വൈകുന്നേരം.
സോജന്‍ മുറ്റത്തേക്കു പ്രവേശിച്ച് വീടിനെ നോക്കിനിന്നു. മാസങ്ങള്‍ക്കുള്ളില്‍ ഈ വീട് ഒരു പ്രേതാലയംപോലെയായിരിക്കുന്നുവെന്ന് അയാള്‍ക്കു മനസ്സിലായി. എന്തൊരു തിളക്കവും പ്രസന്നതയുമുള്ള വീടായിരുന്നു ഒരു നാള്‍ ഇത്. പക്ഷേ, എല്ലാം തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു.
ഒരു സ്ത്രീയുടെ ഇടപെടലും അവളുടെ സഹവാസവുമാണ് വീടിനെ പ്രകാശിപ്പിക്കുന്നത്. അതില്ലാതാകുമ്പോള്‍ വീട് മങ്ങിത്തുടങ്ങുന്നു. അവളുടെ സ്വരം മുഴങ്ങാതെയാകുമ്പോള്‍ വീട് നിശ്ശബ്ദതയിലേക്കു പിന്‍വാങ്ങുന്നു.
വീടിനോടുള്ള പെണ്ണൊരുവളുടെ സ്നേഹം പിണക്കങ്ങളിലൂടെയും ഒച്ചയുയര്‍ത്തലുകളിലൂടെയുമാണ് വെളിവാക്കപ്പെടുന്നത്. താന്‍ ഈ വീടിന്റെ അവിഭാജ്യഘടകമാണെന്നും തനിക്കിവിടെ സ്ഥാനമുണ്ടെന്നും ഉറപ്പിക്കാനുള്ള അവളുടെ ചില ശ്രമങ്ങളാണ് അവയെല്ലാം.
സ്മിതയുണ്ടായിരുന്നെങ്കില്‍...
സോജന്റെ കണ്ണ് പൊടുന്നനേ നിറഞ്ഞു. സ്മിതയുടെ സഹോദരനാണ് സോജന്‍. മൂത്ത സഹോദരന്‍. ചെറിയൊരു ഹോട്ടല്‍ നടത്തുകയാണ് അയാള്‍.
വീട്ടിനുള്ളില്‍നിന്ന് ആളും അനക്കവും അയാള്‍ കേട്ടില്ല. വാതിലുകള്‍ തുറന്നാണു കിടന്നിരുന്നത്. സോജന്‍ മടിച്ചുനില്ക്കാതെ അകത്തേക്കു ചെന്നു. ജോസഫിന്റെ മുറിയില്‍നിന്ന് ഞരക്കം കേട്ട് സോജന്‍ അവിടേക്കു നോക്കി. ജോസഫ് എന്തൊക്കെയോ പറഞ്ഞു കരയുകയായിരുന്നു.
''അപ്പച്ചാ,'' സോജന്‍ അയാളുടെ അരികിലെത്തി. ജോസഫിന് പെട്ടെന്ന് ആളെ മനസ്സിലായില്ല.
''ആരാ?''
''എന്നെ മനസ്സിലായില്ലേ?'' സോജന്‍ ചോദിച്ചു.
