ സാറ് ഫോണെടുക്കാതിരുന്നത്.''
സനലിനെ കണ്ടപ്പോള്‍ സുമന്‍ ചോദിച്ചു. സുമനെ കണ്ടതേ ദയയുടെ മുഖം മങ്ങി. പപ്പ വീണ്ടും സുമനങ്കിളുമായി ചേര്‍ന്നു മദ്യപിക്കുമോ? അതായിരുന്നു അവളുടെ ആശങ്ക.
''അതുശരി, കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നോ? അതു നല്ല കാര്യം. സാറ് വേഗം പോയി ഡ്രസ് മാറിയിട്ടു വാ. നമുക്കൊന്നു കൂടാം, ഒരാഴ്ചയായി ഞാനിവിടെയില്ലാത്തോണ്ട് സാറിനൊരു കമ്പനി കിട്ടിക്കാണില്ലെന്ന് എനിക്കറിയാം.''
''സുമന്‍,'' സനല്‍ സുമന്റെ തോളത്ത് കൈചേര്‍ത്തുകൊണ്ട് പറഞ്ഞു:
''ഇനി മദ്യപിക്കാനായി സുമന്‍ ഇവിടെ വരരുത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. അതിനു ഞാനാരെയും കുറ്റം പറയുന്നില്ല, എന്നെയല്ലാതെ. പക്ഷേ, ഇനി അതുണ്ടാവില്ല.''
സുമന്‍ അവിശ്വസനീയതയോടെ സനലിനെ നോക്കി.
''നഷ്ടങ്ങളുണ്ടായെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. നാളെ മുതല്‍ സ്‌കൂളില്‍ വരാന്‍ അച്ചന്മാര്‍ പറഞ്ഞിട്ടുണ്ട്. സ്മിതയും അമ്മച്ചിയും ഇല്ലെങ്കിലും ഞങ്ങള്‍ക്കു ജീവിക്കണം സുമന്‍. കരഞ്ഞും മദ്യപിച്ചും നിരാശപ്പെട്ടും കഴിയാന്‍ ഇനി എന്നെക്കിട്ടില്ല. പലതും ഞാന്‍ പഠിച്ചുവരുന്നതേയുള്ളൂ. പക്ഷേ, പഠിക്കും. എത്ര തവണ വീണിട്ടാണ് ഒരു കുഞ്ഞ് എണീറ്റുനടക്കുന്നത്. അതുപോലെയാ ഞാനും.''
''സാറ് ഏതെങ്കിലും ധ്യാനകേന്ദ്രത്തില്‍ പോയാരുന്നോ. ഏതാ സാറേ ആ ധ്യാനകേന്ദ്രം? എനിക്കുംകൂടി ഒന്ന് പോയാലോയെന്ന് ഒരാലോചന.'' സുമന്‍ പറഞ്ഞു.
''മനസ്സാണ് ഏറ്റവും വലിയ ധ്യാനകേന്ദ്രം. മനസ്സാക്ഷിയാണ് ഏറ്റവും വലിയ ആത്മീയഗുരു. നമ്മള്‍ നമ്മെത്തന്നെ ധ്യാനിച്ചുകഴിയുമ്പോള്‍ തിരുത്താനും മുന്നോട്ടുപോകാനും ഉള്ള ശക്തിയും കഴിവും കിട്ടും.
സനല്‍ അതു പറഞ്ഞിട്ട് ദയയുടെയും ബെഞ്ചമിന്റെയും കൈയ്ക്കു പിടിച്ച് വരാന്തയിലേക്കു കയറി. വാതില്‍ക്കലായി അമ്മച്ചിയും സ്മിതയും നില്ക്കുന്നതുപോലെയും അവര്‍ തങ്ങളെ സ്വാഗതം ചെയ്യുന്നതുപോലെയും സനലിനു തോന്നി. അവരെ നോക്കി ചിരിച്ചുകൊണ്ട് ഒരു ഗൃഹപ്രവേശനമെന്നോണം സനല്‍ അകത്തേക്കു പ്രവേശിച്ചു. അപ്പോള്‍ ഒരു കാറ്റ് അവരെ കടന്നുപോയി. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പരാഗങ്ങള്‍ നിറഞ്ഞ കാറ്റായിരുന്നു അത്.
(അവസാനിച്ചു)