മുറിയില്‍ അസുഖകരമായ ഗന്ധം നിറഞ്ഞുനിന്നിരുന്നു. പ്രായം ചെന്നവരുടെ ഗന്ധമായിരുന്നു അത്. വാര്‍ദ്ധക്യം എന്തൊരു അവസ്ഥയാണെന്നാണ് സോജന്‍ അപ്പോള്‍ ആലോചിച്ചത്. ഒരു കാലത്ത് ആരുടെയും ആശ്രയമില്ലാതെ നെഞ്ചുവിരിച്ചു നടക്കുന്നവര്‍ എഴുപതും എണ്‍പതുമെത്തുമ്പോള്‍ സാവധാനത്തിലാകുന്നു. പരാശ്രയത്തിനായി കൈനീട്ടേണ്ടിവരുന്നു. ഒരു ആയുസ്സില്‍ മനുഷ്യന്‍ എത്രയോ കുറച്ചുകാലം മാത്രമാണ് സ്വയംപര്യാപ്തതയോടെ കാര്യങ്ങള്‍ ചെയ്യുന്നത്. ജീവിതത്തിന്റെ തുടക്കത്തില്‍ അവന്‍ പലരുടെയും സഹായത്തോടെ വളര്‍ന്നുവരുന്നു. ഒടുക്കമെത്തുമ്പോഴാകട്ടെ പലരുടെയും സഹായത്തോടെ മാത്രം ജീവിക്കേണ്ടിവരുന്ന അവസ്ഥയിലുമെത്തുന്നു. രണ്ടിനുമിടയിലെ ഹ്രസ്വകാലം കൊണ്ടുമാത്രം അവന്‍ ജീവിതം ആസ്വദിക്കുന്നു. വാര്‍ദ്ധക്യം ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ്. നരച്ച മുടിയെക്കുറിച്ചുളള വര്‍ണനകള്‍ ഉണ്ടാകുമ്പോഴും അത്തരമൊരു അവസ്ഥയെ നേരിടാതെ കടന്നുപോകുന്നതാണ് ജീവിതത്തിന്റെ ഭാഗ്യമെന്നും സോജനു തോന്നി.
''ഞാന്‍ സോജനാ,'' സോജന്‍ മറുപടി പറഞ്ഞു.
''സോജന്‍...'' ജോസഫ് ഓര്‍ത്തെടുത്തു.
പിന്നെ ഒറ്റക്കരച്ചിലായിരുന്നു.
''നിന്റെ പെങ്ങള് പോയതോടെ ഈ വീടൊരു നരകമായെടാ.''
നരകം. ദൈവത്തിന്റെ സാന്നിധ്യമില്ലാത്ത അവസ്ഥയാണ് നരകം. നന്മയില്ലാത്ത അവസ്ഥയാണ് നരകം. ഈ വീട്ടില്‍നിന്ന് ദൈവവും പടിയിറങ്ങിയോ? അതോ ദൈവത്തെയും പടിയിറക്കിയോ?
അപ്പോള്‍ മുറിവാതില്ക്കല്‍ ദയയും ബെഞ്ചമിനും പ്രത്യക്ഷപ്പെട്ടു. അവര്‍ സ്‌കൂള്‍ കഴിഞ്ഞുവന്നതായിരുന്നു
''അങ്കിളേ,'' കുട്ടികള്‍ വിളിച്ചു.
''മക്കള് ഇങ്ങ് വന്നേ.'' സോജന്‍ ക്ഷണിച്ചു. കുട്ടികള്‍ ആകെ വാടിത്തളര്‍ന്നുപോയെന്ന് അയാള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായി. സ്മിതയുടെ മരണം കഴിഞ്ഞ് ഏതാനും നാളുകള്‍ അയാളും കുടുംബവും ഇവിടെ സന്ദര്‍ശിച്ചിരുന്നു. പിന്നെ സ്വന്തം ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ ആ സന്ദര്‍ശനം കുറഞ്ഞുവന്നു. ഒടുവില്‍ ഇല്ലാതെയുമായി. ഇടയ്ക്കിടെയുള്ള ഫോണ്‍കോളുകളില്‍ മാത്രമായി
സ്നേഹാന്വേഷണങ്ങള്‍. സോജന് കുറ്റബോധം തോന്നി. തന്റെ പെങ്ങളുടെ മക്കള്‍. തന്റെ രക്തംകൂടിയാണ് അവര്‍. ഇവരെക്കുറിച്ച് വേണ്ടതുപോലെ താന്‍ ചിന്തിച്ചില്ലല്ലോ. സ്വന്തം വീട്ടിലാണു കഴിയുന്നതെന്ന ബോധ്യമുള്ളതുകൊണ്ടാവാം. അല്ലെങ്കിലും ഭര്‍ത്താവു മരിച്ച സ്ത്രീയുടെയും മക്കളുടെയും നേരേ സമൂഹത്തിനു കുറെക്കൂടി ജാഗ്രതയും കരുതലുമുണ്ട്. എന്നാല്‍, ഭാര്യ മരിച്ച ഭര്‍ത്താവിനെയും മക്കളെയുംകുറിച്ച് സമൂഹം തെല്ലും ബോധവാന്മാരല്ല. ഭര്‍ത്താവു മരിച്ചുകഴിയുമ്പോള്‍ കുടുംബം എങ്ങനെ പുലരുമെന്നാണ് അവരുടെ ചിന്ത. പക്ഷേ, ഭാര്യ മരിച്ചുകഴിയുമ്പോള്‍ കുടുംബത്തിന്റെ അവസ്ഥ ഭര്‍ത്താവിനെ ആശ്രയിച്ചുമുന്നോട്ടുപോകും എന്നതിനാല്‍ ആഹാരത്തിനോ നിത്യവൃത്തിക്കോ ബുദ്ധിമുട്ട് വരില്ല എന്നു ധരിച്ച് ആരും അതേക്കുറിച്ച് ആകുലപ്പെടാറില്ല.
''മക്കള് നന്നായിട്ട് പഠിക്കുന്നുണ്ടോ?''
ഉണ്ടെന്ന് ദയയും ബെഞ്ചമിനും തലകുലുക്കി.
''ഇന്നാ,'' അയാള്‍ കൈയിലിരുന്ന പൊതി അവര്‍ക്കു നേരേ നീട്ടി. ചായക്കടപ്പലഹാരങ്ങളായിരുന്നു അതില്‍. പൊതി കൈയില്‍ കിട്ടിയതും കൈപോലും കഴുകാതെ ബെഞ്ചമിന്‍ അതെടുത്തു കഴിക്കാന്‍ തുടങ്ങി. ആര്‍ത്തിയോടെയായിരുന്നു അവന്‍ കഴിച്ചത്.
'എടാ, കൈ കഴുക്' എന്ന് ദയ പറഞ്ഞെങ്കിലും അത് ദുര്‍ബലമായ സ്വരമായിരുന്നു. കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനെ കടിച്ചമര്‍ത്തിയായിരുന്നു ദയ നിന്നിരുന്നത്.
''മോളും കഴിക്ക്...'' സോജന്‍ പ്രോത്സാഹിപ്പിച്ചു.
''ഞാന്‍ പിന്നെ കഴിച്ചോളാം അങ്കിളേ.''
''ഉച്ചയ്ക്കെന്നതാ കഴിച്ചെ?'' പെട്ടെന്ന് അങ്ങനെയൊരു ചോദ്യമാണ് സോജന്റെ നാവിലെത്തിയത്.
''ബ്രഡും ജാമും.'' ദയ ശബ്ദം താഴ്ത്തി പറഞ്ഞു.
''ഇവിടെ ആഹാരമുണ്ടാക്കലോ കഴിക്കലോ ഒന്നുമില്ല സോജാ. അവനു തോന്നിയാല്‍ എന്തെങ്കിലും വയ്ക്കും. വല്ലതും ഞങ്ങള് വാരിക്കഴിക്കും. ഇപ്പോ ഈ പെങ്കൊച്ചാ അടുക്കളേക്കേറി വല്ലതും ഉണ്ടാക്കുന്നെ. ഉണ്ടാക്കാന്‍ തയ്യാറാണെങ്കിലും പാകം ചെയ്യാന്‍ എന്നതെങ്കിലും വേണ്ടേ?''
സോജന്റെ നെഞ്ചിലൂടെ ഒരു വാള്‍ കടന്നുപോകുന്നതുപോലെ തോന്നി.
ഈ കുട്ടികള്‍ക്കു കഴിക്കാന്‍ പോലും ഇല്ലെന്നോ?
''അവന് കുടിക്കാനേ പണം കാണൂ, ഇപ്പോ ജോലിം ഉപേക്ഷിച്ചു.''
സനലിനു ജോലി നഷ്ടമായ വിവരം സോജന്‍ അറിഞ്ഞിരുന്നു. അത് അന്വേഷിക്കാന്‍ വേണ്ടിയാണ് അയാള്‍ എത്തിയതും. പക്ഷേ വീട്ടിലെ സ്ഥിതി ഇത്രയും ഗുരുതരമാണെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല.
''ഈ കുട്ടികള്‍ക്കു കഴിയാനുള്ള മൊതലാ അവന്‍ വിറ്റുകുടിക്കുന്നെ. ആ സുമനുണ്ടല്ലോ അവനാ എല്ലാറ്റിനും കാരണം. അതിരുമാന്തി അവന്‍ സ്ഥലം കൈയേറി. ഇനി ഈ വീടും പറമ്പുംകൂടി അവനു തീറെഴുതിക്കൊടുക്കുമോയെന്നാ എന്റെ പേടി. എന്നെയോര്‍ത്തല്ല, ചാകാന്‍ കുഴീലോട്ടു കാലും നീട്ടിയിരിക്കുന്ന എനിക്കെന്നാത്തി നാ സ്ഥലം? പക്ഷേ, ഈ പിള്ളേരുടെ കാര്യം അങ്ങനെയല്ലല്ലോ. സ്ഥലം പണയപ്പെടുത്തിയോ വിറ്റോ ആണ് അവന്‍ കള്ളുകുടിക്കുന്നതെന്നാ എനിക്കു സംശയം. പറമ്പീന്ന് മൂന്നോ നാലോ റബര്‍ഷീറ്റുള്ളതുകൊണ്ട് വല്ലതുമാകുമോ? വെട്ടുകാരന് കൊടുക്കാനുള്ളതുകൂടി അതീന്നു കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല. നീയൊന്ന് അവനെ വിളിച്ച് ഗുണദോഷിക്ക് സോജാ. നിന്റെ പെങ്ങളല്ലേ പോയിട്ടുള്ളൂ അവളുടെ മക്കളുണ്ടല്ലോ. നീയല്ലാതെ ഇനി ഈ പിള്ളേര്‍ക്കാരാ ഉള്ളെ?''
ജോസഫ് പലതും പറയുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു.
''ആ സുമനും ചേര്‍ന്ന് കുടീം വലീം എല്ലാം ഇവിടെത്തന്നെയാ. വളര്‍ന്നുവരുന്ന ഒരു പെങ്കൊച്ച് ഈ വീട്ടിലുണ്ടെന്നുപോലും അവന് ഒരു വിചാരമില്ല. രാവും പകലും എനിക്ക് ഇങ്ങനെ കാവലിരിക്കാന്‍ പറ്റ്വോ, അതും എത്രനാള്‍?''
''അപ്പച്ചന്‍ കരയാതെ, നമുക്ക് പരിഹാരമുണ്ടാക്കാം. എന്നിട്ട് അവനെവിടെ, സനല്‍?''
''ചെലപ്പോ മുറീക്കാണുമായിരിക്കും. ഞാന്‍ ചെന്നൊന്നു നോക്കട്ടെ.'' സനലിനെ അന്വേഷിച്ചുപോയ ദയ വേഗംതന്നെ തിരികെ വന്നു
''അവിടെയില്ല.''
''അവന്‍ കുടിക്കാന്‍വാങ്ങാന്‍ പോയതായിരിക്കും.'' ജോസഫ് രോഷത്തോടെ പറഞ്ഞു.
''ഞാന്‍ ഒരു ദിവസം പറഞ്ഞു, ഞങ്ങള് മൂന്നുപേര്‍ക്ക് വല്ല വിഷോം വാങ്ങിത്തന്നിട്ട് നീ നിന്റെ ഇഷ്ടംപോലെ ജീവിച്ചോളാന്‍. സഹിക്കുന്നതിനുമില്ലേ ഒരു അതിര്?''
സോജന്റെ മനസ്സ് അശാന്തമായി. അയാളുടെ ചിന്തകള്‍ നീറിപ്പുകഞ്ഞു.
''മോളേ,'' സോജന്‍ ദയയെ തന്റെ അരികിലേക്കു ചേര്‍ത്തുനിര്‍ത്തി.
''അങ്കിള് ഇത്രയുമൊന്നും കരുതിയില്ല മോളേ, സത്യമാ. മോള്‍ക്ക് അങ്കിള് വിളിക്കുമ്പോ എന്തെങ്കിലും ഒരു സൂചന തരാമായിരുന്നില്ലേ?''
''എന്നതാ അങ്കിളേ, ഞാന്‍ പറയണ്ടെ? പപ്പ സ്‌കൂളില്‍ പോലും കുടിച്ചേച്ചാ പോകുന്നതെന്നോ? കുട്ടികളൊക്കെ എന്നെ അതിന്റെ പേരില്‍ കളിയാക്കുവാന്നോ? പപ്പേ സ്‌കൂളീന്ന് ഒഴിവാക്കിയെന്നോ? ഇവിടെ ഞങ്ങള്‍ക്കു കഴിക്കാന്‍ നേരാംവണ്ണം ഒന്നുമില്ലെന്നോ?'' ദയ പൊട്ടിക്കരഞ്ഞു.
''എന്തു പറഞ്ഞാലും പപ്പ മോശക്കാരനാവില്ലേ? ഞങ്ങടെ പപ്പയെ ഞങ്ങള് മോശക്കാരനാക്കില്ല അങ്കിളേ. പപ്പ പാവാ. അമ്മ പോയതോടെയാ പപ്പ ഇങ്ങനെയായെ. അതെനിക്കറിയാം. പപ്പേ അതുകൊണ്ട് ഞാനൊരു കാര്യത്തിനും കുറ്റം പറയില്ല അങ്കിളേ.''
''എന്റെ കുഞ്ഞേ,'' സോജന്റെ ചങ്കു പൊടിഞ്ഞു. കാര്യഗൗരവമുള്ള, മുതിര്‍ന്ന ഒരു പെണ്‍കുട്ടിയെപ്പോലെയാണല്ലോ ദയ പറഞ്ഞതെന്ന് സോജന്‍ ഓര്‍മിച്ചു. പ്രായത്തിലും കവിഞ്ഞ പക്വത.
വിപരീതസാഹചര്യങ്ങളുടെ മധ്യത്തില്‍ സ്വാഭാവികമായും ഒരു പ്രതികരണശേഷി ആരിലും രൂപപ്പെടാം.
''മോളിങ്ങ് വന്നേ.'' സോജന്‍ ദയയെയും കൂട്ടി അടുക്കളയിലേക്കു പോയി.
''ഇവിടെയൊരു സാധനോം ഇല്ലേ?'' സോജന്‍ അരിപ്പെട്ടിയും പഞ്ചസാരപ്പാത്രവും കാപ്പിപ്പൊടി ടിന്നും പരിശോധിച്ചു. പലതും കാലിയായിരുന്നു.
''പപ്പ വാങ്ങാന്‍ പോയതായിരിക്കും.'' ദയ പറഞ്ഞു.
ഡൈനിങ് ടേബിളില്‍ കാലി
യായ ബ്രെഡ് കവര്‍ കിടക്കുന്നത് സോജന്‍ കണ്ടു. താനിപ്പോള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ കുട്ടികള്‍ എന്തു കഴിക്കുമായിരുന്നുവെന്ന് അയാള്‍ വെറുതെ ആലോചിച്ചു. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് എന്തൊരു വിശപ്പായിരിക്കും! വിവിധപ്രായത്തിലുള്ള തന്റെ മക്കളെക്കുറിച്ചാണ് അയാള്‍ ഓര്‍മിച്ചത്. ഇതുവരെ കഴിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് എരിഞ്ഞില്ലാതാകുന്നതുപോലെ സോജന് അനുഭവപ്പെട്ടു.
അപ്പോള്‍ മുറ്റത്ത് സനലിന്റെ സ്വരം സോജന്‍ കേട്ടു.
''ദയാ, മോളേ ദയക്കുട്ടീ.''
''പപ്പ വന്നു.'' ദയ വരാന്തയിലേക്കോടാന്‍ ഭാവിച്ചപ്പോള്‍ പിന്നില്‍നിന്ന് സോജന്‍ തടഞ്ഞു.
''മോളിവിടെ നില്ക്ക്. ഞാന്‍ ചെല്ലാം.''
സോജന്‍ അടുക്കളയില്‍നിന്നു വരാന്തയിലേക്കു ചെന്നു. മുറ്റത്ത് സനലും സുമനുമുണ്ടായിരുന്നു. സോജന്‍ രോഷത്തോടെ ഇരുവരെയും നോക്കി.
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. രണ്ടിലൊന്ന് ഇന്നു തീരുമാനിക്കണം. സോജന്‍ മനസ്സില്‍ പറഞ്ഞു.
തുടരും